സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, May 30, 2007

നേപ്പാളില്‍ ഒരു വിമാനയാത്ര

വിമാനം കേരളത്തില്‍ കണ്ടുപിടിയ്ക്കുന്നതിനും വളരെ മുന്‍പ്‌... അതായത്‌ ഒരു 7 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌... വിമാനയാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ നേപ്പാള്‍ വരെ പോകേണ്ടിവന്നു.

കിട്ടുന്ന അവസരത്തിലും അനവസരത്തിലുമെല്ലാം ടൂര്‍ പോകുക എന്നതായിരുന്നു ഞങ്ങള്‍ ചില സുഹൃത്തുക്കളുടെ പൊതുവായ ഒരു ശീലം....

2000 ഡിസംബര്‍ മാസത്തില്‍ ഞങ്ങള്‍ ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്ത സ്ഥലം നേപ്പാള്‍ ആയിരുന്നു. 'ഹോ.. നേപ്പാളിലൊക്കെ ടൂര്‍ പോകുക.... വല്ല്യ ടീമല്ലേ...' എന്നൊന്നും തോന്നേണ്ട.... സാഹചര്യങ്ങളും മറ്റും അങ്ങനെ ഒത്തുവന്നതിനാല്‍ 'എല്ലാ പിച്ചക്കാരനും ചില നല്ല ദിവസം വരും...' എന്ന ചൊല്ലുപോലെ ഞങ്ങള്‍ക്കും അന്നായിരുന്നു അത്തരം ഒരു ദിവസം.

എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ചാച്ചന്‍ (അമ്മാമന്‍) നേപ്പാളില്‍ കുടുംബമായിക്കഴിയുകയും അവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനാഥക്കുട്ടികളെ കൂടെത്താമസിപ്പിച്ച്‌ പഠിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. അദ്ദേഹമാണ്‌ അവിടെ ചെല്ലാന്‍ ഞങ്ങള്‍ക്ക്‌ പ്രചോദനം നല്‍കിയത്‌... താമസവും ഭക്ഷണവും ഫ്രീ ആയപ്പോള്‍ തന്നെ ചിലവിന്റെ വലിയഭാഗം കുറഞ്ഞതും അവിടെ പോകുന്നതില്‍ ഞങ്ങള്‍ക്ക്‌ പ്രേരണയേകി.

(ട്രെയിനില്‍ പാറ്റ്‌ ന വരെ , അവിടെ നിന്ന് കുതിരവണ്ടിയില്‍ കുറച്ചുദൂരം... പിന്നെ ബസ്സില്‍ ബീര്‍ഗഞ്ച്‌ ബോര്‍ഡര്‍... അവിടെ നിന്ന് ഓട്ടോ പിടിച്ച്‌ ചാച്ചന്‍ താമസിക്കുന്ന വീട്ടിലേക്ക്‌... ഹോ.. അതൊക്കെ വിശദീകരിച്ച്‌ എഴുതണമെങ്കില്‍ 'നേപ്പാല്‍ ചരിതം' എന്ന പേരില്‍ ഒരു യാത്രാവിവരണം കുറേ എപ്പിഡോസായി എഴുതാനുണ്ട്‌)

ഞങ്ങള്‍ എട്ടുപേരാണ്‌ ഈ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്‌....പല പ്രായക്കാര്‍... അതായത്‌ 20 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള പ്രായക്കാര്‍... അതില്‍ രണ്ടുപേര്‍ വിവാഹിതര്‍...

മോഹന്‍ ജി എന്ന ഞങ്ങളുടെ ഒരു സ്ഥിരം ടൂര്‍ മെംബര്‍ അത്തവണയും ഭാര്യയെയും കുട്ടികളെയും വീട്ടില്‍ വിട്ട്‌ ഭാര്യയുടെ തെറിയും ഇടിയും സാംക്‌ ഷനും വാങ്ങി ഞങ്ങളോടൊപ്പം വന്നു.

അവിടെ ചെന്നിറങ്ങിയ ആദ്യദിവസം തന്നെ കൂടെയുള്ള ഒരുത്തന്റെ ഒരു അഭിപ്രായം മൃഗീയഭൂരിപക്ഷം ഉപയോഗിച്ച്‌ നടപ്പിലാക്കപ്പെട്ടു. എല്ലാവരും ക്ലീന്‍ ഷേവ്‌...

ഇന്നേവരെ മീശ ഷേവ്‌ ചെയ്തിട്ടില്ലാത്ത ഞാനും മോഹന്‍ ജിയും ആ കടുംകൈ ചെയ്യാന്‍ നിര്‍ബദ്ധിക്കപ്പെട്ടു (അല്ലെങ്കില്‍ കയ്യും കാലും കെട്ടിയിട്ട്‌ അവര്‍ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍... 'ഹും... ഞങ്ങളോടാ കളി...' എന്ന് പറഞ്ഞ്‌ സ്വയം അതങ്ങ്‌ നിര്‍വ്വഹിച്ചു)

'ദൈവമേ... ഇതെങ്ങാനും ഇനി മുളച്ചുവന്നില്ലെങ്കില്‍ ഈ കുരങ്ങുമോന്ത വച്ച്‌ ഞാന്‍ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും' എന്നതായിരുന്നു പ്രശ്നം.

ബീര്‍ഗഞ്ചില്‍ നിന്നും കാഠ്‌ മണ്ടു വിലേക്ക്‌ പ്ലെയിനില്‍ പോകാമെന്ന് ബാബുചാച്ചന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യമൊന്ന് ഞെട്ടി. 'ചാച്ചന്‍ ഞങ്ങളെ ഓവര്‍ എസ്റ്റിമേറ്റ്‌ ചെയ്തോ' എന്ന് ഒരു സംശയം...

വളരെ കുറഞ്ഞ റേറ്റേ ഉള്ളൂ എന്നറിഞ്ഞതിനാലും (വെറും 800 രൂപ - അന്ന് 800 രൂപ ഞങ്ങള്‍ക്ക്‌ 'വെറും' 800 രൂപ ആയിരുന്നില്ല), ഇതിനുമുന്‍പ്‌ വിമാനത്തില്‍ കയറാന്‍ സാധിച്ചിട്ടില്ലാത്തതിനാലും ഭാവിയിലും അതിന്‌ കഴിയുമോ എന്നറിയാത്തതിനാലും ഞങ്ങള്‍ അതങ്ങ്‌ തീരുമാനിച്ചു.

വിമാനത്തില്‍ കയറുക എന്ന് വച്ചാല്‍ നല്ല കോട്ടും സൂട്ടും ഒക്കെ ഇട്ട്‌ വന്‍ സെറ്റപ്പിലാകണമെന്ന മുന്‍ ധാരണയുള്ളതിനാല്‍ ഉള്ള ഡ്രസ്സില്‍ മികച്ചതൊക്കെ ഇട്ട്‌ എക്സിക്യൂട്ടീവ്‌ സ്റ്റെയിലില്‍ എല്ലാവരും ഇറങ്ങി. ഒരു ബസ്സ്‌ പിടിച്ച്‌ എയര്‍പോര്‍ട്ടില്‍ എത്തി.

എയര്‍പോര്‍ട്ട്‌ കണ്ടപ്പോള്‍ വല്ല്യ ഒരു സെറ്റപ്പ്‌ തോന്നിയില്ല. ടിക്കറ്റൊക്കെയെടുത്ത്‌ എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ എത്തി...

ടോയ്‌ലറ്റൊക്കെ ഒന്ന് പരിശോധിച്ചേക്കാം എന്ന് കരുതി പോയവര്‍ ഫുള്‍ സ്പീഡില്‍ തിരിച്ചുവന്നിട്ട്‌ 'നാട്ടിലെ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡിലെ ടോയ്‌ലറ്റ്‌ തന്നെ ഭേദം' എന്ന് പറഞ്ഞു.

ബീഹാര്‍ ബോര്‍ഡറായതിനാല്‍ പ്രധാനമായും ബീഹാറികളാണ്‌ ഈ ഭാഗത്തും കൂടുതല്‍... അവരുടെ വൃത്തിയും പ്രവൃത്തിയും വിശദീകരിക്കേണ്ടതില്ലല്ലോ.. (പാറ്റ്‌ ന സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ഞങ്ങള്‍ അത്‌ അനുഭവിച്ചതാണ്‌... ജീവന്‍ തിരിച്ച്‌ കിട്ടിയത്‌ ഭാഗ്യം)

ഞങ്ങള്‍ നോക്കുമ്പോള്‍ കുറേ ആളുകള്‍ പച്ചക്കറിബാഗുകളും മറ്റും പിടിച്ച്‌ വല്ല്യ വൃത്തിക്കുറവൊന്നുമില്ലാത്ത വേഷവിധാനത്തില്‍ അവിടെ ഉണ്ട്‌. അവരൊക്കെ ഞങ്ങളെ 'ഈ സായ്പന്മാര്‍ എവിടേയ്ക്കാണാവോ' എന്ന മട്ടില്‍ നോക്കുന്നുമുണ്ട്‌.

സമയമായപ്പോള്‍ ഞങ്ങള്‍ വിമാനത്തില്‍ കയറാനായി മുന്നോട്ട്‌ നടന്നു.

അപ്പോഴെയ്ക്കും ഞങ്ങള്‍ക്കിടയില്‍ ഒരു സംശയം ഉടലെടുത്തു.
'പ്ലെയിനിനുള്ളില്‍ കുടിയ്ക്കാന്‍ തരുന്ന മദ്യം ഷിവാസ്‌ റീഗള്‍ ആയിരിയ്ക്കുമോ അതോ മറ്റ്‌ വല്ല ബ്രാന്‍ഡ്‌ ആയിരിയ്ക്കുമോ?'

എന്തായാലും ഇതില്‍ മദ്യപിയ്ക്കാത്ത 4 പേര്‍ ഉണ്ടായിരുന്നതിനാല്‍ മറ്റ്‌ നാലുപേരെയും ഓരോരുത്തരും ബുക്ക്‌ ചെയ്തു. അതായത്‌, മദ്യം കൊണ്ടുവരുമ്പോള്‍ വേണ്ടെന്ന് പറയരുതെന്നും വാങ്ങിയിട്ട്‌ ഇവര്‍ക്ക്‌ കൊടുക്കണമെന്നും എഗ്രിമന്റ്‌ ആയി.

ഒരു ഗ്രൗണ്ടില്‍ അതാ കുറേ പ്ലെയിനിന്റെ ആകൃതിയിലുള്ള പെട്ടി ഓട്ടോറിക്ഷകള്‍......

"ഓ... ഇതൊക്കെ വെറുതേ കിടക്കുന്നതാകും..." ഞങ്ങള്‍ അത്‌ നോക്കി അല്‍പം പുച്ഛത്തോടെ പറഞ്ഞു.

കുറച്ച്‌ കഴിഞ്ഞിട്ടും വല്ല്യ ഗമയിലുള്ള വിമാനമൊന്നും ആ ഏരിയയില്‍ വന്നുമില്ല, കണ്ടുമില്ല.

അപ്പോഴെയ്ക്കും കാര്യങ്ങളുടെ കിടപ്പ്‌ ഞങ്ങള്‍ക്ക്‌ ഏതാണ്ട്‌ പിടികിട്ടി.... ഈ കിടക്കുന്ന പെട്ടി ഓട്ടോകളില്‍ ഒന്നിലാണ്‌ ഞങ്ങളെ കയറ്റി അയയ്ക്കാന്‍ പോകുന്നതെന്ന സത്യം...

ബീഹാറികളും മറ്റും വീട്ടില്‍ നിന്നിറങ്ങി അപ്പുറത്തെ ജങ്ങ്ഷനിലെ കടകളില്‍ പര്‍ച്ചേസിന്‌ പോകുന്ന ലാഘവത്തോടെ പാളത്താറും മുഷിഞ്ഞ ജുബ്ബയും തലക്കെട്ടും കെട്ടി പുഷ്പം പോലെ ഇതില്‍ കയറിപോകുന്നതിന്റെ പൊരുളും പിടികിട്ടി.

ആദ്യം ഈ സത്യം അംഗീകരിയ്ക്കാന്‍ ഒന്ന് മടിച്ച്‌ നിന്നെങ്കിലും 'ആരോടും പറയണ്ട' എന്ന പരസ്പരധാരണയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

അടുത്ത ഞങ്ങളുടെ തര്‍ക്കം സൈഡ്‌ സീറ്റ്‌ കിട്ടുന്നതിനെച്ചൊല്ലിയായിരുന്നു. ഓടിച്ചെന്ന് ആദ്യം തന്നെ സൈഡ്‌ സീറ്റ്‌ പിടിയ്ക്കാനായി എല്ലാവരും തയ്യാറായി നിന്നു.

'ഓടിപ്പോയി പ്ലെയിനില്‍ കയറിക്കോ..' എന്ന സിഗ്നല്‍ കിട്ടിയ ഉടനേ ഞങ്ങള്‍ മുന്നിലുള്ള ബീഹാറി അണ്ണന്മാരെ തള്ളിമാറ്റി വേഗം ഉള്ളില്‍ കയറിപ്പറ്റിയപ്പോളാണ്‌ സംഭവം മനസ്സിലായത്‌... ആ പ്ലെയിനില്‍ സൈഡ്‌ സീറ്റേ ഉള്ളൂ.... രണ്ട്‌ വശങ്ങളിലുമായി 15 വീതം സീറ്റുകളുള്ള ഒരു തട്ടിക്കൂട്ട്‌ വാഹനം...

അങ്ങനെ എല്ലാവരും സൈഡ്‌ സീറ്റ്‌ കിട്ടി തൃപ്തരായി. ബെല്‍റ്റൊക്കെയിട്ട്‌ റെഡിയായി.... വിമാനം പറന്ന് തുടങ്ങി.....

എന്റെ അടുത്തിരിയ്ക്കുന്ന മോഹന്‍ ജി ആകെ പരിഭ്രമിച്ച്‌ ടെന്‍ഷനടിച്ചിരിയ്ക്കുന്നു....

"എന്തുപറ്റി മോഹന്‍ ജീ...?" എന്ന ചോദ്യം കേട്ടതായിപോലും പുള്ളി ഭാവിച്ചില്ല.... കണ്ണടച്ച്‌ പ്രാര്‍ത്ഥനയും നടക്കുന്നുണ്ടോ എന്ന് ഒരു സംശയം..

ആരായാലും ഒന്ന് പ്രാര്‍ത്ഥിച്ച്‌ പോകും... കാരണം, പഴയ ലാംബി ഓട്ടോറിക്ഷ കുഴികളില്‍ ചാടിയാല്‍ എങ്ങനെ തോന്നുമോ അതേ വിധത്തിലുള്ള കുലുക്കങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചു.

എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഡ്രിങ്ക്സ്‌ എത്തി. വിലകൂടിയ വിദേശമദ്യം സ്വപ്നം കണ്ട്‌ വെള്ളമിറക്കി ഇരുന്നവരുടെ മുന്നിലേക്കാണ്‌ ഒരു ഫ്രൂട്ടിപോലുള്ള ഒരു ചെറിയ പായ്ക്കറ്റ്‌ ജ്യൂസ്‌ നീട്ടിക്കൊണ്ടുള്ള എയര്‍ഹോസ്റ്റസിന്റെ വരവ്‌....

എല്ലാ ബുക്കിങ്ങും കാന്‍സല്‍ഡ്‌....

ആ കിട്ടിയ ഡ്രിങ്ക്‌ പോലും വാങ്ങാതെ അപ്പോഴും മോഹന്‍ ജി അതേ ടെന്‍ഷനില്‍.....

ഒടുവില്‍ പ്ലെയിനില്‍ നിന്നിറങ്ങി പുറത്ത്‌ വന്നപ്പോള്‍ മോഹന്‍ ജി വല്ലാത്ത ഉല്ലാസവാനായി കാണപ്പെട്ടു...

"അത്‌ ശരി... പേടിച്ച്‌ വിറച്ചിരിയ്ക്കുകയായിരുന്നല്ലേ ചേട്ടന്‍..." ഞാന്‍ ചൊദിച്ചു.

"ഹെയ്‌... ഈ സാധനം താഴെവീണ്‌ ചാവുന്നതിന്റെ ടെന്‍ഷനല്ല... അതിനേക്കാള്‍ വല്ല്യ ടെന്‍ഷന്‍ വേറെയായിരുന്നു..." മോഹന്‍ ജി പറഞ്ഞു.

"അതെന്ത്‌ ടെന്‍ഷന്‍?"

"നാളെ ഭാര്യയും കുട്ടികളും വന്ന് നോക്കുമ്പോള്‍ എന്റെ ഡെഡ്‌ ബോഡി തിരിച്ചറിയാന്‍ പറ്റാതെ വരുന്നതിലുള്ള ടെന്‍ഷനായിരുന്നു.... ഈ മീശവടിച്ച എന്റെ മുഖം കണ്ടാല്‍ എങ്ങനെ തിരിച്ചറിയാനാ???"

Labels:

Friday, May 25, 2007

സൈക്കിള്‍ ബാലന്‍സ്‌

ക്രിസ്തുമസ്സ്‌ ഞങ്ങള്‍ സ്ഥിരമായി ആഘോഷിച്ചുപോന്നിരുന്നു. ഈ 'ഞങ്ങള്‍' എന്നു പറഞ്ഞാല്‍ അതില്‍ രണ്ടോ മൂന്നോ പേരേ ക്രിസ്ത്യാനികളായി ഉണ്ടായിരുന്നുള്ളൂ....

ക്രിസ്തുമസ്സിന്റെ തലേന്ന് കാലത്ത്‌ തന്നെ ഒരു വെട്ടുകത്തിയുമായി ഇറങ്ങും.... ആരുടെയെങ്കിലും പറമ്പില്‍ നിന്ന് ഒരു ചെറിയ ജാതിമരം അങ്ങ്‌ കാച്ചും...

അതിന്റെ ഡെക്കറേഷന്‍ സമയവും സൗകര്യവും തോന്ന്യവാസവുമനുസരിച്ചായിരിയ്ക്കും...
എന്ന് വച്ചാല്‍... ചിലപ്പോള്‍ ഒരു മേക്കപ്പും ഇല്ലാതെ ആ മരത്തിനെ വീടിന്നടുത്ത്‌ റോഡരികില്‍ ഒരു മൂലയില്‍ കൊണ്ടുപോയി അതേപോലെ കുഴിച്ചിടും... ചിലപ്പോള്‍ അതിന്റെ ഇലകളെല്ലാം കളഞ്ഞ്‌ അതില്‍ കുമ്മായം പൂശും... എന്നിട്ട്‌ വൈകുന്നേരമാകുമ്പോഴെയ്ക്കും കുറേ ബലൂണും റിബണും കുറച്ച്‌ നക്ഷത്രങ്ങളും പിന്നെ കുറേ മാലബള്‍ബും അതിന്മേല്‍ വച്ച്‌ കേറ്റും.... ക്രിസ്തുമസ്‌ ട്രീ റെഡി....

രണ്ട്‌ എടുത്താല്‍ പൊന്താത്ത സ്പീക്കറും (സ്പീക്കറിന്റെ സൈസ്‌ കുറഞ്ഞാല്‍ കുറച്ചിലാ...) ആമ്പ്ലിഫയറും വാടകയ്ക്ക്‌ എടുത്ത്‌ കൊണ്ടുവന്നിട്ട്‌ ടേപ്പ്‌ റെക്കോര്‍ഡറുമായി അവരെ ബന്ധിപ്പിച്ചിട്ട്‌ ഫുള്‍ വോളിയത്തില്‍ നല്ല ഡപ്പാംകുത്ത്‌ പാട്ടുകളങ്ങ്‌ വച്ച്‌ കാച്ചും...

കുറേ ദൂരം സൈക്കിള്‍ ചവിട്ടി പോയിട്ട്‌ സൗണ്ട്‌ എഫ്ഫക്റ്റ്‌ ഏത്‌ അറ്റം വരെ ക്ലിയറായി കേള്‍ക്കുന്നുണ്ടെന്നത്‌ ചെക്ക്‌ ചെയ്തിട്ടേ ഞങ്ങളുടെ സുഹൃത്തും ആസ്ഥാന ഇലക്റ്റ്രീഷ്യനുമായ സുധപ്പന്‌ ആശ്വാസമാകൂ...

സന്ധ്യ കഴിയുമ്പോഴെയ്ക്ക്‌ എനര്‍ജി ഡ്രിങ്ക്‌ കഴിക്കേണ്ടവര്‍ അതെല്ലാം സംഘടിപ്പിച്ച്‌ അതിന്റെ കണ്‍ വീനറായ ജീയോയുടെ നേതൃത്ത്വത്തില്‍ സ്ഥലസൗകര്യവും മറ്റ്‌ പശ്ചാത്തലസംവിധാനങ്ങളും റെഡിയാക്കും...

അന്ന് ഭാരിച്ച ഒരു ഉത്തരവാദിത്തം എന്റെ തലയില്‍ ചാര്‍ത്തിത്തരും.... അതായത്‌, അന്നത്തെ കാര്യപരിപാടികള്‍ കഴിയുന്നവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകണം.... പുറമേ നിന്ന് ക്രിസ്തുമസ്‌ ട്രീ കാണാന്‍ വരുന്ന വല്ല ജാടപ്പരിഷകളുമായി ഉന്തോ തല്ലോ ഉണ്ടാകാതെ നോക്കാനും (കിട്ടാതെ നോക്കാന്‍ നമ്മളെ ആരും പഠിപ്പിക്കണ്ടല്ലോ), അഥവാ ഉണ്ടായാല്‍ പിടിച്ച്‌ മാറ്റാനും....

പിന്നെ, എല്ലാ പരിപാടികളും കഴിഞ്ഞ്‌ പൊട്ടാത്ത മാലബള്‍ബുകളോ മറ്റ്‌ സാധനസാമഗ്രികളോ ഉണ്ടെങ്കില്‍ അതെല്ലാം തലയ്ക്ക്‌ വെളിവുള്ള വേറെ ആരെയെങ്കിലും ഒക്കെ സംഘടിപ്പിച്ച്‌ വാരിക്കൂട്ടി എടുത്തുവയ്ക്കാനും...

എനര്‍ജി ഡ്രിങ്ക്‌ കഴിയ്ക്കാതെ തന്നെ വേണ്ടത്ര എനര്‍ജിയുള്ള എന്നെപ്പോലുള്ള ഒന്നുരണ്ട്‌ പേര്‍കൂടി കാണും അവിടെ എന്നത്‌ മാത്രമാണ്‌ ഒരു ആശ്വാസം...

അന്നത്തെ കലാപരിപാടി (ഡപ്പാം കുത്ത്‌ പാട്ട്‌ വച്ച്‌ 'ഡാന്‍സ്‌' എന്ന് തെറ്റിദ്ധരിച്ച്‌ തുള്ളിച്ചാടുന്ന പരിപാടി) കഴിയുമ്പോഴെയ്ക്കും ഒരുമാതിരി എല്ലാവരും ആകെ അഴകൊഴയാകും.... അതായത്‌, വീട്ടില്‍പോകാന്‍ ഇഴയേണ്ടിവരും എന്ന്....

അങ്ങനെ ഇഴയേണ്ടിവരും എന്ന് ബോദ്ധ്യമുള്ള രാജേഷിനെ വീട്‌ വരെ സൈക്കിളില്‍ എത്തിയ്ക്കുക എന്ന സേവനകര്‍മ്മം ഏറ്റെടുക്കന്‍ സതീശന്‍ തയ്യാറായി. (സതീശന്‍ ഒരു പാവം പട്ടര്‍ പയ്യന്‍... അന്നൊക്കെ മദ്യം കണ്ടാല്‍ തന്നെ പറ്റാവും... അതുകൊണ്ട്‌ തന്നെ അതിന്റെ പരിസരത്ത്‌ പോകാത്തവന്‍).

അങ്ങനെ രാജേഷിനെ പിന്നില്‍ കയറ്റിയിരുത്തി സതീശന്‍ സൈക്കിള്‍ ചവിട്ടിത്തുടങ്ങി....

തിരിഞ്ഞുനടന്ന ഞാന്‍ സൈക്കിള്‍ വീഴുന്ന ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ ഓടിച്ചെന്നു. രണ്ടുപേരെയും പിടിച്ചെഴുന്നേല്‍പ്പിച്ചു.

'എന്താ സതീശാ... നോക്കി പോകണ്ടേ...' ഒരു ഫ്രീ ഉപദേശം അങ്ങ്‌ കൊടുത്തു.

വീണ്ടും രാജേഷിനെ പിന്നില്‍ കയറ്റി ഇരുത്തി, സതീശന്‍ സൈക്കിള്‍ ചവിട്ടിത്തുടങ്ങി....

ഇത്തവണ ആ പോക്ക്‌ ഞാന്‍ ഒന്ന് നോക്കിനിന്നു....

പാവം സതീശനെ കുറ്റം പറഞ്ഞിട്ടെന്താ.... പിന്നില്‍ ഇരിയ്ക്കുന്ന രാജേഷ്‌ തല നേരെ നില്‍ക്കാത്തതിനാല്‍ അത്‌ സ്റ്റെഡി ആക്കാന്‍ കഷ്ടപ്പെടുകയും അതിന്റെ ഫലമായി ശരീരഭാരം വിവിധദിശകളിലേയ്ക്ക്‌ വികേന്ദ്രീകരിയ്ക്കപ്പെടുകയും ചെയ്യുന്നതിനാല്‍..... എന്തിനേറെ പറയുന്നൂ...
ദേ കിടക്കുന്നൂ ചട്ടീം കലോം താഴെ....

ഞാന്‍ വീണ്ടും ഓടിച്ചെന്നു.... സതീശന്‍ ഞാന്‍ പിടിയ്ക്കാതെ തന്നെ എഴുന്നേറ്റു....
സൈക്കിളുമായി കെട്ട്‌ പിണഞ്ഞ്‌ കിടക്കുന്ന രാജേഷിനെ കെട്ടഴിച്ച്‌ പുറത്തെടുത്ത്‌ നിര്‍ത്തി....

സതീശന്‍ ഒരു നിസ്സഹായാവസ്ഥയില്‍ എന്നെ നോക്കി....

"സാരല്ല്യ.... സതീശന്‍ ഒന്ന് സൂക്ഷിച്ചാല്‍ മതി..." ഇതും പറഞ്ഞ്‌ ഞാന്‍ വീണ്ടും രാജേഷിനെ സൈക്കിളില്‍ കയറ്റിവിടാനുള്ള ശ്രമം തുടങ്ങിയതും, വളരെ വേദനാജനകവും സഹതാപാര്‍ഹവുമായ സ്വരത്തില്‍ തൊഴുകൈയ്യോടെ രാജേഷിന്റെ അഭ്യര്‍ത്ഥന...

"ശതീഷാ.... ഇനി ന്നെ തട്ടീടര്‌ത്‌..... പ്ലീഷ്‌..."

Labels:

Monday, May 21, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 4)

വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ജാതകപ്രശ്നത്തിന്റെ പേരില്‍ ഈ ബന്ധം തുടരുന്നില്ലെന്ന് പറഞ്ഞ്‌ ആ പെണ്‍കുട്ടി മെയില്‍ അയച്ചതിനെത്തുടര്‍ന്ന് എങ്ങനെ ആ പെണ്‍കുട്ടിയെ പറഞ്ഞ്‌ ധരിപ്പിയ്ക്കും എന്ന വ്യാകുലതയില്‍ അസ്തമയന്‍ ഒരു റിപ്ലേ അയച്ചു.

സാധാരണ മെയില്‍ ചെക്ക്‌ ചെയ്യാന്‍ ആ പെണ്‍കുട്ടിയ്ക്ക്‌ എസ്കോര്‍ട്ട്‌ ആയി മാമന്റെ മോള്‍ ഉണ്ടാവാറുണ്ടെന്നും ആ കുട്ടിയ്ക്ക്‌ മലയാളം വല്ല്യ പിടിയില്ല എന്നും അസ്തമയനെ പെണ്‍കുട്ടി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ പരസ്പരം വിവരങ്ങള്‍ എഴുതിയിരുന്നത്‌ മംഗ്ലീഷില്‍ ആയിരുന്നു. അതായത്‌, മലയാളം വരികള്‍ ഇംഗ്ലീഷില്‍ എഴുതി.

ഇവിടെ അസ്തമയന്‍ എഴുതിയ മെയിലില്‍ മംഗ്ലീഷില്‍ എഴുതിയ കാര്യങ്ങളുടെ അര്‍ത്ഥവ്യാപ്തി അല്‍പം കടന്നുപോയി എന്നതാണ്‌ പ്രശ്നം....

എന്താണ്‌ ശരിയ്ക്കും എഴുതിയത്‌ എന്ന് വ്യക്തമല്ലെങ്കിലും അതിന്റെ ഒരു ഏകദേശരൂപം ഇങ്ങനെ..."നമ്മുടെ സ്നേഹബന്ധം ഒരു ജാതകപ്പൊരുത്തത്തിന്റെ പേരില്‍ നിനക്ക്‌ മറക്കാന്‍ കഴിയുമോ??? നാം ഒരുമിച്ച്‌ ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാന്‍ പറ്റുമോ?" എന്നൊക്കെപ്പറഞ്ഞ്‌.....

ആക്ച്വലി, ഇവര്‍ തമ്മില്‍ അധികം നേരിട്ട്‌ കാണലും ചുറ്റിക്കറങ്ങലും ഉണ്ടായിരുന്നില്ലെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കൂട്ടുകാരുടേയും മറ്റും സാന്നിദ്ധ്യത്തില്‍ കൂടിക്കാഴ്ചകളും പരസ്യമായ ചില ചുറ്റലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അതിനെയാണ്‌ അസ്തമയന്‍ 'ഒരുമിച്ച്‌ ചിലവഴിച്ച നിമിഷങ്ങള്‍' എന്ന് വിശദീകരിച്ചത്‌.....

അസ്തമയന്‍ ഈ മെയില്‍ അയക്കുന്നതിനു മുന്‍പ്‌ അങ്ങ്‌ ബോംബെയില്‍ പെണ്‍കുട്ടിയുടെ മനോവിഷമം കണ്ട്‌ അമ്മായി 'ഇത്ര വിഷമമാണെങ്കില്‍ ഈ കാര്യം തന്നെ നടത്തിത്തരാം...' എന്ന് പകുതിസമ്മതത്തില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുകയായിരുന്നു.

അടുത്ത ദിവസം ആ പെണ്‍കുട്ടിയുടെ ഇമെയില്‍ ചെക്ക്‌ ചെയ്തത്‌ അമ്മായിയായിരുന്നു. അപ്പോഴെയ്ക്കും അമ്മായിയ്ക്ക്‌ അസ്തമയന്‍ മറ്റ്‌ മെയില്‍ അഡ്രസ്സില്‍ നിന്ന് മെയില്‍ അയയ്ക്കുന്ന സംശയം ഉണ്ടായിരുന്നിരിയ്ക്കണം.

അസ്തമയനുമായി കോണ്ടാക്റ്റ്‌ ഇല്ല എന്ന് സ്ഥാപിയ്ക്കാന്‍ ആ പെണ്‍കുട്ടിയ്ക്ക്‌ മെയിലിന്റെ പാസ്സ്‌ വേര്‍ഡ്‌ കൊടുക്കാതിരിയ്ക്കാനും കഴിഞ്ഞില്ല.

അസ്തമയന്‍ അയച്ച മെയില്‍ വായിയ്ക്കുകയും തിരിച്ചറിയുകയും ചെയ്ത അമ്മായി പ്രശ്നം ആകെ സീരിയസ്സ്‌ ആക്കി.

"നീ ഇത്തരക്കാരിയാണെന്നറിഞ്ഞില്ല...നിങ്ങള്‍ തമ്മില്‍ അപ്പോള്‍ എന്തൊക്കെ നടന്നു....??? " തുടങ്ങിയ കുറേ ചോദ്യങ്ങളുമായാണ്‌ അമ്മായി ആ കുട്ടിയെ സമീപിച്ചത്‌.

"ഞങ്ങള്‍ തമ്മില്‍ വേറൊന്നും നടന്നിട്ടില്ല... അസ്തമയന്‍ അങ്ങനെ എഴുതിയത്‌ എന്താണെന്നറിയില്ല... അതെല്ലാം നുണയാണ്‌..." എന്ന് പറഞ്ഞ്‌ കരഞ്ഞ്‌ ആ കുട്ടി തന്റെ ഭാഗം ന്യായീകരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആരും അത്‌ ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

ഈ വിവരം കുട്ടിയുടെ വീട്ടില്‍ അമ്മയെയും അനിയനെയും ഫോണിലൂടെ അറിയിയ്ക്കുകയും അവര്‍ക്കും വല്ലാതെ വിഷമമാകുകയും ചെയ്തു.ആ പെണ്‍കുട്ടിയ്ക്ക്‌ അസ്തമയനോട്‌ വല്ലാത്ത ദേഷ്യം തോന്നുകയും ഇല്ലാത്തത്‌ പറഞ്ഞ്‌ തന്നെ നാണം കെടുത്തി എന്നും മറ്റുള്ളവര്‍ക്ക്‌ പാസ്സ്‌ വേര്‍ഡ്‌ അറിയാം എന്ന് മനസ്സിലായിട്ടും ഇങ്ങനെ ഒരു മെയില്‍ അയച്ചത്‌ അപമാനിയ്ക്കാന്‍ തന്നെയാണ്‌ എന്ന് പറഞ്ഞ്‌ അസ്തമയന്‍ ഒരു ചതിയനാണ്‌ എന്ന് പറയുകയും ചെയ്തതായി വീട്ടുകാരില്‍ നിന്നും ആ പെണ്‍കുട്ടിയുടെ കൂട്ടുകാരികളില്‍ നിന്നും അറിവായി.

ഇത്‌ കേട്ട്‌ അസ്തമയന്‍ ആകെ തകര്‍ന്നുപോയി. ഈ വിവരവുമായാണ്‌ അസ്തമയന്‍ എന്നെ അന്ന് വിളിച്ചത്‌.....

"എല്ലാം പ്രശ്നമായി..... ഇനി ഒന്നും നടക്കില്ലെന്ന് അവരുടെ വീട്ടുകാരും ആ കുട്ടിയും പറഞ്ഞു അത്രേ..... ശ്ശെ..... ഇനി എന്ത്‌ ചെയ്യും...." എന്നെല്ലാം അസ്തമയന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

എനിയ്ക്ക്‌ വല്ലാത്ത ദേഷ്യം വന്നു.

"നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ എഴുതാന്‍ പോയത്‌.... ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഇതെല്ലാം റിസ്ക്‌ ആണെന്ന്.... നീ തൊടുന്നതെല്ലാം മഹാ കുഴപ്പമാണല്ലോ... നീയൊന്ന് അടങ്ങിയിരിയ്ക്കാന്‍ എന്ത്‌ തരണം??" ഞാന്‍ ചോദിച്ചു.

"ശ്ശെ... പറ്റിപ്പോയി... അവള്‍ ജാതകത്തിന്റെ പേരില്‍ പിന്മാറി എന്നറിഞ്ഞതുമുതല്‍ ഞാന്‍ ആകെ അപ്സറ്റ്‌ ആയിരുന്നു... ആ മനോവികാരത്തില്‍ എന്തൊക്കെയോ എഴുതിയതാണ്‌... അവള്‍ പാസ്സ്‌ വേര്‍ഡ്‌ ചേഞ്ച്‌ ചെയ്തിരുന്നു എന്ന് എന്നോട്‌ പറഞ്ഞിരുന്നു... ഇതിപ്പോ അമ്മായി വായിയ്ക്കുമെന്ന് ഞാന്‍ കരുതിയോ??" അസ്തമയന്‍ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"ങും... ശരി... നീ തല്‍ക്കാലം ഒന്ന് അടങ്ങി നില്‍ക്ക്‌... കാര്യങ്ങള്‍ എങ്ങോട്ടാ പോകുന്നത്‌ എന്ന് നോക്കാം... നീ ആ കുട്ടിയുടെ കൂട്ടുകാരികളെ വിളിച്ച്‌ കാര്യം പറ... ആ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ ശ്രമിയ്ക്ക്‌..."

"ഞാന്‍ കൂട്ടുകാരികളെ വിളിച്ച്‌ പറഞ്ഞു... പക്ഷെ, അവര്‍ക്കൊന്നും അവളെ കോണ്ടാക്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ല... അവള്‍ക്ക്‌ ഇനി ഒന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞു അത്രേ..."

"നീയത്‌ കാര്യമാക്കണ്ട.... അതൊക്കെ മാറിക്കൊള്ളും.... ആ കുട്ടിയ്ക്കയച്ച മെയില്‍ ആരാ അമ്മായിയോട്‌ വായിയ്ക്കാന്‍ പറഞ്ഞത്‌... ആ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ..." ഞാന്‍ സമാധാനിപ്പിച്ചു.

ഈ സംഭവത്തിനുശേഷം അസ്തമയന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലായെന്ന് എനിയ്ക്ക്‌ വിവരം ലഭിച്ചു.

ഒരു ദിവസം രാവിലെ എനിയ്ക്ക്‌ ഹൈദരാബാദില്‍ ജോലി ചെയ്യുന്ന അസ്തമയന്റെ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നു.

"ചേട്ടാ... ഞാന്‍ ഒരു കാര്യം പറയാനാണ്‌ വിളിച്ചത്‌... അസ്തമയന്‍ ആകെ അപ്സറ്റ്‌ ആണ്‌... ഞങ്ങള്‍ ഇതുവരെ അവനെ ഇങ്ങനെ ഒരു അവസ്ഥയില്‍ കണ്ടിട്ടില്ല... നാട്ടില്‍ നിന്ന് അവന്റെ അടുത്ത കൂട്ടുകാരന്‍ ഒരാള്‍ വിളിച്ചിരുന്നു..... ആകെ നിരാശനായ അസ്തമയന്‍ എന്തൊക്കെ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്നില്ല... ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു എന്നും ഇതില്‍ എന്തോ സീരിയസ്സ്‌ ആയി പറയുന്നതാണെന്നും അറിഞ്ഞു... എന്തെങ്കിലും ചെയ്യണം..." അവന്‍ പറഞ്ഞു.

"ഇതിപ്പോ എന്താ ചെയ്യാന്‍ പറ്റുക... അല്‍പം വെയിറ്റ്‌ ചെയ്താല്‍ ഇനിയും കാര്യങ്ങള്‍ ശരിയാവും.. ഇതിത്ര സീരിയസ്സ്‌ ആക്കാതിരിയ്ക്കാന്‍ നിങ്ങളൊക്കെ തന്നെ പറയൂ.... "

"ഞാന്‍ ഇന്നലെ ചാലക്കുടിയില്‍ ഉണ്ടായിരുന്നു... ഞാന്‍ മാക്സിമം ഉപദേശിച്ചിട്ടുണ്ട്‌... പക്ഷെ, അവന്‍ ഒന്നും വഴങ്ങുന്നില്ല... അവനെ എങ്ങനേയും ഇവിടെ എത്തിച്ചാല്‍ ഞാന്‍ പറഞ്ഞ്‌ നേരെയാക്കാം... മാത്രമല്ല, ആ കുട്ടിയെ ബോംബെയില്‍ കണ്ടുപിടിച്ച്‌ കാര്യം പറയാന്‍ ശ്രമിയ്ക്കാം എന്നും ഞാന്‍ പറഞ്ഞതാ... അവന്‍ ഒന്നിനും ചെവി കൊടുക്കുന്നില്ല...."

"ശരി... ഞാനിതറിഞ്ഞതായി ഭാവിയ്ക്കുന്നില്ല... നോക്കാം.... ഇതിപ്പോ പറഞ്ഞാല്‍ മനസ്സിലായില്ലെങ്കില്‍ എന്ത്‌ ചെയ്യാന്‍ പറ്റും....." ഞാന്‍ പറഞ്ഞു.

"ഞാന്‍ ഇടയ്ക്കിടയ്ക്ക്‌ വിളിച്ച്‌ നോക്കാം... അവന്റെ നാട്ടിലെ മറ്റ്‌ കൂട്ടുകാരോടും പറയാം..." ഇത്രയും പറഞ്ഞ്‌ അവന്‍ സംഭാഷണം അവസാനിപ്പിച്ചു.

ഞാന്‍ ആകെ ടെന്‍ഷനിലായി... ഈ വിവരം കെട്ടവനെ എങ്ങനെ പറഞ്ഞ്‌ മനസ്സിലാക്കാം എന്നായി എന്റെ ചിന്ത.

ഞാന്‍ ഓഫീസിലെത്തി...കുറച്ച്‌ കഴിഞ്ഞപ്പോഴെയ്ക്കും അസ്തമയന്റെ മറ്റൊരു കൂട്ടുകാരന്‍ എന്നെ ഫോണില്‍ വിളിച്ചു....

"ചേട്ടാ... അസ്തമയന്റെ ഒരു കാര്യം പറയാനാണ്‌ വിളിച്ചത്‌..."

"പറയൂ... ഞാന്‍ കുറച്ചൊക്കെ അറിഞ്ഞു..."

"അവന്‍ വല്ലാത്ത ഒരു അവസ്ഥയിലാണ്‌.... ഞങ്ങളെല്ലാം എത്രയൊക്കെ സമാധാനിപ്പിച്ചിട്ടും മനസ്സിലാക്കുന്നില്ല.... എന്തൊക്കെയോ ഉദ്ദേശങ്ങളുണ്ടെന്നമട്ടിലാണ്‌ പ്രവര്‍ത്തികള്‍.... ചേട്ടനെ ഇതൊന്ന് അറിയിക്കാനാണ്‌ വിളിച്ചത്‌..."

"ഇതിപ്പോ എന്താ ചെയ്യുക.... ഞാനിതിനെപ്പറ്റി വിളിച്ച്‌ ചോദിയ്ക്കുക എന്ന് വച്ചാല്‍ കാര്യമില്ല.... ഞാന്‍ എന്തെങ്കിലും വഴി നോക്കട്ടെ..." ഇതും പറഞ്ഞ്‌ ഞങ്ങള്‍ സംസാരം അവസാനിപ്പിച്ചു.

എത്ര ആലോചിച്ചിട്ടും ഒരു വഴിയും എന്റെ മുന്നില്‍ തെളിഞ്ഞില്ല... ഇവന്‍ ആലോചിയ്ക്കാതെ വല്ല അതിക്രമവും കാണിച്ചാല്‍ പ്രശ്നമാകുമല്ലോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍...

ഞാന്‍ അസ്തമയനെ വിളിച്ചു...."എന്തായി കാര്യങ്ങള്‍...???" ഞാന്‍ ചോദിച്ചു...

"ഒന്നും അറിയില്ല..." നിരാശയുടെ സ്വരം..

"നോക്കട്ടെ... ഞാന്‍ വിളിച്ച്‌ സംസാരിയ്ക്കാം.... നീ തല്‍ക്കാലം ഇത്‌ ആലോചിച്ച്‌ നടന്ന് മോശമാക്കരുത്‌... നമുക്ക്‌ ശരിയാക്കാം.... കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ... ഇനിയെങ്കിലും നീ ഇതില്‍ ഇടപെടാതെ നില്‍ക്കാം എന്ന് എനിയ്ക്ക്‌ ഉറപ്പ്‌ തരാമെങ്കില്‍ ഞാന്‍ ഇത്‌ ശരിയാക്കിത്തരാം..." അല്‍പം അഹങ്കാരമാണെങ്കിലും എനിക്കങ്ങനെ പറായേണ്ടിവന്നു.

പക്ഷെ, എന്റെ ആ കോണ്‍ഫിഡന്‍സില്‍ അവന്‌ അല്‍പം വിശ്വാസം തോന്നിക്കാണണം... (പല കാര്യങ്ങളിലും പ്രശ്നപരിഹാരത്തില്‍ എന്റെ മുന്‍ പരിചയം അവനറിയാവുന്നതായതിനാല്‍)

കുറച്ച്‌ കഴിഞ്ഞപ്പോള്‍ അമ്മ വിളിച്ചു. അസ്തമയന്‍ തലേ ദിവസം രാത്രി വല്ലാതെ അപ്സറ്റ്‌ ആയിരുന്നു എന്നും മുകളിലത്തെ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത്‌ അമ്മയോട്‌ ഓഫീസ്‌ രേഖകള്‍ മേശവലിപ്പിലുണ്ടെന്നും മറ്റും പറഞ്ഞു അത്രേ...

പൊതുവേ ആത്മഹത്യാ ഭീഷണികള്‍ക്ക്‌ മുന്‍പില്‍ ഒട്ടും പതറാത്ത അമ്മയ്ക്ക്‌ (അസ്തമയന്‍ ചെറുപ്പത്തിലേ ഇത്തരം ഭീഷണികളില്‍ മികവ്‌ പുലര്‍ത്തിയിരുന്നു അത്രേ...) ഇത്തവണ അല്‍പം പ്രശ്നം തോന്നി അത്രേ. പക്ഷെ, ഇപ്പോള്‍ ഒന്ന് ഒതുങ്ങിയ മട്ടുണ്ട്‌ എന്നും അമ്മ എന്നെ അറിയിച്ചു.

രണ്ടുമൂന്ന് ദിവസം കഴിഞ്ഞിട്ടും അസ്തമയന്‍ പഴയ മനോനില വീണ്ടെടുത്തില്ല... പക്ഷെ, ആ കുട്ടിയുടെ കൂട്ടുകാരികള്‍ വഴിയും മറ്റും സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമം നടന്നുകൊണ്ടിരുന്നു.

ഇതിന്നിടയില്‍ അസ്തമയന്റെ സുഹൃത്തുക്കള്‍ ബോംബെയില്‍ ആ കുട്ടിയുടെ അഡ്രസ്സ്‌ കണ്ടുപിടിയ്ക്കാന്‍ ശ്രമം ആരംഭിച്ചു. അമേരിക്കയില്‍ നിന്നുവരെ ഇതിനായി ഒരു സുഹൃത്ത്‌ ശ്രമം നടത്തി. ( ഇന്റര്‍നെറ്റില്‍ ആ കുട്ടിയുടെ മാമന്റെ പേരിലും മറ്റും സെര്‍ച്ച്‌ ചെയ്ത്‌ പല അഡ്രസ്സുകളും തപ്പിയെടുത്ത്‌ അവിടേയ്ക്ക്‌ ഫോണ്‍ ചെയ്ത്‌ അന്വേഷിച്ചും മറ്റും പരിപാടികള്‍ തുടര്‍ന്നു).

അസ്തമയന്‍ ബോബെയ്ക്ക്‌ പോകുന്നതിനെക്കുറിച്ച്‌ ആലോചിയ്ക്കുന്നതായി വിവരം ലഭിച്ചു.

"വെറുതേ ബോംബെ വരെ പോയി ക്വൊട്ടേഷന്‍ ടീമുകള്‍ക്ക്‌ വല്ല്യ പണിയെടുക്കാതെ കാശുണ്ടാക്കിക്കൊടുക്കാന്‍ നിക്കണ്ട മോനേ..." എന്ന എന്റെ ഉപദേശവും അവന്‍ കാര്യമായെടുത്തില്ല എന്ന് തോന്നുന്നു. ബോംബെയില്‍ കൂട്ടുകാരുണ്ടെന്നും അവര്‍ക്ക്‌ സ്ഥലങ്ങള്‍ നല്ല പരിചയമാണെന്നും അന്വേഷിച്ച്‌ കണ്ടെത്താം എന്ന് ഉറപ്പുണ്ടെന്നും മറ്റുമായിരുന്നു ന്യായങ്ങള്‍.

ബോബെയ്ക്ക്‌ പോകാനുള്ള പ്ലാന്‍ അറിഞ്ഞപ്പോള്‍ അമ്മ ആകെ ചൂടായി....

"നീ ആത്മഹത്യ ചെയ്യണമെങ്കില്‍ ആയിക്കോ... പക്ഷെ, ബോംബെയില്‍ പോയി കയ്യും കാലുമില്ലാതെ ഇങ്ങോട്ട്‌ വന്നേക്കരുത്‌... " എന്ന് അമ്മ പ്രഖ്യാപിച്ചു.

ബോംബെയ്ക്ക്‌ പോകുന്നതിനുള്ള സപ്പോര്‍ട്ട്‌ പൊതുവേ കുറവായത്‌ പോകുന്ന തീരുമാനത്തിന്റെ സ്പീഡ്‌ അല്‍പം കുറയ്ക്കാന്‍ സഹായിച്ചു. ആ പെണ്‍കുട്ടിയുടെ അനിയനുമായി അസ്തമയന്‍ ഇതിന്നിടയില്‍ ഫോണില്‍ ബന്ധപ്പെട്ടു. അവനെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും 'കാര്യങ്ങള്‍ കൈവിട്ടുപോയി' എന്ന നിലയ്ക്കാണ്‌ അവന്‍ പ്രതികരിച്ചത്‌ അത്രേ...

"എന്ത്‌ പ്രശ്നത്തിനും സമയമെടുത്താല്‍ പരിഹാരമുണ്ടാകും... നീ ഓഴ്ച കൂടി ഒന്ന് ക്ഷമിയ്ക്ക്‌..." ഞാന്‍ അസ്തമയനോട്‌ പറഞ്ഞു.

ഇതിന്നിടയില്‍ ആ കുട്ടിയെ ചില കൂട്ടുകാരികള്‍ ബന്ധപ്പെട്ട്‌ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു എന്നും ഇപ്പോള്‍ അതെല്ലാം മനസ്സില്‍ നിന്ന് വിട്ടു എന്ന് ആ കുട്ടി പറഞ്ഞു എന്നും അറിവായി.

അടുത്ത ആഴ്ച.......

ആ കുട്ടിയുടെ അനിയനെ ഫോണില്‍ വിളിച്ച്‌ സംസാരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവന്‍ അല്‍പം വകതിരിവുള്ളവനാണെന്നും പറഞ്ഞാല്‍ മനസ്സിലാവുന്നവനാണെന്നും എനിയ്ക്ക്‌ തോന്നി.അവനുമായി അരമണിക്കൂര്‍ ഞാന്‍ ഫോണില്‍ സംസാരിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അവന്‍ എഴുതിയ മെയില്‍ ആണെന്നും അവന്‍ ഇന്നുവരെ ഞങ്ങളാരും കാണാത്ത ഒരു ഫീലിങ്ങിലാണെന്നും ഞാന്‍ ആ പയ്യനെ അറിയിച്ചു. ഇതെല്ലാം ആ കുട്ടിയോടുള്ള സ്നേഹം കൊണ്ട്‌ മാത്രമാണെന്നും ഇതിന്റെ പേരില്‍ തെറ്റിദ്ധാരണകളുണ്ടെങ്കില്‍ മാറ്റുന്നതിന്‌ എന്നെ സഹായിക്കണമെന്നും ഞാന്‍ പറഞ്ഞു.ആദ്യമൊക്കെ അല്‍പം നീരസം പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ അവനെ പറഞ്ഞ്‌ വരുതിയിലാക്കാന്‍ എനിയ്ക്ക്‌ സാധിച്ചു. ചേച്ചി ഇനി വിളിയ്ക്കുമ്പോള്‍ കാര്യം പറഞ്ഞ്‌ മനസ്സിലാക്കാം എന്നും അവന്‍ പറഞ്ഞു.

അസ്തമയനോട്‌ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.... ഒരു ചെറിയ പോസിറ്റീവ്‌ മൂവ്‌...... തല്‍ക്കാലം ഇതുകൊണ്ട്‌ ഒരാഴ്ചകൂടി ക്ഷമിയ്ക്കാന്‍ ഞാന്‍ പറഞ്ഞു.

അടുത്ത ആഴ്ച.....ഞാന്‍ വീണ്ടും വിളിച്ചു.... ഇത്തവണ ഫോണ്‍ എടുത്തത്‌ ആ കുട്ടിയുടെ അമ്മ....മുന്‍പ്‌ വിളിച്ചിരുന്ന കാര്യവും മെയിലിനെ ചുറ്റിപ്പറ്റിയുണ്ടായ പ്രശ്നങ്ങളിലുള്ള തെറ്റുകളും ഞാന്‍ ക്ഷമിയ്ക്കണമെന്ന് പറഞ്ഞു.ആദ്യം വളരെ വിഷമത്തില്‍ എന്നോട്‌ സംസാരിച്ചെങ്കിലും ഒടുവില്‍ കാര്യങ്ങള്‍ അല്‍പം ലളിതമായി എടുക്കാന്‍ ഒരു മാനസികാവസ്ഥ ആ അമ്മ പ്രകടിപ്പിച്ചു. രണ്ടുമാസം കഴിഞ്ഞ്‌ അവള്‍ തിരിച്ച്‌ വരട്ടെ എന്നും അപ്പോഴും അവള്‍ ഈ കാര്യം തന്നെ താല്‍പര്യം പറഞ്ഞാല്‍ ആലോചിയ്ക്കാം എന്നും അവര്‍ പറഞ്ഞു. ആ കുട്ടിയോട്‌ ഉണ്ടായ കാര്യങ്ങള്‍ പറയണമെന്നും അസ്തമയന്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ എഴുതിയതിന്‌ ക്ഷമ ചോദിച്ചതായി അറിയിക്കണമെന്നും ഞാന്‍ പറഞ്ഞു.

അപ്പോഴാണ്‌ ആ കുട്ടിയുടെ അമ്മ വേറൊരു കാര്യം എന്നോട്‌ ചോദിച്ചത്‌.... അവിടെ ബോബെയില്‍ ല്‍ ഫ്ലാറ്റിന്റെ സെക്ക്യൂരിറ്റിയോട്‌ ഒന്ന് രണ്ട്‌ പേര്‍ ചെന്ന് മാമനെക്കുറിച്ചും മറ്റും അന്വേഷിച്ചു അത്രേ... അസ്തമയന്‍ പറഞ്ഞുവിട്ടവരാണോ എന്ന് സംശയമുണ്ടെന്നും ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാകുകയേ ഉള്ളൂ എന്നും മാമന്‍ അറിയിച്ചതായി അവര്‍ പറഞ്ഞു.

അസ്തമയന്‍ പറഞ്ഞുവിട്ടവരാകാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് ഞാന്‍ തീര്‍ത്ത്‌ പറഞ്ഞു. ഈ കാര്യത്തില്‍ ഇനി ഇടപെട്ട്‌ പോകരുതെന്ന് ഞാന്‍ അവനോട്‌ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എന്നാലും ഞാന്‍ അവനോട്‌ ചോദിച്ചിട്ട്‌ അറിയിയ്ക്കാം എന്ന് പറഞ്ഞ്‌ അന്നത്തെ മദ്ധ്യസ്ഥശ്രമം ഞാന്‍ അവസാനിപ്പിച്ചു.

അസ്തമയന്റെ കൂട്ടുകാര്‍ തന്നെയായിരിയ്ക്കും അവിടെ അന്വേഷിച്ച്‌ ചെന്നതെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു.ഞാന്‍ അസ്തമയനെ വിളിച്ച്‌ ലാസ്റ്റ്‌ വാര്‍ണിംഗ്‌ കൊടുത്തു...

"നിന്നെക്കൊണ്ട്‌ ഇത്‌ മാക്സിമം കുളമാക്കാന്‍ സാധിയ്ക്കും എന്നെനിയ്ക്കറിയാം... ഇനി നിന്റെയോ നിന്റെ കൂട്ടുകാരുടേയോ ഇടപെടല്‍ ഉണ്ടായാല്‍ നീ പിന്നെ ഈ കാര്യം പറഞ്ഞ്‌ എന്റെ അടുത്തേയ്ക്ക വന്നേക്കരുത്‌.." ഞാന്‍ പറഞ്ഞു.

"ഇല്ല ചേട്ടാ... അത്‌ മുന്‍പ്‌ എന്റെ കൂട്ടുകാര്‍ അന്വേഷിച്ചിരിയ്ക്കും... പക്ഷെ ചേട്ടന്‍ പറഞ്ഞതില്‍ പിന്നെ ഞാന്‍ അവരെവിളിച്ച്‌ ഇനി അന്വേഷിക്കണ്ട എന്ന് പറഞ്ഞിട്ടുണ്ട്‌..."

"ശരി... തല്‍ക്കാലം കാര്യങ്ങള്‍ ഇങ്ങനെ പോകട്ടെ... ആ കുട്ടി തിരിച്ച്‌ വരട്ടെ... എന്നിട്ട്‌ തീരുമാനിയ്ക്കാം ബാക്കി..." ഞാന്‍ പറഞ്ഞു.

ഞാന്‍ ഉടന്‍ തന്നെ വീണ്ടും ആ കുട്ടിയുടെ അമ്മയെ വിളിച്ചു.... അസ്തമയന്റെ കൂട്ടുകാരല്ല അവിടെ ചെന്നതെന്ന് സ്ഥിരീകരിച്ചു എന്നും ഇനി അവന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടാവില്ലെന്ന എന്റെ ഉറപ്പും അറിയിച്ചു. ഈ വിവരം മാമനെ അറിയിയ്ക്കാം എന്ന് അമ്മ പറഞ്ഞു.

ഒന്നുരണ്ടാഴ്ച കഴിഞ്ഞു......ഞാന്‍ വീണ്ടും ആ കുട്ടിയുടെ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്തു.... ആ കുട്ടി എന്നാണ്‌ വരുന്നതെന്നും തെറ്റിദ്ധാരണകള്‍ മാറിയോ എന്നും മറ്റും ചോദിച്ചു. വളരെ പോസിറ്റീവ്‌ ആയ റെസ്പോണ്‍സ്‌ ആണ്‌ എനിയ്ക്ക്‌ തിരിച്ച്‌ കിട്ടിയത്‌... മെയ്‌ 8 ന്‌ ആ കുട്ടി നാട്ടിലെത്തുമെന്ന് പറഞ്ഞു. അന്നാദ്യമായി ആ കുട്ടിയുടെ അമ്മ അസ്തമയന്റെ ജോലിയെക്കുറിച്ചും ആള്‍ ഇപ്പോ എന്ത്‌ പറയുന്നു എന്നും ചോദിച്ചു... ആ കുട്ടി തിരിച്ച്‌ വന്നിട്ട്‌ മാമന്മാരും എല്ലാവരും കൂടി ഒരു തീരുമാനമെടുക്കാം എന്നാണ്‌ ഇപ്പോഴത്തെ നിലപാടെന്നും എന്നെ അറിയിച്ചു.

ആ കുട്ടി വന്നതിനുശേഷം താല്‍പര്യമാണെങ്കില്‍ വീട്ടില്‍ വിളിച്ച്‌ ബന്ധപ്പെടാന്‍ പറഞ്ഞ്‌ ഞാന്‍ വീട്ടിലെ ഫോണ്‍ നമ്പര്‍ ആ കുട്ടിയുടെ അമ്മയ്ക്ക്‌ കൊടുത്തു.

ഈ കാര്യങ്ങളെല്ലാം അറിഞ്ഞ അസ്തമയന്‌ ഒരു സംശയം...

"അവര്‍ നമ്മളെ ചതിയ്ക്കാന്‍ പറയുന്നതായിരുയ്ക്കുമോ? തല്‍ക്കാലം നമ്മള്‍ ഇടപെടാതിരിയ്ക്കാന്‍???"

"ഹേയ്‌.... അതാവാന്‍ സാദ്ധ്യതയില്ല... അവരുടെ കുട്ടിയുടെകൂടി ഭാവിയല്ലേ... അവര്‍ അങ്ങനെ ചെയ്യില്ല..." ഞാന്‍ പറഞ്ഞു.

കാര്യങ്ങള്‍ അല്‍പം പോസിറ്റീവ്‌ ആയി പോകുന്ന കണ്ടപ്പോള്‍ എന്റെ അമ്മ ജാതകവുമായി അമ്മയുടെ സ്ഥിരം ജ്യോല്‍സ്യനായ കാഞ്ഞാടന്‍ തിരുമേനിയെ സമീപിച്ചു. പ്രായധിക്യം ചെന്ന് കണ്ണ്‍ കാണാതായെങ്കിലും ജ്യോല്‍സ്യത്തില്‍ പുള്ളിക്കാരനെ അമ്മയ്ക്ക്‌ വല്ല്യ വിശ്വാസമാണ്‌..നാളും സമയവും കേട്ടപ്പോള്‍ തന്നെ ഒറ്റനോട്ടത്തില്‍ എടുക്കാന്‍ പറ്റാത്ത കേസാണെന്ന് തിരുമേനി പറഞ്ഞപ്പോള്‍ ഇവര്‍ ഇഷ്ടത്തിലാണെന്ന് അറിയിച്ചപ്പോള്‍ അങ്ങേര്‍ പറഞ്ഞത്‌ 'മനപ്പൊരുത്തത്തെക്കാള്‍ വലുതായി വേറൊന്നില്ല... ജാതകപ്പൊരുത്തം അത്‌ കഴിഞ്ഞേ ഉള്ളൂ... അതുകൊണ്ട്‌ കൂടുതല്‍ വിശദമായി ജാതകം നോക്കേണ്ടതില്ല..." എന്നാണ്‌..

മെയ്‌ 13 നല്ലൊരു മുഹൂര്‍ത്തമുണ്ടെന്നും അങ്ങേര്‍ അമ്മയോട്‌ പറഞ്ഞു.

അമ്മ അത്രയ്ക്കങ്ങ്‌ മനക്കോട്ട കാണാന്‍ വരട്ടെ എന്നും അത്ര വേഗം ഇത്‌ നടത്താന്‍ സാദ്ധ്യതയില്ലെന്നും ഞാന്‍ അമ്മയോട്‌ പറഞ്ഞു.

മെയ്‌ 8 കഴിഞ്ഞിട്ടും ആ കുട്ടിയുടെ വീട്ടില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നപ്പോള്‍ അസ്തമയന്‍ അസ്വസ്ഥനായി.

അവിടെ വിളിച്ച്‌ ഇനിയും അന്വേഷിയ്കുന്നത്‌ നാണക്കേടാണെന്നുള്ള എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. മാത്രമല്ല, ഇനി ആ കുട്ടി ഇത്ല് താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ മനസ്സില്‍ നിന്നും ഇത്‌ വിട്ട്‌ കളയണമെന്നും ഞാന്‍ അസ്തമയനെ ഉപദേശിച്ചു.

മെയ്‌ 10......

'ആ കുട്ടിയുടെ വീട്ടിലേക്ക്‌ ഒന്ന് വിളിച്ച്‌ നോക്കി തീരുമാനം അന്വേഷിച്ചാലോ' എന്നായി അസ്തമയനും മറ്റും...

ഞാനൊരാള്‍ ഇങ്ങനെ നാണം കെടാന്‍ ഉണ്ടല്ലോ... ('നാണം കെടാന്‍ സൂര്യോദയത്തിന്റെ ജന്മം ഇനിയും ബാക്കി...' എന്ന ഡയലോഗ്‌ ഞാനോര്‍ത്തു)

ഞാന്‍ ആ കുട്ടിയുടെ വീട്ടിലെ മൊബെയില്‍ ഫോണില്‍ വിളിച്ചു... റിംഗ്‌ ചെയ്തിട്ടും ആരും ഫോണ്‍ അറ്റന്‍ഡ്‌ ചെയ്യുന്നില്ല....

അല്‍പസമയം കഴിഞ്ഞപ്പോള്‍ എനിയ്ക്ക്‌ ആ നമ്പറില്‍ നിന്ന് ഒരു കോള്‍....

"ഹലോ...." അപ്പുറത്ത്‌ ആ പെണ്‍കുട്ടി...

"ങാ... വന്നു അല്ലെ... എന്തായി കാര്യങ്ങള്‍?" ഞാന്‍ ചോദിച്ചു.

"എന്താവാന്‍... ചേട്ടനെല്ലാം അറിയുന്നതല്ലെ..."

"എന്തറിയാന്‍.... കുട്ടി വന്നിട്ട്‌ തീരുമാനിയ്ക്കാം എന്നാണ്‌ കുട്ടിയുടെ വീട്ടില്‍ നിന്ന് പറഞ്ഞിരുന്നത്‌...." ഞാന്‍ പറഞ്ഞു.

"ഞാനായിട്ട്‌ തന്നെ വേണ്ടെന്ന് വച്ചു...." ആ കുട്ടി വളരെ ശാന്തമായ സ്വരത്തില്‍ പറഞ്ഞു.

"ശരി... അങ്ങനെയാകട്ടെ... പക്ഷെ, എന്താണ്‌ കാരണം എന്നൊന്ന് പറയണം..."

"അതും ചേട്ടന്‌ അറിയുന്നതല്ലെ... എന്നെ മെയില്‍ അയച്ച്‌ എല്ലാവരുടേയും മുന്നില്‍ നാണം കെടുത്തി.... ഞാന്‍ എത്രമാത്രം കരഞ്ഞെന്നോ... ഇങ്ങനെയാണെങ്കില്‍ എന്തൊക്കെ വേറെ എന്നെക്കുറിച്ച്‌ പറയുമെന്നാണ്‌ അവരൊക്കെ ചോദിച്ചത്‌..." ആ കുട്ടിയുടെ വാക്കുകളില്‍ ദുഖവും ദേഷ്യവും നിഴലിയ്ക്കുന്നതായി എനിയ്ക്ക്‌ തോന്നി.

"അതിനിത്ര പ്രശ്നമാക്കാനുണ്ടോ... അന്നത്തെ മാനസികാവസ്ഥ കുട്ടിയ്ക്ക്‌ മനസ്സിലാവുന്നതല്ലേയുള്ളൂ... അങ്ങനെ ഒരവസ്ഥയില്‍ അയച്ച മെയിലാണ്‌... അത്‌ നാട്ടുകാര്‍ കാണാന്‍ വേണ്ടിയല്ലതാനും... അതിന്റെ പേരിലാണ്‌ ഈ പിന്മാറ്റം എന്നുപറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടാണ്‌...." ഞാന്‍ പറഞ്ഞു.

"ഞാന്‍ എത്ര വിഷമിച്ചെന്നറിയുമോ... അവസാനം വിര്‍ജിനിറ്റി ടെസ്റ്റ്‌ ചെയ്യാന്‍ വരെ ഞാന്‍ തയ്യാറാണെന്ന് വരെ ഞാന്‍ പറഞ്ഞു.... എന്നിട്ടും അവര്‍ എന്നെ മുഴുവന്‍ വിശ്വസിച്ചിട്ടില്ല.... ഇനി ഈ കാര്യവുമായി ഞാന്‍ മുന്നോട്ടില്ലെന്ന് തീരുമാനിച്ചു.."

"അത്‌ കുട്ടി തീരുമാനിക്കുന്നതില്‍ എനിയ്ക്ക്‌ ഒരു വിരോധവും ഇല്ല... പക്ഷെ, ഈ ബന്ധം നിങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ വിളിച്ച്‌ സംസാരിച്ചതല്ലേ.... എല്ലാ ഘട്ടങ്ങളിലും കുട്ടിയുടെ കൂടെ നിര്‍ബദ്ധപ്രകാരമല്ലേ ഞാനിതില്‍ ഇടപെട്ടത്‌.... എന്നിട്ടിപ്പോള്‍ ഒരു നിസ്സാരകാര്യം പറഞ്ഞ്‌ ഇപ്പോള്‍ പിന്മാറുന്നത്‌ മര്യാദയായില്ല..... നിങ്ങള്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കിലോ..... എന്തായാലും അങ്ങനെ നടക്കാഞ്ഞത്‌ നന്നായി... ജീവിതത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പൊറുത്തും ക്ഷമിച്ചും കഴിയാന്‍ പറ്റാത്തവര്‍ കല്ല്യാണം കഴിക്കാതിരിയ്ക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌... നിങ്ങളെ കല്ല്യാണം കഴിപ്പിച്ചോളാം എന്ന് ഞാന്‍ നേര്‍ച്ചയൊന്നും നേര്‍ന്നിട്ടില്ല...." ഞാന്‍ അല്‍പം ക്ഷോഭത്തോടെ പറഞ്ഞു.

"അതെല്ലാം എന്റെ തെറ്റാണ്‌... ഞാന്‍ സമ്മതിയ്ക്കുന്നു. ആലോചിയ്ക്കാതെയും വിവരമില്ലാതെയും എടുത്ത തീരുമാനങ്ങളായിരുന്നു. ഈ കല്ല്യാണവുമായി മുന്നോട്ടുപോയാല്‍ എന്റെ വീട്ടുകാര്‍ ഉണ്ടാവില്ലെന്നാണ്‌ എന്നോട്‌ പറഞ്ഞത്‌... അസ്തമയേട്ടനെ വിശ്വസിച്ച്‌ വന്നാല്‍ നാളെ എന്തെങ്കിലും കാര്യത്തിന്‌ പ്രശ്നമായാല്‍ എനിയ്ക്കാരും ഉണ്ടാകില്ല..."

"ഓ... ഇപ്പോഴാണല്ലേ ഇത്തരം റിസ്കുകള്‍ തോന്നിയത്‌.... വെറുതേ കല്ല്യാണം കഴിയ്ക്കുകയല്ലല്ല്ലോ... ഞങ്ങള്‍ വീട്ടുകാര്‍ ഇടപെട്ട്‌ നടക്കുന്നതാകുമ്പോള്‍ എല്ലാത്തിനും ഞങ്ങളുടെ സപ്പോര്‍ട്ട്‌ ഉണ്ടാകും... അത്തരം കാര്യങ്ങളൊന്നും പറയേണ്ടാ.... എന്തെങ്കിലും കാരണം കണ്ടുപിടിയ്ക്കാനും ബുദ്ധിമുട്ടണ്ട.... കുട്ടിയെ വിശ്വസിച്ച അവന്‍ മണ്ടന്‍... ഒരു കാര്യം ചെയ്യ്‌ കുട്ടി തന്നെ നേരിട്ട്‌ പറഞ്ഞോളൂ..."

"ചേട്ടന്‍ പറഞ്ഞോളൂ... എന്നെ വിളിയ്ക്കുമ്പോള്‍ ഞാനും പറഞ്ഞോളാം... എന്തായാലും എന്റെ ഭാവി എന്താവും എന്നറിയില്ല... നാട്ടുകാരൊക്കെ അറിഞ്ഞുകഴിഞ്ഞു. ഞാന്‍ വേറെ കല്ല്യാണം കഴിയ്ക്കുന്നില്ല... അച്ഛന്‍ എന്നെ ഗള്‍ഫിലോട്ട്‌ കൊണ്ടുപോകാം എന്നാണ്‌ പറഞ്ഞിരിയ്ക്കുന്നത്‌.." ആ കുട്ടി തുടര്‍ന്നു.

"അതൊക്കെ നിങ്ങളുടെ ഇഷ്ടം... ശരി..." ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ഞാന്‍ ഉടനെ അസ്തമയനെ വിളിച്ച്‌ വിവരം പറഞ്ഞു. പക്വതയോടെ പെരുമാറണമെന്നും ആ കുട്ടിയ്ക്ക്‌ വേണ്ടെങ്കില്‍ പിന്നെ ഇതിന്റെ പുറകേ നടക്കുന്നത്‌ ആണത്തമല്ലെന്നും ഉപദേശിച്ചു.

"ഞാന്‍ ചോദിയ്ക്കട്ടെ... അവള്‍ എന്നോട്‌ പറയട്ടെ... പിന്നെ, ഞാന്‍ ഇതിന്റെ പേരില്‍ ഒന്നിനുമില്ല..." അസ്തമയന്‍ പറഞ്ഞു.

കുറച്ച്‌ സമയം കഴിഞ്ഞ്‌ അസ്തമയന്‍ എന്നെ വിളിച്ചു. അവള്‍ നേരിട്ട്‌ പറാഞ്ഞുവെങ്കിലും ഇനി വേറെ വിവാഹം കഴിയ്ക്കുന്നില്ലെന്നും അസ്തമയേട്ടനും അങ്ങനെ തന്നെ ചെയ്തോളൂ എന്നും പറഞ്ഞു എന്നും അറിയിച്ചു. "എന്നാലും ചതിയായിപ്പോയി..." എന്ന് വിഷമത്തോടെ അസ്തമയന്‍ പറഞ്ഞു.

"ഇതില്‍ വിഷമിച്ചിട്ട്‌ കാര്യമൊന്നുമില്ല... ഇതാണ്‌ ലോകം... ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍ നടക്കുന്നു.... ആ കുട്ടി തന്നെ നേരിട്ട്‌ പറഞ്ഞ സ്ഥിതിയ്ക്ക്‌ ഇനി ഇതിന്റെ പേരില്‍ ഒരു നടപടിയും പാടില്ല... നീ അത്‌ മനസ്സില്‍ നിന്ന് കളഞ്ഞേക്ക്‌.... ഇനി വേറെ കല്ല്യാണം ഇല്ല എന്നൊന്നും വിചാരിയ്ക്കണ്ട... നല്ല പ്രൊപ്പോസല്‍സ്‌ നിനക്ക്‌ കിട്ടും... ഇത്തരം ഘട്ടങ്ങള്‍ അതിജീവിയ്ക്കാനുള്ള പ്രായോഗികബുദ്ധിയും മനോബലവും നീ കാട്ടണം... " ഞാന്‍ ഉപദേശിച്ചു.

"ഇല്ല... ഞാന്‍ ഇനി ഒന്നിനും നില്‍ക്കുന്നില്ല.... പക്ഷെ, നമുക്ക്‌ അവിടെവരെ ഒന്ന് പോകണം... നേരിട്ട്‌ പറഞ്ഞ്‌ അവസാനിപ്പിയ്ക്കാം... എന്റെ കുറച്ച്‌ ഫോട്ടൊകള്‍ അവളുടെ കയ്യിലുണ്ട്‌... അവളുടെ ഫോട്ടോ തിരിച്ചുകൊടുത്ത്‌ എന്റെ തിരികെ വാങ്ങണം... എന്നിട്ട്‌, ഇനി നമ്മുടെ ഭാഗത്ത്‌ നിന്ന് ഒരു തടസ്സവും ഉണ്ടാവില്ലെന്ന് പറഞ്ഞ്‌ അവസാനിപ്പിയ്ക്കാം..."

എനിയ്ക്ക്‌ ദേഷ്യം വന്നു...

"ഇനി അവിടെ പോകുന്ന പ്രശ്നമില്ല... നാണം കെടുന്നതിന്‌ ഒരു പരിധിയുണ്ട്‌... എനിയ്ക്ക്‌ ഇനി സാധിയ്ക്കില്ല... മാത്രമല്ല, ആ കുട്ടി തന്നെ നേരിട്ട്‌ പറഞ്ഞിട്ടും വീണ്ടും നമ്മള്‍ അവിടെ ചെന്നാല്‍ കാര്യങ്ങള്‍ എങ്ങനെവേണമെങ്കിലും വഷളാകാം... നീ ജയിലില്‍ കിടക്കേണ്ടിവരും....വെറുതേ അത്തരം കാര്യങ്ങള്‍ ആലോചിക്കണ്ട... കൊടുക്കാനും വാങ്ങാനുമുണ്ടെങ്കില്‍ അത്‌ പോസ്റ്റ്‌ ചെയ്തേക്ക്‌...."

അവന്‍ ഒന്നും മിണ്ടിയില്ല...

രണ്ടുമൂന്ന് ദിവസം കഴിഞ്ഞു....

ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അസ്തമയന്‍ എന്നോട്‌ പറഞ്ഞു.

"അവളെ അറിയുന്ന എന്റെ കൂട്ടുകാരും അവളുടെ കൂട്ടുകാരികളുമെല്ലാം പറയുന്നത്‌ അവള്‍ക്ക്‌ അങ്ങനെ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല എന്നാണ്‌... അവളെക്കൊണ്ട്‌ ആരൊക്കെയോ പറയിയ്ക്കുന്നതാവാനാണ്‌ സാദ്ധ്യത... അല്ലെങ്കില്‍ ഇനി വേറെ കല്ല്യാണം കഴിയ്ക്കുന്നില്ലെന്നും ഞാനും അങ്ങനെ തന്നെ ആയിക്കൊള്ളാനും അവള്‍ പറയുമായിരുന്നോ... അതൊരു മെസ്സേജ്‌ ആയിരിയ്ക്കും..."

"നിനക്ക്‌ വട്ടാണ്‌... നീ അത്‌ വിട്ടു കള... അങ്ങനെയാണെങ്കില്‍ ആ കുട്ടി അവസരം കിട്ടുമ്പോള്‍ നിന്നെ വിളിച്ച്‌ സത്യാവസ്ഥ പറയില്ലേ..???" ഞാന്‍ ചോദിച്ചു.

"അതെ... അത്‌ തന്നെയാണ്‌ എല്ലാവരും പറയുന്നത്‌... അവളുടെ അടുത്ത കൂട്ടുകാരി അവളെ കോണ്ടാക്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചു. അവളെ പല ബദ്ധുവീടുകളിലേക്കും മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്‌... ഫോണ്‍ അവള്‍ക്ക്‌ കൊടുക്കുന്നുമില്ല.... എന്തായാലും എന്നെങ്കിലു അവള്‍ എന്നെ വിളിച്ച്‌ പറഞ്ഞാല്‍ പിന്നെ ആ വീട്ടുകാരുമായി ഒരു കോംബ്രമൈസിനും ഇല്ല... ഇറക്കിക്കൊണ്ടുവന്ന് രജിസ്റ്റര്‍ ചെയ്യും... ഇനി അവര്‍ സമ്മതിച്ചിട്ട്‌ ഒരു കല്ല്യാണം വേണ്ട... ഞാന്‍ അന്നേ ചേട്ടനോട്‌ പറഞ്ഞില്ലേ... അവര്‍ ചതിയ്ക്കുകയായിരിയ്ക്കുമെന്ന്..." അസ്തമയന്റെ വാക്കുകളില്‍ രോഷം...

"ഇപ്പോഴും നിനക്ക്‌ ഉറപ്പൊന്നും ഇല്ലല്ലോ മറ്റുള്ളവര്‍ നിര്‍ബദ്ധിച്ച്‌ പറയിക്കുകയാണെന്ന്... അതുകൊണ്ട്‌ നീ വെയ്റ്റ്‌ ചെയ്യ്‌... എന്നോട്‌ ആ കുട്ടി പറഞ്ഞത്‌ വച്ച്‌ ആ കുട്ടിയെ ആരും പറയിപ്പിച്ചതായി എനിയ്ക്ക്‌ തോന്നിയില്ല... എന്തായാലും അവള്‍ ഈ കാര്യത്തില്‍ അത്ര സ്റ്റ്രോങ്ങ്‌ അല്ല എന്നതാണ്‌ പ്രശ്നം... ആ കുട്ടി ഉറപ്പിച്ച്‌ പറഞ്ഞാല്‍ നടക്കാത്തതായി ഒന്നുമില്ല... പക്ഷെ, ആ കുട്ടിയെ അവര്‍ക്ക്‌ പറഞ്ഞ്‌ സമ്മതിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍ അത്‌ അവരുടെ വിജയം... അതിനെ ചതിയെന്ന് പറഞ്ഞിട്ട്‌ കാര്യമില്ല.... കുറച്ചു ദിവസം നമുക്ക്‌ നോക്കാം...." ഞാന്‍ പറഞ്ഞു.

ഇതിന്നിടയില്‍ എന്റെ അമ്മ ആ കുട്ടിയുടെ വീട്ടിലേക്ക്‌ വിളിച്ചു. ആ കുട്ടിയുടെ അമ്മയോട്‌ സംസാരിച്ചു. അവര്‍ ഇത്‌ പ്രൊസീഡ്‌ ചെയ്യുന്നില്ലെന്നറിയിച്ചപ്പോള്‍ ആ കുട്ടിയോട്‌ ഫോണില്‍ ഒന്ന് സംസാരിയ്ക്കാന്‍ അവസരം ചോദിച്ചതിനെത്തുടര്‍ന്ന് ആ കുട്ടിയും അമ്മയോട്‌ സംസാരിച്ചു. വളരെ ശാന്തമായി 'എന്താ അമ്മേ...' എന്ന് വിളിച്ച്‌ സംസാരിച്ച ആ കുട്ടി 'ഈ കാര്യത്തില്‍ തീരുമാനമായല്ലേ?' എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി അത്രേ.

അസ്തമയന്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.... ആ കുട്ടിയ്ക്ക്‌ അത്ര എളുപ്പം തന്നെ വേണ്ടെന്ന് വയ്ക്കാന്‍ കഴിയുമെന്ന് അസ്തമയന്‌ വിശ്വസിയ്ക്കാന്‍ ആകുന്നില്ല... ജോലി വേണ്ടെന്ന് വയ്ക്കാന്‍ അസ്തമയന്‍ ആലോചിച്ചു.... വീട്ടുകാരും കൂട്ടുകാരും ഉപദേശിച്ച്‌ തല്‍ക്കാലം അത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്‌.....

ഒരു ഫോണ്‍കോള്‍ എന്നെങ്കിലും വരുമെന്നും സത്യാവസ്ഥ മനസ്സിലാകുമെന്നും അസ്തമയന്‍ പ്രതീക്ഷയില്‍ തുടരുന്നൂ....

എങ്കിലും ആ കുട്ടി ചെയ്തത്‌ ചതിതന്നെയായിപ്പോയെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു..... അങ്ങനെ വിശ്വസിയ്ക്കാനേ എനിയ്ക്ക്‌ ഇപ്പോള്‍ കഴിയുന്നുള്ളൂ....

(തല്‍ക്കാലം തുടരില്ല.... അവസാനം ആയോ എന്ന് അറിയില്ല...)

Labels:

Sunday, May 20, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 3)

"നാളെ രജിസ്റ്റര്‍ ചെയ്യല്‍ നടക്കില്ല... അവളുടെ വീട്ടില്‍ അറിഞ്ഞു..." എന്നതാണ്‌ അസ്തമയന്‍ എന്നോട്‌ പറഞ്ഞത്‌...

"എങ്ങനെ അറിഞ്ഞൂ..???" ഞാന്‍ ചോദിച്ചു.

"അവള്‍ എന്നെ വിളിച്ചിരുന്നു. എന്റെ ഏതോ സുഹൃത്ത്‌ അവളുടെ അമ്മായിയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച്‌ അവരെ വിളിച്ച്‌ പറഞ്ഞു എന്ന്. ഇപ്പോള്‍ അവിടത്തെ സ്ഥിതി ആകെ കുഴപ്പമാണ്‌. അവളുടെ മാമന്റെ മക്കളും അമ്മായിമാരുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്‌... കാര്യങ്ങളെല്ലാം കൈവിട്ടുപോയി എന്നും ഇനി ഒന്നും നടക്കില്ലെന്നും അവള്‍ പറഞ്ഞു..."

"നീ ഈ കാര്യം രഹസ്യമാക്കി വയ്ക്കാതെ നിന്റെ കൂട്ടുകാരോടൊക്കെ എന്തിനാ പറഞ്ഞത്‌.... കൂടെ നടക്കുന്നവര്‍ തന്നെ ചതിയ്ക്കുക എന്ന് വച്ചാല്‍?" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.

"ഇത്‌ അറിയാവുന്നവര്‍ എന്റെ അടുത്ത കൂട്ടുകാര്‍ മാത്രമാണ്‌... അവരും ഇത്‌ ആരോടും പറഞ്ഞിട്ടില്ല എന്നാണ്‌ പറഞ്ഞത്‌... അവരാവാന്‍ യാതൊരു സാദ്ധ്യതയുമില്ല... ഇനി അവര്‍ക്കെങ്ങാന്‍ സംശയം തോന്നിയിട്ട്‌ അവളെക്കൊണ്ട്‌ പറയിയ്ക്കാന്‍ വേണ്ടി നുണ പറഞ്ഞതാവാനും സാദ്ധ്യതയുണ്ട്‌... എന്നെ അവളുടെ ഒരു മാമന്റെ മോന്‍ വിളിച്ചിട്ട്‌ നാളെ രജിസ്റ്റര്‍ ചെയ്യാന്‍ പരിപാടിയുണ്ടല്ലെ എന്ന് ചോദിച്ചു...ഞാന്‍ ഒന്നും അറിയാത്ത പോലെ സംസാരിച്ചു. ആദ്യം അവന്‍ സപ്പോര്‍ട്ട്‌ ചെയ്ത്‌ സംസാരിച്ചു. സാവകാശം കാണിക്കണമെന്നും അവന്‍ സപ്പോര്‍ട്ട്‌ ചെയ്ത്‌ വീട്ടില്‍ സംസരിയ്ക്കാമെന്നും ഒക്കെ പറഞ്ഞു. എന്നെക്കൊണ്ട്‌ നാളെ രജിസ്റ്റര്‍ ചെയ്യാന്‍ പരിപാടിയുണ്ടെന്ന കാര്യം സമ്മതിപ്പിക്കലാണ്‌ ഉദ്ദേശമെന്ന് എനിയ്ക്ക്‌ തോന്നി. ഞാന്‍ കാര്യമായി പ്രതികരിയ്ക്കാതായപ്പോള്‍ അല്‍പം ഭീഷണിയുടെ സ്വരത്തില്‍ ആയി കാര്യങ്ങള്‍.... അപ്പോള്‍ ഞാനും അല്‍പം ഭീഷണി അങ്ങോട്ടും നടത്തി.... ചാലക്കുടിയില്‍ വന്നാല്‍ നേരിട്ട്‌ മുട്ടാം എന്നു ഞാനും പറഞ്ഞു" അസ്തമയന്‍ പറഞ്ഞു.

"ശരി... ഇപ്പോള്‍ എന്താണ്‌ അവിടുത്തെ ലേറ്റസ്റ്റ്‌ സിറ്റുവേഷന്‍?"

"എല്ലാവരും കൂടി അവളെ കുറേ വഴക്ക്‌ പറഞ്ഞു.... ഇനി ഒന്നിനും ഇല്ലെന്ന് അവള്‍ അവര്‍ക്ക്‌ ഉറപ്പ്‌ കൊടുത്തു അത്രേ.... "

"തല്‍ക്കാലം നീ ഒന്നിനും നില്‍ക്കണ്ട.... ആ കുട്ടി തന്നെ ഇപ്പോള്‍ അവരുടെ വരുതിയ്ക്കായ നിലയ്ക്ക്‌ കൂടുതല്‍ സാഹസങ്ങള്‍ക്ക്‌ ഇപ്പോള്‍ സ്കോപ്പ്‌ ഇല്ല..." ഞാന്‍ പറഞ്ഞു.

(പിറ്റേന്ന് ശനിയാഴ്ചയാണ്‌ അസ്തമയന്‍ പി.എസ്‌.സി. വഴി നിയമനം കിട്ടിയ ജോലിയ്ക്ക്‌ ജോയിന്‍ ചെയ്യേണ്ട ദിവസം. വെള്ളിയാഴ്ച അവിടെപ്പോയി അപ്പോയിന്റ്‌ മെന്റ്‌ ഫോര്‍മാലിറ്റിയൊക്കെ ശരിയാക്കി. കാലത്ത്‌ ലീവ്‌ എടുത്ത്‌ രജിസ്റ്റര്‍ പരിപാടിയ്ക്ക്‌ പോകാനായിരുന്നു പ്ലാന്‍. പക്ഷെ, അവിടുത്തെ ചിലര്‍ അവനോട്‌ ജോയിന്‍ ചെയ്യുന്ന ദിവസം തന്നെ ലീവ്‌ എടുക്കണ്ട എന്നും തിങ്കളാഴ്ച ജോയിന്‍ ചെയ്താല്‍ മതി എന്നും പറഞ്ഞു)

വിഷമമാണോ ആശ്വാസമാണോ എന്നറിയാത്ത ഒരുതരം ഫീലിംഗ്‌ ആണ്‌ എനിയ്ക്ക്‌ തോന്നിയത്‌. ഒരു തരത്തില്‍ പറഞ്ഞാല്‍ പിറ്റേ ദിവസത്തെ തിരക്കുപിടിച്ച്‌ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സംഭവവികാസങ്ങളില്‍ തല്‍ക്കാലം പങ്കെടുക്കേണ്ട എന്നതിന്റെ ആശ്വാസം...
പക്ഷെ, അസ്തമയന്‍ ഈ സംഭവത്തില്‍ വളരെ ദുഖിതനാണ്‌ എന്ന് മനസ്സിലാക്കി ഒരു ചെറിയ വിഷമവും...

വീട്ടില്‍ നിന്ന് അമ്മ വിളിച്ച്‌ അസ്തമയന്‍ ആകെ നിരാശനാണെന്നറിയിച്ചു. അമ്മയ്ക്ക്‌ തല്‍ക്കാലം ചെറിയ ഒരു സമാധാനവും... കാരണം, വീട്ടുകാരുടെ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ കൊണ്ടുവരിക എന്ന് പറഞ്ഞാല്‍ ആ അച്ഛനമ്മമാരോട്‌ ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണെന്ന് എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. പിറ്റേന്ന് എന്നോട്‌ വീടുവരെ വന്ന് അവനെ ഒന്ന് സമാധാനിപ്പിക്കണമെന്നും അമ്മ പറഞ്ഞു. അവന്‍ ജോലിയ്ക്ക്‌ ജോയിന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞെന്നും അവനെ പറഞ്ഞ്‌ മനസ്സിലാക്കി ജോലിയ്ക്ക്‌ പോകാന്‍ പറയണം എന്നും അമ്മ പറഞ്ഞു.

പിറ്റേന്ന് ഞായറാഴ്ച................

കാലത്ത്‌ ഒരു 10 മണിയോടെ ഞാന്‍ ചാലക്കുടിയില്‍ വീട്ടിലെത്തി. അസ്തമയന്‍ മുകളിലത്തെ റൂമില്‍ തന്നെയാണ്‌.... ഞാന്‍ അങ്ങോട്ട്‌ ചെന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്ത ദുഖവും കനവും ഞാന്‍ കണ്ടു. ഉറക്കം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍..... കരഞ്ഞിട്ടുണ്ടോ എന്ന് സംശയം....

"സാരമില്ലെടാ... തല്‍ക്കാലം പ്ലാന്‍ നടന്നില്ലെന്നല്ലേയുള്ളൂ... ആ കുട്ടിക്ക്‌ നിന്നെ ഇഷ്ടമാണെങ്കില്‍ ഇനിയും കാര്യങ്ങള്‍ ശരിയായ വഴിയ്ക്ക്‌ തന്നെ വരും.... നമുക്ക്‌ ശരിയാക്കാം..." ഞാന്‍ പറഞ്ഞു.

"എന്നാലും ആരാണ്‌ ഫോണ്‍ ചെയ്ത്‌ പറഞ്ഞത്‌ എന്നാണ്‌ എനിയ്ക്ക്‌ മനസ്സിലാവാത്തത്‌... എന്റെ കൂട്ടുകാര്‍ ആരുമല്ല.." അവന്‍ പറഞ്ഞു.

"എങ്കില്‍ ആ കുട്ടിയുടെ കൂട്ടുകാര്‍ക്ക്‌ ആര്‍ക്കെങ്കിലും അറിയുമോ?" ഞാന്‍ ഒരു സംശയം ചോദിച്ചു.

"അവളുടെ ഒരു കൂട്ടുകാരിയ്ക്ക്‌ ഒഴികെ ആര്‍ക്കും അറിയില്ല... ആ കൂട്ടുകാരിയുടെ വീട്ടിലാണ്‌ രജിസ്റ്റര്‍ ചെയ്ത്‌ അവളെ ആദ്യം താമസിപ്പിയ്ക്കാം എന്ന് വിചാരിച്ചത്‌... ആ കുട്ടി നല്ല സപ്പോര്‍ട്ട്‌ ആയിരുന്നു. പക്ഷെ, വീട്ടില്‍ താമസിപ്പിയ്ക്കുന്ന കാര്യം ആ കുട്ടിയുടെ ഭര്‍ത്താവിന്‌ വല്ല്യ സമ്മതമുണ്ടായില്ല.."

"വളരെ കുറച്ച്‌ ആളുകള്‍ക്കേ ഈ സംഭവം അറിയൂ എന്ന നിലയ്ക്ക്‌ ആളെ കണ്ടെത്താന്‍ എളുപ്പമാണ്‌... എന്തായാലും നിന്റെ അടുത്ത കൂട്ടുകാര്‍ പോലും സംശയത്തിന്റെ നിഴലിലാണ്‌..." ഞാന്‍ പറഞ്ഞു.

"ഇല്ല ചേട്ടാ... എന്റെ കൂട്ടുകാരെ ചേട്ടനും അറിയുന്നതല്ലേ... അവരാരും ഇത്‌ ചെയ്യില്ല..." അവന്‍ തറപ്പിച്ച്‌ പറഞ്ഞു.

"ശരി... ഇതിന്റെ പേരില്‍ നീ ദേവദാസ്‌ ഒന്നും ആകാന്‍ നിക്കണ്ട... തന്റേടമുള്ള ആണ്‍പിള്ളേര്‍ ഇത്തരം സിറ്റുവേഷന്‍സ്‌ ഹാന്‍ഡില്‍ ചെയ്യണം.... ആ കുട്ടിയ്ക്ക്‌ നിന്നോടുള്ള ഇഷ്ടം സത്യസന്ധമാണെങ്കില്‍ കാര്യങ്ങള്‍ ഇനിയും ശരിയാകും... എനിയ്ക്കുറപ്പുണ്ട്‌... നീ ജോലിയ്ക്ക്‌ ജോയിന്‍ ചെയ്യണം.... " തുടങ്ങിയ കുറേ ഉപദേശങ്ങള്‍ ഞാന്‍ എന്റെ വക കൊടുത്തു.
(വിഷമം അവനല്ലേ... അതിന്റെ ആഴവും പരപ്പും അവനല്ലേ അറിയൂ... നമുക്ക്‌ ഉപദേശം കൊടുത്താല്‍ മതിയല്ലോ...)

ഞാന്‍ തിരികെ എറണാകുളത്തേക്ക്‌ തിരിച്ചു.

അന്ന് വൈകീട്ട്‌ ഞാന്‍ ഭാര്യയും കുട്ടിയുമായി ഫോര്‍ട്ട്‌ കൊച്ചി കടപ്പുറം ഒന്ന് വിസിറ്റ്‌ ചെയ്യാന്‍ കാറില്‍ പോകുന്ന വഴിയ്ക്ക്‌ അസ്തമയന്റെ ഫോണ്‍...

"അവളെ അവര്‍ ബോംബെയ്ക്ക്‌ കൊണ്ടുപോയി.... ഫ്ലൈറ്റ്‌ ടിക്കറ്റ്‌ അവര്‍ ഇന്നലെ തന്നെ എടുത്തിരുന്നു. അങ്ങോട്ട്‌ കയറ്റി വിടാന്‍ മാമന്‍ പറഞ്ഞു അത്രേ... അവള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ആരോ ആണ്‌ വിളിച്ചുപറഞ്ഞതെന്ന് അവള്‍ പറഞ്ഞു. രജിസ്റ്റര്‍ കഴിഞ്ഞ്‌ അവര്‍ ചേട്ടന്റെ വീട്ടിലേക്ക്‌ പോകുമെന്നു പറഞ്ഞു അത്രേ.... എയര്‍പോര്‍ട്ടിലും അവര്‍ എത്തും എന്ന് വിളിച്ച്‌ പറഞ്ഞ ആള്‍ അറിയിച്ചതിനാല്‍ വന്‍ സെക്യൂരിറ്റിയിലാണ്‌ എയര്‍പോര്‍ട്ടില്‍ അവളെ എത്തിച്ചത്‌ അത്രേ..."

"ഓ... അത്‌ ശരി... അവള്‍ എങ്ങനെ വിളിച്ചു?"

"അവള്‍ ഒറ്റയ്ക്കാണ്‌ ബോംബെയ്ക്ക്‌ പോകുന്നത്‌...എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ നിന്നാണ്‌ വിളിച്ചത്‌... അവള്‍ രണ്ടുമാസത്തിനകം തിരിച്ചുവരുമെന്നും വിഷമിയ്ക്കരുതെന്നും എന്നോട്‌ പറഞ്ഞു. ജോലിയ്ക്ക്‌ എന്തായാലും ജോയിന്‍ ചെയ്യണമെന്നും അവള്‍ പറഞ്ഞു.."

അസ്തമയന്റെ വാക്കുകളില്‍ ഒരു ആശ്വാസത്തിന്റെ തെളിമ എനിയ്ക്ക്‌ മനസ്സിലായി.

"നന്നായി... ഇനി പേടിയ്ക്കണ്ട... കാര്യങ്ങള്‍ ശരിയാവും... ആ കുട്ടി പോയി വരട്ടെ.... അപ്പോഴെയ്ക്കും ഈ ചൂടൊക്കെ ഒന്ന് ഒതുങ്ങും... ആ കുട്ടിയുടെ സമ്മതമില്ലാതെ വേറെ കല്ല്യാണം നടക്കില്ല.... നിന്നോട്‌ സ്നേഹമുണ്ടെങ്കില്‍ രണ്ട്‌ മാസം കഴിഞ്ഞ്‌ വന്നാല്‍ ഈ കല്ല്യാണം തന്നെ നടക്കും...." ഞാന്‍ ആശ്വസിപ്പിച്ചു.

എനിയ്ക്കും വല്ലാത്ത ഒരു ആശ്വാസം തോന്നി.

അസ്തമയന്‍ പിറ്റേന്ന് ജോലിയ്ക്ക്‌ ജോയിന്‍ ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി.................

ഇതിനിടയില്‍ ഫോണ്‍ ചെയ്ത്‌ ചതിച്ച ആളെ അസ്തമയന്‍ കണ്ടെത്തി. അവന്റെ കൂട്ടുകാരല്ലാതെ ഇക്കാര്യം അറിയാവുന്ന ആ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ അവന്‍ വിളിച്ചപ്പോള്‍ ആ കുട്ടി ഫോണ്‍ അറ്റന്റ്‌ ചെയ്യുന്നില്ല.... ഇതില്‍ സംശയം തോന്നിയ അസ്തമയന്‍ ആ കുട്ടിയ്ക്ക്‌ ഒരു SMS അയച്ചു. തന്നോട്‌ ചെയ്തത്‌ അല്‍പം കൂടിപ്പോയെന്നോ മറ്റോ ആയിരുന്നു അതില്‍. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ആ കൂട്ടുകാരി അവനെ വിളിച്ചു. അവള്‍ അല്ല എന്ന് പറഞ്ഞു. നീ ഇത്‌ വേറെ ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അവളുടെ ഒരു സഹപ്രവര്‍ത്തകന്‌ ഇത്‌ അറിയാമായിരുന്നു എന്നാണ്‌ പറഞ്ഞത്‌.... അപ്പോഴാണ്‌ ആളെ അസ്തമയന്‌ പിടികിട്ടിയത്‌... ഈ കൂട്ടുകാരിയുടെ സഹപ്രവര്‍ത്തകന്‌ അസ്തമയന്‍ സ്നേഹിയ്ക്കുന്ന പെണ്‍കുട്ടിയോട്‌ പണ്ട്‌ ചെറിയൊരു താല്‍പര്യമുണ്ടായിരുന്നു അത്രേ... ഈ പെണ്‍കുട്ടി അതില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, മേലില്‍ ഫോണ്‍ ചെയ്ത്‌ ശല്ല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍, ഈ സംഭവം അറിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ്‌ ഈ കാര്യം അറിയിച്ചിട്ടുണ്ടാകുക എന്ന നിഗമനത്തിലാണ്‌ അസ്തമയനും അന്വേഷണസംഘവും എത്തിച്ചേര്‍ന്നത്‌.

"അവനിട്ട്‌ നാല്‌ പൊട്ടിയ്ക്കണ്ടേ....???" ഇതറിഞ്ഞ ഞാന്‍ ചോദിച്ചു.

"പൊട്ടിയ്ക്കണം... പക്ഷെ, അവനെ ഫോണില്‍ കിട്ടി സംസാരിച്ചപ്പോള്‍ അവനല്ല എന്നാണ്‌ അവന്‍ ഉറപ്പിച്ച്‌ പറയുന്നത്‌... എന്തായാലും 100% ഉറപ്പിയ്ക്കാന്‍ പറ്റാത്തതിനാള്‍ എന്ത്‌ ചെയ്യണമെന്ന സംശയത്തിലാണ്‌..." അസ്തമയന്‍ പറഞ്ഞു.

"എങ്കില്‍ തല്‍ക്കാലം വിട്‌... നമുക്ക്‌ ഉറപ്പിച്ചിട്ട്‌ മതി... എന്തായാലും ആ കുട്ടിയെ ഈ കാര്യം അറിയിയ്ക്കണം..." ഞാന്‍ പറഞ്ഞു.

പതുക്കെ പതുക്കെ അസ്തമയന്‍ ആ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ തുടങ്ങി. ആ കുട്ടിയുടെ സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞ ഒരു കാര്യം എന്തെന്നാല്‍ ഇതുവരെ ചേട്ടനല്ലാതെ അസ്തമയന്റെ വീട്ടില്‍ നിന്നും ആരും ഈ കാര്യത്തില്‍ ഒരു ഇന്ററസ്റ്റ്‌ കാണിച്ചില്ല എന്ന് ആ പെണ്‍കുട്ടിയുടെ അമ്മ ആരോടോ പറഞ്ഞു അത്രേ. അതുകൊണ്ട്‌ വീട്ടില്‍നിന്ന് ആ കുട്ടിയുടെ വീട്ടില്‍ പോയി ഒന്ന് സംസാരിച്ചാലോ എന്നതായി അസ്തമയന്റെ അഭിപ്രായം...

അടുത്ത കുരിശ്‌ വീണ്ടും എന്നിലോട്ട്‌ ഏല്‍പ്പിയ്ക്കപ്പെടാന്‍ പോകുന്നതിന്റെ സൂചന എനിയ്ക്ക്‌ പെട്ടെന്ന് മനസ്സിലായി.

"ങാ... നമുക്ക്‌ ആലോചിയ്ക്കാം... അടുത്ത ആഴ്ചയാവട്ടെ..." ഞാന്‍ പറഞ്ഞു.

അടുത്ത ആഴ്ചയായപ്പോഴെയ്ക്കും അസ്തമയന്റെ സമ്മര്‍ദ്ദതന്ത്രങ്ങളാല്‍ അമ്മ എന്നെ വിളിച്ചു.

"നമുക്ക്‌ എന്നാല്‍ അവിടെ വരെ ഒന്ന് പോയി അന്വേഷിച്ചാലോ... ഇനി നമ്മള്‍ താല്‍പര്യം എടുത്തില്ല എന്നതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട..."

"ശരി... ഞായറാഴ്ച പോകാം...അവന്‍ വരണ്ട... അച്ഛനെക്കൂടി അമ്മ സമ്മതിപ്പിയ്ക്ക്‌..." ഞാന്‍ പറഞ്ഞു.

അടുത്ത ഞായറാഴ്ച......

ആദ്യം ഈ കാര്യത്തിന്‌ ആ കുട്ടിയുടെ വീട്ടില്‍ പോകാന്‍ നിയോഗിയ്ക്കപ്പെട്ടിരുന്നത്‌ ഞാനും എന്റെ ഭാര്യയും ആയിരുന്നു. ഇപ്പോഴത്തെ നിലയ്ക്ക്‌ അടികൊള്ളാന്‍ സാദ്ധ്യതയുണ്ട്‌ എന്നതിനാലാണോ എന്നറിയില്ല അവള്‍ നേരത്തേ തന്നെ തന്റെ താല്‍പര്യക്കുറവ്‌ പ്രഖ്യാപിച്ചു...

ഞാനും അച്ഛനും അമ്മയും കൂടി അങ്ങോട്ട്‌ പോകാന്‍ തീരുമാനിച്ചു.

മുന്‍പ്‌ അസ്തമയനും ആ പെണ്‍കുട്ടിയും രജിസ്റ്റര്‍ ചെയ്യാന്‍ നോട്ടീസ്‌ കൊടുക്കുമ്പോള്‍ തന്നെ അവര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അന്ന് അത്‌ ചെയ്യാതിരുന്നത്‌ വീട്ടുകാരുടെ സമ്മതത്തോടെ ഇത്‌ നടക്കുമെന്ന് ആ കുട്ടിയ്ക്ക്‌ ഉറപ്പുണ്ടെന്നും അതില്ലാതെ ഇത്‌ ചെയ്യാന്‍ വിഷമമുണ്ടെന്നും ആ കുട്ടി പറഞ്ഞതുകൊണ്ടുമാത്രമാണ്‌. ഈ ഒരു കാര്യമാണ്‌ ഈ കേസില്‍ താല്‍പര്യമെടുക്കാന്‍ എന്റെ അച്ഛനും അമ്മയും ഏറ്റവും പോസിറ്റീവ്‌ ആയി കണ്ടത്‌.

'ഒന്നുമില്ലെങ്കിലും അച്ഛനമ്മമാരെ ധിക്കരിച്ച്‌ ആ കുട്ടി ചെയ്തില്ലല്ലോ..' എന്നതായിരുന്നു കാര്യം.

വീടിന്റെ അഡ്രസ്സ്‌ തപ്പിപ്പിടിച്ച്‌ അച്ഛനും അമ്മയും ഞാനും എന്റെ കാറില്‍ അവരുടെ വീട്ടില്‍ എത്തി.വീട്ടില്‍ ആ കുട്ടിയുടെ അനിയന്‍ മാത്രമേ ഉള്ളൂ.... ഈ പയ്യന്‍ പണ്ടേ തന്നെ അസ്തമയന്റെ കാര്യത്തിന്‌ സപ്പോര്‍ട്ട്‌ ആയിരുന്നു. അവസാനഘട്ടങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളായപ്പോള്‍ നൂട്ട്രലാവുകയും പിന്നീട്‌ കൂറുമാറുകയുമാണുണ്ടായതത്രെ.

ഞാന്‍ പരിചയപ്പെടുത്തി.... "ഞാന്‍ അസ്തമയന്റെ ചേട്ടന്‍... സൂര്യോദയം... ഇത്‌ എന്റെ അച്ഛനും അമ്മയും.... "

"വരൂ... കടന്നിരിയ്ക്കൂ......" വളരെ എളിമയോടെ ആ പയ്യന്‍ പറഞ്ഞു.

"അമ്മയില്ലേ???" ഞാന്‍ ചോദിച്ചു.

"അമ്മ അടുത്ത്‌ ഒരു വീട്ടില്‍ പോയിരിയ്ക്കുകയാണ്‌. ഞാന്‍ ഇപ്പോ വിളിച്ചുകൊണ്ട്‌ വരാ... ഇരിയ്ക്കൂ..." ഇതും പറഞ്ഞ്‌ അവന്‍ പുറത്തേയ്ക്ക്‌ പോയി.

ഞാനും അച്ഛനും ഇരുന്നു. വീട്‌ റിപ്പയര്‍ ചെയ്യാറായതിനെക്കുറിച്ചും മൊത്തം സെറ്റപ്പ്‌ ഒരു ഗള്‍ഫ്‌ കാരന്റെ കപ്പാസിറ്റിയ്ക്കനുസരിച്ചല്ലെന്നും മറ്റും പറഞ്ഞ്‌ ഞാനും അച്ഛനും ഇരുന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ അമ്മയ്ക്ക്‌ ഇരിപ്പുറയ്ക്കുന്നില്ല. അമ്മ എഴുന്നേറ്റ്‌ വാതില്‍ക്കല്‍ പുറത്തെ കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ട്‌ ഉലാത്തുന്നു. അമ്മ ഒരു അറ്റാക്ക്‌ പ്രതീക്ഷിയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം.

"അമ്മേ... തല്ലാന്‍ ആളെക്കൂട്ടാന്‍ പോയിരിയ്ക്കുകയാണെന്ന് വിചാരിച്ചാണോ ഇരിയ്ക്കാത്തത്‌... എന്തായാലും ഇവിടെ വന്ന് ഇരുന്നോളൂ... ഓടി രക്ഷപ്പെടാന്‍ പറ്റില്ല... കാറാണെങ്കില്‍ ഞാന്‍ വന്നാലല്ലേ പറ്റൂ..." ഞാന്‍ പറഞ്ഞു.

ഇത്‌ കേട്ട്‌ അമ്മ അല്‍പം ചമ്മിയ ചിരിയോടെ അവിടെ വന്ന് ഇരുന്നു.അല്‍പസമയത്തിനകം ആ പയ്യന്‍ അമ്മയുമായി എത്തി.

ഞാന്‍ വീണ്ടും പരിചയപ്പെടുത്തല്‍ റിവൈന്‍ഡ്‌ ചെയ്തു.

മുന്‍പ്‌ എന്നോട്‌ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ ആ കുട്ടിയുടെ അമ്മ ഞങ്ങളോട്‌ പറഞ്ഞു. 6 മാമന്മാരാണെന്നും വിഷമകാലഘട്ടത്തില്‍ അവരാണ്‌ ഈ കുടുംബത്തെ സഹായിച്ചതെന്നും അവര്‍ പറയുന്നതിനെതിരെ ഒന്നും ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിയില്ല എന്നും മറ്റും അവര്‍ പറഞ്ഞു.

എന്റെ അച്ഛന്‍ ഒരു ചെറിയ കമ്മ്യൂണിസ്റ്റ്‌ പ്രസംഗം നടത്തി. മനുഷ്യരെ മനുഷ്യരായി കാണാതെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വേര്‍തിരിച്ച്‌ കാണുന്ന കാലം കഴിഞ്ഞുപോയെന്നും അത്തരം ഒരു കുറവും ഞങ്ങളുടെ വീട്ടില്‍ ആ കുട്ടിയ്ക്ക്‌ ഉണ്ടാകില്ലെന്നും മറ്റും...

ആ കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു...."എന്നാലും ഇവര്‍ ചെയ്യാന്‍ പോയത്‌ അല്‍പം കടന്ന കൈ ആയിപ്പോയി... ഞാന്‍ നാമം ചൊല്ലിക്കൊണ്ടിരിയ്ക്കുമ്പോഴാണ്‌ അപ്പുറത്തെ വീട്ടില്‍ ഫോണ്‍ വന്ന വിവരം വന്ന് പറയുന്നത്‌... ദൈവം രക്ഷിച്ചതാണ്‌... രജിസ്റ്റര്‍ ചെയ്ത്‌ പോയെങ്കില്‍ പിന്നെ നാട്ടുകാരുടെ മുഖത്ത്‌ എങ്ങനെ നോക്കും... ഇത്ര വലിയ നാണക്കേട്‌ അവളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല.... "

"വീട്ടുകാരുടെ സമ്മതമില്ലാതെ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഞങ്ങള്‍ യാതൊരു സപ്പോര്‍ട്ടും ഇല്ലായിരുന്നു... അവരുടെ സമ്മതത്തോടെയാണെങ്കിലേ ഞങ്ങള്‍ക്കും സന്തോഷമുള്ളൂ എന്ന് ഞങ്ങള്‍ പറാഞ്ഞിരുന്നു..." അച്ഛന്‍ പറഞ്ഞു.

"ഫോണ്‍ വിളിച്ച ആള്‍ അസ്തമയന്റെ സ്വഭാവം നല്ലതല്ലെന്നും അസ്തമയന്റെ വീട്ടില്‍ കുട്ടിയ്ക്ക്‌ നല്ല സ്വീകരണമല്ല ലഭിയ്ക്കുക എന്നും പറഞ്ഞു...." ആ കുട്ടിയുടെ അമ്മ തുടര്‍ന്നു.

"അത്‌ നിങ്ങള്‍ക്ക്‌ അന്വേക്ഷിക്കാവുന്നതാണ്‌... വല്ലവരും ഫോണ്‍ ചെയ്ത്‌ പറഞ്ഞത്‌ വിശ്വസിക്കണമെന്നില്ലല്ലോ... നാട്ടില്‍ വന്ന് എന്റെ പേര്‌ പറഞ്ഞ്‌ എന്റെ മക്കളുടെ സ്വഭാവം നല്ലതാണോ എന്നും ഞങ്ങളുടെ വീട്ടുകാര്‍ എങ്ങനെയുള്ളവരാണെന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ അന്വേഷിച്ച്‌ കണ്ടെത്താവുന്നതേയുള്ളൂ.... ഇനിയും അത്‌ ആവാം..." അച്ഛന്‍ പറഞ്ഞു.

"സ്വഭാവത്തെക്കുറിച്ച്‌ ഫോണ്‍ ചെയ്ത്‌ പറഞ്ഞയാള്‍ പറഞ്ഞത്‌ സത്യമാവണമെന്നില്ല... അത്‌ എന്തോ വൈരാഗ്യം വച്ച്‌ പറഞ്ഞതാവാമെന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു... പക്ഷെ, അയാള്‍ വളരെ കൃത്യമായണ്‌ എല്ലാം പറഞ്ഞത്‌... പിറ്റേന്ന് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശമുണ്ടെന്നും അതിനുശേഷം ചേട്ടന്റെ വീട്ടിലേക്ക്‌ പോകുമെന്നും എല്ലാം... ഈ ചേട്ടനാണ്‌ എല്ലാത്തിനും കൂട്ടു നില്‍ക്കുന്നത്‌..." ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴെയ്ക്കും ആ സ്ത്രീയുടെ കണ്ണുകളിലും വാക്കുകളിലും എന്നോടുള്ള ദേഷ്യം പ്രകടമായിരുന്നു.

"നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ എല്ലാം പറയൂ.... അതിനുശേഷം ഞാന്‍ എന്റെ ഭാഗം വിശദീകരിയ്ക്കാം..." ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"അന്ന് ഞാന്‍ വിളിച്ച്‌ പറഞ്ഞതല്ലേ അസ്തമയനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന്... എന്നിട്ട്‌ രജിസ്റ്റര്‍ ചെയ്യാനും മറ്റും സപ്പോര്‍ട്ട്‌ ചെയ്തത്‌ ശരിയാണോ?" അവര്‍ എന്നോട്‌ ചോദിച്ചു.

"ഇനി ഞാന്‍ പറയാം.... ഇടയ്ക്ക്‌ കയറി ഒന്നും പറയരുത്‌... എനിയ്ക്ക്‌ പറയാനുള്ളത്‌ കൂടി നിങ്ങള്‍ കേള്‍ക്കണം... നിങ്ങള്‍ ഇപ്പോള്‍ എന്നെ കുറ്റക്കാരനാക്കിയല്ലോ... അതിന്റെ ന്യായീകരണം കൂടി കേള്‍ക്കണം..." ഞാന്‍ പറഞ്ഞു.

"ശരി... പറഞ്ഞോളൂ..." അവര്‍ പറഞ്ഞു.

"ഞാന്‍ ഈ കാര്യത്തില്‍ ഇടപെടുന്നത്‌ തന്നെ നിങ്ങളുടെ മകളോട്‌ വ്യക്തമായി ചോദിച്ചതിനുശേഷമാണ്‌. ഇവരുടെ സ്നേഹബന്ധം അത്ര സീരിയസ്സാണോ എന്ന് ചോദിച്ചതിനുശേഷം മാത്രമാണ്‌ ഞാന്‍ അനുകൂലിച്ചത്‌. നിങ്ങളോടും ഞാന്‍ ഇതേക്കുറിച്ച്‌ സംസാരിച്ചതാണല്ലോ.... അവര്‍ക്ക്‌ അത്ര ഇഷ്ടമാണെങ്കില്‍ ഒരു സമുദായത്തിന്റെ പേരില്‍ അവരെ വേര്‍പിരിയ്ക്കാന്‍ നമ്മളെന്തിന്‌ ഇത്ര നിര്‍ബദ്ധം പിടിയ്ക്കണം എന്നും ഞാന്‍ ചോദിച്ചിരുന്നു.... അന്ന് നിങ്ങള്‍ പറഞ്ഞത്‌ മകള്‍ക്ക്‌ അത്ര സീരിയസ്സ്‌ ആയ പ്രണയമൊന്നുമല്ല എന്നും അവളെ നിങ്ങള്‍ പിന്തിരിപ്പിച്ചോളാം എന്നുമാണ്‌... പക്ഷെ, അവളുടെ സമ്മതമില്ലാതെ തന്നെ നിങ്ങള്‍ വേറെ പല ആലോചനകളും നടത്തി എന്നും ഉറപ്പിയ്ക്കാന്‍ പോയി എന്നുമാണ്‌ ആ കുട്ടി തന്നെ എന്നോട്‌ പറഞ്ഞത്‌.... ശരിയല്ലേ..." ഞാന്‍ ചോദിച്ചു.

"ഞങ്ങള്‍ അവളെ വല്ലാതെ നിര്‍ബദ്ധിച്ചിട്ടൊന്നുമില്ല... അവള്‍ ഇതുവരെ ഈ കേസിനായി നിര്‍ബന്ധം പറഞ്ഞിട്ടില്ല... അച്ഛന്റെയും അമ്മയുടെയും ഇഷ്ടം പോലെ നടക്കട്ടെ എന്നാണ്‌ വല്ല്യ സമ്മതമില്ലെങ്കിലും അവള്‍ പറഞ്ഞിരുന്നത്‌... അസ്തമയന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു എന്നും താന്‍ കാരണം അസ്തമയന്‌ ഒന്നും പറ്റരുതെന്നും അവള്‍ പറഞ്ഞിരുന്നു..." ആ അമ്മ പറഞ്ഞു.

"അത്‌ വിശ്വസിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌... ആ കുട്ടി തന്നെ എന്നോട്‌ വിളിച്ച്‌ പറഞ്ഞകാര്യങ്ങളാണ്‌ ഞാന്‍ പറഞ്ഞത്‌... ചിലപ്പോള്‍ നിങ്ങളുടെ സമ്മര്‍ദ്ദവും വിഷമങ്ങളും കണ്ട്‌ കൂടുതല്‍ വിഷമിപ്പിയ്ക്കാന്‍ മനസ്സില്ല്ലാത്തതിനാല്‍ ആ കുട്ടി മനസ്സില്ലാതെ നിന്ന് തന്നിട്ടുണ്ടാകും... പക്ഷെ, അസ്തമയന്റെ നിര്‍ബന്ധം മാത്രമാണ്‌ ഇവിടെ ഘടകം എന്ന് പറയുന്നത്‌ ശരിയല്ല... ആ കുട്ടി വേറെ കല്ല്യാണം നടത്താന്‍ നോക്കിയാല്‍ അത്മഹത്യ ചെയ്യുമെന്ന് അസ്തമയനോട്‌ പറഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അവനും ഇതില്‍ കൂടുതല്‍ സീരിയസ്സ്‌ ആയത്‌...." ഞാന്‍ പറഞ്ഞു.

"അതിന്റെ സത്യാവസ്ഥ എനിയ്ക്കറിയില്ല... അവള്‍ ഇവിടെ പറഞ്ഞത്‌ ഇങ്ങനെയാണ്‌..." അവര്‍ പറഞ്ഞു.

"ശരിയായിരിയ്ക്കാം... നിങ്ങളെ എതിര്‍ത്ത്‌ സംസാരിയ്ക്കാനും വിഷമിപ്പിയ്ക്കാനും കഴിയാത്തതിനാല്‍ ആ കുട്ടി തുറന്ന് പറയാതിരുന്നിട്ടുണ്ടാകാം... പിന്നെ, രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ സപ്പോര്‍ട്ട്‌ ചെയ്തു എന്ന് പറഞ്ഞത്‌.... അത്‌ നിങ്ങള്‍ നിങ്ങളുടെ മകളോട്‌ തന്നെ ചോദിയ്ക്കൂ.... ആ കുട്ടി എന്നെ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുക അല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞതിനാലാണ്‌ ഞാന്‍ ഇടപെട്ടത്‌... അപ്പോഴും ഞാന്‍ പറഞ്ഞത്‌ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നടത്താന്‍ പറ്റുമോ എന്ന് നോക്കണമെന്നാണ്‌... മാത്രമല്ല, രജിസ്റ്റര്‍ ചെയ്ത്‌ നിങ്ങളോട്‌ ഫോണ്‍ ചെയ്ത്‌ സംസാരിയ്ക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിരുന്നത്‌... അല്ലാതെ ഓടിപ്പോകാനല്ല..... പിന്നെ, നിങ്ങളോട്‌ സംസാരിച്ചിട്ട്‌ പ്രയോജനമില്ലാതെ വരികയും അവര്‍ക്ക്‌ എങ്ങും അഭയമില്ലാതെവരികയും ചെയ്താല്‍ അവരെ പെരുവഴിയിലാക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല... അവന്‍ എന്റെ അനിയനാണ്‌.... അതുകൊണ്ട്‌ ആ കുട്ടിയെ എന്റെ വീട്ടില്‍ കൊണ്ടുപോകാനാണ്‌ തീരുമാനിച്ചിരുന്നത്‌... എന്നിട്ടും നിങ്ങള്‍ക്ക്‌ ഒത്തുതീര്‍പ്പിന്‌ സമയം തരാന്‍ തന്നെയായിരുന്നു ഉദ്ദേശം..."
ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.

ഇത്രയും കേട്ടപ്പോള്‍ ആ അമ്മ കുറച്ചൊന്ന് ഒതുങ്ങി.

എയര്‍പോര്‍ട്ടില്‍ നിന്ന് ആ കുട്ടി അസ്തമനെ വിളിച്ച വിവരം കൂടി പറഞ്ഞിരുന്നെങ്കില്‍ ഫ്ലാറ്റ്‌ ആയേനെ... പക്ഷെ, ആരും അറിയരുതെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ ഞാനതവിടെ പറഞ്ഞില്ല...

"രണ്ടുമാസം അവള്‍ ബോംബെയില്‍ നില്‍ക്കട്ടെ... അതുവരെ ആരും അവളെ കോണ്ടാക്റ്റ്‌ ചെയ്യാതെ നോക്കാനാണ്‌ മാമന്മാര്‍ പറഞ്ഞത്‌... അവളുടെ മനസ്സ്‌ അവള്‍ മാറ്റിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്‌... ഇനി, രണ്ടുമാസം കഴിഞ്ഞ്‌ വരുമ്പോള്‍ അവള്‍ അസ്തമയനെ തന്നെ കല്ല്യാണം കഴിയ്ക്കുന്നതിന്‌ താല്‍പര്യം പറഞ്ഞാല്‍ ഞങ്ങള്‍ അത്‌ നടത്തിക്കൊടുക്കാം എന്നാണ്‌ വിചാരിയ്ക്കുന്നത്‌... പക്ഷെ, അവള്‍ നിര്‍ബദ്ധം പറഞ്ഞില്ലെങ്കില്‍ പിന്നെ നിങ്ങളുടെ ഭാഗത്തുനിന്ന് തടസ്സം ഒന്നും ഉണ്ടാവരുത്‌... അസ്തമയനെ നിങ്ങള്‍ തന്നെ പിന്തിരിപ്പിയ്ക്കണം..." അവര്‍ പറഞ്ഞു.

"ശരി... ഇത്‌ ഞങ്ങള്‍ക്ക്‌ സമ്മതം.... ആ കുട്ടി വരട്ടെ... അവര്‍ക്ക്‌ അത്ര സ്നേഹമാണെങ്കില്‍ ഇത്‌ നടക്കട്ടെ... ഇനി അതല്ല ഇത്‌ വെറുമൊരു ചാപല്ല്യമാണെങ്കില്‍ അങ്ങനെ തീരട്ടെ.... ആ കുട്ടിയ്ക്ക്‌ നിര്‍ബന്ധമില്ലെങ്കില്‍ ഞങ്ങള്‍ ഇതില്‍ ഇടപെടുന്ന പ്രശ്നമില്ല...." ഞാനും അച്ഛനും സമ്മതിച്ചു.

ഞങ്ങള്‍ യാത്രപറഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങി....

ഈ വിവരം പറഞ്ഞപ്പോള്‍ അസ്തമയന്‍ തല്‍ക്കാലം ഹാപ്പിയായി... പക്ഷെ, പുള്ളിയ്ക്ക്‌ ഒരു ടെന്‍ഷന്‍... അവര്‍ ആ കുട്ടിയെ ബ്രയിന്‍ വാഷ്‌ ചെയ്ത്‌ മനസ്സ്‌ മാറ്റുമോ എന്ന്...

"നിന്നോട്‌ ഇഷ്ടമുണ്ടെങ്കില്‍ നടക്കും... ഇനി വാഷ്‌ ചെയ്താം പോകുന്നതാണ്‌ നിന്നോടുള്ള ഇഷ്ടമെങ്കില്‍ അങ്ങ്‌ പോകട്ടെ എന്ന് വയ്ക്കണം..." ഞാന്‍ പറഞ്ഞു.

അസ്തമയന്‍ ഇന്റര്‍നെറ്റ്‌ വഴി ആ കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുതുടങ്ങി. ആ കുട്ടിയുടെ കൂട്ടുകാരികളുടെയൊക്കെ പേരില്‍ മെയില്‍ അഡ്രസ്സ്‌ ഉണ്ടാക്കി മെയിലുകള്‍ അയച്ച്‌ ശ്രമം തുടങ്ങി.

ഒടുവില്‍ ആ ശ്രമം ഫലം കണ്ടു....ആ കുട്ടി റിപ്ലേ അയച്ചു....

കൂടെ മെയില്‍ ചെക്ക്‌ ചെയ്യുമ്പോള്‍ മാമന്റെ മോളോ അമ്മായിയോ കൂടെ വരുമെന്നും, ആരെയും കോണ്ടാക്റ്റ്‌ ചെയ്യാന്‍ പറ്റില്ല എന്നും...അവര്‍ കോഡ്‌ ഭാഷകളിലൂടെയും കൂട്ടുകാരിയോട്‌ സംസാരിയ്ക്കുന്നപോലെയുമായി മെസ്സേജ്‌ കൈമാറിക്കൊണ്ടിരുന്നു. ഈ വിവരം അസ്തമയന്‍ എന്നെ അറിയിച്ചു.

ഇത്‌ റിസ്ക്‌ ആണെന്നും അവര്‍ കോണ്ടാക്റ്റ്‌ ചെയ്യരുതെന്ന് പറഞ്ഞിട്ട്‌ നിങ്ങള്‍ മെയില്‍ വഴി ബന്ധപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍ പ്രശ്നമാകുമെന്നും ഞാന്‍ പറഞ്ഞു.

ഇതിന്നിടയില്‍ ആ കുട്ടിയുടെ അമ്മ അസ്തമനെ കോണ്ടാക്റ്റ്‌ ചെയ്ത്‌ ജനന സമയം കൊടുക്കാന്‍ ആവശ്യപ്പെട്ടു.... ജാതകച്ചേര്‍ച്ച നോക്കാനായിരുന്നു അത്‌.ജാതകം വല്ല്യ ചേര്‍ച്ചയില്ലെന്ന് മനസ്സിലാക്കിയിരുന്ന അസ്തമയന്‍ ഒരു ചേരുന്ന സമയം ഒരു ജ്യോല്‍സ്യനെക്കൊണ്ട്‌ ഒപ്പിച്ച്‌ അത്‌ ഫോണ്‍ ചെയ്ത്‌ പറഞ്ഞുകൊടുത്തു.

ഈ വിക്രിയകളൊക്കെ നടത്തിയശേഷമാണ്‌ വീട്ടില്‍ അമ്മയോട്‌ പറയുന്നതും ഞാന്‍ അറിയുന്നതും...പക്ഷെ, അസ്തമയന്‌ അബദ്ധം പറ്റിയത്‌ അമ്മ മനസ്സിലാക്കി... ആ സമയത്തിലും പ്രശ്നമുണ്ടായിരുന്നു. സമയം പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച്‌ പറയുന്നതിനുമുന്‍പ്‌ ഒരു ജ്യോല്‍സ്യനെക്കൂടി കാണിയ്ക്കാന്‍ അമ്മയുടെ ഉപദേശം അസ്തമയന്‍ തൃണവല്‍ക്കരിച്ചിരുന്നു.

ജനനസമയം വച്ച്‌ നോക്കിയപ്പോള്‍ ഇത്‌ ചേരില്ലെന്നും ഈ കല്ല്യാണം നടന്നാല്‍ പെണ്‍കുട്ടിയ്ക്ക്‌ 2 കൊല്ലത്തിനുള്ളില്‍ വൈധവ്യമാണെന്നുമുള്ള കണ്ടെത്തലാണ്‌ ആ പെണ്‍കുട്ടിയുടെ അമ്മ അസ്തമയനെ അറിയിച്ചത്‌... അതിനാല്‍ ഈ കാര്യത്തില്‍ ഇനി കൂടുതല്‍ മുന്നോട്ട്‌ പോകേണ്ട എന്നും പറഞ്ഞു.

അസ്തമയനും പെണ്‍കുട്ടിയ്കും ജാതകത്തില്‍ വിശ്വാസമില്ലെങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട്‌ വര്‍ദ്ധിയ്ക്കാനായാണ്‌ ഈ പരിപാടിയ്ക്ക്‌ അസ്തമയന്‍ സമ്മതിച്ചത്‌.

ഇതറിഞ്ഞ ഞാന്‍ അസ്തമയനെ കുറേ വഴക്ക്‌ പറഞ്ഞു."നീ നിന്റെ ഇഷ്ടപ്രകാരം ചെയ്ത്‌ കുളമാക്കിയിട്ട്‌ ഇനി എന്നെ വിളിച്ചേക്കരുത്‌... ജനനസമയം മറ്റും ചോദിച്ചപ്പോള്‍ നീ തിരക്ക്‌ പിടിച്ച്‌ എന്തിനാണ്‌ അതൊക്കെ കൊടുക്കാന്‍ പോയത്‌.... നിങ്ങള്‍ക്ക്‌ വിശ്വാസമില്ല, അതിനാല്‍ തന്നെ അത്‌ നോക്കുന്നതില്‍ താല്‍പര്യമില്ല എന്ന സ്റ്റാന്‍ഡില്‍ ഉറച്ച്‌ നില്‍ക്കണമായിരുന്നു.... " ഞാന്‍ പറഞ്ഞു.

"അത്‌ പെട്ടെന്ന് ചെയ്തതാണ്‌... ഇനി അതിന്റെ പേരില്‍ പ്രശ്നം വേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഒരു സമയം അഡ്ജസ്റ്റ്‌ ചെയ്ത്‌ കൊടുത്തതാണ്‌... പക്ഷെ, ഇപ്പോ അത്‌ കറക്റ്റ്‌ ചെയ്ത്‌ അയച്ചിട്ടുണ്ട്‌... ആദ്യം കൊടുത്തത്‌ ചേട്ടന്റെ സമയമാണെന്നും തെറ്റി തന്നതാണെന്നും പറഞ്ഞ്‌ ഞാന്‍ അയച്ചിട്ടുണ്ട്‌..." അസ്തമയന്‍ പറഞ്ഞു.

"എടാ...നീ കൃത്രിമം കാണിയ്ക്കുന്നതാണെന്ന് ബോധമുള്ളവര്‍ക്ക്‌ മനസ്സിലാവും... എന്തായാലും നീ തന്നെ കുളമാക്കിയതല്ലേ... നീ തന്നെ അനുഭവിച്ചോ... എന്തായാലും നമുക്ക്‌ നോക്കാം.." ഞാന്‍ പറഞ്ഞു.

ഈ ജാതകപ്രശ്നം വച്ച്‌ അവര്‍ ആ പെണ്‍കുട്ടിയെ ഒരു പാട്‌ ഉപദേശിയ്ക്കുകയും ആ കുട്ടികാരണം എന്തിന്‌ ഒരാളെ കൊല്ലണം എന്ന് ചോദിയ്ക്കുകയും ചെയ്തു അത്രേ... ഇതിന്റെ ഫലമായി ആ പെണ്‍കുട്ടി അസ്തമന്‌ ഒരു ഇമെയില്‍ ചെയ്തു.

"എല്ലാവരും പറയുന്നു എന്നെ കല്ല്യാണം കഴിച്ചാല്‍ അസ്തമയേട്ടന്‍ 2 കൊല്ലത്തിനുള്ളില്‍ മരിയ്ക്കുമെന്ന്.... ഞാന്‍ കാരണം അത്‌ സംഭവിയ്ക്കാന്‍ പാടില്ല.... അതുകൊണ്ട്‌ ഞാന്‍ ഇതില്‍ നിന്ന് പിന്മാറുന്നു.... ഇനി എന്നെ കോണ്ടാക്റ്റ്‌ ചെയ്യരുത്‌... എന്റെ പാസ്സ്‌ വേര്‍ഡ്‌ ഇവിടെ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്‌... ഇനി ഞാന്‍ യാതൊന്നിനും ഇല്ലെന്നും ഇവര്‍ക്ക്‌ ഉറപ്പുകൊടുത്തു... എന്റെ ഭാവി എന്തെന്ന് എനിയ്ക്കറിയില്ല... എനിയ്ക്ക്‌ വേറെ കല്ല്യാണം കഴിയ്ക്കാനും കഴിയില്ല.... നമുക്ക്‌ ഇത്‌ അവസാനിപ്പിയ്ക്കാം..."ഇതായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം.

ഈ മെയില്‍ അസ്തമയനെ ആകെ തകര്‍ത്തു....

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ സൂചനകളായി ഇതിനെ കണ്ട അസ്തമയന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പതറി. പൊതുവേ അല്‍പം ഫാസ്റ്റ്‌ ആയതിനാലും ആലോചന കുറവായതിനാലും അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതല്‍...

ഒടുവില്‍ ഒരു വന്‍ അബദ്ധം തന്നെ സംഭവിച്ചു.....

അസ്തമയന്‍ ഒരു മെയില്‍ തിരിച്ച്‌ അയച്ചു.....

ആ മെയില്‍ വന്‍ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്‌......

(തുടരും...)

Labels:

Friday, May 18, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 2)

അടുത്ത നടപടിയായി ഗള്‍ഫിലേക്ക്‌ വിളിച്ച്‌ പെണ്‍കുട്ടിയുടെ അച്ഛനുമായി സംസാരിയ്ക്കണം... അങ്ങേരെക്കൊണ്ട്‌ സമ്മതിപ്പിയ്ക്കണം...

ദുബായില്‍ ജോലിചെയ്യുന്ന അങ്ങേരുടെ നമ്പര്‍ എന്റെ ഫോണിലേക്ക്‌ അസ്തമയന്‍ മെസ്സേജ്‌ അയച്ച്‌ തന്നു.

അന്ന് രാത്രി ഞാന്‍ ഒരു ടെലഫോണ്‍ ബൂത്തില്‍ നിന്ന് ദുബായിലേക്ക്‌ വിളിച്ചു. ഞാന്‍ ആരാണെന്നും വിളിച്ചത്‌ എന്തിനാണെന്നുമുള്ള കാര്യം ഞാന്‍ വളച്ചുകെട്ടില്ലാതെ പുള്ളിക്കാരനോടങ്ങ്‌ പറഞ്ഞു. കാര്യം നേരെ ചൊവ്വേ പറഞ്ഞതിനും അതും ഇവിടേയ്ക്ക്‌ വിളിച്ച്‌ ചോദിച്ചതിലും സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, ഈ പ്രൊപ്പോസലിനോടുള്ള എല്ലാവരുടേയും നീരസം എന്നോട്‌ പ്രകടിപ്പിയ്ക്കുകയും ചെയ്തു.ഇപ്പോഴത്തെ സംഭവവികാസങ്ങളും അതെങ്ങനെ രമ്യമായി പരിഹരിയ്ക്കാം എന്നുള്ള കാര്യങ്ങളും ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു.

'നിങ്ങള്‍ക്ക്‌ വേറെ നല്ല പെണ്‍കുട്ടികളുടെ നിങ്ങളുടെ ജാതിയില്‍ നിന്ന് തന്നെ കിട്ടുമല്ലോ... ഈ ബന്ധം ശരിയാവില്ല... ഭാവിയില്‍ പ്രശ്നമാവും... ഞാന്‍ മാത്രം സമ്മതിച്ചാല്‍ പോരാ... അവളുടെ മാമന്മാര്‍ക്കും എതിര്‍പ്പാണ്‌. അവരാരും ഇതിന്‌ സമ്മതിയ്ക്കുമെന്ന് തോന്നുന്നില്ല' എന്ന് അദ്ദേഹം എന്നോട്‌ പറഞ്ഞു.

'എന്തായാലും, ഞങ്ങള്‍ക്ക്‌ യാതൊരു പ്രശ്നവുമില്ല... മതപരമോ സാമൂഹികമോ ആയ യാതൊരു അന്തരവും പ്രശ്നമാക്കുന്ന ഒരാളല്ല ഞങ്ങളുടെ അച്ഛന്‍... അത്‌ കണ്ട്‌ വളര്‍ന്ന ഞങ്ങള്‍ക്കും അതേ മനോവിചാരം തന്നെയാണ്‌.. അതുകൊണ്ട്‌ നിങ്ങള്‍ ഒന്നുകൂടി ആലോചിച്ച്‌ തീരുമാനിയ്ക്കൂ...' എന്ന് പറഞ്ഞ്‌ ആ സംഭാഷണം ഞാന്‍ അവസാനിപ്പിച്ചു.

തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളിലും ഈ എതിര്‍പ്പുകളില്‍ യാതൊരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി വച്ച്‌ ഉപയോഗം കണ്ട്രോള്‍ ചെയ്യുകയും ചെയ്തു.

(അപ്പോഴാണ്‌ അസ്തമയന്‍ ഒരു സീക്രട്ട്‌ എന്നോട്‌ പറഞ്ഞത്‌. അസ്തമയനും ആ പെണ്‍കുട്ടിയും രെജിസ്റ്റര്‍ ഓഫീസില്‍ പോയി രെജിസ്റ്റര്‍ ചെയ്യാനുള്ള നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ടെന്നും അത്‌ നിയമപരമായി ഒരു മാസം അവിടുത്തെ നോട്ടീസ്‌ ബോര്‍ഡില്‍ പതിച്ചിരുന്നു എന്നും. ഇപ്പോള്‍ ഒരു മാസം കഴിഞ്ഞതിനാല്‍ ആ നോട്ടീസ്‌ അവിടെ നിന്ന് നീക്കം ചെയ്തു. ഇനി എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക്‌ സാക്ഷികളുമായി ചെന്ന് രെജിസ്റ്റര്‍ മാര്യേജ്‌ ചെയ്യാം എന്നുള്ള കാര്യവും എന്നെ ധരിപ്പിച്ചു.ഈ വിവരം തല്‍ക്കാലം രഹസ്യമായിത്തന്നെ വയ്ക്കാന്‍ തീരുമാനിക്കുകയും അത്യാവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താം എന്ന് നിശ്ചയിക്കുകയും ചെയ്തു.)

ടെലഫോണ്‍ ബന്ധം റെസ്റ്റ്രിക്റ്റഡ്‌ ആക്കിയെങ്കിലും അസ്തമയന്‍ ആ കുട്ടിയുടെ കൂട്ടുകാരില്‍ നിന്നും മറ്റുമായിഎങ്ങിനെയൊക്കെയോ അവിടുത്തെ വിവരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു.

അവിടെ വിവാഹാലോചനകള്‍ വീണ്ടും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും ആ കുട്ടിയുടെ സമ്മതമില്ലാതെ തന്നെ അവര്‍ക്കിഷ്ടമുള്ള ഒരാളെക്കൊണ്ട്‌ ഉടനെ കല്ല്യാണം നടത്തുമെന്നും മറ്റുമുള്ള വിവരങ്ങള്‍ എന്നെയും അസ്തമയന്‍ അറിയിച്ചുകൊണ്ടിരുന്നു.

അല്‍പം സാഹസമാണെങ്കിലും അവരുടെ വീട്ടില്‍ ചെന്ന് സംസാരിക്കാന്‍ ഞാന്‍ എന്റെ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞാന്‍ ചെല്ലുന്നതില്‍ തീരെ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് അറിയാന്‍ സാധിച്ചു.

ഒരു ദിവസം വൈകീട്ട്‌ അസ്തമയന്‍ ലേറ്റസ്റ്റ്‌ ന്യൂസുമായി എന്നെ വിളിച്ചു. അന്ന് ഒരു ഗള്‍ഫുകാരന്‍ പെണ്ണുകാണാന്‍ വന്നിരുന്നു എന്നും ആ വിവാഹം രണ്ട്‌ ദിവസത്തിനകം ഉറപ്പിയ്ക്കുമെന്നും അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഇന്നത്തെ കാലഘട്ടത്തില്‍ ഒരു കല്ല്യാണം ഉറപ്പിയ്ക്കാനോ നടത്താനോ സാധിയ്ക്കുമെന്ന് എനിയ്ക്ക്‌ ഒരല്‍പം പോലും വിശ്വസിയ്ക്കാനായില്ല.

"എന്താണ്‌ അടുത്ത പരിപാടി???" എന്ന് ഞാന്‍ ചോദിച്ചു.

"വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട്‌ വന്ന് രെജിസ്റ്റര്‍ ചെയ്യാം.. അല്ലാതെ വേറെ മാര്‍ഗ്ഗമില്ല.." അസ്തമയന്‍ പറഞ്ഞു.

"അതിന്‌ ആ കുട്ടി തയ്യാറാണോ???" ഞാന്‍ അല്‍പം അത്ഭുതത്തോടെ ചോദിച്ചു.

"അതെ..."

"എനിയ്ക്ക്‌ വിശ്വാസമില്ല... ആ കുട്ടി എന്നെ വിളിച്ച്‌ പറഞ്ഞാലല്ലാതെ ഈ കാര്യത്തില്‍ ഞാന്‍ യാതൊരു തീരുമാനമോ സപ്പോര്‍ട്ടോ ചെയ്യില്ല.." ഞാന്‍ തറപ്പിച്ച്‌ പറഞ്ഞു.

അന്ന് വൈകീട്ട്‌ (ബുധനാഴ്ച) ആ പെണ്‍കുട്ടി എന്നെ വിളിച്ചു. വീട്ടുകാര്‍ അറിയാതെ മുകളിലത്തെ മുറിയില്‍ നിന്ന് വളരെ പതുങ്ങിയ സ്വരത്തില്‍...

"ഇവിടെ ആകെ പ്രശ്നങ്ങളായി. അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അച്ഛന്‍ ജോലി വേണ്ടെന്ന് വച്ച്‌ ഗള്‍ഫില്‍ നിന്ന് വരും എന്ന് എല്ലാവരും പറയുന്നു. തല്‍ക്കാലം ഞാന്‍ എല്ലാം അവസാനിപ്പിച്ചു എന്നാണ്‌ ഇവിടെ പറഞ്ഞിരിയ്ക്കുന്നത്‌. അതുകൊണ്ടാണ്‌ വീണ്ടും ഫോണ്‍ കയ്യില്‍ കിട്ടിയത്‌..."

"ശരി... കുട്ടിയുടെ സമ്മതമില്ലാതെ എങ്ങനെ അവര്‍ക്ക്‌ ഒരു വിവാഹം നടത്താന്‍ കഴിയും... എനിയ്ക്ക്‌ ഒട്ടും മനസ്സിലാവാത്ത ഒരു കാര്യം അതാണ്‌.." ഞാന്‍ പറഞ്ഞു.

"ചേട്ടന്‌ ഇവിടുത്തെ സ്ഥിതി അറിയാഞ്ഞിട്ടാണ്‌... എന്നെ കുറേ അടിച്ചു. എന്റെ അനിയന്‍ പോലും എന്നെ അടിച്ചു. ഞാന്‍ കാരണം അവന്റെ ഭാവി കൂടി നശിയ്ക്കും എന്ന് പറഞ്ഞ്‌.... ഇന്ന് ഒരാള്‍ പെണ്ണ്‍ കാണാന്‍ വന്നു. എന്നോട്‌ ഒരക്ഷരം പോലും ചൊദിച്ചില്ല. എന്നെ സംസാരിയ്ക്കാനും അനുവദിച്ചില്ല." ആ കുട്ടി നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"പെണ്ണ്‍ കാണാന്‍ വന്നപ്പോള്‍ എന്തിനാ നിന്ന് കൊടുത്തത്‌... മുറിയില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിയ്ക്കാതെ ഇരുന്നാല്‍ പോരേ... അവര്‍ എടുത്ത്‌ കൊണ്ടുപോയി ചെക്കന്റെ മുന്നില്‍ നിര്‍ത്തുകയൊന്നുമില്ലല്ലോ..." ഞാന്‍ ചോദിച്ചു.

"ങാ... ചേട്ടന്‌ തമാശ.... ഇവിടെ അങ്ങനെയൊന്നും എതിര്‍ത്ത്‌ നില്‍ക്കാന്‍ എനിയ്ക്ക്‌ പറ്റില്ല. അമ്മായിമാരും എല്ലാം ഇവിടുണ്ട്‌... എന്നെ ഉപദേശങ്ങളും നിര്‍ബന്ധങ്ങളും കൊണ്ട്‌ പൊറുതിമുട്ടിച്ചിട്ടാണ്‌ ഞാന്‍ പോയി നിന്നത്‌.."

"അതൊക്കെ അവിടെ നില്‍ക്കട്ടെ... ഇനി എന്താ കുട്ടിയുടെ തീരുമാനം... വീട്ടില്‍ നിന്ന് ഇറങ്ങി രെജിസ്റ്റര്‍ ചെയ്യാന്‍ സമ്മതമാണോ???"

"അതെ. അല്ലാതെ വേറെ മാര്‍ഗ്ഗമില്ല... ഇവര്‍ പറയുന്നത്‌ ഈ വിവാഹം അവര്‍ ഈ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌ അവിടേയ്ക്ക്‌ പോയി ഉറപ്പിയ്ക്കാനുള്ള തീരുമാനമാണെന്നാണ്‌ പറഞ്ഞത്‌.."

"അത്‌ ശരി.. എന്നാല്‍ അവര്‍ ഉറപ്പിയ്ക്കുന്നതിനുമുന്‍പ്‌ ഒരു തീരുമാനമാക്കണം. അല്ലെങ്കില്‍ വെറെതേ ആ ഒരു കുടുംബത്തെക്കൂടി എന്തിന്‌ ബുദ്ധിമുട്ടിക്കണം.... പക്ഷെ, എങ്ങിനെയാണ്‌ വീട്ടില്‍ നിന്ന് ഇറങ്ങുക?" ഞാന്‍ പറഞ്ഞു.

"ശനിയാഴ്ച കാലത്ത്‌ ഞാന്‍ എന്റെ ഒരു കൂട്ടുകാരിയുടെ കല്ല്യാണനിശ്ചയം ഉണ്ടെന്ന് പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങാം.... "

"ഞാന്‍ ഒരിയ്ക്കല്‍ കൂടി ഒന്ന് സംസാരിച്ച്‌ നോക്കണോ??? ഇത്രകാലം വളര്‍ത്തിയ വീട്ടുകാരെ ധിക്കരിച്ച്‌ ഇങ്ങനെ ചെയ്യുന്നതിനുമുന്‍പ്‌ ഒരിയ്ക്കല്‍ കൂടി ശ്രമിക്കുന്നതല്ലേ നല്ലത്‌?" ഞാന്‍ എന്റെ അഭിപ്രായം തുറന്ന് പറഞ്ഞു.

"അതൊന്നും നടക്കില്ല ചേട്ടാ... ഇവിടെ ഇനി യാതൊരു കോമ്പ്രമൈസിനും സാദ്ധ്യതയില്ല... വെറുതേ ചേട്ടന്‍ നാണം കെടും എന്നല്ലാതെ ഇവര്‍ സമ്മതിയ്ക്കില്ല..." ആ കുട്ടി തീര്‍ത്ത്‌ പറഞ്ഞു.

"എങ്കില്‍ ശരി... ശനിയാഴ്ച കാലത്ത്‌ അങ്ങനെ പ്ലാന്‍ ചെയ്യാം.... കൂടുതല്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പിന്നീട്‌ അറിയിയ്ക്കാം.." ഇത്രയും പറഞ്ഞ്‌ ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു.

ഞാന്‍ അസ്തമയനെ വിളിച്ച്‌ സംസാരിച്ച വിവരങ്ങള്‍ പറഞ്ഞു.

അസ്തമയന്‍ അപ്പോഴെയ്ക്കും വന്‍ പ്ലാനിംഗ്‌ എല്ലാം നടത്തിക്കഴിഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സാക്ഷികള്‍, അതിനുശേഷം ആ പെണ്‍കുട്ടിയ്ക്ക്‌ അത്യാവശ്യം വാങ്ങേണ്ട സാധനങ്ങള്‍ തുടങ്ങി എല്ലാ തര പ്ലാനിങ്ങുകളും തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.ഇത്‌ കേട്ട്‌ ഞാന്‍ അവനോട്‌ പറഞ്ഞു.

"പ്ലാനിംഗ്‌ അത്ര തീവ്രമാക്കണ്ട.. നാളെ ഒരു ദിവസം കൂടിയില്ലേ.... ശനിയാഴ്ച ആ കുട്ടിയെ വീട്ടില്‍ നിന്ന് എന്ത്‌ കാര്യത്തിനാണെങ്കിലും പുറത്ത്‌ വിടുമെന്ന് എനിയ്ക്ക്‌ യാതൊരു പ്രതീക്ഷയുമില്ല...."

"ഹേയ്‌... അവള്‍ എങ്ങനെയായാലും ഇരിഞ്ഞാലക്കുടയില്‍ എത്തിക്കോളാം എന്നാണ്‌ പറഞ്ഞത്‌... വീട്ടില്‍ ഇപ്പോള്‍ അവളെ വിശ്വസിച്ചിരിയ്ക്കുകയാണ്‌...." അസ്തമയന്‍ പറഞ്ഞു.

"എന്നാല്‍ ശരി... ശനിയാഴ്ച കാലത്ത്‌ തന്നെ ഞാന്‍ കാറുമായി എത്താം..." ഇത്രയും പറഞ്ഞ്‌ അന്നത്തെ സംഭാഷണം ഞാന്‍ അവസാനിപ്പിച്ചു.

അന്ന് രാത്രി ഞാന്‍ ഒന്നുകൂടി ഗല്‍ഫിലേക്ക്‌ വിളിച്ച്‌ ആ കുട്ടിയുടെ അച്ഛനുമായി സംസാരിച്ചു. കുറച്ചുസമയം സംസാരിച്ചതില്‍ നിന്ന് എനിയ്ക്ക്‌ മനസ്സിലായ കാര്യം അദ്ദേഹത്തിന്‌ ഇതില്‍ വല്ല്യ എതിര്‍പ്പില്ലെങ്കിലും ആ പെണ്‍കുട്ടിയുടെ മാമന്മാര്‍ ഇതില്‍ ഒട്ടും സമ്മതിയ്ക്കുന്നില്ലെന്നും അവരുടെ സമ്മതമില്ലാതെ ഇത്‌ നടത്തുന്നതില്‍ താല്‍പര്യമില്ലെന്നുമായിരുന്നു.

പിറ്റേന്ന്... വ്യാഴാഴ്ച....

അസ്തമയന്‍ കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്യുകയും അതിന്റെ ടെന്‍ഷനില്‍ സമയം തള്ളി നീക്കുകയുമാണെന്ന് എനിയ്ക്ക്‌ വിവരം ലഭിച്ചു.

എന്റെ വീട്ടില്‍ ലേറ്റസ്റ്റ്‌ പ്ലാനിങ്ങിനെക്കുറിച്ചുള്ള വിവരം അസ്തമയന്‍ അറിയിച്ചു. ഇതു കേട്ട്‌ അമ്മയ്ക്ക്‌ അല്‍പം പരിഭ്രാന്തി.

"കുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ വിളിച്ച്‌ കൊണ്ടുവന്നാല്‍ ഈ വീട്ടില്‍ കയറ്റി താമസിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.. അത്‌ നാട്ടുകാര്‍ അറിഞ്ഞാല്‍ മോശമാണ്‌.." അമ്മ തുറന്ന് പറഞ്ഞു.

ആദ്യം എനിയ്ക്കല്‍പം ദേഷ്യം തോന്നിയെങ്കിലും അമ്മ പറഞ്ഞതിലും അല്‍പം കാര്യമില്ലേ എന്ന് തോന്നാതിരുന്നില്ല.

ഞാന്‍ അസ്തമയനെ വിളിച്ചു.

"കാലത്ത്‌ രജിസ്റ്റര്‍ ചെയ്തിട്ട്‌ ആ കുട്ടിയ്ക്ക്‌ വീട്ടില്‍ തന്നെ പോയിക്കൂടേ.... വീട്ടില്‍ ചെന്നിട്ട്‌ രജിസ്റ്റര്‍ നടന്ന വിവരം പറയട്ടെ... അപ്പോള്‍ പിന്നെ അവര്‍ക്ക്‌ നിയമപരമായി വേറെ വിവാഹം തല്‍ക്കാലം നടത്താന്‍ പറ്റില്ലല്ലോ.... പക്ഷെ, വീട്ടുകാരുടെ സമ്മതമില്ലാതെ ഇറങ്ങിപ്പോകുന്നില്ല എന്നും പറയട്ടെ..." ഞാന്‍ പറഞ്ഞു.

ഈ അഭിപ്രായം അസ്തമയന്‌ ഒട്ടും ദഹിച്ചില്ല.... എങ്കിലും അവളോട്‌ ചോദിച്ച്‌ നോക്കാം എന്ന മറുപടിയാണ്‌ ലഭിച്ചത്‌.

എന്റെ ഈ അഭിപ്രായം ഞാന്‍ എന്റെ ഓഫീസിലെ ഒരു സുഹൃത്തിനോട്‌ സൂചിപ്പിച്ചപ്പോള്‍ 'നീ വിചാരിയ്ക്കുന്ന പോലെ അത്ര ലാഘവമുള്ള കാര്യമല്ല ഇത്‌... രജിസ്റ്റര്‍ ചെയ്തിട്ട്‌ വീട്ടില്‍ ചെന്ന് അത്‌ പറയുക എന്നത്‌ അത്ര എളുപ്പമല്ല..' എന്ന് എന്നോട്‌ പറഞ്ഞു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ അസ്തമയന്‍ എന്നെ വിളിച്ചു...

"രജിസ്റ്റര്‍ കഴിഞ്ഞ്‌ തിരിച്ച്‌ ചെല്ലുക എന്ന കാര്യം സാദ്ധ്യമല്ല.... അവള്‍ക്ക്‌ അതിന്‌ കഴിയില്ല എന്ന് പറഞ്ഞു. വീട്ടില്‍ ചെന്നാലുണ്ടായേക്കാവുന്ന കാര്യങ്ങള്‍ ആലോചിയ്ക്കാന്‍ പോലും പറ്റില്ല എന്നാണ്‌ പറഞ്ഞത്‌.." അസ്തമയന്‍ എന്നോട്‌ പറഞ്ഞു.

"എന്നാല്‍ ശരി... ഒരു കാര്യം ചെയ്യാം.. രജിസ്റ്റര്‍ ചെയ്ത ശേഷം ഞാന്‍ ഫോണില്‍ അവരുടെ വീട്ടില്‍ വിളിച്ച്‌ വിവരം പറയാം... എന്നിട്ട്‌, അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഈ വിവാഹം നടത്തിത്തരാന്‍ സമ്മതിയ്ക്കുകയാണെങ്കില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട്‌ ചെന്നാക്കാം.. ഇനി അഥവാ സമ്മതിച്ചില്ലെങ്കില്‍ നമുക്ക്‌ ഇങ്ങ്‌ പോരാം... പക്ഷെ, പെണ്‍കുട്ടിയെ ഞാന്‍ തല്‍ക്കാലം എറണാകുളത്തേക്ക്‌ കൊണ്ടുവന്ന് എന്റെ വീട്ടില്‍ താമസിപ്പിയ്ക്കാം... എന്നിട്ട്‌ കാര്യങ്ങള്‍ ഒന്ന് ശാന്തമായി തീരുമാനമാകുകയാണെങ്കില്‍ അതിനനുസരിച്ച്‌ മുന്നോട്ട്‌ പോകാം.." ഞാന്‍ പറഞ്ഞു.

എന്റെ ഈ അഭിപ്രായം ഞാന്‍ വീട്ടില്‍ ഭാര്യയോടും അന്ന് ഞങ്ങളോടൊപ്പം താമസിച്ചിരുന്ന ഭാര്യയുടെ അമ്മൂമ്മയോടും പറഞ്ഞു. രണ്ടുപേരും ഫുള്‍ സപ്പോര്‍ട്ട്‌.

എന്റെ ഈ തീരുമാനം കേട്ട ഓഫീസിലെ എന്റെ സുഹൃത്ത്‌ ഇതിലുള്ള റിസ്ക്‌ എന്നെ ഓര്‍മ്മിപ്പിച്ചു. 'അവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ്‌ കേസ്‌ കൊടുത്താല്‍ നീ ജയിലില്‍ പോകും... നീയെന്തിനാ വെറുതേ ഇത്ര റിസ്ക്‌ എടുക്കുന്നത്‌... രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ വേറെ വീടെടുത്ത്‌ താമസിയ്ക്കട്ടെ..' അവന്‍ പറഞ്ഞു.

പക്ഷെ, കാര്യങ്ങള്‍ അത്രത്തോളം കൊണ്ടുചെന്നെത്തിയ്കാന്‍ എനിയ്ക്ക്‌ മനസ്സില്ലായിരുന്നു. എല്ലാം നല്ല വഴിയ്ക്ക്‌ നടക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു, എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഈ വിവരം ഞാന്‍ എന്റെ അച്ഛനമ്മമാരെ അറിയിച്ചു. കുറച്ച്‌ ദിവസം കഴിഞ്ഞും പെണ്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ നാട്ടില്‍ വച്ച്‌ ബന്ധുക്കളേയും നാട്ടുകാരേയും വിളിച്ച്‌ ഒരു ഫംഗ്ഷന്‍ നടത്തി കല്ല്യാണം പബ്ലിഷ്‌ ചെയ്യാം..

അച്ഛനും അമ്മയും ഈ തീരുമാനത്തോട്‌ യോജിച്ചു.

അന്ന് (വ്യാഴാഴ്ച) രാത്രി അസ്തമയന്‍ എന്നെ വിളിച്ചു അല്‍പം ആശാവഹമായ ചില കാര്യങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഗല്‍ഫില്‍ നിന്ന് അവനെ വിളിച്ച്‌ സംസാരിച്ചു അത്രേ...

'നിനക്ക്‌ അവളെത്തന്നെ കെട്ടണോടാ...' എന്ന് ചോദിച്ചു എന്നാണ്‌ പറഞ്ഞത്‌...

'അതെ...' എന്ന മറുപടിയില്‍ നീരസം പൂണ്ട അയാള്‍ എന്റെ അച്ഛനോടും അമ്മയോടും സംസാരിയ്ക്കണമെന്ന് പറഞ്ഞു.

അച്ഛനോട്‌ സംസാരിച്ച അയാള്‍ തന്റെ മകള്‍ താഴ്‌ന്ന ജാതിക്കാരിയെന്ന പേരില്‍ അവിടെ വന്നാല്‍ പലരില്‍ നിന്നും കുത്തുവാക്കുകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരില്ലേ എന്നതായിരുന്നു പ്രധാനമായി ഉന്നയിച്ച സംശയം.താനും തന്റെ വീട്ടുകാരും അത്തരത്തിലുള്ളവരല്ലെന്നും അത്‌ നാട്ടുകാരോട്‌ അന്വേഷിച്ച്‌ ബോദ്ധ്യപ്പെട്ടുകൊള്ളൂ എന്നും എന്റെ അച്ഛന്‍ വിശദമാക്കി.അതിനുശേഷം അമ്മയോട്‌ സംസാരിച്ച അദ്ദേഹം ഇതേ കാര്യം തന്നെ ചോദിച്ചു എന്നും ഒടുവില്‍ 'എന്റെ മോളെ വേണോ?' എന്ന് ചോദിയ്ക്കുകയും ചെയ്തു അത്രേ.

'നിങ്ങല്‍ പൂര്‍ണ്ണമനസ്സോടെ തന്നാല്‍ വേണം...' എന്നതായിരുന്നു എന്റെ അമ്മയുടെ മറുപടി.

കൂടുതല്‍ സംസാരിയ്ക്കാതെ അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തു.ഇതാണ്‌ ഇപ്പോഴത്തെ സിറ്റുവേഷന്‍ എന്ന് അസ്തമയന്‍ എന്നോട്‌ പറഞ്ഞു.

ഉടന്‍ തന്നെ എന്റെ അച്ഛന്‍ ഫോണില്‍ എന്നോട്‌ സംസാരിച്ചു. ആ പെണ്‍കുട്ടിയുടെ അച്ഛനെ ഒന്ന് വിളിച്ച്‌ എന്താണ്‌ തീരുമാനമെന്ന് ചോദിയ്ക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചു.

വീണ്ടും കുരിശ്‌ എന്റെ ചുമലില്‍ തന്നെ....

രാത്രി പത്തര മണിയായിക്കാണും... എന്റെ മൊബെയിലില്‍ ISD ഫസിലിറ്റി ഇല്ല. പുറത്ത്‌ പോയി വല്ല ബൂത്തും തപ്പിക്കണ്ടുപിടിച്ച്‌ വിളിയ്ക്കണം.തല്‍ക്കാലം ഞാന്‍ ഒരു പണി ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക്‌ ഒരു SMS അയച്ചു. 'പറ്റുമെങ്കില്‍ ദയവായി എന്നെ ഒന്ന് വിളിയ്കാന്‍ പറഞ്ഞു...'

അല്‍പസമയത്തിനകം ഫോണ്‍ റിംഗ്‌ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ...

"എന്താണ്‌ കാര്യം..??" അല്‍പം ഗൗരവത്തോടെ അദ്ദേഹം എന്നോട്‌ ചോദിച്ചു.

"വീട്ടിലേക്ക്‌ വിളിച്ച്‌ അച്ഛനോട്‌ സംസാരിച്ചു എന്നറിഞ്ഞു. എന്താണ്‌ ഫൈനല്‍ ഡിസിഷന്‍ എന്ന് അറിയാന്‍ എന്നോട്‌ അച്ഛന്‍ പറഞ്ഞിരുന്നു." ഞാന്‍ പറഞ്ഞു.

പെട്ടെന്ന് അങ്ങേര്‍ ആകെ വയലന്റ്‌ ആയി. അടിച്ച്‌ നല്ല പൂക്കുറ്റിയായതിന്റെ നല്ല ലക്ഷണം. വാക്കുകള്‍ ആകെ ഒരു അഴകൊഴ.... ആര്‍ക്കും ഇതില്‍ തീരെ താല്‍പര്യമില്ലെന്നും മേലില്‍ ഇതിന്റെ പേരില്‍ ഫോണ്‍ ചെയ്തുപോകുകയോ മറ്റ്‌ ബന്ധപ്പെടലുകളോ പാടില്ലെന്നും അദ്ദേഹം എന്നോട്‌ പറഞ്ഞു.

"ശരി... അങ്ങനെയാകട്ടെ..." എന്ന് പറഞ്ഞ്‌ ഞാനും സംഭാഷണം അവസാനിപ്പിച്ചു.

ഈ വിവരം ഞാന്‍ വീട്ടില്‍ വിളിച്ച്‌ അച്ഛനോട്‌ പറഞ്ഞു. അല്‍പം ആശാവഹമായിതുടങ്ങിയിരുന്നത്‌ വീണ്ടും പഴയപടി തന്നെ....

പിറ്റേന്ന്.... വെള്ളിയാഴ്ച.....

അന്ന് ഓഫീസിലിരുന്നിട്ട്‌ എനിയ്ക്ക്‌ ആകെ ഒരു ടെന്‍ഷന്‍... കാര്യങ്ങള്‍ ഇനിയും നല്ല നിലയില്‍ തന്നെ നടക്കുമെന്ന പ്രതീക്ഷ ഞാന്‍ വിട്ടിരുന്നില്ല.

അന്ന് വൈകീട്ട്‌ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടുള്ള ചില പ്രധാന വിവരങ്ങളുമായി അസ്തമയന്റെ ഒരു ഫോണ്‍ കോള്‍..........

(തുടരും...)

Labels:

Thursday, May 17, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 1)

മുന്‍പുണ്ടാകാത്ത തരത്തില്‍ സീരിയസായതും തീവ്രമായതുമായ പ്രണയത്തിലാണ്‌ അസ്തമയന്‍ എന്ന് മറ്റ്‌ സംശയാലുക്കളെപ്പോലെ എനിയ്ക്കും തോന്നാതിരുന്നില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഫോണ്‍ വിളികള്‍ തന്നെ കാരണം.

ഒടുവില്‍ സംഭവം ഒഫീഷ്യലായി എന്നോട്‌ അസ്തമയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഫോണിലൂടെ തുടങ്ങിയ സൗഹൃദം പടര്‍ന്ന് പന്തലിച്ച്‌ പണ്ടാറടങ്ങി ഇപ്പോ വന്‍ പ്രണയമായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു എന്ന്. നല്ല വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി... പക്ഷെ, വളരെ ചെറിയ മതപരമായ വ്യത്യാസം... നായര്‍ തറവാട്ടില്‍ ജനിച്ചു എന്നത്‌ അസ്തമയനെ സംബദ്ധിച്ചിടത്തോളം നാരായണഗുരുവിനോട്‌ വൈരാഗ്യം തോന്നേണ്ടകാര്യമില്ലല്ലോ...

നേരിട്ട്‌ കാണാതെതന്നെ പൂത്തുലഞ്ഞ പ്രണയം കണ്ടുമുട്ടലിലൂടെ കൂടുതല്‍ മെച്ചപ്പെടുകയും തുടര്‍ച്ചയായി ഓര്‍മ്മയിലിരിയ്ക്കാനായി ഫോട്ടോ പരസ്പരം കൈമാറുകയും ചെയ്തു.

അസ്തമയനാണെങ്കിലോ ഈ ഫോട്ടോ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വീട്ടുകാരുടെ കൂട്ടുകാര്‍ക്കും വരെ കാണിച്ച്‌ കൊടുത്ത്‌ അഭിമാനം കൊള്ളുകയും ചെയ്തു. ഈ ജാതിമതപരമായ വ്യത്യാസം ഞങ്ങളുടെ വീട്ടില്‍ പ്രശ്നമല്ലെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതിനോടുള്ള സമീപനം എന്തായിരിയ്ക്കും എന്ന എന്റെ ചോദ്യത്തിന്‌ 'അവളുടെ ഇഷ്ടത്തിന്‌ വീട്ടുകാര്‍ എതിര്‍ നില്‍ക്കില്ല എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്‌' എന്ന ഉത്തരം കൊണ്ട്‌ ഞാന്‍ തൃപ്തനായി.

പെണ്‍കുട്ടിയുടെ വീട്ടിലാണെങ്കില്‍ കല്ല്യാണാലോചനകള്‍ തിരക്കിട്ട്‌ നടക്കുകയാണത്രേ. ഇത്‌ എട്ടാമത്തെ ആലോചനയാണ്‌ 'ഇഷ്ടമായില്ല' എന്ന് പറഞ്ഞ്‌ ആ കുട്ടി മുടക്കിയത്‌ എന്നും അറിയിച്ചു.

കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലാണ്‌. അനിയന്‍ പ്രീഡിഗ്രി കഴിഞ്ഞ്‌ നില്‍ക്കുന്നു. അഞ്ചോ എട്ടോ മറ്റോ മാമന്മാരും കുട്ടിയ്കുണ്ടത്രേ... ഈ മാമന്മാരാണത്രേ പ്രധാന കാര്യവാഹകര്‍... മിക്ക ആലോചനകളും ഗള്‍ഫ്‌ കേസുകള്‍ തന്നെ.

ഒരു സര്‍ക്കാര്‍ ജോലിയൊക്കെയായി... ഇനി കാര്യങ്ങള്‍ അടുത്ത നടപടിയിലേക്ക്‌ കൊണ്ടുപോകാം എന്ന് തീരുമാനിയ്ക്കുകയും അതിന്റെ പ്രാരംഭഘട്ടമായി പെണ്‍കുട്ടിയുടെ വീട്ടുകാരോട്‌ ഇതേക്കുറിച്ച്‌ സൂചനകൊടുക്കുക എന്ന ചുമതല അസ്തമയന്‍ എന്നെ ഏല്‍പ്പിച്ചു (രണ്ട്‌ മൂന്ന് പ്രണയക്കേസുകള്‍ മദ്ധ്യസ്ഥനായി നിന്ന് രമ്യമായി പരിഹരിച്ച്‌ നടത്തിക്കൊടുത്ത ക്രെഡിറ്റ്‌ എനിയ്ക്കുണ്ട്‌ എന്നതായിരുന്നു ഈ കുരിശും എന്റെ തലയില്‍ തന്നെ വരാന്‍ കാരണം).

അസ്തമയന്റെ കാര്യമായതിനാല്‍ പെണ്‍കുട്ടിയോട്‌ നേരിട്ട്‌ സംസാരിച്ചിട്ടേ ഞാന്‍ ഈ തല്ല് കൊള്ളുന്ന പരിപാടിയ്ക്കുള്ളൂ എന്ന എന്റെ ശക്തമായ തീരുമാനത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അസ്തമയന്‍ എനിയ്ക്ക്‌ കൈമാറി.

ഒരു ദിവസം ജോലിയൊക്കെ കഴിഞ്ഞ്‌ രാത്രി ഞാന്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക്‌ വിളിച്ചു. സംഭവവികാസങ്ങള്‍ സസൂക്ഷ്മം വീക്ഷിയ്ക്കാനായി എന്റെ ഭാര്യ എന്റെ മുന്നില്‍ കാതും കണ്ണും കൂര്‍പ്പിച്ചിരുന്നു.

"ഹലോ... ഞാന്‍ അസ്തമയന്റെ ചേട്ടനാണ്‌...." ഞാന്‍ പറഞ്ഞു.

"ങാ... പറഞ്ഞിരുന്നൂ ചേട്ടന്‍ വിളിയ്ക്കുമെന്ന്.." പെണ്‍കുട്ടിയുടെ നാണം തുളുമ്പുന്ന ശബ്ദം.

"ഈ കാര്യത്തില്‍ ഇടപെടുന്നതിനു മുന്‍പ്‌ എനിയ്ക്ക്‌ കുട്ടിയോട്‌ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്‌..."

"ചോദിച്ചോളൂ..."

"നിങ്ങള്‍ തമ്മില്‍ ഫോണിലൂടെ മാത്രമല്ലേ അധികം പരിചയവും... എന്ത്‌ ധൈര്യത്തിലും ഉറപ്പിലുമാണ്‌ ഒരു വിവാഹം എന്ന തരത്തിലേയ്ക്ക്‌ നിങ്ങള്‍ ഇതിനെ കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌??? കുട്ടി സീരിയസ്‌ ആയി തന്നെയാണോ ഈ പ്രൊപ്പോസലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്‌??"

"അതെ.... ഞങ്ങള്‍ സീരിയസ്‌ തന്നെയാണ്‌.."

"കുട്ടിയ്ക്ക്‌ അവന്റെ സ്വഭാവം വല്ലതും അറിയോ.... പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം.. ഒരു കാര്യത്തിലും സീരിയസ്നസ്സോ പക്വതയോ ഇല്ലാത്ത പെരുമാറ്റം... കുട്ടിയ്ക്ക്‌ വേറെ ആരെയും കിട്ടിയില്ലേ പ്രേമിയ്ക്കാന്‍???"

"ഹി.. ഹി.... അസ്തമയേട്ടന്‍ സ്വഭാവത്തെക്കുറിച്ചെല്ലാം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌... എല്ലം എനിയ്ക്കറിയാം.."

"അപ്പോ, അറിഞ്ഞ്‌ കൊണ്ടാണോ ജീവിതം തുലയ്ക്കാന്‍ തീരുമാനിച്ചത്‌??? അവന്‌ വല്ല്യ കളകടര്‍ ഉദ്യോഗം ഒന്നും അല്ല എന്നറിയാമല്ലോ... കുട്ടിയ്ക്ക്‌ നല്ല നല്ല പ്രൊപ്പോസല്‍സ്‌ വരും... നാളെ ദുഖിക്കേണ്ടി വരരുത്‌.." ഞാന്‍ ഉപദേശിച്ചു.

"വല്ല്യ ജീവിത നിലവാരവും ജോലിയെക്കാളുമൊക്കെ വലുത്‌ മനസ്സിന്റെ ഇഷ്ടമല്ലേ....???" ആ കുട്ടിയുടെ ഡയലോഗ്‌...

"അത്‌ ശരി... അപ്പോ അങ്ങിനെയാണ്‌ കാര്യങ്ങള്‍... അതൊക്കെ പോട്ടെ, കുട്ടിയുടെ വീട്ടില്‍ ഇത്‌ സമ്മതിയ്ക്കുമോ???"

"കുറച്ച്‌ എതിര്‍പ്പോക്കെ കാണും... എന്നാലും എന്റെ ഇഷ്ടം അവര്‍ അംഗീകരിയ്ക്കും..."

"എന്നാല്‍ ശരി... കുട്ടി ഈ കാര്യം വീട്ടില്‍ സൂചിപ്പിയ്ക്കൂ.. എന്നിട്ട്‌ ഞങ്ങള്‍ വീട്ടില്‍ വന്ന് സംസാരിയ്ക്കാം..." ഇത്രയും പറഞ്ഞ്‌ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

2-3 ദിവസം കഴിഞ്ഞ്‌ ഞാന്‍ ഓഫീസില്‍ തിരക്കിട്ട്‌ ജോലിചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ (ബ്ലോഗ്‌ വായന തന്നെ) എന്റെ ഫോണ്‍ റിംഗ്‌ ചെയ്തു. നമ്പര്‍ പരിചയമില്ല... ഞാന്‍ ഫോണ്‍ അറ്റന്റ്‌ ചെയ്തു. അപ്പുറത്ത്‌ നിന്ന് അല്‍പം ഉയര്‍ന്ന് ഫ്രീക്വന്‍സിയിലുള്ള ഒരു സ്ത്രീ ശബ്ദം...

"അസ്തമയന്റെ ചേട്ടനല്ലേ.... ഞാന്‍ --- ളുടെ അമ്മയാണ്‌.."

"ഓ... പറയൂ.." ഞാന്‍ അല്‍പം എളിമയില്‍ പറഞ്ഞു.

പിന്നീടങ്ങോട്ട്‌ ആകെ പരിഭവങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളും ഒട്ടും ഗ്യാപ്പില്ലാതെ പ്രവഹിയ്ക്കാന്‍ തുടങ്ങി.ഞാന്‍ ഫോണുമായി അല്‍പം മാറി ഒതുങ്ങി നിന്നു.ആ അമ്മ പറഞ്ഞതിന്റെ രത്നച്ചുരുക്കം എന്തെന്നാല്‍... 'വെറും ഫോണിലൂടെയുള്ള സൗഹൃദം ഇവര്‍ ഇവിടെവരെ കൊണ്ടെത്തിച്ചതെങ്ങനെ... ഇത്‌ ശരിയാവില്ല... ഇവിടെ ആരും ഇത്‌ സമ്മതിയ്ക്കില്ല... അച്ഛനും മാമന്മാരും അറിഞ്ഞാല്‍ പിന്നെ വച്ചേക്കില്ല... ഉയര്‍ന്ന ജാതിയിലേക്ക്‌ ഞങ്ങള്‍ എന്തായാലും കല്ല്യാണം കഴിച്ചയയ്കില്ല... അനിയനെ പറഞ്ഞ്‌ മനസ്സിലാക്കി ഇനി ഇങ്ങോട്ട്‌ വിളിയ്ക്കരുത്‌ എന്ന് പറയണം...' എന്നൊക്കെ...

അവര്‍ക്ക്‌ ഇത്രയും പ്രസംഗിയ്ക്കാമെങ്കില്‍ ഞാനായിട്ട്‌ കുറയ്ക്കണ്ടല്ലോ എന്ന് കരുതി എന്റെ വക ഒരു ചെറിയ പ്രസംഗം ഞാനും നടത്തി. അതായത്‌,

'ഇന്നത്തെ സമൂഹത്തില്‍ മതപരവും സാമ്പത്തികവുമായ അന്തരം ഒരു വല്ല്യ കാര്യമാണോ... ഞങ്ങളുടെ വീട്ടില്‍ യാതൊരു വേര്‍തിരിവും ആ കുട്ടിയ്ക്കുണ്ടാകില്ല.... അവര്‍ മനസ്സുകൊണ്ട്‌ അത്ര അടുത്തിട്ടുണ്ടെങ്കില്‍ നാം എന്തിന്‌ അവരെ വേദനിപ്പിയ്ക്കണം... നമുക്ക്‌ എല്ലാവരോടും ആലോചിച്ച്‌ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോകാം'

എന്റെ വക പ്രസംഗം ഫോണിലൂടെ അവരുടെ കാശ്‌ ചിലവാക്കി കേട്ടതിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ആ അമ്മ അല്‍പം ഒന്ന് മയപ്പെടുകയും 'ങാ... എല്ലാവരും എന്ത്‌ പറയുന്നു എന്ന് നോക്കട്ടെ...' എന്ന പാതിസമ്മതവുമായി ഫോണ്‍ കട്ട്‌ ചെയ്തു.

രണ്ട്‌ ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ ആകെ കലുഷിതവും വഷളാകുകയും ചെയ്തു.

എന്ത്‌ വന്നാലും അവരുടെ ജാതിയില്‍ നിന്നല്ലാതെ ഒരു കല്ല്യാണം കഴിയ്ക്കാന്‍ സമ്മതിയ്ക്കില്ല എന്ന് മാമന്മാര്‍ രൗദ്രഭാവത്തില്‍ ഫോണിലൂടെ അറിയിച്ചു എന്നും അതുകൊണ്ട്‌ തന്നെ ഈ പരിപാടിയുമായി മുന്നോട്ട്‌ പോകുന്നതില്‍ ആ കുട്ടിയുടെ അച്ഛനും അമ്മയും ശക്തമായി വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇനി അടുത്ത നടപടികള്‍ എന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായി വീണ്ടും ഒരു മുട്ടന്‍ കുരിശ്‌ എനിയ്ക്ക്‌ തന്നെ ഏല്‍പ്പിയ്ക്കപ്പെടുകയും ചെയ്തു.

(തുടരും...)

Labels:

Wednesday, May 09, 2007

പെണ്ണ്‌ കാണല്‍ (കാണിയ്ക്കല്‍)

കല്ല്യാണാലോചനയുടെ ഭാഗമായ 'പെണ്ണുകാണല്‍' എന്ന ചടങ്ങിന്‌ മുന്നോടിയായി ജാതകച്ചേര്‍ച്ച നോക്കലും ഫോട്ടോ കൈമാറ്റവും പ്രിലിമിനറി റൗണ്ട്‌ ആയി ഞാന്‍ തീരുമാനിച്ചിരുന്നു.

പെണ്ണ്‌ കണ്ട്‌ ഇഷ്ടപ്പെട്ടിട്ട്‌ (പെണ്ണിന്‌ എന്നെ വല്ലാതങ്ങ്‌ ഇഷ്ടപ്പെട്ടിട്ട്‌ എന്നര്‍ത്ഥം) പിന്നീട്‌ ജാതകം ചേരില്ലെന്ന് പറഞ്ഞ്‌ മുടങ്ങിപ്പോകരുതല്ലോ എന്ന മുന്‍ കരുതല്‍ ഒരു ഭാഗത്ത്‌,
ജാതകം ചേര്‍ന്നതിനുശേഷം ഫോട്ടോ കാണാതെ പോയി പെണ്ണുകണ്ടാല്‍ 'എന്തായാലും കുറേ കഷ്ടപ്പെട്ടിട്ട്‌ ജാതകം ചേര്‍ന്നതല്ലേ... ഈ മരമോന്തയായാലും തല്‍ക്കാലം അഡ്ജസ്റ്റ്‌ ചെയ്യാം' എന്ന മനോഭാവം കൊണ്ട്‌ കല്ല്യാണം നടന്നാലോ എന്ന പേടി മറുഭാഗത്ത്‌.

ജാതകവും ഫോട്ടോയും കിട്ടിബോധിച്ച്‌ മാത്രം പെണ്ണുകാണല്‍ ചിലപ്പോള്‍ സാദ്ധ്യമാകാറില്ല.

ഒരു കുടുംബസുഹൃത്ത്‌ വഴി ഇരിഞ്ഞാലക്കുടയില്‍ നിന്ന് വന്ന ഒരു വിവാഹാലോചന.

ജാതകം ഏകദേശം ഓ.കെ. ആയെങ്കിലും പെണ്‍കുട്ടിയുടെ മറ്റ്‌ ചുറ്റുപാടുകളെക്കുറിച്ച്‌ (വിദ്യാഭ്യാസപരവും, തൊഴില്‍പരവും മറ്റും) വല്ല്യ താല്‍പര്യമില്ലാത്തതിനാല്‍ പെണ്ണ്‌ കാണാന്‍ പോകേണ്ട എന്ന് ഞാന്‍ തീരുമാനിച്ചെങ്കിലും ആ പെണ്ണുകാണല്‍ അറ്റന്റ്‌ ചെയ്യാന്‍ ഞാന്‍ നിര്‍ബദ്ധിതമായി.

സാധാരണ ഇത്തരം ചായകുടി വേളകളില്‍ എന്റെ വളരെ അടുത്ത സുഹൃത്തായ സജിനെയും ഞാന്‍ കൂടെ കൂട്ടാറുണ്ടായിരുന്നു (ഗ്ലാമര്‍ കൊണ്ട്‌ അവനെ കമ്പയര്‍ ചെയ്യുമ്പോള്‍ ഞാന്‍ അതിസുന്ദരനാണെന്ന് തെറ്റിദ്ധരിച്ചോളും എന്ന ആഗ്രഹവും കൂടാതെ വല്ല്യ സ്കോപ്പില്ലാത്ത കേസുകള്‍ യാതൊരുമടിയും ഇല്ലാതെ 'അത്‌ വല്ല്യ ഗുണമില്ലെടാ..' എന്ന് തുറന്ന് പറയും എന്ന ഗുണവും). ഇത്തവണ അവന്‍ വരാന്‍ അല്‍പം നീരസം പ്രകടിപ്പിച്ചു. കാരണം, 'താല്‍പര്യമില്ലാതെ പോയി വേണ്ടെന്ന് വയ്ക്കാന്‍ നീ മാത്രം മതിയല്ലോ' എന്നതായിരുന്നു ന്യായം. ഇനി അഥവാ വല്ല്യ ഗ്ലാമര്‍ കേസാണെങ്കില്‍ വീണ്ടും ഒരിക്കല്‍ കൂടി അഡ്ജസ്റ്റ്‌ ചെയ്ത്‌ കാണാം എന്ന ഉപദേശവും കിട്ടി.

അങ്ങനെ, ഞാനും എന്റെ അച്ഛനും അമ്മയും അനിയത്തിയും കൂടി ഈ പ്രോഗ്രാം അറ്റന്‍ഡ്‌ ചെയ്യാന്‍ പുറപ്പെട്ട്‌ അഡ്രസ്സ്‌ തപ്പിപ്പിടിച്ച്‌ 'ചോദിച്ച്‌ ചോദിച്ച്‌' പോയി ആ വീടിനുമുന്നില്‍ എത്തിച്ചേന്നു.

ഇപ്പോ പണികഴിഞ്ഞ ഒരു ഒന്നാന്തരം വീട്‌....'ഹായ്‌... തരക്കേടില്ലല്ലോ' എന്ന് ചിലരെങ്കിലും മനസ്സില്‍ വിചാരിച്ചോ ആവോ.

ഞങ്ങളെ വീടിനുള്ളില്‍ സ്വീകരിച്ച്‌ ഇരുത്തി. അവിടെയുണ്ടായിരുന്ന ചില ബന്ധുക്കളായും മറ്റും സംസാരിച്ച്‌ അവരവരുടെ കുടുംബക്കാരെയും പരിചയക്കരെയും കുറിച്ചെല്ലാം ചോദിച്ച്‌ അങ്ങനെ സമയം പോയിക്കൊണ്ടിരുന്നു. കുറച്ച്‌ കഴിഞ്ഞിട്ടും ചായയോ, പെണ്‍കുട്ടിയോ വരുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്ന് മാത്രമല്ല, ഉള്ളില്‍ ചില അടക്കിപ്പിടിച്ച സംസാരങ്ങളും ഒരു ഗൂഡാലോചന നടക്കുന്നതിന്റെ സൂചനയും.

ഞങ്ങളുടെ പ്രതീക്ഷയോടെയുള്ള മുഖഭാവങ്ങളും ഇരിപ്പും കണ്ട്‌ മതിയായതുകൊണ്ടോ, ഇനിയും ഈ ഇരിപ്പ്‌ ഇരുന്നാല്‍ ഞങ്ങള്‍ 'എന്തേ.. പരിപാടി കാന്‍സല്‍ ചെയ്തോ' എന്ന് ചോദിക്കും എന്ന പേടികൊണ്ടോ എന്നറിയില്ല, പെണ്‍കുട്ടിയുടെ അമ്മാവന്‍ അകത്ത്‌ പോയി വന്ന ശേഷം ചോദിച്ചു.

'ഇത്‌ കുട്ടിയുടെ വല്ല്യച്ഛന്റെ വീടാണ്‌... പെണ്‍കുട്ടി തൊട്ടപ്പുറത്ത്‌ തറവാട്ടിലാണ്‌... നമുക്ക്‌ അവിടെയ്ക്ക്‌ പോയാലോ???'

'ഓഹോ... അപ്പോ, ഒരു മാര്‍ക്കറ്റിംഗ്‌ ഡെമോണ്‍സ്റ്റ്രേഷനായിരുന്നല്ലേ ഇവിടെ...' എന്ന് ആരൊക്കെയോ മനസ്സില്‍ വിചാരിച്ചോ എന്ന് വീണ്ടും ഒരു സംശയം.

മുഖത്തോട്‌ മുഖം നോക്കിയ ഞങ്ങള്‍ 'ഓ.. അങ്ങനെ ആയിക്കോട്ടെ..' എന്ന് പറഞ്ഞ്‌ എഴുന്നേറ്റു.

അപ്പുറത്തെ തറവാട്ടിലേക്ക്‌ നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു...

'എന്തോ പന്തികേടുണ്ടല്ലോ... ആ കുട്ടിയെ ഇവിടെ കൊണ്ടുവരാനായിരുന്നിരിയ്ക്കും പ്ലാന്‍... ഒന്നുകില്‍ ആ കുട്ടിയ്ക്ക്‌ ഇല്ലാത്ത പെരുമ കാണിച്ച്‌ ഈ പെണ്ണുകാണലിന്‌ താല്‍പര്യമില്ല... അല്ലെങ്കില്‍ ഈ എപ്പിസോഡേ ഇഷ്ടമായിട്ടില്ല...'

അച്ഛനും എന്റെ അഭിപ്രായം ശരിവച്ചെങ്കിലും എന്ത്‌ നെഗറ്റീവ്‌ സംഭവത്തിലും കുറേ പോസിറ്റീവ്‌ കാണുന്ന എന്റെ മാതാശ്രീ എന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും വല്ല്യ മതിപ്പൊന്നും തോന്നാത്ത, കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താത്ത ഒരു പഴയ ഒരു തറവാട്‌...

ഞങ്ങള്‍ വീടിനുള്ളില്‍ കയറി ഇരുന്നു.അവിടെയും കുറച്ച്‌ സമയം ഇരുത്തുന്നത്‌ ശരിയല്ലല്ലോ എന്നുള്ളതിനാലോ മറ്റോ പെണ്‍കുട്ടിയുടെ അമ്മയും മറ്റ്‌ ചിലരും ചേര്‍ന്ന് ചായയും മറ്റ്‌ അറ്റാച്ച്‌ മെന്റ്‌ സും ഞങ്ങളുടെ മുന്നിലെത്തിച്ചു.

ഇനിയും പെണ്‍കുട്ടിയെ കാണാതായപ്പോഴെയ്കും മാതാശ്രീയുടെ ക്ഷമ നശിച്ചു, 'കുട്ടിയെ കണ്ടില്ലല്ലോ...' എന്ന് ചോദിയ്ക്കുകയും ചെയ്തു.

'ങാ... ചായ കുടിയ്ക്കൂ... കുട്ടി ഇപ്പോ വരും... ഇപ്പോ വിളിയ്ക്കാം...' പെണ്‍കുട്ടിയുടെ അമ്മ ഇതും പറഞ്ഞ്‌ അകത്തോട്ട്‌ പോയി.

'ഇനിയിപ്പോ ഭയങ്കര മേക്കപ്പ്‌ എല്ലാം ഇട്ട്‌ ഞെട്ടിക്കാനായി ഇറങ്ങി വരുമോ ദൈവമേ...' എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച്‌ ചായക്കപ്പ്‌ കൈയ്യിലെടുത്തു.

കുട്ടിയുടെ അമ്മ പുറത്തേയ്ക്ക്‌ വന്നു. സൈഡില്‍ പകുതി ദര്‍ശനം നല്‍കിക്കൊണ്ട്‌ പെണ്‍കുട്ടിയും.

'എന്താ അവിടെ നില്‍ക്കുന്നത്‌... ഇങ്ങോട്ട്‌ വരൂ...' എന്റെ അമ്മയുടെവക പ്രോല്‍സാഹനം (നിര്‍ബദ്ധം) കൂടിയായപ്പോള്‍ ആ കുട്ടി വല്ല്യ താല്‍പര്യമില്ലെങ്കിലും 'ങാ... എന്തേലും ആകട്ടേ...' എന്ന മുഖഭാവത്തോടെ അല്‍പം കൂടി മുന്നിലോട്ട്‌ കടന്ന് നിന്നു.

എന്റെ കയ്യിലിരുന്ന ചായക്കപ്പ്‌ ഒന്ന് ഇളകി, ചായ താഴെപ്പോകാതിരിയ്ക്കാന്‍ ഞാന്‍ ചായ എടുത്ത പോലെ തന്നെ ആ മേശയില്‍ വച്ചു.

ആ കുട്ടി ശരിയ്ക്കും മേക്കപ്പ്‌ ഇടാന്‍ പോയിരിയ്ക്കുകയായിരുന്നു എന്ന് എനിക്ക്‌ അപ്പോള്‍ തോന്നി. കാരണം, അടുക്കളപ്പണിയ്ക്ക്‌ നിന്ന് അടുപ്പിലെ തീ ഊതി കരിപുരണ്ട്‌ അവാര്‍ഡ്‌ സിനിമകളില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ളതരം ഒരു സ്ത്രീ രൂപം ഇതാ ലൈവ്‌ ആയി മുന്നില്‍... പക്ഷേ, ചുരിദാറാണ്‌ വേഷം...

'ഇവിടെ അലക്കും കുളിയുമൊന്നും ഇല്ലേ..???' എന്ന് ചോദിയ്ക്കാന്‍ തോന്നുന്ന സെറ്റപ്പ്‌....

വസ്ത്രാലങ്കാരത്തില്‍ മനം മയങ്ങിയ ഞാന്‍ ആ മുഖശ്രീ കാണാനായി മുഖത്തേയ്ക്ക്‌ ഒന്ന് നോക്കി...ആഹാ... കരഞ്ഞ്‌ കലങ്ങിയ കണ്ണുകള്‍.... ചപ്ര ചിപ്രയായിക്കിടക്കുന്ന മുടി... 'നിനക്കെന്നെ കെട്ടണോടാ...' എന്ന മുഖഭാവം.....

'എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ....' കുട്ടിയുടെ അമ്മാമന്റെ അനുവാദം...

ഇതിപ്പോ, എങ്ങനെ ഇവിടെ നിന്ന് പെട്ടെന്ന് സ്കൂട്ട്‌ ആകാം എന്ന ചിന്ത കലശലായിരിയ്ക്കുന്ന ഞാന്‍ എന്ത്‌ ചോദിയ്ക്കാന്‍...

'ഇവിടെ, നിന്ന് ബുദ്ധിമുട്ടേണ്ടാ.. അകത്തേക്ക്‌ പോക്കോളൂ...' ഞാന്‍ പറഞ്ഞു. എന്നിട്ട്‌ ഞാന്‍ അമ്മയോട്‌ പതുക്കെ പറഞ്ഞു.. 'ഇതിനെ എന്തിനാ ഇങ്ങനെ വലിച്ചിഴച്ച്‌ കൊണ്ട്‌ വന്ന് നിര്‍ത്തിയേ എന്നും ഞങ്ങളെ എന്തിനാ ഇവിടെവരെ വരുത്തി ബുദ്ധിമുട്ടിച്ചത്‌ എന്നും ഒന്ന് ചോദിച്ചിട്ടേ വരാവൂ....' (അമ്മയ്ക്കായിരുന്നു ഈ കേസില്‍ താല്‍പര്യം കൂടുതല്‍ ഉണ്ടായിരുന്നത്‌ എന്നതിനാല്‍ അമ്മ തന്നെ ഇത്‌ ചോദിക്കട്ടെ എന്നതായിരുന്നു ഉദ്ദേശം)

'എന്നാ ശരി...' എന്ന് പറഞ്ഞ്‌ ഞങ്ങള്‍ എഴുന്നേറ്റ്‌ തുടങ്ങിയപ്പോള്‍ എന്റെ അമ്മ ആ പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തേയ്ക്ക്‌ നടന്ന് ചെന്ന് ചിരിച്ചുകൊണ്ട്‌ സൗമ്യമായി ചോദിച്ചു...

'കുട്ടിയ്ക്ക്‌ ഈ പ്രൊപ്പോസല്‍ താല്‍പര്യമില്ലെന്ന് തോന്നുന്നല്ലോ??'

'അതല്ലാ.. അവള്‍ക്ക്‌ പൊതുവേ കല്ല്യാണത്തിന്‌ താല്‍പര്യമില്ലാ... അല്ലാതെ നിങ്ങളോട്‌ താല്‍പര്യമില്ലാഞ്ഞല്ലാ...' എന്ന് തുടങ്ങി വ്യക്തമായ ഉത്തരത്തിനായി ഉഴലുന്നകണ്ടുകൊണ്ട്‌ ഞങ്ങള്‍ ആ വീടിന്റെ പടിയിറങ്ങി.

പോകുന്ന വഴിയ്ക്ക്‌ എല്ലാവരും അവരവരുടെ നിഗമനങ്ങള്‍ പലതും പറഞ്ഞ്‌ വീട്ടിലെത്തി.

2 മാസങ്ങള്‍ക്ക്‌ ശേഷം ആരോ പറഞ്ഞറിഞ്ഞത്‌ ആ പെണ്‍കുട്ടി ഏതോ ഒരുത്തനുമായി ഇഷ്ടത്തിലായിരുന്നു എന്നും വീട്ടുകാരുടെ ഇഷ്ടം ഇല്ലാതെ അയാളുമായി ഓടിപ്പോയി (നടന്നായിരിയ്ക്കും പോയത്‌... ഓടിപ്പോയി എന്ന് വെറുതെ ആര്‍ഭാടത്തിന്‌ പറയുന്നതായിരിയ്ക്കും) കല്ല്യാണം കഴിച്ചു എന്നും.

'ദൈവമേ...ഈ സൈസ്‌ കേസുകളില്‍ ഇനിയും കൊണ്ട്‌ ചാടിയ്ക്കല്ലേ..' എന്ന് ഞങ്ങള്‍ അന്ന് മനസ്സില്‍ പെന്റിംഗ്‌ ആയി വച്ചിരുന്ന പ്രാര്‍ത്ഥന റിലീസ്‌ ചെയ്തു.

Labels: