സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, April 28, 2010

എറണാകുളത്തേക്കുള്ള വണ്ടി

അയല്‍ വാസിയായ രാജി ചേച്ചി ആദ്യമായാണ്‌ ഒരു സഹായം ആവശ്യപ്പെടുന്നത്‌. രാജി ചേച്ചിക്ക്‌ മകനേയും കൊണ്ട്‌ എറണാകുളത്ത്‌ പോയി ഒരു ഡോക്ടറെ കാണണം. എറണാകുളം അത്ര പരിചിതമല്ലാത്തതിനാലും പ്രത്യേകിച്ചും ട്രെയിനില്‍ എറണാകുളത്തേക്ക്‌ പോയിട്ടില്ലാത്തതിനാലുമാണ്‌ രാജിചേച്ചിക്ക്‌ ഈ സഹായം വേണ്ടി വന്നത്‌.

ജയ ചേച്ചി ഈ സഹായം രണ്ടും കയ്യും കാലും നീട്ടി സ്വീകരിക്കാനുള്ള കാരണം വളരെ സിമ്പിള്‍.. തന്റെ ഭര്‍ത്താവ്‌ മോഹന്‍ ചേട്ടന്‍ വര്‍ഷങ്ങളായി ട്രെയിനില്‍ എറണാകുളത്ത്‌ പോയി ജോലി ചെയ്ത്‌ വരുന്ന ആളാണ്‌. എന്നിട്ട്‌, ഇങ്ങനെ ഒരു സഹായം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അയല്‍ വാസിയാണെന്ന് പറഞ്ഞിട്ട്‌ എന്ത്‌ കാര്യം?

സംഗതി ജയച്ചേച്ചി മോഹന്‍ ചേട്ടനോട്‌ പറഞ്ഞു. 'അതിനെന്താ? ഞാന്‍ നാളെ പോകുമ്പോള്‍ എല്ലാം പറഞ്ഞു കൊടുത്തോളാം.. ഞാന്‍ പോകുന്ന ട്രെയിന്‌ തന്നെ പോകുകയും എറണാകുളത്ത്‌ അവര്‍ക്ക്‌ പോകേണ്ടിടത്ത്‌ കൊണ്ട്‌ വിടുകയും ചെയ്യാം..' മോഹന്‍ ചേട്ടനും സസന്തോഷം സമ്മതിച്ചു. തന്റെ ട്രെയിനില്‍ യാത്രാ പരിചയവും എറണാകുളത്തെ ഭൂമിശാസ്ത്രവിജ്ഞാനവും പ്രകടിപ്പിക്കാനുള്ള അവസരം.. അത്രയേ വിചാരിച്ചുള്ളൂ..

പിറ്റേന്ന് കാലത്ത്‌ ചെന്നൈ ആലപ്പി ട്രെയിനില്‍ പോകാന്‍ ധാരണയാകുകയും 7.30 ന്‌ ചാലക്കുടി സ്റ്റേഷനില്‍ എത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.

പിറ്റേന്ന്, മോഹന്‍ ചേട്ടന്‍ ആലപ്പി ചെന്നൈ ട്രെയിനിനായി വീട്ടില്‍ നിന്ന് തിരക്കിട്ട്‌ പാഞ്ഞ്‌ എത്തിയപ്പോഴേക്കും ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. അയല്‍ വാസിയെ റെയില്‍ വേ സ്റ്റേഷനില്‍ കാണാമെന്ന് പറഞ്ഞിരുന്നതാണെങ്കിലും തന്റെ സമയ നിഷ്ഠ കാരണം അതിനൊരു തീരുമാനമായി. സ്റ്റേഷനിലാണെങ്കില്‍ ആ സ്ത്രീയെ കാണാതായപ്പോള്‍ അവര്‍ ട്രെയിനില്‍ കയറിയിട്ടുണ്ടാകുമെന്ന് മോഹന്‍ ചേട്ടന്‌ മനസ്സിലായി.

മോഹന്‍ ചേട്ടന്‍ ഓഫീസിലിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍.... താന്‍ സഹായിക്കാമെന്നേറ്റിരുന്ന അയല്‍ക്കാരിയാണ്‌.

"ഞാന്‍ എറണാകുളത്ത്‌ എത്തി കേട്ടോ....കുറച്ച്‌ ബുദ്ധിമുട്ടിയിട്ടാണെങ്കിലും സ്ഥലമൊക്കെ ഞാന്‍ അന്വേഷിച്ച്‌ കണ്ടു പിടിച്ചു" ആ ചേച്ചിയുടെ സ്വരത്തില്‍ ഒരല്‍പ്പം പരിഹാസം ഉണ്ടോ എന്ന് മോഹന്‍ ചേട്ടന്‌ തോന്നിയതല്ല... പരിഹാസമുണ്ടായിരുന്നു... കൂടെ ഒരു ചിരിയും..

"എനിയ്ക്ക്‌ തിരിച്ചുപോകാന്‍ ഇനി ഏത്‌ ട്രെയിനാണ്‌ കിട്ടുക? അതിനൊന്ന് സഹായിക്കാമോ?" പാവം ചേച്ചിയുടെ നിഷ്കളങ്കമായ ഒരു ആവശ്യം.

"പിന്നെന്താ? 1 മണിക്ക്‌ ബോംബേ ജയന്തിയുണ്ട്‌... ഞാന്‍ സ്റ്റേഷനില്‍ വരാം... എല്ലാം ഞാനേറ്റു.." നേരത്തേ പറ്റിയതിന്റെ ക്ഷീണവും കൂടി ഈ ഹെല്‍പ്പില്‍ തീര്‍ക്കണമെന്ന് നിശ്ചയിച്ചാണ്‌ മോഹന്‍ ചേട്ടനും..

ഇത്തവണ പറഞ്ഞതിലും 10 മിനിട്ട്‌ മുന്‍പ്‌ മോഹന്‍ ചേട്ടന്‍ സ്റ്റേഷനിലെത്തി.

ടിക്കറ്റടുത്ത്‌ ചേച്ചിയേയും കുട്ടിയേയും ട്രെയിനില്‍ കയറ്റി ഇരുത്തി. മാത്രമല്ല, ട്രെയിനില്‍ ഇരുന്ന് ബോറടിക്കാതിരിക്കാന്‍ ഒരു കിലോ പഴവും വാങ്ങിക്കൊടുത്തു.

ട്രെയിന്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ ചേച്ചിയോടും കുട്ടിയോടും 'റ്റാറ്റാ' പറഞ്ഞ്‌ നിറഞ്ഞ മനസ്സുമായി മോഹന്‍ ചേട്ടന്‍ ഓഫീസിലേയ്ക്കും പോയി.

അങ്ങനെ ട്രെയിനില്‍ റിലാക്സ്‌ ചെയ്ത്‌ യാത്ര ചെയ്യുമ്പോള്‍ രാജി ചേച്ചിയെ ഒരല്‍പ്പം അമ്പരപ്പിച്ചുകൊണ്ട്‌ ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിര്‍ത്താതെ പോയി.

ആ അമ്പരപ്പും അതിന്റെ കാരണവും ആലോചിച്ച്‌ തീരുമാനമാകും മുന്‍പേ അങ്കമാലി സ്റ്റേഷനും പാഞ്ഞുപോയി....

ഇതോടെ ചേച്ചിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി... ചാലക്കുടി സ്റ്റേഷനും ഇങ്ങനെ പാഞ്ഞുപോകുന്നത്‌ കാണാനേ യോഗമുള്ളൂ എന്നത്‌...

പതുക്കെ ട്രെയിനില്‍ യാത്രക്കാരോട്‌ അന്വേഷിച്ചപ്പോഴാണ്‌ വിവരം അറിഞ്ഞത്‌.. അത്‌ ഹൈദരാബാദിലേക്കുള്ള ഏതോ ട്രെയിന്‍ ആണെന്നും തൃശ്ശൂരില്‍ എന്തായാലും നിര്‍ത്തുമെന്നും... 'ഹോ.. ആശ്വാസം.. ഹൈദരാബാദ്‌ വരെ ടിക്കറ്റില്ലാതെ പോകേണ്ടി വന്നില്ലല്ലോ...' ചേച്ചിക്ക്‌ സമാധാനം.

അങ്ങനെ തൃശ്ശൂര്‍ ഇറങ്ങി അടുത്ത ബസ്സ്‌ പിടിച്ച്‌ ചേച്ചിയും കുട്ടിയും വൈകുന്നേരമായപ്പോഴേയ്ക്കും വീട്ടിലെത്തി.

അന്ന് വൈകീട്ട്‌ വീട്ടിലെത്തിയ മോഹന്‍ ചേട്ടനോട്‌ ജയച്ചേച്ചിയുടെ ചോദ്യം..

"നിങ്ങളിന്ന് കാലത്ത്‌ അവരെ എറണാകുളത്ത്‌ പോകുന്നതിന്‌ ഒരുപാട്‌ സഹായിച്ചു അല്ലേ?"

"അത്‌ പിന്നേ.... അതൊക്കെ പോട്ടെ.... തിരിച്ച്‌ വരുമ്പോള്‍ ഞാന്‍ അതിന്റെ കൂടി കുറവ്‌ നികത്തിയിട്ടുണ്ട്‌.."

"തിരിച്ച്‌ നിങ്ങള്‍ അവരെ കയറ്റി വിട്ടോ?"

"പിന്നല്ലാതെ.. ഞാനാണ്‌ ടിക്കറ്റടുത്ത്‌ അവരെ സീറ്റില്‍ കൊണ്ട്‌ ഇരുത്തിയത്‌... ഒരു കിലോ പഴവും വാങ്ങിക്കൊടുത്തു.." മോഹന്‍ ചേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.

"പഴം വാങ്ങിക്കൊടുത്തതേതായലും നന്നായി... ഏത്‌ ട്രെയിനാണ്‌ കയറ്റി വിട്ടത്‌ എന്ന് വല്ല പിടിയുമുണ്ടോ?"

ജയചേച്ചിയുടെ ഒരു ആകാംക്ഷയും ചോദ്യത്തിന്റെ രീതിയും കണ്ടപ്പോള്‍ മോഹന്‍ ചേട്ടന്‌ എന്തോ പന്തി കേട്‌ മണത്തു.

"അത്‌... ബോബേ ജയന്തിക്ക്‌.. എന്തേ? അവര്‌ വന്നില്ലേ?"

"പിന്നേ.. അവര്‌ വന്നു.... നിങ്ങള്‍ കയറ്റി വിട്ടത്‌ എറണാകുളത്ത്‌ നിന്നാണെങ്കിലും അവര്‍ വന്നത്‌ തൃശ്ശൂരില്‍ നിന്നാണെന്ന് മാത്രം.. ഉച്ചയ്ക്ക്‌ എത്തേണ്ടവര്‍ സന്ധ്യയായപ്പോഴേയ്ക്കും ഇങ്ങെത്തി...."

പതുക്കെ മോഹന്‍ ചേട്ടന്‌ കാര്യങ്ങളുടെ സത്യ സ്ഥിതി മനസ്സിലായി. ജയച്ചേച്ചി നല്ല ഭാഷയില്‍ അതൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്തു.

പിറ്റേന്ന് അയല്‍ക്കാരിയോട്‌ മോഹന്‍ ചേട്ടന്റെ ചോദ്യം..

"ഇന്നലെ ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?"

"ഏയ്‌.. എന്ത്‌ ബുദ്ധിമുട്ട്‌? ഇപ്പോ എറണാകുളത്തും തൃശ്ശൂരുമൊക്കെ ഒറ്റയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ നല്ല കോണ്‍ഫിഡന്‍സ്‌ ആയി... പിന്നെ.. ആ പഴം ഉണ്ടായിരുന്നതുകൊണ്ട്‌ ഉപകാരവുമായി.."

മോഹന്‍ ചേട്ടന്‍ വേഗത്തില്‍ വലിഞ്ഞ്‌ നടന്നു.

3 Comments:

At 2:01 AM, Blogger സൂര്യോദയം said...

എറണാകുളത്തേക്കുള്ള വണ്ടി.... പരസഹായവണ്ടി...

 
At 3:28 AM, Blogger ശ്രീ said...

ചിലപ്പോള്‍ സഹായം ചെയ്യുന്നതും ഇരട്ടിപ്പണി ആകാറുണ്ട്...

 
At 10:47 AM, Blogger ഏറനാടന്‍ said...

കോമഡി കയറ്റ്ആമായിരുന്നു.

 

Post a Comment

<< Home