സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, November 12, 2008

ഐ.ടി. കുട്ടപ്പനുള്ള മറുപടി

പ്രിയപ്പെട്ട കുട്ടപ്പന്‍ വായിച്ചറിയാന്‍ ബാബു എഴുതുന്നത്‌...

നിന്റെ എഴുത്ത്‌ കിട്ടിയെങ്കിലും കുറേ സമയം കഴിഞ്ഞാണ്‌ എനിയ്ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞത്‌. നീ മലയാളഭാഷ മറന്നിട്ടില്ല എന്നതും എഴുത്ത്‌ എഴുതാനുള്ള മനസ്സ്‌ കാണിച്ചതിലും എനിയ്ക്ക്‌ വളരെ സന്തോഷം തോന്നിയെങ്കിലും എഴുത്തിലെ ഉള്ളടക്കം എന്നെ വല്ലാതെ വിഷമിപ്പിച്ചു.

നിനക്ക്‌ ജോലി കിട്ടിയ കാലഘട്ടത്തില്‍ ഞാന്‍ എല്ലാവരോടും നിന്നെക്കുറിച്ചും നിന്റെ ജോലിയുടെ വലുപ്പത്തെക്കുറിച്ചുമെല്ലാം പറഞ്ഞ്‌ നടന്നിരുന്നു. ഇത്രയധികം ശമ്പളം കിട്ടുന്ന കാര്യം അന്നൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചിരുന്നില്ല. പിന്നീട്‌ നീ ഫ്ലാറ്റ്‌ വാങ്ങിയതും കാര്‍ വാങ്ങിയതുമെല്ലാം പറഞ്ഞപ്പോഴാണ്‌ പലരും അതൊക്കെ കുറേയെങ്കിലും വിശ്വസിച്ചത്‌. പക്ഷേ, ഇത്തരത്തിലൊരു കൊടുംചതി ഈ ജോലിക്കുണ്ടെന്ന് അറിഞ്ഞ്‌ തുടങ്ങിയത്‌ ഈയിടെയാണ്‌.

ടി.വി.യിലും പത്രത്തിലുമായി ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനി അവിടെ ജോലി ചെയ്തിരുന്ന ആളുകളെ പിരിച്ചുവിട്ട രീതിയെക്കുറിച്ച്‌ വിവരിച്ചതറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ തന്നെ ചെറിയൊരു ടെന്‍ഷന്‍ തോന്നിപ്പോയി. ഫുള്‍ കൈ ഷര്‍ട്ടും, കഴുത്തില്‍ ടൈയുമൊക്കെയായി വന്‍ ആര്‍ഭാടത്തില്‍ ജോലിചെയ്യുന്ന ആളുകളെ കുറ്റവാളികളെ കൊണ്ടുപോകുന്നപോലെ വിളിച്ച്‌ കൊണ്ടുപോയി പറഞ്ഞ്‌ വിട്ടു എന്നത്‌ വളരെ കഷ്ടം തന്നെ. കുറ്റവാളികള്‍ക്ക്‌ പോലും വിചാരണയും തീര്‍പ്പുമെല്ലാം കഴിഞ്ഞാണ്‌ ഇത്തരം അനുഭവം നേരിടേണ്ടിവരുന്നുള്ളൂ.. പക്ഷേ.. ഇത്‌ കുറച്ച്‌ അതിക്രമമായിപ്പോയി. നിനക്ക്‌ അത്തരത്തിലുള്ള അനുഭവം ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.

നമ്മുടെ നാട്ടിലൊക്കെ പല ജോലിയ്ക്കും ആളെ കിട്ടാതെ വിഷമിക്കുന്ന ഒരു സാഹചര്യമാണുള്ളത്‌.

ഈയിടെയായി തെങ്ങ്‌ കയറാന്‍ ആളെക്കിട്ടാത്തതിനാല്‍ തലയില്‍ ഹെല്‍മറ്റ്‌ വച്ചാണ്‌ തെങ്ങിന്റെ പരിസരത്തുകൂടെ നടക്കുന്നത്‌. (വണ്ടി ഓടിക്കാന്‍ ഹെല്‍മറ്റ്‌ നിര്‍ബദ്ധമാക്കിയത്‌ എത്ര നന്നായി). കാരണം, തേങ്ങ ഇടയ്ക്കിടയ്ക്ക്‌ വീഴുന്നുണ്ട്‌. തെങ്ങ്‌ കയറാന്‍ ഒരു തെങ്ങിന്‌ 15 രൂപവരെ കൂലി നിശ്ചയിച്ചിട്ടും ആളെ കിട്ടാനില്ല. ഒരു ദിവസം 20 തെങ്ങ്‌ കയറിയാല്‍ പോലും അത്യാവശ്യം സുഖമായി ജീവിക്കാം. പക്ഷേ....

ദിവസക്കൂലി 300 രൂപയില്‍ കുറയാതെ കൊടുക്കാന്‍ ആളുകള്‍ തയ്യാറായിട്ടും പറമ്പിലെ പണിയ്ക്കും (കിളയ്ക്കാനും തെങ്ങിന്‌ തടം ഇടാനും മറ്റും) ആളെ കിട്ടാനില്ല.

കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവുമായി എല്ലാവരും തിരക്കായിരുന്നു. എവിടെ നോക്കിയാലും കയ്യില്‍ ഒരു മൊബെയില്‍ ഫോണുമായി സ്ഥലകച്ചവടത്തിന്റെ സംസാരങ്ങളുമായി നടക്കുന്നവരെയാണ്‌ കണ്ടിരുന്നത്‌. പലരും അതിന്റെ ബ്രോക്കര്‍ പരിപാടി വഴി (സോറി... റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌ പണി എന്ന് തിരുത്തിവായിക്കുക) നല്ല കാശുണ്ടാക്കി എന്നാണ്‌ അറിയുന്നത്‌. വല്ല്യ ദേഹാദ്ധ്വാനമില്ലാതെയുള്ള പരിപാടിയായതിനാല്‍ നല്ലൊരു ശതമാനം ആളുകളും ആ മേഖലയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന് തോന്നുന്നു.

ഇപ്പോ അതൊക്കെ ഒന്ന് ഒതുങ്ങിയതിനാല്‍ ചിലരൊക്കെ പഴയ ജോലിയിലേയ്ക്ക്‌ വരുമെന്ന് പ്രതീക്ഷിക്കാം.

തെങ്ങ്‌ കയറ്റം, പറമ്പിലെ പുറം പണി, ആശാരിപ്പണി, ഇലക്റ്റ്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ മേഖലകളെല്ലാം അല്‍പം പരിചയം വേണ്ടതായതിനാല്‍ നിനക്ക്‌ കൈ വയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

ഇപ്പോള്‍ വിദ്യാഭ്യാസം നല്ലൊരു കച്ചവടമായിത്തീര്‍ന്നിട്ടുള്ളതിനാല്‍ ആ മേഖല നിനക്ക്‌ ഒന്ന് ശ്രമിക്കാവുന്നതേയുള്ളു.
ഈയിടെ ബസ്‌ സ്റ്റോപ്പില്‍ ഒരു ബോര്‍ഡ്‌ വായിച്ചിരുന്നു. ട്യൂഷന്‍ എടുക്കാന്‍ ആളെ ആവശ്യമുണ്ട്‌ എന്ന്. മണിക്കൂറിന്‌ 100 മുതല്‍ 200 രൂപവരെ കൊടുക്കും എന്നാണ്‌ എഴുതിയിരുന്നത്‌. അത്‌ തരക്കേടില്ലാത്ത ഒരു പരിപാടിയാണെന്ന് തോന്നുന്നു. ഒരു ദിവസം 4-5 മണിക്കൂര്‍ ട്യൂഷന്‍ എടുത്താല്‍ തന്നെ നല്ല ഒരു വരുമാനമായിരിക്കും.

ഇപ്പോള്‍ കേരളത്തില്‍ ഇഷ്ടം പോലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ളതിനാല്‍ അതിലേതെങ്കിലും കോളേജില്‍ പഠിപ്പിക്കാന്‍ കയറിപ്പറ്റിയാല്‍ തരക്കേടില്ല. നമുക്ക്‌ ശ്രമിക്കാം...

ഈ ഗവര്‍ണ്‍മന്റ്‌ ജോലി ചെയ്തു തുടങ്ങിയതുമുതല്‍ എനിക്ക്‌ രാത്രി ഉറക്കം വളരെ കുറഞ്ഞു. അവധി ദിവസം വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്നു. കാരണം, പകല്‍ സമയം ഓഫീസില്‍ ഇരുന്നും കിടന്നും ഉറങ്ങുന്നതിലാല്‍ രാത്രി ഉറക്കം തീരെ വരുന്നില്ല. അവധിദിവസങ്ങളാണെങ്കില്‍ ഭാര്യ വീട്ടിലെ എന്തെങ്കിലും കാര്യങ്ങളും മറ്റും ചെയ്യാന്‍ ആവശ്യപ്പെടും. പണി ചെയ്ത്‌ ശീലമില്ലാത്തതിനാല്‍ ഒരു മേശയ്ക്കരികില്‍ ഉറക്കം തൂങ്ങി ഒടിഞ്ഞ്‌ മടങ്ങി ഒറ്റ ഇരിപ്പാണ്‌.

ഇപ്പോള്‍, ഗവര്‍ണ്‍മന്റ്‌ ജോലി എന്നത്‌ അത്ര വലിയ സംഭവമൊന്നുമല്ല. ഈയിടെ കേന്ദ്രഗവര്‍ണ്‍മന്റ്‌ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന നടപ്പിലാക്കിയിരുന്നു. അതുപോലെ ഒരെണ്ണം ഇവിടെയും നടപ്പിലാക്കിയാല്‍ തരക്കേടില്ലായിരുന്നു.

പിന്നെ ഒരു ഗുണം എന്തെന്നാല്‍ പെര്‍ഫോര്‍മന്‍സ്‌ കുറഞ്ഞു എന്ന് പറഞ്ഞ്‌ ശമ്പളവര്‍ദ്ധനയില്‍ ഏറ്റക്കുറച്ചിലുണ്ടാവില്ല, പിരിച്ചുവിടല്‍ തീരെ ഉണ്ടാവില്ല. അതല്ല, ഈ പെര്‍ഫോര്‍മന്‍സ്‌ എന്ന സംഗതി ഇവിടെ അളക്കാന്‍ നടപ്പുള്ള കാര്യം വല്ലതും ആണോ? ഇവിടെ ജോലിക്കാര്‍ കൃത്യസമയത്ത്‌ വരുന്നതും പോകുന്നതും നോക്കാന്‍ പഞ്ചിംഗ്‌ തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍ ജീവനക്കാര്‍ പ്രതിഷേധിച്ച്‌ സംഘടന ഇടപെട്ട്‌ നിര്‍ത്തലാക്കിയില്ലേ? ജീവനക്കാരെ അവിശ്വസിക്കുന്നത്‌ അല്ലെങ്കിലും ശരിയാണോ?

ഇനി കൈക്കൂലി കിട്ടാന്‍ സാദ്ധ്യതയുള്ള ജോലിയാണെങ്കില്‍ അത്‌ വാങ്ങാതെ ജോലി ചെയ്യുക നടപ്പുള്ള കാര്യമല്ല. ആത്മാര്‍ത്ഥതയോടെ ജോലി വേഗം വേഗം തീര്‍ത്താല്‍ അത്‌ മനസ്സിലാക്കി സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ഉടനേ അടുത്ത 'പണി' തരും. 'കഴിയുമ്പോ കഴിയുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്ന് തുറന്നുവിട്ട ഭൂതം ആണോ?' എന്ന് തോന്നുമ്പോള്‍ നമ്മളും പണിയുടെ സ്പീഡൊക്കെ ഒന്ന് കുറച്ച്‌, കിട്ടുന്നതും വാങ്ങിച്ച്‌ ഡീസന്റാകും.

ഇതൊക്കെ ഞാന്‍ പറഞ്ഞതെന്തെന്നാല്‍, ഗവര്‍ണ്‍മന്റ്‌ ജോലി കിട്ടിയാല്‍ തന്നെ അതും ബുദ്ധിമുട്ട്‌ പിടിച്ച പണിയാണ്‌ എന്ന് നിനക്ക്‌ മനസ്സിലാവാന്‍ വേണ്ടിയാണ്‌.

എന്തായാലും, നിനക്ക്‌ പറ്റിയ ജോലികള്‍ എന്തെല്ലാമെന്ന് ഞാന്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ആര്‍ഭാടത്തില്‍ പട്ടിണി കിടന്ന് മാനം കെട്ട്‌ ജീവിക്കാതെ, അന്തസ്സായി ഉള്ളത്‌ കൊണ്ട്‌ മനസ്സമാധാനത്തോടെ ജീവിക്കാനായി നീ ധൈര്യമായി ഇങ്ങോട്ട്‌ വന്നോളൂ..

കുറച്ച്‌ നാള്‍ കഴിയുമ്പോള്‍ വീണ്ടും കാലം നന്നാവുമ്പോള്‍ നിനക്ക്‌ അത്തരം ജോലികളിലേയ്ക്ക്‌ തിരിച്ച്‌ പോകാനാകും. അപ്പോള്‍, കാലം പഠിപ്പിച്ച പാഠങ്ങള്‍ അനുഭവത്തിലെടുത്ത്‌ കൂടുതല്‍ നല്ല മനിതനാകാന്‍ നിനക്ക്‌ സാധിക്കും എന്ന് എനിയ്ക്കുറപ്പുണ്ട്‌.

കുട്ടപ്പാ... നിന്നെയും കാത്ത്‌....

സ്വന്തം ബാബു.

7 Comments:

At 9:43 PM, Blogger സൂര്യോദയം said...

പ്രിയപ്പെട്ട ഐ.ടി.കുട്ടപ്പന്‍ വായിച്ചറിയാന്‍....

 
At 12:30 AM, Blogger keralainside.net said...

This post is being listed please categorize this post
www.keralainside.net

 
At 8:33 AM, Blogger അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു.കുറെ കാലം ആയി ഇവിടെ വന്നിട്ട്

 
At 9:36 AM, Blogger കുതിരവട്ടന്‍ :: kuthiravattan said...

"കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവുമായി എല്ലാവരും തിരക്കായിരുന്നു. എവിടെ നോക്കിയാലും കയ്യില്‍ ഒരു മൊബെയില്‍ ഫോണുമായി സ്ഥലകച്ചവടത്തിന്റെ സംസാരങ്ങളുമായി നടക്കുന്നവരെയാണ്‌ കണ്ടിരുന്നത്‌. പലരും അതിന്റെ ബ്രോക്കര്‍ പരിപാടി വഴി (സോറി... റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌ പണി എന്ന് തിരുത്തിവായിക്കുക) നല്ല കാശുണ്ടാക്കി എന്നാണ്‌ അറിയുന്നത്‌. വല്ല്യ ദേഹാദ്ധ്വാനമില്ലാതെയുള്ള പരിപാടിയായതിനാല്‍ നല്ലൊരു ശതമാനം ആളുകളും ആ മേഖലയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന് തോന്നുന്നു."

----------------------------
ഇതു സത്യം. എല്ലാവരും റിയൽ എസ്റ്റേറ്റ് ഏജന്റുമാരായിരുന്നു കുറച്ചു നാൾ മുമ്പുവരെ.

 
At 2:16 AM, Blogger smitha adharsh said...

ഹൊ! ബാബുവിന്റെ ആ ആത്മാര്‍ഥത...!!!
അതിന് വേണം "ഷേക്ക്‌ ഹാന്‍ഡ്"
കുട്ടപ്പനും,ബാബുവും ഇത്തവണയും കലക്കി.

 
At 5:50 AM, Blogger krish | കൃഷ് said...

മറുപടിയും കലക്കി.

 
At 9:58 AM, Blogger തറവാടി said...

>>>പണി ചെയ്ത്‌ ശീലമില്ലാത്തതിനാല്‍ ഒരു മേശയ്ക്കരികില്‍ ഉറക്കം തൂങ്ങി ഒടിഞ്ഞ്‌ മടങ്ങി ഒറ്റ ഇരിപ്പാണ്‌.<<<
ഹി ഹി , സമകാലികം നന്നായുള്‍ക്കൊള്ളുന്ന പോസ്റ്റ് :)

 

Post a Comment

<< Home