ആദ്യ സമരം
നാലാം ക്ലാസ്സ് വരെ ചാലക്കുടിയില്‍ പഠിച്ചെങ്കിലും അത് കഴിഞ്ഞപ്പോള്‍ നമ്മുടെ നിലയ്ക്കും വിലയ്ക്കും പറ്റിയ സ്കൂള്‍ ചാലക്കുടിയില്‍ ഇല്ലെന്ന് തോന്നിയതിനാലാവണം എന്റെ മാതാപിതാക്കള്‍ എന്നെ ചാലക്കുടിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരെ അന്നനാട് എന്ന ഒരു നാട്ടിന്‍പുറത്തെ സ്കൂളിലേയ്ക്ക് ഉപരിപഠനത്തിനയക്കാന്‍ തീരുമാനിച്ചു.
കാര്‍മല്‍ സ്കൂള്‍ പൊതുവേ വല്ല്യ കാശുള്ളവര്‍ പഠിക്കുന്ന സ്കൂളാണെന്ന തോന്നലായതിനാലോ അത്തരം സ്കൂളില്‍ പഠിപ്പിക്കുന്നതിനോട് പിതാശ്രീയുടെ ആദര്‍ശം അനുവദിക്കാഞ്ഞതിനാലോ ആ സ്കൂള്‍ പരിഗണനയിലേ ഉണ്ടായിരുന്നില്ല.
ചാലക്കുടി ഗവര്‍ണ്‍മന്റ് ബോയ്സ് സ്കൂളില്‍ അമ്മ ടീച്ചറായിരുന്നു എങ്കിലും ആ സ്കൂളിന്റെ ശുഷ്കാന്തി പ്രധാനമായും സമരങ്ങളിലാണ് പ്രകടമായിരുന്നത്. ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിച്ചാല്‍ ആഴ്ചയില്‍ 5 ദിവസം സമരം നടന്നിരുന്നതിനാല്‍ ആഴ്ചയുടെ ദൈര്‍ഘ്യം ഒരു 10 ദിവസമെങ്കിലും ആക്കിയാല്‍ നന്നായിരുന്നു എന്ന് നാട്ടുകാര്‍ക്ക് അഭിപ്രായമുണ്ടായിരുന്നത്രേ.
ആഴ്ചയുടെ ദൈര്‍ഘ്യം കൂട്ടുന്നകാര്യത്തില്‍ ഞാന്‍ നാലാംക്ലാസ്സ് കഴിഞ്ഞിട്ടും ഒരു തീരുമാനമാകാത്തതിനാലാവണം എന്നെ അന്നനാട് സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് തോന്നുമെങ്കിലും കാരണം വേറൊന്നായിരുന്നു. എന്റെ പിതാശ്രീ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നതും ഈ അന്നനാട് സ്കൂളില്‍ തന്നെയാണ്. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍ പലരും എന്റെ പിതാശ്രീയില്‍ നിന്നും ചൂരല്‍സീല്‍ പതിഞ്ഞ തുടകള്‍ വഹിച്ചിരുന്നവരും ആയിരുന്നു. അതുകൊണ്ട് തന്നെ, അവിടെ കൊണ്ട് ചേര്‍ത്ത ഉടനെ അച്ഛന്‍ എന്നെ അദ്ധ്യാപകരായ അച്ഛന്റെ ശിഷ്യന്മാര്‍ക്ക് സമര്‍പ്പിച്ചിട്ട് പറഞ്ഞു..
"നിങ്ങള്‍ക്ക് ഞാന്‍ തന്നതെല്ലാം തിരിച്ച് കൊടുക്കാന്‍ ഇതാ ഇവനെ വിട്ട് തന്നിരിക്കുന്നു.."
അച്ഛന്റെ സ്നേഹം കണ്ട് ഞാന്‍ നെഞ്ഞിടിപ്പോടെ കോള്‍മയിര്‍ കൊണ്ടു. ഇനി എന്തെല്ലാം കൊള്ളാനിരിയ്ക്കുന്നു എന്ന് അറിയാവുന്നതിനാല്‍ ആ കോള്‍മയിര്‍ എനിയ്ക്കൊരു വിഷയമായിരുന്നില്ല.
അങ്ങനെ അദ്ധ്യാപകരുടേയും പിള്ളേരുടേയും നോട്ടപ്പുള്ളിയായി അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഞാന്‍ ആ സ്കൂളിലാണ് പഠിച്ചത്. പത്താം ക്ലാസ്സ് പരീക്ഷാഫലത്തിന്റെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നതിനാല്‍ ചാലക്കുടി ഭാഗത്ത് നിന്ന് വളരെയധികം കുട്ടികള്‍ ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. അതില്‍ പലരും എന്റെ വീടിന്റെ പരിസരത്തുള്ളവരും ആയിരുന്നു.
അങ്ങനെ ചാലക്കുടിയില്‍ നിന്നുള്ള കുടിയേറ്റം കൂടിക്കൂടി സ്കൂളിന്റെ സ്റ്റാന്‍ഡേര്‍ഡില്‍ കുറേശ്ശേ ചാലക്കുടി ഇഫ്ഫക്റ്റ് ബാധിച്ചുതുടങ്ങി.
നാട്ടിന്‍പുറത്തെ സ്കൂളായിരുന്നതിനാല്‍ തന്നെ, 'സമരം' എന്ന വാക്ക് ആ സ്കൂളിന്റെ പരിസരപ്രദേശങ്ങളില്‍ പോലും ആരും കേട്ടതായി റിപ്പോര്‍ട്ടില്ല. മാത്രമല്ല, നാട്ടുകാര്‍ ഈ സ്കൂളിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നതിനാലും അവിടെ പഠിക്കുന്ന കുട്ടികളില്‍ നല്ല ശതമാനം ആ പ്രദേശങ്ങളിലുള്ളവരായതിനാലും സമരം എന്ന ആശയം അപ്രായോഗികമായിരുന്നു എന്ന് തന്നെ പറയാം.
ദിവസവും ചാലക്കുടിയില്‍ നടക്കുന്ന സമരങ്ങളും അതിന്റെ ഭാഗമായി കിട്ടുന്ന അവധികളും കണ്ട് കൊതിയോടെ നോക്കുമ്പോളും 'എന്നെങ്കിലും നമ്മുടെ സ്കൂളിലും സമരം വരും' എന്ന് വല്ലാതെ ആഗ്രഹിച്ചെങ്കിലും 'ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം' എന്ന് മനസ്സിനോട് തന്നെ പറഞ്ഞ് എല്ലാവരും സമാധാനപ്പെട്ടു.
ചാലക്കുടിയില്‍ നിന്ന് അന്നനാട് കാടുകുറ്റി ഭാഗത്തേയ്ക്ക് അന്ന് കാലത്ത് വളരെ കുറച്ച് ബസ്സുകളേ ഉണ്ടായിരുന്നുള്ളൂ. 'മാത' എന്ന ഒരു മൂട്ട ബസ്സാണ് ഞങ്ങളുടെ സ്കൂള്‍ ബസ്സ് എന്ന സ്ഥാനം അലങ്കരിച്ചിരുന്നത്. കാലത്ത് ഒമ്പത് മണിക്ക് ചാലക്കുടിയില്‍ നിന്ന് പോകുകയും വൈകീട്ട് 4.30 ന് അന്നനാട്ടില്‍ നിന്ന് ചാലക്കുടിക്ക് വരികയും ചെയ്തിരുന്നതിനാല്‍ എല്ലാവരും ഈയൊരു ബസ്സിന്റെ സേവനത്തിലാണ് സ്കൂള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്, അതും വെറും 10 പൈസ ചിലവില്‍...
പത്ത് പൈസാ കേസുകളായതിനാല്‍ തന്നെ, ബസ്സ് ജീവനക്കാര്‍ക്ക് പൊതുവേ പിള്ളേരോട് അലര്‍ജിയായിരുന്നു. എങ്കിലും, വേറെ നിവര്‍ത്തിയില്ലാത്തതിനാലും മാനുഷിക പരിഗണനയാലും അവര്‍ അതൊക്കെ സഹിച്ച് പോന്നു.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം... ഒരു ദിവസം കാലത്ത് സ്കൂളിലെത്തുമ്പോള്‍ കേള്‍ക്കുന്ന സംഭവമെന്തെന്നാല്‍ സ്കൂളിന്റെ ചെയര്‍മാനെ മാത ബസ്സിലെ കിളി 'താടിയ്ക്ക് തേമ്പി' എന്നാണ്. ഒരു സ്റ്റോപ്പില്‍ നിര്‍ത്താത്തതിന്റെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് 'കടുംവെട്ട്' മുഖഭാവമുള്ള മാതയിലെ കാലങ്ങളായുള്ള ആ 'കിളി', ചെയര്‍മാനെ അറ്റാക്ക് ചെയ്യുകയായിരുന്നു അത്രേ...
സ്കൂളിന്റെ ചെയര്‍മാനെ ഇത് ചെയ്യുക എന്ന് വച്ചാല്‍ സ്കൂളിലെ കുട്ടികളുടേ അഭിമാനത്തെയാണ് താടിയ്ക്ക് തേമ്പിയതെന്ന് പൊതുവേ അഭിപ്രായം രൂപപ്പെട്ടു. ഇത് വെറുതേ വിടാവുന്ന കേസല്ലെന്നും പ്രതികാരം ചെയ്യണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നാനാഭാഗത്ത് നിന്നും വന്നു. ഈ നാനാഭാഗത്തേയ്ക്കും നോക്കിയപ്പോള്‍ മനസ്സിലായത്, അവിടെയെല്ലാം ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ ചാലക്കുടിക്കാരായിരുന്നു എന്നതാണ്.
കുറേക്കാലമായി മനസ്സില്‍ പേടിച്ച് ഒളിച്ച് കിടന്നിരുന്ന 'സമരം' എന്ന ആഗ്രഹമാണ് ചാലക്കുടിക്കാരുടെ ഈ ശൗര്യത്തിനുപിന്നെലെന്നതാണ് സത്യം.
സ്കൂള്‍ കോമ്പൗണ്ടിന്റെ ഒരു ഭാഗത്ത് കൂടി നിന്ന് ചര്‍ച്ചകള്‍ പുരോഗമിച്ചു. സമരം ചെയ്ത് ബസ്സ് തടയുക എന്ന ആശയം പതുക്കെ തലപൊക്കിത്തുടങ്ങി. നാട്ടിലെ തന്നെ ചില ചോരത്തിളപ്പുള്ള ചേട്ടന്മാര്‍ ചെറുതായൊന്ന് സപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. എന്റെ പിതാശ്രീയടക്കമുള്ള ഒന്ന് രണ്ട് അദ്ധ്യാപകര്‍ പൊതുവേ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും അദ്ധ്യാപകയൂണിയന്‍ പ്രവര്‍ത്തനവും ഉള്ളതിനാല്‍ അവര്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഒരു 'ആഗ്രഹം' അവിടെ ചര്‍ച്ചചെയ്യപ്പെട്ടു. ബസ്സ് തടയാന്‍ പോകുകയാണെങ്കില്‍ ആരൊക്കെ ഉണ്ടാകും എന്ന് കണക്കെടുപ്പ് തുടങ്ങിയപ്പോള്‍ നല്ലൊരു ശതമാനം പരിസരവാസികള്‍ മുങ്ങിക്കളഞ്ഞു. ചാലക്കുടിക്കാരും അവരുടെ കഠിനപ്രേരണയുള്ള ചില സുഹൃത്തുക്കളും മാത്രം അവശേഷിച്ചു.
ഞാന്‍ ആകെ കണ്‍ഫിയൂഷനിലായിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് വേണ്ടത് കിട്ടാന്‍ സ്കോപ്പുണ്ട് എന്നത് കൂടാതെ വീട്ടില്‍ നിന്ന് വേറെ അക്കൗണ്ടിലും കിട്ടാനുള്ള സാദ്ധ്യത ഞാന്‍ മനസ്സിലാക്കി. പക്ഷെ, മുങ്ങാന്‍ കമ്മ്യൂണിസ്റ്റ് കാരന്റെ മകനും ചാലക്കുടിക്കാരനുമായ മനസ്സ് അനുവദിച്ചില്ല. മാത്രമല്ല, എന്നെ ചുറ്റിപ്പറ്റി തീരുമാനം എടുക്കുന്ന നാലഞ്ച് പേരും നില്‍പ്പുണ്ട്. അങ്ങനെ, ഈ പരിപാടിയില്‍ അംഗമാകാന്‍ തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബദ്ധിതനായി.
10 മണിയ്ക്ക് ക്ലാസ്സില്‍ കയറാന്‍ ബെല്‍ അടിച്ചെങ്കിലും സമരം ചെയ്യാന്‍ തീരുമാനിച്ച് സംഘം ക്ലാസ്സില്‍ കയറാതെ പുറത്ത് തന്നെ നിന്നു. 'മാത' ബസ്സ്, 11.30 ന് അടുത്ത് ട്രിപ്പ് വരുമ്പോള്‍ അന്നനാട് ജങ്ങ്ഷനില്‍ വച്ച് തടയുക എന്നതായിരുന്നു അജണ്ട.
സ്കൂളിലെ മറ്റ് കുട്ടികളുടെ പഠനത്തിന് ശല്ല്യം ചെയ്യാതെയുള്ള സമരമായതിനാല്‍ നാട്ടുകാരും വല്ല്യ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.
സംഘം ചേര്‍ന്ന് മുദ്രാവാകയം മുഴക്കി ഞങ്ങള്‍ സ്കൂളില്‍ നിന്ന് നീങ്ങി. 'ചാലക്കുടിക്കാരെ മുദ്രാവാക്യം പഠിപ്പിക്കേണ്ട' എന്നത് 'അണ്ണാനെ മരം കയറ്റം പഠിപ്പിക്കേണ്ട' എന്ന ചൊല്ലിനേക്കാള്‍ പ്രസിദ്ധമായിരുന്നു.
'ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ...', 'അടിക്കും ഞങ്ങള്‍ പൊളിക്കും ഞങ്ങള്‍, അടിച്ച് പൊളിച്ച് തകര്‍ക്കും ഞങ്ങള്‍' തുടങ്ങിയ പതിവ് ഐറ്റംസ് തന്നെ പ്രധാനം.
ആദ്യമായി ഒരു സമരത്തിനിറങ്ങിയതിന്റെ ത്രില്‍ മുദ്രാവാക്യം വിളികളില്‍ നിറഞ്ഞു നിന്നെങ്കിലും ഉള്ളിലെ ഭയം നെഞ്ചിടിപ്പിന്റെ വേഗതയിലും മുഴക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഞങ്ങള്‍ അന്നനാട് സ്കൂള്‍ സ്റ്റോപ്പില്‍ മാത ബസ്സിന്റെ വരവും കാത്ത് മുദ്രാവാക്യം വിളികളോടെ നിന്നു. ഈ സമയം നാട്ടുകാരില്‍ ചിലര്‍ ഞങ്ങളോട് പ്രകോപനപരമായി പെരുമാറരുതെന്നും അവര്‍ ഇടപെട്ട് വേണ്ടത് ചെയ്യാമെന്നുമൊക്കെ ഉപദേശിക്കുന്നുണ്ടായിരുന്നു.
കാടുകുറ്റിയില്‍ നിന്ന് തിരിച്ച് ചാലക്കുടിയ്ക്ക് ഒരു ബസ്സ് ആ വഴി കടന്നുപോയപ്പോള്‍ അവര്‍ ഈ കാര്യപരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. പോകുന്ന വഴി അവര്‍ മാത ബസ്സിലെ ഡ്രൈവറോട് ഈ പദ്ധതി ചോര്‍ത്തിക്കൊടുത്തതുകൊണ്ടാകണം, ഞങ്ങളുടെ സ്റ്റോപ്പിന് മുന്‍പുള്ള സ്റ്റോപ്പില്‍ മാത ബസ്സ് നിര്‍ത്തി യാത്രക്കാരെ ഇറക്കി. ഈ വിവരം ആ ഭാഗത്ത് നിന്ന് വന്ന ഒരാളില്‍ നിന്ന് മനസ്സിലാക്കിയ ഞങ്ങള്‍ അങ്ങോട്ട് ചെല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് നടന്നത് രാമായണം ടി.വി. സീരിയലില്‍ യുദ്ധം തുടങ്ങുമ്പോള്‍ ആക്രമിക്കാന്‍ കൂട്ടമായി ആളുകള്‍ ഓടിയടുക്കുന്ന രംഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു സീനായിരുന്നു.
എല്ലാവരും കൂടി ബസ്സ് കിടക്കുന്ന സ്റ്റോപ്പിലേക്ക് ഓടിയടുക്കുന്ന കണ്ടപ്പോള്‍ തന്നെ ബസ്സ് ജീവനക്കാര്‍ ഒന്ന് പകച്ചു. (എല്ലാം പേടിത്തൊണ്ടന്മാരാണെന്ന് അവര്‍ക്കറിയില്ലല്ലോ)
എല്ലാവരും ബസ്സ് വളഞ്ഞ്, കുറേ പേര്‍ ബസ്സിനുള്ളില്‍ കയറി. ആരോപണവിധേയനായ 'കിളി' യെ ചോദ്യം ചെയ്യലും താടിക്ക് തട്ടലും ഇടയില്‍ക്കൂടി പള്ളയ്ക്ക് കുത്തലും മറ്റും മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേയ്ക്ക് ആ പാവം മനുഷ്യന്‍ കരഞ്ഞ് തുടങ്ങുന്ന നിലയിലെത്തി. വേദനിക്കാവുന്ന ദേഹോപദ്രവം കൊണ്ടല്ല, മറിച്ച് ഈ പീക്കിരി പിള്ളേരുടെ അടുത്ത് കുറ്റവാളിയെപ്പോലെ നില്‍ക്കേണ്ടിവന്നതിനാലാവണം ആ പാവം ദുഖിച്ചത്. എന്റെയുള്ളിലെ പ്രതികാര താല്‍പര്യം ഇതെല്ലാം കണ്ട് എപ്പോഴേ കൂറുമാറി അനുകമ്പയായി കൂട്ടുകൂടിയിരുന്നു.
എന്തായാലും ഒരു തീര്‍പ്പുണ്ടായിട്ട് വണ്ടി വിട്ടാല്‍ മതി എന്ന് പറഞ്ഞ് ബസ്സ് സ്കൂള്‍ കോമ്പൗണ്ടിലേയ്ക്ക് പോകട്ടെ എന്നായി തീരുമാനം. ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാതെ സീറ്റിലിരുന്നു, പിള്ളേര്‍ ബസ് ഉന്തി സ്കൂള്‍ സ്റ്റോപ്പ് വരെ എത്തിച്ചു. അതിനിടയില്‍ ബസ്സ് കത്തിച്ചാലോ എന്ന് വരെ ചില വിവരദോഷികള്‍ പറയുന്നുണ്ടായിരുന്നു.
അങ്ങനെ ബസ്സ് സ്കൂള്‍ സ്റ്റോപ്പ് എത്തിയപ്പോഴേയ്ക്ക് നാട്ടുകാരും സ്കൂളിലെ ചില അദ്ധ്യാപകരും അവിടെ എത്തിച്ചേര്‍ന്നു.
ഇനി വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറില്ലെന്ന ഉറപ്പും, ചെയ്ത തെറ്റിന് ഒരു മാപ്പ് പറയലും നടത്തിച്ച് കേസ് ഒത്തുതീര്‍പ്പാക്കി. വിജയശ്രീലാളിതരായി ഞങ്ങള്‍ ക്ലാസ്സുകളിലേയ്ക്ക് മടങ്ങി.
അന്ന് വൈകീട്ട് ഒരു 'വെടിക്കെട്ട്' പ്രതീക്ഷിച്ച് വീട്ടില്‍ ചെന്ന എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ആ രാത്രി കടന്നുപോയി. വെടിക്കെട്ട് മറ്റൊരുദിവസത്തേയ്ക്ക് മാറ്റിവച്ചതായിരിയ്ക്കാം എന്ന് ഞാന്‍ സമാധാനിച്ചു.
പിറ്റേന്ന് മുതലാണ് ഈ സമരത്തിന്റെ കണക്ക് തീര്‍ക്കല്‍ തുടങ്ങിയത്. ഏതെങ്കിലും ഒരു ടീച്ചര്‍ ലീവ് ഉള്ളപ്പോള്‍ ആ ക്ലാസ്സുകളില്‍ ഹെഡ് മാസ്റ്റര്‍ വന്ന് കയറും. സമരത്തിന് പോയവരെ സ്നേഹത്തോടെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തും, എന്നിട്ട് പാരിതോഷികമായി ചൂരല്‍ കൊണ്ട് കയ്യില്‍ രണ്ട് വട്ടം തടവും... ആ സുഖം ആസ്വദിച്ച് തിരുമ്മിക്കൊണ്ട് അവര്‍ സീറ്റില്‍ പോയി ഇരുന്ന് വിശ്രമിക്കും...
ഈ പരിപാടി തുടങ്ങിയവിവരമറിഞ്ഞ് എന്റെ പ്രാര്‍ത്ഥനാലിസ്റ്റില്‍ അദ്ധ്യാപകരും കടന്ന് കൂടി. അതായത്, 'ഒരൊറ്റ അദ്ധ്യാപകരും ലീവ് എടുക്കല്ലേ ഈശ്വരാ..' എന്നതായിരുന്നു എന്റെ പ്രാര്‍ത്ഥനാലിസ്റ്റിലെ മെയിന്‍ ഐറ്റം.
4 Comments:
ഒരുപാട് സമരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും ജീവിതത്തിലെ ആദ്യസമരം ഒരു ഓര്‍മ്മയായിരിക്കുമല്ലോ, അതും പ്രതികൂലസാഹചര്യങ്ങളില്‍...
:-)
ഇതു ആ സ്കൂളിലെ ആദ്യത്തെയും അവസാനത്തെയും സമരം ആയിരുന്നു അല്ലേ?
‘ധന്യ’ എന്ന നടന്‍ ശങ്കര്‍ മെലിഞ്ഞപോലെ കണ്ടക്റ്റര്‍ ഉള്ള ബസിലും കാണാറുണ്ടല്ലോ ക്രീം ഷര്‍ട്ടും, കാപ്പിപൊടി കളര്‍ കളസവുമുള്ള ഗെഡികളെ, അത് അന്നനാട് ഗെഡികള്‍ തന്നെയല്ലെ ഗെഡീ?
കുതിരവട്ടന്‍... അതായിരുന്നു എന്ന് തോന്നുന്നു ആദ്യത്തേതും അവസാനത്തേതും.. ഇതുവരെ.. ഇനിയും മാറാന്‍ സമയമുണ്ട്.. :-)
സങ്കുചിതാ... അത് തന്നെ ഗഡീസ്... :-)
Post a Comment
<< Home