സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, February 21, 2008

അക്കര തിയ്യറ്റര്‍ എഫ്ഫക്റ്റ്‌ ഓണ്‍ ഫസ്റ്റ്‌ നൈറ്റ്‌

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ (ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌), ചാലക്കുടി അക്കര സിനിമ തിയ്യറ്റര്‍ ഫാമിലികള്‍ക്കിടയില്‍ 'ബ്ലാക്ക്‌ 'ലിസ്റ്റഡും ചെറുപ്പക്കാര്‍ക്കിടയില്‍ 'ബ്ലൂ' ലിസ്റ്റഡും ആയിരുന്നു.

വസ്ത്രധാരണത്തില്‍ വല്ല്യ താല്‍പര്യമില്ലാത്ത തരം ആളുകള്‍ അഭിനയിക്കുന്ന ചിത്രങ്ങളാകും മിക്കവാറും ഈ തിയ്യറ്ററില്‍ കളിയ്ക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഒരൊറ്റ വനിതാപ്രജപോലും ആ പരിസരത്തുകൂടെ നടക്കുകപോലുമില്ല.

മിക്കവാറും ഇംഗ്ലീഷ്‌ സിനിമകളോ അല്ലെങ്കില്‍ തമിഴ്‌ മാദക സിനിമകളോ ആയിരിയ്ക്കും ഇവിടുത്തെ പ്രധാന ഐറ്റംസ്‌.

ഇംഗ്ലീഷ്‌ സിനിമ എന്ന് വച്ചാല്‍ തന്നെ അത്‌ അശ്ലീലമായിത്തന്നെ മുദ്രകുത്തപ്പെട്ടവയായിരുന്നല്ലോ പണ്ട്‌. കാരണം, മിക്കവാറും സ്നേഹപ്രകടനങ്ങള്‍ യാതൊരു പഞ്ഞവുമില്ലാതെ നാട്ടുകാര്‍ കാണുന്നുണ്ടെന്ന വെളിവില്ലാതെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇംഗ്ലീഷുകാര്‍ക്ക്‌ തന്നെ മികവ്‌. (എന്റെ വിവരക്കേടാണേല്‍ ക്ഷമിച്ചേക്കൂ... ഞാന്‍ അങ്ങനെയാണ്‌ ധരിച്ച്‌ വച്ചിരുന്നത്‌...ഈ ഇംഗ്ലീഷ്‌ ഐറ്റംസിനെ വെല്ലുന്ന ഇനം തമിഴിലും മലയാളത്തിലുമൊക്കെ വന്നിട്ടുണ്ട്‌ എന്നറിയാം...)

നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ എന്ന കാരണത്താല്‍ വല്ല്യ താല്‍പര്യമുണ്ടായിട്ടും അക്കരയില്‍ കയറാന്‍ പലര്‍ക്കും (ഞാനടക്കം) മടിയായിരുന്നു, അല്ലെങ്കില്‍ പേടിയായിരുന്നു. പിന്നീട്‌, ആഗ്രഹം അഭിമാനബോധത്തെ വിഴുങ്ങുന്ന വേളകളില്‍ പലരും ഒന്നും അറിയാത്ത പോലെ, അവിടെ ഒരു തിയ്യറ്റര്‍ ഉണ്ട്‌ എന്ന അറിയുകപോലും ഇല്ല എന്ന ഭാവത്തോടെ, അക്കരയുടെ മുന്നിലൂടെ നടന്നുപോകുകയും പെട്ടെന്ന് ബോധോദയമുണ്ടായപോലെ ഉള്ളിലേയ്ക്ക്‌ കയറിപ്പോകുകയുമാണ്‌ പതിവ്‌.

സിനിമ കഴിഞ്ഞ്‌ ഇറങ്ങി വരുമ്പോഴാകട്ടെ, ഭയങ്കര തിരക്കുള്ള ഭാവത്തില്‍, 'ഞാന്‍ എങ്ങനെ ഇതിന്റെ ഉള്ളില്‍ വന്നു?' എന്ന മുഖഭാവത്തോടെയുള്ള ഒരൊറ്റ പോക്കാണ്‌. ചിലപ്പോള്‍ കാശ്‌ പോയതിന്റെ ദേഷ്യവും പ്രകടമാകുമെന്ന് മാത്രം. കാരണം, സിനിമാപ്പേരിലും പോസ്റ്ററിലുമുള്ള ആ ഒരു 'ഇത്‌', സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടാവില്ല. 'ഏത്‌?...'

ഈ പറഞ്ഞ പരുവത്തിലുള്ള ഒരു കാലഘട്ടം... പഠിപ്പ്‌ കഴിഞ്ഞ്‌ ചിറക്‌ മുളച്ച യുവജനങ്ങള്‍ (അതായത്‌ നേരത്തും കാലത്തും കുടുംബം പറ്റിയില്ലേലും വല്ല്യ കുഴപ്പമില്ലാത്ത പ്രായം) ഈ തിയ്യറ്ററില്‍ സീസണ്‍ ടിക്കേറ്റ്‌ എടുത്ത്‌ വിലസുന്ന കാലം... ആ കാലഘട്ടത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന ഒരു സംഭവം, സ്ഥിരമായി 5 വര്‍ഷക്കാലത്തോളം ചാലക്കുടി-എറണാകുളം റൂട്ടില്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടായ ഒരുപാട്‌ സുഹൃത്തുക്കളില്‍ ഒരാളെക്കുറിച്ച്‌ കേട്ടറിഞ്ഞത്‌...(മിക്കവാറും അല്‍പ്പം ഓവര്‍ഡോസ്‌ ആവും എന്ന് എനിയ്ക്കും തോന്നി..)

നമ്മുടെ നായകന്‍, ഉന്നതകുലജാതന്‍, അന്നത്തെ ഉന്നതവിദ്യാഭ്യാസ സമ്പന്നന്‍ (ബി.കോം.)... (പാസ്സ്ഡ്‌, കമ്പ്ലീറ്റഡ്‌, ഫെയില്‍ഡ്‌ എന്നീ വാല്‌ വിദ്യാഭാസത്തിന്റെ കൂടെ പറയാന്‍ പാടില്ലാത്തതിനാല്‍, ശരിയ്ക്ക്‌ അറിയില്ല...)

പുള്ളിക്കാരന്‍ അക്കര തിയ്യറ്ററില്‍ സീസണ്‍ ടിക്കേറ്റ്‌ എടുത്തിട്ടുള്ള ആളായിരുന്നു അത്രേ.. അതും സെക്കന്‍ഡ്‌ ഷോയ്ക്ക്‌... അപ്പോ പിന്നെ മര്യാദക്കാരായ ജനങ്ങളെ ഫേസ്‌ ചെയ്യേണ്ടല്ലോ...

ഈ സെക്കന്‍ഡ്‌ ഷോ കാണുമ്പോളുള്ള പ്രത്യകത എന്തെന്നാല്‍, സിനിമയ്ക്കിടയില്‍ നല്ല രംഗങ്ങള്‍ക്ക്‌ ഭയങ്കര പ്രോല്‍സാഹനം നല്‍കിയിരുന്നു അത്രേ (സിനിമയില്‍ അഭിനയിക്കുന്നവര്‍ കേള്‍ക്കാന്‍ വേണ്ടിയൊന്നുമാവില്ല...)

സിനിമയിലെ അഭിനേതാക്കള്‍ വസ്ത്രത്തോട്‌ അലര്‍ജി പ്രകടിപ്പിക്കുന്ന സീനുകള്‍... അതായത്‌, വസ്ത്രങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുന്ന സീനുകള്‍ (സ്വന്തം ഇഷ്ടപ്രകാരമോ മറ്റുള്ളവരുടെ പ്രേരണയോ നിര്‍ബന്ധമോ ബലപ്രയോഗമോ മൂലം) ........ അത്തരം സീനുകളില്‍ വിസിലടിച്ചും കൈ കൊട്ടിയും വന്‍ പ്രോല്‍സാഹനം നല്‍കി വന്നിരുന്നു അത്രേ...ഈ നായകനും അത്തരം പ്രോല്‍സാഹനക്കമിറ്റിയിലെ മെയിന്‍ ആളായിരുന്നു അത്രേ...

('അത്രേ' എന്ന് ഇടയ്ക്കിടയ്ക്ക്‌ ചേര്‍ക്കുന്നത്‌ കേട്ടറിവുള്ള കാര്യമായതുകൊണ്ടാണ്‌ ട്ടോ...)

അങ്ങനെ കയറൂരിവിട്ട പ്രായം ഒന്ന് ഒതുങ്ങി പുള്ളിക്കാരന്‍ വിവാഹിതനായി. ഇദ്ദേഹത്തിന്റെ വീടാണെങ്കില്‍ ചാലക്കുടിപ്പാലത്തിന്നടുത്താണ്‌...

വിവാഹരാത്രി .. (ഫസ്റ്റ്‌ നൈറ്റെന്ന് വിവരമില്ലാത്തവര്‍ പറയും... )

അന്ന് പാതിരാത്രിയ്ക്ക്‌ ചാലക്കുടിപ്പാലത്തിന്ന് പരിസരം നാഷണല്‍ ഹൈവേ ബ്ലോക്കായിരുന്നു അത്രേ... കാരണം, ആ പരിസരത്തെവിടെയോ വിസിലടിയും കൈകൊട്ടും ബഹളവും കേട്ട്‌ ആളുകള്‍ വാഹനം നിര്‍ത്തി ഇട്ടതിനാല്‍.....

(വാല്‍ക്കഷണം: ഈ സംഭവം വിവരിക്കുമ്പോള്‍ ഈ നായകന്‍ അത്‌ കേട്ട്‌ ചിരിച്ചതല്ലാതെ നിഷേധിച്ചില്ല... പുള്ളിക്കാരനും അതങ്ങ്‌ ആസ്വദിച്ചു.
അക്കര തിയ്യറ്റര്‍ ഡീസന്റായി... അതായത്‌, ഞാനൊക്കെ തലതെറിച്ച പ്രായമായപ്പോഴെയ്ക്കും സ്കോപ്പ്‌ ഇല്ലാതായി എന്നര്‍ത്ഥം... ഡീസന്റായിട്ടും കുറേക്കാലം ആ തിയ്യറ്ററിലെ സിനിമ കാണാന്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല... കുറേ നാളുകളെടുത്തു ആ ഇമേജൊന്ന് മാറിക്കിട്ടാന്‍ )

6 Comments:

At 9:01 PM, Blogger സൂര്യോദയം said...

പഴയകാലത്തെ ചാലക്കുടി അക്കര തിയ്യറ്ററും അതിന്റെ സ്വാധീനവും...

 
At 10:04 PM, Blogger ശ്രീ said...

ഹ ഹ... കൊള്ളാം.
കഥാനായകന്‍ ഇതു വായിച്ച് കൈ വയ്ക്കാന്‍ സാദ്ധ്യത തെളിഞ്ഞു കാണുന്നു.
:)

 
At 12:35 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പറയാതിരിക്കാനും വയ്യ പറയാനും വയ്യ എന്നാണല്ലേ!

 
At 4:43 AM, Blogger ഉപാസന || Upasana said...

നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ എന്ന കാരണത്താല്‍ വല്ല്യ താല്‍പര്യമുണ്ടായിട്ടും അക്കരയില്‍ കയറാന്‍ പലര്‍ക്കും (ഞാനടക്കം) മടിയായിരുന്നു, അല്ലെങ്കില്‍ പേടിയായിരുന്നു. പിന്നീട്‌, ആഗ്രഹം അഭിമാനബോധത്തെ വിഴുങ്ങുന്ന വേളകളില്‍ പലരും ഒന്നും അറിയാത്ത പോലെ, അവിടെ ഒരു തിയ്യറ്റര്‍ ഉണ്ട്‌ എന്ന അറിയുകപോലും ഇല്ല എന്ന ഭാവത്തോടെ, അക്കരയുടെ മുന്നിലൂടെ നടന്നുപോകുകയും പെട്ടെന്ന് ബോധോദയമുണ്ടായപോലെ ഉള്ളിലേയ്ക്ക്‌ കയറിപ്പോകുകയുമാണ്‌ പതിവ്‌.

സിനിമ കഴിഞ്ഞ്‌ ഇറങ്ങി വരുമ്പോഴാകട്ടെ, ഭയങ്കര തിരക്കുള്ള ഭാവത്തില്‍, 'ഞാന്‍ എങ്ങനെ ഇതിന്റെ ഉള്ളില്‍ വന്നു?' എന്ന മുഖഭാവത്തോടെയുള്ള ഒരൊറ്റ പോക്കാണ്‌. ചിലപ്പോള്‍ കാശ്‌ പോയതിന്റെ ദേഷ്യവും പ്രകടമാകുമെന്ന് മാത്രം. കാരണം, സിനിമാപ്പേരിലും പോസ്റ്ററിലുമുള്ള ആ ഒരു 'ഇത്‌', സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടാവില്ല. 'ഏത്‌?...'

ഭായ് സത്യം.
പണ്ട് ഞാനും കേറിയിട്ടുണ്ട് വലിയ പറമ്പ് ശ്രീകൃഷ്ണയില്‍.
“ബിറ്റ്” ഇല്ലെങ്കില്‍ നഷ്ടം തന്നെയാണ്.
:-)
ഉപാസന

 
At 7:05 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ കലക്കി

 
At 10:02 PM, Blogger ഇടിവാള്‍ said...

ഹഹഹ! എനിക്ക് വയ്യ!

ആ വിസിലടി/കൈയടികള്‍ കലക്കി.. നായ് നടുക്കടലിലും നക്കിയേ കുടിക്കൂ എന്നാണല്ലോ/ ;)

ഏതൊ ഫിലിമില്‍ സലിം കുമാര്‍‍ ആദ്യരാത്രിക്ക് ശേഷം ഭാര്യക്ക് പൈസ കൊടുക്കുന്നതും, പെണ്ണുമ്പിള്ള ബാക്കി കൊടുക്കുന്നതും ഇല്ലേ?

 

Post a Comment

<< Home