സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, September 27, 2007

സൂര്യാസ്തമയവിവാഹവും അനുബന്ധ സംഭവങ്ങളും

പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ സഹകരിക്കാതെ തന്നെ വീട്ടുകാരെയും നാട്ടുകാരെയും ക്ഷണിച്ച്‌ വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി വസ്ത്രങ്ങളെടുക്കാന്‍ അസ്തമയനും ഭാര്യയും എന്റെ വീട്ടുകാരും ഒരു സുഹൃത്തും കൂടി എറണാകുളത്തെത്തി.

വസ്ത്രങ്ങളുടെ പര്‍ച്ചേസ്‌ കഴിഞ്ഞ്‌ വേറെ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ വനിതാസംഘം ഒരു ലേഡീസ്‌ ഷോപ്പില്‍ കയറിയപ്പോള്‍ പുറത്ത്‌ ഞങ്ങള്‍ കൂടി നിന്ന് അല്‍പം വിശകലനം നടത്തി.

അസ്തമയന്റെ ഭാര്യയുടെ വീട്ടിലെ അലമാര നിറയെ വില കൂടിയ ചുരിദാറുകളുണ്ടെന്നും എന്നിട്ട്‌ ഇപ്പോ വസ്ത്രങ്ങള്‍ വീണ്ടും വാങ്ങേണ്ടി വന്നു എന്നുമുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ വന്നു.
അഭിമാനിയായ അസ്തമയന്‍ രണ്ട്‌ ദിവസം മുന്‍പ്‌ കാച്ചിയ ഡയലോഗിനെക്കുറിച്ച്‌ എന്റെ സുഹൃത്തിന്റെ ചോദ്യം

"അവളുടെ ഡ്രസ്സും മറ്റും വേണ്ടാ... ആ സര്‍ട്ടിഫിക്കറ്റ്‌ സ്‌ കിട്ടിയാല്‍ മതിയായിരുന്നു എന്ന് നീ പറഞ്ഞെന്നറിഞ്ഞു...?"

ഉടനെ അസ്തമയന്‍.. "ങ്‌ ഹാ... അങ്ങനെ പറഞ്ഞുപോയി... ഇപ്പോ ഡ്രസ്സിന്റെ വിലയെല്ലാം അറിഞ്ഞപ്പോള്‍ ഒരു ചെറിയ മാറ്റം ഉണ്ട്‌ അഭിപ്രായത്തില്‍..."

"അതെന്താ മാറ്റം?"

"സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയില്ലേലും കുഴപ്പമില്ല.. ആ ഡ്രസ്സ്‌ ഒക്കെ കിട്ടിയാലും മതി..."

ചിരിച്ചുകൊണ്ടുള്ള അസ്തമയന്റെ മറുപടി കേട്ട്‌ എല്ലാവര്‍ക്കും ചിരിവന്നു.

"അല്ലാ.. ആ കുട്ടിയുടെ അച്ഛന്‍ വിളിച്ചിരുന്നു എന്ന് കേട്ടു..." വീണ്ടും സുഹൃത്തിന്റെ ചോദ്യം..

"വിളിച്ചിരുന്നു... എന്റെ ബയോഡാറ്റാ അയച്ചുകൊടുക്കാന്‍ പറഞ്ഞു... പിന്നെ, അവളുടെ പേരില്‍ എത്രയും പെട്ടെന്ന് അക്കൗണ്ട്‌ തുടങ്ങിയിട്ട്‌ അതിന്റെ ഡീറ്റയില്‍സ്‌ പുള്ളിക്കാരന്‌ ഗള്‍ഫിലേയ്ക്ക്‌ അയച്ച്‌ കൊടുക്കാന്‍ പറഞ്ഞു..."

"എന്നിട്ട്‌??"

"ഹേയ്‌.. അതൊന്നും ശരിയാവില്ല... "

"എടാ.. നീ വല്ല്യ അഭിമാനോം വച്ചോണ്ട്‌ ഇരുന്നോ... ഒരു കാര്യം ചെയ്യ്‌... ഒന്നല്ല... എന്റെ രണ്ട്‌ മൂന്ന് അക്കൗണ്ട്‌ ഡീറ്റയില്‍സ്‌ തരാം.. അത്‌ കൊടുക്ക്‌... അല്ലാ പിന്നെ..." സുഹൃത്തിന്റെ കളിയാക്കല്‍ തുടര്‍ന്നു...

അങ്ങനെ ഷോപ്പിംഗ്‌ ദിനം അവസാനിച്ചു.

കല്ല്യാണ സല്‍ക്കാരം നടക്കാന്‍ തീരുമാനിച്ച ദിവസത്തിന്‌ രണ്ട്‌ ദിവസം മുന്‍പ്‌ അസ്തമയന്‌ ഭാര്യയേയും കൊണ്ട്‌ സെക്കന്‍ഡ്‌ ഷോ കാണാന്‍ ഒരു ആഗ്രഹം.. അതില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ച അമ്മയെ അസ്തമയന്‍ ഡയലോഗ്‌ പറഞ്ഞ്‌ ഒതുക്കി. അമ്മ വിവരം എനിയ്ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തു.

ഞാന്‍ അസ്തമയനെ ഫോണില്‍ വിളിച്ചു..

"എടാ... നിങ്ങള്‍ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞ്‌ വരുമ്പോള്‍ ആ കുട്ടിയുടെ വീട്ടുകാര്‍ വല്ലവരും ആ കുട്ടിയേ തട്ടിക്കൊണ്ട്‌ പോയാല്‍ എന്താവും സ്ഥിതി? അവരെ നാണം കെടുത്തിയതിന്‌ പകരമായി നമ്മള്‍ നടത്താന്‍ ഉദ്ദേശിച്ച ഫംഗ്ഷന്‍ കുളമാക്കാന്‍ അത്‌ പോരേ???"

അത്‌ കേട്ടപ്പോള്‍ അസ്തമയന്‍ ഒന്ന് പകച്ചു... "എന്നാപ്പിന്നെ സെക്കന്‍ഡ്‌ ഷോ പിന്നെയാവാല്ലേ??" എന്ന് പറഞ്ഞ്‌ ആ പദ്ധതി ഉപേക്ഷിച്ചു.

വിവാഹസല്‍ക്കാര ചടങ്ങ്‌ വീടിന്നടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ വച്ച്‌... 3 മണി മുതല്‍ 6 മണിവരെയായിരുന്നു പരിപാടി..

കൃത്യം 3 മണിയോടെ അസ്തമയനെയും ഭാര്യയെയും കൊണ്ട്‌ ഓഡിറ്റോറിയത്തില്‍ എത്തി. ഒരൊറ്റ മനുഷ്യനുമില്ലാതെ ശൂന്യമായ ഓഡിറ്റോറിയം... ആരേലും 3 മണിക്ക്‌ തന്നെ ഫുഡ്‌ അടിക്കാന്‍ വരുമോ?.... അങ്ങനെ അസ്തമയനും ഭാര്യയും ഞങ്ങളും ഓഡിറ്റോറിയത്തിനുപുറത്ത്‌ ക്ഷണിതാക്കളേയും പ്രതീക്ഷിച്ച്‌ കുറച്ച്‌ സമയം നിന്നു... നിന്ന് കാല്‌ കഴച്ചപ്പോള്‍ ഞാന്‍ അവരെ കൊണ്ടുപോയി സ്റ്റേജില്‍ ഇരുത്തി...

ഒരു നാല്‌ മണിയായപ്പോഴേയ്ക്കും ആളുകള്‍ എത്തിത്തുടങ്ങി. ഫങ്ങ്ഷന്‌ നാട്ടുകാരും വീട്ടുകാരും പങ്കെടുത്തു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളെ ക്ഷണിച്ചിരുന്നെങ്കിലും ആരും തന്നെ വന്നില്ല. പക്ഷെ, പരിപാടി കേമമായി തന്നെ നടന്നു. വീട്ടുകാരിലും നാട്ടുകാരിലുമുള്ള പലരും അസ്തമയനോട്‌ അവരുടെ അതിശയവും മറ്റും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ബന്ധുക്കളിലെ വളര്‍ന്ന് വരുന്ന തലമുറയിലെ പിള്ളേര്‍ക്ക്‌ ഇതൊരു സന്തോഷദിനമായിരുന്നു. കാരണം, ഭാവിയില്‍ അവര്‍ക്ക്‌ ഇത്തരം ഒരു കുരുത്തക്കേട്‌ കാണിക്കാനുള്ള ഒരു സ്കോപ്പ്‌ ഒരു ഹിഡണ്‍ അജണ്ടയായി അവശേഷിച്ചു. പക്ഷെ, ഈ ഹിഡണ്‍ എക്സ്പ്രഷന്‍ മനസ്സിലാക്കിയ പല മുതിര്‍ന്ന കാരണവന്മാരുമുണ്ടായിരുന്നു എന്നതാണ്‌ മറ്റൊരു സത്യം...

ഞങ്ങളുടെ ഒരു മുത്തമ്മാമന്‍ (അമ്മയുടെ അമ്മാവന്‍) അദ്ദേഹത്തിന്റെ മകളുടെ മകളോട്‌ ഒരു ചെറിയ വാര്‍ണിംഗ്‌...

"അത്‌ കണ്ട്‌ മക്കള്‌ തുള്ളണ്ടാ.. അങ്ങനെ വല്ലതും പറഞ്ഞോണ്ട്‌ വന്നാല്‍ ശരിപ്പെടുത്തിക്കളയും..."

അത്‌ കേട്ട്‌ "ഹേയ്‌... ഈ മുത്തച്ഛന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞത്‌ എങ്ങനെ കേട്ടു?" എന്ന് വേവലാതിപ്പെട്ട്‌ അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ അദ്ദേഹം തന്നെ ഒരു ഡയലോഗ്‌ കൂടി...

"ഇനി ഒരുത്തനെക്കൂടി എനിയ്ക്കൊന്ന് കാണാനുണ്ട്‌..."

പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ അദ്ദേഹത്തിന്റെ മറ്റൊരു മകളുടെ മകനെയാണ്‌... കാരണം, അവനും എന്തോ ചില ചുറ്റിക്കെട്ട്‌ ഉള്ളതായി പുള്ളി മനസ്സിലാക്കിയിരിക്കുന്നു.

അങ്ങനെ ഇതൊരു ട്രെന്‍ഡ്‌ സെറ്ററാകുമോ എന്ന് ഭയമുള്ള പല കാരണവന്മാര്‍ക്കും പുറമേ വല്ല്യ ലോഹ്യം നടിക്കുന്നുണ്ടെങ്കിലും അസ്തമയനെ അത്ര ബോധിച്ചിരിക്കാന്‍ ഇടയില്ല എന്ന സത്യം എനിയ്ക്ക്‌ മനസ്സിലായി.

അസ്തമയന്റെ വിവാഹജീവിതം തുടങ്ങി. വല്ല്യ താമസമില്ലാതെ ആ പെണ്‍കുട്ടിയ്ക്ക്‌ റിസര്‍ച്ച്‌ അസിസ്റ്റന്‍ഡായി ജോലി ലഭിച്ചു. വീട്ടില്‍ നിന്ന് തന്നെ 1 മണിക്കൂറില്‍ എത്താവുന്ന ദൂരം...

പെണ്‍കുട്ടിയുടെ അച്ഛന്‍ ഇടയ്ക്ക്‌ ഗള്‍ഫില്‍ നിന്ന് വിളിച്ച്‌ സുഖവിവരങ്ങള്‍ അന്വേഷിക്കും.. അദ്ദേഹത്തിന്റെ പരിഭവം മുഴുവന്‍ മാറിയിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു...

ഒരു മാസമായപ്പോഴെയ്ക്കും പെണ്‍കുട്ടിയുടെ അമ്മയുമായും വല്ല്യ ലോഹ്യമായി... തനിക്ക്‌ മകളേക്കാള്‍ വലുതല്ല സഹോദരങ്ങളെന്ന് ആ അമ്മ പറഞ്ഞു അത്രേ...

ഒരു ദിവസം രണ്ടു പേരോടും കൂടി വീട്ടിലോട്ട്‌ ചെല്ലാന്‍ പറഞ്ഞത്‌ അസ്തമയന്‌ അത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ, ഞങ്ങള്‍ നിര്‍ബദ്ധിച്ച്‌ ഒരു ദിവസം അങ്ങോട്ട്‌ അയച്ചു... പക്ഷെ, അവിടെ താമസിക്കാന്‍ അസ്തമയന്‍ കൂട്ടാക്കിയില്ല.. അതിന്‌ ഞങ്ങളാരും നിര്‍ബന്ധിച്ചുമില്ല..

ഓണത്തിന്‌ അസ്തമയനും ഭാര്യയ്ക്കും മറ്റും വസ്ത്രങ്ങളും കൊണ്ട്‌ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു.

ഒരു ദിവസം ഞങ്ങളെല്ലാം കൂടി അവരുടെ വീട്ടില്‍ ഒരു വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്തു.

ഇപ്പോള്‍ പഴയ കലുഷിതമായ കാര്യങ്ങളെല്ലാം തെളിഞ്ഞ്‌ വിവാഹജീവിതത്തിന്റേതായ കലുഷിതമായ കുത്തൊഴുക്കിലൂടെ അസ്തമയനും ഭാര്യയും കടന്ന് പോകുന്നു. അസ്തമയനെക്കാള്‍ അസ്തമയന്റെ ഭാര്യയെ അച്ഛനും അമ്മയ്ക്കും ബോധിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും അസ്തമയന്റെ സ്വതസിദ്ധമായ ദേഷ്യപ്രകടനങ്ങളും ഉണ്ടായാല്‍ തന്നെ അസ്തമയന്‌ മാതാപിതാക്കളില്‍ നിന്ന് തരക്കേടില്ലാത്ത എതിര്‍പ്പ്‌ നേരിടേണ്ടിയും വരുന്നു.

11 Comments:

At 4:09 AM, Blogger സൂര്യോദയം said...

ബൂലോഗത്തെ നല്ലവരായ പല സുഹൃത്തുക്കളുടേയും വായനക്കരുടേയും ആവശ്യപ്രകാരം അസ്തമയന്റെ ഒരു ലേറ്റസ്റ്റ്‌ അപ്ഡേറ്റ്‌ പോസ്റ്റ്‌ ചെയ്യുന്നു....

 
At 4:11 AM, Blogger ശ്രീ said...

അസ്തമയനും ഭാര്യയ്ക്കും സ്പെഷല്‍‌ ആശംസകള്‍‌...
:)

 
At 4:41 AM, Blogger പടിപ്പുര said...

ശുഭാന്ത്യം.
അനിയന്‍ ചെക്കനോട് ആശംസകള്‍ അറിയിക്കുക.

(ചേട്ടന്‍ പാര്‍ട്ടിക്കുള്ള ഇടപാടുകള്‍ ചെയ്യുക:)

 
At 6:37 AM, Blogger ദില്‍ബാസുരന്‍ said...

സന്തോഷം തോന്നുന്നു.

ഒന്നിനുമല്ല വെറുതെ ഞാന്‍ ഇങ്ങനെ.. (തല ചൊറിയുന്നു) ;-)

 
At 7:19 AM, Blogger സഹയാത്രികന്‍ said...

സന്തോഷം...
ഈ സന്തോഷം എന്നെന്നും നിലനില്‍ക്കട്ടെ... ആശംസകള്‍...
:)

 
At 7:19 AM, Blogger കുഞ്ഞന്‍ said...

അസ്തമയ്ത്തിനും രാത്രിക്കും ഭാവുകങ്ങള്‍ നേരുന്നതോടൊപ്പം, എല്ലാം കലങ്ങിത്തെളിഞ്ഞ നല്ല നല്ല സൂര്യോദയങ്ങള്‍ ഇനി അവരുടെ ജീവിതത്തില്‍ ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു

 
At 12:41 PM, Blogger കുതിരവട്ടന്‍ :: kuthiravattan said...

മുത്തമ്മാമന്‍ കലക്കി. ദില്‍ബാ, കേട്ടല്ലോ :-)

അസ്തമയന്‍ പുതിയത് വല്ലതും ഒപ്പിച്ചിട്ടുണ്ടാവും എന്ന് വിചാരിച്ചു വന്നതാ. അസ്തമയന്‍ ഡീസന്റ് ആയല്ലേ. കല്യാണം കഴിഞ്ഞാ അങ്ങനെയാ. ഇനി ആ ഏരിയയില്‍ കഥക്ക് സ്കോപ്പില്ല. :-)

 
At 1:37 PM, Blogger കുറുമാന്‍ said...

ആശംസകള്‍ അസ്തമയാ......

ജീവിതം അസ്തമയമല്ല എന്ന് മനസ്സിലാക്കൂ.....

ഉദയത്തില്‍ തുടങ്ങി അസ്തമയത്തില്‍ എത്തിച്ചേരുന്ന ജീവിതം, അതിന്നിടയിലെ രസങ്ങള്‍, രസമുകുളങ്ങള്‍, പ്രശ്നങ്ങള്‍, അതൊക്കെ തന്നെ ജീവിതം.

 
At 9:36 PM, Blogger ആഷ | Asha said...

ഇതിന്നലെ വായിച്ചിരുന്നു.
കാര്യങ്ങളൊക്കെ നന്നായി പോവുന്നുവെന്നറിഞ്ഞതില്‍ സന്തോഷം.

 
At 12:06 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അങ്ങനെ അസ്തമയം കഴിഞ്ഞ് വീണ്ടും ഉദയമായി അല്ലേ?

ഓടോ:
ഞങ്ങളെ ആരെം വിളിച്ചില്ലാ സല്‍ക്കാരത്തിന്. :(

 
At 4:41 AM, Blogger ശാലിനി said...

നന്നായി, എല്ലാവരും ഒരുമിച്ചെന്ന് കേട്ടപ്പോള്‍ സന്തൊഷം തോന്നുന്നു.

 

Post a Comment

Links to this post:

Create a Link

<< Home