സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, June 17, 2007

ഇല്ലപ്പറമ്പും തെങ്ങിന്‍പട്ടയും

നാട്ടിലെ ഒരു നമ്പൂതിരി മനയോട്‌ ചേര്‍ന്ന് വിസ്തരിച്ച്‌ കിടക്കുകയാണ്‌ പറമ്പ്‌... നിറയെ തെങ്ങും വാഴയും പുല്ലും പാമ്പും എല്ലാം ചേര്‍ന്ന് ഒരുമയോടെ കിടക്കുന്ന സ്ഥലം...

നമ്പൂതിരിയുടെ മക്കളൊക്കെ പഠിപ്പും ജോലിയുമായി നാട്ടിന്‌ പുറത്തായതിനാല്‍ (ഇതൊരു കാരണമൊന്നുമല്ല, എങ്കിലും) ആ പറമ്പ്‌ ഫലഭൂയിഷ്ഠമായി വിളഞ്ഞ്‌ കിടന്നിട്ടും നമ്പൂതിരി ഫാമിലി വഹ അവിടെ കാര്യമായ കൃഷിയോ വിളവെടുപ്പോ നടന്നിരുന്നില്ല... ആയതിനാല്‍ ഇതില്‍ വിഷമം തോന്നിയ നാട്ടിലെ കുറെ പിള്ളേര്‍ രാത്രികാലങ്ങളില്‍ വിളവെടുപ്പ്‌ നടത്തുക പതിവായിരുന്നു. പാമ്പിനെ പേടിയുള്ളവര്‍ പാമ്പാവാനുള്ള സാധനം അല്‍പം അടിയ്ക്കും അത്ര തന്നെ.

ഈ വിളവെടുപ്പ്‌ എന്ന് പറഞ്ഞാല്‍ വല്ല്യ കാര്യമായ കലാപരിപാടികളൊന്നുമില്ല... വെറുതേ തെങ്ങിന്റെ മുകളില്‍ തളപ്പിട്ട്‌ കേറി കുറേ തേങ്ങ ഇടുക, കുല താങ്ങാന്‍ വയ്യാതെ മോഹന്‍ലാല്‍ സ്റ്റെയിലില്‍ സൈഡ്‌ ചെരിഞ്ഞ്‌ നില്‍ക്കുന്ന വാഴകള്‍ കണ്ടാല്‍ കുല വെട്ടിമാറ്റി വാഴയെ സംരക്ഷിയ്ക്കുക, വല്ല ജാതിക്കായയും വീണ്‌ കിടന്ന് ചീഞ്ഞുപോകാതിരിയ്ക്കാന്‍ പെറുക്കി എടുക്കുക... ഇത്രയൊക്കെ തന്നെ...

ഈ കലാപരിപാടികളില്‍ നമ്പൂതിരിയ്ക്ക്‌ വല്ല്യ വിരോധമൊന്നും തോന്നിയിരുന്നുമില്ല (അറിഞ്ഞോ ആവോ). പക്ഷെ, ഈ കലാപരിപാടി മൂര്‍ച്ഛിച്ച്‌ കരിക്കിട്ട്‌ അവിടെ ഇരുന്നു തന്നെ അല്‍പം മിക്സ്‌ ചെയ്ത്‌ അടിയ്ക്കലും (ദേവാസുരം മോഡല്‍) തുടങ്ങിയപ്പോള്‍ നമ്പൂതിരിയ്ക്ക്‌ ഒരു സുഖമില്ലായ്ക തോന്നുക സ്വാഭാവികം... അല്ല, ഈ ഓരിയിടലും താളം പിടിയ്ക്കലും പറമ്പില്‍ നിന്ന് കേട്ടാല്‍ ഉറക്കം പോകില്ലേ.. അതുകൊണ്ടാണേ... മാത്രമല്ല, ഇവന്മാര്‍ അവിടെക്കിടന്ന് ബഹളമുണ്ടാക്കി സ്വൈര്യമായി ജീവിക്കുന്ന ഇഴജന്തുക്കളെ അവിടെനിന്നോടിച്ച്‌ മനയില്‍ കയറ്റുമോ എന്ന പേടിയും കാണും..

പിന്നെന്താ, രാത്രി ടോര്‍ച്ചുമെടുത്ത്‌ പറമ്പിന്റെ അറ്റത്ത്‌ വന്ന് നോക്കാനൊന്നും നമ്പൂതിരിയെ കിട്ടില്ല... വെറുതേ കിടക്കുന്ന പാമ്പുകളെ (രണ്ടുതരവും) ചവിട്ടി കടിമേടിയ്ക്കണ്ട ഗതികേടൊന്നും വന്നിട്ടില്ലല്ലോ അങ്ങേര്‍ക്ക്‌...എങ്കിലും പുള്ളിക്കാരന്‍ പിന്‍ വശത്തെ വാതില്‍ സാക്ഷ തുറന്ന് ഒന്ന് ടോര്‍ച്ചടിച്ച്‌ നോക്കും പുറത്തേയ്ക്ക്‌ ('ഒച്ചേം ബഹളോം അധികമായി, എല്ലാ പാമ്പുകളും വീടണയൂ' എന്നര്‍ത്ഥം)

അങ്ങനെയിരിയ്ക്കെ, നമ്പൂതിരിയെ ഒന്ന് കളിപ്പിച്ചാലോ എന്നായി ചിലര്‍ക്ക്‌... എന്നാപ്പിന്നെ അങ്ങനെ തന്ന്യാവട്ടേ എന്നായി തീരുമാനവും...

ഈ ഇല്ലത്തിന്റെ പിന്‍ വശത്തെ വാതില്‍ ഉള്ളിലേക്ക്‌ വലിച്ച്‌ തുറക്കുന്ന ഗോള്‍ഡ്‌ മോഡല്‍ (ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌) ആണ്‌.. തുറക്കുമ്പോള്‍ നല്ല സൗണ്ട്‌ എഫ്ഫക്റ്റും...

ഒരു രാത്രി, കലാപരിപാടി തുടങ്ങുന്നതിന്‌ മുന്‍പ്‌ ഒരുത്തന്‍ ഒരു തെങ്ങിന്‍ പട്ട എടുത്ത്‌ ഈ പിന്‍ വശത്തെ വാതിലില്‍ ചാരിവച്ചിട്ട്‌ തിരികെ പോന്നു.രാത്രി കുറച്ച്‌ കഴിഞ്ഞ്‌ 'ടൈം ഓവര്‍' സിഗ്നല്‍ കാണിക്കാന്‍ തയ്യാറായി നമ്പൂതിരി ടോര്‍ച്ചുമെടുത്ത്‌ വാതില്‍ ഉള്ളിലേക്ക്‌ മലര്‍ക്കെ തുറന്നു......

വാതിലില്‍ അങ്ങനെ സുഖിച്ച്‌ ചാരി നിന്നിരുന്ന തെങ്ങിന്‍ പട്ട ഉള്ളിലേക്ക്‌ നമ്പൂതിരിയുടെ ദേഹത്തേയ്ക്ക്‌ വീഴലും 'ഹെന്റമ്മേ....................' എന്നൊരു അലര്‍ച്ചയും ഒരുമിച്ചായിരുന്നു.

അന്നത്തോടെ രാത്രികാല വാര്‍ണിംഗ്‌ തിരുമേനി നിര്‍ത്തി. വെറുതേ പറമ്പില്‍ കിടക്കുന്ന വഹകള്‍ വീട്ടിനുള്ളില്‍ കയറ്റണ്ടല്ലോ...

6 Comments:

At 11:05 PM, Blogger സൂര്യോദയം said...

തിരുമേനിയുടെ ഇല്ലപ്പറമ്പിലെ ഒരു തെങ്ങിന്‍ പട്ടയുടെ കഥ..അല്ല .. സംഭവം ...

 
At 11:14 PM, Blogger മുസ്തഫ|musthapha said...

ഹഹഹ... പാവം തിരുമേനി :)

ഇതേ സംഭവം, രാത്രി... ഓലമടലിന്‍റെ അറ്റത്ത് മെഴുകുതിരി കത്തിച്ച് വെച്ച് വാതിലില്‍ ചാരി വെച്ച് വീട്ടുകാരനെ ഉണര്‍ത്തി പേടിപ്പിച്ച ഒരു കഥ നാട്ടില്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.

 
At 11:14 PM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഈ പാമ്പുകളെ ഓടിക്കാന്‍ ഒരു വഴീല്ലേ?
വല്ല സര്‍പ്പയജ്ഞോമറ്റോ നടത്തി നോക്കാരുന്നില്ലേ
മിനിമം കുപ്പിച്ചില്‍ കൂടോത്രം എങ്കിലും..
പാവം നമ്പൂരിശ്ശന്‍ :(

 
At 12:09 AM, Blogger asdfasdf asfdasdf said...

ഹ ഹ ഹ . പാവം തിരുമേനി.
qw_er_ty

 
At 12:21 AM, Blogger തറവാടി said...

:))

 
At 8:09 PM, Blogger സൂര്യോദയം said...

അഗ്രജന്‍, കുട്ടന്‍ മേനോന്‍, തറവാടീ... :-)

കുട്ടിച്ചാത്ത്സ്‌.... ഇപ്പോ പഴയപോലെയല്ല ആ പറമ്പ്‌... എല്ലാ പാമ്പുകളെയും പടിയടച്ച്‌ പിണ്ടം വച്ച്‌ ചെത്തി മിനുക്കിയിട്ടുണ്ട്‌... :-)

 

Post a Comment

<< Home