സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, May 30, 2007

നേപ്പാളില്‍ ഒരു വിമാനയാത്ര

വിമാനം കേരളത്തില്‍ കണ്ടുപിടിയ്ക്കുന്നതിനും വളരെ മുന്‍പ്‌... അതായത്‌ ഒരു 7 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌... വിമാനയാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ നേപ്പാള്‍ വരെ പോകേണ്ടിവന്നു.

കിട്ടുന്ന അവസരത്തിലും അനവസരത്തിലുമെല്ലാം ടൂര്‍ പോകുക എന്നതായിരുന്നു ഞങ്ങള്‍ ചില സുഹൃത്തുക്കളുടെ പൊതുവായ ഒരു ശീലം....

2000 ഡിസംബര്‍ മാസത്തില്‍ ഞങ്ങള്‍ ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്ത സ്ഥലം നേപ്പാള്‍ ആയിരുന്നു. 'ഹോ.. നേപ്പാളിലൊക്കെ ടൂര്‍ പോകുക.... വല്ല്യ ടീമല്ലേ...' എന്നൊന്നും തോന്നേണ്ട.... സാഹചര്യങ്ങളും മറ്റും അങ്ങനെ ഒത്തുവന്നതിനാല്‍ 'എല്ലാ പിച്ചക്കാരനും ചില നല്ല ദിവസം വരും...' എന്ന ചൊല്ലുപോലെ ഞങ്ങള്‍ക്കും അന്നായിരുന്നു അത്തരം ഒരു ദിവസം.

എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ചാച്ചന്‍ (അമ്മാമന്‍) നേപ്പാളില്‍ കുടുംബമായിക്കഴിയുകയും അവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനാഥക്കുട്ടികളെ കൂടെത്താമസിപ്പിച്ച്‌ പഠിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. അദ്ദേഹമാണ്‌ അവിടെ ചെല്ലാന്‍ ഞങ്ങള്‍ക്ക്‌ പ്രചോദനം നല്‍കിയത്‌... താമസവും ഭക്ഷണവും ഫ്രീ ആയപ്പോള്‍ തന്നെ ചിലവിന്റെ വലിയഭാഗം കുറഞ്ഞതും അവിടെ പോകുന്നതില്‍ ഞങ്ങള്‍ക്ക്‌ പ്രേരണയേകി.

(ട്രെയിനില്‍ പാറ്റ്‌ ന വരെ , അവിടെ നിന്ന് കുതിരവണ്ടിയില്‍ കുറച്ചുദൂരം... പിന്നെ ബസ്സില്‍ ബീര്‍ഗഞ്ച്‌ ബോര്‍ഡര്‍... അവിടെ നിന്ന് ഓട്ടോ പിടിച്ച്‌ ചാച്ചന്‍ താമസിക്കുന്ന വീട്ടിലേക്ക്‌... ഹോ.. അതൊക്കെ വിശദീകരിച്ച്‌ എഴുതണമെങ്കില്‍ 'നേപ്പാല്‍ ചരിതം' എന്ന പേരില്‍ ഒരു യാത്രാവിവരണം കുറേ എപ്പിഡോസായി എഴുതാനുണ്ട്‌)

ഞങ്ങള്‍ എട്ടുപേരാണ്‌ ഈ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്‌....പല പ്രായക്കാര്‍... അതായത്‌ 20 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള പ്രായക്കാര്‍... അതില്‍ രണ്ടുപേര്‍ വിവാഹിതര്‍...

മോഹന്‍ ജി എന്ന ഞങ്ങളുടെ ഒരു സ്ഥിരം ടൂര്‍ മെംബര്‍ അത്തവണയും ഭാര്യയെയും കുട്ടികളെയും വീട്ടില്‍ വിട്ട്‌ ഭാര്യയുടെ തെറിയും ഇടിയും സാംക്‌ ഷനും വാങ്ങി ഞങ്ങളോടൊപ്പം വന്നു.

അവിടെ ചെന്നിറങ്ങിയ ആദ്യദിവസം തന്നെ കൂടെയുള്ള ഒരുത്തന്റെ ഒരു അഭിപ്രായം മൃഗീയഭൂരിപക്ഷം ഉപയോഗിച്ച്‌ നടപ്പിലാക്കപ്പെട്ടു. എല്ലാവരും ക്ലീന്‍ ഷേവ്‌...

ഇന്നേവരെ മീശ ഷേവ്‌ ചെയ്തിട്ടില്ലാത്ത ഞാനും മോഹന്‍ ജിയും ആ കടുംകൈ ചെയ്യാന്‍ നിര്‍ബദ്ധിക്കപ്പെട്ടു (അല്ലെങ്കില്‍ കയ്യും കാലും കെട്ടിയിട്ട്‌ അവര്‍ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍... 'ഹും... ഞങ്ങളോടാ കളി...' എന്ന് പറഞ്ഞ്‌ സ്വയം അതങ്ങ്‌ നിര്‍വ്വഹിച്ചു)

'ദൈവമേ... ഇതെങ്ങാനും ഇനി മുളച്ചുവന്നില്ലെങ്കില്‍ ഈ കുരങ്ങുമോന്ത വച്ച്‌ ഞാന്‍ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും' എന്നതായിരുന്നു പ്രശ്നം.

ബീര്‍ഗഞ്ചില്‍ നിന്നും കാഠ്‌ മണ്ടു വിലേക്ക്‌ പ്ലെയിനില്‍ പോകാമെന്ന് ബാബുചാച്ചന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യമൊന്ന് ഞെട്ടി. 'ചാച്ചന്‍ ഞങ്ങളെ ഓവര്‍ എസ്റ്റിമേറ്റ്‌ ചെയ്തോ' എന്ന് ഒരു സംശയം...

വളരെ കുറഞ്ഞ റേറ്റേ ഉള്ളൂ എന്നറിഞ്ഞതിനാലും (വെറും 800 രൂപ - അന്ന് 800 രൂപ ഞങ്ങള്‍ക്ക്‌ 'വെറും' 800 രൂപ ആയിരുന്നില്ല), ഇതിനുമുന്‍പ്‌ വിമാനത്തില്‍ കയറാന്‍ സാധിച്ചിട്ടില്ലാത്തതിനാലും ഭാവിയിലും അതിന്‌ കഴിയുമോ എന്നറിയാത്തതിനാലും ഞങ്ങള്‍ അതങ്ങ്‌ തീരുമാനിച്ചു.

വിമാനത്തില്‍ കയറുക എന്ന് വച്ചാല്‍ നല്ല കോട്ടും സൂട്ടും ഒക്കെ ഇട്ട്‌ വന്‍ സെറ്റപ്പിലാകണമെന്ന മുന്‍ ധാരണയുള്ളതിനാല്‍ ഉള്ള ഡ്രസ്സില്‍ മികച്ചതൊക്കെ ഇട്ട്‌ എക്സിക്യൂട്ടീവ്‌ സ്റ്റെയിലില്‍ എല്ലാവരും ഇറങ്ങി. ഒരു ബസ്സ്‌ പിടിച്ച്‌ എയര്‍പോര്‍ട്ടില്‍ എത്തി.

എയര്‍പോര്‍ട്ട്‌ കണ്ടപ്പോള്‍ വല്ല്യ ഒരു സെറ്റപ്പ്‌ തോന്നിയില്ല. ടിക്കറ്റൊക്കെയെടുത്ത്‌ എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ എത്തി...

ടോയ്‌ലറ്റൊക്കെ ഒന്ന് പരിശോധിച്ചേക്കാം എന്ന് കരുതി പോയവര്‍ ഫുള്‍ സ്പീഡില്‍ തിരിച്ചുവന്നിട്ട്‌ 'നാട്ടിലെ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡിലെ ടോയ്‌ലറ്റ്‌ തന്നെ ഭേദം' എന്ന് പറഞ്ഞു.

ബീഹാര്‍ ബോര്‍ഡറായതിനാല്‍ പ്രധാനമായും ബീഹാറികളാണ്‌ ഈ ഭാഗത്തും കൂടുതല്‍... അവരുടെ വൃത്തിയും പ്രവൃത്തിയും വിശദീകരിക്കേണ്ടതില്ലല്ലോ.. (പാറ്റ്‌ ന സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ഞങ്ങള്‍ അത്‌ അനുഭവിച്ചതാണ്‌... ജീവന്‍ തിരിച്ച്‌ കിട്ടിയത്‌ ഭാഗ്യം)

ഞങ്ങള്‍ നോക്കുമ്പോള്‍ കുറേ ആളുകള്‍ പച്ചക്കറിബാഗുകളും മറ്റും പിടിച്ച്‌ വല്ല്യ വൃത്തിക്കുറവൊന്നുമില്ലാത്ത വേഷവിധാനത്തില്‍ അവിടെ ഉണ്ട്‌. അവരൊക്കെ ഞങ്ങളെ 'ഈ സായ്പന്മാര്‍ എവിടേയ്ക്കാണാവോ' എന്ന മട്ടില്‍ നോക്കുന്നുമുണ്ട്‌.

സമയമായപ്പോള്‍ ഞങ്ങള്‍ വിമാനത്തില്‍ കയറാനായി മുന്നോട്ട്‌ നടന്നു.

അപ്പോഴെയ്ക്കും ഞങ്ങള്‍ക്കിടയില്‍ ഒരു സംശയം ഉടലെടുത്തു.
'പ്ലെയിനിനുള്ളില്‍ കുടിയ്ക്കാന്‍ തരുന്ന മദ്യം ഷിവാസ്‌ റീഗള്‍ ആയിരിയ്ക്കുമോ അതോ മറ്റ്‌ വല്ല ബ്രാന്‍ഡ്‌ ആയിരിയ്ക്കുമോ?'

എന്തായാലും ഇതില്‍ മദ്യപിയ്ക്കാത്ത 4 പേര്‍ ഉണ്ടായിരുന്നതിനാല്‍ മറ്റ്‌ നാലുപേരെയും ഓരോരുത്തരും ബുക്ക്‌ ചെയ്തു. അതായത്‌, മദ്യം കൊണ്ടുവരുമ്പോള്‍ വേണ്ടെന്ന് പറയരുതെന്നും വാങ്ങിയിട്ട്‌ ഇവര്‍ക്ക്‌ കൊടുക്കണമെന്നും എഗ്രിമന്റ്‌ ആയി.

ഒരു ഗ്രൗണ്ടില്‍ അതാ കുറേ പ്ലെയിനിന്റെ ആകൃതിയിലുള്ള പെട്ടി ഓട്ടോറിക്ഷകള്‍......

"ഓ... ഇതൊക്കെ വെറുതേ കിടക്കുന്നതാകും..." ഞങ്ങള്‍ അത്‌ നോക്കി അല്‍പം പുച്ഛത്തോടെ പറഞ്ഞു.

കുറച്ച്‌ കഴിഞ്ഞിട്ടും വല്ല്യ ഗമയിലുള്ള വിമാനമൊന്നും ആ ഏരിയയില്‍ വന്നുമില്ല, കണ്ടുമില്ല.

അപ്പോഴെയ്ക്കും കാര്യങ്ങളുടെ കിടപ്പ്‌ ഞങ്ങള്‍ക്ക്‌ ഏതാണ്ട്‌ പിടികിട്ടി.... ഈ കിടക്കുന്ന പെട്ടി ഓട്ടോകളില്‍ ഒന്നിലാണ്‌ ഞങ്ങളെ കയറ്റി അയയ്ക്കാന്‍ പോകുന്നതെന്ന സത്യം...

ബീഹാറികളും മറ്റും വീട്ടില്‍ നിന്നിറങ്ങി അപ്പുറത്തെ ജങ്ങ്ഷനിലെ കടകളില്‍ പര്‍ച്ചേസിന്‌ പോകുന്ന ലാഘവത്തോടെ പാളത്താറും മുഷിഞ്ഞ ജുബ്ബയും തലക്കെട്ടും കെട്ടി പുഷ്പം പോലെ ഇതില്‍ കയറിപോകുന്നതിന്റെ പൊരുളും പിടികിട്ടി.

ആദ്യം ഈ സത്യം അംഗീകരിയ്ക്കാന്‍ ഒന്ന് മടിച്ച്‌ നിന്നെങ്കിലും 'ആരോടും പറയണ്ട' എന്ന പരസ്പരധാരണയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

അടുത്ത ഞങ്ങളുടെ തര്‍ക്കം സൈഡ്‌ സീറ്റ്‌ കിട്ടുന്നതിനെച്ചൊല്ലിയായിരുന്നു. ഓടിച്ചെന്ന് ആദ്യം തന്നെ സൈഡ്‌ സീറ്റ്‌ പിടിയ്ക്കാനായി എല്ലാവരും തയ്യാറായി നിന്നു.

'ഓടിപ്പോയി പ്ലെയിനില്‍ കയറിക്കോ..' എന്ന സിഗ്നല്‍ കിട്ടിയ ഉടനേ ഞങ്ങള്‍ മുന്നിലുള്ള ബീഹാറി അണ്ണന്മാരെ തള്ളിമാറ്റി വേഗം ഉള്ളില്‍ കയറിപ്പറ്റിയപ്പോളാണ്‌ സംഭവം മനസ്സിലായത്‌... ആ പ്ലെയിനില്‍ സൈഡ്‌ സീറ്റേ ഉള്ളൂ.... രണ്ട്‌ വശങ്ങളിലുമായി 15 വീതം സീറ്റുകളുള്ള ഒരു തട്ടിക്കൂട്ട്‌ വാഹനം...

അങ്ങനെ എല്ലാവരും സൈഡ്‌ സീറ്റ്‌ കിട്ടി തൃപ്തരായി. ബെല്‍റ്റൊക്കെയിട്ട്‌ റെഡിയായി.... വിമാനം പറന്ന് തുടങ്ങി.....

എന്റെ അടുത്തിരിയ്ക്കുന്ന മോഹന്‍ ജി ആകെ പരിഭ്രമിച്ച്‌ ടെന്‍ഷനടിച്ചിരിയ്ക്കുന്നു....

"എന്തുപറ്റി മോഹന്‍ ജീ...?" എന്ന ചോദ്യം കേട്ടതായിപോലും പുള്ളി ഭാവിച്ചില്ല.... കണ്ണടച്ച്‌ പ്രാര്‍ത്ഥനയും നടക്കുന്നുണ്ടോ എന്ന് ഒരു സംശയം..

ആരായാലും ഒന്ന് പ്രാര്‍ത്ഥിച്ച്‌ പോകും... കാരണം, പഴയ ലാംബി ഓട്ടോറിക്ഷ കുഴികളില്‍ ചാടിയാല്‍ എങ്ങനെ തോന്നുമോ അതേ വിധത്തിലുള്ള കുലുക്കങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചു.

എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഡ്രിങ്ക്സ്‌ എത്തി. വിലകൂടിയ വിദേശമദ്യം സ്വപ്നം കണ്ട്‌ വെള്ളമിറക്കി ഇരുന്നവരുടെ മുന്നിലേക്കാണ്‌ ഒരു ഫ്രൂട്ടിപോലുള്ള ഒരു ചെറിയ പായ്ക്കറ്റ്‌ ജ്യൂസ്‌ നീട്ടിക്കൊണ്ടുള്ള എയര്‍ഹോസ്റ്റസിന്റെ വരവ്‌....

എല്ലാ ബുക്കിങ്ങും കാന്‍സല്‍ഡ്‌....

ആ കിട്ടിയ ഡ്രിങ്ക്‌ പോലും വാങ്ങാതെ അപ്പോഴും മോഹന്‍ ജി അതേ ടെന്‍ഷനില്‍.....

ഒടുവില്‍ പ്ലെയിനില്‍ നിന്നിറങ്ങി പുറത്ത്‌ വന്നപ്പോള്‍ മോഹന്‍ ജി വല്ലാത്ത ഉല്ലാസവാനായി കാണപ്പെട്ടു...

"അത്‌ ശരി... പേടിച്ച്‌ വിറച്ചിരിയ്ക്കുകയായിരുന്നല്ലേ ചേട്ടന്‍..." ഞാന്‍ ചൊദിച്ചു.

"ഹെയ്‌... ഈ സാധനം താഴെവീണ്‌ ചാവുന്നതിന്റെ ടെന്‍ഷനല്ല... അതിനേക്കാള്‍ വല്ല്യ ടെന്‍ഷന്‍ വേറെയായിരുന്നു..." മോഹന്‍ ജി പറഞ്ഞു.

"അതെന്ത്‌ ടെന്‍ഷന്‍?"

"നാളെ ഭാര്യയും കുട്ടികളും വന്ന് നോക്കുമ്പോള്‍ എന്റെ ഡെഡ്‌ ബോഡി തിരിച്ചറിയാന്‍ പറ്റാതെ വരുന്നതിലുള്ള ടെന്‍ഷനായിരുന്നു.... ഈ മീശവടിച്ച എന്റെ മുഖം കണ്ടാല്‍ എങ്ങനെ തിരിച്ചറിയാനാ???"

Labels:

12 Comments:

At 9:10 PM, Blogger സൂര്യോദയം said...

ആദ്യത്തെ വിമാനയാത്ര.....

 
At 9:28 PM, Blogger കുട്ടിച്ചാത്തന്‍ said...

സുല്ലിക്കാ രാവിലെ തന്നെ കറങ്ങി നടപ്പുണ്ട് അതോണ്ട്... ഠേ... പൊട്ടിയാ??....

ചാത്തനേറ്:

ഇതെന്തു വിമാനാ ഒരു പടം കാണിച്ചു തരാവോ? ലിങ്ക്??

 
At 10:11 PM, Blogger Mr. K# said...

കൊള്ളാം...

 
At 10:47 PM, Blogger മുസാഫിര്‍ said...

നന്നായിട്ടുണ്ട് വിവരണം . പിന്നെ മഞ്ഞില്‍ ഡെഡ് ബോഡി കിടന്നാല്‍ ഒരു ഇരുപത്തഞ്ച് വര്‍ഷം കഴിഞ്ഞാലും ഫ്രീസറില്‍ ചിക്കന്‍ വച്ച പോലെ കേടു കൂടാതെ ഇരിക്കും...

 
At 1:49 AM, Blogger asdfasdf asfdasdf said...

വിമാനയാത്രാപുരാണം കൊള്ളാം. ചുരുങ്ങിപ്പോയില്ലേ എന്നൊരു സംശയം. :)

 
At 3:58 AM, Blogger ദീപു : sandeep said...

ഒന്നു രണ്ടു ഫോട്ടോ കൂടി ഇടാമായിരുന്നു.. ഒരു ഭംഗിയ്ക്ക്‌.... ഇതിന് ആ പറഞ്ഞ സാധനം ഇല്ലാന്നല്ല പറഞ്ഞത്.

 
At 4:50 AM, Blogger സാജന്‍| SAJAN said...

സൂര്യോദയം മാഷേ, അവസാനത്തെ വരി വായിച്ചിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല..:):)

 
At 5:19 AM, Blogger സൂര്യോദയം said...

ചാത്തന്‍ ആന്‍ഡ്‌ ദീപൂ..
അന്ന് ഡിജിറ്റല്‍ ക്യാമറയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉള്ള ഒരു ക്യാമറ വച്ച്‌ ബാക്ക്ഗ്രൗണ്ടില്‍ ആ വിമാനത്തിന്റെ പടം വരുന്ന തരത്തില്‍ ഒരുത്തനെക്കൊണ്ട്‌ ക്ലിക്ക്‌ ചെയ്യിച്ചിരുന്നു.

ആ ഫോട്ടോ ആളുകളെ കാണിക്കാന്‍ കൊള്ളാത്തതിനാല്‍ വാഷ്‌ ചെയ്യിപ്പിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയം... ഒന്നന്വേഷിച്ചു നോക്കാം... :-)

മുസാഫിര്‍.... ഇത്‌ ഞങ്ങളും പറഞ്ഞു... പക്ഷെ, ഫേസ്‌ ആണത്രേ പ്രശ്നം.. ;-)

മേന്‍ നേ... ചുരുങ്ങിപ്പോയെന്ന് എനിയ്ക്കും തോന്നി... ഇനി നീട്ടിവലിച്ച്‌ എഴുതി നാട്ടുകാരുടെ പ്രീതി സമ്പാദിക്കണോ എന്നൊരു സംശയം.. അതോണ്ട്‌ ചുരുക്കിയതാ... ;-)

സിജൂ, കുതിരവട്ടന്‍... തിരിച്ചും ഒരു :-)

സാജാ... പുള്ളിക്കാരന്റെ ഈ ഡയലോഗ്‌ കേട്ട്‌ ഞങ്ങളെല്ലാം കുറേ നേരം നിന്ന് ചിരിതന്നെയായിരുന്നു...

 
At 5:27 AM, Blogger Dinkan-ഡിങ്കന്‍ said...

പണ്ട് ജഗതി ചോദിച്ച അതേ ചോദ്യം (യോദ്ധായില്‍)
ഈ “കിണു” എന്ന് പറഞ്ഞാല്‍ എന്താ അമ്മാവാ?

 
At 7:04 AM, Blogger തമനു said...

സംഗതി മൊത്തത്തില്‍ കലക്കീട്ടുണ്ട്...

പ്രത്യേകിച്ച്‌ അവസാന വരി...

അടി പൊളി...

 
At 10:08 AM, Blogger ടിന്റുമോന്‍ said...

"അവരൊക്കെ ഞങ്ങളെ 'ഈ സായ്പന്മാര്‍ എവിടേയ്ക്കാണാവോ' എന്ന മട്ടില്‍ നോക്കുന്നുമുണ്ട്‌"

പണ്ട്‌ എയര്‍പോര്‍ട്ടില്‍ പോയപ്പോ ഇതിന്റെ തൊട്ടപ്പറത്താണ്‌ ഗള്‍ഫ്‌ എന്ന് കസിന്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു.

 
At 11:37 PM, Blogger ശാലിനി said...

രാവിലെ തന്നെ വായിച്ചു, നന്നായിരിക്കുന്നു.

 

Post a Comment

<< Home