സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, May 18, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 2)

അടുത്ത നടപടിയായി ഗള്‍ഫിലേക്ക്‌ വിളിച്ച്‌ പെണ്‍കുട്ടിയുടെ അച്ഛനുമായി സംസാരിയ്ക്കണം... അങ്ങേരെക്കൊണ്ട്‌ സമ്മതിപ്പിയ്ക്കണം...

ദുബായില്‍ ജോലിചെയ്യുന്ന അങ്ങേരുടെ നമ്പര്‍ എന്റെ ഫോണിലേക്ക്‌ അസ്തമയന്‍ മെസ്സേജ്‌ അയച്ച്‌ തന്നു.

അന്ന് രാത്രി ഞാന്‍ ഒരു ടെലഫോണ്‍ ബൂത്തില്‍ നിന്ന് ദുബായിലേക്ക്‌ വിളിച്ചു. ഞാന്‍ ആരാണെന്നും വിളിച്ചത്‌ എന്തിനാണെന്നുമുള്ള കാര്യം ഞാന്‍ വളച്ചുകെട്ടില്ലാതെ പുള്ളിക്കാരനോടങ്ങ്‌ പറഞ്ഞു. കാര്യം നേരെ ചൊവ്വേ പറഞ്ഞതിനും അതും ഇവിടേയ്ക്ക്‌ വിളിച്ച്‌ ചോദിച്ചതിലും സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, ഈ പ്രൊപ്പോസലിനോടുള്ള എല്ലാവരുടേയും നീരസം എന്നോട്‌ പ്രകടിപ്പിയ്ക്കുകയും ചെയ്തു.ഇപ്പോഴത്തെ സംഭവവികാസങ്ങളും അതെങ്ങനെ രമ്യമായി പരിഹരിയ്ക്കാം എന്നുള്ള കാര്യങ്ങളും ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു.

'നിങ്ങള്‍ക്ക്‌ വേറെ നല്ല പെണ്‍കുട്ടികളുടെ നിങ്ങളുടെ ജാതിയില്‍ നിന്ന് തന്നെ കിട്ടുമല്ലോ... ഈ ബന്ധം ശരിയാവില്ല... ഭാവിയില്‍ പ്രശ്നമാവും... ഞാന്‍ മാത്രം സമ്മതിച്ചാല്‍ പോരാ... അവളുടെ മാമന്മാര്‍ക്കും എതിര്‍പ്പാണ്‌. അവരാരും ഇതിന്‌ സമ്മതിയ്ക്കുമെന്ന് തോന്നുന്നില്ല' എന്ന് അദ്ദേഹം എന്നോട്‌ പറഞ്ഞു.

'എന്തായാലും, ഞങ്ങള്‍ക്ക്‌ യാതൊരു പ്രശ്നവുമില്ല... മതപരമോ സാമൂഹികമോ ആയ യാതൊരു അന്തരവും പ്രശ്നമാക്കുന്ന ഒരാളല്ല ഞങ്ങളുടെ അച്ഛന്‍... അത്‌ കണ്ട്‌ വളര്‍ന്ന ഞങ്ങള്‍ക്കും അതേ മനോവിചാരം തന്നെയാണ്‌.. അതുകൊണ്ട്‌ നിങ്ങള്‍ ഒന്നുകൂടി ആലോചിച്ച്‌ തീരുമാനിയ്ക്കൂ...' എന്ന് പറഞ്ഞ്‌ ആ സംഭാഷണം ഞാന്‍ അവസാനിപ്പിച്ചു.

തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളിലും ഈ എതിര്‍പ്പുകളില്‍ യാതൊരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി വച്ച്‌ ഉപയോഗം കണ്ട്രോള്‍ ചെയ്യുകയും ചെയ്തു.

(അപ്പോഴാണ്‌ അസ്തമയന്‍ ഒരു സീക്രട്ട്‌ എന്നോട്‌ പറഞ്ഞത്‌. അസ്തമയനും ആ പെണ്‍കുട്ടിയും രെജിസ്റ്റര്‍ ഓഫീസില്‍ പോയി രെജിസ്റ്റര്‍ ചെയ്യാനുള്ള നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ടെന്നും അത്‌ നിയമപരമായി ഒരു മാസം അവിടുത്തെ നോട്ടീസ്‌ ബോര്‍ഡില്‍ പതിച്ചിരുന്നു എന്നും. ഇപ്പോള്‍ ഒരു മാസം കഴിഞ്ഞതിനാല്‍ ആ നോട്ടീസ്‌ അവിടെ നിന്ന് നീക്കം ചെയ്തു. ഇനി എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക്‌ സാക്ഷികളുമായി ചെന്ന് രെജിസ്റ്റര്‍ മാര്യേജ്‌ ചെയ്യാം എന്നുള്ള കാര്യവും എന്നെ ധരിപ്പിച്ചു.ഈ വിവരം തല്‍ക്കാലം രഹസ്യമായിത്തന്നെ വയ്ക്കാന്‍ തീരുമാനിക്കുകയും അത്യാവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താം എന്ന് നിശ്ചയിക്കുകയും ചെയ്തു.)

ടെലഫോണ്‍ ബന്ധം റെസ്റ്റ്രിക്റ്റഡ്‌ ആക്കിയെങ്കിലും അസ്തമയന്‍ ആ കുട്ടിയുടെ കൂട്ടുകാരില്‍ നിന്നും മറ്റുമായിഎങ്ങിനെയൊക്കെയോ അവിടുത്തെ വിവരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു.

അവിടെ വിവാഹാലോചനകള്‍ വീണ്ടും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും ആ കുട്ടിയുടെ സമ്മതമില്ലാതെ തന്നെ അവര്‍ക്കിഷ്ടമുള്ള ഒരാളെക്കൊണ്ട്‌ ഉടനെ കല്ല്യാണം നടത്തുമെന്നും മറ്റുമുള്ള വിവരങ്ങള്‍ എന്നെയും അസ്തമയന്‍ അറിയിച്ചുകൊണ്ടിരുന്നു.

അല്‍പം സാഹസമാണെങ്കിലും അവരുടെ വീട്ടില്‍ ചെന്ന് സംസാരിക്കാന്‍ ഞാന്‍ എന്റെ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞാന്‍ ചെല്ലുന്നതില്‍ തീരെ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് അറിയാന്‍ സാധിച്ചു.

ഒരു ദിവസം വൈകീട്ട്‌ അസ്തമയന്‍ ലേറ്റസ്റ്റ്‌ ന്യൂസുമായി എന്നെ വിളിച്ചു. അന്ന് ഒരു ഗള്‍ഫുകാരന്‍ പെണ്ണുകാണാന്‍ വന്നിരുന്നു എന്നും ആ വിവാഹം രണ്ട്‌ ദിവസത്തിനകം ഉറപ്പിയ്ക്കുമെന്നും അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഇന്നത്തെ കാലഘട്ടത്തില്‍ ഒരു കല്ല്യാണം ഉറപ്പിയ്ക്കാനോ നടത്താനോ സാധിയ്ക്കുമെന്ന് എനിയ്ക്ക്‌ ഒരല്‍പം പോലും വിശ്വസിയ്ക്കാനായില്ല.

"എന്താണ്‌ അടുത്ത പരിപാടി???" എന്ന് ഞാന്‍ ചോദിച്ചു.

"വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട്‌ വന്ന് രെജിസ്റ്റര്‍ ചെയ്യാം.. അല്ലാതെ വേറെ മാര്‍ഗ്ഗമില്ല.." അസ്തമയന്‍ പറഞ്ഞു.

"അതിന്‌ ആ കുട്ടി തയ്യാറാണോ???" ഞാന്‍ അല്‍പം അത്ഭുതത്തോടെ ചോദിച്ചു.

"അതെ..."

"എനിയ്ക്ക്‌ വിശ്വാസമില്ല... ആ കുട്ടി എന്നെ വിളിച്ച്‌ പറഞ്ഞാലല്ലാതെ ഈ കാര്യത്തില്‍ ഞാന്‍ യാതൊരു തീരുമാനമോ സപ്പോര്‍ട്ടോ ചെയ്യില്ല.." ഞാന്‍ തറപ്പിച്ച്‌ പറഞ്ഞു.

അന്ന് വൈകീട്ട്‌ (ബുധനാഴ്ച) ആ പെണ്‍കുട്ടി എന്നെ വിളിച്ചു. വീട്ടുകാര്‍ അറിയാതെ മുകളിലത്തെ മുറിയില്‍ നിന്ന് വളരെ പതുങ്ങിയ സ്വരത്തില്‍...

"ഇവിടെ ആകെ പ്രശ്നങ്ങളായി. അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അച്ഛന്‍ ജോലി വേണ്ടെന്ന് വച്ച്‌ ഗള്‍ഫില്‍ നിന്ന് വരും എന്ന് എല്ലാവരും പറയുന്നു. തല്‍ക്കാലം ഞാന്‍ എല്ലാം അവസാനിപ്പിച്ചു എന്നാണ്‌ ഇവിടെ പറഞ്ഞിരിയ്ക്കുന്നത്‌. അതുകൊണ്ടാണ്‌ വീണ്ടും ഫോണ്‍ കയ്യില്‍ കിട്ടിയത്‌..."

"ശരി... കുട്ടിയുടെ സമ്മതമില്ലാതെ എങ്ങനെ അവര്‍ക്ക്‌ ഒരു വിവാഹം നടത്താന്‍ കഴിയും... എനിയ്ക്ക്‌ ഒട്ടും മനസ്സിലാവാത്ത ഒരു കാര്യം അതാണ്‌.." ഞാന്‍ പറഞ്ഞു.

"ചേട്ടന്‌ ഇവിടുത്തെ സ്ഥിതി അറിയാഞ്ഞിട്ടാണ്‌... എന്നെ കുറേ അടിച്ചു. എന്റെ അനിയന്‍ പോലും എന്നെ അടിച്ചു. ഞാന്‍ കാരണം അവന്റെ ഭാവി കൂടി നശിയ്ക്കും എന്ന് പറഞ്ഞ്‌.... ഇന്ന് ഒരാള്‍ പെണ്ണ്‍ കാണാന്‍ വന്നു. എന്നോട്‌ ഒരക്ഷരം പോലും ചൊദിച്ചില്ല. എന്നെ സംസാരിയ്ക്കാനും അനുവദിച്ചില്ല." ആ കുട്ടി നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"പെണ്ണ്‍ കാണാന്‍ വന്നപ്പോള്‍ എന്തിനാ നിന്ന് കൊടുത്തത്‌... മുറിയില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിയ്ക്കാതെ ഇരുന്നാല്‍ പോരേ... അവര്‍ എടുത്ത്‌ കൊണ്ടുപോയി ചെക്കന്റെ മുന്നില്‍ നിര്‍ത്തുകയൊന്നുമില്ലല്ലോ..." ഞാന്‍ ചോദിച്ചു.

"ങാ... ചേട്ടന്‌ തമാശ.... ഇവിടെ അങ്ങനെയൊന്നും എതിര്‍ത്ത്‌ നില്‍ക്കാന്‍ എനിയ്ക്ക്‌ പറ്റില്ല. അമ്മായിമാരും എല്ലാം ഇവിടുണ്ട്‌... എന്നെ ഉപദേശങ്ങളും നിര്‍ബന്ധങ്ങളും കൊണ്ട്‌ പൊറുതിമുട്ടിച്ചിട്ടാണ്‌ ഞാന്‍ പോയി നിന്നത്‌.."

"അതൊക്കെ അവിടെ നില്‍ക്കട്ടെ... ഇനി എന്താ കുട്ടിയുടെ തീരുമാനം... വീട്ടില്‍ നിന്ന് ഇറങ്ങി രെജിസ്റ്റര്‍ ചെയ്യാന്‍ സമ്മതമാണോ???"

"അതെ. അല്ലാതെ വേറെ മാര്‍ഗ്ഗമില്ല... ഇവര്‍ പറയുന്നത്‌ ഈ വിവാഹം അവര്‍ ഈ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌ അവിടേയ്ക്ക്‌ പോയി ഉറപ്പിയ്ക്കാനുള്ള തീരുമാനമാണെന്നാണ്‌ പറഞ്ഞത്‌.."

"അത്‌ ശരി.. എന്നാല്‍ അവര്‍ ഉറപ്പിയ്ക്കുന്നതിനുമുന്‍പ്‌ ഒരു തീരുമാനമാക്കണം. അല്ലെങ്കില്‍ വെറെതേ ആ ഒരു കുടുംബത്തെക്കൂടി എന്തിന്‌ ബുദ്ധിമുട്ടിക്കണം.... പക്ഷെ, എങ്ങിനെയാണ്‌ വീട്ടില്‍ നിന്ന് ഇറങ്ങുക?" ഞാന്‍ പറഞ്ഞു.

"ശനിയാഴ്ച കാലത്ത്‌ ഞാന്‍ എന്റെ ഒരു കൂട്ടുകാരിയുടെ കല്ല്യാണനിശ്ചയം ഉണ്ടെന്ന് പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങാം.... "

"ഞാന്‍ ഒരിയ്ക്കല്‍ കൂടി ഒന്ന് സംസാരിച്ച്‌ നോക്കണോ??? ഇത്രകാലം വളര്‍ത്തിയ വീട്ടുകാരെ ധിക്കരിച്ച്‌ ഇങ്ങനെ ചെയ്യുന്നതിനുമുന്‍പ്‌ ഒരിയ്ക്കല്‍ കൂടി ശ്രമിക്കുന്നതല്ലേ നല്ലത്‌?" ഞാന്‍ എന്റെ അഭിപ്രായം തുറന്ന് പറഞ്ഞു.

"അതൊന്നും നടക്കില്ല ചേട്ടാ... ഇവിടെ ഇനി യാതൊരു കോമ്പ്രമൈസിനും സാദ്ധ്യതയില്ല... വെറുതേ ചേട്ടന്‍ നാണം കെടും എന്നല്ലാതെ ഇവര്‍ സമ്മതിയ്ക്കില്ല..." ആ കുട്ടി തീര്‍ത്ത്‌ പറഞ്ഞു.

"എങ്കില്‍ ശരി... ശനിയാഴ്ച കാലത്ത്‌ അങ്ങനെ പ്ലാന്‍ ചെയ്യാം.... കൂടുതല്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പിന്നീട്‌ അറിയിയ്ക്കാം.." ഇത്രയും പറഞ്ഞ്‌ ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു.

ഞാന്‍ അസ്തമയനെ വിളിച്ച്‌ സംസാരിച്ച വിവരങ്ങള്‍ പറഞ്ഞു.

അസ്തമയന്‍ അപ്പോഴെയ്ക്കും വന്‍ പ്ലാനിംഗ്‌ എല്ലാം നടത്തിക്കഴിഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സാക്ഷികള്‍, അതിനുശേഷം ആ പെണ്‍കുട്ടിയ്ക്ക്‌ അത്യാവശ്യം വാങ്ങേണ്ട സാധനങ്ങള്‍ തുടങ്ങി എല്ലാ തര പ്ലാനിങ്ങുകളും തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.ഇത്‌ കേട്ട്‌ ഞാന്‍ അവനോട്‌ പറഞ്ഞു.

"പ്ലാനിംഗ്‌ അത്ര തീവ്രമാക്കണ്ട.. നാളെ ഒരു ദിവസം കൂടിയില്ലേ.... ശനിയാഴ്ച ആ കുട്ടിയെ വീട്ടില്‍ നിന്ന് എന്ത്‌ കാര്യത്തിനാണെങ്കിലും പുറത്ത്‌ വിടുമെന്ന് എനിയ്ക്ക്‌ യാതൊരു പ്രതീക്ഷയുമില്ല...."

"ഹേയ്‌... അവള്‍ എങ്ങനെയായാലും ഇരിഞ്ഞാലക്കുടയില്‍ എത്തിക്കോളാം എന്നാണ്‌ പറഞ്ഞത്‌... വീട്ടില്‍ ഇപ്പോള്‍ അവളെ വിശ്വസിച്ചിരിയ്ക്കുകയാണ്‌...." അസ്തമയന്‍ പറഞ്ഞു.

"എന്നാല്‍ ശരി... ശനിയാഴ്ച കാലത്ത്‌ തന്നെ ഞാന്‍ കാറുമായി എത്താം..." ഇത്രയും പറഞ്ഞ്‌ അന്നത്തെ സംഭാഷണം ഞാന്‍ അവസാനിപ്പിച്ചു.

അന്ന് രാത്രി ഞാന്‍ ഒന്നുകൂടി ഗല്‍ഫിലേക്ക്‌ വിളിച്ച്‌ ആ കുട്ടിയുടെ അച്ഛനുമായി സംസാരിച്ചു. കുറച്ചുസമയം സംസാരിച്ചതില്‍ നിന്ന് എനിയ്ക്ക്‌ മനസ്സിലായ കാര്യം അദ്ദേഹത്തിന്‌ ഇതില്‍ വല്ല്യ എതിര്‍പ്പില്ലെങ്കിലും ആ പെണ്‍കുട്ടിയുടെ മാമന്മാര്‍ ഇതില്‍ ഒട്ടും സമ്മതിയ്ക്കുന്നില്ലെന്നും അവരുടെ സമ്മതമില്ലാതെ ഇത്‌ നടത്തുന്നതില്‍ താല്‍പര്യമില്ലെന്നുമായിരുന്നു.

പിറ്റേന്ന്... വ്യാഴാഴ്ച....

അസ്തമയന്‍ കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്യുകയും അതിന്റെ ടെന്‍ഷനില്‍ സമയം തള്ളി നീക്കുകയുമാണെന്ന് എനിയ്ക്ക്‌ വിവരം ലഭിച്ചു.

എന്റെ വീട്ടില്‍ ലേറ്റസ്റ്റ്‌ പ്ലാനിങ്ങിനെക്കുറിച്ചുള്ള വിവരം അസ്തമയന്‍ അറിയിച്ചു. ഇതു കേട്ട്‌ അമ്മയ്ക്ക്‌ അല്‍പം പരിഭ്രാന്തി.

"കുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ വിളിച്ച്‌ കൊണ്ടുവന്നാല്‍ ഈ വീട്ടില്‍ കയറ്റി താമസിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.. അത്‌ നാട്ടുകാര്‍ അറിഞ്ഞാല്‍ മോശമാണ്‌.." അമ്മ തുറന്ന് പറഞ്ഞു.

ആദ്യം എനിയ്ക്കല്‍പം ദേഷ്യം തോന്നിയെങ്കിലും അമ്മ പറഞ്ഞതിലും അല്‍പം കാര്യമില്ലേ എന്ന് തോന്നാതിരുന്നില്ല.

ഞാന്‍ അസ്തമയനെ വിളിച്ചു.

"കാലത്ത്‌ രജിസ്റ്റര്‍ ചെയ്തിട്ട്‌ ആ കുട്ടിയ്ക്ക്‌ വീട്ടില്‍ തന്നെ പോയിക്കൂടേ.... വീട്ടില്‍ ചെന്നിട്ട്‌ രജിസ്റ്റര്‍ നടന്ന വിവരം പറയട്ടെ... അപ്പോള്‍ പിന്നെ അവര്‍ക്ക്‌ നിയമപരമായി വേറെ വിവാഹം തല്‍ക്കാലം നടത്താന്‍ പറ്റില്ലല്ലോ.... പക്ഷെ, വീട്ടുകാരുടെ സമ്മതമില്ലാതെ ഇറങ്ങിപ്പോകുന്നില്ല എന്നും പറയട്ടെ..." ഞാന്‍ പറഞ്ഞു.

ഈ അഭിപ്രായം അസ്തമയന്‌ ഒട്ടും ദഹിച്ചില്ല.... എങ്കിലും അവളോട്‌ ചോദിച്ച്‌ നോക്കാം എന്ന മറുപടിയാണ്‌ ലഭിച്ചത്‌.

എന്റെ ഈ അഭിപ്രായം ഞാന്‍ എന്റെ ഓഫീസിലെ ഒരു സുഹൃത്തിനോട്‌ സൂചിപ്പിച്ചപ്പോള്‍ 'നീ വിചാരിയ്ക്കുന്ന പോലെ അത്ര ലാഘവമുള്ള കാര്യമല്ല ഇത്‌... രജിസ്റ്റര്‍ ചെയ്തിട്ട്‌ വീട്ടില്‍ ചെന്ന് അത്‌ പറയുക എന്നത്‌ അത്ര എളുപ്പമല്ല..' എന്ന് എന്നോട്‌ പറഞ്ഞു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ അസ്തമയന്‍ എന്നെ വിളിച്ചു...

"രജിസ്റ്റര്‍ കഴിഞ്ഞ്‌ തിരിച്ച്‌ ചെല്ലുക എന്ന കാര്യം സാദ്ധ്യമല്ല.... അവള്‍ക്ക്‌ അതിന്‌ കഴിയില്ല എന്ന് പറഞ്ഞു. വീട്ടില്‍ ചെന്നാലുണ്ടായേക്കാവുന്ന കാര്യങ്ങള്‍ ആലോചിയ്ക്കാന്‍ പോലും പറ്റില്ല എന്നാണ്‌ പറഞ്ഞത്‌.." അസ്തമയന്‍ എന്നോട്‌ പറഞ്ഞു.

"എന്നാല്‍ ശരി... ഒരു കാര്യം ചെയ്യാം.. രജിസ്റ്റര്‍ ചെയ്ത ശേഷം ഞാന്‍ ഫോണില്‍ അവരുടെ വീട്ടില്‍ വിളിച്ച്‌ വിവരം പറയാം... എന്നിട്ട്‌, അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഈ വിവാഹം നടത്തിത്തരാന്‍ സമ്മതിയ്ക്കുകയാണെങ്കില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട്‌ ചെന്നാക്കാം.. ഇനി അഥവാ സമ്മതിച്ചില്ലെങ്കില്‍ നമുക്ക്‌ ഇങ്ങ്‌ പോരാം... പക്ഷെ, പെണ്‍കുട്ടിയെ ഞാന്‍ തല്‍ക്കാലം എറണാകുളത്തേക്ക്‌ കൊണ്ടുവന്ന് എന്റെ വീട്ടില്‍ താമസിപ്പിയ്ക്കാം... എന്നിട്ട്‌ കാര്യങ്ങള്‍ ഒന്ന് ശാന്തമായി തീരുമാനമാകുകയാണെങ്കില്‍ അതിനനുസരിച്ച്‌ മുന്നോട്ട്‌ പോകാം.." ഞാന്‍ പറഞ്ഞു.

എന്റെ ഈ അഭിപ്രായം ഞാന്‍ വീട്ടില്‍ ഭാര്യയോടും അന്ന് ഞങ്ങളോടൊപ്പം താമസിച്ചിരുന്ന ഭാര്യയുടെ അമ്മൂമ്മയോടും പറഞ്ഞു. രണ്ടുപേരും ഫുള്‍ സപ്പോര്‍ട്ട്‌.

എന്റെ ഈ തീരുമാനം കേട്ട ഓഫീസിലെ എന്റെ സുഹൃത്ത്‌ ഇതിലുള്ള റിസ്ക്‌ എന്നെ ഓര്‍മ്മിപ്പിച്ചു. 'അവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ്‌ കേസ്‌ കൊടുത്താല്‍ നീ ജയിലില്‍ പോകും... നീയെന്തിനാ വെറുതേ ഇത്ര റിസ്ക്‌ എടുക്കുന്നത്‌... രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ വേറെ വീടെടുത്ത്‌ താമസിയ്ക്കട്ടെ..' അവന്‍ പറഞ്ഞു.

പക്ഷെ, കാര്യങ്ങള്‍ അത്രത്തോളം കൊണ്ടുചെന്നെത്തിയ്കാന്‍ എനിയ്ക്ക്‌ മനസ്സില്ലായിരുന്നു. എല്ലാം നല്ല വഴിയ്ക്ക്‌ നടക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു, എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഈ വിവരം ഞാന്‍ എന്റെ അച്ഛനമ്മമാരെ അറിയിച്ചു. കുറച്ച്‌ ദിവസം കഴിഞ്ഞും പെണ്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ നാട്ടില്‍ വച്ച്‌ ബന്ധുക്കളേയും നാട്ടുകാരേയും വിളിച്ച്‌ ഒരു ഫംഗ്ഷന്‍ നടത്തി കല്ല്യാണം പബ്ലിഷ്‌ ചെയ്യാം..

അച്ഛനും അമ്മയും ഈ തീരുമാനത്തോട്‌ യോജിച്ചു.

അന്ന് (വ്യാഴാഴ്ച) രാത്രി അസ്തമയന്‍ എന്നെ വിളിച്ചു അല്‍പം ആശാവഹമായ ചില കാര്യങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഗല്‍ഫില്‍ നിന്ന് അവനെ വിളിച്ച്‌ സംസാരിച്ചു അത്രേ...

'നിനക്ക്‌ അവളെത്തന്നെ കെട്ടണോടാ...' എന്ന് ചോദിച്ചു എന്നാണ്‌ പറഞ്ഞത്‌...

'അതെ...' എന്ന മറുപടിയില്‍ നീരസം പൂണ്ട അയാള്‍ എന്റെ അച്ഛനോടും അമ്മയോടും സംസാരിയ്ക്കണമെന്ന് പറഞ്ഞു.

അച്ഛനോട്‌ സംസാരിച്ച അയാള്‍ തന്റെ മകള്‍ താഴ്‌ന്ന ജാതിക്കാരിയെന്ന പേരില്‍ അവിടെ വന്നാല്‍ പലരില്‍ നിന്നും കുത്തുവാക്കുകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരില്ലേ എന്നതായിരുന്നു പ്രധാനമായി ഉന്നയിച്ച സംശയം.താനും തന്റെ വീട്ടുകാരും അത്തരത്തിലുള്ളവരല്ലെന്നും അത്‌ നാട്ടുകാരോട്‌ അന്വേഷിച്ച്‌ ബോദ്ധ്യപ്പെട്ടുകൊള്ളൂ എന്നും എന്റെ അച്ഛന്‍ വിശദമാക്കി.അതിനുശേഷം അമ്മയോട്‌ സംസാരിച്ച അദ്ദേഹം ഇതേ കാര്യം തന്നെ ചോദിച്ചു എന്നും ഒടുവില്‍ 'എന്റെ മോളെ വേണോ?' എന്ന് ചോദിയ്ക്കുകയും ചെയ്തു അത്രേ.

'നിങ്ങല്‍ പൂര്‍ണ്ണമനസ്സോടെ തന്നാല്‍ വേണം...' എന്നതായിരുന്നു എന്റെ അമ്മയുടെ മറുപടി.

കൂടുതല്‍ സംസാരിയ്ക്കാതെ അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തു.ഇതാണ്‌ ഇപ്പോഴത്തെ സിറ്റുവേഷന്‍ എന്ന് അസ്തമയന്‍ എന്നോട്‌ പറഞ്ഞു.

ഉടന്‍ തന്നെ എന്റെ അച്ഛന്‍ ഫോണില്‍ എന്നോട്‌ സംസാരിച്ചു. ആ പെണ്‍കുട്ടിയുടെ അച്ഛനെ ഒന്ന് വിളിച്ച്‌ എന്താണ്‌ തീരുമാനമെന്ന് ചോദിയ്ക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചു.

വീണ്ടും കുരിശ്‌ എന്റെ ചുമലില്‍ തന്നെ....

രാത്രി പത്തര മണിയായിക്കാണും... എന്റെ മൊബെയിലില്‍ ISD ഫസിലിറ്റി ഇല്ല. പുറത്ത്‌ പോയി വല്ല ബൂത്തും തപ്പിക്കണ്ടുപിടിച്ച്‌ വിളിയ്ക്കണം.തല്‍ക്കാലം ഞാന്‍ ഒരു പണി ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക്‌ ഒരു SMS അയച്ചു. 'പറ്റുമെങ്കില്‍ ദയവായി എന്നെ ഒന്ന് വിളിയ്കാന്‍ പറഞ്ഞു...'

അല്‍പസമയത്തിനകം ഫോണ്‍ റിംഗ്‌ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ...

"എന്താണ്‌ കാര്യം..??" അല്‍പം ഗൗരവത്തോടെ അദ്ദേഹം എന്നോട്‌ ചോദിച്ചു.

"വീട്ടിലേക്ക്‌ വിളിച്ച്‌ അച്ഛനോട്‌ സംസാരിച്ചു എന്നറിഞ്ഞു. എന്താണ്‌ ഫൈനല്‍ ഡിസിഷന്‍ എന്ന് അറിയാന്‍ എന്നോട്‌ അച്ഛന്‍ പറഞ്ഞിരുന്നു." ഞാന്‍ പറഞ്ഞു.

പെട്ടെന്ന് അങ്ങേര്‍ ആകെ വയലന്റ്‌ ആയി. അടിച്ച്‌ നല്ല പൂക്കുറ്റിയായതിന്റെ നല്ല ലക്ഷണം. വാക്കുകള്‍ ആകെ ഒരു അഴകൊഴ.... ആര്‍ക്കും ഇതില്‍ തീരെ താല്‍പര്യമില്ലെന്നും മേലില്‍ ഇതിന്റെ പേരില്‍ ഫോണ്‍ ചെയ്തുപോകുകയോ മറ്റ്‌ ബന്ധപ്പെടലുകളോ പാടില്ലെന്നും അദ്ദേഹം എന്നോട്‌ പറഞ്ഞു.

"ശരി... അങ്ങനെയാകട്ടെ..." എന്ന് പറഞ്ഞ്‌ ഞാനും സംഭാഷണം അവസാനിപ്പിച്ചു.

ഈ വിവരം ഞാന്‍ വീട്ടില്‍ വിളിച്ച്‌ അച്ഛനോട്‌ പറഞ്ഞു. അല്‍പം ആശാവഹമായിതുടങ്ങിയിരുന്നത്‌ വീണ്ടും പഴയപടി തന്നെ....

പിറ്റേന്ന്.... വെള്ളിയാഴ്ച.....

അന്ന് ഓഫീസിലിരുന്നിട്ട്‌ എനിയ്ക്ക്‌ ആകെ ഒരു ടെന്‍ഷന്‍... കാര്യങ്ങള്‍ ഇനിയും നല്ല നിലയില്‍ തന്നെ നടക്കുമെന്ന പ്രതീക്ഷ ഞാന്‍ വിട്ടിരുന്നില്ല.

അന്ന് വൈകീട്ട്‌ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടുള്ള ചില പ്രധാന വിവരങ്ങളുമായി അസ്തമയന്റെ ഒരു ഫോണ്‍ കോള്‍..........

(തുടരും...)

Labels:

18 Comments:

At 2:52 AM, Blogger സൂര്യോദയം said...

ഈ സംഭവം എഴുതിയിട്ട്‌ തീരുന്നില്ല... സംഭവബഹുലമായ കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍ എഴുതിത്തീര്‍ക്കാം എന്ന് കരുതുന്നു....

 
At 3:04 AM, Blogger കുട്ടിച്ചാത്തന്‍ said...

തേങ്ങാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ചാത്തനേറ്:

ബാച്ചിലര്‍ ചാത്തന്‍ ഈ പോസ്റ്റില്‍ തേങ്ങയുടച്ചാല്‍!!!

 
At 3:07 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറീന്റെ ബാക്കി:

മാഷേ ഇത് ബാച്ചിലേര്‍സിനെ വഴിതെറ്റിക്കാന്‍ വേണ്ടി മാത്രം എഴുതുന്നതല്ലേ... ഡിങ്കാ ഓടി വരണേ...

സൂര്യോദയം ചേട്ടന്‍ കൈവിഷം തരുന്നേ...:)

ഓടോ:
ഇതു അസ്തമയപ്രണയം മാത്രല്ലേ സൂര്യോദയം വെറും നടത്തിപ്പുകാരനല്ലേ?

 
At 3:27 AM, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഈ അസ്തമയന്‍ ഇപ്പോഴെവിടെയണ്‌?

(വീര സാഹസിക കഥകള്‍ വായിച്ച്‌ ഞാനസ്തമയന്റെ ആരാധകനായി)

 
At 4:13 AM, Blogger Siju | സിജു said...

പണ്ടാറമടക്കാനായിട്ട് ഇതു ടെന്‍ഷനായല്ലാ..

 
At 10:12 AM, Blogger Mr. K# said...

അസ്തമയന്‍ അടിച്ചു മാറ്റും എനിക്കുറപ്പാ. :-)

 
At 10:44 AM, Blogger K.V Manikantan said...

സണ്‍ റൈസേ,
അല്ലാതെ തന്നെ വേണ്ടത്ര ടെന്‍ഷനുണ്ട്. പണ്ടാറമടങ്ങാന്‍ ക്ലൈമാക്സ് കൂടി പോസ്റ്റ് ചെയ്യ്! ടെന്‍ഷനടിച്ച് ഞങ്ങളേയും കൊല്ലല്ലേ...;)

 
At 10:49 AM, Blogger Praju and Stella Kattuveettil said...

ഇങ്ങനെ സസ്പെന്‍സില്‍ കൊണ്ടെ നിര്‍ത്താതെ......ഭാഗം -3 കൊണ്ടു ഇതങ്ങു തീര്‍ക്കണെ..... ബ്ലൊഗുകളുടെ മഹാപ്രളയത്തില്‍ പിന്നെ ഇവിടെ വരാന്‍ കഴിഞ്ഞില്ലങ്കിലൊ എന്നോത്തിട്ടാ...

ഇനിയും കുരിശുകള്‍ പോരട്ടെ

 
At 10:51 AM, Blogger RR said...

റ്റെന്‍ഷന്‍ ഒന്നും അടിക്കണ്ട കാര്യം ഇല്ല എന്നു മനസ്സിലായി ;) അസ്തമയനു പെണ്ണിനെ കിട്ടിയില്ലെങ്കില്‍ ഉദയന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുമോ?


ചുമ്മാ കളിക്കാതെ പെട്ടെന്നു ബാക്കി പോസ്റ്റ്‌ ചെയ്‌ ;)

 
At 9:53 PM, Blogger സൂര്യോദയം said...

സുഹൃത്തുക്കളേ.... ഈ പ്രണയക്കേസ്‌ അത്ര സിമ്പില്‍ അല്ല.... ഇനിയാണ്‌ സംഭവബഹുലം.... പോസിറ്റീവ്‌ എന്നോ നെഗറ്റീവ്‌ എന്നോ പറയാന്‍ പറ്റില്ല... കുറേ എഴുതാനുണ്ട്‌....

തിങ്കളാഴ്ചയ്ക്കുള്ളില്‍ എഴുതിത്തീര്‍ത്തോളാം.... ക്ഷമിക്കൂ.....

 
At 11:14 PM, Blogger ഇടിവാള്‍ said...

അണ്ണാ...
അനിയമ്മാരുടെ തരികിടകളുടെ കാര്യത്തില്‍ നുമ്മ ഏകദേശം ഒരേ തൂവല്‍ പക്ഷികളാ കെട്ടാ ;)

പക്ഷേ ഈ കേസില്‍ അസ്തമയനും ഞാനും തമ്മില്‍ ചെറിയൊരു ച്ഛായ തോന്നുന്നു! ഹിഹി ;)

 
At 12:47 AM, Blogger K.V Manikantan said...

ഇടീ നീ അസ്തമയന്റെ സ്ഥാനത്ത് ആയിരുന്ന ആ മനോഹരക്കാലത്ത് ഉദയന്റെ സ്ഥാനത്താ‍ായിരുന്നെ ടാ ഞാന്‍......

അതൊരു പോസ്റ്റാക്കിയാലോഡേയ്?

 
At 12:50 AM, Blogger Kaithamullu said...

സൂര്യോദയമേ,
-നല്ല ഒരു ‘ത്രില്ലര്‍” വായിക്കുന്ന സുഖം!

പണ്ട് മനോരമ വാരിക വാങ്ങാന്‍ പത്രക്കാരനെ കാത്ത് കാലത്തെതന്നെ ഗേറ്റില്‍ പോയി കാത്ത് നില്‍ക്കുന്ന ഓര്‍മ്മ!

 
At 10:57 PM, Blogger ആഷ | Asha said...

കൈതമുള്ള് പറഞ്ഞതു തന്നെ
അടുത്ത ഭാഗത്തിലേയ്ക്ക് പായുന്നു

 
At 11:40 PM, Blogger ഇടിവാള്‍ said...

ഫ .. *&%$#&&... ഇടിച്ചു നിന്റെ പരിപ്പെളക്കും!

(സങ്കുചിതനെ വിളിച്ചതാ ;) തെറ്റിദ്ധരിക്കണ്ടാ സൂര്യാ

 
At 3:34 AM, Blogger Dinkan-ഡിങ്കന്‍ said...

കുട്ടിച്ചാത്താ നമ്മുടെ പിള്ളേരോട് ഈ പൊസ്റ്റ് ബൊയ്ക്കൊട്ട് ചെയ്യാന്‍ പറ.

ഞാന്‍ ഇത് മൊത്തം വായിച്ച് നിങ്ങള്‍ക്ക് പിന്നെ കഥ പറഞ്ഞ് തരാം.
അപ്പോള്‍ നെക്സ്റ്റ് എപ്പിഡൊസ് വരട്ടെ..തുടരട്ടെ

 
At 3:57 AM, Blogger ഉണ്ണിക്കുട്ടന്‍ said...

വേണ്ട ഡിങ്കാ ഈ പോസ്റ്റ് ബോയ്ക്കോട്ട് ചെയ്യണ്ട. ബാച്ചികള്‍ക്ക് ഇതൊരു റെഫറന്‍സ് പോസ്റ്റാക്കണം. അയ്യോ അതല്ലാ...കല്യാണം കഴിക്കാനുള്ള ഒരോ ബുദ്ധിമുട്ടുകളേ..! കഴിക്കാതിരുന്നാല്‍ പോരെ..? അല്ലേ..അതാണ്‌ ഉദ്ദേശിച്ചത്..പോട്ടെ..അല്ലാ..വരട്ടെ..

 
At 2:03 AM, Blogger ശ്രീ said...

ടെന്‍ഷനായല്ലോ...
അടുത്തത് കാണട്ടെ...

 

Post a Comment

<< Home