സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, May 09, 2007

പെണ്ണ്‌ കാണല്‍ (കാണിയ്ക്കല്‍)

കല്ല്യാണാലോചനയുടെ ഭാഗമായ 'പെണ്ണുകാണല്‍' എന്ന ചടങ്ങിന്‌ മുന്നോടിയായി ജാതകച്ചേര്‍ച്ച നോക്കലും ഫോട്ടോ കൈമാറ്റവും പ്രിലിമിനറി റൗണ്ട്‌ ആയി ഞാന്‍ തീരുമാനിച്ചിരുന്നു.

പെണ്ണ്‌ കണ്ട്‌ ഇഷ്ടപ്പെട്ടിട്ട്‌ (പെണ്ണിന്‌ എന്നെ വല്ലാതങ്ങ്‌ ഇഷ്ടപ്പെട്ടിട്ട്‌ എന്നര്‍ത്ഥം) പിന്നീട്‌ ജാതകം ചേരില്ലെന്ന് പറഞ്ഞ്‌ മുടങ്ങിപ്പോകരുതല്ലോ എന്ന മുന്‍ കരുതല്‍ ഒരു ഭാഗത്ത്‌,
ജാതകം ചേര്‍ന്നതിനുശേഷം ഫോട്ടോ കാണാതെ പോയി പെണ്ണുകണ്ടാല്‍ 'എന്തായാലും കുറേ കഷ്ടപ്പെട്ടിട്ട്‌ ജാതകം ചേര്‍ന്നതല്ലേ... ഈ മരമോന്തയായാലും തല്‍ക്കാലം അഡ്ജസ്റ്റ്‌ ചെയ്യാം' എന്ന മനോഭാവം കൊണ്ട്‌ കല്ല്യാണം നടന്നാലോ എന്ന പേടി മറുഭാഗത്ത്‌.

ജാതകവും ഫോട്ടോയും കിട്ടിബോധിച്ച്‌ മാത്രം പെണ്ണുകാണല്‍ ചിലപ്പോള്‍ സാദ്ധ്യമാകാറില്ല.

ഒരു കുടുംബസുഹൃത്ത്‌ വഴി ഇരിഞ്ഞാലക്കുടയില്‍ നിന്ന് വന്ന ഒരു വിവാഹാലോചന.

ജാതകം ഏകദേശം ഓ.കെ. ആയെങ്കിലും പെണ്‍കുട്ടിയുടെ മറ്റ്‌ ചുറ്റുപാടുകളെക്കുറിച്ച്‌ (വിദ്യാഭ്യാസപരവും, തൊഴില്‍പരവും മറ്റും) വല്ല്യ താല്‍പര്യമില്ലാത്തതിനാല്‍ പെണ്ണ്‌ കാണാന്‍ പോകേണ്ട എന്ന് ഞാന്‍ തീരുമാനിച്ചെങ്കിലും ആ പെണ്ണുകാണല്‍ അറ്റന്റ്‌ ചെയ്യാന്‍ ഞാന്‍ നിര്‍ബദ്ധിതമായി.

സാധാരണ ഇത്തരം ചായകുടി വേളകളില്‍ എന്റെ വളരെ അടുത്ത സുഹൃത്തായ സജിനെയും ഞാന്‍ കൂടെ കൂട്ടാറുണ്ടായിരുന്നു (ഗ്ലാമര്‍ കൊണ്ട്‌ അവനെ കമ്പയര്‍ ചെയ്യുമ്പോള്‍ ഞാന്‍ അതിസുന്ദരനാണെന്ന് തെറ്റിദ്ധരിച്ചോളും എന്ന ആഗ്രഹവും കൂടാതെ വല്ല്യ സ്കോപ്പില്ലാത്ത കേസുകള്‍ യാതൊരുമടിയും ഇല്ലാതെ 'അത്‌ വല്ല്യ ഗുണമില്ലെടാ..' എന്ന് തുറന്ന് പറയും എന്ന ഗുണവും). ഇത്തവണ അവന്‍ വരാന്‍ അല്‍പം നീരസം പ്രകടിപ്പിച്ചു. കാരണം, 'താല്‍പര്യമില്ലാതെ പോയി വേണ്ടെന്ന് വയ്ക്കാന്‍ നീ മാത്രം മതിയല്ലോ' എന്നതായിരുന്നു ന്യായം. ഇനി അഥവാ വല്ല്യ ഗ്ലാമര്‍ കേസാണെങ്കില്‍ വീണ്ടും ഒരിക്കല്‍ കൂടി അഡ്ജസ്റ്റ്‌ ചെയ്ത്‌ കാണാം എന്ന ഉപദേശവും കിട്ടി.

അങ്ങനെ, ഞാനും എന്റെ അച്ഛനും അമ്മയും അനിയത്തിയും കൂടി ഈ പ്രോഗ്രാം അറ്റന്‍ഡ്‌ ചെയ്യാന്‍ പുറപ്പെട്ട്‌ അഡ്രസ്സ്‌ തപ്പിപ്പിടിച്ച്‌ 'ചോദിച്ച്‌ ചോദിച്ച്‌' പോയി ആ വീടിനുമുന്നില്‍ എത്തിച്ചേന്നു.

ഇപ്പോ പണികഴിഞ്ഞ ഒരു ഒന്നാന്തരം വീട്‌....'ഹായ്‌... തരക്കേടില്ലല്ലോ' എന്ന് ചിലരെങ്കിലും മനസ്സില്‍ വിചാരിച്ചോ ആവോ.

ഞങ്ങളെ വീടിനുള്ളില്‍ സ്വീകരിച്ച്‌ ഇരുത്തി. അവിടെയുണ്ടായിരുന്ന ചില ബന്ധുക്കളായും മറ്റും സംസാരിച്ച്‌ അവരവരുടെ കുടുംബക്കാരെയും പരിചയക്കരെയും കുറിച്ചെല്ലാം ചോദിച്ച്‌ അങ്ങനെ സമയം പോയിക്കൊണ്ടിരുന്നു. കുറച്ച്‌ കഴിഞ്ഞിട്ടും ചായയോ, പെണ്‍കുട്ടിയോ വരുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്ന് മാത്രമല്ല, ഉള്ളില്‍ ചില അടക്കിപ്പിടിച്ച സംസാരങ്ങളും ഒരു ഗൂഡാലോചന നടക്കുന്നതിന്റെ സൂചനയും.

ഞങ്ങളുടെ പ്രതീക്ഷയോടെയുള്ള മുഖഭാവങ്ങളും ഇരിപ്പും കണ്ട്‌ മതിയായതുകൊണ്ടോ, ഇനിയും ഈ ഇരിപ്പ്‌ ഇരുന്നാല്‍ ഞങ്ങള്‍ 'എന്തേ.. പരിപാടി കാന്‍സല്‍ ചെയ്തോ' എന്ന് ചോദിക്കും എന്ന പേടികൊണ്ടോ എന്നറിയില്ല, പെണ്‍കുട്ടിയുടെ അമ്മാവന്‍ അകത്ത്‌ പോയി വന്ന ശേഷം ചോദിച്ചു.

'ഇത്‌ കുട്ടിയുടെ വല്ല്യച്ഛന്റെ വീടാണ്‌... പെണ്‍കുട്ടി തൊട്ടപ്പുറത്ത്‌ തറവാട്ടിലാണ്‌... നമുക്ക്‌ അവിടെയ്ക്ക്‌ പോയാലോ???'

'ഓഹോ... അപ്പോ, ഒരു മാര്‍ക്കറ്റിംഗ്‌ ഡെമോണ്‍സ്റ്റ്രേഷനായിരുന്നല്ലേ ഇവിടെ...' എന്ന് ആരൊക്കെയോ മനസ്സില്‍ വിചാരിച്ചോ എന്ന് വീണ്ടും ഒരു സംശയം.

മുഖത്തോട്‌ മുഖം നോക്കിയ ഞങ്ങള്‍ 'ഓ.. അങ്ങനെ ആയിക്കോട്ടെ..' എന്ന് പറഞ്ഞ്‌ എഴുന്നേറ്റു.

അപ്പുറത്തെ തറവാട്ടിലേക്ക്‌ നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു...

'എന്തോ പന്തികേടുണ്ടല്ലോ... ആ കുട്ടിയെ ഇവിടെ കൊണ്ടുവരാനായിരുന്നിരിയ്ക്കും പ്ലാന്‍... ഒന്നുകില്‍ ആ കുട്ടിയ്ക്ക്‌ ഇല്ലാത്ത പെരുമ കാണിച്ച്‌ ഈ പെണ്ണുകാണലിന്‌ താല്‍പര്യമില്ല... അല്ലെങ്കില്‍ ഈ എപ്പിസോഡേ ഇഷ്ടമായിട്ടില്ല...'

അച്ഛനും എന്റെ അഭിപ്രായം ശരിവച്ചെങ്കിലും എന്ത്‌ നെഗറ്റീവ്‌ സംഭവത്തിലും കുറേ പോസിറ്റീവ്‌ കാണുന്ന എന്റെ മാതാശ്രീ എന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും വല്ല്യ മതിപ്പൊന്നും തോന്നാത്ത, കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താത്ത ഒരു പഴയ ഒരു തറവാട്‌...

ഞങ്ങള്‍ വീടിനുള്ളില്‍ കയറി ഇരുന്നു.അവിടെയും കുറച്ച്‌ സമയം ഇരുത്തുന്നത്‌ ശരിയല്ലല്ലോ എന്നുള്ളതിനാലോ മറ്റോ പെണ്‍കുട്ടിയുടെ അമ്മയും മറ്റ്‌ ചിലരും ചേര്‍ന്ന് ചായയും മറ്റ്‌ അറ്റാച്ച്‌ മെന്റ്‌ സും ഞങ്ങളുടെ മുന്നിലെത്തിച്ചു.

ഇനിയും പെണ്‍കുട്ടിയെ കാണാതായപ്പോഴെയ്കും മാതാശ്രീയുടെ ക്ഷമ നശിച്ചു, 'കുട്ടിയെ കണ്ടില്ലല്ലോ...' എന്ന് ചോദിയ്ക്കുകയും ചെയ്തു.

'ങാ... ചായ കുടിയ്ക്കൂ... കുട്ടി ഇപ്പോ വരും... ഇപ്പോ വിളിയ്ക്കാം...' പെണ്‍കുട്ടിയുടെ അമ്മ ഇതും പറഞ്ഞ്‌ അകത്തോട്ട്‌ പോയി.

'ഇനിയിപ്പോ ഭയങ്കര മേക്കപ്പ്‌ എല്ലാം ഇട്ട്‌ ഞെട്ടിക്കാനായി ഇറങ്ങി വരുമോ ദൈവമേ...' എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച്‌ ചായക്കപ്പ്‌ കൈയ്യിലെടുത്തു.

കുട്ടിയുടെ അമ്മ പുറത്തേയ്ക്ക്‌ വന്നു. സൈഡില്‍ പകുതി ദര്‍ശനം നല്‍കിക്കൊണ്ട്‌ പെണ്‍കുട്ടിയും.

'എന്താ അവിടെ നില്‍ക്കുന്നത്‌... ഇങ്ങോട്ട്‌ വരൂ...' എന്റെ അമ്മയുടെവക പ്രോല്‍സാഹനം (നിര്‍ബദ്ധം) കൂടിയായപ്പോള്‍ ആ കുട്ടി വല്ല്യ താല്‍പര്യമില്ലെങ്കിലും 'ങാ... എന്തേലും ആകട്ടേ...' എന്ന മുഖഭാവത്തോടെ അല്‍പം കൂടി മുന്നിലോട്ട്‌ കടന്ന് നിന്നു.

എന്റെ കയ്യിലിരുന്ന ചായക്കപ്പ്‌ ഒന്ന് ഇളകി, ചായ താഴെപ്പോകാതിരിയ്ക്കാന്‍ ഞാന്‍ ചായ എടുത്ത പോലെ തന്നെ ആ മേശയില്‍ വച്ചു.

ആ കുട്ടി ശരിയ്ക്കും മേക്കപ്പ്‌ ഇടാന്‍ പോയിരിയ്ക്കുകയായിരുന്നു എന്ന് എനിക്ക്‌ അപ്പോള്‍ തോന്നി. കാരണം, അടുക്കളപ്പണിയ്ക്ക്‌ നിന്ന് അടുപ്പിലെ തീ ഊതി കരിപുരണ്ട്‌ അവാര്‍ഡ്‌ സിനിമകളില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ളതരം ഒരു സ്ത്രീ രൂപം ഇതാ ലൈവ്‌ ആയി മുന്നില്‍... പക്ഷേ, ചുരിദാറാണ്‌ വേഷം...

'ഇവിടെ അലക്കും കുളിയുമൊന്നും ഇല്ലേ..???' എന്ന് ചോദിയ്ക്കാന്‍ തോന്നുന്ന സെറ്റപ്പ്‌....

വസ്ത്രാലങ്കാരത്തില്‍ മനം മയങ്ങിയ ഞാന്‍ ആ മുഖശ്രീ കാണാനായി മുഖത്തേയ്ക്ക്‌ ഒന്ന് നോക്കി...ആഹാ... കരഞ്ഞ്‌ കലങ്ങിയ കണ്ണുകള്‍.... ചപ്ര ചിപ്രയായിക്കിടക്കുന്ന മുടി... 'നിനക്കെന്നെ കെട്ടണോടാ...' എന്ന മുഖഭാവം.....

'എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ....' കുട്ടിയുടെ അമ്മാമന്റെ അനുവാദം...

ഇതിപ്പോ, എങ്ങനെ ഇവിടെ നിന്ന് പെട്ടെന്ന് സ്കൂട്ട്‌ ആകാം എന്ന ചിന്ത കലശലായിരിയ്ക്കുന്ന ഞാന്‍ എന്ത്‌ ചോദിയ്ക്കാന്‍...

'ഇവിടെ, നിന്ന് ബുദ്ധിമുട്ടേണ്ടാ.. അകത്തേക്ക്‌ പോക്കോളൂ...' ഞാന്‍ പറഞ്ഞു. എന്നിട്ട്‌ ഞാന്‍ അമ്മയോട്‌ പതുക്കെ പറഞ്ഞു.. 'ഇതിനെ എന്തിനാ ഇങ്ങനെ വലിച്ചിഴച്ച്‌ കൊണ്ട്‌ വന്ന് നിര്‍ത്തിയേ എന്നും ഞങ്ങളെ എന്തിനാ ഇവിടെവരെ വരുത്തി ബുദ്ധിമുട്ടിച്ചത്‌ എന്നും ഒന്ന് ചോദിച്ചിട്ടേ വരാവൂ....' (അമ്മയ്ക്കായിരുന്നു ഈ കേസില്‍ താല്‍പര്യം കൂടുതല്‍ ഉണ്ടായിരുന്നത്‌ എന്നതിനാല്‍ അമ്മ തന്നെ ഇത്‌ ചോദിക്കട്ടെ എന്നതായിരുന്നു ഉദ്ദേശം)

'എന്നാ ശരി...' എന്ന് പറഞ്ഞ്‌ ഞങ്ങള്‍ എഴുന്നേറ്റ്‌ തുടങ്ങിയപ്പോള്‍ എന്റെ അമ്മ ആ പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തേയ്ക്ക്‌ നടന്ന് ചെന്ന് ചിരിച്ചുകൊണ്ട്‌ സൗമ്യമായി ചോദിച്ചു...

'കുട്ടിയ്ക്ക്‌ ഈ പ്രൊപ്പോസല്‍ താല്‍പര്യമില്ലെന്ന് തോന്നുന്നല്ലോ??'

'അതല്ലാ.. അവള്‍ക്ക്‌ പൊതുവേ കല്ല്യാണത്തിന്‌ താല്‍പര്യമില്ലാ... അല്ലാതെ നിങ്ങളോട്‌ താല്‍പര്യമില്ലാഞ്ഞല്ലാ...' എന്ന് തുടങ്ങി വ്യക്തമായ ഉത്തരത്തിനായി ഉഴലുന്നകണ്ടുകൊണ്ട്‌ ഞങ്ങള്‍ ആ വീടിന്റെ പടിയിറങ്ങി.

പോകുന്ന വഴിയ്ക്ക്‌ എല്ലാവരും അവരവരുടെ നിഗമനങ്ങള്‍ പലതും പറഞ്ഞ്‌ വീട്ടിലെത്തി.

2 മാസങ്ങള്‍ക്ക്‌ ശേഷം ആരോ പറഞ്ഞറിഞ്ഞത്‌ ആ പെണ്‍കുട്ടി ഏതോ ഒരുത്തനുമായി ഇഷ്ടത്തിലായിരുന്നു എന്നും വീട്ടുകാരുടെ ഇഷ്ടം ഇല്ലാതെ അയാളുമായി ഓടിപ്പോയി (നടന്നായിരിയ്ക്കും പോയത്‌... ഓടിപ്പോയി എന്ന് വെറുതെ ആര്‍ഭാടത്തിന്‌ പറയുന്നതായിരിയ്ക്കും) കല്ല്യാണം കഴിച്ചു എന്നും.

'ദൈവമേ...ഈ സൈസ്‌ കേസുകളില്‍ ഇനിയും കൊണ്ട്‌ ചാടിയ്ക്കല്ലേ..' എന്ന് ഞങ്ങള്‍ അന്ന് മനസ്സില്‍ പെന്റിംഗ്‌ ആയി വച്ചിരുന്ന പ്രാര്‍ത്ഥന റിലീസ്‌ ചെയ്തു.

Labels:

13 Comments:

At 1:39 AM, Blogger സൂര്യോദയം said...

നിര്‍ബദ്ധിത പെണ്ണുകാണല്‍ ചടങ്ങുകളും മാതാപിതാക്കളുടെ പിടിവാശികളും ഇപ്പോഴും നിലനില്‍ക്കുന്നു. അത്‌ മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ പോലും ഇടവരുത്തുമെന്ന് ഇവര്‍ മനസ്സിലാക്കുന്നത്‌ നന്ന്...

ഒരു അനുഭവ സംഭവം...

 
At 1:54 AM, Blogger കുട്ടന്മേനൊന്‍::KM said...

:)

 
At 2:33 AM, Blogger തറവാടി said...

:)

 
At 2:35 AM, Blogger ദീപു : sandeep said...

ഹൊ.. ബാച്ചികള്‍ നേരിടുന്ന ഓരോ പ്രശ്നങ്ങള്‍... :)
ഏതായാലും പറഞതു നന്നായി... ഈ വഴിയ്ക്കിറങ്ങാന്‍ വീട്ടീന്നു പ്രഷറ്‌ വന്നു തുടങ്ങി... :(

 
At 4:16 AM, Blogger അരീക്കോടന്‍ said...

Sun didn't rise yet ????

 
At 4:18 AM, Blogger kaithamullu - കൈതമുള്ള് said...

വെറുതേയാ, അല്ലേ?
ഇരിഞ്ഞാലക്കുടക്കാരികളാരും അങ്ങനെ ഓടി(നടന്നായാലും)പ്പോകാറില്ലാ ട്ടോ!(മാ‍ര്‍ക്കറ്റിനെ ബാധിക്കുന്ന പ്രശ്നമാ, കേസു കൊടുക്കുവേ...)

 
At 4:47 AM, Blogger തക്കുടു said...

:)

 
At 8:45 PM, Blogger സൂര്യോദയം said...

കുട്ടന്‍ മേനോന്‍, തറവാടി, ദീപു, തക്കുടു... കമന്റ്‌ ഇടുവാന്‍ സമയം ചെലവഴിച്ചതിന്‌ നന്ദി..

അരീക്കോടോ.... ഇതൊരു 5 കൊല്ലം മുന്‍പത്തെ സംഭവം... Sun did rise.. :-)

കൈതമുള്ള്‌... അങ്ങനങ്ങ്‌ ഉറപ്പിച്ച്‌ പറയാതെ.... ഇതിപ്പോ കണ്ടവരവിടെ നിക്ക്‌ കേട്ടവര്‍ പറയട്ടെ എന്ന് പറഞ്ഞ പോലെ ആയല്ലോ... :-))

 
At 9:03 PM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
അല്ലാ മാഷ് വിവാഹിതര്‍ ക്ലബ്ബിലു മെംബര്‍ഷിപ്പ് എടുത്തിട്ടില്ലേ..

ഇമ്മാതിരി കാര്യങ്ങള്‍ പുറത്ത് പറയുന്നവര്‍ക്ക് ബാന്‍ ഉന്‍ടെന്നാ കേള്‍വി...

 
At 9:18 PM, Blogger സു | Su said...

അവളെ കെട്ടാഞ്ഞത് നന്നായി. രണ്ട് മൂന്ന് വീടുകളില്‍ കുഴപ്പമായേനെ.

 
At 3:33 AM, Blogger സൂര്യോദയം said...

കുട്ടിച്ചാത്ത്‌ സ്‌.... വല്ല ഡാകിനിയും കെട്ടിക്കൊണ്ട്‌ പോയിക്കഴിഞ്ഞും ഇത്‌ തന്നെ പറയണം... :-)

സു ചേച്ചി... :-)

 
At 1:08 AM, Blogger പൂവാലന്‍ said...

അവളെ കെട്ടാഞ്ഞത് നന്നായി.

 
At 2:29 AM, Blogger വിചാരം said...

:)

 

Post a Comment

<< Home