ക്ലാസ്സിലെ അപൂര്‍വ്വക്കാഴ്ച
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.... ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാഷ് പൊതുവേ സ്കൂളിലെ നല്ല 'തല്ലുകാരന്‍' എന്ന് പേരുകേട്ടയാളും...
ഈ മാഷിന് വല്ല്യ നിര്‍ബദ്ധമാണ് ഗ്രാമര്‍, പദ്യം എന്നിവ കൃത്യമായി പഠിക്കണമെന്ന്...
മാഷെ തീരെ പേടിയില്ലെങ്കിലും മാഷ് സ്ഥിരം ക്ലാസ്സിലെ മേശപ്പുറത്ത് കൊണ്ട് വയ്ക്കുന്ന ആ ചൂരലിനോടുള്ള ബഹുമാനം മൂലം പരമാവധി കപ്പാസിറ്റിയ്ക്കനുസരിച്ച് പഠിച്ചിട്ട് വരാന്‍ സാഹചര്യം നിര്‍ബദ്ധിച്ചിരുന്നു.
ഒരു പദ്യം പഠിപ്പിച്ചു തീര്‍ന്നതിന്റെ പിറ്റേന്ന്....
ക്ലാസ്സിലെ മുന്‍ നിരയില്‍ നിന്ന് തന്നെ പദ്യം ചൊല്ലല്‍ ആരംഭിച്ചോളാന്‍ മാഷ് ഓര്‍ഡറിട്ടു. ചിലര്‍ സ്റ്റാര്‍ട്ടിംഗ് ട്രബിളായി അവിടെ തന്നെ അവസാനിപ്പിയ്ക്കുകയും മറ്റ് ചിലര്‍ ഓട്ടത്തിനിടയില്‍ ഇന്ധനം തീര്‍ന്ന് സ്തംഭിക്കുകയും ചെയ്യുന്നു. മുഴുമിപ്പിക്കുവാന്‍ കഴിയാത്തവര്‍ ചൂരലില്‍ കൊതിയോടെ നോക്കി എഴുന്നേറ്റ് നില്‍ക്കുന്നു.
മുഴുമിപ്പിയ്കുവാന്‍ കഴിയുന്നവര്‍ക്ക് ഇരിയ്ക്കാം.
അങ്ങനെ രണ്ടാം ബഞ്ചിലിരിയ്ക്കുന്ന എന്റെ ഊഴം....
സ്മൂത്തായി അങ്ങനെ പോയിക്കൊണ്ടിരിയ്ക്കുന്നതിനിടയില്‍ ഇടയ്ക്കൊന്ന് സ്റ്റക്കായി. ഒരൊറ്റ ദുഷ്ടന്മാര്‍ സഹായിക്കാനില്ലാതെ ഞാനും സ്റ്റാന്‍ഡിംഗ് കമ്മറ്റി മെംബറായി.
മൊത്തം ക്ലാസ്സ് ഒരു റൗണ്ട് ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഇരിയ്ക്കുന്നവര്‍ വെറും മൂന്നോ നാലോ മാത്രം.
ഇനിയാണ് അടുത്ത നടപടിക്രമം...
സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങല്‍ ഓരോരുത്തരായി മാഷുടെ അടുത്ത് ചെന്ന് നിന്ന് പദ്യം ചൊല്ലണം. സ്റ്റക്കാവുമ്പോള്‍ ചൂരല്‍ കൊണ്ട് ഒരു കൈ സഹായിച്ച് മാഷ് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം തരും... എത്ര പ്രാവശ്യം സ്റ്റക്കാവുന്നോ അത്രയും പ്രാവശ്യം ചൂരലും തുടയും തമ്മില്‍ ബന്ധപ്പെടും...
ഒട്ടും അറിയാത്ത മിടുക്കന്മാര്‍ ചെന്ന് നില്‍ക്കുമ്പോള്‍ തന്നെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുകയും മിനിമം യോഗ്യതയായ രണ്ട് ചൂരല്‍പ്പാട് തുടയില്‍ വഹിച്ചുകൊണ്ട് തിരിച്ചുവന്ന് ഇരിപ്പാകുകയും ചെയ്തു. ഇതുകണ്ട് അടിയുടെ എണ്ണത്തിന്റെ എസ്റ്റിമേറ്റ് ഏകദേശം ഉറപ്പായുള്ളവര്‍ ചെന്ന് നില്‍ക്കുമ്പോള്‍ തന്നെ 'അറിയില്ല സാര്‍' എന്ന് പറയുകയും രണ്ടെണ്ണം വാങ്ങി കൈപ്പറ്റിയിട്ട് (തുടപ്പറ്റിയിട്ട്) തൃപ്തിപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള കലാപരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍ പേടികൊണ്ട് എന്റെ ബുദ്ധി വികസിച്ചു. നിന്ന നില്‍പ്പില്‍ ഞാന്‍ പദ്യം പഠിച്ചു.
അടുത്തത് എന്റെ ഊഴം...
'ങാ.. തുടങ്ങിക്കോ...' ചൂരല്‍ എടുത്ത് പിടിച്ച് അതിന്റെ വളവ് നേരെയാക്കി, കൈയ്യിന്റെ കുഴ ഒന്ന് ചുഴറ്റിയിട്ട് മാഷുടെ നിര്‍ദ്ദേശം...
എന്റെ വായില്‍നിന്ന് പദ്യം അനര്‍ഗ്ഗളാമായി നിഗ്ഗളിക്കാന്‍ തുടങ്ങി.. (അന്നാണ് ഈ അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിയ്ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കും മനസ്സിലായത്).
എന്റെ പദ്യം ചൊല്ലിത്തീരുന്നതിന് മുന്‍പ് തന്നെ ഇന്റര്‍വെല്‍ ബെല്ലടിച്ചതിനാല്‍ ക്ലാസ്സിന് പുറത്ത് മറ്റ് ക്ലാസ്സിലെ കുട്ടികളുടെ വന്‍ തിരക്ക്... ഏതോ അസാധാരണ കാഴ്ച കാണാന്‍ തരപ്പെട്ട ആ സന്തോഷവും ത്രില്ലും അവരുടെ മുഖത്ത് കാണാം...
പരിഭ്രാന്തിക്കാവില്‍ ചൂരലമ്മയെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ തുടര്‍ന്നു.
പദ്യം ചൊല്ലിത്തീര്‍ന്ന് വിയര്‍ത്ത് കുളിച്ചെങ്കിലും ഞാന്‍ ഇത്തിരി കേമനായി ഒന്ന് ഞെളിഞ്ഞ് നിന്നതും 'വീട്ടില്‍ നിന്ന് പഠിയ്ക്കാന്‍ വയ്യ അല്ലെ?...' എന്ന് ചോദിച്ചുകൊണ്ട് 'ടപാ ടപാ..' (സൗണ്ട് ഇതുതന്നെയാണോ എന്ന് ഓര്‍മ്മയില്ല) എന്ന് രണ്ടെണ്ണം തുടയില്‍....
'കിട്ടിയതായി... അതും നല്ല കാഴ്ചക്കാരുള്ള ഫംഗ്ഷനില്‍ ...' എന്ന ആശ്വാസത്തോടെ ഞാന്‍ സീറ്റിലേക്ക് മടങ്ങിപ്പോകുമ്പോള്‍ പുറത്ത് കൂടിയിരുന്ന ആ കുട്ടികളുടെ മുഖഭാവം ഞാന്‍ ഒളിഞ്ഞ് നോക്കി.
വളരെ ടെന്‍ഷനിലായ ഒരു ഇന്ത്യാ പാക്കിസ്ഥാന്‍ മാച്ചിന്റെ അവസാനം ഇന്റ്യ ജയിച്ച് കഴിഞ്ഞതിന്റെ ഒരു ആശ്വാസവും സന്തോഷവും കലര്‍ന്ന ഭാവമാണ് അവരുടെ മുഖത്ത് എനിക്കു തോന്നിയത്.
കാരണം വളരെ സിമ്പിള്‍... അവര്‍ക്ക് അതൊരു അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു.
ആ മാഷ് എന്റെ പിതാശ്രീ തന്നെയായിരുന്നു.
20 Comments:
എട്ടാം ക്ലാസ്സിലെ ഒരു അനുഭവം ഇവിടെ പോസ്റ്റ് ചെയ്യുന്നു...
ഒന്നാം ക്ലാസ് അനുഭവം!
സ്നേഹത്തോടെ
സഹ
valare valare valare nannaaaayi :)
ഗംഭീരം! സണ്‍ റൈസേ! ഗംഭീരം!
അല്ലാ, ആരാണാ പിതാവ്? കാര്‍മ്മല്‍? എം.എ.എം.എച്ച് എസ്? അതോ ബോയ്സോ?
ഒട്ടും അറിയാത്ത മിടുക്കന്മാര്‍ ചെന്ന് നില്‍ക്കുമ്പോള്‍ തന്നെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുകയും മിനിമം യോഗ്യതയായ രണ്ട് ചൂരല്‍പ്പാട് തുടയില്‍ വഹിച്ചുകൊണ്ട് തിരിച്ചുവന്ന് ഇരിപ്പാകുകയും ചെയ്തു.
കലക്കി കടുകുവറുത്തുട്ട്രാ...
അച്ഛന്‍ മാഷിന്റെ കയ്യില്‍ നിന്ന് അടി കിട്ടിയിട്ടില്ലെങ്കിലും സാമാന്യം നല്ലൊരു വഴക്കു കേട്ടതിന്റെ ചമ്മല്‍ എനിക്കുണ്ടായിട്ടുണ്ട്. ഹോ അടി കൊണ്ടെങ്കില്‍ അതെത്ര ഭീകരമായേനെ.(ചുമ്മാ):)
അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിയ്ക്കുക ,പരിഭ്രാന്തിക്കാവില്‍ ചൂരലമ്മ, ഇതൊക്കെ ആ ചൂരല്‍ കഷായം പേടിച്ചു് ഞാനും ഹൃദിസ്ഥനാക്കി. രസിച്ചു മാഷേ.
സങ്കുചിതമനസ്കാ... താങ്കള്‍ക്ക് ആ ഏരിയ നല്ല പരിചയമുള്ള പോലെ തോന്നുന്നു... സ്കൂള്‍ അന്നനാട് ആണ്...
സഹ..., അനോണീ.. :-) ബിന്ദു, വേണു... കമന്റിന് നന്ദി...
അതു കലക്കി.........
വീട്ടില്‍ നിന്ന് പഠിച്ചില്ല എന്ന് അദ്ദേഹത്തിന് മനസ്സിലാവുമല്ലോ. കളിച്ചുനടക്കുന്നത് കണ്ടുകാണും. അതാണ് കിട്ടിയത്.
ഇതാണ് അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെ പഠിക്കാന്‍ പോയാലുള്ള കുഴപ്പം. വീട്ടീന്നും കിട്ടും സ്കൂളീന്നും കിട്ടും!
(ചാക്കോ മാഷിനെ വെറുതെ ഓര്‍ത്തുപോയി)
നന്നായി...
അത് കലക്കി.
പേടിച്ചിട്ടു വെറൊന്നും താഴോട്ടു അനര്‍ഗ്ഗളമായി നിര്‍ഗളിച്ചില്ലല്ലൊ ഭാഗ്യം.
ആഹാ.. ഇതു കൊള്ളാലോ... അരങ്ങും കഥാപാത്രങ്ങളും ഒന്നു മാറ്റിയാലോ? കഥ അങ്ങിനെ തന്നെ... ചൂരലിന്റെ ഒരു കുറവുണ്ട്.. ഞാനും എന്റെ ഓപ്പോളും ആണ്` കുട്ടിയും റ്റീച്ചറും എന്നു മാത്രം .. രണ്ടെണ്ണം ദിവസവും കിട്ടിയില്ലേല്‍ എനിക്കുറക്കം വരില്ലാരുന്നു.. സാഹചര്യങ്ങള്‍ കാരണം സ്കൂളില്‍ നിന്നു തരാന്‍ സാധിച്ചില്ലെങ്കില്‍ വീട്ടില്‍ വരുമ്പോള്‍ പലിശയടക്കം തരുമായിരുന്നു...
പടിപ്പുര said...
"(ചാക്കോ മാഷിനെ വെറുതെ ഓര്‍ത്തുപോയി)".
സ്ഫടികം ചാക്കോ മാഷാണോ?
This comment has been removed by a blog administrator.
This comment has been removed by a blog administrator.
ഇടിവാള്‍ജീ, സു ചേച്ചി, പടിപ്പുര, അരീക്കോടന്‍ അവര്‍കള്‍ക്കും, ഇത്തിരിവെട്ടം, പ്രിയംവദ, ഇട്ടിമാളു 'ഇവര്‍കള്‍'ക്കും നന്ദി.. :-)
അതുകലക്കി.
ഞാനും എന്റെ അച്ഛന്‍ മാഷായിരുന്ന സ്കൂളില്‍ തന്നെയാ പഠിച്ചിരുന്നത്.അതുകൊണ്ട് ക്ലാസിലെ എന്റെ വിക്രസുകള്‍ ഫ്രെഷായിതന്നെ അച്ഛന്റെ അടുത്തെത്തും.പക്ഷേ അതുകേട്ടാലൊന്നും അച്ഛന്‍ തല്ലില്ലാട്ടോ.(തല്ലിയാലും കാര്യമൊന്നുമില്ലെന്ന് അറിയുന്നതുകൊണ്ടാവും.)
Very nice one
Post a Comment
<< Home