സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, October 22, 2006

ഒരു പാമ്പ്‌ ദുര്യോഗം

എന്റെ സുഹൃത്ത്‌ വിനോദിനെ ഹീറോ ആക്കിത്തീര്‍ത്ത ഒരു സംഭവം...

അച്ഛന്‍ ജോലിചെയ്യുന്ന കമ്പനി വക ക്വാട്ടേര്‍സിലാണ്‌ താമസം. ഹോസ്റ്റലില്‍ നിന്ന് അവധിക്ക്‌ നാട്ടില്‍ വരുന്ന വഴി ബസ്സിലിരുന്ന് ഉറങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാനായി വിനോദ്‌ ഉറക്കത്തിലാണ്‌. സമയം കാലത്ത്‌ ഒരു 10 മണി. നാട്ടില്‍ അവധിദിവസമല്ലാത്തതിനാല്‍ മറ്റു ക്വാട്ടേര്‍സിലെ എല്ലാ ആണ്‍ തരികളും ജോലിക്ക്‌ പോയിരിക്കുന്നു. കുട്ടിപ്പിശാചുക്കളെല്ലാം സ്കൂളിലും....

പെട്ടെന്നാണ്‌ അടുത്ത വീട്ടില്‍ നിന്ന് ഒരു നിലവിളി... 'അയ്യോ... ഓടിവരണേ...'
വിനോദിന്റെ അമ്മ പുറത്തേക്കോടി. അല്‍പസമയത്തിനകം ഒരു പറ്റം വീട്ടമ്മമാര്‍ വിനോദിന്റെ വീട്ടില്‍ പാഞ്ഞെത്തി.

'മോനേ... വിനോദേ...' എന്ന ഉറക്കെയുള്ള വിളികേട്ട്‌ 'എന്താ അമ്മേ..' എന്ന് അല്‍പം ദേഷ്യത്തോടെ വിളിച്ചു ചോദിച്ച്‌ 'മനുഷ്യനെ ഒന്ന് സ്വൈര്യമായി ഉറങ്ങാനും സമ്മതിക്കുകേല' എന്ന് പിറുപിറുത്ത്‌ തലയില്‍ നിന്ന് പുതപ്പ്‌ മാറ്റി.

'മോനേ... വേഗം വാ.. അപ്പുറത്തെ വീടിന്റെ അകത്ത്‌ ഒരു പാമ്പ്‌...'

ഇത്‌ കേട്ട വിനോദ്‌ മാറ്റിയപുതപ്പ്‌ ഫുള്‍ സ്പീഡില്‍ വീണ്ടും തലവഴി മൂടി അനങ്ങാതെ കിടന്നു. അമ്മ അകത്തെത്തി കുലുക്കി വിളീ തുടങ്ങി..

'നീ ഇപ്പോ വിളി കേട്ടതാണല്ലോ.... എണീക്ക്‌... നീ ഒന്ന് വേഗം വാ... എല്ലാവരും നിന്നെ കാത്ത്‌ പുറത്ത്‌ നില്‍പുണ്ട്‌...'

വിനോദ്‌ ആകെ കണ്‍ഫിയൂഷനായി... 'ദൈവമേ... എണീറ്റില്ലെങ്കില്‍ എല്ലാവരും വിചാരിക്കും പേടിയാണെന്ന്... എണീറ്റാലോ.. പാമ്പ്‌ കടിയേറ്റ്‌ മരണം ഉറപ്പാ...'

ആരാധകരുടെ ശല്ല്യം സഹിക്ക വയ്യാതെ വിനോദ്‌ ചാടിയെണീറ്റു.

'പാമ്പോ... എവിടെ എവിടെ...?' എന്നൊക്കെപ്പറഞ്ഞ്‌ ടീഷര്‍ട്ട്‌ എടുത്തിട്ട്‌ ധൈര്യാഭിനയ ചക്രവര്‍ത്തി ജയനെപ്പോലെ പുറത്തെത്തി.

പുറത്ത്‌ എത്തിയപ്പോഴെക്ക്‌ ആ ഭാഗത്തെ ഒരുവിധം മഹിളാജനങ്ങളെല്ലാം അവരുടെ രക്ഷകനെകാത്ത്‌ പുറത്ത്‌ നില്‍പ്പാണ്‌....എല്ലാവരും കൂടി വിനോദിനെ പാമ്പ്‌ കയറിയ വീട്ടിലേക്ക്‌ ആനയിച്ചു. വീടിന്റെ അടുത്തെത്തിയപ്പോഴെക്ക്‌ ആരോ ഒരു നീളമുള്ള വടി വിനോദിന്റെ കൈയ്യില്‍ പിടിപ്പിച്ചു.

'എന്റീശ്വരാ.... ഇവര്‍ക്ക്‌ വെറുതെ തോന്നിയതാവണെ.... അല്ലെങ്കില്‍ പാമ്പ്‌ എങ്ങോട്ടെങ്കിലും അപ്രത്യക്ഷമായിട്ടുണ്ടാവണേ....' എന്നൊക്കെ പ്രാര്‍ത്ഥിച്ച്‌ ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്റോയെപ്പോലെ പതുക്കെ പതുക്കെ മുറിയുടെ വാതില്‍ക്കലെത്തി ഉള്ളിലേക്ക്‌ ഒന്ന് എത്തി നോക്കി.

'അത്‌ പോയെന്നു തോന്നുന്നു..' എന്ന് ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞ്‌ പുറത്തേക്ക്‌ വരാന്‍ പോയപ്പൊഴെക്ക്‌ ആ വീട്ടിലെ ആന്റി വന്ന് 'ദേ.. ആ അലമാരയുടെ പിന്നിലുണ്ട്‌...' എന്ന് ഒരു വിശദീകരണം.

ഹോസ്റ്റലില്‍ അടിച്ച്‌ പാമ്പായവരെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു പാമ്പിനെ ഇത്ര ലൈവ്‌ ആന്റ്‌ ഫ്രീ ആയി ഇന്നേവരെ കണ്ടിട്ടിലല്ലാത്ത വിനോദിനുണ്ടോ വല്ല ഭയക്കുറവും....കൈയ്യില്‍ നിര്‍ബദ്ധിച്ച്‌ ഏല്‍പ്പിച്ച ആ നീണ്ട വടികൊണ്ട്‌ വിനോദ്‌ അലമാരയുടെ അടിയിലൂടെ ഒന്ന് തട്ടി.അതാ ഒരു കിടിലന്‍ പാമ്പ്‌ അലമരയ്ക്കടിയില്‍ നിന്ന് പുറത്തെക്ക്‌ തെന്നി വന്നു. മിനുസമുള്ള നിലമായതിനാല്‍ പാമ്പിന്‌ ഇഴയാനൊരു വൈക്ലബ്യം.....

വിനോദിന്‌ ആകെ പരാക്രമമായി... ദൈവമെ... ഒന്നുകില്‍ പുറത്തെക്ക്‌ ഓടണം, അല്ലെങ്കില്‍ രണ്ടും കല്‍പിച്ച്‌ അങ്കം തന്നെ...'മുന്താണെ മുടിച്ച്‌' സിനിമയിലെ വടിത്തല്ല് വീരന്‍ ഭാഗ്യരാജിനെ മനസ്സില്‍ ധ്യാനിച്ച്‌ വിനോദിന്റെ പ്രകടനം.

കണ്ണും അടച്ച്‌ പിടിച്ച്‌ വിനോദ്‌ നോണ്‍ സ്റ്റോപ്പ്‌ അടി....കുറച്ച്‌ കഴിഞ്ഞ്‌ അടിച്ച്‌ തളര്‍ന്ന വിനോദ്‌ കണ്ണ്‍ തുറന്ന് നോക്കുമ്പോള്‍ പാമ്പിനെ കാണാനില്ല.
'തന്റെ പ്രകടനമൊക്കെ വെറുതെയായിപ്പോയോ... ' എന്ന് വിചാരിച്ചുകൊണ്ട്‌ മുകളിലേക്ക്‌ നോക്കിയപ്പോള്‍ അതാ പാമ്പ്‌ സീലിംഗ്‌ ഫാനില്‍ കിടന്നാടുന്നു.

'അയ്യോ..' എന്നൊരു നിലവിളി തൊണ്ടവരെവന്ന് പുറത്തുവരാതെ ബ്രേക്കിട്ട്‌ നിന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ പാമ്പ്‌ തകര്‍ന്ന തരിപ്പണമായി ചത്ത്‌ കിടപ്പാണ്‌... പാമ്പ്‌ ചത്തിട്ടും നിര്‍ത്താതെ അടിക്കുന്നതിനിടയില്‍ വടി ഉയര്‍ത്തിയപ്പോള്‍ പാമ്പ്‌ അതില്‍ കുടുങ്ങി മുകളിലേക്ക്‌ തെറിച്ച്‌ ഫാനില്‍ വീണതാണ്‌...ചത്ത പാമ്പിനെ തട്ടി താഴെയിട്ട്‌ അതിനെ വടികൊണ്ട്‌ തോണ്ടി പുറത്തേക്ക്‌ കൊണ്ടുവന്നു.

'എന്നാലും ഒരു പാമ്പിനെ ഇത്ര ഭീകരമായി കൊല്ലുന്നത്‌ ഞാന്‍ ആദ്യമായാ കാണുന്നേ...' ഒരു വീട്ടമ്മയുടെ കമന്റ്‌...

'ഞാനും' വിനോദ്‌ മനസ്സില്‍ പറഞ്ഞു, എന്നിട്ട്‌ ഇനി പകല്‍ വീട്ടിലിരിക്കുന്ന പ്രശ്നമില്ലെന്ന് മനസ്സിലുറപ്പിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

13 Comments:

At 11:26 PM, Blogger സൂര്യോദയം said...

ഇത്ര ക്ലോസപ്പില്‍ ഒരു പാമ്പിനെ ലൈവ്‌ ആന്റ്‌ ഫ്രീ ആയി കാണാന്‍ നിര്‍ബദ്ധിതനായ എന്റെ സുഹൃത്തും അവന്റെ വീരസാഹസം കണ്ട്‌ തകര്‍ന്ന് പോയ ഒരു പാമ്പും...

 
At 12:12 AM, Blogger കിച്ചു said...

കൊള്ളാം പാമ്പേ.. :):):)

 
At 1:01 AM, Blogger വിഷ്ണു പ്രസാദ് said...

വായിക്കാന്‍ രസംണ്ട് ട്ടോ ചങ്ങാതീ...

 
At 9:05 PM, Blogger സൂര്യോദയം said...

കിച്ചൂ.. വിഷ്ണൂ... പാമ്പ്‌ ദുര്യോഗം ഇഷ്ടപ്പെട്ടെന്നറിയിച്ചതിന്‌ നന്ദി...

 
At 9:16 PM, Blogger Sul | സുല്‍ said...

"ഹോസ്റ്റലില്‍ അടിച്ച്‌ പാമ്പായവരെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു പാമ്പിനെ ഇത്ര ലൈവ്‌ ആന്റ്‌ ഫ്രീ ആയി ഇന്നേവരെ കണ്ടിട്ടിലല്ലാത്ത വിനോദിനുണ്ടോ വല്ല ഭയക്കുറവും...."

നന്നായിട്ടുണ്ട് സൂര്യാ.

 
At 3:23 AM, Blogger ദില്‍ബാസുരന്‍ said...

സൂര്യോദയം മാഷേ,
ഇത് കലക്കി. പല സംഭവങ്ങളും ഓര്‍മ്മ വരുന്നു. :-)

 
At 3:43 AM, Blogger അരീക്കോടന്‍ said...

ഇന്റമ്മേ...ബാലരമേലെ ശിക്കാരി ശംഭു ബൂലോഗത്തേക്ക്‌ കുടിയേറിയോ?

 
At 7:21 AM, Blogger മുസാഫിര്‍ said...

ഹി ഹി , കുട്ടുകാരന്‍ അന്നു രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല എന്നു തോന്നുന്നു.

 
At 7:47 AM, Blogger പാര്‍വതി said...

എനിക്ക് പാമ്പിനെ കൊല്ലുന്നത് കാണുന്നതെ ഇഷ്ടമല്ല, എന്തോ പാമ്പിനോട് മനുഷ്യര്‍ക്ക് ഇത്തിരി ദേഷ്യം കൂടുതലാണ് അല്ലേ..പാമ്പ് ആക്ച്യുവല്ലി ആള് പാവമാണ്, അല്ലാതെ പടത്തിലൊക്കെ കാണുന്നത് പോലെ വെറുതെ ഉപദ്രവിക്കാറില്ല..

ഇപ്പറയുന്നതൊക്കെ ആര് കേള്‍ക്കാന്‍?

-പാര്‍വതി.

 
At 1:34 AM, Blogger സൂര്യോദയം said...

പാമ്പ്‌ ദുര്യോഗം വായിച്ച എല്ലാവര്‍ക്കും നന്ദി... കമന്റിടാന്‍ സമയം കണ്ടെത്തിയവര്‍ക്ക്‌ പ്രത്യേകം നന്ദി ഇരിക്കട്ടെ. :-)

 
At 5:52 AM, Blogger പടിപ്പുര said...

അറിഞ്ഞുകൊണ്ട്‌ ആരെങ്കിലും പാമ്പിനെ ചവിട്ടുമോ? നമ്മള്‍ വല്ലിടത്തൂടെയും ധൃതിയില്‍ നടന്നുപോകുമ്പോള്‍ അറിയാതെ ചവിട്ടിപ്പോകുന്നു, കടികിട്ടുന്നു.
അതിലും ഭേദമാണെന്ന് തോനുന്നു കാണുമ്പോഴെ തല്ലിക്കൊല്ലുന്നത്‌.

 
At 3:32 AM, Anonymous mansi said...

ezhuthukaran sahithya karanallathathu kondu vayikkan rasamdu

 
At 5:56 AM, Blogger Raj said...

: ) Super da machaaa....

 

Post a Comment

<< Home