സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, October 13, 2006

നാടകം 'അവസാനത്തെ അത്താഴം'

ഒരു മലയോര ഗ്രാമം... കൂടുതലും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍.... വിദ്യാഭാസ രംഗത്തും വികസനരംഗത്തും പിന്നോക്കം നില്‍ക്കുന്ന സ്ഥലം. പൊതുവെ നിഷ്കളങ്കരായ ജനങ്ങള്‍... ഉപജീവനത്തിനായി പരമ്പരാഗത തൊഴിലുകള്‍... കൊട്ട നെയ്യല്‍, കള്ള്‌ ചെത്തല്‍, വനശുചീകരണം, റബ്ബര്‍ ടാപ്പിങ്ങ്‌... തുടങ്ങിയവയാണ്‌ അതില്‍ ചിലത്‌.

നാട്ടിലെ കള്ള്‌ ഷാപ്പ്‌ അവിടുത്തെ ആണുങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്‌... മുഴുവന്‍ കുടിച്ച്‌ കളയുന്നവരല്ല... കാരണം, ഭാര്യമാര്‍ കണക്ക്‌ പറഞ്ഞ്‌ കാശ്‌ വാങ്ങിയെടുത്ത്‌ വീട്ടുകാര്യങ്ങള്‍ നോക്കും... അല്‍പസ്വല്‍പം മദ്യപിക്കുന്നതിന്‌ അവര്‍ എതിരല്ലതാനും.

നാട്ടിലെ പള്ളിയിലെ ഫാദര്‍ ഗബ്രിയേല്‍ ആണ്‌ നാട്ടുകാരുടെ ഉപദേഷ്ടാവും ഗൈഡും.... കള്ളുകുടിക്കരുതെന്ന് ഉപദേശിച്ച്‌ ഉപദേശിച്ച്‌ അച്ചന്റെ സൗണ്ട്‌ കണ്ട്രോള്‍ തകരാറായതല്ലാതെ വേറെ പ്രത്യേകിച്ച്‌ ദോഷമൊന്നും അച്ചന്‌ നേരിടേണ്ടിവന്നില്ല. ഉപദേശത്തെ തലകുലുക്കി ശിരസ്സില്‍ കയറ്റിയ എല്ലാവരും വൈകുന്നേരമാകുമ്പോള്‍ ഷാപ്പില്‍ കാണും.

ഒരിക്കല്‍ കള്ളുകുടിക്കരുതെന്ന് ഉപദേശിച്ച അച്ചനോട്‌ കുടിച്ച്‌ നല്ല ഫോമില്‍ നില്‍ക്കുന്ന പൗലോസിന്റെ ഒരു ചെറിയ ഉപദേശം..

'അച്ചോ... വൈനിനൊന്നും വല്ല്യ ഉഷാര്‍ ഇല്ലാട്ടോ... അച്ചന്‍ അതൊക്കെ നിര്‍ത്തി ഇച്ചിരി കള്ള്‌ ഒന്ന് പിടിപ്പിച്ച്‌ നോക്കിക്കേ...'

അച്ചന്‌ അല്‍പം ദേഷ്യം വന്നു. താന്‍ ഉപദേശിക്കുന്നവര്‍ തിരിച്ച്‌ തന്നോട്‌... 'ആമമാര്‍ക്ക്‌ തിരിയില്‍ കൊതുകിരിക്കുന്നൊ...'

'പൗലോസ്‌ ചെല്ല്.... അപ്പുറത്ത്‌ തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളോട്‌ ഞാന്‍ ഇതൊക്കെ പറയുന്നതാ ഇതിലും ഭേദം'

അപ്പോ പൗലോസിന്‌ ഒരു സംശയം.. 'അതെന്തിനാ അച്ചോ പശുക്കളോട്‌ പറയുന്നേ.... ഈ പശുക്കളും നല്ല വീശാണോ?'

'പൗലോസേ ... നീ പോ പോ... വീട്ടില്‍പോയി വല്ലതും കഴിച്ച്‌ കിടന്നുറങ്ങാന്‍ നോക്ക്‌'

'ഓ ഓ.. എന്നാ ശരി അച്ചോ' പൗലോസ്‌ സ്ഥലം കാലിയാക്കി.

ഇങ്ങനെ പലരെയും ഉപദേശിച്ച്‌ ഉപദേശിച്ച്‌ അച്ചന്‍ ഇപ്പോ കള്ള്‌ കുടി അവിടുത്തെ ജീവിതചര്യയായി അംഗീകരിച്ചു.

ക്രിസ്തുമസ്‌ അടുത്തു. ഇത്തവണ ഒരു നാടകം നടത്തണം എന്ന് അച്ചന്‌ ഒരു ആഗ്രഹം.... അച്ചന്റെ ഉള്ളിലെ കലാകാരന്റെ ശല്ല്യം സഹിക്കാനാവുന്നില്ല. അച്ചന്‍ ഒരു ഞായറാഴ്ച പള്ളിയില്‍ കുര്‍ബാന കഴിഞ്ഞപ്പോള്‍ സംഗതി പറഞ്ഞു.

'നമുക്ക്‌ ക്രിസ്തുമസ്സിനോടനുബദ്ധിച്ച്‌ ഒരു നാടകം നടത്തണം.... ക്രിസ്തുവിനെക്കുറിച്ച്‌ തന്നെയാവട്ടെ... നമ്മുടെ ഇടവകയില്‍ നിന്നുള്ള ആളുകള്‍ തന്നെ അതില്‍ അഭിനയിക്കണം...'

ഇത്‌ കേട്ടപ്പോള്‍ ആകെ ഒരു മ്ലാനത... കാരണം ഈ സ്റ്റേജില്‍ കയറിനിന്ന് ആളുകളുടെ മുന്നില്‍ നാടകം... ഹോ... ആലോചിക്കാന്‍ വയ്യ...

കാര്യം മനസ്സിലായ അച്ചന്‍ പറഞ്ഞു. 'ഇന്ന് വൈകീട്ട്‌ നമുക്ക്‌ ഒരു മീറ്റിംഗ്‌ കൂടാം... ആളുകളെ ഞാന്‍ നിശ്ചയിക്കാം... റിഹേര്‍സലൊക്കെ നടത്തി ശരിയാക്കിയെടുക്കാം... ഒന്നും പേടിക്കണ്ടാ...'

വൈകീട്ട്‌ മീറ്റിംഗ്‌....എല്ലാ പ്രതിഭകളും അവരുടെ ഗ്രാമീണപാനീയം സേവിച്ച്‌ അതിന്റെ ഉഷാറില്‍ ഹാജര്‍. ഈ വന്‍ കലാകാരന്മാരെവച്ച്‌ ഒരു ഹോളിവുഡ്‌ നാടകമൊന്നും ചെയ്യിച്ചുകളയാം എന്ന് അച്ചന്‌ വിചാരമില്ലാത്തതിനാല്‍ തന്നെ അച്ചന്‍ തന്റെ പ്ലാനങ്ങുവിവരിച്ചു.
" 'അവസാനത്തെ അത്താഴം' എന്നാണ്‌ നാടകത്തിന്റെ പേര്‌. സ്ത്രീ കഥാപാത്രങ്ങള്‍ അധികം വേണ്ട... തീന്‍ മേശയ്ക്ക്‌ ചുറ്റും എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നു.... നാടകം അവിടുന്ന് തുടങ്ങാം... എന്നിട്ട്‌ ക്രിസ്തു തന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവനെക്കുറിച്ച്‌ പറയും... എല്ലാവരും 'ഞാനാണോ കര്‍ത്താവേ..' എന്ന് ചോദിക്കും.. ഒടുവില്‍ യൂദാസ്‌ ചോദിക്കുമ്പോള്‍ 'അതെ.. നീ തന്നെ' എന്ന് കര്‍ത്താവ്‌ പറയും... തുടര്‍ന്ന് ക്രിസ്തുവിനെ പിടിച്ച്‌ കൊണ്ട്‌ പോകലും ക്രൂശിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കലും വരെ...."
(വല്ല്യ നീണ്ട നാടകത്തിന്‌ പോയാല്‍ ഇവന്മാര്‍ തന്നെ നാറ്റിക്കുമെന്ന് മനസ്സിലാക്കിയ അച്ചന്‍ നാടകത്തെ അങ്ങ്‌ ലഘൂകരിച്ചതാണ്‌)

'ഇനി കഥാപാത്രങ്ങളെ നിശ്ചയിക്കാം..' അച്ചന്‍ പറഞ്ഞു.

പിന്നീട്‌ അവിടെ നടന്നത്‌ നിയമസഭയില്‍ പോലും നടക്കാത്ത കാര്യങ്ങളായിരുന്നു.... വാക്ക്‌ തര്‍ക്കവും ചീത്തവിളിയും ഉന്തും തള്ളും.... അച്ചന്‍ റഫറി..... കാരണം സിമ്പിള്‍.... ക്രിസ്തുവാവാന്‍ വന്‍ തിരക്ക്‌.... എല്ലാവര്‍ക്കും ക്രിസ്തുവാകണം.... യൂദാസാവാന്‍ ആളില്ല...

ഒടുവില്‍ അച്ചന്‍ അലറി... 'നിത്തടാ ഡോഗിന്റെ മക്കളേ.... മര്യാദയ്ക്ക്‌ പറഞ്ഞാല്‍ നിനക്കൊന്നും മനസ്സിലാവത്തില്ല അല്ലേടാ.... ഒരു മീറ്റിങ്ങിന്‌ വരുമ്പോഴെങ്കിലും കള്ള്‌ കുടിക്കാതെ വന്നൂടെ.... ഞാന്‍ തീരുമാനിക്കും ആരോക്കെ ആരായി അഭിനയിക്കണമെന്ന്.... ഇനി ഇവിടെ മിണ്ടിപ്പോകരുത്‌...'

'പാവം അച്ചനല്ലേ... നമ്മുടത്ര സ്റ്റാന്‍ഡേര്‍ഡില്ലല്ലോ' എന്ന് വിചാരിച്ച്‌ എല്ലാവരും അടങ്ങി.

ഓരോരുത്തരുടെയും രൂപവും അവരെക്കുറിച്ചുള്ള ഏകദേശരൂപവും വച്ച്‌ അച്ചന്‍ കഥാപാത്രങ്ങളെ അങ്ങ്‌ ഫിക്സ്‌ ചെയ്തു.

'ചാക്കോ... നീ ക്രിസ്തുവായി അഭിനയിക്ക്‌... നല്ല റിഹേര്‍സല്‌ വേണ്ടിവരും... പിന്നെ നിന്റെ മുടിവെട്ടാത്ത കാരണം തല ഒരുവിധം ഓക്കെ.... നാടകം കഴിഞ്ഞാലെങ്കിലും നീ ഒന്ന് മുടിവെട്ട്‌ കുഞ്ഞാടേ... ഹും ഒരു കുഞ്ഞാട്‌...'

'പൗലോസെ... നീ യൂദാസ്‌' അച്ചന്‍ പറഞ്ഞു.

'ഇല്ലച്ചോ... എന്നെ കൊന്നാലും ഞാന്‍ യൂദാസാവില്ല.... അച്ചന്‍ എന്നോടുള്ള മുന്‍ വൈരാഗ്യം വച്ചാണ്‌ എന്നെ യൂദാസാക്കുന്നത്‌... പറ്റൂല്ലച്ചോ...' പൗലോസിന്‌ ദേഷ്യവും കരച്ചിലും എല്ലാം കൂടി വന്നു.

അച്ചനും ഫീലിങ്ങ്സ്‌ ആയി... 'എന്നാ വേണ്ടാ... നീ യൂദാസ്‌ കഴിഞ്ഞ്‌ എട്ടാമനായി ഇരുന്നാ മതി... യൂദാസായി വര്‍ഗ്ഗീസ്‌ മതി....'

'അതെന്നാ പണിയാണച്ചോ... എന്നെക്കൊണ്ട്‌ ആ പണി ചെയ്യിക്കുന്നേ... ഞാന്‍ അത്തരക്കാരനല്ലച്ചോ...' വര്‍ഗ്ഗീസിനും വിഷമം.

'എടോ വര്‍ഗ്ഗീസേ... ഇതൊരു നാടകം മാത്രമാണെന്നേ... നീ അത്തരക്കാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം... മാത്രമല്ല, നിനക്ക്‌ മറ്റുള്ളവരെക്കാള്‍ അഭിനയിക്കാന്‍ നല്ല കഴിവുണ്ടെന്ന് എന്നിക്ക്‌ ഉറപ്പാ...'

അത്‌ കേട്ടപ്പോള്‍ വര്‍ഗ്ഗീസ്‌ ഒന്ന് ഒതുങ്ങി.

തീന്‍ മേശയിലെ മറ്റ്‌ കഥാപാത്രങ്ങള്‍ക്കൊന്നും വല്ല്യ റോളില്ലാത്തതിനാല്‍ പെട്ടെന്ന് ഫിക്സ്‌ ചെയ്തു. അങ്ങനെ ബാക്കി എല്ലാവരെയും തീരുമാനിച്ച്‌ പിറ്റേന്ന് തന്നെ റിഹേര്‍സല്‍ ആരംഭിക്കുകയും ചെയ്തു.

റിഹേര്‍സലിന്‌ വരുമ്പോള്‍ മദ്യപിക്കരുത്‌ എന്ന അച്ചന്റെ സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടായിരുന്നതിനാല്‍ കള്ള്‌ ഷാപ്പ്‌ ലേറ്റ്‌ നൈറ്റ്‌ സര്‍വ്വീസാക്കി എക്സ്റ്റന്റ്‌ ചെയ്യിപ്പിച്ച്‌ റിഹേര്‍സല്‍ കഴിഞ്ഞാക്കി ഇപ്പോ സന്ദര്‍ശനം.
******************************
നാടകദിവസം.....

ഇടവകയിലാദ്യമായി നാടകം നടക്കാന്‍ പോകുന്നു... മാത്രമല്ല എല്ലാവരും ആ നാട്ടുകാര്‍ തന്നെ.... കുട്ട്യോളും വട്ടികളുമായി എല്ലാ വീട്ടുകാരും പള്ളിവളപ്പില്‍ ഹാജര്‍.

രംഗം സ്റ്റേജിന്‌ പിന്‍ വശം.....

താരങ്ങളെല്ലാം വന്‍ ടെന്‍ഷനില്‍.... ഇത്രനാളും റിഹേര്‍സല്‍ അച്ചന്റെ മുന്നിലായിരുന്നു. ഇതിപ്പോ നാട്ടുകാര്‍ എല്ലാവരുമുണ്ട്‌... ആകെ ഒരു വിറയല്‍...

'എടാ ചാക്കോച്ചാ... എനിക്ക്‌ കയ്യും കാലും വിറയ്ക്കുന്നു... മ്മ് ടെ സാധനം ഒരു കുപ്പി കിട്ടിയെങ്കില്‍ ഒരു ധൈര്യം വന്നേനെ...' പൗലോസ്‌ തുറന്ന് പറഞ്ഞു.

'അതന്നെ... എനിക്കും അതെ... ഹൗ.. ആകെ ഒരു അങ്കലാപ്പ്‌... നിനക്ക്‌ പിന്നെ എട്ടാമനായി വെറുതെ ഇരുന്നാ പോരെ.. ഡയലോഗ്‌ വരെ ഇല്ലല്ലോ...' ചക്കോയും തന്റെ മനസ്സിന്റെ വിമ്മിഷ്ടം റിലീസ്‌ ചെയ്തു.

പറഞ്ഞു വന്നപ്പ്പോഴാണ്‌ എല്ലാ സ്റ്റാര്‍സിനും പൊതുവായ ഒരേ അഭിപ്രായം.... എന്തിനു പറയുന്നു... മേക്കപ്പിന്‌ ഹെല്‍പ്പ്‌ ചെയ്യാന്‍ നില്‍ക്കുന്ന ദേവസ്സിക്ക്‌ വരെ ഒരു വിറയല്‍...

'എടാ ദേവസ്സ്യേ... നീ മ്മ് ടെ ഷാപ്പില്‍ ഒന്ന് പോയി കയ്യില്‍ കിട്ടാവുന്നത്രേം കൊണ്ടിങ്ങുവാ....' പൗലോസ്‌ ഓര്‍ഡര്‍ ഇട്ടു.

ദേവസ്സി ഓടി.... ഒരു സഞ്ചിയില്‍ 7-8 കുപ്പികളുമായി അല്‍പസമയത്തിനകം ആള്‍ തിരിച്ചെത്തി. അച്ചന്‍ ഓടി നടന്ന് എല്ലാം സെറ്റപ്പ്‌ ചെയ്യുന്ന തിരക്കില്‍ നമ്മുടെ പ്രശസ്തരാകാന്‍ പോകുന്ന താരങ്ങള്‍ എല്ലാം നിമിഷങ്ങള്‍ക്കകം കുപ്പികളെ കള്ളില്‍നിന്ന് മോചിപ്പിച്ചു.

'നാടകത്തിന്റന്ന് എന്തുവന്നാലും കള്ള്‌ കുടിച്ചുപോകരുത്‌... നല്ല ധൈര്യം സംഭരിക്കണം' എന്ന അച്ചന്റെ ഓര്‍ഡര്‍ പകുതി അനുസരിച്ച്‌ എല്ലാവരും ധൈര്യം സംഭരിച്ച്‌ റെഡിയായി. ഇപ്പോ ഒരു വിറയലുമില്ല... നല്ല ഉഷാര്‍...

നാടകം തുടങ്ങാറായി...സ്റ്റേജില്‍ മേശ റെഡി... ചുറ്റും കസേരകളും.....

അച്ചന്‍ ഓടിവന്നു.

'എല്ലാവരും പോയി ഇനി മേശയ്ക്‌ ചുറ്റും ഇരുന്നോ... ഞാന്‍ അനൗണ്‍സ്‌ ചെയ്താലുടന്‍ കര്‍ട്ടന്‍ പൊന്തിച്ചോ'എല്ലാവരും സ്റ്റേജില്‍ മേശയ്ക്‌ ചുറ്റും ഇരിപ്പായി.... അച്ചന്റെ അനൗന്‍സ്‌ മെന്റ്‌....

'ഇടവകയിലെ എന്റെ പ്രിയപ്പെട്ടവരെ.... നമ്മുടെ ഇടയിലെതന്നെ കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഈ നാടകം ഉപകരിക്കട്ടെ എന്നും അതിനായി നിങ്ങളുടെ എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ ഇതാ നാടകം ആരംഭിക്കുന്നു... അവസാനത്തെ അത്താഴം...'

കര്‍ട്ടന്‍ പൊന്തി....

കാണികളുടെ നിലയ്ക്കാത്ത കയ്യടിയും വിസിലടിയും.....

(നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.....)

ചാക്കോ ക്രിസ്തുവിന്റെ സീറ്റില്‍ ഗമയിലിരുന്നു. (ഡയലോഗ്‌ പതുക്കെ പറഞ്ഞു നോക്കി. നാവ്‌ കുഴയുന്നുണ്ടോ എന്ന് ഒരു സംശയം... ആള്‍ക്കാരും ഒട്ടും ക്ലിയറല്ല..... ഓ.. എന്തുമാവട്ടെ, ധൈര്യത്തിന്‌ ഒരു കുറവുമില്ല, പിന്നെന്താ...)

'എന്റെ ശിഷ്യമ്മാരില്‍ ഒരുത്തന്‍ എന്നെ ഒറ്റി.. ക്കൊടുക്കും...'

(ആദ്യ ഡയലോഗില്‍ തന്നെ അച്ചന്‍ ഞെട്ടി. ഡയലോഗില്‍ തന്നെ ഒരു കള്ള്‌ എഫ്ഫക്റ്റ്‌....
'എന്റെ കര്‍ത്താവെ... ചതിച്ചോ...ഇവന്മാര്‍ ഇതിനിടയില്‍ ഇത്‌ എവിടുന്ന് എടുത്ത്‌ മോന്തി...' അച്ചന്‍ ടെന്‍ഷനായി.)

ചാക്കോയുടെ തൊട്ടടുത്തിരിക്കുന്ന ശിഷ്യന്റെ ഊഴം... എഴുന്നേറ്റ്‌ നിന്ന് മേശയില്‍ പിടിച്ച്‌ ഒന്ന് ബാലന്‍സ്‌ ചെയ്ത്‌ ചോദിച്ചു.

'ഞാനാണോ കര്‍ത്താവേ...' (ഹാവൂ ആശ്വാസം.... ഒറ്റ വാക്കില്‍ തീര്‍ന്നു)

'നീയല്ല.... നീ അവ്‌ ടെ ഇരുന്നോ...' കര്‍ത്താവിന്റെ മറുപടി.

അടുത്തയാല്‍ എഴുന്നേറ്റു,, 'ഞാനാണോ കര്‍ത്താവേ...'

'നീയും അല്ല... നീയും ഇരി..'

അങ്ങനെ ആറുപേരും കഴിഞ്ഞു.

അടുത്തത്‌ യൂദാസായ വര്‍ഗ്ഗീസിന്റെ ഊഴം...വര്‍ഗ്ഗീസ്‌ എഴുന്നേറ്റു...

'ഞാനാണോ കര്‍ത്താവേ...'

യൂദാസിനെ ഞെട്ടിച്ചുകൊണ്ട്‌ ചാക്കോ കര്‍ത്താവിന്റെ മറുപടി വന്നു...

'നീയും അല്ല... നീയും ഇരുന്നോ..'

ഞെട്ടല്‍ അഭിനയിക്കാന്‍ റെഡിയായി നിന്ന വര്‍ഗ്ഗീസ്‌ യൂദാസ്‌ അറിയാതൊന്നു ഞെട്ടി. എന്നിട്ട്‌ കണ്‍ഫിയൂഷനില്‍ മനസ്സില്ലാ മനസ്സോടെ ഇരുന്നു.

നാടകം ആസ്വദിച്ച്‌ എട്ടാമനായി വെറുതെ സ്റ്റേജില്‍ ഇരിക്കുകായിരുന്ന പൗലോസിന്റെ കള്ളിന്റെ ലഹരി അറിയാതെ ഇറങ്ങിപ്പോയി.

'എന്ത്‌... വര്‍ഗ്ഗീസും അല്ലെന്നോ യൂദാസ്‌... അപ്പൊ പിന്നെ.....???'പൗലോസ്‌ സീറ്റിന്‍ നിന്നങ്ങ്‌ എണീറ്റു. മേശ ഒന്ന് തള്ളി നീക്കിയിട്ടു. (മേശയ്ക്കടിയിലായതിനാല്‍ മുണ്ട്‌ ആരും കാണാത്ത രീതിയിലായിരുന്നു അറേഞ്ച്‌ മെന്റ്‌....)

പൗലോസ്‌ മുണ്ടങ്ങ്‌ മടക്കി കുത്തി.... എന്നിട്ട്‌ കൈ തെറുത്തുവച്ചുകൊണ്ട്‌ ക്രിസ്തുവിന്റെ നേരെ ആഞ്ഞുകൊണ്ട്‌ ഒരു ചോദ്യം...

'അല്ലാ.... യൂദാസാരാന്നാ പറഞ്ഞെ..... യൂദാസാരാന്ന്??'

'അപ്പോഴാണ്‌ ചാക്കൊയ്ക്ക്‌ എണ്ണം തെറ്റിപ്പോയവിവരം മനസ്സിലായത്‌... ഇനി മേശയ്ക്കപ്പുറത്ത്‌ ആളില്ല യൂദാസാവാന്‍.....

ചാക്കോ വിക്കി വിക്കി 'ഈ യൂദാസ്‌... യൂദാസ്‌...... അതുപിന്നെ...'

പൗലോസ്‌ ആകെ വയലന്റായി...

'നിനക്കെന്നെ യൂദാസാക്ക്‌ ണല്ലെ.... ഉവ്വാ... ശര്യാക്കിത്തരാട്ടോ.... കണ്ണിക്കണ്ട കള്ള്‌ ചെത്തുകാരെപ്പിടിച്ച്‌ ഈശോയാക്ക്യാ അച്ചന്‌ ഇങ്ങന്നന്നെ വേണം... ഒരു ചവ്‌ ട്ട്‌ വച്ചന്നാല്‌ ണ്ട്ല്ലോ....'

ചാക്കോ പതുക്കെ അടിതടുക്കാനുള്ള ശ്രമത്തില്‍...

'ക്രിസ്തുാണ്‌... തല്ലര്‌ ത്‌.... തല്ലര്‌ ത്‌'

'കര്‍ട്ടനിടടാ കൊച്ചപ്പ്പാ.... ' എന്ന് അലറിവിളിച്ചുകൊണ്ട്‌ അച്ചന്‍ സ്റ്റേജിലേക്ക്‌ ഓടിയടുത്തതും കര്‍ട്ടന്‍ വീണു.
*****************************

(കടപ്പാട്‌: കലാഭവന്‍ മണിയോട്‌)

6 Comments:

At 1:59 AM, Blogger സൂര്യോദയം said...

'കര്‍ട്ടനിടടാ കൊച്ചപ്പ്പാ.... ' എന്ന് അലറിവിളിച്ചുകൊണ്ട്‌ അച്ചന്‍ സ്റ്റേജിലേക്ക്‌ ഓടിയടുത്തതും കര്‍ട്ടന്‍ വീണു.

 
At 2:09 AM, Blogger മുല്ലപ്പൂ || Mullappoo said...

ഈ നാടകം ഒരു ചിരി തന്നെ ഒരുക്കി.
ഒരു ഗ്രാമവും. പള്ളിപെരുന്നാളും ആഘോഷവും അതിനു പിന്‍പറ്റി വന്ന സൂപ്പര്‍ ചിരിയും.

കൊള്ളാം

 
At 11:16 PM, Blogger ഇത്തിരിവെട്ടം|Ithiri said...

സൂര്യോദയമേ ഇത് സൂപ്പര്‍...

 
At 8:56 PM, Blogger സൂര്യോദയം said...

മുല്ലപ്പൂവിനും ഇത്തിരിവെട്ടത്തിനും നന്ദി...
സംഭവം എഴുതിവന്നപ്പോല്‍ അല്‍പം നീണ്ടുപോയി എന്നു തോന്നുന്നു.

ഈ സംഭവം വായിക്കുന്നതിനെക്കാള്‍ ഇതിന്റെ അവതരണമാണ്‌ എന്നെ ഏറെ ചിരിപ്പിച്ചത്‌. കുടിയന്മാരുടെ ശൈലിയില്‍ ഇതിന്റെ അവസാനഭാഗം അവതരിപ്പിക്കുന്നത്‌ ഞാന്‍ കാണാന്‍ ഇടയായിട്ടുണ്ട്‌... :-)

 
At 10:09 PM, Blogger ഇടിവാള്‍ said...

അതെന്തിനാ, കലാഭവന്‍ മണിയോടൊരു കടപ്പാട് ?

അവതരണം മണി വഹയാണോ ?

എന്തായാലും ഇവിടെ എഴുതിയതു കൊള്ളാം.

 
At 10:31 PM, Blogger സൂര്യോദയം said...

ഇടിവാള്‍ജീ... മണിയാണ്‌ ഈ സബ്ജക്റ്റ്‌ റഫ്‌ ആയി അവതരിപ്പിച്ചത്‌ (ഒരു കാഷ്വല്‍ ഡിസ്കഷനില്‍...)... ഞാനതിനെ ഒന്ന് എക്ഷ്പാന്‍ഡ്‌ ചെയ്ത്‌ എഴുതി എന്നേയുള്ളൂ..

 

Post a Comment

<< Home