സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, September 13, 2006

വര്‍ക്കിച്ചേട്ടന്റെ ക്രിസ്തു വേഷം

വര്‍ക്കിച്ചേട്ടന്‍ ആള്‌ ജിമ്മിലൊക്കെ സ്ഥിരം പോയിക്കൊണ്ടിരുന്നതിനാല്‍ നല്ല കട്ട മസില്‍സാണ്‌. പക്ഷെ ആള്‌ ഒരു പാവം... ഒരു അലമ്പിനും ഇല്ലാതെ പള്ളിയും നാട്ടുകാരുമൊക്കെയായി കഴിഞ്ഞുകൂടുന്നു.

ക്രിസ്തുമസ്സ്‌ കാലത്ത്‌ ഒരു ടാബ്ലോ മല്‍സരമുണ്ട്‌. വിവിധ ഇടവകകളില്‍ നിന്നും മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീ ഉണ്ടാവും.

പക്ഷെ, വര്‍ക്കിച്ചേട്ടന്റെ ക്രിസ്തുവേഷത്തിനാണ്‌ എല്ലാ കൊല്ലവും ഒന്നാം സമ്മാനം. തലയില്‍ മുള്‍ക്കിരീടവും വച്ച്‌ അല്‍പസ്വല്‍പം മേക്കപ്പ്‌ കയറ്റിയാല്‍ 'ഒറിജിനല്‍ ക്രിസ്തു ദേവന്‍ വന്ന് ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കും' എന്ന് പള്ളീലച്ചന്‍ പറഞ്ഞു എന്ന് ഒരിക്കല്‍ വര്‍ക്കിച്ചേട്ടന്‍ വീമ്പ്‌ പറയുന്ന കേട്ടിട്ടുണ്ട്‌.
(അല്‍പം അഹങ്കാരം ഉണ്ടോ എന്ന് തോന്നിയാല്‍ തെറ്റില്ല. ഈ അഹങ്കാരം ക്രിസ്തു ദേവനായിട്ട്‌ തന്നെ മാറ്റിക്കൊടുത്തു. കുറച്ച്‌ കൂടിപ്പോയോ എന്നേ സംശയമുള്ളൂ)

ഒരു തവണ വര്‍ക്കിച്ചേട്ടന്റെ ക്രിസ്തുവിന്‌ ഒന്നാം സമ്മാനം കിട്ടിയില്ല.

ഇടവകയിലെ എല്ലാവരും നിരാശരായി.

'ക്രിസ്തുവിനെന്താ കുടവയറുണ്ടോ???' എന്ന് ജഡ്ജസ്സ്‌ ചോദിച്ചപ്പോളാണ്‌ എല്ലാവര്‍ക്കും ആ സംശയം ഉദിച്ചത്‌. (ക്രിസ്തുവിന്‌ കുടവയറുണ്ടോ ഇല്ലായോ എന്നതല്ല... കുടവയറില്ലാത്ത ഒരു ക്രിസ്തുവേഷം വേറെ ഉണ്ടായിരുന്നതിനാല്‍ ഒന്നാം സമ്മാനം അവര്‍ക്ക്‌ കൊടുത്തു.)

അപ്പോഴാണ്‌ വര്‍ക്കിച്ചേട്ടനും കൂട്ടരും ഒരു സെല്‍ഫ്‌ അനാലിസിസ്‌ നടത്തിനോക്കിയത്‌. ശരിയാണ്‌.. കുറച്ച്‌ മാസമായി ജിമ്മിന്‌ പോക്ക്‌ നിര്‍ത്തിയിട്ട്‌... ചെസ്റ്റ്‌ മസില്‍സിന്‌ വലിയ കോട്ടം തട്ടിയിട്ടില്ലെങ്കിലും വയര്‍ അല്‍പം ചാടിയിട്ടുണ്ട്‌.

അടുത്ത തവണ എങ്ങനെ നഷ്ടപ്പെട്ട ഒന്നാം സമ്മാനം നേടിയെടുക്കാം എന്നതിനെക്കുറിച്ചായി ചര്‍ച്ച. 'തീറ്റ കുറക്കാന്‍ പറ്റില്ല, പക്ഷെ, വയറ്‌ കുറക്കാന്‍ ശ്രമിക്കാം' എന്ന് വര്‍ക്കിച്ചേട്ടന്റെ വാക്കില്‍ തല്‍ക്കാലം ചര്‍ച്ച അവസാനിപ്പിച്ചു.

വീണ്ടും ക്രിസ്തുമസ്‌ ......

വര്‍ക്കിച്ചേട്ടന്റെ കുടവയര്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല, അല്‍പം കൂടി കൂടിയോ എന്ന് ഒരു സംശയം....

ഇനി ഇപ്പോ എന്താ ചെയ്കാ... മല്‍സരത്തിന്‌ ഇനി രണ്ട്‌ ദിവസം മാത്രം ബാക്കി.

പെട്ടെന്ന് വര്‍ക്കിച്ചേട്ടന്‌ തന്നെ ഐഡിയ ഉദിച്ചു.

'ഒരു കാര്യം ചെയ്യാം... ജഡ്ജസ്‌ നില്‍ക്കുന്ന ഏരിയ എത്തുമ്പോള്‍ വയര്‍ ഉള്ളിലേക്ക്‌ വലിച്ചു പിടിക്കാം'

ഇത്‌ പറഞ്ഞ്‌ പുള്ളിക്കാരന്‍ ഒരു ഡെമോ കൂടി കാണിച്ചു.

'കൊള്ളാല്ലോ... ഉള്ളിലേക്ക്‌ വലിച്ച്‌ പിടിച്ചപ്പോള്‍ കുടവയര്‍ കാണുന്നില്ല' എല്ലാവരും സമ്മതിച്ചു.

മല്‍സര ദിനം...

വിവിധ ഇടവകകളില്‍ നിന്നുമുള്ള നിശ്ചല രൂപങ്ങള്‍ വാഹനങ്ങളിലായി റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു.ഞങ്ങളുടെ

ഇടവകയിലെ വണ്ടി അതാ വരുന്നു. കുരിശില്‍ കൈകള്‍ മുകളിലോട്ട്‌ കെട്ടി, തലയില്‍ മുള്‍ക്കിരീടവും വച്ച്‌, ചോരയൊലിപ്പിച്ച്‌ ആ ദയനീയമായ കിടപ്പ്‌ കണ്ടാല്‍ ശരിക്കും കിടിലന്‍... അടുത്തായി നാല്‌ കുന്തം പിടിച്ച കാവല്‍ക്കാരും.....

ജഡ്ജസ്സിന്റെ അടുത്ത്‌ ഞങ്ങളും നിലയുറപ്പിച്ചു.

അടുത്തെത്താറായപ്പോള്‍ കുന്തക്കാരന്‍ മന്ത്രിച്ചു..

'വര്‍ക്കിച്ചേട്ടാ... റെഡി... വലിച്ചു പിടിച്ചോ....'

വര്‍ക്കിച്ചേട്ടന്‍ വയര്‍ ഒന്ന് ആഞ്ഞ്‌ ഉള്ളിലേക്ക്‌ വലിച്ചു. 'ഹായ്‌... ബെസ്റ്റ്‌....'

വണ്ടി ഇഴഞ്ഞു നീണ്ടുന്നതിനാല്‍ അങ്ങ്‌ കടന്നു പോകുന്നില്ല... ശ്വാസം ഇപ്പൊ പോകും. പുള്ളി ശ്വാസം ഒന്ന് വിട്ട്‌ വീണ്ടും ഉള്ളിലേക്ക്‌ വലിച്ചു.

ഇത്‌ ഒരു രണ്ട്‌ മൂന്ന് വട്ടം കഴിഞ്ഞപ്പോള്‍ അതാ ഉടുത്തിരുന്ന ഒറ്റ മുണ്ട്‌ കുത്തഴിഞ്ഞ്‌ ഇഴുകി താഴെ... വല്ലതും ചെയ്യാന്‍ പറ്റുമോ?... ഒറിജിനാലിറ്റിക്കു വേണ്ടി കൈ നല്ല സ്റ്റ്രോങ്ങ്‌ ആയി കെട്ടിയിട്ടിരിക്കുകയല്ലെ...

'പൗലോസേ.. പൗലോസേ..' എന്ന് വിളികേട്ട്‌ തിരിഞ്ഞ്‌ നോക്കിയ കുന്തക്കാരന്‍ പൗലോസ്‌ കണ്ടത്‌ അണ്ടര്‍വെയറിട്ട്‌ ദയനീയമായ ഭാവത്തോടെ തന്നെ നോക്കുന്ന വര്‍ക്കി ക്രിസ്തുവിനെ.

'ക്രിസ്തുവിന്റെ കാലത്ത്‌ കുന്നത്ത്‌ അണ്ടര്‍വെയര്‍ ഉണ്ടോ??' എന്ന ചോദ്യം ഉയരുന്നതിനു മുന്‍പ്‌ അതാ അനങ്ങാതെ നിന്നിരുന്ന കുന്തക്കാരന്‍ ഓടി വന്ന് ക്രിസ്തുവിനെ മുണ്ടുടുപ്പിച്ചു.

10 Comments:

At 1:27 AM, Blogger സൂര്യോദയം said...

'ക്രിസ്തുവിനെന്താ കുടവയറുണ്ടോ' എന്ന ചോദ്യത്തെ മാറ്റിമറിക്കാന്‍ വര്‍ക്കിച്ചേട്ടന്‌ കഴിഞ്ഞ ഒരു സംഭവം.

 
At 1:42 AM, Blogger വാളൂരാന്‍ said...

കൃസ്തുവിനെ മുണ്ടുടുപ്പിച്ച ചാലക്കുടിക്കാരാ...നമോവാകം...
ച്ചാല്‍...ഭേഷായിരിക്ക്‌ണൂന്ന്‌ കൂട്ടിക്കോളോ...
നമ്മളൊരു പുളിക്കകടവുകാരനാണേ...

 
At 4:26 AM, Blogger സൂര്യോദയം said...

അയ്യോ... മുണ്ടുടുപ്പിച്ചത്‌ ഞാനല്ല കേട്ടോ... നന്ദി പുളിക്കക്കടവില്‍ മുരളീ... :-)

 
At 4:37 AM, Blogger Sreejith K. said...

രസകരം.

 
At 4:47 AM, Blogger Unknown said...

രസിച്ചു.
അണ്ടര്‍വെയര്‍ ഇട്ടത് നന്നായി ഇല്ലെങ്കില്‍ ക്രിസ്തു ആദം-ഹവ്വാ കാലഘട്ടത്തിലെത്തിയേനേ...

 
At 4:47 AM, Blogger ഇടിവാള്‍ said...

ഹാ ഹാ ഹാ..ആസ്വദിച്ചു ചിരിച്ചൂ ! ബെസ്റ്റ് തമാശ !

 
At 4:53 AM, Blogger Rasheed Chalil said...

അടിപൊളി...

 
At 5:31 AM, Blogger കുഞ്ഞാപ്പു said...

കൂട്ടത്തില്‍ കുന്നത്ത് കാര്‍ക്കൊരു കാര്യവുമായി.. അല്ലേ...

വളരെ നല്ല ശൈലി.

 
At 5:35 AM, Blogger അലിഫ് /alif said...

സമ്മാനം കിട്ടിയില്ലങ്കിലും അടുത്ത വര്‍ഷത്തേക്ക് ടാബ്ലോയ്ക് ഒരു സ്‌പോണ്‍സറെ കിട്ടി..” കുന്നത്ത് ബനിയനും ജട്ടികളും..” തമാശ കലക്കി..

 
At 9:02 PM, Blogger സൂര്യോദയം said...

വര്‍ക്കിച്ചേട്ടന്റെ ക്രിസ്തുവേഷത്തെക്കുറിച്ച്‌ അഭിപ്രായം അറിയിച്ച എല്ലവര്‍ക്കും വര്‍ക്കിച്ചേട്ടന്റെ പേരിലും നിങ്ങളെ അറിയിച്ച എന്റെ പേരിലും നന്ദി...

 

Post a Comment

<< Home