സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, July 31, 2006

ടീച്ചറുടെ സ്കൂട്ടര്‍ യാത്ര

എന്റെ വീടിന്റെ രണ്ട്‌ വീട്‌ അപ്പുറത്ത്‌ ഗ്രേസി ടീച്ചര്‍ താമസിച്ചിരുന്നു. വയസ്സ്‌ ഒരു 40-45 റേഞ്ചില്‍ വരും...

ഒരു ദിവസം ടീച്ചര്‍ ഒരു കൈനെറ്റിക്‌ ഹോണ്ട വാങ്ങിച്ചു. ('ടീച്ചര്‍ക്കെന്താ കൈനെറ്റിക്‌ ഹോണ്ട വാങ്ങിച്ചാല്‌?' എന്ന് നിങ്ങള്‍ക്ക്‌ തോന്നാം... പക്ഷെ, നാട്ടുകാരുടെ കാര്യം അതല്ലല്ലോ...)

ടീച്ചര്‍ പെട്ടെന്ന് ആ നാട്ടില്‍ ഹിറ്റായി...

രംഗം ഒന്ന്...

ടീച്ചറതാ.. പടിഞ്ഞാറു നിന്ന് കിഴക്കോട്ട്‌ എന്റെ വീടിനു മുന്നിലെ റോഡിലൂടെ ടീച്ചറുടെ വീട്ടിലേക്ക്‌ വണ്ടിയോടിച്ചു പോകുന്നു. എന്റെ വീട്‌ കഴിഞ്ഞ്‌ ഉടനെ വലത്തോട്ട്‌ ഒരു വളവുണ്ട്‌. ആ വളവ്‌ കഴിഞ്ഞാലാണ്‌ ടീച്ചറുടെ വീട്‌.

ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ വളവു തിരിയാതെ നെരെ വച്ചു പിടിക്കുന്നു. രണ്ട്‌ കാലും രണ്ട്‌ വശത്തായി കുത്തി കുത്തി വണ്ടിയില്‍ ഇരുന്നുകൊണ്ടൊരു ആമ നട....

പിന്നല്ലേ സംഭവം പിടി കിട്ടിയത്‌... ടീച്ചര്‍ വണ്ടി ഓടിക്കുകയല്ലാ... മറിച്ച്‌, ടീച്ചറെ മുകളിലിരുത്തി വണ്ടി പോകുകയാണ്‌ എന്ന്...

(ഇത്‌ വരാനിരിക്കുന്ന സംഭവപരമ്പരയുടെ ഒരു സൂചനയാണെന്ന് എനിക്ക്‌ മനസ്സിലായില്ല.)

രംഗം രണ്ട്‌

എന്റെ അമ്മാമന്റെ മകന്‍ ദീപു ചേനത്തുനാട്‌ വഴിയിലൂടെ 'മുക്കാല.. മുക്കാബലാ' പാട്ടും പാടി സൈക്കിള്‍ ചവിട്ടി പോരുന്നു.

പൊതുവെ തിരക്കൊഴിഞ്ഞ റോഡ്‌... പിന്നില്‍ നിന്നുമുള്ള സ്കൂട്ടറിന്റെ ശബ്ദം കേട്ട്‌ ദീപു സൈക്കിള്‍ പരമാവധി സൈഡാക്കി. ചവിട്ടാതെ തന്നെ സൈക്കിളിന്റെ സ്പീഡ്‌ കൂടുന്നു.. ഒരു പുഷിംഗ്‌ എഫ്ഫെക്റ്റ്‌... ടീച്ചറുടെ സ്കൂട്ടര്‍ തന്നെ വിടാതെ പുഷ്‌ ചെയ്ത്‌ പിടിച്ചിരിക്കുകയാണെന്ന് ദീപു ഇടക്കണ്ണിട്ട്‌ കണ്ടു.

ഒടുവില്‍ ഇടതുവശത്തെ സുരുച്ചേട്ടന്റെ മുള്ളുവേലിയില്‍ ഇടിച്ചു കയറ്റി തട്ടിമറിച്ചിട്ട്‌ ആ രംഗം ടീച്ചര്‍ അവസാനിപ്പിച്ചു.

രംഗം മൂന്ന്

ദീപു പതിവുപോലെ ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നു. പിന്നില്‍ ദൂരെ ഒരു സ്കൂട്ടര്‍ ശബ്ദം..

ദീപു തിരിഞ്ഞു നോക്കി...

അതാ... ടീച്ചര്‍ വരുന്നു...

'എന്റെ കണ്ണമ്പുഴ ദേവീ..' എന്ന് വിളിച്ച്‌ ദീപു ചാടിയിറങ്ങി സൈക്കിള്‍ സ്റ്റാന്റിട്ട്‌ നിര്‍ത്തി. വലതു വശത്തെ തിലകന്‍ ചേട്ടന്റെ മതിലില്‍ ചാടിക്കയറി...

സൈഡ്‌ ഒതുക്കി സ്റ്റാന്റ്‌ ഇട്ടു വച്ചിരിക്കുന്ന സൈക്കിള്‍ ഒന്ന് 'സോഫ്റ്റ്‌ ടച്ച്‌' ചെയ്ത്‌ തട്ടി മറിച്ചിട്ട്‌ ടീച്ചര്‍ കടന്നു പോയി.

(ടീച്ചറുടെ സാഹസങ്ങള്‍ പെട്ടെന്ന് നാട്ടില്‍ ഹിറ്റായി... ജനം ജാഗരൂകരായി. ഞങ്ങളുടെ വാര്‍ഡ്‌ മെംബറുടെ ഒരു പരാതി കേട്ടപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ മനസ്സിലായത്‌...

'ഈ ടീച്ചറുടെ കേസുകള്‍ സോള്‍വ്‌ ചെയ്യലാണല്ലോ കര്‍ത്താവേ ഇപ്പോള്‍ എന്റെ പ്രധാന ജോലി..')

രംഗം നാല്‌ (ടീച്ചര്‍ എഫ്ഫക്റ്റ്‌)

എന്റെ വീടിനു മുന്‍പിലൂടെ കാലത്തു തന്നെ ആശുപത്രികവലയിലേക്ക്‌ സ്ഥിരമായി പോയിക്കൊണ്ടിരുന്ന ചുമട്ടു തൊഴിലാളി ചേട്ടന്മാരെ ഇപ്പോള്‍ കാണുന്നില്ല.

ഒരു ദിവസം ആശുപത്രി കവലയില്‍ വച്ച്‌ കണ്ടപ്പ്പോള്‍ ഞാന്‍ ജോര്‍ജ്‌ ചേട്ടനോട്‌ ചോദിച്ചു.

'ഇപ്പോള്‍ രാവിലെ ആ വഴി കാണാറില്ലല്ലോ..? എന്തു പറ്റി??'

'മോനേ... കാലത്ത്‌ ടീച്ചര്‍ ഇറങ്ങുന്ന സമയമാണ്‌... എന്റെ കുട്ടികള്‍ക്ക്‌ അപ്പനില്ലാതാവാതിരിക്കാന്‍ ഞാന്‍ റൂട്ട്‌ മാറ്റി... ഇത്തിരി ദൂരം കൂടിയാലും വേണ്ടില്ല, ഞാന്‍ അപ്പുറത്തെ വഴി വളഞ്ഞാ ഇപ്പൊ വരവ്‌'

(ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഒറ്റക്ക്‌ കഴിഞ്ഞിരുന്ന ടീച്ചറെ എറണാകുളത്തുള്ള ഒരു ബിസിനസ്സുകാരന്‍ വിവാഹം കഴിച്ച്‌ കൊണ്ടുപോയി.
ടീച്ചറെയും ടീച്ചറുടെ കൈനെറ്റിക്‌ ഹോണ്ടയേയും ഇപ്പോള്‍ നാട്ടുകാര്‍ ഒരുപാട്‌ 'മിസ്‌' ചെയ്യുന്നു.)

4 Comments:

At 10:58 PM, Blogger സൂര്യോദയം said...

വല്ല്യ തമാശയൊന്നും പ്രതീക്ഷിക്കരുത്‌.. ഒരു ചെറിയ സ്കൂട്ടര്‍ സംഭവം...

 
At 11:02 PM, Blogger Sreejith K. said...

ചെറിയ ചെറിയ നുറുങ്ങുകള്‍ ചേര്‍ത്ത് വച്ച് സംഭവം നന്നായി. രസകരം.

 
At 11:24 PM, Blogger വല്യമ്മായി said...

അതു നന്നായി,ഇനിയും തുടരൂ നാടന്‍ കഥകള്‍

 
At 5:28 AM, Blogger Unknown said...

അറിഞ്ഞു ചിരിച്ചു. തുടരൂ...

 

Post a Comment

<< Home