സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, July 21, 2006

ഊര്‍ജ്ജതന്ത്രം ലാബ്‌

പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലം... എഞ്ജിനീയറാവണമെങ്കില്‍ ഫസ്റ്റ്‌ ഗ്രൂപ്‌ പഠിക്കണമെന്നതിനാല്‍ തട്ടി മുട്ടി സീറ്റ്‌ ഒപ്പിച്ച്‌ ഞാനും പഠിക്കുന്നു. ഇതുപോലെ തട്ടി മുട്ടി കേറിപ്പറ്റിയവരില്‍ എന്റെ ഒരു സുഹൃത്തായ ആനന്ദും ഉണ്ടായിരുന്നു. അവന്റെ അച്ചന്‍ ഒരു വക്കീലായതിന്റെ അഹങ്കാരമാണോന്നറിയില്ല.. ക്ലാസ്സില്‍ കേറാന്‍ പുള്ളിക്കാരന്‌ വല്ല്യ വിഷമാ...

ഒരിക്കല്‍ പ്രാക്ടിക്കല്‍ മോഡല്‍ ലാബ്‌ പരീക്ഷ.. . ലാബിനു പുറത്ത്‌ വച്ചിരിക്കുന്ന ലിസ്റ്റില്‍ നിന്ന് കിലുക്കികുത്തി ഒരു പേപ്പര്‍ എടുത്താല്‍ അറിയാം ഏത്‌ കുന്ത്രാണ്ടം കൊണ്ടുള്ള എക്ഷ്പിരിമന്റ്‌ ആണ്‌ ചെയ്യേണ്ടതെന്ന്. ആദ്യം എടുക്കുന്ന നറുക്കില്‍ ഉള്ള സംഭവം പിടികിട്ടുന്നില്ലെങ്കില്‍ സാറിന്റെ കയ്യും കാലും പിടിച്ച്‌ ഒന്നു കൂടി നറുക്കെടുത്ത്‌ നോക്കാം. ഒരു മാതിരി ഭാവി എഞ്ചിനീയര്‍ മാരൊക്കെ അതു കൊണ്ട്‌ ത്രിപ്തി അടയും.

ഏത്‌ കുന്ത്രാണ്ടം കൊണ്ടുള്ള എന്തു എക്ഷ്പിരിമന്റ്‌ ആയാലും വെള്ളം പോലെ (വെള്ളത്തിലെ വരപോലെ എന്നും പറയാം) അറിയാവുന്ന ആനന്ദ്‌ തന്റെ ആദ്യ നറുക്കെടുത്തു.. ഏതോ സാധനം കൊണ്ട്‌ എന്തൊക്കെയോ ചെയ്ത്‌ കണ്ടുപിടിക്കണമത്രെ.

"ഹും.. എന്നോടാ കളി" എന്ന് മനസ്സില്‍ പറഞ്ഞ്‌ സാറിനെ നോക്കി അടുത്തത്‌ എടുക്കാനുള്ള ഇങ്കിതം അറിയിച്ചു.

"ഓ.. നീയല്ലേ... എടുത്തോ എടുത്തോ" എന്ന് സാറ്‌.

ഇതും മുന്‍പ്‌ എടുത്തതില്‍ നിന്നും ഒട്ടും വ്യത്യാസം തോന്നുന്നില്ല.

'പണ്ടാരമടങ്ങാന്‍.. എല്ലാം ഒന്നു തന്നെയാണൊ..' എന്ന് മനസ്സില്‍ ചോദിച്ചുകൊണ്ട്‌ സാറിനെ നോക്കി..

"എന്തേ...രക്ഷയില്ലേ.." എന്ന് പുഛസ്വരത്തില്‍ സാറ്‌.

(തൊലിക്കട്ടിക്ക്‌ ഒരു കുറവും ഇല്ലാത്തതിനാല്‍ വേണമെങ്കില്‍ സാറിന്‌ നാണം വെക്കണം.)

ഈ പ്രക്രിയ 3 വട്ടം കഴിഞ്ഞപ്പോള്‍ സഹികെട്ട്‌ സാറിന്റെ ചോദ്യം.
."തനിക്ക്‌ ഏതാണ്‌ വേണ്ടതെന്ന് പറ.. ഏതെങ്കിലും ഒന്ന് ചെയ്ത്‌ കണ്ടാല്‍ മതി എനിക്ക്‌"

ഉടനെ ആനന്ദ്‌ ലാബിനുള്ളിലേക്ക്‌ എത്തി നോക്കി..

'എല്ലാ ഐറ്റംസും കണ്ടിട്ടുണ്ട്‌.. പക്ഷെ എന്തിനാണെന്നൊ ഏതിനാണെന്നോ പിടിയില്ല. ഏതെങ്കിലും ചെയ്യാതെ പറ്റുകേം ഇല്ല.. പുലിവാല്‌'.

അവസാനം ലാബിനുള്ളിലേക്ക്‌ വിരല്‍ ചൂണ്ടി ആനന്ദ്‌ പറഞ്ഞു.
"ദാ ഇരിക്കുന്ന സാധനം മതി".

"ഏത്‌?" എന്നായി സാറ്‌. ('ഈ സാറിന്റെ ഒരു കാര്യം.' )

"ദാ... അവിടെ കിഴക്കു ഭാഗത്ത്‌"

ഇത്‌ കേട്ട്‌ സാറ്‌.. "എക്ഷ്പിരിമെന്റിന്റെയോ ഉപകരണങ്ങളുടെയൊ പേരു പോലും അറിയാതെയാണോടാ പുന്നാര മോനേ നീ ലാബ്‌ എക്സാം ചെയ്യാന്‍ ഇറങ്ങിയത്‌"
എന്ന് ചോദിച്ച്‌ ആശീര്‍വദിച്ച്‌ ലാബിനുള്ളിലേക്ക്‌ യാത്രയാക്കി.

ചെന്നു പെട്ട സാധനം എന്താണെന്ന് അടുത്ത്‌ നില്‍ക്കുന്ന മിടുക്കനോട്‌ ചോദിച്ച്‌ മനസ്സിലാക്കി.

" 'ഇന്‍ഡക്ഷന്‍ മോട്ടോര്‍' പോലും"

കുറച്ചു സമയം തട്ടിയും മുട്ടിയും നോക്കിയിട്ടും രക്ഷയില്ല... പതുക്കെ ചുറ്റുമുള്ളവരോട്‌ ഇതിന്റെ പൊരുളും ഉത്തരവും ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പൊഴെക്ക്‌ അതാ വരുന്നു ശല്ല്യക്കാരന്‍ സാറ്‌.
സംഗതി പിടികിട്ടിയ സാറ്‌ ആനന്ദിനോട്‌ നിഷ്കളങ്കമായി ചോദിച്ചു..

"ഇന്‍ഡക്ഷന്‍ മോട്ടോറിന്റെ പ്രവര്‍ത്തനം ഒന്നു വിവരിച്ചേ.. കേക്കട്ടെ.."

ആകെ വീട്ടില്‍ ഉപയോകിക്കുന്ന മോട്ടോര്‍ പമ്പിന്റെ പ്രവര്‍ത്തനം മാത്രം കണ്ടിട്ടുള്ള അനുഭവം വച്ച്‌ ആനന്ദ്‌ കാച്ചി..

"ടിര്‍.. ടിര്‍ ര്‍... ടിര്‍.ര്‍ ര്‍.... ടിര്‍ ..ര്‍...ര്‍...ര്‍...."
(ഒരു ആരോഹണ ക്രമത്തില്‍...സൗണ്ട്‌ വാരിയേഷനില്‍.... ഒരു മിമിക്രി...)

അന്തം വിട്ടു നിന്ന സാറ്‌ ഇത്‌ കളിയാക്കുന്നതാണോ അതൊ ഈ മണ്ടന്‍ ശരിക്കും പറയുന്നതാണൊ എന്ന ശങ്കയില്‍ ദേഷ്യത്തോടെ അലറി...

"സ്റ്റോപ്‌ ഇറ്റ്‌"

ഉടനെ ആനന്ദ്‌

"ടിര്‍..ര്‍...ര്‍...ര്‍... ടിര്‍..ര്‍..ര്‍.. ടിര്‍..ര്‍.." എന്ന് അവരോഹണ ക്രമത്തില്‍ സൗണ്ട്‌ കുറച്ചു കൊണ്ടു വന്ന് നിര്‍ത്തി...

'ഹോ.. എന്തൊരു ഒറിജിനാലിറ്റി' എന്ന് ലാബിലുള്ള ഞങ്ങള്‍.

(ബാക്കി ഊഹിക്കാവുന്നതേയുള്ളൂ...)

9 Comments:

At 3:25 PM, Anonymous Anonymous said...

pre-degree physics practical inu ippol induction motor okke undo ? engg. college ilo/ polytechnique ilo undavukayulloo ennanu njan karuthiyirunnthau

 
At 8:44 PM, Blogger ബിന്ദു said...

കൊള്ളാം രസമുണ്ടായിരുന്നു വായിക്കാന്‍. :)

 
At 9:20 PM, Blogger Visala Manaskan said...

ഹഹഹ... അത് കലക്കി.

 
At 9:49 PM, Blogger ഇടിവാള്‍ said...

SSLC പരീക്ഷക്ക് ചോദ്യത്തിനു ഒരുത്തന്‍ എഴുതിയതോര്‍മ്മ വനു..
“മഴ പെയ്യുന്നതെങ്ങനേ ??”
ഉ: “ ചറ പറ .. ചറ പറ..” ;)
ക:ട്: ഒരു പഴയ കാമഡി!

 
At 11:00 PM, Blogger ശനിയന്‍ \OvO/ Shaniyan said...

എന്റെ പ്രീഡിഗ്രീ കാലത്താണ് എന്റെ ബാച്ചിന്റെ ലാബില്‍ അറ്റന്‍ഡര്‍ ചേട്ടന്‍ സ്ക്രൂഗേജ് സിനിമക്കു പോയെന്നു പറഞ്ഞു പുലീവാലു പിടിച്ചത് :0)
ഓര്‍മ്മകളേ....

:-)

 
At 8:30 PM, Blogger സൂര്യോദയം said...

1988-90 ആണ്‌ കാലഘട്ടം. ഇപ്പൊള്‍ സിലബസ്‌ അറിയില്ല. അന്നേ അറിയില്ല, പിന്നെയല്ലെ ഇപ്പൊ.. :)

വായിച്ച്‌ അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി...

 
At 4:41 AM, Blogger Mr. K# said...

ഇതു കൊള്ളാം. ഇന്നാണ് കണ്ടേ.

 
At 1:59 AM, Blogger ശ്രീ said...

ഹ ഹ. അതു കലക്കീട്ടോ. ഇപ്പഴാണ് വായിച്ചത്.
:)

 
At 2:46 AM, Blogger തറവാടി said...

സൂരോദയം ,

ഈ യുള്ളവന്‍ പഠിച്ചത് 1986-88 ആണ് , ഈ പറഞ്ഞ കാല ഘട്ടത്തില്‍ , 88-90 ഫിസിക്സ് സിലബസ് മാറ്റിയതായറിവില്ല ,

തെറ്റെങ്കില്‍ തിരുത്തണേ ,

അന്ന് ഇന്‍‌ഡക്ഷന്‍ മോട്ടോര്‍ ലാബുകളില്‍ ഉണ്ടായിരുന്നോ?

( കഥയായിരുന്നെങ്കില്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു , ഇതിപ്പോ ഓര്‍മ്മക്കുറിപ്പാണല്ലോ അല്ലെ? :) )

 

Post a Comment

<< Home