സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, July 23, 2006

രസതന്ത്രം ലാബ്‌

'എന്റ്രന്‍സ്‌ പരീക്ഷ പാസ്സായിട്ട്‌ എനിക്ക്‌ എഞ്ജിനീയറിംഗിന്‌ പഠിക്കണ്ട' എന്ന് ശപഥം ചെയ്തതിനാലും (രണ്ടു പ്രാവശ്യം എന്റ്രന്‍സ്‌ എഴുതിയ ശേഷം എടുത്ത ശപഥം), പ്രീഡിഗ്രിക്ക്‌ വേണ്ടതിലധികം മാര്‍ക്കുണ്ടായിരുന്നതിനാലും ഞാന്‍ ഡിഗ്രി പഠിക്കാന്‍ കെമിസ്റ്റ്രി തെരെഞ്ഞെടുത്തു.

ആദ്യ വര്‍ഷം കഴിഞ്ഞപ്പൊഴേക്കും മിടുക്കുള്ള ചുള്ളന്മാര്‍ എന്റ്രന്‍സ്‌ കിട്ടി പോകുകയും, വീട്ടില്‍ കാശുള്ള ഗഡികള്‍ അതിന്റെ ബലത്തില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പോയി ചേരലും കഴിഞ്ഞപ്പോള്‍ 'കെമിസ്റ്റ്രിയോളം സ്കോപ്‌ ഉള്ള സംഭവം വേറൊന്നുമില്ല' എന്ന് മനസ്സിലും തമ്മില്‍ തമ്മിലും പറഞ്ഞ്‌ ബാക്കിയുള്ള ഞങ്ങള്‍ പഠിപ്പ്‌ (സോറി.. ഡിഗ്രി) തുടര്‍ന്നു.

ഞങ്ങളുടെ ഗാങ്ങിലെ ഇടിവെട്ട്‌ മെംബറും ഭൂലോക ഉഴപ്പാളിയുമായ ഫ്രാന്‍സിസിനെ ഞനിവിടെ പരിചയപ്പെടുത്തട്ടെ...

അവസാന വര്‍ഷ ക്ലാസുകളില്‍ പോലും ഇടക്കിടെ മുടങ്ങാതെ ക്ലാസ്സില്‍ ലേറ്റ്‌ ആയി വരാനും കയറാതിരിക്കാനും ധൈര്യമുള്ളവന്‍ ഫ്രാന്‍സിസ്‌... (ഒരിക്കല്‍ സാറിനോട്‌ വരാതിരുന്നതിന്റെ കാരണം പറഞ്ഞത്‌ 'വരുന്ന വഴിക്ക്‌ ഒരു അമ്മൂമ്മ മരിച്ചു' എന്നാണ്‌)

പത്തിരുപത്‌ കോളേജ്‌ ഐഡന്റിറ്റി കാര്‍ഡുകള്‍ സ്വന്തമായുള്ളവന്‍ ഫ്രാന്‍സിസ്‌.... (ഒരിക്കല്‍ കോളേജില്‍ നിന്ന് ത്രിശ്ശൂരിലേക്ക്‌ സിനിമക്ക്‌ പോകാന്‍ ഇരിഞ്ഞാലക്കുട - ത്രിശ്ശൂര്‍ റൂട്ടില്‍ ബസ്‌ കണ്‍സഷന്‍ കിട്ടാനായി ഗാങ്ങിലുള്ള എട്ട്‌ പേര്‍ക്കും 5 മിനിട്ടു കൊണ്ട്‌ കാര്‍ഡ്‌ ഉണ്ടാക്കി തന്നത്‌ നന്ദിയോടെ സ്മരിക്കുന്നു)

അലമ്പുണ്ടാക്കാന്‍ നിസ്സാര സമയം മാത്രം ഇന്‍ വെസ്സ്‌ മെന്റ്‌ ഉള്ളവന്‍ ഫ്രാന്‍സിസ്‌... (പുള്ളി ലോക്കല്‍ ആയതിന്റെ അല്‍പം അഹങ്കാരം)

(വര്‍ണ്ണിച്ചാല്‍ തീരാത്ത ഇനിയും ഒരുപാട്‌ കഴിവുകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം ഇതുകൊണ്ട്‌ നിര്‍ത്തുന്നു)

സംഭവ ബഹുലമായ മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രാക്ടിക്കല്‍ ലാബ്‌ പരീക്ഷ..ലാബിനുള്ളില്‍ ഒളിപ്പിച്ചു വച്ച പുസ്തകവും തുണ്ടു കടലാസുകളും റഫര്‍ ചെയ്ത്‌ പലതരം ലായനികളും ആസിഡുകളും തിരിച്ചും മറിച്ചും പല അളവുകളില്‍ ഒഴിച്ചു നോക്കി തന്നിരിക്കുന്ന അജ്നാത രാസവസ്തു ഏതെന്ന് കണ്ടുപിടിക്കുന്ന പരീക്ഷ...

എല്ലാവരും അവരവരുടെ ഐറ്റംസുമായി പടവെട്ടിക്കൊണ്ടിരിക്കുന്നു...

ഫ്രാന്‍സിസിന്റെ മാത്രം പരീക്ഷ പെട്ടെന്ന് തീര്‍ന്നു. പുള്ളിക്കാരന്‌ ഉത്തരവും കിട്ടി... രാസപദാര്‍ഥം കണ്ടുപിടിച്ചു... ഗ്ലൂക്കോസ്‌.... 100% ഗ്യാരണ്ടി...

വിജയശ്രീലാളിതനായി സാറിനടുത്തേക്ക്‌ പോകുന്ന ഫ്രാന്‍സിസിനെ ഞങ്ങള്‍ അസൂയയോടെ നോക്കി.

സമര്‍പ്പിച്ച ഉത്തരക്കടലാസില്‍ നോക്കിയ ശേഷം സാറ്‌ ഫ്രാന്‍സിസിന്റെ മുഖത്തേക്ക്‌ നോക്കി...
കണ്ടാലറിയാം ... നിഷകളങ്കന്‍... മിടുമിടുക്കന്‍...

ഫ്രാന്‍സിസിനോട്‌ സാറിന്റെ ചോദ്യം..

"ഏതൊക്കെ എക്ഷ്പിരിമന്റ്‌ ആണ്‌ ഇത്‌ കണ്ടുപിടിക്കാന്‍ ചെയ്തത്‌?"

ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ ചോദ്യം കേട്ട്‌ ഒരു മിനിട്ട്‌ കണ്ണും തള്ളി നില്‍ക്കുന്ന ഫ്രാന്‍സിസ്‌ തന്റെ ആത്മ ധൈര്യം വീണ്ടെടുത്തിട്ട്‌ വിക്കി വിക്കി പറഞ്ഞു തുടങ്ങി..

"ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എടുത്ത്‌ ഒഴിച്ചിട്ട്‌... ...."

"ആ... പറയൂ... ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എടുത്ത്‌ ഒഴിച്ചിട്ട്‌...??? " എന്നായി സാറ്‌...

"ഇത്തിരി സള്‍ഫൂരിക്കാസിഡ്‌ ഒഴിച്ച്‌..." ഫ്രാന്‍സിസ്‌ തുടരാന്‍ ശ്രമിച്ചു.

"ഉവ്വ്‌...സള്‍ഫൂരിക്കാസിഡ്‌ ഒഴിച്ച്‌..." എന്ന് ഉത്സാഹത്തൊടെ സാറ്‌.

'ഇനി ഇപ്പൊ എന്ത്‌ പറഞ്ഞ്‌ സാറിനെ വിശ്വസിപ്പിക്കും കര്‍ത്താവേ... എന്റെ കഴിവുകളെപ്പറ്റി സാറിനോട്‌ അറ്റന്‍ഡര്‍ വല്ലതും പറഞ്ഞുകൊടുത്തൊ ആവോ' എന്നൊക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ നില്‍ക്കുന്ന ഫ്രാന്‍സിസിനെ നോക്കി സാറ്‌ പറഞ്ഞു.

"എടോ... മീശയില്‍ നിന്ന് ആ ഗ്ലൂക്കോസ്‌ പൊടി തൂത്തു കള... തിന്ന് നോക്കുമ്പോള്‍ വേറെ വല്ല വിഷമുള്ള സാധനമായിരുന്നേല്‍ താന്‍ ഇവിടെക്കിടന്ന് ചത്തു പോയാല്‍ ആരു സമാധാനം പറയുമെടോ???.." എന്ന് സാറിന്റെ ചോദ്യം കേട്ട്‌

'പിന്നേ... ആളു ചാവുന്ന സാധനങ്ങള്‍ ഉള്ള ഒരു ലാബേ..' എന്ന് മനസ്സില്‍ പറഞ്ഞ്‌ പൊടിയും തട്ടി ഫ്രാന്‍സിസ്‌ ഇളിച്ചു കൊണ്ട്‌ നിന്നു.

13 Comments:

At 2:00 AM, Blogger K.V Manikantan said...

കലക്കി സണ്‍ റൈസേ കലക്കി,

ഏതായിരുന്നു ഈ വിശ്വവിഖ്യാതമായ കോളേജ്‌????

 
At 3:48 AM, Blogger സൂര്യോദയം said...

നന്ദി സങ്കുചിതാ...
ആരോടും പറയണ്ടാ... ക്രൈസ്റ്റ്‌ കോളേജ്‌, ഇരിഞ്ഞാലക്കുട. :-)

 
At 3:55 AM, Blogger വല്യമ്മായി said...

89 ജൂണ്‍ മുതല്‍ 91 മെയ് വരെ ഞാനും ആ നാട്ടുകാരിയായിരുന്നു......സെന്‍റ് ജൊസഫ്സില്‍

 
At 3:58 AM, Blogger Unknown said...

ഫിസിക്സ് ലാബില്‍ പരീക്ഷണത്തിനിടയില്‍ ഒരു വസ്തുവില്‍ വൈദ്യുതി കടന്ന് പോകുമോ എന്ന് നോക്കാന്‍ കൈ കൊണ്ട് തൊട്ട് ആശുപത്രിയിലായവന്‍ എന്റെ പരിചയത്തിയിലുണ്ടായിരുന്നു. അവനെ ഓര്‍ത്ത് പോയി.

കലക്കന്‍ പോസ്റ്റ്. ഇനിയും പോരട്ടെ.

 
At 4:03 AM, Blogger myexperimentsandme said...

കുറേ ദിവസങ്ങളായി കമന്റില്‍ എന്‍‌വഴികാട്ടി ദില്‍ബേട്ടനാണ്. ഞാനാണെങ്കില്‍ ഏട്ടന്റെ പോസ്റ്റില്‍ ഇതുവരെ ഒരു കമന്റും തന്നെ ഇട്ടിട്ടുമില്ല. ഒരു നാള്‍ ഏട്ടനെപ്പോലെ....

സൂര്യോദയാലു, ഉഗ്രന്‍. പണ്ട് കെമിസ്ട്രസ് ലാബില്‍ ഡില്‍. എച്ച്.സി.എല്ലും (dil. HCl) ഡിസ്റ്റ്.വാട്ടറും (dist.water-distilled water) ഒക്കെ അന്വേഷിച്ച് നടന്നതോര്‍ത്തു. ഫിസിക്സ് ലാബുമായി ബന്ധപ്പെട്ട് ഇതുപോലത്തെ ധാരാളം തമാശകളുണ്ടായിരുന്നു. ഓരോന്നോരോന്നായി പോരട്ടെ.

 
At 4:12 AM, Blogger Unknown said...

വക്കാരിമാഷേ,
ഇവിടെ തന്നെ ഉണ്ടല്ലേ? പിന്നെ ഞാന്‍ ഏട്ടനാവാന്‍ വഴിയില്ല. പ്രൊഫൈല്‍ വായിച്ചില്ലേ? 22 വയസ് ഓണ്‍ലി. ഇനി ഇങ്ങള് ഞമ്മളെക്കാളും ചെറുതാവുമോ? ഒരാനക്കുട്ടി എങ്ങനെയായാലും എന്നെക്കാളും വലുതാണ്. ഏട്ടന്‍ വിളി ഒഴിവാക്കിക്കൂടേ?

സൂര്യന്‍ ചേട്ടാ... മാപ്പ് തരൂ (കുന്നംകുളം ഉള്ള മാപ്പ്)

 
At 4:13 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സള്‍ഫൂരിക്കാസിഡ്‌ കുടിച്ച്‌ testing നടത്താത്തത്‌ നന്നായി. പയ്യന്‍സ്‌ കഥകള്‍ പോലെ ഫ്രാന്‍സിസ്‌ കഥകള്‍ പോരട്ടങ്ങനെ പോരട്ടേ....

 
At 4:16 AM, Blogger Sreejith K. said...

കലക്കി സൂര്യോദയമേ? ഫ്രാന്‍സിസ്സിന്റെ ധൈരത്തിനു മുന്നില്‍ നമിച്ചു.

 
At 4:27 AM, Blogger myexperimentsandme said...

ദില്‍‌ബൂ, സന്തൂര്‍ സോപ്പല്ലേ.. :)

 
At 4:37 AM, Blogger myexperimentsandme said...

ഹെന്റീശ്വരാ.. ഇതാ ഫിസിക്‍സ് ലാബിലെ പോസ്റ്റാണെന്നും വെച്ചാണ് കമന്റിയത്. കമന്റൊക്കെയിട്ടിട്ട് ദി‌ല്‍ബുവിനോട് കമന്റടിച്ചുകൊണ്ടിരിക്കുന്ന വഴിയ്ക്ക് വെറുതെ ഒന്ന് നോക്കിയപ്പോളാ പോസ്റ്റ് മാറിപ്പോയ കാര്യം മനസ്സിലായത്. പക്ഷേ ഇവിടെ പോസ്റ്റ് കാണാതെ ഇട്ട കമന്റോ കെമിസ്‌ട്രി ലാബിനെപ്പറ്റിയും!

വ്യാഡ് വെരി: kpccp

 
At 4:45 AM, Blogger Unknown said...

വക്കാരി മാഷ്,
dilbaasuran@gmail.com ലേക്ക് ഒരു മെയില്‍,മയില്‍, മയില്‍ വാഹനം, മയില്ലടും കുന്ന് ഇവയിലേതെങ്കിലും അയയ്ക്കുമോ? വിരോധമില്ലെങ്കില്‍..

കോളേജ് പോസ്റ്റുകള്‍ എനിക്ക് എന്നും ഹരമാണ് സൂര്യന്‍ ചേട്ടാ

 
At 6:43 AM, Blogger ബിന്ദു said...

കൊള്ളാമല്ലൊ ഫ്രാന്‍സിസ്‌. സാറു പറഞ്ഞതു പോലെ വല്ല വിഷവും ആയിരുന്നെങ്കില്‍.... ഇപ്പോള്‍ വിഷമിച്ചേനെ. :)

 
At 5:04 AM, Blogger സൂര്യോദയം said...

കമന്റിയ എല്ലാവര്‍ക്കും നന്ദി... :-)

 

Post a Comment

<< Home