സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, August 30, 2006

കോപ്പിയടി കലയാണോ?

എന്റെ അഭിപ്രായത്തില്‍ കോപ്പിയടിയും ഒരു കലയാണ്‌. സംഗീതമോ സിനിമയോ എന്തും ആയിക്കൊള്ളട്ടെ, അതില്‍ അവനവന്റേതായ കഴിവ്‌ ഉപയോഗിച്ച്‌ പരിപോഷിപ്പിച്ചാല്‍ അതൊരു കലാപരമായ ഇനമാകുന്നു.

ഉദാഹരണത്തിന്‌ മിമിക്രി... അതൊരു കലയാകുന്നത്‌ അതേ പടി പലതും കട്ട്‌ ആന്റ്‌ പേസ്റ്റ്‌ ചെയ്യാതെ, കട്ട്‌ ചെയ്ത്‌ വേണ്ടത്ര ഭേദഗതികളോടെ അവതരിപ്പിക്കുമ്പോഴാണ്‌.

ഇതെല്ലാം എന്റെ വിശ്വാസം... മറ്റുള്ളവര്‍ സമ്മതിക്കണമെന്ന് എനിക്ക്‌ ഒരു നിര്‍ബദ്ധവുമില്ല.. ഞാനതിന്‌ നിര്‍ബദ്ധിക്കുകയുമില്ല.

അതൊക്കെ പോട്ടെ, എന്റെ ശ്രമം പരീക്ഷക്കുള്ള കോപ്പിയടിയും ഒരു കലയാണെന്ന് സമര്‍ത്ഥിക്കാനാണ്‌.

കാരണം .. എന്നാലേ ഞാനൊരു കലാകാരനാണെന്ന് എല്ലാവരും സമ്മതിക്കൂ. അതുകൊണ്ട്‌ ഈ കാര്യത്തില്‍ ഞാന്‍ നിര്‍ബദ്ധിക്കും.. പ്ലീസ്‌.....

സ്കൂള്‍ തലങ്ങളില്‍ ഞാന്‍ കോപ്പിയടിക്കാന്‍ ശ്രമിക്കാറില്ല (അത്യാവശ്യം കൂട്ടുകാര്‍ക്ക്‌ വല്ലതും കാണിച്ച്‌ കോടുക്കുകയോ ഗോഷ്ടി കാണിച്ച്‌ പറഞ്ഞ്‌ കൊടുക്കുകയോ ചെയ്യുന്നതൊഴിച്ചാല്‍). കാരണം... എന്റെ പിതാശ്രീ പഠിപ്പിക്കുകയും ഹെഡ്‌ മാസ്റ്ററായിരിക്കുകയും ചെയ്യുന്ന സ്കൂളിള്‍ പഠിക്കാനും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് തന്നെ നല്ല ചൂരല്‍പ്രയോഗം കിട്ടാനും ഭാഗ്യം ചെയ്ത ചുരുക്കം ചില മഹാന്മാരില്‍ പെടും ഞാനും.

എന്നാല്‍ കോളേജില്‍ എത്തിയപ്പോള്‍ എന്നിലെ കലാകാരന്‍ ഉണര്‍ന്നു.

'ഹായ്‌.. വെറുതെ പരീക്ഷ എഴുതുന്നതില്‍ എന്താ ഒരു ത്രില്ല്.... എന്തെങ്കിലും പുതിയ രൂപത്തില്‍ കോപ്പിയടിക്കാനുള്ള പദ്ധതി രൂപീകരിക്കുകയും അത്‌ പുഷ്പം പോലെ നടപ്പിലാക്കുകയും ചെയതാലേ ഒരു പരീക്ഷ എഴുതി എന്ന് പറയാന്‍ പറ്റൂ' (അഹങ്കാരം.. അഹങ്കാരം..)

അഞ്ചാറ്‌ കൊല്ലക്കാലം ഞാന്‍ എന്റെ കലയെ പരിപോഷിപ്പിച്ചു പോന്നു. (എന്ന് കരുതി പരീക്ഷ മുഴുവന്‍ കോപ്പിയടിച്ച്‌ ജയിച്ചു എന്ന് കരുതരുത്‌... അല്ലെങ്കില്‍ പിന്നെ പല പരീക്ഷകളും ഞാന്‍ പുല്ലു പോലെ തോല്‍ക്കില്ല്ലായിരുന്നല്ലൊ... അല്ലറ ചില്ലറ കോപ്പിയടി.. അത്രയേ ഉള്ളൂ..)

ഞാന്‍ പ്രയൊഗിച്ചിരുന്ന ചില സമ്പിള്‍സ്‌... (ദുരുപയോഗം ചെയ്താല്‍ അനുഭവിക്കേണ്ടിവരും... എന്റെ പേര്‌ പറയല്ലെ...)

ലോഗരിതം ടേബിള്‍, ഹോള്‍ ടിക്കറ്റ്‌, പേപ്പര്‍ കഷണങ്ങള്‍ എന്നിവയെ കലാപരമായ രീതിയില്‍ ഉപയോഗിക്കാം... (എങ്ങനെ എന്ന് പറയില്ല. കൊന്നാലും പറയില്ല.)

മദ്രാസില്‍ എം.സി.എ. പരീക്ഷക്ക്‌ ഞാന്‍ പുതിയ കലാരൂപം പുറത്തിറക്കി.

കഴിഞ്ഞുപോയ പരീക്ഷകളുടെ ചോദ്യപേപ്പറിന്റെ മറുപുറങ്ങള്‍ ഒന്നും എഴുതാതെ അങ്ങനെ വിശാലമായി കിടക്കുന്നത്‌ എനിക്ക്‌ സഹിച്ചില്ല. ഞാനവനെ അങ്ങ്‌ ഫില്ല് ചെയ്തു.

സ്റ്റെതസ്കോപ്പ്‌.. സോറി... മൈക്രോസ്കോപ്പ്‌ വച്ച്‌ നോക്കിയാല്‍ മാത്രം കാണാവുന്ന വലുപ്പത്തില്‍ പെന്‍സില്‍ കൊണ്ട്‌ ഞാന്‍ ആ മറുപുറങ്ങളെ നിറച്ചു. എന്നിട്ട്‌, പരീക്ഷക്ക്‌ കീശയില്‍ നിന്ന് അവനെ എടുത്ത്‌ മേശപ്പുറത്ത്‌ അഭിമാനത്തോടെ വക്കും. ടീച്ചറെ കാണാതെ മറിച്ച്‌ നോക്കി എന്റേതായ ഭേദഗതികളോടെ ഉത്തരക്കടലാസിലേക്ക്‌ പകര്‍ത്തും. (മിക്കവാറും ടീച്ചര്‍മാര്‍ക്ക്‌ ചോദ്യപേപ്പര്‍ ഏതാണെന്ന് നോക്കേണ്ട ഉത്തരവാദിത്തമില്ലാത്തതിനാലും നോക്കിയാലും മനസ്സിലാവില്ല എന്ന എന്റെ അണ്ടര്‍ എസ്റ്റിമേഷന്‍ കൊണ്ടും ഇതിന്‌ തുടക്കത്തില്‍ വല്ല്സ്യ പ്രശ്നമുണ്ടായില്ല)

താഴെ വിവരിക്കുന്ന സംഭവം നടക്കുന്നത്‌ ഈ കലാരൂപം അവതരിപ്പിക്കുന്ന ഒരു പരീക്ഷാഹോളില്‍.....

പതിവുപോലെ കേമനായ ഞാന്‍ പഴയ ചോദ്യപേപ്പര്‍ പുറത്തെടുത്തു. പക്ഷെ അന്നത്തെ പേപ്പറിന്റെയും പഴയ പേപ്പറിന്റെയും ക്വാളിറ്റിയില്‍ ഒരു മിസ്‌ മാച്ച്‌

'ഓ... പോട്ടെ.. അതിലിത്ര പ്രശ്നമെന്തിരിക്കുന്നു' എന്ന് എന്റെ ഓവര്‍ കോണ്‍ഫിഡന്‍സ്‌ മന്ത്രിച്ചു.

ആ വഴി പോയ ടീച്ചര്‍ക്ക്‌ പേപ്പര്‍ കണ്ടപ്പോള്‍ എന്തോ ഒരു സംശയം പോലെ. അപ്പുറത്തെ വരിയില്‍ ഉത്തരക്കടലാസ്‌ വിതരണം കഴിഞ്ഞ്‌ തിരിച്ചെത്തിയ ടീച്ചര്‍ എന്റെ അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ക്ക്‌ ഒരു വിഭ്രാന്തി..

പേപ്പറിന്‌ ടീച്ചര്‍ നേരത്തെ ശ്രദ്ധിച്ച മാറ്റം ഇപ്പോള്‍ കാണാനില്ല. (ഞാനാരാ മോന്‍... ടീച്ചറുടെ സംശയ നോട്ടം കണ്ടപ്പോള്‍ ഞാന്‍ പഴയ പേപ്പര്‍ എന്റെ കീശയിലേക്ക്‌ റിവൈന്റ്‌ അടിച്ചിട്ട്‌ ഒറിജിനല്‍ പേപ്പറിനെ മുന്നില്‍ പ്രതിഷ്ഠിച്ചിരുന്നു)

'എനിക്കെന്തു പറ്റി' എന്ന് ആലോചിച്ചുകൊണ്ട്‌ ടീച്ചര്‍ നടന്നകന്നു.

ഞാന്‍ വിടുമോ... 'ഹും... ഇത്ര കഷ്ടപ്പെട്ട്‌ എഴുതി കൊണ്ടുവന്നത്‌ വെറുതെ കളയേ... ഛെ ഛെ.. ഇത്രകാലം ഈ കലാരംഗത്ത്‌ ഞാനുണ്ടാക്കിയ ഇമേജ്‌ ...'

കോപ്പിയടിക്കാന്‍ തന്നെ എന്നിലെ അഹങ്കാരി തീര്‍ച്ചയാക്കി.

'ഈ കുന്റ്രാണ്ടം കണ്ടാലല്ലെ കുഴപ്പമുള്ളൂ' എന്ന് വിചാരിച്ച്‌ പേപ്പറെടുത്ത്‌ ഞാന്‍ ഉത്തരക്കടലാസിന്നടിയില്‍ വച്ചു.

എന്റെ മറിച്ച്‌ നോക്കുവാനുള്ള ശുഷ്കാന്തി കണ്ടിട്ട്‌ ടീച്ചര്‍ ഇടക്ക്‌ ആ വഴി വന്നെങ്കിലും മറിച്ചു നോക്കുന്ന ആ പേജിലല്ല എന്റെ ചോദ്യപേപ്പര്‍ എന്നതിനാല്‍ കുഴപ്പമുണ്ടായില്ല.

എന്തുകൊണ്ടോ.. ടീച്ചര്‍ക്ക്‌ ടീച്ചറുടെ മനസ്സിനെ നിയന്റ്രിക്കാനായില്ല.

എന്റെ അടുത്തു വന്ന് ടീച്ചര്‍ പറഞ്ഞു.

'കൊഞ്ചം പേപ്പറ്‌ കൊടുങ്കോ..'

നിവര്‍ത്തിയില്ലല്ലോ... ഭംഗിയായി അടുക്കിവച്ച്‌ ഞാന്‍ എന്റെ ഉത്തരക്കടലാസ്‌ കെട്ട്‌ കൈമാറി. (ഉള്ളില്‍ ലവന്‍ ഇരിപ്പുണ്ട്‌ എന്നതിനാല്‍ നെഞ്ചിടിപ്പ്‌ ചെവിക്ക്‌ സ്വൈരം തരുന്നില്ല)

പേപ്പര്‍ കൈയ്യിലെടുത്ത്‌ നിവര്‍ത്തലും എന്റെ ചോദ്യപേപ്പര്‍ ഉള്ളില്‍ നിന്ന് നൈസ്‌ ആയി താഴെക്ക്‌ പറന്നിറങ്ങിയതും ഒരുമിച്ച്‌.

താഴെ വീണ ചോദ്യപേപ്പര്‍ എടുത്ത ടീച്ചര്‍ക്ക്‌ ഒരു പ്രത്യേകതയും തോന്നിയില്ല..

'ഒരു സാദാ ചോദ്യപേപ്പറില്‍ എന്തിരിക്കുന്നു'എന്ന് ടീച്ചര്‍ തമിഴില്‍ മനസ്സില്‍ പറഞ്ഞു.

അതിന്റെ മറുപുറം ടീച്ചര്‍ വെറുതെ ഒന്ന് നോക്കി.

ഭാഗ്യം... ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായില്ലെന്ന് മാത്രം... അത്രക്ക്‌ മനോഹരമായി ഫില്ല് ചെയ്തിരിക്കുന്നു.

ടീച്ചര്‍ എന്നെ ആദരപൂര്‍വ്വം ഒന്ന് നോക്കി. ഞാന്‍ ടീച്ചറേയും...

'മോന്‍ പരിപാടി നിര്‍ത്തി ഇറങ്ങിക്കോ' എന്ന് തമിഴില്‍ പറഞ്ഞെങ്കിലും മനസ്സിലാവാത്ത പോലെ ഞാന്‍ നിന്നു. എന്നിട്ട്‌ ഒരു ദയനീയമായ 'സോറി' അങ്ങ്‌ കാച്ചി.

പിന്നെ ഞാന്‍ ഒരു എഴുത്തങ്ങ്‌ തുടങ്ങി. എക്സ്റ്റ്രാ ഷീറ്റുകള്‍ വാങ്ങിക്കൂട്ടി ഞാന്‍ എഴുതിപ്പാഞ്ഞു.

ടീച്ചര്‍ ഞെട്ടി...

'ഇത്രക്ക്‌ എഴുതാന്‍ കഴിവുള്ള ഇവന്‍ എന്തിനാണെടേയ്‌ കോപ്പിയടിക്കുന്നത്‌' എന്ന് ടീച്ചറുടെ മനം മന്ത്രിക്കുന്നത്‌ ഞാനറിഞ്ഞു. (അങ്ങനെ തോന്നിപ്പിക്കുകയാണല്ലോ എന്റെ ലക്ഷ്യം... കോപ്പിയടിച്ച്‌ ജയിക്കേണ്ട ഗതികേട്‌ എനിക്കില്ല എന്ന് ടീച്ചര്‍ക്ക്‌ മനസ്സിലാകണമല്ലോ... ഞാന്‍ ഒരു കലാകാരന്‍ മാത്രമാണല്ലോ).

ഒരു പത്തിരുപത്‌ പേപ്പര്‍ എഴുതിക്കൂട്ടുക മാത്രമല്ല അരമണിക്കൂര്‍ മുന്‍പ്‌ എഴുതി അവസാനിപ്പിക്കുക കൂടി ചെയ്തു. കാരണം... യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സ്ക്വാഡ്‌ അംഗങ്ങള്‍ കഴിയാറാകുമ്പോള്‍ ഒരു വിസിറ്റുണ്ട്‌... അപ്പോഴെക്ക്‌ സ്ഥലം കാലിയാക്കണമല്ലൊ...

എഴുതി അവസാനിപ്പിച്ച്‌ ഉത്തരക്കടലാസുകെട്ട്‌ സമര്‍പ്പിച്ചപ്പോള്‍ ടീച്ചറുടെ മുഖത്ത്‌ ശരിക്കും ഒരു ആദരവ്‌.... കൂട്ടത്തില്‍ എന്റെ 'സോറി മാഡം..' എന്ന പ്രയോഗം കൂടിയായപ്പോള്‍ ടീച്ചറുടെ മുഖത്ത്‌ ഒരു പുഞ്ചിരി.

ടീച്ചറെ നന്ദിയോടെ നോക്കി ചിരിച്ച്‌ ഞാന്‍ സ്ഥലം കാലിയാക്കി.

('ഇനിയിപ്പോ പുതിയ കലാരൂപം കണ്ടുപിടിക്കണമല്ലോ' എന്നതായിരുന്നു എന്റെ മനസ്സ്‌ നിറയെ)

18 Comments:

At 3:40 AM, Blogger സൂര്യോദയം said...

കൊപ്പിയടി എന്നത്‌ കലയാണെന്ന് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ എന്റെ അനുഭവം വിവരിച്ചുകൊണ്ടാണ്‌... സമ്മതിക്കൂ.. പ്ലീസ്‌...

 
At 3:45 AM, Blogger സു | Su said...

കോപ്പിയടി കലയാണോന്നറിയില്ല. പക്ഷെ കലകള്‍ ഉണ്ടാക്കാന്‍ അത് സഹായിക്കും :)

 
At 3:48 AM, Blogger myexperimentsandme said...

കാപ്പിയടി, ല്ല, കോപ്പിയടി ഒരു കലയാണെന്ന് ലംബോ ആയിരത്തിത്തൊള്ളായിരത്തിയെണ്‍പത്തെട്ടിലോ ഒമ്പതിലോ പത്തിലോ തെളിയിച്ചിരുന്നു.

നന്നായിരിക്കുന്നു. ചെറിയ ക്ലാസ്സിലൊക്കെയാണെങ്കില്‍ സൂ പറഞ്ഞതുപോലെ നല്ല നല്ല കലകള്‍ ദേഹത്ത് കിട്ടാന്‍ കോപ്പിയടി സഹായിക്കും. കോപ്പിയടിച്ചാല്‍ കിട്ടുന്ന ആ അടിയുണ്ടല്ലോ, അതാണടി :)

 
At 3:52 AM, Blogger വല്യമ്മായി said...

ഒരിക്കല്‍ ചക്ക വീണപ്പോ മുയല്‍ ചത്തൂന്ന് കരുതീട്ട്...........

 
At 4:45 AM, Blogger അഷ്റഫ് said...

കോപ്പിയശാനെ... ശിഷ്യത്തം സ്വീകരിക്കുമൊ...?

 
At 4:56 AM, Blogger സൂര്യോദയം said...

കലാപരമായ കഴിവില്ലാത്തവര്‍ ഉപയോഗിച്ചാല്‍ ദേഹത്തൊ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിലോ 'കല' വീഴും... :-)

 
At 7:00 AM, Blogger Unknown said...

കോപ്പിയടി ഒരു കലയാണ്.

എന്ന് മാത്രമല്ല കൂടിയാട്ടത്തിനെപ്പോലെ യുനെസ്കോയുടെ അംഗീകാരം ലഭിക്കേണ്ട ഒരു പാരമ്പര്യ അനുഷ്ഠാന കലയുമാണ്. ബീരാങ്കാക്കയുടെ ചായക്കടയില്‍ വെച്ച് അടുത്ത തവണ (നാളെയോ മറ്റന്നാളോ) കോഫീ അണ്ണനെ കാണുമ്പോള്‍ ഒരു പഴമ്പൊരി കൈക്കൂലിയായി ഒന്ന് കൊടുത്ത് നോക്കട്ടെ.ചിലപ്പോള്‍ ഈ ആഴ്ച തന്നെ അംഗീകാരം കിട്ടും.

 
At 8:26 AM, Anonymous Anonymous said...

സൈന്ടിഫിക് കാല്‍ക്കുലേറ്ററിന്ടെ കവറിനുപുറത്തും എഴുതാം. പക്ഷേ പെന്‍സില്‍ വച്ച് മാത്രം .ഒരു പ്രത്യേക ആങ്കിളില്‍ നോക്കിയാല്‍ മാത്രമേ കാണൂ.

 
At 10:15 AM, Blogger മഹേഷ് said...

കോപ്പിയടി വിജയപ്രദമായ രീതിയില്‍ നിര്‍വ്വഹിക്കുവാന്‍ നല്ല കലാകാരനായിരിക്കണം എന്നത്‌ നൂറുശതമാനം ശരി.
ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ഇത്തരം കലാകാരന്മാരെ ഒറ്റനോട്ടത്തില്‍ കണ്ടെത്താനുള്ള കഴിവ്‌ നേടിയ വ്യക്തി എന്ന അഹന്ത എനിക്കുണ്ട്‌. സ്വന്തം കുട്ടികള്‍ ഹാളിലും പുറത്തും എങ്ങനെ പെരുമാറും എന്ന്‌ അറിയാവുന്ന ആര്‍ക്കും ഇത്‌ സാധിക്കും. കലാസപര്യക്കിറങ്ങിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സാധാരണമല്ലാത്ത ചിലത്‌ കാണാനാകും. എവിടെ നിന്നാണ്‌ കലോപകരണം പുറത്തു വരുന്നതെന്നും കച്ചേരിയുടെ രീതി എന്തെന്നുമേ പിന്നീട്‌ അറിയാനുള്ളൂ.
അതറിഞ്ഞിട്ട്‌ എനിക്ക്‌ ഒരു ആവശ്യവുമില്ല എന്നതിനാല്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ കലാകാരന്മാരോട്‌ അവരുടെ കുറിപ്പുകള്‍ കളഞ്ഞു വരാനാണ്‌ പറയുക. അഹംഭാവികളെ കളിപ്പിക്കുന്നതിലേ കാര്യമുള്ളൂ. അവര്‍ പരീക്ഷ കഴിയുന്നതു വരെ കലാവിഷ്കാരം സാധിക്കാതെ ഞെരിപിരികൊള്ളുന്നത്‌ പരീക്ഷാഹാളിലെ ഒരു കൌതുകക്കാഴ്ചയാണ്‌.

 
At 9:01 PM, Blogger സൂര്യോദയം said...

കലാകാരന്മാരല്ലാത്തവര്‍ക്ക്‌ കോപ്പിയടി ബുദ്ധിമുട്ടാണ്‌ എന്നതിന്‌ എന്റെ സുഹൃത്ത്‌ ഗോപിയുടെ വാക്കുകള്‍ ഇവിടെ ചേര്‍ക്കുന്നു..
'ഒരു കഷണം പേപ്പര്‍ കീശയിലുണ്ടെങ്കില്‍ അതില്‍ നിന്ന് വല്ലതും എഴുതാന്‍ ശ്രമിച്ചാല്‍ ബാക്കി അറിയാവുന്ന ഉത്തരങ്ങള്‍ വരെ എഴുതാന്‍ പറ്റാറില്ല.'

പിന്നെ ഞാനും എന്റെ അനിയനും കോപ്പിയടിചരിതം വിവരിക്കുന്ന് കേട്ടതിന്‌ ശേഷം ടീച്ചറായ എന്റെ അമ്മ ആരോടോ പറയുന്ന കേട്ടു.

"ഇപ്പോ ഞാന്‍ കോപ്പിയടി അങ്ങനെ പിടിച്ച്‌ പ്രശ്നമാക്കാറില്ല. നമ്മുടെ കുട്ടികളും ചെയ്യുന്നതാണല്ലോ എന്നോര്‍ക്കുമ്പോള്‍"

 
At 12:48 AM, Blogger Sreejith K. said...

കോപ്പിയടി പുരാണം ഇഷ്ടമായി.

 
At 1:47 AM, Blogger കരീം മാഷ്‌ said...

ചാലക്കുടിക്കരന്‍, സ്‌റ്റാന്‍ഡ്‌ അപ്പ്‌. അവിടെയല്ല. ബെഞ്ചിനു മുകളില്‍. ക്ലാസ്‌ ലീഡര്‍ പോയി സ്‌റ്റാഫ്‌ റൂമില്‍ നിന്നു ചൂരല്‍ കൊണ്ടു വരൂ?.

ഇനി കോപ്പിയടിക്കുമോ? ഠേ...,ഠേ...,ഠേ...

 
At 2:10 AM, Blogger സൂര്യോദയം said...

കോപ്പിയടി കലയാണെന്ന് സമ്മതിച്ച എല്ലാവര്‍ക്കും നന്ദി...

ഓ.. എന്തായാലും അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഇരിക്കട്ടെ ഓരോ ഓണക്കിറ്റ്‌ നന്ദി... :-)

മാഷേ.. ഇനി കോപ്പിയടിക്കില്ല. നിര്‍ത്തി... പരീക്ഷയെഴുത്തൊക്കെ നിര്‍ത്തി... അത്‌ പോരേ?? :)

 
At 3:39 AM, Blogger ഗോപകുമാര്‍ said...

കോപ്പിയടി ഒരു കല തന്നെ... ഒന്നുമില്ലേലും അതിന്റെ പിന്നിലെ മനുഷ്യപ്രയത്നത്തെ ഓര്‍ത്തെങ്കിലും...

 
At 10:12 PM, Blogger വിചാരം said...

മോഷണം കലയാണോ ? എങ്കില്‍ കോപ്പിയടിയും കല തന്നെ .... മറ്റേത്‌ കലയും സമൂഹത്തിനു നന്‍മയാണു നല്‍കുന്നതെങ്കില്‍ ഈ രണ്ട്‌ കലകളും സമൂഹത്തിനു തീര്‍ത്തും തിന്‍മ പ്രദാനം ചെയ്യുന്നു... കോപ്പിയടിക്കാത്തവരുണ്ടെങ്കില്‍ സൂര്യോദയത്തെ കല്ലെറിയട്ടെ എന്നു പറഞ്ഞാല്‍ ഒരു കല്ല്‌ പോലും സൂര്യോദയത്തിണ്റ്റെ മേല്‍ പതിക്കില്ല അതുറപ്പ്‌ .... കോപ്പിയടിക്കാനും മോഷ്ടിക്കാനുമെല്ലാം അത്യാവശ്യം ചങ്കുറപ്പും, കൌശലവും, തൊലികട്ടിയും (കോപ്പിയടിപിടിച്ചാല്‍ യാതൊരു ചമ്മലും കൂടാതെ സോറി പറയാന്‍ തൊലിക്കട്ടി വേണം) എതായാലും വിവരണം നന്നായി ..

 
At 10:20 PM, Blogger Rasheed Chalil said...

കോപ്പിയടി ഒരു തെറ്റില്ലാത്ത പരിപാടിയാണല്ലേ.. നല്ലവിവരണം.

 
At 12:29 AM, Blogger രാജ് said...

കോപ്പിയടി വിശേഷങ്ങള്‍ കൊള്ളാമല്ലോ.

എക്സാമിനേഷന്‍ ഹാളിലെ അനുഭവങ്ങള്‍ മയ്യഴി പങ്കുവച്ചതും രസകരമായി. ഇനിയും ചില വിദ്വാന്മാര്‍ ഉണ്ടത്രേ, അടുത്തിരിക്കുന്ന പഠിപ്പിസ്റ്റിന്റെ പേപ്പറിലാവും കണ്ണു്, നല്ല സൌഹൃദമാണെങ്കില്‍ ഉത്തരക്കടലാസു തന്നെ കൈമാറിയെന്നുവരും, വേറെ ചിലര്‍ക്കു പരസ്പര-സഹകരണ മനോഭാവവുമുണ്ടു് ;) ഇക്കൂട്ടരില്‍ മിക്കവരും തയ്യാറെടുപ്പുകളോടെ വന്നവരായിക്കില്ല, തരം കിട്ടിയാല്‍ കോപ്പിയടിച്ചിരിക്കും എന്ന സ്വഭാവക്കാരുമാണു്. ഇത്തരക്കാരെ പിടിക്കുവാന്‍ എന്താ മാര്‍ഗ്ഗം?

 
At 6:08 PM, Blogger Unknown said...

ചേട്ടാ കോപ്പിയടി ഒരു കാലയാണോ എന്നറിയില്ല
എന്നാൽ കോപ്പിയടിക്കുന്നത് ഫുൾ മാർക്ക് വാങ്ങാനാകാരുത്.ജയിക്കാൻ കോപ്പിയടിക്കുന്നത് തെറ്റായി ഞാൻ കാണുന്നില്ല.

 

Post a Comment

<< Home