കോളേജിലോ... ഞാനോ?...
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ബസ് കണ്ടക്ടര്‍മാരുടെ പീഠനം (വാക്കാലുള്ള പീഠനമേ ഉദ്ധേശിച്ചുള്ളൂ..) കണ്‍സഷനില്‍ യാത്ര ചെയ്തിരുന്ന ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദിനചര്യയായിരുന്നു.
ചില കണ്ടക്ടര്‍മാര്‍ക്ക് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഒരു ചൊറിച്ചിലാണ്.. (ഡീസന്റ് ആള്‍ക്കാരും ഉണ്ട്... കുറവാണെന്ന് മാത്രം.)
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന കാലം...
വൈകുന്നേരം അവസാന മണിക്കൂര്‍ ക്ലാസ്സില്‍ കയറിയ ഓര്‍മ്മയേ ഇല്ല.. കാരണം... ബസ്സില്‍ ഇരുന്ന് പോകാന്‍ സീറ്റ് കിട്ടണമെങ്കില്‍ നേരത്തെ സ്റ്റാന്റില്‍ ചെല്ലണം...
(ഇത് കേട്ടാല്‍ തോന്നും മൊര്‍ണിംഗ് സെഷനില്‍ അവസാന മണിക്കൂര്‍ ക്ലാസ്സില്‍ ഇരിക്കാറുണ്ടെന്ന്.. അപ്പൊ ഞങ്ങള്‍ക്ക് നേരത്തെ ഫുഡ് അടിക്കണ്ടെ.. വിശപ്പ് സഹിച്ച് ഇരിക്കാന്‍ പറ്റുമോ...)
ഒരു ദിവസം വൈകീട്ട് നേരത്തെ സ്റ്റാന്റില്‍ എത്തി.
ചാലക്കുടി ഭാഗത്തേക്ക് ഉള്ള ബസ്സുകള്‍ നിരന്ന് കിടപ്പുണ്ട്...
ആദ്യം പോകുന്ന ബസ്സില്‍ വന്‍ തിരക്കായതിനാല്‍ അടുത്ത ബസ്സില്‍ കയറാനായി ഞങ്ങള്‍ തീരുമാനിച്ചു. അതിലും സീറ്റ് കിട്ടില്ലെങ്കിലും തിരക്ക് കുറവായതിനാല്‍ നിന്നായാലും പോയിക്കളയാം എന്നാണ് വിചാരം..
ഞങ്ങളുടെ കൂട്ടത്തില്‍ ലിജോ ശരീരപ്രകൃതിയിലാണെങ്കിലും തൊലിക്കട്ടിയുടെ കാര്യത്തിലാണെങ്കിലും ഒന്നാം റാങ്ക് കാരന്‍...
ബസ്സിന്റെ അടുത്തെത്തിയപ്പോള്‍ അതാ ഡോറില്‍ ചൊറിയന്‍ കണ്ടക്ടര്‍ രാജു....
'ങൂം.. എങ്ങോട്ടാ..' രാജുവിന്റെ ചോദ്യം...
'വീട്ടില്‍ പോവാ...' ലിജോയുടെ നിസ്സാരമായ മറുപടി.
ഇത് കേട്ട് അല്‍പം ദേഷ്യം വന്ന കണ്ട്രാവി രാജുവിന്റെ അടുത്ത ചോദ്യം...
'നിനക്കെന്താ ആ ബസ്സില്‍ പോയാല്‍... ഈ ബസ്സില്‍ തന്നെയെ കയറൂ എന്ന് എന്താ ഇത്ര വാശി?..'
ഉടനെ ലിജോ അല്‍സ്പം ലജ്ജാഭാവത്തൊടെ....
'എന്താന്നറിയില്ലാ... എനിക്ക് ഈ ബസ്സിനോട് ലൗവ്വാ...' എന്ന് പറയലും കുത്തിതിരുകി ഉള്ളില്‍ കയറിപ്പറ്റലും കഴിഞ്ഞു. പിന്നാലെ ഞങ്ങളും....
ഇനി ബസ്സില്‍ കയറിയാലോ.. എവിടെ നിന്നാലും കുറ്റമാണ്... പിന്നില്‍ നിന്നാല്‍ പറയും മുന്‍പിലോട്ട് കയറിനിക്കാന്‍.... മുന്‍പില്‍ നിന്നാല്‍ പറയും പിന്നിലോട്ട് ഇറങ്ങി നില്‍ക്കാന്‍.. കൂട്ടത്തില്‍ ചിലപ്പോ ബോണസ്സായി സ്ത്രീപീഠന ആരോപണങ്ങളും... ഇത് രണ്ടും വേണ്ടല്ലോ എന്ന് വിചാരിച്ച് ഒരുവിധം മദ്ധ്യത്തില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു.
ബസ് പുറപ്പെട്ട് അല്‍പം കഴിയുമ്പോഴെക്ക് തുടങ്ങീ രാജുകണ്ടക്ടറുടെ നിലവിളി...
'ആ പച്ച ഷര്‍ട്ട്.. അങ്ങോട്ട് നീങ്ങി നില്‍ക്ക്... നീല ഷര്‍ട്ട് മുന്‍പോട്ട് കയറി നില്‍ക്ക്... വരയന്‍ ഷര്‍ട്ട്, ഇടത്തോട്ട് കടന്ന് നില്‍ക്ക്...'
ചെവിതല കേള്‍ക്കാതയപ്പോള്‍ ലിജോ വിളിച്ചു പറഞ്ഞു..
'ആ കാക്കി ഷര്‍ട്ട് .. ഒന്ന് മിണ്ടാതിരി..'
അല്‍പം കഴിഞ്ഞ് ഞങ്ങളുടെ വിലയില്ലാത്ത പൈസ വാങ്ങാന്‍ അടുത്തെത്തിയ രാജു കണ്ടക്ടര്‍ ലിജോയോട് എല്ലാ വൈരാഗ്യങ്ങളും ഒരുമിച്ച് തീര്‍ക്കാനുള്ള ദേഷ്യത്തോടെ...
'നീ... കാര്‍ഡ് ഇങ്ങ് എടുത്തെ... കുറെ നാളായി വിചാരിക്കുന്നു...നിന്നെ കണ്ടാല്‍ കോളെജില്‍ പഠിക്കുകയാണെന്ന് നോന്നില്ലല്ലോ... അല്ലാ.... നീ ഏത് കോളേജിലാ പഠിക്കുന്നേ...???'
ഉടനെ ലിജോ നാണം ഭാവിച്ച് കള്ളച്ചിരിയോടെ...
'കോളേജിലോ... ഞാനോ???'
പറഞ്ഞ് തീരലും അപ്പുറത്ത് നിന്ന് ജോബിയുടെ ഉറക്കെയുള്ള വിളി....
'ഡാഡീ....'
('അവിടെ ആരാ ടിക്കറ്റ് പറഞ്ഞെ..' എന്ന് പറഞ്ഞ് മുന്‍പിലോട്ട് റോക്കറ്റ് വിട്ട പോലെ പോകുന്ന രാജുകണ്ടക്ടറെയാണ് പിന്നെ കണ്ടത്)
6 Comments:
പണ്ട് കാലത്തെ സന്തൂര്‍ സോപ്പിന്റെ ഹിറ്റ് പരസ്യത്തിന്റെ മറ്റൊരു കോളെജ് വെര്‍ഷന്‍.....
'ആ കാക്കി ഷര്‍ട്ട് .. ഒന്ന് മിണ്ടാതിരി..'
ഹ ഹ. കലക്കന്‍. ആ ഡാഡി വിളിയും രസിച്ചു.
ഹ ഹ... സൂപ്പര്‍ :) ഇഷ്ടപ്പെട്ടു.
ഹ...ഹ...സൂപ്പര്‍. നിമിഷത്തമാശകള്‍ അടിപൊളി. ശ്രീജിത്ത് പറഞ്ഞതുപോലെ ആ കാക്കി ഷര്‍ട്ട് ഒന്ന് മുണ്ടാണ്ടിരിയും, ഡാഡീ വിളിയും ഒന്നാം തരം.
ഹിഹിഹി. നന്നായിട്ടുണ്ട്. അവര്‍ക്കൊരു കൊട്ടുകൊടുക്കുന്നതുതന്നെയാ നല്ലത്.
qw_er_ty
ബസ്സില്‍ കയറല്‍ എനിക്കും ഒരു പേടിസ്വപ്നം ആയിരുന്നു. ഇതു നേരത്തെ കിട്ടിയിരുന്നെങ്കില്‍... :)
Post a Comment
<< Home