സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, August 21, 2006

കമ്പ്യൂട്ടര്‍ ലാബ്‌

അങ്ങനെ കെമിസ്റ്റ്രി ഡിഗ്രി കഴിഞ്ഞ്‌ തെണ്ടിതിരിഞ്ഞ്‌ സൈക്കിള്‍ ചവിട്ടി കാല്‌ കഴച്ചപ്പോള്‍ 'ഇനിയെന്ത്‌' എന്ന ചോദ്യം എല്ലാവരും ചോദിച്ച പോലെ ഞാനും എന്നോടു ചോദിച്ചു.

ഇനി എം.എസ്‌.സി. ക്ക്‌ പഠിക്കണമെങ്കില്‍ എന്റെ അച്ഛന്‍ കോളേജ്‌ തുടങ്ങണം..
അല്ലെങ്കില്‍ 80% ന്‌ മുകളില്‍ മാര്‍ക്കുള്ള മണ്ടന്മാരെല്ലാം പഠിപ്പ്‌ നിര്‍ത്തണം.
ഇത്‌ രണ്ടും നടപ്പില്ലെന്ന് മനസ്സിലായപ്പൊള്‍ എം.എസ്‌.സി. ക്ക്‌ വലിയ സ്കോപ്‌ ഇല്ലെന്ന് ഞാന്‍ എന്നെ ഒരുവിധം പറഞ്ഞ്‌ മനസ്സിലാക്കിച്ചു.

എന്നാപ്പിന്നെ 'കെമിസ്റ്റ്‌ ആയി ജോലി കിട്ടുമോ' എന്ന് നോക്കിക്കളയാം എന്ന് വിചാരിച്ച്‌ ഒരു ഇന്റര്‍വ്യൂവിന്‌ പോയപ്പോല്‍ തന്നെ എനിക്ക്‌ എന്റെ മിടുക്ക്‌ മനസ്സിലായി.

എന്റെ പ്രാക്റ്റിക്കല്‍ പരിജ്ഞാനം ടെസ്റ്റ്‌ ചെയ്യാന്‍ എന്നോട്‌ ഒന്ന് രണ്ട്‌ ചോദ്യം ചോദിച്ച അവര്‍ നാണം കെട്ടു. കാരണം ഞാന്‍ ഒന്നും മിണ്ടിയില്ല.

പിന്നെ വിഷമം തോന്നാതിരിക്കാന്‍ പല സിമ്പിള്‍ ചോദ്യങ്ങളും എന്നോട്‌ ചോദിച്ചെങ്കിലും പുഞ്ചിരി മാത്രം ഉത്തരമായി നല്‍കിയാല്‍ ജോലി നല്‍കാന്‍ ആവാത്തതിനാല്‍ അവര്‍ക്ക്‌ എന്റെ സേവനം ലഭിച്ചില്ല.

അപ്പോഴാണ്‌ നാട്ടിലെ ഒരു വലിയ ടൈപ്പ്‌ റൈറ്റിംഗ്‌ പഠിപ്പിക്കുന്ന സ്ഥാപനം കമ്പ്യൂട്ടര്‍ ലാബ്‌ കൂടി ചേര്‍ത്ത്‌ പുനരുദ്ധീകരിക്കുന്നു എന്നറിഞ്ഞത്‌. (ഈ സ്ഥാപനം നടത്തുന്നത്‌ എന്റെ അയല്‍ക്കാരാണ്‌)

എന്നാല്‍ എന്തെങ്കിലും ഒരു ചെറിയയ കോഴ്സ്‌ പഠിച്ചോളാന്‍ അഛനമ്മമാര്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നു പുഛിച്ചു തള്ളി.

ലാബ്‌ ഒന്ന് കാണാന്‍ എന്റെ കൂട്ടുകാര്‍ നിര്‍ബദ്ധിച്ചപ്പോള്‍ ഒരു ദിവസം ഞാന്‍ ഒന്നു പോയി എത്തി നോക്കി. ചില്ല് കൂടിനുള്ളിന്‍ 5-6 കമ്പ്യൂട്ടര്‍ ചുള്ളന്മാര്‍ ഇരിപ്പുണ്ട്‌. ആളുകള്‍ ആരാധനാലയങ്ങളിന്‍ കയറുന്നതിനേക്കാല്‍ ഭവ്യതയോടെ പാദരക്ഷകള്‍ പുറത്തുവച്ച്‌ ഏ.സി. മുറിയില്‍ കയറി നോക്കുന്നു. ടെന്‍ഷന്‍ കാരണം അന്ന് ഞാന്‍ അവിടെ അധിക സമയം നിന്നില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോഴെക്കും അവിടെ ചില കമ്പ്യൂട്ടര്‍ ഗെയിമുകളുണ്ടെന്ന വിവരം എനിക്ക്‌ കിട്ടി. ബൈക്‌ റേസ്‌, കാര്‍ റേസ്‌ തുടങ്ങിയ ഐറ്റാംസിനെക്കുറിച്ച്‌ വിവരണവും കിട്ടി.

ഒടുവില്‍ ഞാനും കമ്പൂട്ടര്‍ പഠിക്കാന്‍ തീരുമാനിച്ചു.

കാര്‍ റേസ്‌, ബൈക്‌ റേസ്‌ തുടങ്ങിയ കോഴ്സുകള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ 2 മാസത്തെ സി പ്രോഗാം പഠിക്കാനായി ചേര്‍ന്നു.

ഒരാഴ്ച കഴിഞ്ഞപ്പോഴെക്ക്‌ ഞാന്‍ കേമനായി. വല്ല്യ തട്ടുമുട്ട്‌ കൂടാതെ കാറ്‌ ഓടിച്ച്‌ ഫിനിഷ്‌ ചെയ്ത്‌ തുടങ്ങി.

ചില പഠിപ്പിസ്റ്റുകള്‍ സി പ്രോഗ്രാം ചെയ്ത്‌ കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കാര്‍ റേസില്‍ എന്റെ എക്ഷ്പര്‍റ്റൈസ്‌ കൂട്ടിക്കൊണ്ടിരുന്നു.

ഒരു ദിവസം ലാബില്‍ ഒരു ബുദ്ധിജീവിയുടെ പരാതി.

'സാര്‍... ഫ്ലോപ്പി കയറുന്നില്ല.'

(ഈ കാലഘട്ടത്തില്‍ കാണാന്‍ കിട്ടാത്ത 1.2 MB ഫ്ലോപ്പി ഡിസ്കാണ്‌... മുറം പോലെയുള്ള ഐറ്റം)

അപ്പുറത്തെ ടൈപ്പ്‌ റൈറ്റിംഗ്‌ സെക്ഷനില്‍ നിന്ന് എത്തി നോക്കി കൊണ്ട്‌ നാരായണന്‍ സാര്‍ പറഞ്ഞു.

'അങ്ങനെ വരില്ലെടൊ.. ഒന്നു കൂടി നോക്ക്‌'

'ഇല്ല സാര്‍.. എന്റെ പരമാവധി ഞാന്‍ ട്രൈ ചെയ്തു.' ചുള്ളന്റെ മറുപടി.

ഒടുവില്‍ വന്ന് നോക്കിയ നാരായണന്‍ സാറിന്റെ തലയില്‍ കൈ വച്ച്‌ കൊണ്ടുള്ള വിലാപം ഞാന്‍ കേട്ടു.

'നീ ആളു നിസ്സാരക്കരനല്ലല്ലൊ.. ഇത്‌ രണ്ടെണ്ണം നീ എങ്ങനെ ഇതിന്റെ ഉള്ളില്‍ കയറ്റി.. അതും പോരാഞ്ഞ്‌ ഈ മൂന്നാമത്തെ ഫ്ലോപ്പി പകുതിയും കയറ്റിയിരിക്കുന്നു. കേമന്‍...'

8 Comments:

At 9:36 PM, Blogger സൂര്യോദയം said...

ഇനി കമ്പ്യൂട്ടര്‍ ലാബ്‌ മാത്രം സീക്രട്ട്‌ ആയി ഇരിക്കണ്ടാ എന്ന് തീരുമാനിച്ചതിനാല്‍ അത്‌ കൂടി പരസ്യപ്പെടുത്തുന്നു.

 
At 9:47 PM, Blogger വല്യമ്മായി said...

അതു നന്നായി.ഞാനും ആ നാട്ടുകാരിയാണേ

 
At 11:57 PM, Blogger ശാലിനി said...

ആ മുറം പോലുള്ള ഫ്ലോപ്പിലാണ് ഞാനും ആദ്യാക്ഷരം കുറിച്ചത്. ഇന്ന് കമ്പുട്ടറില്‍ തകര്‍ക്കുമ്പോള്‍ അന്ന് കാണിച്ചതൊക്കെ വിഡ്ഡിത്തരങ്ങള്‍ ആയിരുന്നു എന്നു മനസിലാകുന്നു. ഇന്റ്റര്‍വ്യു വിശേഷങ്ങള്‍ നന്നായി. അരുണിനോടു ചോദിച്ച ചോദ്യങ്ങള്‍ അസലായി. രാവിലെ നന്നായി ചിരിച്ചു.

 
At 12:29 AM, Blogger Sreejith K. said...

ഇന്റെര്‍വ്യൂവും അത് കഴിഞ്ഞ് ലാബില്‍ സംഭവിച്ച മണ്ടത്തരവും അസ്സലായി രസിച്ചു.

 
At 12:46 AM, Blogger ദേവന്‍ said...

അഞ്ചിഞ്ചു ഷര്‍ട്ടു പോക്കറ്റിലും നാലിഞ്ചു പാന്റുപോക്കറ്റുകളിലും കൊള്ളാത്ത അഞ്ചേകാലിഞ്ച്‌ വീശുപാള ഫ്ലോപ്പി. അതേല്‍ രണ്ടെണ്ണം മാറി മാറി ഇട്ടാല്‍ ബൂട്ട്‌ ആകുന്ന ഒരു ഡീ ബേസ്‌. അതിലായിരുന്നു എന്റേയും തുടക്കം. ഒടുക്കം എന്നെ പഠിപ്പിച്ച്‌ ഒരു പാഠം പഠിച്ച ആചാര്യ ദേവോഭവ രാജ്യം വിട്ടു പോകുന്നതിലും..

എങ്കിലും രണ്ടര ഫ്ലോപ്പി ആശാരി ആപ്പടിക്കും പോലെ അടിച്ച്‌ അകത്താക്കിയത്‌ .. ഹയ്യോ!

 
At 1:03 AM, Blogger Kalesh Kumar said...

അതൊക്കെ ഒരു കാലം! 5 1/4 ഇഞ്ച് ഫ്ലോപ്പി ഡിസ്ക്കളിപ്പോള്‍ കാണ്മാനില്ല! ഫ്ലോപ്പികളും പതിയെ പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു!
നൊവാള്‍ജിയ!

(നന്നായിട്ടുണ്ട്!)

 
At 1:17 AM, Blogger Visala Manaskan said...

'പുഞ്ചിരി മാത്രം ഉത്തരമായി നല്‍കിയാല്‍ ജോലി നല്‍കാന്‍ ആവാത്തതിനാല്‍ അവര്‍ക്ക്‌ എന്റെ സേവനം ലഭിച്ചില്ല'

adipoli maashe. adipoli.

njaan pandu 'digger' enna oru game nu adict aayirunnu. ('jing jing jing jing jing cha' music undathil)

ithepolathe alakkals poratte iniyum iniyum poratte..

(ente system kidappilaa, athaa manglish. kshami)

 
At 8:36 PM, Blogger സൂര്യോദയം said...

കമന്റ്‌ എഴുതിയ എല്ലാവര്‍ക്കും നന്ദി...

ഗുരുവായ വിശാല്‍ജിക്ക്‌ പ്രത്യേകം നന്ദി.. :-)

 

Post a Comment

<< Home