സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, September 22, 2006

ഹോസ്റ്റലിലെ കട്ടുതീറ്റ

പല ഹോസ്റ്റല്‍ നിവാസികളും അനുഭവിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും അവനവന്റെ സാധനങ്ങള്‍ കട്ട്‌ തിന്നപ്പെടുന്നതും അല്ലെങ്കില്‍ മറ്റുള്ളവരുടേതില്‍ കയ്യിട്ട്‌ വാരുന്നതും.

വല്ലവന്റെയും ടൂത്ത്‌ പേസ്റ്റ്‌ ആണെങ്കില്‍ അങ്ങ്‌ ഞെക്കി അമര്‍ത്തി പോരാവുന്നിടത്തോളം എടുത്ത്‌ വലിയ വായില്‍ പല്ലുതേക്കല്‍... (അതും ദിവസത്തില്‍ രണ്ടും മൂന്നും പ്രാവശ്യം.... )
വിവിധയിനം ക്രീമുകള്‍ നിര്‍ലോഭം വാരിത്തേക്കല്‍... കുളിമുറിയില്‍ കയറുന്നതിന്‌ മുന്‍പ്‌ വെളിച്ചെണ്ണയില്‍ ഒരു കുളി.... ഫുഡ്‌ ഐറ്റംസ്‌ എന്തെങ്കിലും ഉണ്ടെങ്കില്‍ കാലിയാക്കല്‍....

ഇതെല്ലാം ചില വിദ്വാന്മാരുടെ സ്ഥിരം പരിപാടികളില്‍ പെടും.... സ്വന്തം മുറിയിലുള്ളവരല്ലായിരിക്കും എന്ന് മാത്രം... മറ്റു മുറികളില്‍ നിന്നും ആളുകള്‍ പലപ്പോഴും കയറിയിറങ്ങുന്നത്‌ കാരണം ഇത്‌ തടയുക വലിയ വിഷമം പിടിച്ച പണിയുമാണ്‌. പലരും പല സമയങ്ങളില്‍ എത്തുന്നതിനാല്‍ പലപ്പോഴും റൂം പൂട്ടാതെ പോകേണ്ടിവരും...

സംഭവം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഹോസ്റ്റലില്‍...നാലുപേര്‍ ഒരുമിച്ച്‌ താമസിക്കുന്ന ഒരു ഹോസ്റ്റല്‍ മുറി....

മേല്‍പറഞ്ഞ പോലുള്ള പലതും ഇവിടെയും സംഭവിക്കുന്നു. പിന്നെ, ആരും അതത്ര കാര്യമാക്കാന്‍ നില്‍ക്കാത്തതിനാല്‍ സംഭവം തുടര്‍ന്നു....

ഒരിക്കല്‍ സുരേഷിന്റെ ലേഹ്യത്തിന്റെ അളവ്‌ ദിവസം തോറും ഗണ്യമായി കുറയാന്‍ തുടങ്ങി.

'കളിച്ച്‌ കളിച്ച്‌ ലേഹ്യത്തിലും തൊട്ട്‌ തുടങ്ങിയോ? ഇത്‌ ശരിയാവില്ലല്ലോ....' രാജു പറഞ്ഞു.

'എന്നാ ശരി... ഇത്‌ നമുക്ക്‌ സെറ്റപ്പാക്കാം...' എന്ന് തീരുമാനവുമായി.

അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ ശങ്കരന്‍ വൈദ്യരെ കണ്ട്‌ വിവരങ്ങള്‍ പറഞ്ഞ്‌ മരുന്ന് റെഡിയാക്കി. വൈദ്യര്‍ കൊടുത്ത പൊടി രഹസ്യമായി ലേഹ്യത്തില്‍ ഇട്ടണ്ട്‌ ഇളക്കി.... അതും നല്ല സ്റ്റ്രോങ്ങായിട്ട്‌....

രാത്രി സമയം... എല്ലാവരും കാര്യമായ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുമ്പോള്‍ ബിനുവിന്‌ മാത്രം തിരക്കോട്‌ തിരക്ക്‌... ഇടക്കിടക്ക്‌ ടോയ്‌ലറ്റിലേക്ക്‌ ഓടുന്നു.... തിരിച്ചു വരുന്നു... വീണ്ടും വച്ചു പിടിക്കുന്നു....

'എന്തുപറ്റിയെടാ ബിനൂ...' രാജു വിളിച്ചു ചോദിച്ചു.

'ഹേയ്‌, ഇന്നത്തെ ഫുഡ്‌ ശരിയായില്ലെന്ന് തോന്നുന്നു....' ബിനുവിന്റെ മറുപടി.

ടോയ്‌ലറ്റിലേക്ക്‌ ഓടിയോടി ബിനു ക്ഷീണിച്ചു തുടങ്ങി..... ഓടലുമാത്രമല്ലല്ലോ... ഉള്ളില്‍ചെന്നാലും പണിയല്ലേ....

കുറച്ച്‌ കഴിഞ്ഞപ്പോള്‍ രാജു അല്‍പം ഉച്ചത്തില്‍ പറഞ്ഞു.

'ഈ എലിശല്ല്യം അവസാനിപ്പിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചെടാ... ഈ സുരേഷിന്റെ ലേഹ്യത്തില്‍ ഞാന്‍ എലിവിഷം കലര്‍ത്തിവച്ചിട്ടുണ്ട്‌... ഇനി അതെടുത്ത്‌ പുറത്ത്‌ വക്കാം...'

ഇത്‌ കേള്‍ക്കലും...

'അയ്യോ... ഞാനിപ്പോ ചാകുമേ... എന്നെ ആശുപത്രിയില്‍ കൊണ്ടുപോടാ ദുഷ്ടാ...' എന്ന് പറഞ്ഞുകൊണ്ട്‌ ബിനു അലമുറയിടലും ഒരുമിച്ച്‌.....

'ഓ.. ആളെക്കിട്ടിയല്ലോ... ഇനി ഒന്ന് തീ തീറ്റിച്ചിട്ട്‌ തന്നെ കാര്യം' രാജുവിന്റെ മനസ്സിലെ കുറ്റാന്വേഷകനും അഭിനേതാവും ഒരുമിച്ച്‌ ഉണര്‍ന്നു.

'അയ്യോ.. നീ എന്ത്‌ പണിയാ കാണിച്ചത്‌?... നല്ല സ്റ്റ്രോങ്ങ്‌ ആയിട്ടാണ്‌ കലര്‍ത്തിയത്‌... തട്ടിപ്പോകുമെന്ന് ഉറപ്പാ..... എടാ.. ഇവന്റെ വീട്ടിലറിയിക്കാനുള്ള പരിപാടി തുടങ്ങ്‌.... ഹോസ്പിറ്റലില്‍ കൊണ്ടുപോകാം..... എന്തായാലും പോസ്റ്റുമാര്‍ട്ടം ചെയ്യണമല്ലോ....'

'അയ്യോ.......... അയ്യോ.....' കരച്ചില്‍ നല്ല മൂര്‍ദ്ധന്ന്യത്തില്‍......

'എടാ... ഒന്ന് പതുക്കെ... ഞാന്‍ വെറുതെ പറഞ്ഞതാ... എലിവിഷം അല്ല... നോണ്‍സ്റ്റോപ്പ്‌ ആയി വയറ്റില്‍ നിന്ന് പോകാനുള്ള സംഭവമാണെന്നേയുള്ളൂ.... ആശുപത്രിയില്‍ കൊണ്ടുപോകാം..... പക്ഷെ അതിനു മുന്‍പ്‌ നീ ഉള്ള സത്യം പറയണം... . നീ തന്നെയാണോ ഇവിടത്തെ എല്ലാ ഐറ്റംസിന്റെയും കസ്റ്റമര്‍...?'

'സോറി ടാ... ഞാനിനി ചെയ്യില്ല രാജൂ... നീ വണ്ടി വിളിക്ക്‌... എന്നെ ആശുപത്രിയില്‍ കോണ്ടുപോ...'

എല്ലാ നഷ്ടങ്ങള്‍ക്കും കണക്കിട്ട്‌ അതിന്‌ നഷ്ടപരിഹാരം നല്‍കാം എന്ന് തീരുമാനമാക്കി.

എന്നിട്ട്‌ തയ്യാറാക്കി വച്ചിരുന്ന തൈര്‌ എടുത്ത്‌ കൊടുത്തു.

'ഇത്‌ അങ്ങ്‌ കാച്ച്‌... ചെറിയ ഒരു ശമനം കിട്ടും... എന്നിട്ട്‌ പോകാം ആശുപത്രിയില്‍....'

മിക്സിംഗ്‌ ഇത്തിരി കൂടിപ്പോയതിനാല്‍ ബിനുവിനെ ആ രാത്രിതന്നെ ആശുപത്രിയിലേക്ക്‌ എടുക്കേണ്ടിവന്നു.

6 Comments:

At 4:55 AM, Blogger സൂര്യോദയം said...

ഹോസ്റ്റലിലെ കട്ടുതീറ്റ അനുഭവിച്ചവര്‍ക്കും കണ്ടിട്ടുള്ളവര്‍ക്കും കേട്ടിട്ടുള്ളവര്‍ക്കും ഇതുവരെ ഹോസ്റ്റലില്‍ താമസിക്കാത്തവര്‍ക്കുമായി ഇത്‌ സമര്‍പ്പിക്കുന്നു.

 
At 9:42 AM, Blogger സു | Su said...

ഹി ഹി ഹി പാവം ബിനു. പിന്നെ ഇന്നേവരെ വേറെ ആള്‍ക്കാരുടെ പ്ലേറ്റില്‍പ്പോലും നോക്കിയിട്ടുണ്ടാവില്ല.

 
At 10:04 AM, Blogger ലിഡിയ said...

ഹഹഹ്ഹഹഹാ..

ഇങ്ങനെ എന്തുമാത്രം ഓര്‍മ്മകള്‍..പക്ഷേ ഞങ്ങള്‍ വലിയ സംഘടനാ ബോധം ഉള്ളവരായിരുന്നു..മോട്ടിചിരുന്നത് മൊത്തം കന്യാസ്ത്രീകളുടെ ഹോര്‍ലിക്സും ചിപ്സും ,മീന്‍ അച്ചാറും ഒക്കെ ആയിരുന്നു..

-പാര്‍വതി.

 
At 10:42 AM, Blogger Visala Manaskan said...

'അയ്യോ... ഞാനിപ്പോ ചാകുമേ... എന്നെ ആശുപത്രിയില്‍ കൊണ്ടുപോടാ ദുഷ്ടാ...‘

തകര്‍ത്തു കണ്ണാ തകര്‍ത്തു.

 
At 8:20 PM, Blogger ബിന്ദു said...

ഹോസ്റ്റലില്‍ ഇങ്ങനെ ഉള്ള കുഴപ്പങ്ങളും ഉണ്ടല്ലേ. :)കൊള്ളാം.

 
At 4:02 AM, Blogger paarppidam said...

കൊള്ളാം അറിയാതെ പഴയ ക്യാമ്പസ്‌ ജീവിതം ഓര്‍ത്തുപോയി.ഹോസ്പിറ്റല്‍ ചാര്‍ജ്ജും പിന്നെ ഹോട്ടല്‍ ചിലവും വാങ്ങിക്കാണും അല്ലെ?

 

Post a Comment

<< Home