സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, October 16, 2006

കുട്ടപ്പന്‍ എഫ്ഫക്റ്റ്‌

കുട്ടപ്പന്‍ എങ്ങനെ എവിടെനിന്ന് ഞങ്ങളുടെ നാട്ടില്‍ വന്നെത്തി എന്ന് അറിയില്ല. ഉയരം കുറഞ്ഞ്‌ തടിച്ച ശരീരം... പാറയില്‍ ചിരട്ട ഉരയ്ക്കുന്ന ശബ്ദം എന്നൊക്കെപ്പറയുന്നതിന്റെ ഒരു ജീവിക്കുന്ന സാമ്പിള്‍.... മാത്രമല്ല, 'ലോ വോള്യം' എന്നൊരു സംഗതി പുള്ളിക്കാരന്റെ സൗണ്ട്‌ മെക്കാനിസത്തിനില്ല.

കുറച്ചുനാള്‍ക്കകം ചേനത്തുനാട്ടുകാര്‍ക്ക്‌ ആള്‍ പരിചിതനായി. അല്‍പം ഭ്രാന്തുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം... പക്ഷെ, എപ്പോഴും പ്രശ്നമില്ല... ഇടയ്ക്കിടയ്ക്ക്‌ ഒന്ന് ഇളകും, അത്രമാത്രം... അല്ലാത്തപ്പോള്‍ ആള്‍ നാട്ടുകാര്‍ക്ക്‌ ഒരു സഹായിയാണ്‌... എന്തുപണിയും ഉത്സാഹത്തോടെ ചെയ്യുന്നതില്‍ മിടുക്കന്‍....

സീന്‍ ഒന്ന്
---------
അച്ഛന്‍ വീട്ടിലില്ലാത്ത സമയം നോക്കി വീട്ടില്‍നിന്നിറക്കി ഇറക്കത്ത്‌ കയറിയിരുന്ന് ഗിയറിലിട്ട്‌ സ്റ്റാര്‍ട്ട്‌ ചെയ്ത ലാമ്പി സ്കൂട്ടറില്‍ ഞാന്‍ ചാലക്കുടി നോര്‍ത്ത്‌ ജംഗ്ഷനിലൂടെ ചെത്തി വരുന്നു.
(എന്തിനാണ്‌ ഇറക്കത്ത്‌ കൊണ്ടുവച്ച്‌ കയറിയിരുന്ന് ഗിയറിലിട്ട്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത്‌ എന്നായിരിക്കും.... ഹും... ലാമ്പി സ്കൂട്ടര്‍ ഒന്ന് താങ്ങി നിര്‍ത്തുക എന്ന ടാസ്കിനുപുറമെ അത്‌ കിക്ക്‌ ചെയ്ത്‌ സ്റ്റാര്‍ട്ട്‌ ചെയ്യുക എന്ന കാര്യം കൂടി ചെയ്യണമെങ്കില്‍ അച്ഛനായിട്ടുതന്നെ ജനിക്കണം)

അങ്ങനെ ജംഗ്ഷനില്‍ എത്തിയപ്പോള്‍ അതാ ഒരു ആള്‍ക്കൂട്ടം.... സ്റ്റ്രീറ്റ്‌ സര്‍ക്കസ്‌ കാണാന്‍ നില്‍ക്കുന്ന തരത്തില്‍ ആളുകള്‍ അകന്ന് നില്‍ക്കുന്നു... നടുവില്‍ ആരുടെയോ പ്രകടനം നടക്കുന്നു....

'ഈ റോഡിന്റെ നടുക്കെന്താണാവോ പരിപാടി' എന്ന് അറിയാനുള്ള ജിജ്ഞാസമൂലം ഞാന്‍ വണ്ടി സൈഡാക്കി. എന്നിട്ട്‌ വണ്ടി ഓഫ്‌ ചെയ്യാതെ അവിടെ നിന്ന് എത്തി നോക്കി.

അതാ കുട്ടപ്പന്‍ കയ്യില്‍ ഒരു ശീമക്കൊന്ന വടിയുമായി നില്‍ക്കുന്നു. പുള്ളിക്കാരന്‍ ട്രാഫിക്‌ നിയന്ത്രണം ഏറ്റെടുത്തതായി എനിക്ക്‌ പെട്ടെന്ന് മനസ്സിലായി. വണ്ടികളെല്ലാം പുള്ളിക്കാരന്റെ സിഗ്നല്‍ അനുസരിച്ച്‌ വളരെ സ്മൂത്ത്‌ ആയി മാറിപ്പോകുന്നു. പെട്ടെന്ന് ഒരു ബൈക്കുകാരന്‍ കുട്ടപ്പന്റെ സിഗ്നല്‍ തെറ്റിച്ച്‌ നേരെ വരുന്നു. കുട്ടപ്പന്‍ കയ്യിലിരിക്കുന്ന വടി ഒന്നു ചുഴറ്റി വീശി.
'സിഗ്നല്‍ നോക്കി ഓടിക്കെടാ' എന്നൊരു അലര്‍ച്ചയും.

പുറംവഴി അടിവാങ്ങിയ ബൈക്കുകാരന്‍ അല്‍പം മുന്നോട്ടുപോയി ബ്രേക്ക്‌ ചെയ്ത്‌ നിര്‍ത്തി. ഉടനെ കുട്ടപ്പന്റെ വളരെ ലാഘവത്തോടെയുള്ള കമന്റ്‌..
'തിരിച്ചുവന്നാല്‍ ഒരെണ്ണം കൂടി തരാം...'

'എന്നാപ്പിന്നെ അതുകൂടി വാങ്ങിക്കളയാം..' എന്നു തോന്നാഞ്ഞതിനാല്‍ ബൈക്ക്‌ കാരന്‍ ഗിയര്‍ ഡൗണ്‍ ചെയ്ത്‌ റേസിന്‌ പോകുന്ന സ്റ്റെയിലില്‍ ഒറ്റ പോക്ക്‌...

എന്നാപ്പിന്നെ ഞാനായിട്ട്‌ സിഗ്നല്‍ തെറ്റിക്കേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ സ്കൂട്ടര്‍ തിരിച്ച്‌ സ്ഥലം കാലിയാക്കി.

സീന്‍ രണ്ട്‌
---------
ആശുപത്രിക്കവലയിലെ ആന്റപ്പന്‍ ചേട്ടന്റെ ചായക്കട. കുട്ടപ്പന്‍ ഇരുന്ന് ചായകുടിക്കുന്നു. അപ്പോഴാണ്‌ സ്വാമി ആ വഴി നടന്നു പോയത്‌. (സ്വാമി വിദ്യാസമ്പന്നനായ ഒരാളാണെന്നാണ്‌ ചെറുപ്പം മുതല്‍ എന്റെ അറിവ്‌... പഠിച്ച്‌ പഠിച്ച്‌ ഭ്രാന്തായതാണെന്ന് ജനസംസാരം... പുള്ളിക്കാരന്‍ ഒരു നിരുപദ്രവകാരി. എന്തെങ്കിലും വളരെ പതുങ്ങിയ ശബ്ദത്തില്‍ പിറുപിറുത്തുകൊണ്ട്‌ കൈകള്‍ കൊണ്ട്‌ പല ആംഗ്യങ്ങളും കാണിച്ച്‌ ആരുടെയും മുഖത്തുനോക്കാതെ നടന്നു പോകും)

കുട്ടപ്പന്‌ തൊട്ടടുത്തായി ആ നാട്ടുകാരനല്ലാത്ത ഒരാള്‍ ഇരുന്ന് ചായ കുടിയ്ക്കുന്നു. സ്വാമി നടന്നു പോകുന്ന കണ്ട്‌ അയാള്‍ തന്റെ അനുകമ്പ കുട്ടപ്പനോടായി മൊഴിഞ്ഞു.

'പാവം... എന്താ ചെയ്യാ മനസ്സിന്‌ സുഖമില്ലാതായാല്‍ അല്ലെ...???'

ചായഗ്ലാസ്സില്‍ നിന്ന് ശ്രദ്ധതിരിയ്ക്കാതെ കുട്ടപ്പന്റെ മറുപടി 'ഒറ്റ അടി അടിച്ചാല്‍ തെറിച്ചുപോകും..'

അന്തം വിട്ടിരിക്കുന്ന അയാളെ നോക്കി 'നീ ഇവിടെ ഇരി... ഇപ്പൊ വരാം...' എന്നു പറഞ്ഞ്‌ കുട്ടപ്പന്‍ പുറത്തേക്ക്‌ പോയി.

'ഇതെന്താ ഇയാളിങ്ങനെ??' ചായക്കടക്കാരന്‍ ആന്റപ്പന്‍ ചേട്ടനോട്‌ അയാളുടെ അമ്പരന്നുകൊണ്ടുള്ള ചോദ്യം...

'സുഹൃത്തേ... നേരത്തെ പോയത്‌ അരയാണെങ്കില്‍ ഇപ്പൊ പോയത്‌ ഫുള്ളാ.. ഫുള്‍ വട്ട്‌..'

തിരക്കുപിടിച്ച്‌ പകുതികുടിച്ച ചായയുടെ കാശും കൊടുത്ത്‌ അയാള്‍ സ്ഥലം വിട്ടു.

(കുട്ടപ്പന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എവിടെയോ പോയി... സ്വാമി 2 മാസം മുമ്പ്‌ പ്രായാധിക്യത്താല്‍ മരിച്ചു.)

17 Comments:

At 4:09 AM, Blogger സൂര്യോദയം said...

അല്‍പം മാനസിക സുഖക്കുറവുള്ള കുട്ടപ്പന്റെ ചില കൃത്യങ്ങള്‍...

 
At 4:20 AM, Blogger അളിയന്‍സ് said...

കുട്ടപ്പാ‍ാ‍ാ‍ാ.....

 
At 4:22 AM, Blogger ദില്‍ബാസുരന്‍ said...

കുട്ടപ്പന്‍ ആള് കോള്ളാമല്ലോ. പാവം...

 
At 4:41 AM, Blogger ശ്രീജിത്ത്‌ കെ said...

പാവം കുട്ടപ്പന്‍. അദ്ദേഹത്തെ ആരെങ്കിലും ചികിത്സിപ്പിച്ചിരുന്നെങ്കില്‍ :(

 
At 5:06 AM, Blogger പാര്‍വതി said...

കണ്ടിട്ടും കാണാതെ പോകുന്ന ഇങ്ങനെ എത്രയോ കഥാപാത്രങ്ങള്‍

സത്യത്തില്‍ എനിക്ക് വടക്കും നാഥന്‍ ഇഷ്ടപെട്ടു.കഥാപരമായി.

-പാര്‍വതി.

 
At 5:35 AM, Blogger സൂര്യോദയം said...

ആരോരുമില്ലെങ്കിലും ആ നാട്ടില്‍ വന്നതിനുശേഷം ഒരിക്കലും പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ടാവില്ല കുട്ടപ്പന്‌...

സ്വാമി ഒരു നല്ല നമ്പൂതിരി കുടുംബത്തിലെയായിരുന്നെങ്കിലും വേറേ ഒരു വീട്ടില്‍ ആയിരുന്നു താമസം. സ്വാമിയെ ഭക്ഷണം കൊടുത്ത്‌ നോക്കുന്നതിനായി ആ വീട്ടില്‍ വേറെ ഒരു സ്ത്രീയും അവരുടെ മക്കളുമാണ്‌ താമസിച്ചിരുന്നത്‌. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ പരീക്ഷ കഴിഞ്ഞ്‌ വരുമ്പോള്‍ സ്വാമിയെ വഴിയില്‍ കണ്ടാല്‍ കുട്ടികള്‍ 'ഞാന്‍ പരീക്ഷയ്ക്ക്‌ ജയിക്കുമോ?' എന്ന് ചോദിച്ചിരുന്നു (ഞാനടക്കം). സ്വാമി പറഞ്ഞാല്‍ ജയിക്കും എന്നായിരുന്നു വിശ്വാസം. പക്ഷെ, ഇതുവരെ ജയിക്കില്ല എന്ന് ആരോടും സ്വാമി പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടില്ല.

 
At 12:22 AM, Blogger വേണു venu said...

ഈ ട്രാഫിക് സിഗ്നല്‍ കാണിക്കുന്ന കുട്ടപ്പനും,പഠിച്ചു പഠിച്ചു വട്ടായെന്നു പറയുന്ന സ്വാമിയും എല്ലാനാട്ടിലുമുണ്ടല്ലോ.പാവം സ്വാമി.
സൂര്യോദയം വളരെ നന്നായവതരിപ്പിച്ചിരിക്കുന്നു.

 
At 12:10 AM, Blogger മുസാഫിര്‍ said...

കുട്ടപ്പന്‍ ചേട്ടനു ഒരു ഹോണററി ട്രാഫിക് പോലിസിന്റെ വേഷം കൊടുക്കേണ്ടതായിരുന്നു.ഞങ്ങളുടെ നാട്ടില്‍ തീറ്റ റപ്പായി ചേട്ടനെ ഹോട്ടല്‍ ഉത്ഘാടനത്തിനൊക്കെ ക്ഷണിക്കുന്ന പോലെ.
നന്നായിട്ടുണ്ടു കേട്ടൊ.

 
At 1:16 AM, Anonymous Nishad K S said...

Hai , I m sorry to post in English. But mozhi keymap is not with me now...
But ur blogs r interesting... where r u at chalakudy..i m also from chalakudy..let me kwn details my mail id is nishad.me@gmail.com

 
At 8:18 AM, Blogger സങ്കുചിത മനസ്കന്‍ said...

സണ്‍ റൈസേ,
ഒരിക്കല്‍ കുട്ടപ്പന്റെ ബ്രേക്ക് ഡാന്‍സ് അന്നറാണിയുടെ മുമ്പില്‍ വച്ച് കാണുവാന്‍ ഇടയായിട്ടുണ്ട്. ഈ കുട്ടപ്പനല്ലേ ആശുപത്രിയില്‍ പോസ്റ്റ് മോറ്ട്ടം അസിസ്റ്റ്ന്റ്?

മൈക്ക് ഇല്ലാതെ തന്നെ മൈക്കില്‍നിന്ന് വരുന്നതെന്ന് തോന്നിപ്പുക്കുമാറ്‌ പ്രസംഗം നടത്താന്‍ കഴിവുണ്ടായിരുന്നു പുള്ളിക്ക്....

 
At 11:52 AM, Blogger ഇടിവാള്‍ said...

എന്റെ നാട്ടിലും ഇതുപോലൊരു കഥാപാത്രമുണ്ടായിരുന്നു. പഠിച്ചു പഠിച്ചു ഭ്രാന്തായതാ.

വളരേ ധനികരായ ഒരു മഠത്തിലെയായിരുന്നു. എല്ലാം ക്ഷയിച്ച്‌, ഇപ്പോ, അമ്മയും മകനും മാത്രം. മകനാണു ഭ്രാന്ത്‌. എല്ലാ കാര്യങ്ങളും നോക്കി പുറകില്‍ അമ്മയും.

ചെക്കനു 35 വയസ്സുണ്ട്‌. ഇടക്കൊക്കെ, ഭ്രാന്തു മൂത്ത്‌ ആ പാവം സ്ത്രീയെ പൊതിരെ തല്ലും.

തൃശ്ശൂര്‍ ഭാഗത്തൊക്കെ കറങ്ങി നടാക്കാറുള്ള ഇവരെ ചിലരെങ്കിലും അറിയുമായിരിക്കും..

പേര്‍: അഞ്ചിമ്മ്യാര്‍ + മകന്‍ !

വായിച്ചപ്പോ അവരേ ഓര്‍ത്തു.
ഇടക്കൊക്കെ വീട്ടില്‍ വരാറുണ്ട്‌ ആയമ്മ. 15 വര്‍ഷം മുന്‍പുള്ള കാര്യമാ ഞാന്‍ പറയുന്നെ. ഇപ്പോ അവരു ജീവിച്ചിരിപ്പുണ്ടോയെന്നു പോലും അറീല്ല്യ.

സൂര്യാ; പോസ്റ്റ്‌ നന്നായിട്ടോ !

 
At 1:57 AM, Blogger സൂര്യോദയം said...

ദില്‍ബൂ, ശ്രീജിത്ത്‌, അളിയന്‍സ്‌, പാര്‍വ്വതി... എല്ലാവര്‍ക്കും നന്ദി..

വേണുജീ, ഇടിവാള്‍ജീ, മുസാഫിര്‍ജീ ... നന്ദി...

സങ്കുചിതാ... താങ്കള്‍ പറയുന്ന ആള്‍ തന്നെ.... അപ്പൊ അറിയാം അല്ലെ... :-)

നിഷാദെ... എന്റെ ബ്ലോഗുകള്‍ വായിച്ചാല്‍ എന്റെ സ്ഥലത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകിട്ടും ;-)
sooryodayam@hotmail.com

 
At 2:47 AM, Blogger മുരളി വാളൂര്‍ said...

സൂര്യാ, കുട്ടപ്പന്‍ പോസ്റ്റാണേ... നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചാലക്കുടിക്കഥകള്‍ കേള്‍ക്കാന്‍ ആളുണ്ടേ.... ഹാജരുണ്ടേ...

 
At 4:51 AM, Blogger സൂര്യോദയം said...

ഹാജര്‍ വരവു വച്ചിരിക്കുന്നു... നന്ദി മുരളീ...

 
At 6:29 AM, Blogger Raj said...

Dey, Aaalu ippozhum avide undo?...I hope you remember he also did a prasangam infront of Police station against the Paalice faarce..

 
At 4:41 PM, Anonymous Anonymous said...

puthiya kathakalonnum elle chetta?!!!! - Che

 
At 8:35 PM, Anonymous Anonymous said...

Chetttooooooooooo !!! evidokkeyundoooo??? otho thattippoyoooo?!! Onnum kelkanillalloo.... /Che

 

Post a Comment

<< Home