സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, December 12, 2006

സൂര്യാസ്തമയന്റെ ലീലകള്‍ (ഭാഗം രണ്ട്‌)

ചേട്ടനും ചേച്ചിയും ട്യൂഷന്‌ പോയിരുന്നു എന്ന ഒറ്റക്കാരണത്താല്‍ വല്ല്യ പ്രതീക്ഷയൊന്നുമില്ലെങ്കിലും സൂര്യാസ്തമയനും മാത്തമാറ്റിക്സ്‌ ട്യൂഷന്‌ ചേരാന്‍ നിര്‍ബദ്ധിതനായി.

ആ ഭാഗത്തെ പ്രസിദ്ധമായ ട്യൂഷന്‍ ഹൗസ്‌... സൂര്യോദയത്തെപ്പോലും മാത്തമാറ്റിക്സിന്‌ തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങാന്‍ സഹായിച്ചിട്ടുള്ള സ്ഥലം... സൂര്യാസ്തമയന്റെ ചേച്ചിയും പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴാണ്‌ അമ്മ സൂര്യാസ്തമയനെ അവിടെ കൊണ്ട്‌ ചേര്‍ത്തത്‌.

കുറേ നാള്‍ കഴിഞ്ഞ്‌ ഒരു ദിവസം സൂര്യാസ്തമയന്റെ ചേച്ചി ട്യൂഷന്‍ ടീച്ചറെ വെറുതെ ഒന്ന് സന്ദര്‍ശിക്കാന്‍ അവിടെ കയറി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ ടീച്ചറുടെ ഒരു ചോദ്യം..

'സൂര്യാസ്തമയനെ ഒന്ന് രണ്ട്‌ മാസമായി കാണുന്നില്ലല്ലോ... എന്തേ ട്യൂഷന്‍ നിര്‍ത്തിയത്‌???'

'ഹേയ്‌.. അവന്‍ ട്യൂഷന്‌ ദിവസവും വരുന്നുണ്ടല്ലോ...' ചേച്ചിയുടെ പരിഭ്രമത്തോടെയുള്ള ഉത്തരം.

'വരുന്നില്ല എന്ന് മാത്രമല്ല അവസാനം വന്ന മാസത്തെ ഫീസും തന്നിട്ടില്ല...' ടീച്ചര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

'ഇവനിന്ന് രണ്ട്‌ കൊടുപ്പിച്ചിട്ട്‌ തന്നെ കാര്യം' എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട്‌ സൂര്യാസ്തമയന്റെ ചേച്ചി അവിടെ നിന്ന് വീട്ടിലേക്ക്‌ വച്ചുപിടിച്ചു.

ചേച്ചി ട്യൂഷന്‍ സെന്ററിലേക്ക്‌ പോയിട്ടുണ്ടെന്ന് ഇന്റലിജന്‍സ്‌ ന്യൂസ്‌ ലഭിച്ച അസ്തമയന്‍ പാഞ്ഞെത്തിയപ്പോഴെക്ക്‌ ചേച്ചി അതാ വീടിന്നടുത്തെ വളവ്‌ തിരിഞ്ഞ്‌ കഴിഞ്ഞിരുന്നു.

'അല്‍പം കൂടി മുന്‍പായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ബ്ലോക്ക്‌ ചെയ്യാമായിരുന്നു... എന്നാലും നോക്കാം...' സൂര്യാസ്തമയന്റെ മനോഗതം (ജെയിംസ്‌ ബോണ്ടിന്റെ ചിന്താഗതിയാണേ... നല്ല കോണ്‍ഫിഡന്‍സ്‌)

അമ്മയും സൂര്യോദയവും വീടിന്റെ പടിക്കല്‍ നിന്ന് നോക്കുമ്പോള്‍ അതാ അസ്തമയന്‍ അവന്റെ ചേച്ചിയുടെ മുന്നിലും പിന്നിലും മാറിമാറി ഓടി നടന്നുകൊണ്ട്‌ എന്തൊക്കെയോ പറയുന്നു... വഴിയോരങ്ങളിലും മറ്റും കാണുന്ന പോലുള്ള ശക്തമായ മാര്‍ക്കറ്റിംഗ്‌...എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച്‌ അസ്തമയന്റെ ചേച്ചി വീടെത്തുന്നതിനുമുന്‍പ്‌ തന്നെ സംഗതി വിളിച്ചുപറഞ്ഞു... വീടെത്താനുള്ള ക്ഷമപോലും ഇല്ല... അത്ര സീരിയസ്‌ അല്ലെ വിഷയം, മാത്രമല്ല രണ്ടെണ്ണം അവന്‌ കിട്ടുന്നത്‌ കാണാന്‍ എത്ര നാളായി ഇരുപ്പ്‌ തുടങ്ങിയിട്ട്‌....

ഞാന്‍ അസ്തമയനെ ഒന്ന് ആദരവോടെ നോക്കി അവന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു.

കുറേ ലാളനകളും ചോദ്യം ചെയ്യലും (ഭേദ്യം അമ്മ നടത്താറില്ല... അല്ല, നടത്താന്‍ സമ്മതിക്കാറില്ല....) കഴിഞ്ഞ്‌ പതിവുപോലെ കേസ്‌ മേല്‍ക്കോടതിയുടെ പരിഗണനയ്ക്ക്‌ വിടാന്‍ തീരുമാനമായി.

പിതാശ്രീയുടെ ചോദ്യം ചെയ്യലില്‍ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു.

ട്യൂഷന്‍ ക്ലാസ്സില്‍ കൊടുക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്തുവിട്ട കാശ്‌ സൂര്യാസ്തമയന്‍ ഒരു സുഹൃത്തിനോടൊപ്പം ഒരു ബേക്കറിയില്‍ ഇന്‍ വസ്റ്റ്‌ ചെയ്ത്‌ ദിവസവും അവിടെ നിന്ന് വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ടെസ്റ്റ്‌ ചെയ്ത്‌ പോന്നു. ഫീസ്‌ കൊടുക്കാതെ ട്യൂഷന്‍ ക്ലാസ്സില്‍ പോകാന്‍ പറ്റില്ലല്ലോ... അതുകൊണ്ട്‌ മാത്രം ട്യൂഷന്‌ പോയില്ല, അല്ലാതെ ട്യൂഷന്‌ പോകാന്‍ താല്‍പര്യമില്ലാതെയല്ല എന്നും വ്യക്തമായി.

പണ്ടൊക്കെ ശിക്ഷാനടപടികളില്‍ നിന്ന് ഓടി രക്ഷപ്പെടുമായിരുന്നതുകൊണ്ട്‌ പിതാശ്രീ എല്ലാ പഴുതുകളും അടച്ചാണ്‌ ചോദ്യം ചെയ്യല്‍ നടത്തിയിരുന്നത്‌ (ഓടാന്‍ ഗ്യാപ്‌ കൊടുക്കാറില്ല എന്നര്‍ത്ഥം)

ചൂരല്‍ തുടയില്‍ വീഴുന്ന ശബ്ദവും അസ്തമയന്റെ നിലവിളിയും പ്രതീക്ഷിച്ച്‌ ചെവിപൊത്തി നിന്ന ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്‌ അച്ഛന്‍ സൂര്യാസ്തമയനെ വെറുതെ വിട്ട്‌ സ്കൂട്ടര്‍ എടുത്ത്‌ പുറത്തുപോയി.

തിരികെ വന്ന അച്ഛന്‍ ബേക്കറിയില്‍ നിന്ന് മിക്കവാറും എല്ലാ ഐറ്റംസും വാങ്ങി കൊണ്ടുവന്ന് സൂര്യാസ്തമയന്റെ മുന്നില്‍ സമര്‍പ്പിച്ചു.

സൂര്യാസ്തമയന്റെ മുഖത്തെ വികാരം കുറ്റബോധമാണോ അതോ 'ഇത്‌ പണ്ടേ ചെയ്യേണ്ടിയിരുന്നില്ലേ അച്ഛാ.. എന്റെ ട്യൂഷന്‍ വെറുതേ മുടക്കിയില്ലേ...' എന്നതോ ആയിരുന്നോ എന്ന് നോക്കാന്‍ എനിക്ക്‌ ടൈം കിട്ടിയില്ല.

അങ്ങനെ സൂര്യാസ്തമയന്‍ വഴി കുറച്ചു നാളത്തേക്ക്‌ ഒരു ബേക്കറി സെറ്റപ്പില്‍ ജീവിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിച്ചു.

(തുടരും...)

5 Comments:

At 4:14 AM, Blogger സൂര്യോദയം said...

സൂര്യാസ്തമയന്റെ ലീലകള്‍ രണ്ടാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു.

"അങ്ങനെ സൂര്യാസ്തമയന്‍ വഴി കുറച്ചു നാളത്തേക്ക്‌ ഒരു ബേക്കറി സെറ്റപ്പില്‍ ജീവിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിച്ചു."

 
At 7:18 AM, Blogger സു | Su said...

പാവം അച്ഛന്‍.

സൂര്യാസ്തമയന്‍, പിന്നെ ട്യൂഷനു പോയോ?

:)

 
At 12:20 AM, Blogger സൂര്യോദയം said...

സു ചേച്ചീ..സൂര്യസ്തമയനെ വീണ്ടും ട്യൂഷന്‌ വിട്ടു. മുന്‍പേ തന്നെ അവന്റെ വീരസാഹസങ്ങളെക്കുറിച്ച്‌ അറിവുണ്ടായിരുന്നതിനാല്‍ ടീച്ചര്‍ക്ക്‌ വല്ല്യ ബുദ്ധിമുട്ടുണ്ടായില്ല.

 
At 5:46 AM, Anonymous Anonymous said...

ഈ സൂര്യാസ്തമയന്‍ ആള്‍ കൊള്ളാമല്ലോ. സൂര്യാസ്തമയന്‍ ഈ ബ്ലോഗ് വാ‍യിക്കാന്‍ എത്ര പേര്‍സെന്റ് സാധ്യത ഉണ്ട്? എനിക്കും ഒരു സൂര്യാസ്തമയന്‍ ഉണ്ട്. ആശാനും ഇതേ പരിപാടി ഒപ്പിച്ചിട്ടുന്ട്. റിപോര്‍ട് ചെയ്തിട്ടും ഇതേ പോലെ action ഒന്നും ഉന്ടായില്ലാ. ഭാഗ്യത്തിനു അവന്ടെ കൈയില്‍ നിന്നും ഇടി കൊള്ളാതെ രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. സൂര്യോദയാ നീയും സൂക്ഷിച്ചും കന്ടും നടന്നാല്‍ മതി. അനുഭവം ഗുരു.

 
At 10:19 PM, Blogger G.MANU said...

സൂര്യനും അസ്തമയവും പുതിയ ഉദയങ്ങള്‍ ഉണ്ടാക്കുന്നു.... നന്നായി


brijviharam.blogspot.com

 

Post a Comment

<< Home