സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, November 03, 2006

കോപ്പിയടി കല = കറുത്ത കല

കോപ്പിയടി കലയാണെന്ന് സമര്‍ത്ഥിക്കാന്‍ ഞാന്‍ പാടുപെട്ട്‌ ഒരു പോസ്റ്റിലൂടെ ശ്രമിച്ചിരുന്നു. ഇത്തവണ എന്റെ ശ്രമം കോപ്പിയടിക്കാന്‍ സഹായിച്ചാല്‍ അത്‌ നമ്മുടെ റിസല്‍ട്ടില്‍ ഒരു 'കറുത്ത കല' (Black mark ... അതു തന്നെ) വീഴ്ത്തും എന്ന് പറയാനാണ്‌.

ഡിഗ്രി ഫൈനല്‍ പ്രാക്റ്റിക്കല്‍ പരീക്ഷ... മുന്‍പത്തെ 'കെമിസ്റ്റ്രി ലാബ്‌' എന്ന പോസ്റ്റില്‍ പറഞ്ഞ അതേ ലാബ്‌... അതേ പരീക്ഷ.....

എന്റെ അടുത്ത്‌ നില്‍ക്കുന്ന ശ്രേഷ്ഠ ദേഹത്തിന്റെ പേര്‌ അനീഷ്‌... അവനെ ഒന്ന് പുകഴ്ത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു... വിവരക്കുറവിന്‌ ഒരു കുറവുമില്ലാത്ത പുള്ളി.... അല്ല... വിവരം എന്നുവച്ചാല്‍ ഈ സബ്ജറ്റിലുള്ള വിവരമല്ല ഉദ്ദേശിച്ചത്‌.. അതുപിന്നെ എനിക്കും ഇല്ലാത്തതിനാല്‍ മറ്റുള്ളവരെ കുറ്റം പറയാമോ.... ഞാനുദ്ദേശിച്ചത്‌, പൊതുവേ ഒരു മന്ദിപ്പ്‌.... പ്രാക്റ്റിക്കല്‍ ലാബില്‍ അവന്‍ എന്നും എനിക്കൊരു ബാധയായിരുന്നു. എന്റെ പേരും അവന്റെ പേരും അക്ഷരമാലാക്രമത്തില്‍ അടുത്തടുത്താണ്‌ എന്നതാണ്‌ അവനെ ഡിഗ്രികാലഘട്ടം മുഴുവന്‍ ലാബുകളിലും പരീക്ഷകളിലും അടുത്ത്‌ കിട്ടി അനുഭവിക്കാന്‍ എനിക്ക്‌ യോഗമുണ്ടായത്‌.

ഓ... അവനെ പേടിതോന്നാനുള്ള കാരണം പറഞ്ഞില്ലല്ലോ അല്ലെ.... ലാബില്‍ എന്റെ പിന്നിലെ ടേബിളിലാണ്‌ അവന്റെ സ്ഥാനം. ബാക്കിയുള്ളവര്‍ പുസ്തകത്തില്‍ അച്ചടിച്ച്‌ വച്ചത്‌ അതെ പടി ചെയ്ത്‌ നോക്കിയിട്ട്‌ തന്നെ നേരെയാവാതെ കഷ്ടപ്പെടുമ്പോള്‍ അവന്‍ അവിടെ നിന്ന് കൈയ്യില്‍ കിട്ടുന്ന രാസവസ്തുക്കളെ പലപല ആസിഡുകളില്‍ പല പല കോമ്പിനേഷനുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കും.... എന്തോ പരീക്ഷിച്ചോട്ടെ... പക്ഷെ, അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത്‌ ഞാനും...

പലപ്പോഴും അവന്റെ ടെസ്റ്റ്‌ ട്യൂബില്‍ നിന്നും റോക്കറ്റ്‌ പോലെ പല ഐറ്റംസും എന്റെ ശരീരഭാഗങ്ങളെ ജസ്റ്റ്‌ മിസ്സ്‌ ചെയ്ത്‌ കടന്നുപോകുന്ന കണ്ട്‌ ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തില്‍ അവനിട്ട്‌ രണ്ട്‌ തെറിവിളിച്ച്‌ 'എന്നെ കൊലയ്ക്ക്‌ കൊടുക്കല്ലെടാ ദുഷ്ടാ..' എന്നഭ്യര്‍ത്ഥിച്ച്‌ ഞാനെന്റെ ശിഷ്ട ബിരുദകാലം കഴിച്ചുകൂട്ടി.

അങ്ങനെ പ്രക്റ്റിക്കല്‍ ലാബ്‌ പരീക്ഷ.....

മറ്റ്‌ ഭൂരിപക്ഷം പരീക്ഷാര്‍ത്ഥികളെപ്പോലെ ഞാനും എന്റെ കല ഉപയോഗിച്ച്‌ എല്ലാ സ്റ്റെപ്പുകളും അച്ചടിച്ച കടലാസില്‍ നിന്ന് ഉത്തരക്കടലാസിലേക്ക്‌ പകര്‍ത്തി എഴുതി അതെല്ലാം ടെസ്റ്റ്‌ ചെയ്ത്‌ അങ്ങനെ ഫുള്‍ കോണ്‍ഫിഡന്‍സില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. (മൂന്ന് ദിവസമാണ്‌ പ്രക്റ്റിക്കല്‍)

രണ്ടാം ദിവസം അവസാനിക്കാറായപ്പൊഴെക്ക്‌ എന്റെ ടെസ്റ്റുകളെല്ലാം തീരാറായി.... എഹെഡ്‌ ഓഫ്‌ ഷെഡ്യൂള്‍... (ഞാന്‍ ആളൊരു കേമനാണെ...) ഇനി ബാക്കികൂടി ചെയ്താല്‍ നാളെ ചെയ്യാന്‍ ഒന്നുമില്ലാതാവുമല്ലോ എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ റിലാക്സ്ഡ്‌ ആയി അങ്ങനെ നില്‍ക്കുമ്പോള്‍ അതാ അനീഷ്‌ നിന്ന് വെപ്രാളപ്പെടുന്നു.

ഒരാവശ്യവുമില്ലെങ്കിലും 'ഒരു വയ്യാവേലി തലയില്‍ കയറിക്കോട്ടെ' എന്ന് എന്റെ മനസ്സിന്‌ എന്റെ സമ്മതമില്ലാതെ തോന്നിയതിനാലാവണം, ഞാന്‍ ചോദിച്ചു

'എന്തേ... ചെയ്ത്‌ തീര്‍ന്നില്ലേ...???'

'ഇല്ലെന്നേ... ആ ചെയ്യേണ്ട സ്റ്റെപ്പുകളെല്ലാം ബുക്കില്‍ നിന്ന് നോക്കി പേപ്പറിലേക്ക്‌ എഴുതാന്‍ പറ്റിയില്ല... അതൊന്ന് എഴുതി തരാമോ?' അവന്റെ ദയനീയമായ ആവശ്യം.
ഏത്‌ എക്സ്‌ പിരിമന്റ്‌ ആണ്‌ എന്ന് മനസ്സിലായാലല്ലെ ബുക്കില്‍ നിന്ന് പകര്‍ത്താന്‍ പറ്റൂ.... ലവനുണ്ടോ അത്‌ വല്ലോം അറിയുന്നു... എന്തായാലും, ഞാന്‍ വെറുതെ നില്‍ക്കുകയാണല്ലോ... എഴുതികൊടുത്തുകളയാം എന്ന് വിചാരിച്ചു.

ഒരു ഫില്‍ട്ടര്‍ പേപ്പര്‍ (ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പേപ്പര്‍) എടുത്ത്‌ സ്റ്റെപ്പുകളെല്ലാം അക്കമിട്ട്‌ അങ്ങ്‌ എഴുതിയിട്ട്‌ ആ പേപ്പര്‍ അവന്‌ കൊടുത്തു. എന്നിട്ട്‌, ഞാന്‍ അന്നത്തെ അഭ്യാസം മതിയാക്കി നേരത്തെ ലാബില്‍ നിന്ന് ഇറങ്ങി.

അന്നത്തെ ലാബ്‌ കഴിഞ്ഞ്‌ എന്റെ മറ്റ്‌ സുഹൃത്തുക്കള്‍ വന്നപ്പോള്‍ ഒരു സന്തോഷവര്‍ത്തമാനം അറിഞ്ഞു.

'അനീഷിന്റെ കയ്യില്‍ നിന്ന് കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഫില്‍ട്ടര്‍ പേപ്പര്‍ പരീക്ഷാ നിരീക്ഷകന്‍ പിടിച്ചെടുത്തു... അവനെ ഒന്നും പറഞ്ഞില്ല... പക്ഷെ, അത്‌ ആരുടെ കൈയ്യക്ഷരമാണെന്നറിയാന്‍ ഉത്തരക്കടലാസുകള്‍ അത്‌ വച്ച്‌ വെരിഫൈ ചെയ്തുകൊണ്ടിരിക്കുന്നു.'

'എന്റെ കോപ്പിയടിക്കാവിലമ്മേ... കാത്തോളണേ..' എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ വേറൊന്നിനും ശേഷിയില്ലാതെ ഞാന്‍ തളര്‍ന്നിരുന്നു. ഒടുവില്‍ 'ഒരാളെ സഹായിക്കയല്ലെ ചെയ്തുള്ളൂ... കുഴപ്പമുണ്ടാവില്ല' എന്ന് സ്വയം ആശ്വസിച്ചു.

പ്രാക്റ്റിക്കല്‍ ലാബ്‌ മൂന്നാം ദിവസം ....

ഉച്ചയായപ്പോഴെക്ക്‌ എന്റെ കമ്പ്ലീറ്റ്‌ ചെയ്ത്‌ തീര്‍ന്നു. 'നീ ഇനി എന്റെ ഭാഗത്തേക്ക്‌ നോക്കിപ്പോകരുത്‌...' എന്ന് അനീഷിനോട്‌ ഭീഷണി മുഴക്കി ഞാന്‍ ഇങ്ങനെ മേശപ്പുറമൊക്കെ വൃത്തിയാക്കി നില്‍ക്കുന്നു.

പരീക്ഷാനിരീക്ഷകനായ സാറ്‌ പതുക്കെ ഉലാത്താനിറങ്ങിയ കൂട്ടത്തില്‍ എന്റെ ഭാഗത്തേക്ക്‌ വന്നു. എന്നിട്ട്‌ കുശലം ചോദിക്കുന്നപോലെ ചിരിച്ചുകൊണ്ട്‌...'എല്ലാം തീര്‍ന്നു അല്ലെ...' എന്നൊരു ചോദ്യം.

'ങാ... തീര്‍ന്നു... ' എന്ന് ഒരു മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു.

'നേരത്തേ തീര്‍ന്നാല്‍ മറ്റുള്ളവരെ സഹായിക്കും അല്ലെ...' തന്റെ മുഖത്തെ ചിരിയില്‍ ഒരു മാറ്റവും വരുത്താതെ സാറിന്റെ അടുത്ത ചോദ്യം.

ഇത്തവണ എന്റെ മുഖത്തെ മന്ദഹാസം മാറി... അതൊരുതരം വളിഞ്ഞ ചിരിയായി രൂപാന്തരപ്പെട്ടു... ആകെ ഒരു എരിപൊരി...ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല... കീഴടങ്ങുകയാണ്‌ ബുദ്ധി...

'സോറി സാര്‍...' ഞാന്‍ ദയനീയമായി മൊഴിഞ്ഞു.

'ങാ... ഇറ്റ്‌ സ്‌ ഓകെ..' എന്നുപറഞ്ഞ്‌ സാറ്‌ അതേ ലാഘവത്തോടെ പോകുകയും ചെയ്തു.

'ഹോ... കുഴപ്പമില്ല എന്ന് തോന്നുന്നു... നല്ലോരു സാറ്‌' എന്നൊക്കെ കൂട്ടുകാരോടൊക്കെ പറഞ്ഞ്‌ സന്തോഷത്തോടെ വീട്ടില്‍ പോയി.

മാസങ്ങള്‍ക്ക്‌ ശേഷം റിസല്‍ട്ട്‌ വന്നു....എന്നെക്കാള്‍ മണ്ടേശ്വരന്മാരായവര്‍ക്കും അണ്ടനും അടകോടനും ഒക്കെ 90% ന്‌ മുകളില്‍ മാര്‍ക്ക്‌.... എനിക്ക്‌ മാത്രം 80% ന്‌ അല്‍പം മുകളില്‍....അങ്ങനെ കോപ്പിയടി എന്ന കല ഒരു കറുത്ത കലയായി എന്റെ മാര്‍ക്ക്‌ ലിസ്റ്റിനെ സ്വാധീനിച്ചു.

6 Comments:

At 11:19 PM, Blogger സൂര്യോദയം said...

ശ്രീജിത്തിന്റെ പരീക്ഷാ മണ്ടത്തരം വായിച്ചപ്പോഴാണ്‌ കോപ്പിയടി മേഖലയില്‍ എനിക്കുള്ള വിജ്നാനവും അതുകൊണ്ടുണ്ടായ ഒരു കോട്ടവും വിവരിക്കാം എന്ന് വിചാരിച്ചത്‌...

 
At 2:53 AM, Blogger indiaheritage said...

സംഭവം കോപ്പിയടി അല്ലെങ്കിലും ഏകദേശം മേല്‍പ്പറഞ്ഞവയോട്‌ താരതമ്യപ്പെടുത്താവുന്ന ഒരനുഭവം ഞാന്‍ മുമ്പു പോസ്റ്റ്‌ ചെയ്തിരുന്നു ഇങ്ങനെ

ഇടിവാളിണ്റ്റെ കഥ മനസ്സിനെ കുറെ പിന്നിലേക്കു കൊണ്ടുപോയി. അതുകൊണ്ട്‌ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. പ്രേമമല്ല കേട്ടോ. പക്ഷെ ഒരു സാധു ലാബ്‌ അറ്റെന്‍ഡണ്റ്റ്നെ പറ്റി ഇപ്പോഴെങ്കിലും പറയാതിരിക്കുന്നത്‌ ദൈവത്തിനു നിരക്കുകയില്ല എന്നു തോന്നുന്നതുകൊണ്ട്‌ അതിവിടെ കുറിക്കട്ടെ.

ഫാര്‍മക്കോളജി പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ദിവസം. എല്ലാവരും ലാബില്‍ ഹാജരായി. ഉണ്ടാക്കേണ്ട വസ്തുവിണ്റ്റെ വിവരമടങ്ങുന്ന കടലാസ്‌ കിട്ടി. ആഹാ സന്തോഷം. നന്നായറിയാം. ചെയ്യേണ്ട ക്രമമെല്ലാം എഴുതി സബ്മിറ്റ്‌ ചെയ്തു. റിയേജണ്റ്റ്‌ പൊതികള്‍ കയ്യിലെത്തി. നന്നായറിയാവുന്നതുകൊണ്ട്‌ പെട്ടെന്നു ചെയ്തു തീര്‍ക്കാമെന്നുള്ള സന്തോഷത്താല്‍ വേഗം വേഗം പണി തുടങ്ങി. മിക്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഏകദേശം നല്ല ഡൈല്യൂട്ടായ ഓറഞ്ചു നീരിണ്റ്റെ നിറം വേണ്ട സാധനം ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.

ഞാന്‍ വിഷമിച്ചു പോയി. ഇതെന്താണു പറ്റിയത്‌? നേറെ മുമ്പില്‍ റാക്കിലേക്കു നോക്കി. ഉപയോഗിച്ച കെമിക്കത്സ്‌ ഒക്കെ ശരിയല്ലേ?--ദൈവമേ സോഡിയം ബൈകാര്‍ബണേറ്റുപയോഗിക്കേണ്ടയിടത്തിരിക്കുന്ന കുപ്പി കാത്സിയം കര്‍ബണേറ്റിണ്റ്റെത്‌. ഇനി എന്താ രക്ഷ . പരീക്ഷ ഒന്നു കൂടി എഴുതേണ്ടി വരുമല്ലൊ, എന്നു വിഷമിച്ചു നിന്നപ്പോള്‍ കേള്‍ക്കാം, അടുത്ത ടേബിളിലെ റാക്കില്‍ കെമിക്കത്സില്ല അതുകൊണ്ട്‌ എണ്റ്റെ റാക്കില്‍ നിന്നും കൊടുക്കാന്‍. ഞാന്‍ ചിലപ്ളാനുകളൊക്കെ കണക്കു കൂട്ടി. എണ്റ്റെ റാക്കില്‍ നിന്നും ശരിയായ കെമിക്കത്സെല്ലാം കൊടുത്തു. അറ്റെന്‍ഡര്‍ അതെല്ലാം എടുത്ത്‌ അവിടെ എത്തിക്കുകയും ചെയ്തു.

വീണ്ടും ഞാന്‍ അതു പലപ്രാവശ്യം ഇളക്കിയും കുലുക്കിയും ഒക്കെ നിറം ശരിയാക്കാന്‍ ശ്രമിച്ചു കോണ്ടിരുന്നു. എവിടെ ശരിയാവാന്‍ തനി ചുണ്ണാമ്പല്ലെ അകത്തു കിടക്കുന്നത്‌. കുപ്പിയുടെ ലേബല്‍ നോക്കാതെ ഉപയോഗിച്ചതിന്‌ എന്നെ തന്നെ പഴിച്ചു കൊണ്ട്‌ ഞാന്‍ എക്സാമിനര്‍ വരുന്നതും പ്രതീക്ഷിച്ചു നില്‍പാണ്‌. അപ്പോഴാണു കണ്ടത്‌ എനിക്കു കിട്ടിയ മോര്‍ട്ടാറിണ്റ്റെ അടിയില്‍ നീളത്തില്‍ ഒരു പൊട്ടലുണ്ട്‌ ഒരു വെഡ്ജു പോലെ വിടവും- ഞാന്‍ തീരുമാനിച്ചു രക്ഷപെടണമെങ്കില്‍ ഈ ഒരു വഴിയേ ഉള്ളു ഒരു കള്ളം പറയുക.

അങ്ങനെ പരീക്ഷകരെത്തി.

"ഇതെന്താഡോ താന്‍ ചുണ്ണാമ്പു കലക്കി വച്ചിരിക്കുന്നത്‌?"

ഞാന്‍ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നോക്കി, അല്ലാതെന്തു ചെയ്യാന്‍. അടുത്ത ചോദ്യം "------‌ മിക്സ്ചര്‍ ഇങ്ങനെയാണോ ഇരിക്കുന്നത്‌?"
ഞാന്‍ "അല്ല"
പരീക്ഷകന്‍ " തണ്റ്റെ procedure എവിടെ കാണട്ടെ"
അതു കാണിച്ചു.
പരീക്ഷകന്‍ " ഉപയോഗിച്ച കെമിക്കത്സെല്ലാം എടുക്കൂ"

അതു അടുത്ത ടേബിളില്‍ കൊടുത്ത കാര്യം അറ്റെന്‍ഡര്‍ സാക്ഷ്യപ്പെടുത്തി. "അയാളുടെ പ്രിപ്പറേഷന്‍ കാണട്ടെ"

ആഹാ അതിനെന്തു കുഴപ്പം എല്ലാം ശരിയല്ലേ അവിടെ.

പരീക്ഷകന്‍ പിന്നെയും എണ്റ്റെ നേരെ തിരിഞ്ഞു. "പിന്നെ തണ്റ്റെ പ്രിപ്പറേഷനെങ്ങിനേ പിഴച്ചു. "
അപ്പോള്‍ നമ്മുടെ പ്രൊഫസറുടെ വക ഒരു നല്ല കമണ്റ്റും-" പഠിപ്പിക്കുന്ന നേരത്ത്‌ വല്ലയിടത്തും വായില്‍ നോക്കിയിരിക്കും എന്നിട്ടു വന്നു വല്ല ചുണ്ണാമ്പും ഒക്കെ കലക്കി--"

ഇത്രയുമായപ്പോഴേക്കും എനിക്കു മനസ്സിലായി ഇനി രക്ഷയില്ല എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ പോക്ക്‌. സകല ദൈവങ്ങളേയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ നാജ്‌ ആദ്യം മനസ്സിലുദ്ദേശിച്ചകാര്യം അങ്ങു വിളമ്പി-

" Sir എനിക്കു കിട്ടിയ ഈ മോര്‍ട്ടാറിണ്റ്റെ അടിയില്‍ ഒരു പൊട്ടലുണ്ട്‌. ഇനി ഒരു പക്ഷെ അതില്‍ മുമ്പുണ്ടായിരുന്ന എന്തെങ്കിലും കെമിക്കത്സുണ്ടായിരുന്നായിരിക്കും, അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്‌ "

പ്രൊഫസ്സര്‍ അറ്റെന്‍ഡറെ ഒരു നോട്ടം-
അറ്റെന്‍ഡര്‍ വിറച്ചു വിയര്‍ത്തു കൊണ്ട്‌ പെട്ടെന്നു പറഞ്ഞു -- " സാര്‍ ഞാനതെല്ലാം നല്ല പോലെ കഴുകിയതാണ്‌"

ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഒരു നാലു ഡോസ്‌ ഫയറിംഗ്‌ കൊടുത്തിട്ട്‌ പ്രൊഫസ്സര്‍ പറഞ്ഞു " give him a fresh set of reagents എന്നിട്ട്‌ എന്നോടും "ശരി ഒന്നു കൂടി വേഗം പ്രിപയര്‍ ചെയ്യ്‌".

രണ്ടാമത്തേത്‌ ശരിയായി എന്നു പ്രത്യേകം പറയേണ്ടല്ലൊ. ആ അറ്റെന്‍ഡര്‍ ഞാന്‍ മൂലം കേള്‍ക്കേണ്ടി വന്ന ചീത്തകള്‍ക്കുള്ള ഒരു ക്ഷമാപണമായി ഇതിവിടെ സമര്‍പ്പിക്കുന്നു.

 
At 3:19 AM, Blogger ഇടിവാള്‍ said...

ഇടിവാളിനു ഈ ബ്ല്ലോഗുമായി യാതൊരു ബന്ധവുമില്ല പണിക്കര്‍ സാറേ!

 
At 4:13 AM, Blogger indiaheritage said...

വിനോദ്‌ മേനോന്‍ ക്ഷമിക്കണം മുമ്പ്‌ ഇടിവാള്‍ എന്ന പേരില്‍ എഴുതിയ ഒരു കഥയില്‍ നിന്നും പ്രചോദന്‍ം കൊണ്ടെഴുതി എണ്റ്റെ ബ്ളോഗില്‍ പോസ്റ്റ്‌ ചെയ്തത്‌ ആരും വായിച്ചില്ല എന്നു തോന്നി അതു കോപ്പി ചെയ്തതാണിവിടെ. അതു കൊണ്ടാണ്‌ ആ പേരിവിടെയും കാണുന്നത്‌

 
At 4:37 AM, Blogger അനംഗാരി said...

കോപ്പിയടി ഒരു കല തന്നെയാണ്.അത് വിദഗ്ദമായി ചെയ്യുന്ന ഒരു പാട് പേര്‍ കോളേജില്‍ ഉണ്ടായിരുന്നു. ചുരുളുകള്‍ ആയി മടിയില്‍ തിരുകി, അതിങ്ങനെ നിവര്‍ത്തി, നിവര്‍ത്തി എഴുതുന്ന കാഴ്ച കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്.

 
At 8:06 AM, Blogger അരീക്കോടന്‍ said...

ലാബിനെപ്പറ്റി ഓര്‍മിപ്പിച്ചപ്പോള്‍ പലതും മനസ്സിലൂടെ പാഞ്ഞുപോയി...പിന്നീട്‌ പോസ്റ്റാക്കി പറയാം....

 

Post a Comment

Links to this post:

Create a Link

<< Home