സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, October 31, 2006

തലയില്‍ വെച്ചുകെട്ടിയ പ്രേമം

എന്റെ ഒരു സുഹൃത്ത്‌ ഭാസി വഴി എന്റെ മേല്‍ ആരൊപിക്കപ്പെട്ട ഒരു പ്രേമ കഥ ഇവിടെ ചുരുളഴിയട്ടെ.(അവന്‍ ഒരിക്കലും ഇങ്ങനെ ഒരു ബ്ലോഗ്‌ വായിക്കാന്‍ ഇടയില്ലാത്തതിനാല്‍ അവന്റെ ശരിയായ പേര്‌ തന്നെ ഉപയോഗിക്കാന്‍ ഞാന്‍ ധൈര്യം കാണിക്കുന്നു)

ഞാനും ബാബുവും ഭാസിയും വല്ല്യ സുഹൃത്തുക്കള്‍ ആയിരുന്നു (ഇപ്പോഴും ആണ്‌).
ഭാസിയുടെ പിതാശ്രീ മുതല്‍ എല്ലാ ബ്രദര്‍ശ്രീകളും ഇപ്പോള്‍ അവനും ഹോട്ടല്‍ ബിസിനസ്സിലാണ്‌.

ഞാന്‍ ഡിഗ്രികഴിഞ്ഞും ബാബു പ്രിഡിഗ്രി കഴിഞ്ഞും റിസല്‍ട്ട്‌ വരുന്നതും കാത്ത്‌ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന കാലഘട്ടത്തില്‍ എന്റെ പ്രായക്കാരനായ ഭാസി തന്റെ സ്കൂള്‍ ജീവിതം തുടരുകയായിരുന്നു. അമീര്‍ഖാന്റെ ഗ്ലാമര്‍ ഉള്ള ഭാസിയുടെ വിചാരം അവനെ അറിയാതെയോ അറിഞ്ഞോ നോക്കിപ്പോകുന്ന പെണ്‍പിള്ളേര്‍സ്‌ എല്ലാം അവനില്‍ ആകൃഷ്ടരാണെന്നണ്‌. അവന്റെ ഈ തെറ്റിദ്ധാരണ പലവട്ടം ഞങ്ങള്‍ ഇടപെട്ട്‌ തിരുത്തേണ്ടിവന്നിട്ടുമുണ്ട്‌. (അല്‍പം അസൂയയുമുണ്ടെന്ന് കൂട്ടിക്കോ)

ആ പ്രായത്തില്‍ നോര്‍മലായ എല്ലാ ആണ്‍കുളന്തകള്‍ക്കും ഉണ്ടാകേണ്ട തോതിലുള്ള മാനസിക വൈകല്ല്യങ്ങളും പ്രേമസങ്കല്‍പങ്ങളും മാത്രമേ എനിക്കും ഉണ്ടായിട്ടുള്ളൂ. ആ മാനസികനിലയുടെ പ്രേരണയാല്‍ ആ പരിസരം മുഴുവന്‍ സൈക്കിള്‍ ചവിട്ടി എന്റെ പാകത്തിനുള്ള(അതായത്‌ എന്നെക്കാല്‍ മിനിമം 3-4 വയസ്സെങ്കിലും പ്രായക്കുറവുള്ള) പെണ്‍കുളന്തകളെ സ്കാന്‍ ചെയ്യുന്ന റെഗുലര്‍ എക്സര്‍സൈസില്‍ ഞാന്‍ മുഴുകി. പ്രത്യേകിച്ച്‌ കാലത്തും വൈകീട്ടും (അല്ല... ഈ സ്കൂള്‍ കോളെജ്‌ ടൈമിങ്ങുകളാണല്ലോ ഇതിന്‌ പറ്റിയ സമയം). ഈ സൈക്കിള്‍ റാലിക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കൂടുതല്‍ തവണ കവര്‍ ചെയ്യാന്‍ പറ്റി എന്നതും ആ ടൈമിംഗ്‌ ശരിയാക്കാന്‍ ഞാന്‍ അല്‍പം വ്യഗ്രത കാണിച്ചിരുന്നു എന്നതും സത്യം.

കാര്യമായ പ്രേമ സമ്പാദ്യങ്ങളൊന്നുമില്ലാതെ ആ കാലഘട്ടം അങ്ങനെ കടന്നുപോയി.

ഭാസിയുടെ വീട്ടുകാര്‍ വീട്‌ വിറ്റ്‌ ആ നാടുവിട്ട്‌ നടവരമ്പ്‌ എന്ന സ്ഥലത്തേക്ക്‌ താമസം മാറി. ഭാസിയുമായുള്ള ഞങ്ങളുടെ കോണ്ടാക്റ്റ്‌ വളരെ കുറഞ്ഞു.

ഒരു കൊല്ല്ലത്തിനു ശേഷം ഒരു വൈകുന്നേരം...............

ഞാന്‍ സൈക്കിളുമായി ബാബുവിന്റെ വീട്ടിലെത്തി. ബാബുവിന്റെ മുഖത്തൊരു വല്ലായ്ക. ബാബു എന്നെ വിളിച്ച്‌ പുറത്തേക്ക്‌ മാറ്റി നിര്‍ത്തി, ഒരു എഴുത്ത്‌ എടുത്ത്‌ നീട്ടിയിട്ട്‌ പറഞ്ഞു..

'പോയി മോനെ... എന്റെ മാനം കമ്പ്ലീറ്റ്‌ പോയി..... ഭാസിയുടെ എഴുത്താണിത്‌... എഴുത്ത്‌ വന്നപ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അമ്മ എടുത്ത്‌ വായിച്ചു... ഇത്‌ നിറയെ തെറിയും മറ്റ്‌ സ്നേഹപ്രകടനങ്ങളുമാണ്‌...'

'ഹോ... ഭാഗ്യം എന്റെ വീട്ടിലേക്ക്‌ വരാഞ്ഞത്‌' എന്ന എന്റെ ആശ്വാസം കണ്ട ഉടന്‍ ബാബു പറഞ്ഞു.. 'പേടിക്കണ്ട... നിന്റെ മാനവും ഈ എഴുത്തില്‍ പോയിക്കിട്ടി... നിന്റെ ലൈനിന്റെ കാര്യങ്ങളും വിശദമായി എഴുതിയിട്ടുണ്ട്‌..'

'എന്റീശ്വരാ... ഈ ദുഷ്ടന്‍...' എന്ന് പറഞ്ഞ്‌ ഞാന്‍ എഴുത്ത്‌ വായിക്കാന്‍ ശ്രമിച്ചു.ഇത്ര ലളിതവും മനോഹരവുമായ തെറിപ്രയോഗങ്ങളും കൊണ്ട്‌ നിറഞ്ഞ ആ എഴുത്തിന്റെ മറ്റൊരു പ്രത്യേകത ഒരൊറ്റ വാക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതിയിട്ടില്ല എന്നതാണ്‌.

'എടേയ്‌... ഇത്‌ മലയാള ഭാഷ തന്നെ??? ഇവന്‍ സ്കൂളിലാണെന്ന് പറഞ്ഞ്‌ പോകുന്നത്‌ വേറെ എവിടേക്കോ ആയിരുന്നെന്നാ തോന്നുന്നേ... ഒരു വാക്കെങ്കിലും തെറ്റില്ലാതെ എഴുതിക്കൂടെ??' ബാബുവിന്റെ സംശയം.

ഭാസിയുടെ സ്റ്റാന്‍ഡേര്‍ഡ്‌ അറിയാവുന്നതിനാലും എന്നെക്കുറിച്ച്‌ ഡീസന്റാണെന്ന തെറ്റിദ്ധാരണയുള്ളതിനാലും ബാബുവിന്റെ അമ്മ ആ എഴുത്തിന്‌ വലിയ പ്രാധാന്യം കൊടുത്തില്ല.

'ഇവനിട്ട്‌ എങ്ങനെ പണി കൊടുക്കാം' എന്ന് ആലോചിച്ച്‌ തളര്‍ന്ന് അന്ന് രാത്രി ഞാന്‍ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ ആകെ ഒരു ഭീകരാന്തരീക്ഷം... സാധാരണ ഹിന്ദി ന്യൂസും ഇംഗ്ലീഷ്‌ ന്യൂസും ശല്ല്യം ചെയ്തുകൊണ്ടിരുന്ന ദൂരദര്‍ശന്റെ സേവനം വീട്ടില്‍ അന്ന് ഉപയോഗിക്കാതെ ഇരിക്കുന്നു (ടി.വി. ഓഫാണെന്ന്). അമ്മയുടെ നോട്ടത്തില്‍ ഒരു തീഷ്ണത.... അച്ഛന്‍ ഉലാത്താന്‍ ഇടനാഴിക ഇല്ലാത്തതിനാല്‍ ഉള്ള സ്ഥലം കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഡൈനിംഗ്‌ റൂമില്‍ ഉലാത്തുന്നു.

'മോനെ സൂര്യോദയമേ... നീ ഈ എഴുത്തൊന്ന് വായിച്ചേ..' അച്ഛന്‍ ഒരു എഴുത്ത്‌ എന്റെ നേരെ നീട്ടി.

എഴുത്തിന്റെ പുറത്തുള്ള അഡ്രസ്സില്‍ നിന്ന് ആ കാലമാടന്റെ പേര്‌ ഞാന്‍ വായിച്ചു... 'ഭാസി...'
എന്റെ ശരീരം ഒന്ന് തണുത്തു, എന്നിട്ടൊന്ന് വിയര്‍ത്തു...
എന്റെ ഇടറിയ ശബ്ദം ഒന്ന് സ്റ്റ്രോങ്ങ്‌ ആക്കി ഞാനങ്ങ്‌ മൊഴിഞ്ഞു...
'ആ... ബാബുവിന്‌ വന്ന എഴുത്തല്ലേ.. അവന്‍ എന്തൊക്കെയോ വിഡ്ഢിത്തരങ്ങള്‍ എഴുതിവച്ചിട്ടുണ്ട്‌... അല്ല, ഈ എഴുത്തെങ്ങനെ ഇവിടെ വന്നു?'

'ഹേയ്‌... ഇത്‌ നിനക്ക്‌ വന്നത്‌ തന്നെയാ...' അച്ഛന്റെ കണ്‍ഫര്‍മേഷന്‍.

'ഈശ്വരാ... ഈ കാലമാടന്‍ എനിക്കും കാച്ചിയോ... എന്തൊരു സ്നേഹം... പക്ഷഭേദം തോന്നാതിരിക്കാന്‍ രണ്ടുപേര്‍ക്കും എഴുതിയിരിക്കുന്നു...'

'നീ അതൊന്ന് വായിക്ക്‌ ആദ്യം...' അച്ഛന്റെ ഉപദേശം.

ഞാന്‍ എഴുത്ത്‌ തുറന്ന് വായിക്കാന്‍ തുടങ്ങി...

'ആഹാ... ഇവിടെയും പക്ഷഭേദംകാണിച്ചിട്ടില്ല... അതേ ശൈലി... തെറികള്‍ക്ക്‌ ഒരു കുറവുമില്ല... ഒറ്റ വാക്കുപോലും ശരിക്ക്‌ എഴുതിയിട്ടില്ല... ഭാഗ്യം...'

എഴുത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെ...

'എന്താടാ... #$% മാനേ നിനക്ക്‌ എനിക്ക്‌ എഴത്ത്‌ എഴതിയാല്‍?....ഇപ്പോ നെനക്ക്‌ എന്നയൊന്ന് ഓര്‍മ്മയിലല്ലെ... നെന്റെ *&^ %$അതക്കെ പാട്ടെ...നെന്റെ വാട്ടിലെ എല്ലാര്‍ക്ക്‌ സൊകം തന്നെ എന്ന് വിസ്വസിക്കുന്ന്... പന്നെ... നെന്റെ ലയിന്‍ എന്തായി..... നീ അവളെ ഗല്യാണം കുഴിചോ... ഇല്ലെങ്കില്‍ നെന്റെ ഗല്യാണത്തിന്‌ എന്നെ വളിക്കണം...'

(മുകളിലെ സംസ്കൃതത്തിന്റെ ഏകദേശ തര്‍ജ്ജമ ഇങ്ങനെ..
'എന്താടാ പ്രിയപ്പെട്ട മോനെ എനിക്കൊരു എഴുത്തയച്ചാല്‍...നിനക്കെ എന്നെ ഇപ്പോ ഓര്‍ക്കയില്ലല്ലെ... നിന്റെ............. അതൊക്കെ പോട്ടെ... നിന്റെ വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. പിന്നെ, നിന്റെ ലൈനിന്റെ കാര്യം എന്തായി... നീ അവളെ കല്ല്യാണം കഴിച്ചോ... ഇല്ലെങ്കില്‍ നിന്റെ കല്ല്യാണത്തിന്‌ എന്നെ വിളിക്കണം..')

എഴുത്ത്‌ വായിച്ച്‌ തളര്‍ന്ന് ഞാന്‍ ഒരു കസേരയില്‍ ഇരുന്നു. അച്ഛന്‍ അടുത്ത്‌ വന്നിട്ട്‌ മറ്റൊരു കസേര ഇട്ട്‌ ഇരുന്നിട്ട്‌ എന്നോട്‌ ചോദിച്ചു..

'അല്ലാ.. ഇതില്‍ വല്ല സത്യവുമുണ്ടോ.... ഉള്ളതാണെങ്കില്‍ പറയ്‌, നമുക്ക്‌ ആലോചിക്കാം...'

'എന്നെ ഇത്രയ്ക്കങ്ങ സ്നേഹിക്കല്ലെ അച്ഛാ..' എന്ന് പറയാനാണ്‌ മനസ്സില്‍ തോന്നിയതെങ്കിലും ഞാന്‍ പറഞ്ഞു..

'ഇവന്‍ എന്തൊക്കെയോ തോന്ന്യാസങ്ങള്‍ എഴുതിയിരിക്കുന്നു... കണ്ടില്ലേ അവന്റെ സ്റ്റാന്‍ഡേര്‍ഡ്‌... എന്നെ കളിയാക്കാന്‍ എഴുതിയിരിക്കുന്നതാ... അല്ലാതെ വേറൊന്നും ഇല്ല..'

'ആ.. നീ ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല... ഞങ്ങള്‍ അത്‌ വിശ്വസിക്കുന്നു' അച്ഛന്‍ ഇതും പറഞ്ഞ്‌ എഴുത്തും വാങ്ങി മുറിയില്‍ നിന്ന് പോയി.

ഏകദേശം കുറ്റവിമുക്തനായി എന്ന് ബോധ്യം വന്ന് അല്‍പസമയത്തിനകം ഞാന്‍ എന്റെ പ്രകടനം ആരംഭിച്ചു.

"പ്രായപൂര്‍ത്തിയായ എനിക്ക്‌ വന്ന ഒരു എഴുത്ത്‌ എന്തിന്‌ നിങ്ങള്‍ പൊട്ടിച്ച്‌ വായിച്ചു?... സുഹൃത്തുക്കള്‍ പല കാര്യങ്ങളും കളിയായി എഴുതും സംസാരിക്കും.. അതെല്ലാം നിങ്ങള്‍ എന്തിന്‌ അറിയുന്നു??? അതിനാലല്ലെ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായത്‌?" തുടങ്ങിയ എന്റെ ചോദ്യങ്ങള്‍ക്ക്‌ മുന്‍പില്‍ കാര്യമായ മറുപടിയില്ലാത്തതിനാലും അച്ഛനും കുഞ്ഞച്ചനും എന്നെ മോറല്‍ സപ്പോര്‍ട്ട്‌ ചെയ്തതിനാല്‍ 'ഇനി മുതല്‍ നിനക്ക്‌ വരുന്ന എഴുത്തുകള്‍ പൊട്ടിക്കുന്നില്ല, പോരെ?' എന്ന തീരുമാനം അറിയിച്ച്‌ അമ്മ ഒതുങ്ങി (അങ്ങനെ ഭാവിയിലുള്ള എഴുത്ത്‌ പ്രശ്നങ്ങള്‍ ഒതുങ്ങി).

ഒരു വര്‍ഷത്തിനുശേഷം.........................

ഭാസി ഞങ്ങളെ കാണാന്‍ വന്നു. പഴയ കണക്കുകള്‍ വാക്കുകളിലൂടെയും കൈയ്യേറ്റങ്ങളിലൂടെയും തീര്‍ത്ത്‌, ഞങ്ങള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ്‌ എന്റെ വീട്ടില്‍ ഇരിക്കുന്നു.പെട്ടെന്നതാ എന്റെ അച്ഛന്റെ വിശ്വപ്രസിദ്ധമായ (സോറി.. ലോക്കല്‍പ്രസിദ്ധമായ) ലാമ്പി സ്കൂട്ടറിന്റെ ശബ്ദം (രണ്ട്‌ കിലോമീറ്റര്‍ ദൂരത്തുനിന്നുതന്നെ കേള്‍ക്കാം..)

ഭാസി പെട്ടെന്ന് അപ്സറ്റായി. ഞങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പെ അവന്‍ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു, എന്നിട്ട്‌ അടുക്കള വഴി പിന്‍ വശത്തെ മതില്‍ ചാടി ഒരൊറ്റ ഓട്ടം...

ഞാനും ബാബുവും സാവധാനം അവന്റെ പൂജിക്കപ്പെടേണ്ട ആ പാദാരവിന്ദങ്ങളെ സംരക്ഷിക്കേണ്ട ഗതികേടുണ്ടായ പാദുകങ്ങള്‍ ഒരു വടികൊണ്ട്‌ തോണ്ടി ഒരു കവറിലാക്കി സൈക്കിളില്‍ അവനെ അന്വേഷിച്ച്‌ ചെന്നു. അല്‍പം ദൂരം ചെന്നിട്ടും ആളെ കാണാനില്ല. ഒടുവില്‍ ബാബുവിന്റെ വീട്‌ എത്തിയപ്പോള്‍ അതാ ഭാസി നിന്ന് കിതയ്ക്കുന്നു.

'ഹെയ്‌.. നീ അപ്പുറത്തെ വളവ്‌ കഴിഞ്ഞ്‌ നിന്നില്ലേ..??' ബാബുവിന്റെ ചോദ്യം...

'ഇല്ലെടാ... ഞാന്‍ തിരിഞ്ഞു നോക്കിയേയില്ല... പിന്നില്‍ ആ സ്കൂട്ടറിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു... ഞാന്‍ ഇവിടെവരെ ഓടി...' കിതപ്പിനിടയില്‍ ഭാസിയുടെ മറുപടി

(ഇപ്പോഴും ഭാസി ഞങ്ങളെ കാണാന്‍ നാട്ടിലെത്തിയാല്‍ എന്റെ അച്ഛനമ്മമാരുടെ കണ്ണില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കുന്നു... അവരതൊക്കെ മറന്നു എന്ന എന്റെ ഉറപ്പില്‍ അവന്‌ ഇപ്പോഴും വിശ്വാസം പോരാ...)

9 Comments:

At 3:40 AM, Blogger സൂര്യോദയം said...

ആ പ്രായത്തില്‍ നോര്‍മലായ എല്ലാ ആണ്‍കുളന്തകള്‍ക്കും ഉണ്ടാകേണ്ട തോതിലുള്ള മാനസിക വൈകല്ല്യങ്ങളും പ്രേമസങ്കല്‍പങ്ങളും മാത്രമേ എനിക്കും ഉണ്ടായിട്ടുള്ളൂ.
പക്ഷെ, എന്റെ ഒരു സുഹൃത്ത്‌ എന്റെ തലയില്‍ കൊണ്ട്‌ ഏല്‍പ്പിച്ച ഒരു പ്രേമം എന്നെ അനുഭവിപ്പിച്ച ചില കാര്യങ്ങള്‍....

 
At 3:47 AM, Blogger സു | Su said...

എനിക്കും ആ ഭാസി കത്തില്‍ ചോദിച്ചതേ ചോദിക്കാന്‍ ഉള്ളൂ. ആ ലൈന്‍ എന്തായി? കല്യാണം കഴിച്ചോ? ;)

 
At 3:53 AM, Blogger Sul | സുല്‍ said...

പാകത്തിനുള്ള(അതായത്‌ എന്നെക്കാല്‍ മിനിമം 3-4 വയസ്സെങ്കിലും പ്രായക്കുറവുള്ള) പെണ്‍കുളന്തകളെ സ്കാന്‍ ചെയ്യുന്ന റെഗുലര്‍ എക്സര്‍സൈസില്‍ ഞാന്‍ മുഴുകി.

നല്ല എക്സര്‍സൈസ്. 3 മുതല്‍ 8 വരെ പ്രായവ്യത്യാസമുള്ള ഒരു 5 എണ്ണത്തിനേലും കണ്ടു വെക്കണം. എന്നാലേ ആവശ്യത്തിനു ചെല്ലുമ്പോള്‍ ആളെകിട്ടു.

എന്നിട്ട് നീ ഗല്യാണം ഗ്ഗഴിചൊ സൂര്യൊദയാ...

 
At 4:04 AM, Blogger പടിപ്പുര said...

"ഏകദേശം കുറ്റവിമുക്തനായി എന്ന് ബോധ്യം വന്ന് അല്‍പസമയത്തിനകം ഞാന്‍ എന്റെ പ്രകടനം ആരംഭിച്ചു."

ആ പ്രകടനം എനിക്കിഷ്ടപ്പെട്ടു. പണ്ടൊരു കൂട്ടുകാരന്‍ ഗള്‍ഫില്‍നിന്നയച്ച കത്തില്‍ 'വെള്ളവടിയൊക്കെ എങ്ങിനെ നടക്കുന്നു' എന്ന വാചകം കാട്ടി എന്റെ നേരെ ചാടിവീണ അച്ഛനുമുന്നില്‍ ഇതേ ഒരു പ്രകടനം ഞാനും കാഴ്ചവച്ചതോര്‍ത്തുപോയി.

 
At 6:41 AM, Blogger ദില്‍ബാസുരന്‍ said...

സൂര്യോദയം ചേട്ടാ,
കലക്കി! വായിച്ച് കഴിഞ്ഞ ഉടന്‍ മനസ്സിന്റെ മുറ്റത്ത് ഓര്‍മ്മകള്‍ ഓടിക്കളിക്കാനെത്തി. എണ്ണം കൂടിയത് കാരണം പരസ്പരം കൂട്ടിയിടിച്ച് വീണ് തല മുട്ടി മുഴച്ചിരിക്ക്യാ. ഭയങ്കര നൊമ്പരം :-)

 
At 7:48 PM, Blogger സൂര്യോദയം said...

സു ചേച്ചി... ആ ലൈന്‍ എന്തായി എന്ന ചോദ്യം ന്യായം... ആ ലൈന്‍ ആരെയെങ്കിലും കല്ല്യാണം കഴിച്ചു കാണും... അതിന്‌ ലൈന്‍ എന്നു പറയാന്‍ മാത്രം വല്ലോം ഉണ്ടെങ്കിലല്ലെ... നമ്മള്‍ വെറുതെ സൈക്കിള്‍ ചവിട്ടി വലം വച്ചാല്‍ വല്ല കാര്യോം ഉണ്ടോ ചേച്ചി.. മാത്രമല്ല... എന്റെ അന്നത്തെ ഗ്ലാമര്‍ ഇച്ചിരി കുറവായിരുന്നതിനാലും ഇന്നത്തെ അത്ര തൊലിക്കട്ടി അന്ന് ഉണ്ടായിരുന്നില്ല എന്നതിനാലും വേറെ സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല...

ഞാന്‍ കല്ല്യാണം കഴിച്ചു... ഏതൊരു ബാച്ചിലറെയും പോലെ സ്പെസിഫിക്കേഷന്‍സ്‌ ഒക്കെ വച്ച്‌ പതുക്കെ പതുക്കെ അതൊക്കെ കുറച്ച്‌ കൊണ്ടുവന്ന് ഒടുവില്‍ ഒരെണ്ണം ഒപ്പിച്ചു... :-)
സുല്‍... വായിച്ച്‌ ഉത്‌ കണ്ഠ പ്രകടിപ്പിച്ചതിന്‌ നന്ദി..

പടിപ്പുരയ്ക്കും ദില്‍ബുവിനും നന്ദി..

 
At 8:33 PM, Blogger ഇത്തിരിവെട്ടം|Ithiri said...

സൂര്യോദയമേ സംഭവം അടിപൊളി... ഇപ്പോഴും സ്കാനിംഗ് ഉണ്ടോ ?

 
At 3:37 AM, Blogger സൂര്യോദയം said...

ഇത്തിരീ... സ്കാനിംഗ്‌ ഇപ്പോഴും ഉണ്ട്‌.. ഭാര്യ കൂടെ ഉള്ളപ്പോഴും ;-) സൗന്ദര്യം ആസ്വദിക്കാനല്ലെ നമുക്ക്‌ കണ്ണുകള്‍... :-)

 
At 1:32 AM, Blogger മുസാഫിര്‍ said...

സുര്യോദയം,

സംഭവവും കമന്റ്സും ഇഷ്ടപ്പെട്ടു.

 

Post a Comment

Links to this post:

Create a Link

<< Home