സൂക്ഷ്മമില്ലാത്തവന്റെ മുതല്
എന്റെ ഉള്ള പഠിപ്പ് തന്നെ അധികമായതിനാലും, നാട്ടില്‍ എന്റെ അത്ര കേമന്മാരെ വേണ്ടാത്തതിനാലും എം.സി.എ. പഠനം ജോലി കിട്ടിയശേഷം വിദേശത്ത് ചെയ്യേണ്ടിവന്നു. പല മഹാന്മാരുടേയും ജീവചരിത്രം വായിച്ചപ്പോള്‍ (അല്ല, പറഞ്ഞ് കേട്ടപ്പോള്‍) അവരൊക്കെ 'ഉപരിപഠനം മദിരാശിയിലായിരുന്നു' എന്നതിനാല്‍ ഞാനും 'മദിരാശി' തന്നെ എന്റെ എം.സി.എ. ഡിസ്റ്റന്റ് എഡ്യൂക്കേഷനായി തിരഞ്ഞെടുത്തു. മാത്രമല്ല, യൂണിവേര്‍സിറ്റിയും മദിരാശി തന്നെ. സേം പിച്ച്...
'തരുണീമണികളുടെ സാന്നിധ്യമുണ്ടാവണേ..' എന്ന് എത്ര പ്രാര്‍ത്ഥിച്ച് റിസര്‍വ്വ് ചെയ്താലും ട്രെയിനില്‍ എന്റെ പരിസരത്ത് 70 വയസ്സിന് താഴെയുള്ള ഒരൊറ്റ തരുണീമണിപോലും ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ, പാലക്കാട് സ്റ്റേഷന്‍ എത്തുമ്പോഴെക്ക് ഫുഡ് വിഴുങ്ങി തട്ടിന്‍പുറത്ത് കയറി വേഗം കിടന്നുറങ്ങും. മദിരാശി എത്തുന്നതിന് മുന്‍പത്തെ സ്റ്റേഷന്‍ എത്തിയാല്‍ ദിവസേന സാധകം ചെയ്യുന്ന കാപ്പി, ചായ വില്‍പ്പനക്കാരുടെ മധുരസ്വരം കര്‍ണ്ണപുടങ്ങളെ കുത്തിക്കീറുമ്പോള്‍, ചാടി എണീക്കാറാണ് പതിവ്. അഥവാ എണീറ്റില്ലെങ്കില്‍ അവര്‍ ചെവിയില്‍ വന്ന് ഓളിയിട്ട് ഉണര്‍ത്തിയിട്ടേ പോകൂ... ഇതിലൊന്നും ഉണര്‍ന്നില്ലെങ്കിലും മദ്രാസിന്റെ ആ സുഗന്ധം മൂക്കിലേക്ക് ഇരച്ച് കയറുമ്പോള്‍ ഒന്നുകില്‍ ഉണരും, അല്ലെങ്കില്‍ ബോധം കെടും.
മദ്രാസ് സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി പുറത്തേക്ക് നടക്കുമ്പോള്‍ ഒരു മദ്ധ്യവയസ്കനായ ഒരാള്‍ എന്നെ ഒരു ചെറുപുഞ്ചിരിയോടെ നോക്കുന്നു. ഞാനും ഒന്ന് പുഞ്ചിരിച്ചു.
ആ അങ്കിള്‍ എന്റെ അടുത്തേക്ക് ചേര്‍ന്ന് നടന്നു, എന്നിട്ട് ചോദിച്ചു.. 'മലയാളിയാണല്ലെ??'
'അതെ...'
'എന്നെ അറിയോ? നല്ല മുഖപരിചയം... നാട്ടില്‍ എവിടെയാ??' പുള്ളിക്കാരന്റെ അടുത്ത ചോദ്യം.
'ചാലക്കുടി... ആശുപത്രിയ്ക്കടുത്ത്..' എന്റെ വിശദമായ മറുപടി.
'ഓ... അതെയോ... അവിടെ എവിടെ??? കിഴക്കോട്ട് പോയിട്ട്???' അങ്ങേര്‍ക്ക് എന്നെ അറിയാം എന്ന ലാഞ്ചനയോടെ.
'അവിടെ മാഷുടെ വീടില്ലേ...' എന്ന് ഞാന്‍ പറഞ്ഞ് തുടങ്ങിയപ്പോഴെക്ക് പുള്ളിക്കാരന്‍ കണ്ട്രോള്‍ ഏറ്റെടുത്തു..
'ആ... മാഷെ ഞാനറിയും... ഞാന്‍ അവിടെ പലവട്ടം വന്നിട്ടുണ്ട്... അവിടെ ആ പോസ്റ്റോഫീസില്‍ വര്‍ക്ക് ചെയ്യുന്ന രാഘവനില്ലേ.... എന്റെ വല്ല്യച്ഛന്റെ നാത്തൂന്റെ അനിയന്റെ...' അങ്കില്‍ വിശദീകരിച്ചു.
എനിക്ക് ആകെ ഒരു കണ്‍ഫിയൂഷന്‍.... അച്ഛനെ അറിയുന്നത് പോട്ടെ... അവിടെ എവിടെ പോസ്റ്റോഫീസില്‍ വര്‍ക്ക് ചെയ്യുന്നാ....??? ഞാന്‍ ആലോചിച്ചു. ഒടുവില്‍ ഞാന്‍ തന്നെ ആലോചിച്ച് ഒരു വീട് കണ്ടുപിടിച്ചു. അവിടുത്തെ ആള്‍ പോസ്റ്റോഫീസിലാണെന്ന് കേട്ടിട്ടുണ്ട്. ആളുടെ പേരറിയില്ല.
ഞാന്‍ ഇങ്ങനെ മന്ദിച്ച് നില്‍ക്കുന്ന കണ്ട് പുള്ളിക്കാരന്‍ തന്റെ വാചകക്കസര്‍ത്ത് തുടര്‍ന്നു.
'അച്ഛന്‍ എന്തുപറയുന്നു... എന്റെ അന്വേഷണം പറയണം... പിന്നെയ്... എനിക്കൊരു സഹായം ചെയ്യണം... ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്... വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടാ... മോനാണെങ്കില്‍ ഞാന്‍ അറിയുന്ന ആളായത് എന്റെ ഭാഗ്യം... ഞങ്ങള്‍ കല്‍ക്കട്ടയില്‍ നിന്ന് വരുന്ന വഴി ട്രെയിന്‍ ചെറിയ ആക്സിഡന്റ് ആയി.... ഇവിടെ വരെ എത്തി... നാട്ടിലേക്ക് പോകാനോ ഭക്ഷണത്തിനോ കാശില്ല.. സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ട്... എന്തെങ്കിലും സഹായിക്കണം... ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ എത്തിച്ചോളാം...'
എനിക്ക് എന്താണ് പറയേണ്ടത് എന്ന് ഒരു എത്തും പിടിയുമില്ലാതായി. സംശയിച്ച് നില്‍ക്കുന്ന എന്ന കണ്ടപ്പോള്‍ അങ്ങേര്‍ വീണ്ടും തന്റെ നിസ്സഹായാവസ്ഥയും എന്നെ കണ്ടെത്തിയ ഭാഗ്യവും വിവരിച്ചു.
'ഇയാളെ സഹായിച്ചില്ലെങ്കില്‍ നാണക്കേടല്ലേ... അച്ഛനെ അറിയുന്ന ആളാണ്, നാട്ടുകാരനാണ്... എന്താ ചെയ്യാ....' എന്നൊക്കെ ആലോചിച്ച് കീശയില്‍ കയ്യിട്ടപ്പോളാണ് ചെറിയ ഐറ്റംസ് ഒന്നും ഇല്ല (50 രൂപവരെയേ ചെറിയതുള്ളൂ... ബാക്കി 500 ന്റെ പടങ്ങള്‍.. അധികമൊന്നും ഇല്ല... ഒരു മൂന്നെണ്ണം...) 50 രൂപ കൊടുക്കുന്നത് മോശമല്ലെ.. ഒരു 100 രൂപയെങ്കിലും കൊടുക്കണ്ടെ... എന്നൊക്കെ ആലോചിച്ച് അവസാനം 500 ന്റെ ഒരു പടം എടുത്തങ്ങ് കൊടുത്തു.
'മോനേ.. വല്ല്യ ഉപകാരം...ഞാനിത് വീട്ടില്‍ എത്തിച്ചോളാം കേട്ടോ... നന്ദി...' എന്നൊക്കെപറഞ്ഞ് ആള്‍ പോയി.
മദ്രാസില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ താമസിക്കുന്ന വീട്ടിലാണ് ഞാന്‍ താമസം. അവിടെ എത്തി എല്ലാവരോടും കുശലം പറഞ്ഞ് അങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു..
'ഒരു ട്രെയിന്‍ ആക്സിഡന്റ് ഉണ്ടായി അത്രെ... കുറേ പേര്‍ക്ക് പരിക്കേറ്റു... ഇന്ന് സ്റ്റേഷനില്‍ ഒരാളെ കണ്ടു... നാട്ടുകാരനാണ്... എന്നോട് സഹായം ചോദിച്ചു...'
ഞാനിത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴെക്ക് അവിടെ കൂട്ടച്ചിരി തുടങ്ങി...
'എന്നിട്ട്..... നീ എത്ര കൊടുത്തു???' എന്നുള്ള സിറിളിന്റെ ചോദ്യം കേട്ടപ്പോള്‍ 'എന്തോ പ്രശ്നമുണ്ടല്ലോ..' എന്ന് എന്റെ മനസ്സില്‍ തോന്നി...
'100 രൂപ കൊടുത്തു...' ഞാന്‍ പറഞ്ഞു.
'എന്റെ മോനേ... 100 രൂപയോ.... നിന്നെ പറ്റിച്ചുവല്ലോ... ഇത് ഇവിടെ സ്ഥിരം പരിപാടിയാണ്.. ദേ ഇരിക്കുന്നു ഇതുപോലെ പറ്റിയവര്‍....പിന്നെ അവരൊക്കെ 20, 50 രൂപവരെയേ കൊടുത്തുള്ളൂ... നീ 100 രൂപയും... കഷ്ടം.. ' സിറിള്‍ പറഞ്ഞു.
'ഹേയ്... ഇത് അങ്ങനെയല്ലെന്നേ... അങ്ങേര്‍ എന്നെ ശരിക്കും അറിയുന്ന ആളാ...' ഞാന്‍ വിട്ടുകൊടുത്തില്ല.
'എന്നാല്‍ നീ പേപ്പര്‍ നോക്ക്... അങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടെങ്കില്‍ പേപ്പറില്‍ കാണുമല്ലോ...' പേപ്പര്‍ എന്റെ നേരെ നീട്ടി അവന്‍ പറഞ്ഞു.
ആകെ ചമ്മലും വിഷമവും എല്ലാം കൂടി ഒരുമിച്ച് വന്ന ഞാന്‍ മനസ്സിലോര്‍ത്തു. '500 കൊടുത്തു എന്ന് ഇവരോട് പറയാഞ്ഞത് ഭാഗ്യം..'
'ങാ... പോയത് പോട്ടെ.. വിട്ട് കള..' എന്ന് അവര്‍ പറഞ്ഞെങ്കിലും 500 രൂപ ഒരാള്‍ പറ്റിച്ചെടുത്ത വിഷമം അവര്‍ക്കറിയില്ലല്ലോ.
***********************************************
ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അതേ റെയില്‍ വേ സ്റ്റേഷന്‍....
ഞാന്‍ ട്രെയിന്‍ ഇറങ്ങി പുറത്തേക്ക് നടക്കുന്നു.നടന്ന് നീങ്ങുന്ന ആള്‍ക്കൂട്ടത്തിന്നിടയില്‍ ഒരാള്‍ എന്നെത്തന്നെ ഒരു ചെറുപുഞ്ചിരിയോടെ സൂക്ഷിച്ച് നോക്കുന്നു.....
'അതെ... അതേ ആള്‍... എന്റെ നാട്ടുകാരന്‍... 500 ന്റെ പടം അടിച്ചുകൊണ്ടുപോയ അതേ അങ്കിള്‍'
ഞാനും ഒന്ന് പുഞ്ചിരിച്ചു.... പുള്ളിക്കാരന്‍ പതുക്കെ എന്റെ അടുത്തേക്ക് നടന്നു.... എന്നിട്ട് പതിവ് ചോദ്യം...
'മലയാളിയാണല്ലേ....'
'അതേ...' ഉള്ളില്‍ നിറഞ്ഞ ദേഷ്യത്തെ ഒരു ചിരികൊണ്ട് പൊതിഞ്ഞ് ഞാന്‍ പറഞ്ഞു.
'നല്ല മുഖ പരിചയം... നാട്ടില്‍ എവിടെയാ.... എന്നെ പരിചയമുണ്ടോ??' അങ്ങേരുടെ അടുത്ത ചോദ്യം.
'ഉവ്വ്... ചേട്ടനെ എനിക്ക് പരിചയമുണ്ട്...'
എന്റെ മറുപടികേട്ട് പുള്ളിക്കാരന്‍ ഒന്ന് ഞെട്ടി.
'എന്നെ എങ്ങിനെയാ പരിചയം....???' ആള്‍ ഒരു വെപ്രാളത്തോടെ ചോദിച്ചു.
'ചേട്ടന്‍ എന്നെ ഒന്ന് ശരിക്ക് നോക്ക്യേ.... കഴിഞ്ഞ തവണ ഒരു 500 രൂപ എന്നെ പറ്റിച്ച് കൊണ്ടുപോയില്ലേ....' ഞാന്‍ ചോദിച്ചു.
'ഹേയ്... നിങ്ങള്‍ക്ക് ആള് തെറ്റിയതാ... ഞാന്‍ നിങ്ങളെ ആദ്യമായിട്ടാ കാണുന്നേ...' ആള്‍ വേഗത്തില്‍ നടന്നുതുടങ്ങി.
'അങ്ങനങ്ങ് പോകാതെ ചേട്ടാ... അപ്പൊ ചേട്ടന്‍ തന്നെയല്ലെ ഇത്തിരി മുന്‍പേ പറഞ്ഞത് എന്നെ കണ്ട് പരിചയം ഉണ്ടെന്ന്..???' ഞാന്‍ വിടാതെ പിന്തുടര്‍ന്നു.
'ഇല്ലില്ല.... എനിക്ക് യാതൊരു പരിചയവും ഇല്ല....' എന്നുപറഞ്ഞ് വേഗം നടന്ന് അവിടെയുള്ള ടാക്സിസ്റ്റാന്‍ഡിനടുത്തുള്ള കുറേ ആള്‍ക്കാരോട് ചെന്ന് ഇയാള്‍ സഹായം ആവശ്യപ്പെടുന്ന കണ്ടപ്പോള്‍ ഒരു ബലപ്രയോഗത്തിനുള്ള സ്കോപ്പ് അവിടെ ഇല്ല എന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ എല്ല് മാത്രമുള്ള എന്റെ ശരീരത്തില്‍ ആ തമിഴ് മക്കള്‍ കൈ വച്ചാല്‍ അവരുടെ കയ്യില്‍ പിണയും എന്ന് അറിയാമായിരുന്നതിനാലും അവിടെ നിന്ന് തടി തപ്പുന്നതാണ് നല്ലതെന്ന് എനിക്ക് ബോധ്യം വന്നു.
പക്ഷെ, അങ്ങനെ വെറുതേ പോകാന്‍ മനസ്സില്ലാത്ത അഭിമാനിയായ ഞാന്‍ വിളിച്ചു പറഞ്ഞു.
'ഞാന്‍ ഇപ്പോ വരാം.. എന്റെ കൂട്ടുകാരന്റെ അങ്കില്‍ ഇവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്... ഇന്ന് ഒക്കെ ശരിയാക്കിത്തരാം ട്ടോ...'
ഞാന്‍ വേഗം നടന്ന് ബസ് സ്റ്റോപ്പിലേക്ക് പോയി. പോകുന്ന പോക്കില്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഭീഷണി ഏറ്റു എന്നെനിക്ക് മനസ്സിലായി. അങ്ങേര്‍ അതാ സ്റ്റേഷന്റെ അപ്പുറത്തെ വഴിയിലൂടെ ഇറങ്ങി ഓടുന്നു.
(അതിനുശേഷവും പലവട്ടം മദ്രാസിലുള്‍പ്പെടെ പലയിടങ്ങളിലും എന്റെ നേരെ കൈ നീട്ടുന്നവര്‍ക്ക് ഞാന്‍ എന്റേതായ ഒരു സംഭാവന നല്‍കിപ്പോന്നു. 'അവരെല്ലാം നിന്നെ പറ്റിക്കുകയാണ്' എന്ന് പറഞ്ഞ എന്റെ സുഹൃത്തുക്കളോട് ഞാന്‍ എന്റെ ചിന്താഗതി വിശദമാക്കി.
'ഇതില്‍ എത്ര പേര്‍ പറ്റിക്കുന്നവരും എത്ര പേര്‍ ശരിക്കും ബുദ്ധിമുട്ടുന്നവരും ഉണ്ടാവും എന്നറിയാന്‍ നമുക്ക് പറ്റില്ലല്ലോ... കുറച്ച് തട്ടിപ്പുകാര്‍ ഉണ്ടെന്ന് വിചാരിച്ച് അര്‍ഹിക്കുന്നവര്‍ക്ക് കിട്ടാതെ പോകരുതെന്നേയുള്ളൂ... ബാക്കി ഞാന്‍ പറ്റിക്കപ്പെട്ടോട്ടെ...' )
6 Comments:
'സൂക്ഷ്മമില്ലാത്തവന്റെ മുതല് നാണമില്ലാത്തവന്‍ കൊണ്ടുപോകും' എന്നത് സത്യം തന്നെ.... നേരിട്ട് അനുഭവമുള്ള കാര്യം ഒരു പോസ്റ്റാക്കി...
തട്ടിപ്പുകാര്‍ എത്രയോ ഉണ്ട്. പലര്‍ക്കും ഒരു അമളിയില്‍ കാര്യം മനസ്സിലാവുന്നു. ചിലര്‍ പലതരത്തില്‍ കബളിക്കപ്പെടുന്നു.
തട്ടിപ്പുകാര്‍ മൂലം അര്‍ഹതപ്പെട്ടവര്‍ ഇപ്പോഴും പട്ടിണിയില്‍ തന്നെ
ഉദരനിമിത്തം ബഹുകൃത വേഷം അല്ലെ,ഏതായാലും സഹായിക്കല്‍ ഇതുവരെ നിറുത്താത്തതു നന്നായി നല്ലവനായ ശമര്യക്കാരാ.
സൂര്യോദയം...
എനിക്കും ഇങ്ങിനെ ഒരനുഭവം മഞ്ചേരിയിലുണ്ടായി.പുള്ളിക്ക് ഞാന്‍ ആദ്യം 10 രൂപ കൊടുത്തു.അലിവ് തോന്നി വീണ്ടും ഒരു 10...അങ്ങിനെ 50 രൂപ വരെ എത്തി.വീട്ടിലെത്തി ഭാര്യയുടെ അടുത്ത് വിവരം പറഞ്ഞു.ഒപ്പം ഒരു കമെന്റും.തട്ടിപ്പാണെങ്കില്‍ ദൈവം അയാളെ എന്റെ മുന്നില്‍ ഇനിയും എത്തിക്കും.6 മാസം കഴിഞ്ഞ് അരീക്കോട് എന്റെ വീട്ടിനടുത്ത് വച്ച് പഴയ അതേ ശൈലിയില്‍ എന്നോട് സഹായം ആവശ്യപ്പെട്ടു.ഞാന്‍ അല്‍പസമയം അവിടെ നില്‍ക്കാനാവശ്യപ്പെട്ടു.ശേഷം അനിയനോടും അവന്റെ ഒപ്പമുണ്ടായിരുന്ന 5 സുഹ്രുത്തുക്കളോടും തട്ടിപ്പിനെപ്പറ്റി പറഞ്ഞു.അന്ന് 500 ഇടി എങ്കിലും വാങ്ങിയാണ് പുള്ളി അന്ന് ബസ് കയറിയത്.
I was trapped like this once in coimbatore. A young chap told me that he lost his purse and need 90rs... story was too big, 'am not telling here, but I agree with vallyammayi, because of this, some needy are not getting the help!!!
Post a Comment
<< Home