തത്ത്വമറിയാത്ത നായ
കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും അമ്പ് തിരുന്നാളുമാണ് ചാലക്കുടിയിലെ ദേശീയ ഉത്സവങ്ങള്‍. ഈ രണ്ട് ആഘോഷങ്ങളിലും ആ നാട്ടിലെ ജനങ്ങളും അവരുടെ മറ്റ് പ്രദേശങ്ങളിലെ ബന്ധുക്കളും ഉടുത്തൊരുങ്ങി നല്ല തിരക്കുള്ള റോഡുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക എന്നതാണ് പൊതുവായ ഒരു നാട്ടുനടപ്പ്.
സൗത്ത് ജങ്ങ്ഷന്‍ മുതല്‍ നോര്‍ത്ത് ജങ്ങഷന്‍ വരെയുള്ള ഡെക്കറേഷന്‍സ് മുഴുവന്‍ കവര്‍ ചെയ്യുക എന്നതാണ് പുറത്ത് പറയുന്ന ലക്ഷ്യമെങ്കിലും ഒരു സെല്‍ഫ് ഡെമോണ്‍സ്റ്റ്രേഷന്‍ കം മൗത്ത് ലുക്കിംഗ് ആക്റ്റ് ആണ് പ്രബല്ല്യത്തിലുണ്ടായിരുന്നത്.
അതെന്തുമാകട്ടെ, അതിനെ കുറ്റം പറയാന്‍ എനിക്കല്ലെ ഏറ്റവും യോഗ്യത, കാരണം ഒരു 5 പ്രാവശ്യമെങ്കിലും ഈ റൗണ്ടിംഗ് നടത്തുന്നതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കൂടാതെ പല കളര്‍ ഡെന്‍സിറ്റി കൂടിയ ഏരിയ കളിലും വെയ്റ്റ് ചെയ്ത് റസ്റ്റ് എടുക്കുന്നപോലെ നിന്ന് ഒന്നും മിസ്സ് ആവാതിരിക്കാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു.
ക്വാളിറ്റി കുറഞ്ഞതിനാലും വില അധികമയതിനാലും ചിലവാകാതെയുള്ള ഗോഡൗണുകളിലെ ഐറ്റംസ് ഉത്സവസീസണുകളില്‍ റിഡക്ഷന്‍ സെയില്‍, ക്ലോസിംഗ് സെയില്‍ എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ച് വിലകുറച്ച് വില്‍ക്കുന്നപോലെ എല്ലാ വീടുകളില്‍ നിന്നും മേല്‍പ്പറഞ്ഞ തരത്തിലുള്ള എല്ലാതരവും റോഡുകളില്‍ സുലഭമായി കാണാവുന്ന ദിവസങ്ങളായതിനാല്‍ സൗന്ദര്യാസ്വാദകരായ എന്നെപ്പോലുള്ളവര്‍ക്ക് അന്നത്തെ ദിവസം കണ്ണും വായും അടയ്ക്കാന്‍ സമയം കിട്ടാറില്ല.
ഈ പറഞ്ഞ രീതിയിലോക്കെ ഈ ദിനങ്ങളെ ആസ്വദിക്കുന്നതിനും വളരെ മുന്‍പ്, അതായത്.... ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴത്തെ ഉത്സവം എന്നെ പഴമക്കാര്‍ പറയുന്ന തത്ത്വങ്ങളൊന്നും ഇക്കാലത്ത് വിശ്വസിക്കാന്‍ കൊള്ളാത്തവയാണെന്ന് മനസ്സിലാക്കിത്തന്നു. അതും ഒരു വഴിപോക്കന്‍ നായയിലൂടെ....
ഉത്സവത്തിന്റെ അന്ന് ഫുള്‍ ഡെ ലീവ് എടുത്ത് ആഘോഷിക്കാന്‍ അന്ന് സാങ്ങ്ഷന്‍ ഉണ്ടായിരുന്നില്ലാത്തതിനാല്‍ ഉച്ച തിരിഞ്ഞ് സ്കൂളില്‍ നിന്ന് അനുവാദം വാങ്ങി ഞാനും എന്റെ കൂട്ടുകാരനായിരുന്ന ഷിജിത്തും വീട്ടിലെത്തി. പൊള്ളുന്ന വെയിലാണെങ്കിലും 'നമ്മളില്ലെങ്കില്‍ എന്തോന്ന് ഉത്സവം' എന്ന അഹങ്കാരം കാരണം ഉത്സവപ്പറമ്പില്‍ എത്രയും പെട്ടെന്ന് എത്തുക എന്ന ഉദ്ദേശ്യത്തോടെ ഊണ് കഴിച്ചു എന്ന് വരുത്തി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. പറഞ്ഞപോലെ ഷിജിത്ത് ആശുപത്രിക്കവലയില്‍ കൃത്യസമയത്ത് ഹാജര്‍.
ഉത്സവപ്പറമ്പില്‍ എത്താനുള്ള ആക്രാന്തത്താല്‍ നടന്നും ഓടിയും ഞങ്ങള്‍ മുന്നേറുന്നു. അമ്പലത്തിലേക്ക് എത്താന്‍ ഒരു ഷോര്‍ട്ട് കട്ട് ഉണ്ട്. ഹേവേ ക്രോസ്സ് ചെയ്യാതെ, ഹൈവേയുടെ അടിയിലൂടെ ഒരു വഴി. അതിലേ പോയാല്‍ വെയിലും കുറവ്, വേഗം എത്തുകയും ആവാം എന്ന ചിന്തയില്‍ ഞങ്ങള്‍ ആ വഴിക്ക് തിരിഞ്ഞു. കുറച്ച് അകലെ ഏതോ ഒരു പട്ടി വെറുതെ കിടന്ന് ഓരിയിടുന്ന ശബ്ദം കേട്ട് ഞാന്‍ ആ പട്ടിയുടെ പിതാമഹന്റെ പേരില്‍ ഒരു ചീത്തവിളിച്ചു. വെറുതേ ഒരു രസത്തിന് വിളിച്ചെന്നേയുള്ളൂ... ഞങ്ങള്‍ തമ്മില്‍ ഒരു പൂര്‍വ്വ പരിചയമോ വഴക്കോ ഒന്നും ഉണ്ടായിട്ടല്ല.
ഞങ്ങള്‍ നടപ്പ് തുടര്‍ന്നു... ഹൈവേ ക്രോസ്സ് ചെയ്യുന്ന ആ ചെറിയ പാലത്തിന്നടിയില്‍ ഞങ്ങള്‍ എത്തിയതും അതാ ഒരു നായ എതിര്‍ ദിശയില്‍ നിന്ന് ഓടിവരുന്നു. ആ നായയുടെ വരവ് കണ്ടാല്‍ അറിയാം അതിന് ഞങ്ങള്‍ ഒരു ടാര്‍ജറ്റേ അല്ല എന്ന്... കാരണം, അത് ഒരു ഓരം ചേര്‍ന്ന് അങ്ങനെ ഓടിപ്പോകുന്ന ഒരു ഫേസ് എക്സ്പ്രഷനാണ് പ്രകടിപ്പിച്ചത്....... അല്ലെങ്കില്‍ എനിക്കങ്ങനെയാണ് മനസ്സിലായത്. ഇനി അഥവാ നമുക്ക് നേരെയാണെങ്കിലും എന്തിനാ പേടിക്കുന്നത്... 'ഓടിയാലേ നായ കടിയ്ക്കൂ.... വെറുതെ നിന്ന് കൊടുത്താല്‍ അതങ്ങ് പോയിക്കൊള്ളും' എന്നുള്ള തത്ത്വം അറിയാവുന്ന ഞാന്‍ അല്‍പം പേടിയോടെയാണെങ്കിലും 'സ്റ്റാച്ച്യൂ' എന്ന് വിളിച്ച് അനങ്ങാതെ നിര്‍ത്തുന്ന കളിയിലെപ്പോലെ നില്‍പ്പുറപ്പിച്ചു.
പക്ഷെ, എന്റെ സുഹൃത്ത് ഒരൊറ്റ ഓട്ടം...
'ഓടല്ലെടാ..' എന്ന് ഞാന്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് ഗ്യാപ് കിട്ടുന്നതിന് മുന്‍പ് നായ എന്റെ നേരെ ചാടിക്കഴിഞ്ഞിരുന്നു.
വെറും എല്ലും കൂട് മാത്രമായ എന്റെ ദേഹത്ത് നിന്ന് മാംസം കിട്ടാവുന്ന ഏരിയകളെക്കുറിച്ചുള്ള ജനറല്‍ അവെയര്‍നസ് വച്ചുകൊണ്ടാവാം ആ നായ ആദ്യം ലക്ഷ്യമിട്ടത് എന്റെ നെഞ്ചകം തന്നെ. ആദ്യകടിയില്‍ തന്നെ നിരാശനായ ആ ജന്തുവിന്റെ അടുത്ത ലക്ഷ്യം എന്റെ ഇടത്തേ തുടയിലായിരുന്നു. അവിടെയും പ്രതീക്ഷ നശിച്ച ആ നായ 'ഇനിയെവിടെ ട്രൈ ചെയ്യും' എന്ന് ആലോചിക്കുന്നതിനിടയില്‍ ഞാന്‍ ഉരുണ്ട് വീഴുകയും എന്റെ കാല്‍പാദം നായയുടെ മുഖത്ത് കൊള്ളുകയും ചെയ്തു.
'ദേ പിന്നേ എല്ല്..' എന്ന് പ്രാകിക്കൊണ്ട് നായ ഓടി മറഞ്ഞു.
വീണിടത്തുനിന്ന് പൊടിയും തട്ടി കീറിയ ഷര്‍ട്ടുമായി കരഞ്ഞുകൊണ്ട് എണീറ്റ് ഞാന്‍ മുന്നോട്ട് നടക്കുമ്പോള്‍ അതാ ഷിജിത്ത് ഒരു ധീരയോദ്ധാവിനെപ്പോലെ രണ്ട് ചേട്ടന്മാരെ വിളിച്ചുകൊണ്ട് ഓടിവരുന്നു.
'നായ കടിച്ചുപറിച്ചിട്ടിരിക്കുന്ന എന്നെ എന്ത് കാട്ടാനാടാ..' എന്ന് ചോദിക്കാനുള്ള ആഗ്രഹം ഞാന്‍ കരഞ്ഞുകൊണ്ട് സഹിച്ചു. അവര്‍ ഒരു ഓട്ടോ പിടിച്ച് നേരെ എന്റെ വീട്ടിലെത്തി.
ഒരു ഉച്ചയുറക്കം വീണുകിട്ടിയ സന്തോഷത്താല്‍ മയങ്ങുകയായിരുന്ന അമ്മയെ കോളിംഗ് ബെല്‍ അടിച്ച് ഉണര്‍ത്തി. വാതില്‍ തുറന്ന അമ്മ കണ്ടത് കരഞ്ഞ് കൊണ്ട് കീറിപ്പറഞ്ഞ് നില്‍ക്കുന്ന എന്നെയും കൂട്ടരെയും... ആദ്യം ഒന്ന് പകച്ചെങ്കിലും സംയമനം വീണ്ടെടുത്ത അമ്മ എന്നെയും കൂട്ടി തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ട് പോയി മുറിവുകള്‍ ഡ്രസ്സ് ചെയ്തു.
പിന്നീടല്ലേ വിവരം അറിയുന്നത്... പിറ്റേ ദിവസം മുതല്‍ ഒരു 10 ഇഞ്ചക്ഷന്‍ വയറ്റില്‍ കുത്തിക്കേറ്റിക്കോളാന്‍ ഡോക്ടര്‍ ഓര്‍ഡര്‍ ഇട്ടിട്ടുണ്ടെന്ന്....
അന്നത്തെ ഉത്സവം വീട്ടിലെ പടിയ്ക്കല്‍ നിന്ന് ആ വഴി പോകുന്ന മേളവും താലവും നോക്കിക്കണ്ട് സംതൃപ്തി അടയേണ്ടിവന്നു എന്ന് മാത്രമല്ല, പിറ്റേ ദിവസം മുതലുള്ള സൂചികുത്തിന്റെ സുഖം ആസ്വദിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
നെഞ്ചിലും തുടയിലും കടിച്ച ശേഷം വീണ്ടും കടിയ്ക്കാന്‍ ശ്രമിച്ച നായയെ പുറം കാല്‍ കൊണ്ട് ഞാന്‍ മുഖത്ത് തൊഴിച്ചതിനാലാണ് അത് ഓടി രക്ഷപ്പെട്ടതെന്ന് ഞാന്‍ പരമാവധി പബ്ലിസിറ്റി കൊടുത്ത് എന്നെ ഒരു ഹീറോ ആക്കി മാറ്റി (ആ നായ ഇത് അറിയാത്തത് എന്റെ ഭാഗ്യം)
(വെളുത്ത് തുടുത്ത ഷിജിത്തിനെ ഓടിച്ചിട്ട് പിടിയ്ക്കാതെ കരിഞ്ഞ വിറക് കൊള്ളിപോലെ ഇരുന്നിരുന്ന എന്റെ നേരെ ഈ പണ്ടാരം എന്തിനാണാവോ ചാടിക്കേറിയതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അകലെ എവിടെയോ ഓരിയിട്ട നായയെ ചീത്തവിളിച്ചതിന് ദൈവം തന്നതാണെന്നാണ് ആദ്യം കുറച്ച് കാലം ഞാന്‍ വിചാരിച്ചിരുന്നത്)
10 Comments:
വിശാല്‍ജിയുടെ കീരിബാബു എന്ന പോസ്റ്റ് വായിച്ചപ്പോളാണ് ഇതിന് സമാനമായ ഒരു സംഭവം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ അതേക്കുറിച്ച് എഴുതാം എന്ന് വിചാരിച്ചത്..
'വെളുത്ത് തുടുത്ത ഷിജിത്തിനെ ഓടിച്ചിട്ട് പിടിയ്ക്കാതെ കരിഞ്ഞ വിറക് കൊള്ളിപോലെ ഇരുന്നിരുന്ന എന്റെ നേരെ ഈ പണ്ടാരം എന്തിനാണാവോ ചാടിക്കേറിയതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല'
"'ഓടിയാലേ നായ കടിയ്ക്കൂ.... വെറുതെ നിന്ന് കൊടുത്താല്‍ അതങ്ങ് പോയിക്കൊള്ളും' എന്നുള്ള തത്ത്വം" നമുക്കല്ലേ അറിയാവൂ. അത് നായയ്ക്ക് അറിയില്ലല്ലോ എന്ന തത്ത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്.
നായ കടിച്ചത് കഷ്ടമായി. കൂട്ടുകാരന്‍, തത്ത്വത്തില്‍ വിശ്വസിക്കാതെ ഓടിരക്ഷപ്പെട്ടതുകൊണ്ടാവും, കടിക്കാഞ്ഞത്.
:)
സു ചേച്ചി... അതാ പറഞ്ഞത് തത്ത്വത്തിലൊന്നും ഇപ്പോ കണ്ണും അടച്ച് അനങ്ങാതെ നിന്ന് വിശ്വസിയക്കാന്‍ കൊള്ളില്ല എന്ന്...
നവന്‍, പട്ടികടിച്ചത് നന്നായി എന്നല്ലേ ആ പുഞ്ചിരിയുടെ അര്‍ത്ഥം.. ;-) നിന്നെ പട്ടിയല്ലെടാ പുലിയായിരുന്നി കടിയ്ക്കേണ്ടതെന്ന് എന്റെ സ്നേഹമയരായ കൂട്ടുകാര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്... :-)
സൂര്യോദയം, വളരെ നന്നായിരിക്കുന്നു. കഥയായാലും, അനുഭവമായാലും നല്ല ആഖ്യാനം.
-chithrakaran
www.chithrakaran.blogspot.com
ചിത്രകാരാ.. നന്ദി... കഥയല്ല... അനുഭവം തന്നെ..... :-)
ഹ ഹ അതൊരു കിടിലന്‍ പോസ്റ്റാണല്ലോ സൂര്യോദയം മാഷേ... നല്ല കിടിലന്‍ ഉപമകളും പ്രയോഗങ്ങളും.
എന്നാലും കൂട്ടുകാരനെ ഉപേക്ഷിച്ച് സൂര്യോദയം ഭായിയെ മാത്രം പട്ടി കടിക്കാന്‍ കടിച്ചതെന്തായിരിക്കും ?
പഴമക്കാര്‍ പറയുന്നതില്‍ കഴമ്പില്ലെന്നു് വിശ്വസിക്കാന്‍ ഒരു നായ വേണ്ടി വന്നു. ഹഹഹ..പോസ്റ്റിഷ്ടപ്പെട്ടു.
എല്ലാ നായ്ക്കളും ഒരേ പോലെയല്ല.ചിലത് സ്റ്റാച്യൂ കണ്ടാല്‍ മൂത്രിക്കും,ചിലത് ഇങ്ങനേം ചെയ്യും...:)
ദിവാ... ആ കാരണം തന്നെയാണ് എന്നെയും അലട്ടുന്നത്.. മാംസത്തെക്കാളും എല്ലിനോടാവും പ്രിയം, അതും അദ്ധ്വാനിക്കാതെ ;-)
വേണു... ങ് ഹാ... അങ്ങനെ വേണ്ടിവന്നു.. :-)
വിഷ്ണുജീ... ഓഹ്.. ആ പറഞ്ഞത് ആലോചിക്കാന്‍ വയ്യ... ഒന്നുമില്ലെങ്കിലും നായ കടിച്ചത് ഞാനങ്ങ് ആഘോഷിച്ചു. നെഞ്ച് വിരിച്ച് എല്ലാരെയും നായ കടിച്ച അടയാളം കാണിച്ച് കുറേക്കാലം.. മാത്രമല്ല, നായയെ പുറം കാല്‍ കൊണ്ട് തൊഴിച്ച് ഓടിച്ച എന്റെ ഒരു ധൈര്യം... ഞാനാളൊരു കേമനാണേ.. :-))
Post a Comment
<< Home