സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, November 27, 2006

SSLC പഠനം/ഉറക്കം

സ്കൂളില്‍ പഠിക്കുന്ന കാലം.. അത്യാവശ്യം അമ്മയുടെ ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞും ഓടിയും രക്ഷപ്പെടാനുള്ള ത്രാണിയായപ്പോള്‍, അതായത്‌ ഏഴം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍, എന്റെയൊരു വിശ്വാസം ഞാന്‍ പഠിക്കുന്നത്‌ അച്ഛനും അമ്മയ്ക്കും വേണ്ടിയാണെന്നായിരുന്നു. എന്നുവച്ചാല്‍, ഞാന്‍ പഠിക്കണമെങ്കില്‍ അവര്‍ എന്റെ താളത്തിനും തഞ്ചത്തിനും നിന്നോളണം.

ഉദാഹരണമായി, ഞാന്‍ പഠിക്കുകയാണ്‌ എന്ന് അവകാശപ്പെടുന്ന സമയത്ത്‌ എന്റെ സ്റ്റഡി സര്‍ക്കിളില്‍ മാതാശ്രീയുടെ അപ്രഖ്യാപിത സന്ദര്‍ശനത്തില്‍ സംശയം തോന്നിയാല്‍ ഉടനെ 'എന്നാല്‍ ഞാന്‍ പഠിക്കുന്നില്ല' എന്ന് പ്രഖ്യാപിച്ച്‌ ഇറങ്ങിപ്പോക്ക്‌ നടത്തും. (അമ്മ അത്ര നിഷ്കളങ്കമായി സന്ദര്‍ശിക്കുന്നതൊന്നുമല്ല... ഒരു വെരിഫിക്കേഷന്‍ അജണ്ടയില്‍ വച്ചുകൊണ്ടുതന്നെയായിരിക്കും മാതാശ്രീയുടെ വിസിറ്റ്‌)

അദ്ധ്യാപികയായ അമ്മയുടെ നിതാന്ത ജാഗ്രതയുടെ ഫലമായി ഞാന്‍ കുരുടന്‍ നാട്ടില്‍ കോങ്കണ്ണന്‍ രാജാവെന്ന പോലെ ക്ലാസ്സിലെ എന്റെ സ്ഥാനം നിലനിര്‍ത്തിപ്പോന്നു.

അങ്ങനെ പത്താം ക്ലാസ്സിലെത്തി. ഇനിയിപ്പോ കുരുടന്‍ നാട്ടില്‍ കേമത്തം കൊണ്ട്‌ കാര്യമില്ലല്ലോ.... നല്ല മാര്‍ക്കുണ്ടെങ്കിലേ കോളെജില്‍ എഞ്ചിനീയറാവാനുള്ള ഗ്രൂപ്പില്‍ അഡ്മിഷന്‍ കിട്ടൂ അത്രേ... ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങാനുള്ള പഠിപ്പിനുള്ള ആക്‌ ഷന്‍ പ്ലാന്‍ തയ്യാറായി. ടൈം ടേബിളുകള്‍ ഉണ്ടാക്കലും, അത്‌ മാറ്റലും മറയ്കലും മറ്റുമായി കാര്യങ്ങള്‍ കടന്നുപോകുന്നു.

രാത്രി നേരത്തേ കിടന്നുറങ്ങി രാവിലേ നേരത്തേ എഴുന്നേറ്റ്‌ പഠിച്ചാലേ കേമനാവൂ എന്ന് ഏതൊക്കെയോ ബുദ്ധീശ്വരന്മാരും ആരോഗ്യശ്രീമാന്മാരുമൊക്കെ പറഞ്ഞിട്ടുണ്ടത്രെ. മാത്രമല്ല, 6 മണിക്കൂര്‍ ഉറക്കം മതി എന്നും...അങ്ങനെ ആ നിയമം എനിക്കും പ്രാബല്ല്യത്തില്‍ വന്നു. രാത്രി 10 മണിക്ക്‌ ഉറങ്ങാം... രാവിലെ 4 മണിക്ക്‌ എഴുന്നേല്‍ക്കണം (എന്നിട്ട്‌ മൂത്രമൊഴിച്ച്‌ വീണ്ടും കിടന്നുറങ്ങാം എന്ന് വിചാരിക്കണ്ട, മാതാശ്രീ ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കിത്തന്ന് പഠിക്കാനുള്ള സെറ്റപ്പ്‌ റെഡിയാക്കും).

അങ്ങനെ മേശയ്ക്ക്‌ മുകളില്‍ നിവര്‍ന്നിരിക്കാന്‍ വിധിക്കപ്പെട്ട പുസ്തകത്തിന്റെ ആ തുറന്ന് വച്ച പേജില്‍ തന്നെ കണ്ണും നട്ട്‌ നേരം വെളുപ്പിക്കേണ്ട ഗതികേട്‌ എനിക്കുണ്ടായി. ഒരു പേജില്‍ കൂടുതല്‍ കവര്‍ ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല.

ചൂടന്‍ കാപ്പിയുടെ ഉഷാറില്‍ വായിച്ച്‌ തുടങ്ങി കുറച്ച്‌ കഴിയുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ തുറന്നും അടഞ്ഞും കൊണ്ടിരിക്കുന്ന കണ്ണുകള്‍ക്ക്‌ അടയുന്നതില്‍ മാത്രം താല്‍പര്യം കൂടുകയും തുറക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം സംജാതമാകും. കണ്ണ്‌ അടഞ്ഞുകഴിയുമ്പോള്‍ ഉറക്കം പുറത്തേക്ക്‌ പോകാനാവാതെ തലയില്‍ തന്നെ കുമിഞ്ഞുകൂടുകയും തലയ്ക്ക്‌ ഭാരം കൂടിക്കൂടി തല ഒരു വശത്തേക്ക്‌ ചരിയുകയും ചെയ്യും. ഇതിന്റെ സീരിയസ്‌ നസ്‌ മനസ്സിലാക്കിയ ഞാന്‍ തല മേശയില്‍ ഇടിച്ച്‌ പരിക്ക്‌ പറ്റാതിരിക്കാനുള്ള നടപടിയുടെ ഭാഗമായി മേശയില്‍ തലവച്ച്‌ അങ്ങനെ കിടക്കും. (സാധാരണ ഉറക്കങ്ങളെക്കാള്‍ പതിന്മടങ്ങ്‌ സുഖപ്രദമായി തോന്നിയിരുന്നു ഇങ്ങനെയുള്ള ഉറക്കങ്ങള്‍ എന്നതാണ്‌ സത്യം)

ഈ പ്രതിഭാസം കുറേ നാള്‍ തുടര്‍ന്നപ്പോള്‍ എപ്പോഴോ അവിചാരിതമായി പിതാശ്രീ ഈ രംഗം കാണാനിടയായി.

'ഇത്ര കഷ്ടപ്പാടാണെങ്കില്‍ കട്ടിലില്‍ കിടന്നുറങ്ങിക്കൂടെ?' എന്ന അച്ഛന്റെ ചോദ്യം എനിക്ക്‌ ന്യായമായി തോന്നിയെങ്കിലും അമ്മയ്ക്ക്‌ അതില്‍ വല്ല്യ ന്യായമൊന്നും തോന്നിയില്ല.

അടുത്ത ദിവസം മുതല്‍ അമ്മ സ്റ്റ്രാറ്റജി മാറ്റി. എന്നെ 4 മണിക്ക്‌ വിളിച്ചുണര്‍ത്തി കാപ്പി തന്നിട്ട്‌ അമ്മ വന്ന് എന്റെ മേശയ്ക്കരികിലുള്ള കട്ടിലില്‍ കിടന്നുറങ്ങും. എന്നിട്ടും പഴയ പ്രതിഭാസത്തിന്‌ ഒരു മാറ്റവും സംഭവിച്ചില്ല. പ്രത്യേകിച്ച്‌ ഡിസംബര്‍-ജനുവരി മാസങ്ങളിലെ നല്ല തണുപ്പുള്ള വെളുപ്പാന്‍ കാലങ്ങളില്‍...... ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ കട്ടിലിനടിയില്‍ നിലത്ത്‌ കിടന്നുറങ്ങും...

കുറേകഴിഞ്ഞ്‌ അമ്മയെങ്ങാന്‍ ഉണര്‍ന്ന് എന്നെ വിളിച്ചാല്‍ ഉടന്‍ ഞാന്‍ പറയും.. 'ദേ.. ഇപ്പോ കിടന്നതേയുള്ളൂ.... അല്‍പം റസ്റ്റ്‌ എടുക്കാന്‍...'

അങ്ങനെ റസ്റ്റ്‌ എടുത്ത്‌ എടുത്ത്‌ പഠിച്ച്‌ പഠിച്ച്‌ പരീക്ഷ എഴുതി.....

കൂട്ടലും കുറയ്ക്കലുമായി അമ്മ എന്റെ മാര്‍ക്കിന്റെ ഏകദേശരൂപം തയ്യാറാക്കി. റിസല്‍ട്ട്‌ വരുമ്പോഴെക്ക്‌ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വരെ റെഡിയാക്കിയെന്നാണ്‌ കേള്‍വി (എന്റെ ഒരു ആരോപണം മാത്രമാണിത്‌).

അവധിക്കാലം തിമര്‍ത്ത്‌ ആഘോഷിക്കുന്നതിനിടയില്‍ റിസല്‍ട്ട്‌ വന്നു.

ഡിസ്റ്റിങ്ങ്ഷന്‍ മുട്ടി മുട്ടിയില്ല എന്ന നിലയില്‍ എന്റെ മാര്‍ക്ക്‌ പരിതാപകരമായി നിന്നു. ഡിസ്റ്റിങ്ങ്ഷന്‍ എത്താത്തതില്‍ അല്‍പം വിഷമം എനിക്ക്‌ ആദ്യം തോന്നിയെങ്കിലും ഞാന്‍ എന്റെ അവധിക്കാലം ആഘോഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച്‌ ആ വിഷമത്തെ ലജ്ജിപ്പിച്ചു.

പക്ഷെ, മാതാശ്രീയ്ക്ക്‌ അത്‌ ഒരു വിഷമമായി കുറേ നാള്‍ നിലനിന്നു എന്ന് ഞാന്‍ പിന്നീടാണ്‌ മനസ്സിലാക്കിയത്‌.

മാതാപിതാക്കളുടെ ന്യായമായ പ്രതീക്ഷകളെ സാക്ഷാല്‍കരിക്കേണ്ടതിന്റെ പ്രാധാന്യവും അതുമൂലം അവര്‍ക്ക്‌ നല്‍കാവുന്ന സന്തോഷവും എത്രമാത്രമാണെന്ന് തിരിച്ചറിയാന്‍ ഇത്‌ എന്നെ സഹായിച്ചിരിക്കാം.

7 Comments:

At 10:17 PM, Blogger സൂര്യോദയം said...

എന്റെ SSLC പഠനം.... വെളുപ്പാന്‍ കാലത്ത്‌ തുറന്ന് അനങ്ങാതിരിക്കാന്‍ വിധിക്കപ്പെട്ട പുസ്തകങ്ങളും അതിന്‌ കാരണഭൂതമായ ചില സാഹചര്യങ്ങളും പ്രതിഭാസങ്ങളും....

 
At 1:12 AM, Blogger Siju | സിജു said...

സൂര്യോദയം
സേം റ്റു യൂ

 
At 1:35 AM, Blogger സു | Su said...

മാതാപിതാക്കന്മാരുടെ ശാസനകള്‍ ഗുണമേ ചെയ്യൂ. ആദ്യം, ഇവരെന്താ ഇങ്ങനെ എന്ന് തോന്നുമെങ്കിലും.
പക്ഷെ, ചിലര്‍ക്ക് മനസ്സിലായി വരുമ്പോഴേക്കും മനസ്സിലാക്കേണ്ട സമയം
കഴിഞ്ഞുപോയിട്ടുണ്ടാകും.

 
At 6:44 AM, Blogger മുസാഫിര്‍ said...

ഒരു അമ്മയുടെ മനോവ്യഥകള്‍ നന്നായി വിവരിക്കുന്നു.സൂര്യോദയം.അല്ലെങ്കിലും അച്ഛന്‍മാര്‍ ഇത്ര റ്റെന്‍ഷന്‍ അടിക്കുന്നത് കണ്ടിട്ടീല്ല ഈ കാര്യത്തില്‍.

 
At 6:48 AM, Blogger വല്യമ്മായി said...

നന്ദി,പത്താം ക്ളാസ്സിലേക്ക് കൂട്ടി കൊണ്ടു പോയതിന്‌,ആരും നിര്ബന്ധിക്കാതെ പല തവണ റിവിഷന്‍ തുടങ്ങി ഇതു പോലെ കിടന്നുറങ്ങിയുട്ടുള്ളതാ ഞാന്‍.

 
At 6:50 AM, Blogger ലിഡിയ said...

ആവോ എനിക്കങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല, ഒരു പക്ഷേ എന്നെ പഠിപ്പിക്കാന്‍ ആരും ചൂരലെടുത്തിട്ടില്ല എന്നതും ആവാം കാരണം, സ്വയം തോന്നി രാവിലെ എഴുന്നേല്‍ക്കാനൊക്കെ ശ്രമിക്കുമായിരുന്നു, പക്ഷേ അതെനിക്ക് പറഞ്ഞിട്ടുള്ളതല്ലന്ന് പിന്നെ മനസ്സിലായി, പിന്നെ അതിനെ പറ്റിയുള്ള സ്വയം ഇകഴ്ത്തല്‍ ഈയിടെ അവസാനിച്ചത് അതിനെ പറ്റി ഒരു ലേഖനം വായിച്ചതോടെയാണ്, അതില്‍ ഒരോ മനുഷ്യന്റെയും ആന്തരിക ക്ലോക്ക് ഒരോ തരത്തില്‍ ആയിരിക്കും എന്നും, ഒരോരുത്തര്‍ക്കും വേണ്ട ഉറക്കം, അത് നടക്കേണ്ട സമയം എന്നതില്‍ ഒത്തിരി വ്യത്യാസമുണ്ടന്നും ഒക്കെ എഴുതിയിരുന്നു..

-പാര്‍വതി.

 
At 7:07 AM, Anonymous Anonymous said...

വെളുപ്പിനെഴുനേറ്റു പഠിക്കല്‍ എനിക്കൊരു ഒരിക്കലും നടക്കാത്ത കാര്യം തന്നെയായിരുന്നു. രാത്രി 12 മണിയോ ഒന്നോ വേണമെങ്കില്‍ രണ്ടുമണി വരെയോ ഇരുന്നു പഠിക്കാം. പക്ഷെ ബുദ്ധീശ്വരന്മാര്‍ പറഞ്ഞതും കേട്ട് വെളുപ്പിനെഴുന്നേറ്റാല്‍ കണ്ണടച്ചും തുറന്നും ഇരിക്കുമെന്നല്ലാതെ ഒരക്ഷരം പോലും വായിച്ചു പഠിച്ചതയോര്‍മ്മയില്ല.
എല്ലാം വീണ്ടുമോര്‍മിപ്പിച്ചതിനു നന്ദി. :)

 

Post a Comment

<< Home