സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, December 05, 2006

സൂര്യാസ്തമയന്റെ ലീലകള്‍ ഭാഗം ഒന്ന്

സൂര്യാസ്തമയന്‍ ആരെന്നല്ലെ??? എന്റെ അനിയന്‍ തന്നെ... എന്താ അസ്തമയന്‍ എന്നുവിളിക്കാന്‍ കാരണം എന്നാണെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ള അനിയന്‍സ്‌ വര്‍ഗ്ഗങ്ങളുടെ പൊതുസ്വഭാവം തന്നെ... മൂത്തതില്‍ നിന്ന് വിപരീതം... കുടുംബത്തില്‍ അമൃതാഞ്ജന്‍, വിക്സ്‌ തുടങ്ങിയ തലവേദനാസംഹാരികളുടെ വില മനസ്സിലാക്കിക്കൊടുക്കുന്നവര്‍... (അനിയന്‍സ്‌ യൂണിയന്‍ എന്നോട്‌ പൊറുക്കൂ... )

കുട്ടിക്കാലത്ത്‌ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ അമ്മ റിപ്പോര്‍ട്ട്‌ ചെയ്താല്‍ പിതാശ്രീയുടെ ഒരു ചോദ്യം ചെയ്യലും അതിനോടനുബദ്ധിച്ച ഉപദേശങ്ങളും ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച്‌ ഒരു വെടിക്കെട്ടും പതിവായിരുന്നു.

പൊതുവേ അല്‍പം മറവിയുള്ള അമ്മ, കുറ്റകൃത്യങ്ങളുടെ സീരിയസ്‌ നസ്‌ അനുസരിച്ച്‌ മറന്നുപോകാതിരിയ്ക്കാന്‍ സാരിത്തുമ്പില്‍ ഒരു കെട്ട്‌ ഇട്ട്‌ വയ്ക്കും. ഈ കെട്ടിനെ ലിങ്ക്‌ ചെയ്താണ്‌ ഓര്‍മ്മ വച്ച്‌ റിപ്പോര്‍ട്ടിംഗ്‌... സൂര്യാസ്തമയനുമാത്രം ഈ സാരിത്തുമ്പിലെ കെട്ടിന്റെ എഫ്ഫക്റ്റ്‌ ഉണ്ടായില്ല...

പിന്നീട്‌ വിശദമായ ഒരു രഹസ്യാന്വേഷണത്തിലാണ്‌ സംഭവത്തിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. അവന്റെ പേരില്‍ ഏതെങ്കിലും സംഭവം റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതായി സാരിത്തുമ്പില്‍ മാര്‍ക്ക്‌ ചെയ്യപ്പെട്ടാല്‍ കുറച്ച്‌ കഴിയുമ്പോഴെക്ക്‌ അവന്‍ മാക്സിമം നല്ലവനായി അഭിനയിച്ച്‌ അമ്മയുടെ പിറകേ കൂടുകയും അമ്മപോലും അറിയാതെ ആ കെട്ട്‌ അങ്ങ്‌ റിലീസ്‌ ചെയ്യുകയും ആണ്‌ പതിവ്‌...

ഇനി, ആ ഘട്ടം കഴിഞ്ഞുള്ള കാര്യം. ചോദ്യം ചെയ്യലിനും ഭേദ്യത്തിനുമായുള്ള അച്ഛന്റെ വിളി വന്നാല്‍ വിനയാന്വിതരായി കൈയ്യും കെട്ടി ഞാനും എന്റെ തൊട്ട്‌ താഴെയുള്ള മദ്ധ്യസൂര്യയും (അനിയത്തി) അച്ഛന്റെ മുന്നില്‍ റെഡി. അസ്തമയന്‍ മാത്രം മിസ്സിംഗ്‌...

അച്ഛന്റെ തിരച്ചിലിനൊടുവില്‍ കണ്ട്‌ പിടിച്ചു എന്നകുമ്പോള്‍ ഇറങ്ങി ഒറ്റ ഓട്ടം... അവന്റെ ധൈര്യം കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കാനേ ഞങ്ങള്‍ രണ്ടുപേക്കും കഴിഞ്ഞിരുന്നുള്ളൂ...

ഒടുവില്‍ അച്ഛന്‍ പുറകേ ഓടിച്ചിട്ട്‌ പിടിച്ച്‌ കഴിയുമ്പോള്‍ അവനിട്ട്‌ നാല്‌ കീറ്‌ കൊടുക്കുന്നത്‌ കാണാന്‍ കൊതിയോടെ നോക്കുന്ന ഞങ്ങള്‍ക്ക്‌ നിരാശമാത്രം ബാക്കി. കാരണം, അച്ഛന്‍ കയ്യില്‍ കിട്ടിയ ഈര്‍ക്കില്‍/വടി കൊണ്ട്‌ അടിയ്ക്കുന്ന ഓരോ അടിയും ശരീരശോഷിമയുടെ പിന്‍ബലത്താല്‍ ഒഴിഞ്ഞ്‌ മാറിയും കൈകൊണ്ട്‌ തടുത്തും ആ വടിയെ ഒടിച്ച്‌ കളഞ്ഞ്‌ ആ സംഘട്ടന രംഗം പരിസമാപ്തിയിലെത്താറാണ്‌ പതിവ്‌.
********************************

ഞാന്‍ പത്താം ക്ലാസ്സിലും സൂര്യാസ്തയമയന്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. പഠിക്കുന്ന സ്കൂളാണെങ്കിലോ... അച്ഛനാണ്‌ അവിടുത്തെ ഹെഡ്‌ മാസ്റ്റര്‍... പോരേ പൂരം...

ആഗസ്റ്റ്‌ 15 ന്‌ സാധാരണ ഫ്ലാഗ്‌ ഹോസ്റ്റിങ്ങിന്‌ കുട്ടികള്‍ കുറവാണ്‌ വരാറ്‌ എന്ന കാരണത്താല്‍ ഹെഡ്‌ മാസ്റ്ററുടെ ഒരു സ്പെഷല്‍ ഓര്‍ഡര്‍ ആ കൊല്ലം പുറത്തിറങ്ങി. എല്ലാവരും ആഗസ്റ്റ്‌ 15 ന്‌ സ്കൂളില്‍ ഹാജറായിരിയ്ക്കണം.. വരാത്തവര്‍ വീട്ടില്‍ നിന്ന് ലീവ്‌ ലെറ്റര്‍ കൊണ്ട്‌ വരണം...

ആഗസ്റ്റ്‌ 15 ന്‌ മിക്കവാറും എല്ലാ കുട്ടികളും ഹാജര്‍... സൂര്യാസ്തമയന്‍ വീണ്ടും മിസ്സ്സിംഗ്‌....

പിറ്റേ ദിവസം ക്ലാസ്സ്‌ ടീച്ചര്‍ വരാത്തവരുടെ ലിസ്റ്റ്‌ വായിച്ച്‌ ലീവ്‌ ലെറ്റര്‍ തിരക്കിയപ്പോള്‍ ലീവ്‌ ലെറ്ററുമായി സൂര്യാസ്തമയന്‍ റെഡി. (അന്നത്തെ ലീവ്‌ ലറ്റര്‍ കണ്ടന്‍സ്‌ മിക്കവാറും ഒന്ന് തന്നെയായിരുന്നല്ലോ... 'ആസ്‌ അയാം സഫ്ഫറിംഗ്‌ ഫ്രം ഫീവര്‍ ആന്‍ഡ്‌ ഹെഡ്‌ ഏയ്‌ ക്ക്‌....' എന്നു തുടങ്ങുന്ന സംഭവം..)

പക്ഷെ, അവിടെ പണി പാളി.....

ആ സ്കൂളിലെ 4 അദ്ധ്യാപകര്‍ അച്ഛന്‍ ആ സ്കൂളില്‍ തന്നെ പഠിപ്പിച്ചവരായിരുന്നു. അവര്‍ക്ക്‌ അവരുടെ പഠനകാലത്ത്‌ അച്ഛന്‍ കൊടുത്തുകൊണ്ടിരുന്ന ചൂരല്‍പ്രയോഗങ്ങള്‍ തിരിച്ച്‌ കൊടുക്കാന്‍ അച്ഛന്റെ രണ്ട്‌ മക്കളെ വിട്ടുകൊടുത്തിരിക്കുന്നു എന്നതിനാല്‍ അവര്‍ക്ക്‌ അച്ഛനോട്‌ വല്ല്യ കൂറായിരുന്നു.

ആ മാഷ്‌ ഈ ലെറ്റര്‍ വിത്ത്‌ അപ്ലിക്കന്റുമായി ഹെഡ്‌ മാസ്റ്റര്‍ റൂമില്‍ ഹാജര്‍...

അങ്ങനെ സ്വന്തം മകന്‌ അവന്റെ അമ്മ എഴുതിക്കൊടുത്ത ലീവ്‌ ലെറ്റര്‍ ഓഫിഷ്യലായി വായിയ്ക്കാന്‍ ഭാഗ്യം ചെയ്ത അച്ഛന്‍ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ചു.

(തുടരും...)

9 Comments:

At 3:29 AM, Blogger സൂര്യോദയം said...

സൂര്യാസ്തമയ ലീലകള്‍ ചിലത്‌ പോസ്റ്റ്‌ ചെയ്യുന്നു.
"സ്വന്തം മകന്‌ അവന്റെ അമ്മ എഴുതിക്കൊടുത്ത ലീവ്‌ ലെറ്റര്‍ ഓഫിഷ്യലായി വായിയ്ക്കാന്‍ ഭാഗ്യം ചെയ്ത അച്ഛന്‍ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ചു.
"

 
At 4:38 AM, Blogger Unknown said...

സണ്‍റൈസ് അണ്ണാ,

പോസ്റ്റ് നന്നായി. സ്വന്തം അമ്മ വീട്ടുകാര്‍ നടത്തുന്ന തീയേറ്ററില്‍ കോളെജില്‍ നിന്ന് സ്വന്തം ചേച്ചിയുടെ ക്ലാസ് കട്ട് ചെയ്ത് പോയി സിനിമ കണ്ടതിന് സ്വന്തം അച്ഛനായ പ്രിന്‍സിപ്പാള്‍ സസ്പെന്റ് ചെയ്യുകയും അമ്മയെ വിളിച്ച് കൊണ്ട് വരാന്‍ പറയുകയും ചെയ്ത ഒരു കൂട്ടുകാരന്‍ എനിക്കുണ്ട്. ആ റെക്കോര്‍ഡ് എപ്പടി? :-)

 
At 7:23 AM, Blogger സു | Su said...

This comment has been removed by a blog administrator.

 
At 7:24 AM, Blogger സു | Su said...

അച്ഛന്‍ വിചാരിച്ചിട്ടുണ്ടാകും, രാവിലെ ഞാന്‍ ഇറങ്ങിയപ്പോള്‍ അവന് ഒരു തലവേദനയും ഇല്ലായിരുന്നല്ലോ എന്ന്. ;)

 
At 7:31 AM, Blogger വല്യമ്മായി said...

അനിയന്‍ അനിയത്തി സിന്ഡ്രോം ഒരു ആഗോള പ്രശ്നമാണല്ലേ.നന്നായിട്ടുണ്ട്.

 
At 8:44 AM, Blogger ഇടിവാള്‍ said...

ഞാന്‍ കണ്ടിട്ടുള്ള അനിയന്‍സ്‌ വര്‍ഗ്ഗങ്ങളുടെ പൊതുസ്വഭാവം തന്നെ... മൂത്തതില്‍ നിന്ന് വിപരീതം... കുടുംബത്തില്‍ അമൃതാഞ്ജന്‍, വിക്സ്‌ തുടങ്ങിയ തലവേദനാസംഹാരികളുടെ വില മനസ്സിലാക്കിക്കൊടുക്കുന്നവര്‍...

athu correct ! Good Post

 
At 12:17 AM, Blogger സൂര്യോദയം said...

ദില്‍ബൂ... ആ റെക്കോര്‍ഡിനുമുന്നില്‍ നമിക്കുന്നു... :-)

സു ചേച്ചി... അച്ഛനറിയാതെ അമ്മയെ മണിയടിച്ച്‌ ലെറ്റര്‍ എഴുതിച്ചതാണ്‌ സംഭവം... സ്കൂളില്‍ ചെല്ലേണ്ടതിന്റെ സീരിയസ്‌ നസ്‌ അമ്മയ്ക്കും അറിയില്ലായിരുന്നു.

വല്ല്യമ്മായി... സിന്‍ഡ്രോം ശരി തന്നെ..

ഇടിവാള്‍ജീ... അവിടെയും ഉണ്ടല്ലെ ഇതുപോലെ അല്ലെങ്കില്‍ ഇതിലും കടുത്ത ഒരെണ്ണം :-)

 
At 3:59 AM, Blogger തറവാടി said...

സൂര്യോദയം,

വളരെ രസിച്ചു , ഞനൊരു അവസാനത്തെ മകനാണൈ , അല്ലെങ്കിലും , കടിഞ്ഞൂണ്‍ പൊട്ടന്‍ , എന്നതൊക്കെ ഒരു സത്യം തന്നെയാണ്‌ട്ടോ,

ഏറ്റവും ചെറിയമക്കള്‍ക്ക് അച്ചന്‍ അടിക്കുമ്പോള്‍ വടിവാങ്ങി പൊട്ടിച്ചിടാന്‍ ഒരു ഭയവുമില്ലാന്നുള്ളത് എനിക്ക് നന്നായിട്ടറിയാം

റംലുത്താനെ മാക്സിമം വികൃതികാട്ടിയാലും അവസാനം തല്ലല്‍ ഉമ്മാടെകയ്യില്‍ നിന്നും കിട്ടുക അവള്‍ക്കാ , ഞാന്‍ അവിടെയൊന്നും കാണില്ല , അവസാനം , കിട്ടേണ്ടത് കിട്ടി പാവം കരഞ്ഞിരിക്കുമ്പൊള്‍ , സാരല്യട്ടാന്ന് കളിയാക്കും , പിന്നാലെ എന്നെ അടിക്കാന്‍ ഇത്ത ഓടി വരുമ്പോള്‍ , ഞാനും ഉഅറക്കെ ഓളിയിടും , ഇറ്റു കേട്ട് ഉമ്മ പറയും

" അനക്ക് കിട്ടിയതൊന്നും പോരല്ലേ?"

നന്ദി , എന്റെ ഓര്‍മ്മകളെ തന്നതിന്‌

 
At 12:28 AM, Blogger സൂര്യോദയം said...

തറവാടീ... കമന്റിന്‌ നന്ദി... ഈ അനിയന്‍ ജന്മങ്ങളുടെ പ്രത്യേകത ഞാന്‍ എന്റെ അനുഭവത്തില്‍ മാത്രമല്ല, എന്റെ സുഹൃത്തുക്കളായും സുഹൃത്തുക്കളുടെ അനിയന്മാരായും ഇത്തരം അവതാരങ്ങളെ ധാരാളം കണ്ടിട്ടുണ്ട്‌... :-)

 

Post a Comment

<< Home