സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, March 21, 2007

യെസ്‌ ... കം ഇന്‍...

എറണാകുളത്തേയ്ക്കുള്ള ട്രെയിന്‍ അങ്കമാലി സ്റ്റേഷനില്‍ വന്ന് നിന്നു.......
എറണാകുളം വരെ സ്ഥിരം കുറ്റികളായിരുന്ന ഞാനടക്കമുള്ള ചാലക്കുടി ഗ്യാങ്ങ്‌ അധികം തിരക്കില്ലാത്ത ആ ട്രെയിനിന്റെ ആ കമ്പാര്‍ട്ട്‌ മെന്റിലെ മുന്‍ഭാഗത്തെ ഡോറിനരികിലുള്ള ഏരിയ കവര്‍ ചെയ്ത്‌ ഇരുന്നുകൊണ്ട്‌ പതിവ്‌ പാര ബില്‍ഡിംഗ്‌ കം കറന്റ്‌ അഫ്ഫെയേര്‍സ്‌ ഡിസ്ക്കഷനില്‍ മുഴുകിയിരിയ്ക്കുന്നു.

വണ്ടി സ്റ്റേഷനില്‍ നിന്നപ്പോഴേയ്ക്കും ഓടിയടുക്കുന്ന സീസണ്‍ ടിക്കറ്റുകാരെ ഞങ്ങള്‍ പുച്ഛത്തോടെ നോക്കി അവര്‍ അടഞ്ഞു കിടക്കുന്ന ആ ഡോറിനു മുന്നിലെത്തി ബലപ്രയോഗം തുടങ്ങി. കൈ കൊണ്ടും കാലുകള്‍ കൊണ്ടും പരിശ്രമിച്ചിട്ടും വല്ല്യ പ്രയോജനം കാണാതായപ്പോഴാണ്‌ ജനലിലൂടെ ഞങ്ങളോട്‌ അഭ്യര്‍ത്ഥന വന്നത്‌...

'ആ ഡോര്‍ ഒന്ന് തുറക്കൂ... അകത്ത്‌ നിന്ന് ലോക്ക്‌ ആണെന്ന് തോന്നുന്നു...'

ഇത്‌ കേട്ട ഉടനെ ഞങ്ങളുടെ കൂടെയുള്ള ചന്ദ്രന്‍ ചേട്ടന്റെ മറുപടി..
'അത്‌ തുറക്കാന്‍ പറ്റില്ല...'

ഇത്‌ കേട്ട്‌ അല്‍പം ദേഷ്യത്തോടെ പുറത്തുനില്‍ക്കുന്നവര്‍ 'അതെന്താ തുറക്കാന്‍ പറ്റാത്തത്‌... ഒന്ന് തുറക്കെടോ...'

അപ്പോഴാണ്‌ ചന്ദ്രന്‍ ചേട്ടന്‌ ഉത്തരം ക്ലിയറാക്കാനുള്ള ബോധോദയം ഉണ്ടായത്‌...

'ആരു വിചാരിച്ചാലും ഇപ്പോ തുറക്കാന്‍ പറ്റില്ല ചേട്ടാ.... അത്‌ സ്റ്റക്ക്‌ ആയി ഇരിക്കുകയാണ്‌...' കാല്‌ തടവിക്കൊണ്ട്‌ ചന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു.

പുറത്ത്‌ നില്‍ക്കുന്നവരില്‍ ചിലര്‍ പിറുപിറുത്തുകൊണ്ട്‌ അടുത്ത ഡോറിന്നടുത്തേക്ക്‌ നീങ്ങുമ്പോഴെയ്ക്ക്‌ അതാ വേറെ കുറേ പേര്‍ കൂടി...അവരും ഈ പ്രക്രിയ തുടര്‍ന്നു... അവരോടും വിവരം പറഞ്ഞ്‌ മടക്കിയയച്ചപ്പോഴെയ്ക്ക്‌ വീണ്ടും കുറേ പേര്‍ കൂടി....

ഇത്തവണ വന്നവര്‍ അല്‍പം ചോരത്തിളപ്പ്‌ കൂടുതലുള്ളവര്‍...

'ങാഹാ.. തുറക്കാന്‍ പറ്റില്ലേ... ഇന്ന് ശരിയാക്കിത്തരാം...' എന്ന് പറഞ്ഞ്‌ ഡോറില്‍ ആഞ്ഞ്‌ രണ്ട്‌ മൂന്ന് ഇടി..

'ടക്‌ ടക്‌ ടക്‌..'

ഉത്തരം പറഞ്ഞ്‌ മടുത്ത ചന്ദ്രന്‍ ചേട്ടന്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നപ്പോള്‍ രാജന്റെ കമന്റ്‌..

'യെസ്‌... കം ഇന്‍....'

ഫ്ലാഷ്‌ ബാക്ക്‌.......(30 മിനുട്ടുകള്‍ക്ക്‌ മുന്‍പ്‌............)
ട്രെയിന്‍ ചാലക്കുടി സ്റ്റേഷനില്‍ വന്ന് നില്‍ക്കുന്നു.... ഞാനടക്കമുള്ള സീസണ്‍ ടിക്കറ്റ്‌ ഗ്യാങ്ങ്‌ തിരക്ക്‌ കുറഞ്ഞ ഒരു കമ്പാര്‍ട്ട്‌ മെന്റിന്റെ അടഞ്ഞ്‌ കിടക്കുന്ന വാതിലിനു മുന്നിലെത്തി...

ഓരോരുത്തര്‍ മാറി മാറി തങ്ങളുടെ ശക്തി പരീക്ഷിച്ചിട്ടും ലവലേശം ഭാവമാറ്റമില്ലാതെ ആ ഡോര്‍ നിലകൊണ്ടു.

എല്ല് മാത്രം ശരീരത്തില്‍ സമ്പാദ്യമായുള്ള ചന്ദ്രന്‍ ചേട്ടന്റെ കാലുകൊണ്ടുള്ള ഒരു സൈഡ്‌ കിക്ക്‌ പോലും ആ ഡോറിന്‌ സഹിയ്ക്കേണ്ടി വന്നു.

ഇനിയും കഴിവ്‌ തെളിയിയ്ക്കാന്‍ നിന്നാല്‍ അടുത്ത ട്രെയിന്‌ പോകേണ്ടി വരും എന്നതിനാല്‍ ആ കമ്പാര്‍ട്ട്‌ മെന്റിന്റെ അടുത്ത ഡോറിലേക്ക്‌ ഓടിക്കയറി ഞങ്ങള്‍ ഈ അടഞ്ഞു കിടക്കുന്ന ഡോറിന്റെ ഏരിയ ലക്ഷ്യമാക്കി നടന്നു (അവിടെ പൊതുവേ തിരക്ക്‌ കുറവായിരുന്നത്‌ തന്നെ കാരണം).

അവിടെ എത്തിയപ്പോഴാണ്‌ ചന്ദ്രന്‍ ചേട്ടന്റെ വേദനകലര്‍ന്ന ആത്മഗതം ഇത്തിരി ഉച്ഛത്തില്‍ ആയിപ്പോയത്‌

'ഓഹ്‌... ഈ ട്രെയിന്റെ ഇരുമ്പിന്‌ എന്താ ഒരു ബലം .... '

Labels:

8 Comments:

At 1:31 AM, Blogger സൂര്യോദയം said...

സീസണ്‍ ടിക്കറ്റ്‌ ട്രെയിന്‍ യാത്രയിലെ ഒരു ദിനം... റെയില്‍ വേയുടെ ഇരുമ്പിന്റെ ഗുണമറിഞ്ഞ ദിനം...

 
At 3:27 AM, Blogger സു | Su said...

അപ്പോ നിങ്ങളാണല്ലേ വാതില്‍ അടച്ച് വെച്ച് തിര‍ക്ക് കുറച്ച് യാത്ര സുഖകരമാക്കുന്ന കക്ഷികള്‍.

 
At 5:12 AM, Blogger അപ്പു said...

എല്ല് മാത്രം ശരീരത്തില്‍ സമ്പാദ്യമായുള്ള ചന്ദ്രന്‍ ചേട്ടന്റെ കാലുകൊണ്ടുള്ള ഒരു സൈഡ്‌ കിക്ക്‌ പോലും ആ ഡോറിന്‌ സഹിയ്ക്കേണ്ടി വന്നു.
:-)

 
At 11:25 AM, Blogger കുതിരവട്ടന്‍ | kuthiravattan said...

"എല്ല് മാത്രം ശരീരത്തില്‍ സമ്പാദ്യമായുള്ള" :-) ഇതു സൂര്യോദയന്‍ ചേട്ടന്റെ വായില്‍ നിന്നു തന്നെ കേക്കണം.

 
At 9:10 PM, Blogger സൂര്യോദയം said...

സു ചേച്ചീ... നമ്മള്‍ ആ ടൈപ്പ്‌ അല്ല ;-)

അപ്പു... കമന്റിന്‌ നന്ദി

കുതിരവട്ടന്‍ അനിയാ.... വേണ്ടാ വേണ്ടാ... എല്ലില്‍ തൊട്ട്‌ കളി വേണ്ടാ.. :-))

 
At 9:51 PM, Blogger ഇത്തിരിവെട്ടം|Ithiri said...

:)

 
At 5:50 AM, Blogger തറവാടി said...

This comment has been removed by the author.

 
At 5:51 AM, Blogger തറവാടി said...

പണ്ട് കുറ്റിപ്പുറത്തുനിന്നും കോഴിക്കോടിന്‌ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞാന്‍ ട്രൈനിലായിരുന്നു യാത്ര , അതും സീസണ്‍ ടിക്കറ്റില്‍.

ഉദ്ദേശം എഞ്ചിനീയറിങ്ങ് എണ്ട്രന്‍സ് എന്ന കടമ്പ കടക്കാന്‍ യൂണിവേര്‍സല്‍ എന്ന വിടെ റ്റ്യൂഷന്‍ പഠിക്കാന്‍. പോകുന്നത് പഠിക്കാനാണെങ്കിലും , ആദ്യത്തെ ഒരു മാസത്തിലെ ക്ലാസ് കഴിഞ്ഞതോടെ , പിന്നെ , രാധ , ബ്ലൂ ഡയമണ്ട് , അപ്സര , ക്രൗണ്‍ , എന്നിവിടങ്ങളെക്കായി നെരെ എന്റെ യാത്ര.

ഫീസ് ആദ്യമേ അവര്‍ വാങ്ങിക്കുന്നതെന്തിനാണെന്നു പിന്നെയാണു മനസ്സിലായത്.
അതു പോട്ടെ ,

സാധാരണ ലോക്കലില്‍ പോകുന്ന എനിക്ക് ലേറ്റായി വന്ന മഡ്രാസ് മെയില്‍ കിട്ടി, വണ്ടിയില്‍ കുറെ പെര്‍ ( ആണും + പെണ്ണും) പാട്ടു പാടിയിരിക്കുന്നു.

ഡോര്‍ തുറക്കാന്‍ അവര്‍ക്ക് വല്യമടി , പിന്നിലെ ബോഗിയില്‍ പോകാന്‍ പറഞ്ഞു. ക്രോസ്സുള്ളതിനാല്‍ പത്തു മിനിറ്റഓളം അവിടെയുടായിരുന്നെങ്കിലും , എറത്ര അപേക്ഷിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല.

പിന്നിലെ ബോഗിയില്‍ കൂടി അപ്പുറത്തേക്ക് കടന്ന ഞാന്‍ , വാതിലിലൂടെ കയറാന്‍ ശ്രമിച്ചതു പക്ഷെ അവര്‍ തടഞ്ഞു , വാതില്‍ അടക്കി പിടിച്ചുനിക്കുന്നതിനിടെ വണ്ടി വിട്ടു , ചാടിയിറങ്ങിയ ഞാന്‍ പിന്നിലെ ബോഗിയില്‍ കയറി തിരൂരിലെത്തി , അവിടെയുള്ള അറിയുന്ന ചുള്ളന്‍ മരോട് കാര്യം പറഞ്ഞു.

ചായയും ഫ്രൂട്ടിയും മൊക്കെ കുടിച്ചു വാക് മാനില്‍ പാട്ടുകേട്ട് നിന്നിരുന്ന , റട്രൗസറിട്ട അവരുടെ നേതാവിനെ , സ്റ്റേഷനില്‍ വെച്ചു മാപ്പു പറയിച്ചു,

കോഴിക്കഓട് വരെ അവന്റെ വാക് മാന്‍ ട്രൈനില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു

കണ്ണൂരിലെ ഏതോ കോളെജില്‍ നിന്നും മഡ്രാസ്സിലേക്ക് റ്റൂറ് പോയവരായിരുന്നു അവര്‍ കോഴിക്കോടെത്തിയതില്‍ അവരുമായി നല്ല കൂട്ടയി ,

പിന്നീട്‌ സ്റ്റീല്‍ പ്ലാന്റില്‍ ജോലി ചെയൂന്ന സമയത്തു ഇതേ പോലെ വരുമ്പൊള്‍ ,
പുതിയ തലമുറയുടെ ലീല വിലാസങ്ങള്‍ കാണാന്‍ നല്ല രസമായിരുന്നു , അതെല്ലാം ആസ്വദിച്ചായിരുന്നു എന്റെ പിന്നീടുള്ള യാത്രകള്‍.


സൂര്യോദയം , നന്ദി , എന്റെ ഓര്‍മ്മകളെ എനിക്കു തിരിച്ചു തന്നതിന്‌

 

Post a Comment

Links to this post:

Create a Link

<< Home