സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, March 18, 2007

പത്താം തരം പരീക്ഷാ സഹായം

പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം...

സിനിമാ തിയ്യറ്ററില്‍ ബാക്ക്‌ സീറ്റാണ്‌ കേമന്മാര്‍ക്കുള്ള ഇരിപ്പിടം എന്ന പോലെ ക്ലാസ്സിലും കേമന്മാരായവരെ ബാക്ക്‌ സീറ്റ്‌ നല്‍കി തന്നെ ആദരിച്ചുപോന്നിരുന്നു. പക്ഷെ, സ്കൂളിന്റെ വിജയശതമാനം നിര്‍ണ്ണയിച്ചിരുന്നത്‌ ഇക്കൂട്ടര്‍ തന്നെ ആയിരുന്നതിനാല്‍ അവര്‍ക്ക്‌ വേണ്ടത്ര മുന്‍ ഗണന നല്‍കിയിരുന്നു.

എങ്ങനെയെങ്കിലും ഈ മിടുക്കന്മാരെ (തടിമിടുക്കാണ്‌ ഉദ്ദേശിച്ചത്‌) ഒന്ന് പരീക്ഷ പാസ്സാക്കിയെടുക്കുക എന്നതായിരുന്നു അദ്ധ്യാപകരുടെ ഒരു പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി അവര്‍ സ്വയം ഏറ്റെടുക്കാതെ അതിനെ ഒന്ന് ജനകീയവല്‍ക്കരിച്ചു. അതായത്‌, ആ ചുമതല ക്ലാസ്സിലെ മുന്‍സീറ്റിലെ മിടുക്കന്മാര്‍ക്ക്‌ വീതം വച്ച്‌ കൊടുത്തു. കോങ്കണ്ണ്‍ ഇല്ലെങ്കിലും 'കുരുടന്‍ നാട്ടില്‍ കോങ്കണ്ണന്‍ കോന്തുണ്ണ്യാര്‌ രാജാവ്‌' എന്ന ചൊല്ലിനെ ഉദാഹരിക്കാന്‍ ഞാനും മുന്‍സീറ്റ്‌ അലങ്കരിച്ചിരുന്നു (ഇത്തിരി ആര്‍ഭാടമായി തന്നെ ഇരിയ്ക്കട്ടെ എന്റെ ഇരിപ്പിന്റെ വിവരണം)

അങ്ങനെ വീതം വച്ച കൂട്ടത്തില്‍ എനിയ്ക്കും കിട്ടി ഒരു കേമനെ.... ഡെന്നി....ആറടി പോക്കമുണ്ടെങ്കിലും ആ ബാക്ക്‌ ബഞ്ചുകാരുടെ കൂട്ടത്തിലെ ഏറ്റവും പാവമായ ഒരുവന്‍.... അദ്ധ്യാപകരില്‍ നിന്ന് ചീത്തയും അടിയും കിട്ടിയാലോ കൂട്ടുകാര്‍ കളിയാക്കിയാലോ ഒരു ശാന്തമായ ചിരിയോടെ എല്ലാം അഭിമുഖീകരിയ്ക്കുന്ന പ്രകൃതം..അവനെ പരീക്ഷയ്ക്ക്‌ പഠിപ്പിച്ച്‌ പാസ്സാക്കിയെടുക്കാന്‍ സഹായിയ്ക്കുക എന്നതാണ്‌ ദൗത്യം....

ആദ്യത്തെ കുറച്ച്‌ ദിവസത്തെ പരിശ്രമപരാക്രമങ്ങളില്‍ നിന്ന് തന്നെ എന്റെ കാര്യം പോക്കാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

കുടം കമിഴ്ത്തിവച്ച്‌ വെള്ളമൊഴിയ്ക്കുക, ഐസ്‌ കട്ടയില്‍ പെയിന്റ്‌ ('പൈ ന്റ്‌ ' അല്ല) അടിയ്ക്കുക, വെള്ളത്തില്‍ ആണിയടിയ്ക്കുക തുടങ്ങി അന്ന് പ്രചാരത്തിലിരുന്ന ചൊല്ലുകളെ അന്വര്‍ത്ഥമാക്കുന്ന പ്രകടനം....

സ്ഥിരമായി ചോദിയ്ക്കാറുള്ള ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എഴുതിക്കൊടുത്തിട്ട്‌ ഞാന്‍ പറഞ്ഞു...

'പറ്റുമെങ്കില്‍ പഠിക്ക്‌... ഇല്ലെങ്കില്‍ എഴുതി വയ്ക്ക്‌... ചോദ്യം മനസ്സിലായാല്‍ നോക്കി എഴുതാനെങ്കിലും ശ്രമിയ്ക്ക്‌...'

അങ്ങനെ വിശ്വപ്രസിദ്ധമായ പത്താം ക്ലാസ്സ്‌ പരീക്ഷ.....

ആദ്യത്തെ കുറേ ചോദ്യങ്ങള്‍ താഴെകൊടുത്തിരിയ്ക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരിയായവ തിരഞ്ഞെടുക്കുന്നവയാണ്‌...

ഈ ചോദ്യങ്ങളെ നടനകലകളിലെ മുദ്രകളും ഗോഷ്ടിചേഷ്ടകളും ഉപയോഗിച്ച്‌ പരസ്പരം അഭിനയിച്ച്‌ പ്രതിഫലിപ്പിച്ച്‌ ഉത്തരമെഴുതുന്ന സമ്പ്രദായമാണ്‌ നിലനിന്നിരുന്നത്‌...

ഡെന്നിയെ ജയിപ്പിച്ചെടുത്താല്‍ വല്ല്യ ക്രെഡിറ്റ്‌ ആകുമെന്നതിനാല്‍ എനിക്ക്‌ ശരിയെന്ന് തോന്നുന്ന ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ക്രമനമ്പര്‍ കൈ വിരല്‍ കൊണ്ട്‌ സിഗ്നല്‍ കൊടുത്ത്‌ ഞാന്‍ പ്രസരണം ചെയ്തു. ഇത്‌ കണ്ടിട്ടാവും പരീക്ഷാ ഹോളിലെ സാറിന്റെ ചോദ്യം...

'എന്താടോ... ഇത്‌ കണക്ക്‌ പരീക്ഷയൊന്നുമല്ലല്ലോ ഇങ്ങനെ വിരലുകള്‍ കൊണ്ട്‌ കൂട്ടിയും കുറച്ചും ഇരിയ്ക്കാന്‍...'

'മലയാളം പരീക്ഷ ഞാന്‍ കണക്കിലെഴുതിയാലും മാഷിനെന്താ...' എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സാവാതെ കോളെജില്‍ പോകാന്‍ പറ്റില്ല (കുടുംബത്ത്‌ കേറാനും പറ്റില്ല) എന്ന ബോദ്ധ്യം കൊണ്ട്‌ ഞാന്‍ ഒരു ചമ്മിയ ചിരിയില്‍ എന്റെ വികാരം ഒതുക്കി.

അന്നത്തെ പരീക്ഷ കഴിഞ്ഞ്‌ പുറത്ത്‌ വന്ന ഞാന്‍ ഡെന്നിയുടെ അടുത്തെത്തി.

'എങ്ങനെയുണ്ട്‌... ആ കറക്കിക്കുത്ത്‌ ചോദ്യങ്ങള്‍ ശരിയാക്കിയാല്‍ തന്നെ ഒരുവിധം ഓ കെ യാകും...' ഞാന്‍ പറഞ്ഞു.

'അതെല്ലാം കാണിച്ച പോലെ തന്നെ എഴുതിയിട്ടുണ്ട്‌.... പക്ഷെ, ചിലതൊന്നും എനിയ്ക്ക്‌ മനസ്സിലായില്ല... രണ്ട്‌ പ്രാവശ്യം വീതം കാണിച്ചപ്പോള്‍ അതില്‍ ഏതാണ്‌ എന്ന് സംശയമായി...' ഡെന്നി വിഷമത്തോടെ പറഞ്ഞു.

ഞാന്‍ ഞെട്ടി.....

'രണ്ടു പ്രാവശ്യമോ.... അയ്യോ... അത്‌ ആദ്യം കാണിച്ചത്‌ ചോദ്യത്തിന്റെ നമ്പറും പിന്നെ കാണിച്ചത്‌ അതിന്റെ ഉത്തരത്തിന്റെ ക്രമനമ്പറുമാണെടാ ദുഷ്ടാ.... ഒന്നുമില്ലെങ്കിലും നാല്‌ ചോദ്യം കഴിഞ്ഞാലെങ്കിലും അത്‌ മനസ്സിലാക്കാമായിരുന്നല്ലോ.... നാലില്‍ കൂടുതല്‍ ഉത്തരം സെലക്ഷന്‍ ഉള്ള ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ...'

ഇത്‌ കേട്ട്‌ തന്റെ സ്വത സിദ്ധമായ ആ ശാന്തമായ ചിരിയോടെ ഡെന്നി നിന്നു.

(പരീക്ഷയുടെ റിസല്‍ട്ട്‌ വന്നപ്പോള്‍ അല്‍ഭുതങ്ങള്‍ ഒന്നും നടന്നില്ല... ഉത്തരം വായിച്ച്‌ നോക്കി തന്നെയാണ്‌ മാര്‍ക്കിടുന്നതെന്ന് ബോദ്ധ്യമാകുകയും ചെയ്തു)

Labels:

7 Comments:

At 1:35 AM, Blogger സൂര്യോദയം said...

എസ്‌ എസ്‌ എല്‍ സി പരീക്ഷ നടക്കുകയാണ്‌... ഈ പരീക്ഷയോടനുബദ്ധിച്ച്‌ നടന്ന ഒരു ചെറിയ സംഭവം പോസ്റ്റ്‌ രൂപത്തില്‍.....

'ഓ... ലവന്‍ ഈ പോസ്റ്റൊന്നും വായിയ്ക്കാന്‍ പോകുന്നിലെന്നേ...' :-)

 
At 4:33 AM, Blogger സാജന്‍| SAJAN said...

സൂര്യോദയം .. ഇതുപോലെ തന്നെയെനിക്കും ഒരനുഭവമുണ്ട്... ഇതു വായിച്ചപ്പോള്‍ .. ഞാന്‍ എന്റെ സഹപാടിയെ ഓര്‍ത്തു പോയി അവനും ഉണ്ടായിരുന്നു..ഏകദേശം ആറടിയോളം പോക്കം ലാസ്റ്റ് ബെഞ്ചിലേ ഇരിക്കൂ...പേര് രാജു എന്നായിരുന്നു
x mass പരീക്ഷ കഴിഞ്ഞ് എന്റെ കൂടെ കൂടി... ഇപ്പറഞ്ഞതുപോലെ മക്സിമം ഞാന്‍ ആ പാവത്തിനെ ഹെല്പ് ചെയ്തിട്ടുണ്ട്...പക്ഷേ എങ്ങനെയെക്കൊയൊ മോഡറേഷന്‍ ഒക്കെ കിട്ടി ചുള്ളന്‍ പാ‍സ്സായി.. ഇപ്പൊ എവിടെയാണൊ ഏന്തൊ?

 
At 6:49 AM, Blogger krish | കൃഷ് said...

ഇതാണ് പരീക്ഷാ സഹായ സഹകരണം.
കൊള്ളാം.

 
At 9:16 PM, Blogger തറവാടി said...

:)

 
At 10:26 PM, Blogger സൂര്യോദയം said...

സാജാ... താങ്കളുടെ പരീക്ഷാ സഹായം കൊണ്ട്‌ അയാള്‍ ജയിച്ചു എന്നെങ്കിലും സമാധാനം.. :-)

കൃഷ്‌... പരീക്ഷാ സഹായങ്ങള്‍ പാരയും ആവാറുണ്ട്‌... അനുഭവം ഗുരു... പക്ഷെ, അനുഭവം വന്നപ്പോഴെയ്ക്ക്‌ പിന്നീട്‌ ഉപയോഗപ്പെടുത്തേണ്ടി വന്നില്ല.. :-)

തറവാടീ... :-)

 
At 1:47 AM, Blogger കുറുമാന്‍ said...

സൂര്യോദയമേ, പരീക്ഷ സഹായം കൊള്ളാലോ :)

 
At 2:37 AM, Blogger ammu said...

ur real name is Sooryodayam???

 

Post a Comment

<< Home