മുത്തച്ഛനും ചാമ്പമരവും-ഓര്‍മ്മക്കുറിപ്പ്
വീടിന്റെ തൊട്ടുപുറകിലാണ് അമ്മയുടെ തറവാട്. മുത്തച്ഛനും അമ്മൂമ്മയും ചെറിയമ്മയുടെ കുടുംബവുമായിരുന്നു താമസം. തറവാടിന്റെ വലതുവശത്തായി ഒരു ചാമ്പമരമുണ്ടായിരുന്നു. ഇത്ര ഫലസിദ്ധിയുള്ള ഒരു മരം അപൂര്‍വ്വമാണ്. കാരണം, നിറയെ ചുവന്നുതുടുത്ത ചാമ്പയ്ക്കകൊണ്ട് സുന്ദരമായ മരവും അതിന്റെ ചുവട്ടില്‍ വീണ് ചതഞ്ഞ് കിടക്കുന്ന നിറയെ ചാമ്പയ്ക്കകളും ഒരു സ്ഥിരം കാഴ്ചയായിരുന്നു.
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം....
ഈ ചാമ്പമരത്തെ ആക്രമിയ്ക്കാനും ചാമ്പയ്ക്കകള്‍ വാരിക്കൂട്ടാനുമായി പരിസരപ്രദേശങ്ങളില്‍ നിന്ന് പല കുട്ടികളും വന്നിരുന്നു. ഒരിയ്ക്കല്‍ അങ്ങനെ വന്നെത്തിയ കുട്ടികളുടെ പ്രകടനം എന്തുകൊണ്ടോ എനിയ്ക്ക് പിടിച്ചില്ല. വന്ന നാലുപേരും നല്ല ചട്ടമ്പി ലുക്കും പ്രവൃത്തിയുമുള്ളവര്‍... ചിലര്‍ മരത്തില്‍ കയറി കുലുക്കുന്നു, ചിലര്‍ കല്ലെടുത്തെറിയുന്നു... അങ്ങനെ ആകെ ആ ഏരിയ തൂത്തുവാരിക്കൊണ്ടുപോകാനുള്ള ഒരു പുറപ്പാടാണെന്ന് എനിയ്ക്ക് തോന്നി.
ഞാന്‍ അന്ന് വല്ല്യ സംഭവമല്ലെങ്കിലും നമ്മുടെ കുടുംബത്ത് കേറി അതിക്രമം കണ്ടാല്‍ സഹിയ്ക്കുമോ... തിരിച്ച് എനിയ്ക്കിട്ട് കീറാന്‍ അവര്‍ മുതിരില്ലെന്ന ധൈര്യത്തില്‍ ഞാന്‍ അവരുടെ ഉദ്യമത്തെ എതിര്‍ത്തു... വിത്ത് സപ്പോര്‍ട്ട് ഫ്രം മൈ മുത്തച്ഛന്‍.... അതില്‍ ഒരാളോടു പോലും എന്റെ പോലുള്ള രണ്ട് ആള്‍ക്കാര്‍ വിചാരിച്ചാല്‍ മുട്ടാന്‍ പറ്റില്ല, എങ്കിലും ആ സാഹചര്യം അവര്‍ക്കെതിരായതിനാല്‍ കുറച്ച് നീരസത്തോടെ പറ്റാവുന്നത്ര ആ ഏരിയ ക്ലീനാക്കി അവര്‍ പോയി....
പിന്നീടാണ് ആ ഗ്യാങ്ങിന്റെ ഫുള്‍ ഡീറ്റയില്‍സ് എന്റെ കൂട്ടുകാരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്... അവര്‍ പള്ളിസ്കൂളിലെ തോറ്റുപഠിയ്ക്കുന്ന കലിപ്പ് ടീമുകളാണ് എന്ന്...എല്ലാവരുടെയും പേരുകളുടെകൂടെ ഒരു കോമ്പിനേഷന്‍ പേരുകൂടി ചേര്‍ത്താലേ അവരെ അറിയൂ അത്രേ...
ഇല്ലിയ്ക്കല്‍ ഷിബു, ചുക്ക് സാബു, ചിതലന്‍ ജയന്‍, അണ്ണന്‍ മുരുകന്‍...
മുരുകന്‍ ഒഴികെ ബാക്കി എല്ലാവരുടെയും വീട്ടുപേരാണ് കൂടെ....
പിന്നെ, അന്ന് അത്ര വിവരമില്ലാത്ത കാരണം ആ ഗ്യാങ്ങ് എന്റെ മനസ്സിനെ ഒട്ടും അലോസരപ്പെടുത്തിയുമില്ല.
ഒരു ദിവസം വൈകീട്ട് സ്കൂള്‍ വിട്ട് ഞാനും എന്റെ സന്തത സഹചാരിയായ ടൈറ്റസും വീട്ടിലേക്ക് നടന്ന് വരുന്നു.
പെട്ടെന്നതാ ആ പഴയ ചട്ടമ്പി ഗ്യാങ്ങ് മുന്നില്‍....
അവര്‍ എന്നെ വഴിയില്‍ തടഞ്ഞു... എന്റെ ചുറ്റും നിന്ന് അവര്‍ ഭീഷണി തുടങ്ങി..
'നിന്റെ വീട്ടില്‍ ചാമ്പയ്ക്ക പറിയ്ക്കാന്‍ വന്നാല്‍ നീ എന്ത് ചെയ്യുമെടാ??... നീ വല്ല്യ ആളായല്ലോ അന്ന്... ഞങ്ങളോട് നീ കളിയ്ക്കാറായോ.... ഒറ്റ ഇടി ഇടിച്ചാല്‍ നീ പപ്പടമാകും...' തുടങ്ങിയ കുറേ ഡയലോഗുകള്‍...
പേടിയുണ്ടെങ്കിലും പുറത്തുകാട്ടാത്ത പ്രകൃതം ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഒട്ടും പേടി ഭാവിയ്ക്കാതെ അവരോട് തര്‍ക്കിച്ചുനിന്നു. ഒടുവില്‍ എന്റെ തര്‍ക്കുത്തരം സഹിയ്ക്കാന്‍ പറ്റാതെ ഏതൊരാളും ചെയ്തുപോകുന്നപോലെ ഇല്ലിയ്ക്കല്‍ ഷിബു എന്റെ താടിയ്ക്കിട്ടൊന്ന് തേമ്പി...
അന്നൊക്കെ താടിയ്ക്ക് തേമ്പുക എന്ന് വച്ചാല്‍ വല്ല്യ മാനക്കേടല്ലേ... ഇതിലും ഭേദം തല്ലി താഴെയിടുന്നതാ.... അവന്‍ താടിയ്ക്കിട്ട് തേമ്പി എന്ന് വച്ച് തിരിച്ച് വല്ലോം ചെയ്യാന്‍ പറ്റ്വോ.... ഷിബുവിന്റെ താടിയ്ക്ക് ഒന്ന് തൊടണമെങ്കില്‍ സ്റ്റുൂളിലോ മറ്റോ കയറി നിക്കണം.... അല്ലാതെ പേടികൊണ്ടല്ല....
കിട്ടിയ തോണ്ടും വാങ്ങിവച്ച് ഞാന്‍ തര്‍ക്കം തുടര്‍ന്നു.... കൂട്ടത്തില്‍ വെല്ലുവിളിയും...
'നിങ്ങളെ ശരിയാക്കിത്തരാട്ടോ... എന്റെ വീടെത്തട്ടെ... ഞാനിന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്...' എന്ന് വിഷമത്തിലും ദേഷ്യത്തിലും പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു.
അവര്‍ക്ക് അവരുടെ വീട്ടിലേക്ക് പോകണമെങ്കില്‍ എന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ വേണം പോകാന്‍. അല്ലെങ്കില്‍ ആശുപത്രിക്കവലയില്‍ നിന്ന് തിരിഞ്ഞ് അല്‍പം ചുറ്റിയും പോകാം...ആശുപത്രിക്കവല എത്തിയപ്പോഴെയ്ക്ക് അവര്‍ക്ക് എന്റെ വീടിന്റെ മുന്നിലൂടെ പോയാലുള്ള റിസ്ക്ക് ഫീല്‍ ചെയ്തു. അവര്‍ പതുക്കെ മറ്റേ വഴിയ്ക്ക് തിരിഞ്ഞു.
ഞാന്‍ വിടുമോ... 'ധൈര്യമുണ്ടെങ്കില്‍ ഇതിലേ വാടാ പേടിത്തൊണ്ടന്മാരെ... പള്ളിസ്കൂളിലെ വല്ല്യ ഗുണ്ടകളാണെന്ന് പറഞ്ഞിട്ട് പേടിച്ചോടുന്നു... വാടാ...' എന്റെ വെല്ലുവിളി.
'പേടിച്ചിട്ടൊന്നുമല്ലാ... ഞങ്ങള്‍ക്ക് ഈ വഴി പോയിട്ട് ഒരു കാര്യമുണ്ട്...' ജയന്‍ പറഞ്ഞു.
'അയ്യേ... നാണക്കേട്... പേടിത്തൊണ്ടന്മാര്‍...' ഞാന്‍ വെല്ലുവിളി തുടര്‍ന്നു.
എന്റെ കളിയാക്കല്‍ എത്ര സഹിയ്ക്കാം... അതും പള്ളിസ്കൂളിലെ മെയിന്‍ ദാദമാര്‍....
'എന്നാ വാടാ... നമുക്ക് അവന്റെ വീടിന്റെ മുന്നിലൂടെ തന്നെ പോകാം...' നേതാവായ ഷിബു പറഞ്ഞു.
അങ്ങനെ എല്ലാവരും കൂടി എന്റെ കൂടെ നടന്നു.വീടെത്താറായപ്പൊഴെയ്ക്ക് ഞാന്‍ ഓടി വീട്ടില്‍ ചെന്ന് അമ്മയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞു..
'ഷിബു എന്റെ ചെകിടത്തടിച്ചൂ....' എന്ന് പറഞ്ഞ് മോങ്ങി.(അദ്ധ്യാപകരായ അഛനും അമ്മയ്ക്കും കുട്ടികളെ ചെകിടത്തടിയ്ക്കുക എന്ന് കേള്‍ക്കുന്നതുതന്നെ ദേഷ്യമുള്ള കാര്യമാണെന്ന് എനിയ്ക്കറിയാമല്ലോ...)
'ഓ... ചെകിടത്തടിച്ചോ... അങ്ങനെയെങ്കില്‍ ചോദിയ്ക്കണമല്ലോ...' എന്ന് പറഞ്ഞ് അമ്മ വീടിന്റെ മുന്നില്‍ നിന്ന് ആ ഫുള്‍ ഗ്യാങ്ങിനെ വീടിന്റെ മുറ്റത്തേയ്ക്ക് വിളിച്ചു.
അങ്ങനെ ക്രോസ്സ് വിസ്താരം നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് മുത്തച്ഛന്‍ അവിടെ എത്തിയത്...എന്റെ കരച്ചിലും അവിടെയുള്ള ക്രോസ്സ് വിസ്താരവും പിള്ളേരുടെ തര്‍ക്കങ്ങളും കണ്ട് മുത്തച്ഛന്‍ ചോദിച്ചു...
'എന്താടാ... എന്തുപറ്റി...???'
'ദേ... ഇവനെന്റെ ചെകിടത്തടിച്ചൂ... ഹും.....' ഇതും പറഞ്ഞു കൊണ്ട് ഞാന്‍ മോങ്ങല്‍ തുടര്‍ന്നു.
'ആര്... ആരാ നിന്നെ അടിച്ചേ...' എന്ന് മുത്തച്ചന്റെ ചോദ്യം...
ഞാന്‍ ഷിബുവിനു നേരെ വിരല്‍ ചൂണ്ടിയതും 'ഠപ്പേ...' എന്ന ശബ്ദത്തില്‍ മുത്തച്ഛന്റെ കൈ ഷിബുവിന്റെ കവിളില്‍ പതിഞ്ഞതും ഒരുമിച്ചായിരുന്നു.
അടിയുടെ സൗണ്ട് എഫ്ഫക്റ്റില്‍ ഷോക്കായി നിന്ന അമ്മയും ഞാനും കണ്ടത് നാലുവഴിയ്ക്ക് പായുന്ന ഷിബുവടക്കമുള്ള ഗ്യാങ്ങിനെയാണ്... അതില്‍ ഷിബുമാത്രം ഓടുന്ന ഓട്ടത്തില്‍ എന്തോ ചീത്ത വിളി നടത്തുന്നുണ്ടായിരുന്നു. (അതിനുശേഷം പല സിനിമകളില്‍ മാത്രമേ ഇതുപോലെ ആളുകള്‍ അപ്രത്യക്ഷമാകുന്ന ഒരു സീന്‍ ഞാന്‍ കണ്ടിട്ടുള്ളൂ)
അന്ന് അമ്മ മുത്തച്ഛനോട് നീരസത്തോടെ സംസാരിയ്ക്കുന്ന ഞാന്‍ കേട്ടു. 'അവര്‍ കുട്ടികളല്ലേ... അവര്‍ വല്ല തോന്ന്യവാസവും കാണിച്ചതിന് അച്ഛനെന്തിനാ ആ കുട്ടിയെ അടിച്ചത്...??' എന്ന് അമ്മ ചോദിച്ചു. അതിന് മറുപടി പറയാന്‍ നില്‍ക്കാതെ മുത്തച്ഛന്‍ ഒറ്റമുണ്ടും തോളത്തിട്ട് റോഡിലേക്കിറങ്ങി...
അന്ന് മുത്തച്ഛന്റെ ആ സ്നേഹം എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു...... ആ മുത്തച്ഛനെ അവസാനകാലം വരെ സ്നേഹിയ്ക്കാനും പരിചരിയ്ക്കാനും എനിയ്ക്ക് വല്ലാത്ത ഒരു സന്തോഷമായിരുന്നു. പ്രായം ചെന്ന് കണ്ണ് രണ്ടും കാണാതായപ്പോഴും മിക്കപ്പോഴും അടുത്ത് ചെല്ലാനും കൈ പിടിച്ച് കൊണ്ട് നടക്കാനും ടിവിയില്‍ ക്രിക്കറ്റ് കണ്ടുകൊണ്ടിരിയ്ക്കുമ്പോള്‍ മുത്തച്ഛന് കളി വിവരിയ്ക്കാനും... അങ്ങനെ അങ്ങനെ.....
അനുബന്ധം...
ആ ഗ്യാങ്ങിലെ എല്ലാവരും ഞാനും അടുത്ത കൊല്ലം മുതല്‍ ഒരേ സ്കൂളിലാണ് തുടര്‍ന്ന് പഠിച്ചത്.. ഞങ്ങള്‍ വല്ല്യ കൂട്ടുകാരായിത്തീര്‍ന്നു.... എന്നും ഒരുമിച്ച് സ്കൂളില്‍പോക്കും വരവും കളികളും എല്ലാം... അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ടൈറ്റസ് ഇന്ന് ഫാദര്‍ ടൈറ്റസാണ്... ഇപ്പോല്‍ ഇറ്റലിയിലോ മറ്റോ ആണ്...ഇല്ലിയ്ക്കല്‍ ഷിബു ഇന്ന് ഡെല്‍ ഹി പോലീസില്‍ ജോലിചെയ്യുന്നു. ചിതലന്‍ ജയന്‍ സൗദിയിലും, മുരുകന്‍ ദുബായിലും ചുക്ക് സാബു ചാലക്കുടിയില്‍ ഡ്രൈവറായും ജോലിചെയ്യുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ മരിച്ചു.... തറവാട്ടിലാണ് സംസ്കരിച്ചത്.... രണ്ട് വര്‍ഷം മുന്‍പ് തറവാടും സ്ഥലവും വിറ്റ് ചെറിയമ്മയും കുടുംബവും ചെറിയച്ചന്റെ നാട്ടിലേക്ക് മാറി... അത് വാങ്ങിയവര്‍ അവിടെ ഒരു വലിയ മണിമാളിക പടുത്തുയര്‍ത്തുന്നു... ആ ചാമ്പമരവും നിലം പതിച്ചു....
തറവാടിന് മുന്നിലെ സ്ഥലത്ത് പുതുതായി പണിത എന്റെ വീടിന്റെ ഉമ്മറത്തിരുന്ന് ഞാന്‍ അവിടേയ്ക്ക് നോക്കി സ്നേഹം നിറഞ്ഞ എന്റെ മുത്തച്ഛനേയും ഒരുപാട് കാലം മനസ്സും വയറും നിറപ്പിച്ച ആ ചാമ്പമരത്തേയും ഓര്‍ക്കും.... മനസ്സിന്റെ തേങ്ങല്‍ കണ്ണു നീരായി രൂപാന്തരപ്പെടുന്നുണ്ടോ എന്ന് സംശയം തോന്നുമ്പോഴെയ്ക്ക് ആധുനികതയുടെ സുഖദായകങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് ഞാന്‍ പിന്മാറും....
Labels: 50th പോസ്റ്റ്
12 Comments:
സൂര്യോദയം ഡയറിക്കുറിപ്പുകള്‍, മിഠായി എന്നീ ബ്ലോഗുകള്‍ വഴി നടത്തുന്ന എന്റെ 50th പോസ്റ്റ്... 'മുത്തച്ഛനും ചാമ്പമരവും-ഓര്‍മ്മക്കുറിപ്പ്'
വായിക്കുന്നവര്‍ സഹിക്കുന്നതിനും ഒരതിരുണ്ടെന്നറിയാം... എങ്കിലും... :-)
പോരാ എന്നു തോന്നുന്നു. എന്നാലും തേങ്ങ എന്റെ വക. :-)
നല്ല ഓര്‍മ്മകള്‍..
പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി.
സൂര്യോദയം,
പോസ്റ്റിനെക്കുറിച്ചൊന്നും പറയാനില്ല.
എന്നാല്‍ അമ്പാതാമത്തെ പോസ്റ്റിനാരും ഒരു ആശംസ തരാത്തതില്‍ വിഷമമുണ്ടുതാനും,
ഒരു പക്ഷെ യാഹൂ പ്രശ്നത്തില്‍ മുങ്ങിപ്പോയതായിരിക്കാം .
എന്തെങ്കിലുമാകട്ടെ , അധികം വറാറില്ല ബൂലോകത്ത് അതിനാലാ കാണാതെ പോയത്. പിന്നെ ബൂലോകത്തുള്ള പലര്‍ക്കും
ഒരു ആശംസ നല്‍കാന്‍ പോലും പലതും ചെയ്യേണ്ടിവരുമെന്നത് വല്യ കഷ്ടം തന്നെ!
സൂര്യോദയം ,
ആശംസകള്‍
താങ്കളുടെ 50ആം പോസ്റ്റിന് , ഇനിയും കുറെ നല്ല പോസ്റ്റുകളെഴുതാന്‍ കഴിയട്ടെ.
തറവാടിയുടെ കമെന്റില്‍ തട്ടിയാണ് ഇവിടെയെത്തിയത്.
50ആം പോസ്റ്റിന് അഭിനന്ദനങ്ങള്‍.
മുന്നെ കമെന്റിട്ടവര്‍ അഭിനന്ദിക്കാത്തതു കൊണ്ടാവണം ആരും ഈ വഴി വരാതെപോയത്.
രാജീവും അപ്പുവും അളിയന്‍സും പ്രായേണ പുതിയ ബ്ലോഗ്ഗേര്‍സ് ആണ്. അതായിരിക്കും അവരും ശ്രദ്ധിക്കാതെ പോയത്.
സൂര്യോദ്യമേ താങ്കളുടെ 50ആം ഉദയത്തിന് ഒരിക്കല്‍കൂടി ആശംസകള്‍. ഇതുപോലെ ഒരുപാട് ഉദയങ്ങള്‍ ഇനിയുമുണ്ടാവട്ടേ....
(ബൂലോകരേ നിങ്ങളെല്ലാം എവിടെ?)
-സുല്‍
അര സെഞ്ച്വറി തികച്ച സൂര്യോദയത്തിനു ആശംസകള്‍.....
'സ്നേഹം നിറഞ്ഞ എന്റെ മുത്തച്ഛനേയും ഒരുപാട് കാലം മനസ്സും വയറും നിറപ്പിച്ച ആ ചാമ്പമരത്തേയും ഓര്‍ക്കും....'
റ്റച്ചിങ്ങ് പോസ്റ്റ്. ശരിക്കും സങ്കടം വന്നു ഇത് വായിച്ചപ്പോള്‍. കലക്കനായിട്ടുണ്ട്.
ജോലിത്തിരക്കിന്റെ ഇടയില്‍ എനിക്കീ പോസ്റ്റ് മിസ്സായതാണ്. പ്രിയപ്പെട്ട സൂര്യോദയം. 50 ന് ആശംസകള്‍. ഇനിയും ഇനിയും എഴുതുക.
പക്കാ ഓ.ടോ: അന്നനാട്ടുകാരന്‍ അല്ലേ? അവിടെ കൊളക്കാട്ടി ബാലന്‍ എന്ന് കേട്ടിട്ടുണ്ടോ? ആള്‍ക്ക് ഒരു മകനുണ്ട്. സുബാഷ്. പ്രായം ഒരു 42-43. കുറെക്കാലം ഗള്‍ഫിലായിരുന്നു, അന്നനാട് സിറ്റിയില്‍ ( :))ഇപ്പോള്‍ ചെറിയ കടയുണ്ട്. അറിയുമെങ്കില്‍ ഇദ്ദേഹത്തെ ആരാ സിഗരറ്റ് വലി പഠിപ്പിച്ചത് എന്ന് ഒന്ന് ചോദിക്കാമോ?
:)
നല്ല ഓര്‍മ്മകള്‍...
അമ്പതാം പോസ്റ്റിന് സ്പെഷ്യല്‍ ആശംസ...
ഇനി സെഞ്ചറിയടിച്ച് ഡെബിള്‍ സെഞ്ച്വൊറിയും ട്രിപിള്‍ സ്വെഞ്ചറിയും ആവട്ടേ എന്ന് ആശംസിക്കുന്നു.
ഓടോ :
ബാക്കി ഇത്രയും സെഞ്ച്വറി കഴിഞ്ഞ ശേഷം...
നന്മ നിറഞ്ഞ സ്നേഹം നിറഞ്ഞ മുത്തച്ചനെ പോലെ തന്നെ സൂര്യോദയവും മുത്തച്ചനായാല്‍ പ്രവര്‍ത്തിക്കുക സ്നേഹം കൊടുക്കുംതോറും തലമുറകളോളം നിലനില്‍ക്കുകയും ചെയ്യും .. നല്ല ചങ്ങാത്തത്തിന്‍റെ തുടക്കം ഇങ്ങനെ ചില മനസ്സില്‍ തട്ടുന്ന സംഭവങ്ങളില്ലൂടെയാണ്
ആശംസകള്‍ ഇനിയും ധാരാളം പോസ്റ്റുകള്‍ എഴുതാനുള്ള അവസരം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു
രാജീവ്, അപ്പു, കമന്റിന് നന്ദി...
അളിയന്‍സ്... ഇപ്പോ കാണാറില്ലല്ലോ... എന്തു പറ്റീ.... അതോ താങ്കളുടെ പോസ്റ്റുകള്‍ മിസ്സ് ആയതോ? :-)
തറവാടീ, സുല്‍, സാന്റോസ്... അമ്പതാം പോസ്റ്റിന് അഭിനന്ദനം അറിയിച്ചതിനും നന്ദി... പോസ്റ്റുകള്‍ക്ക് കമന്റ് കിട്ടുന്നത് എല്ലാവര്‍ക്കും പ്രചോദനമാണ് എങ്കിലും പൊതുവേ പല തിരക്കുകളാലും പലര്‍ക്കും ബ്ലോഗ് വായിക്കുവാനോ, അഥവാ വായിച്ചാല്‍ തന്നെ കമന്റിടാനോ സമയം കിട്ടാറുണ്ടാവില്ല... (ഞാന്‍ പല പല നല്ല ബ്ലോഗുകളും വായിക്കാന്‍ മിസ്സ് ആവാറുണ്ട്... പലതിനും കമന്റിടാനും സമയം കിട്ടാറില്ല... അതിനുപറ്റാത്തതില്‍ സങ്കടമുണ്ടെങ്കിലും ജോലി പോകുന്ന സങ്കടത്തേക്കാള്‍ വലുതല്ലല്ലോ ഈ സങ്കടം.. ;-) )
വിശാല്‍ജീ... താങ്കളുടെ അഭിനന്ദനത്തിനും കമന്റിനും വാല്യൂ ഇച്ചിരി കൂടുതലാണ്... കാരണം, ഞാന്‍ പലവട്ടം പറഞ്ഞത് തന്നെ...എന്നെ ഒരു ബ്ലോഗ്ഗര്‍ ആക്കിയത് താങ്കളുടെ പ്രചോദനവും പ്രേരണയുമാണ്. നന്ദി...
പിന്നെ, അന്നനാട് പഠിച്ചു എന്നേ ഉള്ളൂ... വീട് ചാലക്കുടിയില്‍ ആണ്... എന്നാലും താങ്കള്‍ സിഗററ്റ് വലി പഠിപ്പിച്ചവരൊക്കെ വല്ല്യ നിലയിലായി എന്നറിഞ്ഞതില്‍ സന്തോഷം.. :-)
ഇത്തിരീ... താങ്കളെപ്പോലുള്ള സൂപ്പര്‍ഹിറ്റ് ബ്ലോഗറുടെ പ്രചോദനവും സന്തോഷകരം തന്നെ.. :-)
അങ്ങനെ വല്ല്യ സെഞ്ച്വറികള്‍ അധികം അടിച്ചില്ലെങ്കിലും ചുറ്റും കാണുന്ന സംഭവങ്ങളില്‍ നിന്ന് വല്ല്ലതും കിട്ടിയാല്‍ തട്ടിക്കൂട്ടി ഇവിടെ ഇടാം... ബൂലോഗത്തുള്ളവര്‍ കല്ലെറിഞ്ഞ് ഓടിയ്ക്കുന്നതുവരെ ... :-)
വിചാരം... നന്ദി....
thaankaludey pazhaya posts okkey vaayikkukayayirunnu. ente fav blogsil onnaanu ippol ithu. mattullathinokkey comments ezhuthunnathil prasakthi illa ennu ariyaavunnathu kondu comments onnum ezhuthiyilla. pakshe ithinu enthengilum ezhuthiyillengil sheriyavilla ennu manassu parayunnu. onnum parayan illa engilum..... 'what a great post!'.
Post a Comment
<< Home