സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, April 09, 2007

മൈസര്‍ ജെ.

നല്ല ഉയരം (നാലടിയോളം വരും), അമീര്‍ഖാന്റെ രൂപമാണെന്ന ഭാവം, നല്ല വെളുത്ത നിറം, ആരെയും കളിയാക്കാന്‍ പോന്ന ആത്മവിശ്വാസം, പിന്നെ നല്ല അത്യുഗ്രന്‍ പിശുക്കും ചേര്‍ന്നാല്‍ 'ജെ' എന്ന വ്യക്തിയുടെ നിര്‍വ്വചനമാകും.

ഉയരത്തെക്കുറിച്ച്‌ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ചില ഉദാഹരണവിശേഷണങ്ങള്‍ പ്രചാരത്തിലുണ്ട്‌.

അതില്‍ ചില വിശേഷണങ്ങളും ഉദാഹരണങ്ങളും ഇതാ...

'ഓട്ടോറിക്ഷയില്‍ കാല്‍ ആട്ടി ആട്ടി ഇരിയ്ക്കാന്‍ കഴിയുന്നവന്‍' (കാല്‌ നിലത്ത്‌ മുട്ടാത്തതിനാല്‍ ലഭിച്ച ഭാഗ്യമാണത്രെ)

'ഹോട്ടലുകളില്‍ കുട്ടികള്‍ക്കുള്ള സീറ്റില്‍ ഇരിയ്ക്കാനും കുട്ടികള്‍ക്കുള്ള വാഷ്‌ ബെയിസിന്‍ ഉപയോഗിക്കാനും കഴിയുന്നവന്‍' (മറ്റുള്ളവര്‍ ക്ഷണിച്ചാല്‍ മാത്രമേ ഹോട്ടലില്‍ കയറൂ എങ്കിലും ഈ ഫെസിലിറ്റിയുള്ള ഹോട്ടലുകളേ തിരഞ്ഞെടുക്കൂ)

ഒരിക്കല്‍ 'ജെ.' യെ കാണാന്‍ വൈകീട്ട്‌ ഓഫീസില്‍ ചെന്ന ഒരു സുഹൃത്ത്‌ പിറ്റേന്ന് ജെ യുടെ ഉയരത്തെക്കുറിച്ച്‌ പറഞ്ഞ കമന്റ്‌..

'ഞാന്‍ നോക്കുമ്പോള്‍ ഷട്ടര്‍ പകുതി അടച്ചിട്ടിരിയ്ക്കുകയായിരുന്നു. ജെ അതിന്നടിയിലൂടെ കൂളായി നടന്നുവന്നു എന്ന് മാത്രമല്ല കൈയ്യിലുണ്ടായിരുന്ന ചുരുട്ടിയ കടലാസ്‌ തലയ്ക്ക്‌ മുകളിലൂടെ എറിഞ്ഞ്‌ കളയുകകൂടി ചെയ്തു'

ഈ ഉയരത്തിന്റെ മാറ്റ്‌ കൂടുന്നത്‌ മിസ്റ്റര്‍ ജെ യുടെ പിശുക്കിന്റെ കാഠിന്ന്യത്തിലാണ്‌.

കൂട്ടുകാര്‍ക്കിടയില്‍ തന്റെ പേരിന്റെ മഹിമ വര്‍ദ്ധിപ്പിച്ച്‌ 'മൈസര്‍ ജെ.' എന്ന നാമകരണം ചാര്‍ത്തിക്കിട്ടാന്‍ മിസ്റ്റര്‍ ജെ യ്ക്ക്‌ അധിക സമയം വേണ്ടിവന്നില്ല.

മൊബൈല്‍ ഫോണ്‍ വെറുതെ കിട്ടിയ സാഹചര്യത്തിലാണെന്ന് തോന്നുന്നു പുള്ളിക്കാരന്‍ അത്‌ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചത്‌. പക്ഷെ, ഇന്നുവരെ ഒരു ഔട്ട്‌ ഗോയിംഗ്‌ കോള്‍ കണക്റ്റ്‌ ചെയ്യുവാനുള്ള ഭാഗ്യം ആ ഫോണിനുണ്ടായിട്ടില്ല എന്നതാണ്‌ സത്യം. ഇന്‍ കമിംഗ്‌ കോളുകളില്‍ മാത്രമേ ആ ഫോണിന്‌ ജെ യുടെ വര്‍ത്തമാനം സഹിയ്ക്കേണ്ടിവന്നിട്ടുള്ളൂ.

ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഫീച്ചര്‍ 'മിസ്സ്ഡ്‌ കോള്‍'

ഇതനുഭവിയ്ക്കേണ്ടി വന്ന സുഹൃത്തുക്കള്‍ പലപ്പോഴും ഒരുമിച്ചിരുന്ന് കളിയാക്കിയിട്ടും യാതൊരു കൂസലുമില്ലാതെ മൈസര്‍ ജെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു.

ഇപ്പോള്‍ പ്രചാരത്തിലിരിയ്ക്കുന്ന ഒരു മിസ്സ്ഡ്‌ കോള്‍ സംഭവം...

'മൈസര്‍ ജെ യുടെ വീടിന്‌ തീ പിടിച്ചപ്പോള്‍ അവന്‍ ഫയര്‍ ഫോര്‍സിന്‌ മിസ്സ്ഡ്‌ കോള്‍ അടിച്ച്‌ വെയ്റ്റ്‌ ചെയ്തു അത്രെ... '

Labels:

6 Comments:

At 10:46 PM, Blogger സൂര്യോദയം said...

പേരില്‍ ഒരല്‍പം മാറ്റം വരുത്തി ഞങ്ങള്‍ക്കിടയിലെ ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഇവന്റെ വീരകഥകള്‍ (മൈസര്‍ പഞ്ചുകള്‍) ഇനിയും വരാനിരിയ്ക്കുന്നതേയുള്ളൂ

 
At 10:57 PM, Blogger Sul | സുല്‍ said...

സൂര്യോദയം കൊള്ളാം.

ഒരുതേങ്ങയടിച്ചിട്ടെത്തറ നാളായി
ഏലേലേലേ ഏലയ്യാ.....
“ഠേ......”

-സുല്‍

 
At 11:24 PM, Blogger കുട്ടന്മേനൊന്‍::KM said...

'മൈസര്‍ ജെ യുടെ വീടിന്‌ തീ പിടിച്ചപ്പോള്‍ അവന്‍ ഫയര്‍ ഫോര്‍സിന്‌ മിസ്സ്ഡ്‌ കോള്‍ അടിച്ച്‌ വെയ്റ്റ്‌ ചെയ്തു അത്രെ...' ഇതു കലക്കി സൂര്യാ..

 
At 1:00 AM, Blogger സു | Su said...

ഹിഹിഹി. വളരെ നന്നായിട്ടുണ്ട് ജെയുടെ കാര്യങ്ങള്‍. ഇനിയും പോന്നോട്ടെ.

 
At 6:43 AM, Blogger ഇടിവാള്‍ said...

ഹഹ, ആ ഫയര്‍‌സ്റ്റേഷനിലേക്ക് മിസ് കോളടിച്ചത് അക്രമം!

ന്നാളെവിടെയോ വേറൊരു വിറ്റു കേട്ടു..
വീടിനു തീപിടിച്ചു. ഫയര്‍ സ്റ്റേഷന്‍ ഫോണ്‍ നമ്പര്‍ അറീല്യാ,ഫയര്‍ സ്റ്റേഷന്‍ 2 കി.മീ അകലേ...

ഗെഡീസ് എല്ലാം കൂടി ഫയര്‍ സ്റ്റേഷന്‍ വരെ ഓടി.. അതിന്റെ മുന്നിലെ ബോര്‍ഡില്‍ നിന്നും ഫോണ്‍ നമ്പര്‍ കുറിച്ചെടുത്ത്, തിരിച്ചു വീട്ടിലെത്തി ഫോണ്‍ ചെയ്തു പറഞ്ഞു ;)

വളിപ്പായി ല്ലേ ;)

 
At 9:22 PM, Blogger സൂര്യോദയം said...

സുല്‍... തേങ്ങ കിട്ടിബോധിച്ചു... ബോംബാണോ തേങ്ങയാണോ പൊട്ടിയത്‌... :-)

കുട്ടന്‍ മേന്‍നേ... സു ചേച്ചീ... നന്ദി.

ഇടിവാള്‍ജീ... ഇച്ചിരി ആര്‍ഭാടമായിപ്പോയി... സാരല്ല്യ... ഇമ്മ് ടെ ഗഡിയായതുകൊണ്ട്‌ :-)

 

Post a Comment

Links to this post:

Create a Link

<< Home