സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, April 22, 2007

പൂരം നടത്തിപ്പ്‌

അത്യാവശ്യം വരുമാനമുള്ള ജോലിയും തെണ്ടാനൊരു വണ്ടിയും ആയ കാലം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ 'ഈ തൃശ്ശൂര്‍ പൂരം എന്ന സംഭവം അറ്റന്‍ഡ്‌ ചെയ്യാതിരുന്നാല്‍ അതില്‍പരം നാണക്കേടെന്തുണ്ട്‌ ' എന്ന ചിന്താഗതിയോടെ സംഭവം കൃത്യമായി കവര്‍ ചെയ്യാന്‍ എത്തുമായിരുന്നു.

നല്ല മൂത്ത്‌ പഴുക്കുന്ന വെയിലത്ത്‌ നിന്ന് ഇലഞ്ഞിത്തറ മേളം കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സിലായി, ഇതില്‍ നമ്മുടെ സര്‍ഗ്ഗവാസന ഒതുങ്ങുന്നതല്ല എന്ന്. അങ്ങനെ ഈ പരിപാടി അടുത്ത വര്‍ഷം മുതല്‍ അജണ്ടയില്‍ നിന്ന് മാറ്റി.

എന്നാപ്പിന്നെ 'കുടമാറ്റം എന്ന സംഭവം കേമമല്ലേ' എന്ന് കരുതി ഒരറ്റത്ത്‌ നിന്ന് ആര്‍പ്പ്‌ വിളികളോടെ അത്‌ ആസ്വദിച്ച്‌ കുറേ കഴിഞ്ഞപ്പോള്‍ അതിലും കമ്പം തീര്‍ന്നതിനാല്‍ ആ പരിപാടിയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു (ഈ തീരുമാനിച്ചു എന്ന് പറയുന്നത്‌ ഞങ്ങളുടെ ഗ്യാങ്ങിലെ മെയിന്‍ സ്പിരിറ്റ്‌ ഗഡീസാണ്‌....)

കഴിഞ്ഞ 4-5 വര്‍ഷങ്ങളായി രാത്രിയാകുമ്പോഴെയ്ക്കും അങ്ങ്‌ ചെല്ലുക എന്ന തത്ത്വം പൊതുവേ അംഗീകരിക്കപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പത്തെ ഒരു പൂരം രാത്രി.............

മുന്‍ കൂട്ടി ബുക്ക്‌ ചെയ്ത ഹോട്ടല്‍ റൂമില്‍ അത്യാവശ്യം വേണ്ട സ്പിരിറ്റും ടച്ചിംഗ്‌ സുമായി ഞങ്ങള്‍ എത്തി.

അത്യാവശ്യം സ്പിരിറ്റ്‌ മനസ്സില്‍ ബാധിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇവന്മാര്‍ പുറത്തേക്കിറങ്ങാന്‍ സമ്മതിയ്ക്കൂ.

'ദൈവമേ... ഇവന്മാര്‍ക്കടികൊണ്ടാലും കൂടെ നടക്കുന്ന നമുക്കിട്ട്‌ കിട്ടാതെ കാത്തോളണേ ...' എന്ന് പ്രാര്‍ത്ഥിച്ച്‌ കൂട്ടത്തില്‍ സ്പിരിറ്റില്ലാത്ത ഞാനും എന്റെ മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം ഇറങ്ങി.

അങ്ങനെ വഴിയില്‍ കാണുന്നവരോടൊക്കെ സ്നേഹം പ്രകടിപ്പിച്ച്‌ അവരെ കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ട്‌ മുന്നേറി, റൗന്‍ഡിലെത്തിയപ്പോഴാണ്‌ പഞ്ചവാദ്യം വരുന്ന കണ്ടത്‌.

പെട്ടെന്ന് എല്ലാവരുടേയും മനസ്സിലെ പഞ്ചവാദ്യമോഹം അണപൊട്ടിയൊഴുകുകയും അത്‌ ഒഴുകിപ്പോകുന്നതിനുമുന്‍പ്‌ ആ വാദ്യഘോഷത്തിന്റെ അടുത്തെത്തുകയും ചെയ്തു.

ആസ്വാദനം മൂത്ത്‌ മൂത്ത്‌ കൂടെയുള്ള ക്രിസ്ത്യാനികളായ ബിജുവും ജിജോയും തിക്കിത്തിരക്കി അതാ മുന്നോട്ട്‌ പോയിക്കൊണ്ടിരിയ്ക്കുന്നു.

'ടാ... ചെക്കാ... വേണ്ട്രാ... അതിന്റെ ഇടയില്‍ പോയി തല്ല് വാങ്ങണ്ട്ര...' എന്ന എന്റെ വിളികളൊന്നും ആ മേളത്തിമിര്‍പ്പില്‍ ഞാന്‍ പോലും കേട്ടില്ല.

ഇവന്മാരെ നിരീക്ഷിക്കാനായി ഒരു സൈഡ്‌ പിടിച്ച്‌ നടന്ന ഞാന്‍ കുറച്ചുകഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച വളരെ കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു.

അതാ, പഞ്ചവാദ്യം നയിക്കുന്നത്‌ ബിജുവും ജിജോയും.... തലയാട്ടി, വായുവില്‍ കൈ ഉയര്‍ത്തി പ്രോല്‍സാഹിപ്പിച്ചുകൊണ്ട്‌ ഇതിന്റെ നടത്തിപ്പുകാര്‍ അവരാണെന്ന് തോന്നുമാറുള്ള പ്രകടനം. തിക്കിത്തിരക്കുന്ന ആളുകളെ ബലം പ്രയോഗിച്ച്‌ നീക്കുന്ന പോലീസുകാര്‍ പോലും ഇവരെ നടത്തിപ്പുകാരായി അംഗീകരിച്ച ഒരു പ്രതീതി. ബിജു അതാ പോലീസുകാര്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുമുണ്ട്‌.

കുറേ ദൂരം ചെന്നപ്പോഴെയ്ക്കും സ്പിരിറ്റ്‌ തീര്‍ന്ന ഇവന്മാര്‍ തിരക്കില്‍ നിന്ന് ഇറങ്ങി സൈഡിലേക്ക്‌ വന്നു.

'എന്തൂട്ടാ പഞ്ചവാദ്യം.... എന്ത്‌ കലക്കാ കലക്ക്‌ ണേ... പക്ഷെ, ആ പന്തത്തിന്റെ ചൂടിലും ഭേദം പോലീസിന്റെ തല്ല് തന്ന്യാ...' ബിജുവിന്റെ കമന്റ്‌...

Labels:

9 Comments:

At 11:59 PM, Blogger സൂര്യോദയം said...

ഒരു പൂരം രാത്രിയുടെ ഓര്‍മ്മ.....

 
At 12:06 AM, Blogger സു | Su said...

ഇത്തവണയും പോകുന്നുണ്ടാവും അല്ലേ? കൂട്ടുകാരേയും കൂട്ടി?

 
At 12:17 AM, Blogger പടിപ്പുര said...

അതാണ്‌ പൂരം സ്പിരിട്ട്‌. അല്ലേ :)

 
At 12:27 AM, Blogger salim | സാലിം said...

എട്ട് വര്‍ഷം ഞാന്‍തൃശൂരുണ്ടായിരുന്നു. അതിനിടക്കൊരൊറ്റ പൂരവും ഞാന്‍ മിസ്സ് ചെയ്തിട്ടില്ല. സൂര്യോദയത്തിനെയുംഘഡികള്‍സിനെയുംഒരുപക്ഷെ ഞാനും കണ്ടിട്ടുണ്ടാകും

 
At 3:04 AM, Blogger സൂര്യോദയം said...

സു ചേച്ചീ... ഇത്തവണയും പോകണം.

പടിപ്പുര.... അതെ, സ്പിരിറ്റ്‌ തന്നെ...

സാലിം.... :-)

 
At 6:42 AM, Blogger കുട്ടന്മേനൊന്‍::KM said...

രാത്രി മഠത്തില്‍ വരവ് കഴിഞ്ഞ് മണികണ്ഠനാലിന്റെ അവിടെ തിക്കിലും തിര്‍ക്കിലും നിന്ന് അര്‍മ്മാദിക്കാന്‍ സ്പിരിട്ടില്ലെങ്കില്‍ നോ രക്ഷ.

 
At 7:15 AM, Blogger ദില്‍ബാസുരന്‍ said...

സ്പിരിറ്റ് എന്ന് പറഞ്ഞാലും പോരാ, എന്റമ്മോ. ആള്‍ക്കൂട്ടത്തിലേയ്ക്ക് തീപ്പെട്ടി കത്തിച്ചിട്ടാല്‍ പൊട്ടിത്തെറിയ്ക്കും.

 
At 10:10 AM, Blogger കുതിരവട്ടന്‍ | kuthiravattan said...

അവസാനത്തെ ഡയഗോല് (അങ്ങനെ തന്നെ അല്ലേ?) കലക്കി. ഇടിയൊന്നും കിട്ടിയിട്ടില്ലേ? പറയാത്തതാവും ;-)

 
At 8:44 PM, Blogger സൂര്യോദയം said...

കുട്ടന്‍ മേന്‍ നേ... ദില്‍ബൂ... സ്പിരിറ്റ്‌ അന്നത്തെ ദിവസം ആ ഏരിയയിലെ ദേശീയ പാനീയമായി അംഗീകരിച്ചിട്ടുണ്ട്‌ എന്നാണ്‌ അറിഞ്ഞത്‌... :-)

കുതിരവട്ടാ... നാക്കിന്റെ ബലം കൊണ്ട്‌ മാത്രമാണ്‌ പലപ്പോഴും ഇടിയില്‍ നിന്ന് രക്ഷ കിട്ടാറ്‌.. ;-)

 

Post a Comment

<< Home