സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, May 25, 2007

സൈക്കിള്‍ ബാലന്‍സ്‌

ക്രിസ്തുമസ്സ്‌ ഞങ്ങള്‍ സ്ഥിരമായി ആഘോഷിച്ചുപോന്നിരുന്നു. ഈ 'ഞങ്ങള്‍' എന്നു പറഞ്ഞാല്‍ അതില്‍ രണ്ടോ മൂന്നോ പേരേ ക്രിസ്ത്യാനികളായി ഉണ്ടായിരുന്നുള്ളൂ....

ക്രിസ്തുമസ്സിന്റെ തലേന്ന് കാലത്ത്‌ തന്നെ ഒരു വെട്ടുകത്തിയുമായി ഇറങ്ങും.... ആരുടെയെങ്കിലും പറമ്പില്‍ നിന്ന് ഒരു ചെറിയ ജാതിമരം അങ്ങ്‌ കാച്ചും...

അതിന്റെ ഡെക്കറേഷന്‍ സമയവും സൗകര്യവും തോന്ന്യവാസവുമനുസരിച്ചായിരിയ്ക്കും...
എന്ന് വച്ചാല്‍... ചിലപ്പോള്‍ ഒരു മേക്കപ്പും ഇല്ലാതെ ആ മരത്തിനെ വീടിന്നടുത്ത്‌ റോഡരികില്‍ ഒരു മൂലയില്‍ കൊണ്ടുപോയി അതേപോലെ കുഴിച്ചിടും... ചിലപ്പോള്‍ അതിന്റെ ഇലകളെല്ലാം കളഞ്ഞ്‌ അതില്‍ കുമ്മായം പൂശും... എന്നിട്ട്‌ വൈകുന്നേരമാകുമ്പോഴെയ്ക്കും കുറേ ബലൂണും റിബണും കുറച്ച്‌ നക്ഷത്രങ്ങളും പിന്നെ കുറേ മാലബള്‍ബും അതിന്മേല്‍ വച്ച്‌ കേറ്റും.... ക്രിസ്തുമസ്‌ ട്രീ റെഡി....

രണ്ട്‌ എടുത്താല്‍ പൊന്താത്ത സ്പീക്കറും (സ്പീക്കറിന്റെ സൈസ്‌ കുറഞ്ഞാല്‍ കുറച്ചിലാ...) ആമ്പ്ലിഫയറും വാടകയ്ക്ക്‌ എടുത്ത്‌ കൊണ്ടുവന്നിട്ട്‌ ടേപ്പ്‌ റെക്കോര്‍ഡറുമായി അവരെ ബന്ധിപ്പിച്ചിട്ട്‌ ഫുള്‍ വോളിയത്തില്‍ നല്ല ഡപ്പാംകുത്ത്‌ പാട്ടുകളങ്ങ്‌ വച്ച്‌ കാച്ചും...

കുറേ ദൂരം സൈക്കിള്‍ ചവിട്ടി പോയിട്ട്‌ സൗണ്ട്‌ എഫ്ഫക്റ്റ്‌ ഏത്‌ അറ്റം വരെ ക്ലിയറായി കേള്‍ക്കുന്നുണ്ടെന്നത്‌ ചെക്ക്‌ ചെയ്തിട്ടേ ഞങ്ങളുടെ സുഹൃത്തും ആസ്ഥാന ഇലക്റ്റ്രീഷ്യനുമായ സുധപ്പന്‌ ആശ്വാസമാകൂ...

സന്ധ്യ കഴിയുമ്പോഴെയ്ക്ക്‌ എനര്‍ജി ഡ്രിങ്ക്‌ കഴിക്കേണ്ടവര്‍ അതെല്ലാം സംഘടിപ്പിച്ച്‌ അതിന്റെ കണ്‍ വീനറായ ജീയോയുടെ നേതൃത്ത്വത്തില്‍ സ്ഥലസൗകര്യവും മറ്റ്‌ പശ്ചാത്തലസംവിധാനങ്ങളും റെഡിയാക്കും...

അന്ന് ഭാരിച്ച ഒരു ഉത്തരവാദിത്തം എന്റെ തലയില്‍ ചാര്‍ത്തിത്തരും.... അതായത്‌, അന്നത്തെ കാര്യപരിപാടികള്‍ കഴിയുന്നവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകണം.... പുറമേ നിന്ന് ക്രിസ്തുമസ്‌ ട്രീ കാണാന്‍ വരുന്ന വല്ല ജാടപ്പരിഷകളുമായി ഉന്തോ തല്ലോ ഉണ്ടാകാതെ നോക്കാനും (കിട്ടാതെ നോക്കാന്‍ നമ്മളെ ആരും പഠിപ്പിക്കണ്ടല്ലോ), അഥവാ ഉണ്ടായാല്‍ പിടിച്ച്‌ മാറ്റാനും....

പിന്നെ, എല്ലാ പരിപാടികളും കഴിഞ്ഞ്‌ പൊട്ടാത്ത മാലബള്‍ബുകളോ മറ്റ്‌ സാധനസാമഗ്രികളോ ഉണ്ടെങ്കില്‍ അതെല്ലാം തലയ്ക്ക്‌ വെളിവുള്ള വേറെ ആരെയെങ്കിലും ഒക്കെ സംഘടിപ്പിച്ച്‌ വാരിക്കൂട്ടി എടുത്തുവയ്ക്കാനും...

എനര്‍ജി ഡ്രിങ്ക്‌ കഴിയ്ക്കാതെ തന്നെ വേണ്ടത്ര എനര്‍ജിയുള്ള എന്നെപ്പോലുള്ള ഒന്നുരണ്ട്‌ പേര്‍കൂടി കാണും അവിടെ എന്നത്‌ മാത്രമാണ്‌ ഒരു ആശ്വാസം...

അന്നത്തെ കലാപരിപാടി (ഡപ്പാം കുത്ത്‌ പാട്ട്‌ വച്ച്‌ 'ഡാന്‍സ്‌' എന്ന് തെറ്റിദ്ധരിച്ച്‌ തുള്ളിച്ചാടുന്ന പരിപാടി) കഴിയുമ്പോഴെയ്ക്കും ഒരുമാതിരി എല്ലാവരും ആകെ അഴകൊഴയാകും.... അതായത്‌, വീട്ടില്‍പോകാന്‍ ഇഴയേണ്ടിവരും എന്ന്....

അങ്ങനെ ഇഴയേണ്ടിവരും എന്ന് ബോദ്ധ്യമുള്ള രാജേഷിനെ വീട്‌ വരെ സൈക്കിളില്‍ എത്തിയ്ക്കുക എന്ന സേവനകര്‍മ്മം ഏറ്റെടുക്കന്‍ സതീശന്‍ തയ്യാറായി. (സതീശന്‍ ഒരു പാവം പട്ടര്‍ പയ്യന്‍... അന്നൊക്കെ മദ്യം കണ്ടാല്‍ തന്നെ പറ്റാവും... അതുകൊണ്ട്‌ തന്നെ അതിന്റെ പരിസരത്ത്‌ പോകാത്തവന്‍).

അങ്ങനെ രാജേഷിനെ പിന്നില്‍ കയറ്റിയിരുത്തി സതീശന്‍ സൈക്കിള്‍ ചവിട്ടിത്തുടങ്ങി....

തിരിഞ്ഞുനടന്ന ഞാന്‍ സൈക്കിള്‍ വീഴുന്ന ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ ഓടിച്ചെന്നു. രണ്ടുപേരെയും പിടിച്ചെഴുന്നേല്‍പ്പിച്ചു.

'എന്താ സതീശാ... നോക്കി പോകണ്ടേ...' ഒരു ഫ്രീ ഉപദേശം അങ്ങ്‌ കൊടുത്തു.

വീണ്ടും രാജേഷിനെ പിന്നില്‍ കയറ്റി ഇരുത്തി, സതീശന്‍ സൈക്കിള്‍ ചവിട്ടിത്തുടങ്ങി....

ഇത്തവണ ആ പോക്ക്‌ ഞാന്‍ ഒന്ന് നോക്കിനിന്നു....

പാവം സതീശനെ കുറ്റം പറഞ്ഞിട്ടെന്താ.... പിന്നില്‍ ഇരിയ്ക്കുന്ന രാജേഷ്‌ തല നേരെ നില്‍ക്കാത്തതിനാല്‍ അത്‌ സ്റ്റെഡി ആക്കാന്‍ കഷ്ടപ്പെടുകയും അതിന്റെ ഫലമായി ശരീരഭാരം വിവിധദിശകളിലേയ്ക്ക്‌ വികേന്ദ്രീകരിയ്ക്കപ്പെടുകയും ചെയ്യുന്നതിനാല്‍..... എന്തിനേറെ പറയുന്നൂ...
ദേ കിടക്കുന്നൂ ചട്ടീം കലോം താഴെ....

ഞാന്‍ വീണ്ടും ഓടിച്ചെന്നു.... സതീശന്‍ ഞാന്‍ പിടിയ്ക്കാതെ തന്നെ എഴുന്നേറ്റു....
സൈക്കിളുമായി കെട്ട്‌ പിണഞ്ഞ്‌ കിടക്കുന്ന രാജേഷിനെ കെട്ടഴിച്ച്‌ പുറത്തെടുത്ത്‌ നിര്‍ത്തി....

സതീശന്‍ ഒരു നിസ്സഹായാവസ്ഥയില്‍ എന്നെ നോക്കി....

"സാരല്ല്യ.... സതീശന്‍ ഒന്ന് സൂക്ഷിച്ചാല്‍ മതി..." ഇതും പറഞ്ഞ്‌ ഞാന്‍ വീണ്ടും രാജേഷിനെ സൈക്കിളില്‍ കയറ്റിവിടാനുള്ള ശ്രമം തുടങ്ങിയതും, വളരെ വേദനാജനകവും സഹതാപാര്‍ഹവുമായ സ്വരത്തില്‍ തൊഴുകൈയ്യോടെ രാജേഷിന്റെ അഭ്യര്‍ത്ഥന...

"ശതീഷാ.... ഇനി ന്നെ തട്ടീടര്‌ത്‌..... പ്ലീഷ്‌..."

Labels:

12 Comments:

At 12:19 AM, Blogger സൂര്യോദയം said...

മിഠായി, അച്ഛന്റെ പുരാണപ്പെട്ടി, സൂര്യോദയവിചാരം എന്നൊക്കെയുള്ള രൂപങ്ങളിലൊക്കെ എന്റെ മറ്റു 'കത്തികള്‍' പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും 'സൂര്യോദയം ഡയറിക്കുറിപ്പുകള്‍' എന്ന വകുപ്പില്‍ ഇതെന്റെ 50th പോസ്റ്റ്‌.... (നോട്ടൗട്ട്‌....)

അല്‍പസ്വല്‍പം മദ്യസേവകരാണെങ്കിലും സ്നേഹനിധികളായ എന്റെ കൂട്ടുകാര്‍ക്ക്‌ സമര്‍പ്പിയ്ക്കുന്നു....

 
At 12:28 AM, Blogger സു | Su said...

നല്ല കാര്യം. 50 പോസ്റ്റ് ആയത്. ആശംസകള്‍.

 
At 12:45 AM, Blogger ദീപു : sandeep said...

50th പോസ്റ്റിന് ആശംസകള്‍

 
At 1:10 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് :

ഹായ് സാന്‍ഡോടെ കൂട്ടുകാര്... സാന്‍ഡോയെ വാ‍ ന്നു വിളിച്ചാല്‍ ചാത്തനും സാന്‍ഡോയും ഒന്നാന്നു പറയോ??

അതിലിപ്പോ പറയാന്‍ എന്തിരിക്കുന്നു... ബ്ലോഗിലു വന്ന അന്നു മുതല്‍ ചാത്തനും സാന്‍ഡോയും ഒന്നാ...

വെള്ളടിക്കുമ്പോ ചാത്തന്റെ പ്രേതം സാന്‍ഡോടെ മേത്തൂന്ന് എറങ്ങി മാറി നില്‍ക്കൂം.. അത്ര മാത്രം...

 
At 4:40 AM, Blogger Dinkan-ഡിങ്കന്‍ said...

ചിയ്യേര്‍സ്.... :)

 
At 7:33 AM, Blogger Sathees Makkoth | Asha Revamma said...

എനര്‍ജി ഡ്രിങ്ക്‌ കഴിയ്ക്കാതെ തന്നെ വേണ്ടത്ര എനര്‍ജിയുള്ള എന്നെപ്പോലുള്ള ഒന്നുരണ്ട്‌ പേര്‍കൂടി കാണും അവിടെ എന്നത്‌ മാത്രമാണ്‌ ഒരു ആശ്വാസം...

അങ്ങനങ്ങ് നല്ല പുള്ള ചമയാതെ സത്യത്തില്‍ ആരാ രാജേഷിനെ ഉരുട്ടിയിട്ടത്?

 
At 4:39 AM, Blogger ചേച്ചിയമ്മ said...

:)

 
At 4:39 AM, Blogger Areekkodan | അരീക്കോടന്‍ said...

ആശംസകള്‍.

 
At 11:14 PM, Blogger സൂര്യോദയം said...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി....
സതീശാ.... മാകോത്ത്‌ സതീശനല്ല കക്ഷി... ഇത്‌ വെറും ശതീഷന്‍... ;-)

 
At 11:19 PM, Blogger മുസ്തഫ|musthapha said...

ഹഹഹ... രാജേഷിന്‍റെ ആ അഭ്യാര്‍ത്ഥനയാണ് അഭ്യാര്‍ത്ഥന :))




അന്‍പതാം പോസ്റ്റിനാശംസകള്‍!

 
At 8:51 AM, Blogger വിനുവേട്ടന്‍ said...

അന്‍പതും കഴിഞ്ഞ്‌ സെഞ്ചുറിയിലേയ്ക്ക്‌ എത്തുവാന്‍ സകല ഭാവുകങ്ങളും നേരുന്നു.

http://thrissurviseshangal.blogspot.com/

 
At 9:02 AM, Blogger Mr. K# said...

പാവം രാജേഷ്...

 

Post a Comment

<< Home