സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, June 05, 2007

സൂര്യാസ്തമയവിവാഹം

പെണ്‍കുട്ടിയുടെ പിന്‍ വാങ്ങലില്‍ വിശ്വാസമില്ലാതിരുന്ന അസ്തമയന്‍ അവിടെ കോണ്ടാക്റ്റ്‌ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അധികം താമസിയാതെ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിയ്ക്കാന്‍ കഴിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍.

മാമന്മാരുടെ നിര്‍ബന്ധത്തിനും അമ്മയുടെ തുടര്‍ച്ചയായുള്ള പ്രേരണയ്ക്കും വഴങ്ങിയാണ്‌ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി ഫോണ്‍ ചെയ്യേണ്ടിവന്നതെന്ന് ആ പെണ്‍കുട്ടി അസ്തമയനെ അറിയിച്ചു. അങ്ങനെ അന്ന് വിളിച്ച്‌ സംസാരിച്ചതിനാലാണ്‌ ഇപ്പോഴെങ്കിലും ചെറിയതോതിലുള്ള ഫോണ്‍ ആക്സസ്സും മറ്റും ലഭിച്ചത്‌ എന്നും പറഞ്ഞു. ഈ വിവരം അസ്തമയന്‍ എന്നെ അറിയിച്ചെങ്കിലും എനിയ്ക്ക്‌ അപ്പോഴും ഒരു പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നില്ല.

അസ്തമയന്‍ പല വേഷപ്രച്ഛന്നപരിപാടികളിലൂടെ ആ കുട്ടിയുടെ വീടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നടത്തി. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറായ ഒരു സുഹൃത്തുമൊന്നിച്ച്‌ ആ പരിസരത്ത്‌ ഒന്ന് രണ്ട്‌ വട്ടം കറങ്ങിയത്‌ കൂടാതെ, ബാങ്കില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുമൊത്ത്‌ അക്കൗണ്ട്‌ ചേര്‍ക്കാനെന്ന പേരില്‍ ആ വീട്ടില്‍ ചെല്ലുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലുള്ളവര്‍ അസ്തമയനെ ഇതിനുമുന്‍പ്‌ കാണാത്തതിനാല്‍ അവര്‍ക്ക്‌ സംഗതി പിടികിട്ടിയില്ല.

ആ കുട്ടി ഈ ബന്ധത്തില്‍തന്നെ ഉറച്ച്‌ നില്‍ക്കുന്നതായുള്ള കണ്‍ഫര്‍മേഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് അടുത്ത നടപടി എന്ത്‌ എന്നത്‌ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ശക്തമായി വീട്ടുകാരുടെ പ്രതിരോധങ്ങളെ അവഗണിച്ച്‌ ഇറങ്ങിവരാന്‍ ആ കുട്ടിയ്ക്ക്‌ ധൈര്യം കുറവായിരുന്നു എന്ന് വേണം കരുതാന്‍.

കഴിഞ്ഞ വ്യാഴാഴ്ച (മെയ്‌ 31) രാത്രി 10.30 ന്‌ അസ്തമയന്‌ ഒരു SMS ലഭിച്ചു. പിറ്റേന്ന് വീടിന്നടുത്ത്‌ വന്നാല്‍ ആ കുട്ടി ഇറങ്ങിവരാം എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

ഇത്ര പെട്ടെന്ന് ഇത്‌ പ്രതീക്ഷിയ്ക്കാത്ത അസ്തമയന്‍ എന്നെ വിളിച്ച്‌ വിവരം പറഞ്ഞു. ഇത്ര തിരക്കിട്ട്‌ വേണോ എന്ന എന്റെ സംശയം അസ്തമയനും ആ കുട്ടിയോട്‌ തിരിച്ച്‌ ചോദിച്ചെങ്കിലും ഇനി യാതൊരു കോംബ്രമൈസ്‌ സംസാരങ്ങള്‍ക്കും ആ കുട്ടിയുടെ വീട്ടില്‍ സ്ഥാനമില്ലെന്ന് ആ കുട്ടി ഉറപ്പിച്ച്‌ പറഞ്ഞു. മാത്രമല്ല, രഹസ്യമായി ഗല്‍ഫില്‍ നിന്നുതന്നെ മറ്റൊരു വിവാഹം അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആ കുട്ടിയ്ക്ക്‌ ബോധ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച വെളുപ്പിന്‌ (ജൂണ്‍ 1) 1.30 ന്‌ ആ പെണ്‍കുട്ടി അസ്തമയനെ വിളിച്ച്‌ പദ്ധതി ഉറപ്പിച്ചു.

അന്ന് ഉച്ചയ്ക്ക്‌ മുന്‍പ്‌ 11 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാറുമായി വീടിന്നടുത്തെത്തിയാല്‍ കിട്ടുന്ന അവസരത്തില്‍ വീട്ടില്‍ നിന്നിറങ്ങി വരാം എന്ന് ഉറപ്പിച്ചു. അസ്തമയന്‍ ഈ വിവരം എന്നെ അറിയിച്ചു. ഈ കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും സംസാരിയ്ക്കാന്‍ ഞാന്‍ അസ്തമയനോട്‌ പറഞ്ഞു. എന്നെ അല്‍പം അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ ഞങ്ങളുടെ അച്ഛനും അമ്മയും യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല.

വെള്ളിയാഴ്ച എനിയ്ക്ക്‌ ഓഫീസില്‍ കാലത്ത്‌ ഒഴിവാക്കാന്‍ കഴിയാത്ത കുറച്ച്‌ ജോലിത്തിരക്കുള്ളതിനാല്‍ കാറുമായി ചെല്ലുവാനുള്ള ബുദ്ധിമുട്ട്‌ അസ്തമയനെ അറിയിച്ചു. എങ്കിലും അമ്മയുടെ ഒരു കസിന്റെ കാര്‍ കൊണ്ടുപോകാന്‍ പറയുകയും ബാക്കി കാര്യങ്ങള്‍ വഴിയെ പ്ലാന്‍ ചെയ്യാമെന്ന് അറിയിയ്ക്കുകയും ചെയ്തു. ഒരു കൊല്ലത്തെ വാലിഡിറ്റിയുള്ള എഗ്രിമന്റ്‌ രജിസ്റ്റ്രേഷന്‍ എന്ന പരിപാടിയുണ്ടെന്ന് അഡ്വക്കേറ്റായ എന്റെ ഒരു സുഹൃത്ത്‌ അസ്തമയനെ അറിയിച്ചിരുന്നു. പക്ഷെ, സൂര്യോദയം വിളിച്ചുപറയാതെ ഇതില്‍ ഇടപെടില്ലെന്ന് അവന്‍ പറഞ്ഞുവെന്നും അസ്തമയന്‍ എന്നെ അറിയിച്ചു. ഞാന്‍ ഉടനെ എന്റെ സുഹൃത്തിനെവിളിച്ച്‌ വേണ്ട നിയമപരമായ സഹായങ്ങളും രജിസ്റ്റ്രേഷനുവേണ്ട നടപടികളും ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച.......

രാവിലെ അസ്തമയന്‍ എന്നെ വിളിച്ച്‌ കാര്യങ്ങള്‍ ഫൈനലൈസ്‌ ചെയ്തു. ഒരു പോലീസുകാരനുള്‍പ്പെടെയുള്ള മൂന്നു സുഹൃത്തുക്കളോടൊപ്പം 11 മണിയോടെ ആ കുട്ടിയുടെ വീടിന്നടുത്ത്‌ ചെല്ലാനുള്ള പദ്ധതി വിവരിച്ചു. രജിസ്റ്റ്രേഷന്‌ എത്താന്‍ ശ്രമിയ്ക്കാം എന്ന് അസ്തമയനെ ഞാന്‍ അറിയിച്ചു. കാര്‍ ഓടിയ്ക്കുവാന്‍ നിശ്ചയിച്ചിരിയ്ക്കുന്ന അസ്തമയന്റെ സുഹൃത്തിനെ ഞാന്‍ വിളിച്ചു. ധൈര്യക്കുറവുണ്ടോ എന്നും ടെന്‍ഷനുണ്ടോ എന്നും അന്വേഷിച്ചു.

"ഇതൊരു ഞാണിന്മേല്‍ കളിയാണ്‌... കിട്ടിയാല്‍ കിട്ടി... പോയാല്‍ പോയി..." അവന്‍ പറഞ്ഞു.

"ഞാന്‍ വരണോ?... കോണ്‍ഫിഡന്‍സ്‌ കുറവുണ്ടെങ്കില്‍ പറയണം..." ഞാന്‍ പറഞ്ഞു.

"ഇല്ലാ... കുഴപ്പമില്ലാ... നോക്കാം.." അവന്‍ പറഞ്ഞു.

ഓഫീസിലേക്ക്‌ കയറുന്നതിനുമുന്‍പ്‌ എന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു.

"ചേട്ടന്‍ പോകേണ്ടതായിരുന്നു...അവര്‍ക്ക്‌ എന്തെങ്കിലും സഹായം വേണ്ടിവന്നാലോ... ആ കുട്ടിയുടെ മാമന്മാര്‍ സ്ഥലത്തുള്ളതാണ്‌... വല്ല പ്രശ്നങ്ങളുമുണ്ടായാലോ??"

മനസ്സില്‍ ഇതേക്കുറിച്ച്‌ തന്നെ ചിന്തിച്ചുകൊണ്ടിരുന്ന എനിയ്ക്ക്‌ പിന്നീടൊന്നും ആലോചിയ്ക്കാനുണ്ടായിരുന്നില്ല. ഞാന്‍ വരുന്നുണ്ടെന്ന വിവരം ഞാന്‍ അസ്തമയനെ വിളിച്ച്‌ അറിയിച്ചു. അസ്തമന്‌ അത്‌ വല്ലാത്ത ഒരു കോണ്‍ഫിഡന്‍സ്‌ ഉണ്ടാക്കിയെന്ന് അവന്റെ പ്രതികരണത്തില്‍ നിന്ന് എനിയ്ക്ക്‌ മനസ്സിലായി.

ഓഫീസില്‍ കാലത്ത്‌ തന്നെ തിരക്കുള്ള ജോലികളെല്ലാം തീര്‍ത്ത്‌ മറ്റുള്ള ജോലികള്‍ ടീമിലുള്ളവര്‍ക്ക്‌ വിവരിച്ച്‌ കൊടുത്ത്‌ ഞാന്‍ 11 മണിയോടെ ലീവ്‌ എടുത്ത്‌ ചാലക്കുടിയ്ക്ക്‌ പുറപ്പെട്ടു. പൊതുവേ വല്ല്യ സ്പീഡ്‌ കുറവൊന്നുമില്ലാതിരുന്ന എന്റെ കാര്‍ അന്നും സ്പീഡ്‌ 80-100 കി.മീ. തന്നെ കീപ്പ്‌ ചെയ്തു. വല്ലാത്ത പെര്‍ഫോര്‍മന്‍സ്‌ കാണിച്ച്‌ തട്ടിപ്പോയാല്‍ വെറുതേ ആ രജിസ്റ്റ്രേഷന്‍ ഞാനായിട്ട്‌ മുടക്കേണ്ടല്ലോ എന്ന ചിന്ത എന്നെ ഓവര്‍ സ്പീഡില്‍ നിന്ന് പിന്തിരിപ്പിച്ചു.

വഴിയില്‍ ഞാന്‍ അസ്തമയനെ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
..................................................................................................
അസ്തമയനും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീടിന്ന് മുന്നിലെ റോഡിലൂടെ കാറില്‍ കടന്നുപോയത്‌ വീടിന്റെ മുന്നില്‍ നിന്ന് ആ കുട്ടി കാണുകയും അകത്തേയ്ക്ക്‌ കയറിപ്പോകുകയും ചെയ്തു. കാര്‍ കുറച്ച്‌ ദൂരം ചെന്ന് തിരിച്ച്‌ വീണ്ടും വീടിന്ന് മുന്നിലൂടെ കടന്ന് അല്‍പം നീക്കി നിര്‍ത്തി. പെണ്‍കുട്ടി വീടിന്നുള്ളില്‍ നിന്ന് നേരെ ഇറങ്ങി വന്ന് കാറില്‍ കയറുകയും കാര്‍ അതിവേഗത്തില്‍ അവിടെ നിന്ന് പോരുകയും ചെയ്തു. (ആ കുട്ടി അമ്മയുടെ കൂടെ പുറത്ത്‌ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു അത്രേ. ഒരു ഫോണ്‍ വന്ന് അമ്മ അത്‌ അറ്റന്‍ഡ്‌ ചെയ്യാന്‍ അകത്ത്‌ പോയ ടൈമിങ്ങിലാണ്‌ പുറത്തിറങ്ങി കാറില്‍ കയറിയത്‌)
..................................................................................................
11.15 ന്‌ പെണ്‍കുട്ടി കാറില്‍ കയറിയതായും അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്നമനട എന്ന സ്ഥലം ലക്ഷ്യമാക്കി പാഞ്ഞ്‌ തുടങ്ങിയതായും അറിയിച്ചു.(പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട്‌ വന്ന സ്ഥലം ഇത്ര കോമ്പ്ലക്സ്‌ ആയിരിയ്ക്കുമെന്ന് അസ്തമയന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. ചുറ്റും വീടുകളും എപ്പോഴും ജനസഞ്ചാരമുള്ള റോഡും തോട്ടപ്പുറത്ത്‌ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുള്ള വളരെ ലൈവ്‌ ആയ ഒരു ഏരിയ ആയിരുന്നു അത്രേ... ആ കുട്ടിയുടെ അമ്മ ഓടിവന്ന് അലമുറയിടുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇടികൊണ്ട്‌ ജീവിതം ഒടുങ്ങിയേനെ എന്ന് അവര്‍ പിന്നീട്‌ പറയുകയുണ്ടായി)

ചാലക്കുടിയില്‍ അഡ്വക്കേറ്റായ എന്റെ സുഹൃത്തിന്റെ കയ്യില്‍ നിന്ന് രജിസ്റ്റ്രേഷനുവേണ്ട ഡോക്കുമെന്റ്സ്‌ കളക്റ്റ്‌ ചെയ്ത്‌ അവിടേയ്ക്ക്‌ എത്തിക്കൊള്ളാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച്‌ ഡോക്കുമെന്റ്സ്‌ റെഡിയാക്കാനും ഞാന്‍ ഉടനെ എത്തുമെന്നും അറിയിച്ചു.രജിസ്റ്റര്‍ ഓഫീസില്‍ വിളിച്ച്‌ പറഞ്ഞിട്ടുണ്ടെന്നും അവിടുത്തെ കാര്യങ്ങളില്‍ ഒന്നും തടസ്സമില്ലെന്നും അവന്‍ എന്നോട്‌ പറഞ്ഞു.

11.35 ന്‌ ഞാന്‍ ചാലക്കുടിയിലെത്തി. അവിടെ ഡോക്കുമെന്റ്സ്‌ ശരിയാക്കുന്ന ജോലി നടക്കുകയായിരുന്നു. സ്റ്റാമ്പ്‌ പേപ്പറിലും മറ്റുമായി മാറ്റര്‍ പ്രിന്റ്‌ ചെയ്യുകയും അതിനോടനുബദ്ധിച്ചുള്ള മറ്റ്‌ രേഖകള്‍ ശരിയാക്കലും നടന്നുകൊണ്ടിരിയ്ക്കുന്നു.

ഇതിന്നിടയില്‍ എന്റെ അച്ഛന്‍ എന്നെ ഫോണില്‍ വിളിച്ചു. അസ്തമയന്‍ വീട്ടില്‍ വിളിച്ച്‌ സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌ ചെയ്തിരുന്നു. എന്തെങ്കിലും പോലീസ്‌ ഇടപെടല്‍ ഉണ്ടാകുകയാണെങ്കില്‍ അതിന്ന് തടയിടുന്നതിനായി രാഷ്ട്രീയപരമായ ചില നീക്കങ്ങള്‍ അച്ഛന്‍ ഇതിന്നകം നടത്തിക്കഴിഞ്ഞിരുന്നു. അച്ഛനും ഇതില്‍ വല്ലാതെ ഇന്‍ വോള്‍വ്ഡ്‌ ആയതായി എനിയ്ക്ക്‌ മനസ്സിലായി. രജിസ്റ്റര്‍ ഓഫീസിന്റെ പരിസരത്തും തടസ്സങ്ങളുണ്ടാകാതെ നോക്കാന്‍ അച്ഛന്‍ അവിടെയുള്ള അച്ഛന്റെ ചില പാര്‍ട്ടി സുഹൃത്തുക്കളെ വിളിച്ച്‌ ഏര്‍പ്പാടാക്കി.

കുറച്ച്‌ സമയത്തിനകം അച്ഛന്‍ വീണ്ടും എന്നെ വിളിച്ചു. ആ പെണ്‍കുട്ടിയുടെ അമ്മ ഫോണ്‍ ചെയ്തിരുന്നുവെന്നും കരഞ്ഞുകൊണ്ട്‌ മകളെ കാണാതായവിവരം പറഞ്ഞുവെന്നും എന്നെ അറിയിച്ചു. ഇത്‌ കേട്ട അച്ഛന്‍ പേടിയ്ക്കാനൊന്നുമില്ലെന്നും കൂടുതല്‍ പബ്ലിസിറ്റി കൊടുത്ത്‌ പ്രശ്നം വഷളാക്കാതിരിയ്ക്കുകയാണ്‌ നല്ലതെന്നും അവരെ ഉപദേശിച്ചു. അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനുശേഷം രണ്ടു കൂട്ടര്‍ക്കും ചേര്‍ന്ന് തീരുമാനം ആയാല്‍ കുട്ടിയെ വീട്ടിലെത്തിയ്ക്കാമെന്ന് പറഞ്ഞതായും അച്ഛന്‍ എന്നെ അറിയിച്ചു.

12 മണിയോടെ രജിസ്റ്റര്‍ ഓഫീസിലെത്തിയതായി അസ്തമയന്‍ എന്നെ വിളിച്ച്‌ അറിയിച്ചു. അപ്പോഴും ഇവിടെ പേപ്പര്‍ വര്‍ക്ക്‌ തീര്‍ന്നിരുന്നില്ല.

12.15 ന്‌ പേപ്പറുകളെല്ലാം റെഡിയാക്കി എന്റെ സുഹൃത്ത്‌ അവിടെ ഓഫീസിലുള്ള ഒരു പയ്യനെ എന്റെ കൂടെ രജിസ്റ്റര്‍ ഓഫീസിലേക്ക്‌ പോകാന്‍ തയ്യാറാക്കി. എന്റെ തിരക്ക്‌ കണ്ട്‌ ആ പയ്യന്‍ എന്നെ അല്‍പം ലജ്ജയോടെ നോക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ പുറപ്പെട്ടതായി അക്ഷമനായി നിന്നിരുന്ന അസ്തമനെ ഞാന്‍ വിളിച്ചറിയിച്ചു.

12.30 കൊരട്ടി റെയില്‍ വേ ഗെയ്റ്റില്‍ ഞങ്ങള്‍ എത്തി. നല്ല ഭാഗ്യം... കറക്റ്റ്‌ ട്രെയിന്‍ പോകുന്ന സമയം... ഒരു ട്രെയിന്‍ പോയിക്കഴിഞ്ഞും ഗെയിറ്റ്‌ തുറക്കാതായപ്പോള്‍ എനിയ്ക്കും ടെന്‍ഷനായി. അതിന്നിടയില്‍ അസ്തമയന്‍ എന്നെ വിളിച്ച്‌ ഒരു മണികഴിഞ്ഞാല്‍ പിന്നെ 2 മണിയ്ക്കേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ എന്നറിയിച്ചു.

അവിടെ ഗെയിറ്റില്‍ അക്ഷമയോടെ കാറില്‍ ഇരിയ്ക്കുമ്പോള്‍ കൂടെയുള്ള പയ്യന്‍ എന്നോട്‌ വളരെ ഭവ്യതയോടെയും ലജ്ജയോടെയും ചോദിച്ചു...

"ചേട്ടന്‍ ഗവര്‍ണ്‍മന്റ്‌ ജോലിയാണെന്ന് അറിഞ്ഞു.... എന്താണ്‌ ജോലി??"

"അവന്‍ LD ക്ലര്‍ക്കാണ്‌..." ഇതും പറഞ്ഞ്‌ ഞാന്‍ നോക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത്‌ നോട്ടത്തില്‍ എന്തോ ഒരു 'ഇത്‌' എനിയ്ക്ക്‌ തോന്നി.

"രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നത്‌ ഞാനല്ല... എന്റെ അനിയനാണ്‌...." ഞാന്‍ പറഞ്ഞു.

അപ്പോഴാണ്‌ ആ പയ്യന്‍ കയ്യിലിരിയ്ക്കുന്ന ഡോക്കുമെന്റ്സിലെ ഫോട്ടോയിലേയ്ക്കും എന്നെയും മാറിമാറി നോക്കിയത്‌.

"അയ്യോ... സോറി ചേട്ടാ... ഞാന്‍ വിചാരിച്ചൂ....."

"ആ.. എനിയ്ക്ക്‌ തോന്നി... എന്റെ കല്ല്യാണം കഴിഞ്ഞ്‌ രണ്ടരവയസ്സുള്ള ഒരു കുട്ടിയുമുണ്ട്‌... ഇനിയൊരു രജിസ്റ്റ്രേഷന്‌ ബുദ്ധിമുട്ടാണ്‌.." ഞാന്‍ പറഞ്ഞു.

അടുത്ത ട്രെയിനും കടന്നുപോയി....ഗെയ്റ്റ്‌ തുറന്നു... സമയം 12:40

ഇനിയുള്ള റോഡ്‌ ഹൈവേ പോലെ അത്ര സുഖകരമല്ലെന്നെനിയ്ക്കറിയാം.... പക്ഷെ, 1 മണിയ്ക്ക്‌ മുന്‍പ്‌ രജിസ്റ്റ്രേഷന്‍ കഴിഞ്ഞേ തീരൂ...

"മോനേ... മുന്നില്‍ പല ഗട്ടറുകളും ഹമ്പുകളും കാണും... അതെല്ലാം കണ്ടില്ലെന്ന് വിചാരിയ്ക്കുകയോ കണ്ണടച്ച്‌ ഇരിയ്ക്കുകയോ ചെയ്യാം.." ഞാന്‍ പറഞ്ഞു.ആ റോഡിലൂടെ ആദ്യമായായിരിയ്ക്കും ഒരു കാര്‍ 80-100 കി.മീ. വേഗതയില്‍ ഓടുന്നത്‌....

12.50 ന്‌ രജിസ്റ്റര്‍ ഓഫീസ്‌ കോമ്പൗണ്ടിലേക്ക്‌ കാര്‍ എത്തി. അസ്തമയനും പെണ്‍കുട്ടികളും സുഹൃത്തുക്കളും അവിടെ നില്‍പ്പുണ്ട്‌.കൂടെയുള്ള പയ്യന്‍ ഡോക്കുമെന്‍ഡ്സില്‍ അസ്തമയന്റെയും പെണ്‍കുട്ടിയുടേയും ഒപ്പുകള്‍ വാങ്ങിച്ച്‌ രജിസ്റ്റ്രാറുടെ റൂമിലേയ്ക്ക കയറി.1 മണിയോടെ രജിസ്റ്റ്രേഷന്‍ പ്രോസസ്സ്‌ കമ്പ്ലീറ്റ്‌ ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എനിയ്ക്ക്‌ ആ കുട്ടിയുടെ അമ്മയുടെ ഒരു ഫോണ്‍ വന്നു.

"അവളെ നിങ്ങള്‍ ഇന്ന് തന്നെ ഇവിടെ എത്തിയ്ക്കണം... ഇത്‌ ആരും അറിഞ്ഞിട്ടില്ല... ഞങ്ങള്‍ ഇത്‌ ഒരു മാസത്തിനകം നടത്തിത്തരം... ഞാന്‍ ഉറപ്പ്‌ പറയുന്നു.... ഇന്ന് തന്നെ ഇവിടെ എത്തിച്ചില്ലെങ്കില്‍ എല്ലാവരും അറിയും.... അവളുടെ അച്ഛനെ അറിയിച്ചു... ആകെ വിഷമിച്ച്‌ ആത്മഹത്യ ചെയ്യുമെന്നാണ്‌ അച്ഛന്‍ പറഞ്ഞത്‌... ഞാനും അത്‌ തന്നെ ചെയ്യും.... അതുകൊണ്ട്‌ അവളെ പറഞ്ഞ്‌ മനസ്സിലാക്കി ഇങ്ങോട്ട്‌ എത്തിയ്ക്കണം..." ഇത്രയും പറഞ്ഞ്‌ കഴിഞ്ഞപ്പോഴെയ്ക്കും അവര്‍ കരഞ്ഞ്‌ തുടങ്ങിയിരുന്നു.

"ഞാന്‍ അവരോട്‌ പറയാം... അച്ഛനെ വിളിച്ച്‌ ഞാന്‍ സംസാരിയ്ക്കാം... ആ കുട്ടിയ്ക്കും അവനും സമ്മതമാണെങ്കില്‍ വീട്ടിലേയ്ക്ക്‌ വിടുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല... പക്ഷെ, അവര്‍ തീരുമാനിക്കുന്നതേ നടക്കൂ... എനിയ്ക്ക്‌ നിര്‍ബദ്ധിക്കാന്‍ കഴിയില്ല... അല്ലെങ്കില്‍ നിങ്ങളുടെ ഭാഗത്ത്‌ നിന്ന് ആരെങ്കിലും എന്റെ വീട്ടില്‍ വന്ന് സംസാരിച്ച്‌ ഒരു തീരുമാനമാക്കാന്‍ ശ്രമിക്കൂ..." ഞാന്‍ പറഞ്ഞു.

"എങ്ങനേയും അവളെ പറഞ്ഞ്‌ മനസ്സിലാക്കി ഇങ്ങോട്ട്‌ വിടണം... അല്ലെങ്കില്‍...." ഇത്രയും പറഞ്ഞ്‌ അവര്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ആ കുട്ടിയുടെ അച്ഛനെ ദുബായിലേയ്ക്ക്‌ ഫോണ്‍ ചെയ്ത്‌ വിളിച്ച്‌ സംസാരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്തുള്ള ബൂത്തില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ കോണ്ടാക്റ്റ്‌ ചെയ്യാന്‍ പറ്റിയില്ല. ഞങ്ങള്‍ രജിസ്റ്റ്രേഷനും കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേക്ക്‌ പുറപ്പെട്ടു.

അസ്തമയനും പെണ്‍കുട്ടിയും എന്റെ കാറിലും കൂട്ടുകാര്‍ മറ്റേ കാറിലുമായി പുറപ്പെട്ടു.എത്തുന്ന സമയം അറിയിയ്ക്കാന്‍ എന്റെ അമ്മ എന്നെ വിളിച്ച്‌ പറഞ്ഞതനുസരിച്ച്‌ ഞങ്ങള്‍ ഒരു 1.30 യോടെ എത്തുമെന്ന് ഞാന്‍ അറിയിച്ചു.

1.35 ന്‌ വീട്ടില്‍ എത്തി.

"കാറില്‍ നിന്നിറങ്ങാന്‍ വരട്ടെ..." ഇത്‌ പറഞ്ഞിട്ട്‌ അമ്മ അകത്തേയ്ക്ക്‌ പോയി.

ഞാനും പിന്നാലെ ചെന്നു.അമ്മ ഒരു നിലവിളക്കും മറ്റ്‌ സാമഗ്രികളുമായി റെഡിയായി.തൊട്ടപ്പുറത്തെ വീട്ടിലെ അമ്മയുടെ കസിനും അവരുടെ മകളും നില്‍പ്പുണ്ടായിരുന്നു. അവരെയും വീട്ടിലേയ്ക്ക്‌ വിളിച്ചു. കുട്ടിയുടെ കയ്യില്‍ വിളക്ക്‌ കൊടുത്ത്‌ അകത്തേയ്ക്ക്‌ കയറ്റി....

ഞാന്‍ എന്റെ കൂടെ വന്ന പയ്യനെ തിരിച്ച്‌ വക്കീല്‍ ഓഫീസിലാക്കാന്‍ പോയി തിരിച്ചുവന്നു. വീട്ടിലെത്തിയപ്പോള്‍ എന്റെ അച്ഛന്‍ പെണ്‍കുട്ടിയുടെ അച്ഛനെ ഗള്‍ഫിലേയ്ക്ക്‌ വിളിച്ച്‌ വിവരം പറയുന്ന കണ്ടു. അച്ഛന്‌ നല്ല തെറിപ്രയോഗങ്ങള്‍ കിട്ടുന്നതായി എനിയ്ക്ക്‌ മനസ്സിലായി... കാരണം "ഞാനല്ല.... ഞാന്‍ വിളിച്ച്‌ അറിയിച്ചു എന്ന് മാത്രം.." എന്ന് പറഞ്ഞുകൊണ്ട്‌ അച്ഛന്‍ ഫോണ്‍ എന്റെ കയ്യിലേയ്ക്ക്‌ തന്നു.

എനിയ്ക്കും കിട്ടി നല്ല കുറേ ദേഷ്യപ്രകടനം.."എന്താടാ... എന്റെ പെര്‍മിഷന്‍ എടുക്കാതെ ചെയ്തതെന്തിനാടാ.." തുടങ്ങിയ ഡയലോഗുകള്‍.

"അവര്‍ തീരുമാനിച്ച്‌ ചെയ്തതാണ്‌ ഈ രജിസ്റ്റ്രേഷന്‍... ഞങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നു എന്ന് മാത്രം... ഇനി ഇതില്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കാതെ എങ്ങനെ നല്ല രീതിയില്‍ കൊണ്ടുപോകാം എന്നാണ്‌ നോക്കേണ്ടത്‌.." ഞാന്‍ പറഞ്ഞു.പക്ഷെ, അല്‍പം മദ്യലഹരിയിലായിരുന്ന അദ്ദേഹം എന്റെ വാക്കുകളെ ഒട്ടും ഗൗനിയ്ക്കാതെ ദേഷ്യത്തില്‍ തന്നെ തുടര്‍ന്നു."അവള്‍ക്ക്‌ ഫോണ്‍ ഒന്ന് കൊടുക്ക്‌... അവിടുത്തെ മരുമോള്‍ക്ക്‌..." അദ്ദേഹം പറഞ്ഞു. ഞാന്‍ ഫോണുമായി ചെന്നപ്പോള്‍ ആ കുട്ടി വേണ്ടെന്ന് ഭയത്തോടെ പറഞ്ഞു.തല്‍ക്കാലം ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.എന്തായാലും അന്ന് തിരികെ വീട്ടില്‍ പോകില്ലെന്ന് ആ പെണ്‍കുട്ടി തറപ്പിച്ച്‌ പറഞ്ഞു.

കുറച്ച്‌ കഴിഞ്ഞ്‌ പെണ്‍കുട്ടിയുടെ അമ്മ വിളിച്ച്‌ അവര്‍ കുട്ടിയെ കൊണ്ടുപോകാന്‍ ഇവിടേയ്ക്ക്‌ വരാന്‍ പോകുന്നതായി അറിയിച്ചു.

"അവര്‍ വന്നാല്‍ കരഞ്ഞ്‌ കാല്‌ പിടിച്ച്‌ എന്നെ കൊണ്ടുപോകും... അതുകൊണ്ട്‌ ഇവിടെ ഇല്ല എന്ന് പറഞ്ഞാല്‍ മതി" ആ കുട്ടി പറഞ്ഞു. എന്റെ അമ്മ അവരെ വിളിച്ച്‌ അവര്‍ ചേട്ടന്റെ വീട്ടില്‍ പോയെന്നും നാളെയേ വരൂ എന്നും അറിയിച്ചു.

3 മണിയോടെ ഞാന്‍ ഓഫീസിലേയ്ക്ക്‌ തിരിച്ചെത്തി....

അന്ന് വൈകീട്ട്‌ ഞാനും ഭാര്യയും ചാലക്കുടിയിലെത്തി. പിറ്റേന്ന് തന്നെ അമ്പലത്തില്‍ വച്ച്‌ താലികെട്ട്‌ നടത്താന്‍ എല്ലാവരും തീരുമാനിച്ചു.

പെണ്‍കുട്ടിയുടെ വീട്ടുകാരെ പങ്കെടുപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവിടെ അവര്‍ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്യുന്നത്‌ പോലും നിര്‍ത്തി.പക്ഷെ, ആ കുട്ടിയുടെ അച്ഛന്‍ രാത്രി വിളിച്ച്‌ അസ്തമയനോടും ആ കുട്ടിയോടും നല്ല രീതിയില്‍ സംസാരിച്ചെന്ന് പറഞ്ഞു.

ശനിയാഴ്ച....

9 മണിയ്ക്കും 10 നും ഇടയില്‍ അമ്പലത്തില്‍ വളരെ അടുത്ത ചില ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ താലികെട്ട്‌ നടന്നു.

തുടര്‍ന്നും അവരുടെ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഭാഗത്ത്‌ നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ല. പക്ഷെ, ആ കുട്ടിയുടെ അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വിളിച്ച്‌ വീട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിയ്ക്കാം എന്ന് പറഞ്ഞു.

ഈ വരുന്ന ഞായറാഴ്ച (ജൂണ്‍ 10) വൈകീട്ട്‌ നാട്ടുകാരെയും വീട്ടുകാരെയും ക്ഷണിച്ച്‌ ഫംഗ്ഷന്‍ നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നു.

21 Comments:

At 12:12 AM, Blogger സൂര്യോദയം said...

അങ്ങനെ സംഭവബഹുലമായ അസ്തമയപ്രണയം എന്ന പരമ്പരയുടെ അവസാനഭാഗം പ്രസിദ്ധീകരിയ്ക്കുന്നു.... എല്ലാവരുടേയും അനുഗ്രഹാശിസ്സുകള്‍ അസ്തമയനും ഭാര്യയ്ക്കും നല്‍കൂ....

 
At 1:00 AM, Blogger ശാലിനി said...

ഇത്രയും ആകാംഷയോടെ എന്തെങ്കിലും വായിച്ചിട്ട് ഒത്തിരി നാളായി. കഥയല്ലല്ലോ, ജീവിതമല്ലേ. അനിയനും അനിയത്തിക്കും നല്ലതു വരട്ടെ. ഇന്നത്തെ ഈ സ്നേഹം മരണംവരേയും കുറയാതെ നില്‍ക്കട്ടെ. എത്രയും പെട്ടെന്ന് ആ കുട്ടിയുടെ വീട്ടുകാരുമായും രമ്യതയിലാവും എന്നു വിശ്വസിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

സംഭവബഹുലമായിരുന്ന ഒരു പ്രണയവിവാഹമായിരുന്നു ഞങ്ങളുടേതും. പക്ഷേ അവസാനനിമിഷത്തില്‍ രണ്ടുവീട്ടുകാരും (മനസോടെയല്ല)ചേര്‍ന്ന് നടത്തിതന്നു. അനിയത്തിപ്രാവ് സിനിമ ഇറങ്ങിയ സമയമായിരുന്നു, വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല , ഇതല്ലങ്കില്‍ വേറേ വിവാഹമില്ല എന്നുള്ള വാശിയിലായിരുന്നു ഞങ്ങള്‍.
നിങ്ങളുടെ വീട്ടില്‍ ആ കുട്ടിക്ക് സ്നേഹത്തിന് കുറവുണ്ടാവില്ല എന്നറിയാം, എങ്കിലും സ്വന്തം വീട്ടുകാരെ ധിക്കരിച്ചു എന്നുള്ള വേദന ആ കുട്ടിയുടെ ഹ്ര്യദയത്തിലുണ്ട് എന്നോര്‍ക്കണേ.

 
At 1:01 AM, Blogger ശാലിനി said...

ഇതുപോലെയൊരു ചേട്ടന്‍ ആ അനിയന്റെ ഒരു ഭാഗ്യമാണ്.

qw_er_ty

 
At 1:10 AM, Blogger Unknown said...

നന്നായി സൂര്യോദയം ചേട്ടാ. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നു.

 
At 1:13 AM, Blogger ഇടിവാള്‍ said...

ഹോ! ഇനിയൊരു ദീര്‍ഘ നിശ്വാസം വിടട്ടേ..

കഴിഞ്ഞ പോസ്റ്റുകളിലെ എന്റെ കമന്റുകള്‍ ഞാന്‍ വിഴുങ്ങുന്നു ;)

എല്ലാം മംഗളമാവട്ടേഎന്നു ആശംസിക്കുന്നു ..

ആത്മഗതം: എനിക്കിങ്ങനൊരു ചേട്ടന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടെ എന്റെ പഴയ ലൈന്‍ രക്ഷപ്പെട്ടു .. എന്റെ ഭാര്യ പെട്ടു! ;)

 
At 1:30 AM, Blogger കുട്ടിച്ചാത്തന്‍ said...

നവദമ്പതിമാര്‍ക്ക് ആശംസകള്‍
ചാത്തനേറ്:
സൂര്യോദയം ചേട്ടാ ഇതെന്താ ലൈവ് ബ്ലോഗിങ്ങാ‍ാ!!!!!
തുടരന്‍ സന്തോഷപര്യവസായി ആയി അല്ലേ..
ആപെണ്‍കുട്ടീടെ അമ്മാവന്മാരു ബ്ലോഗ് വായിക്കാത്തതു ഭാഗ്യം!!!

ഓടോ:
വാളേട്ടോ മിന്നലിന് ഒരു ചാന്‍സ് കൊടുത്തൂടെ??
ഒരു നല്ല ഏട്ടന്‍ ആവെന്നേ...(നമ്മക്കു ചുളൂലു ഒരു കഥേം കേള്‍ക്കാലാ ഒരു ആക്ഷന്‍ ത്രില്ലര്‍)

 
At 1:43 AM, Blogger Rasheed Chalil said...

സൂര്യോദയമേ നല്ല വിവരണം...

അനിയനും അനിയത്തിക്കും ആശംസകള്‍.

 
At 1:44 AM, Blogger Unknown said...

ങേ.. ഇതൊരു തുടരന്‍ ത്രില്ലറായിരുന്നോ? എങ്കില്‍ ഇത് കലക്കിയല്ലോ സൂര്യോദയം ചേട്ടാ. ഇമ്മാതിരി പോസ്റ്റൊക്കെ ഞാന്‍ നാട്ടിലുള്ളപ്പൊ വരും. കാണാന്‍ പറ്റില്ല. കല്ല്യാണത്തിന്റെ ഫങ്ഷന്‍ ദാ ഞാന്‍ ഗല്‍ഫിലുള്ളപ്പോഴും വരും. ഫുഡടിയ്ക്കാനും പറ്റില്ല. ഇതാണ് പ്രവാസിയുടെ ദുഖം. ഇപ്പൊ മനസ്സിലായി. :-(

 
At 2:21 AM, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

അസ്തമയന്‌ വിവാഹമംഗളാശംസകള്‍ :)

(അസ്തമയ കഥകള്‍ ഒരു പുസ്തകമാക്കി ഇറക്ക്‌. പേര്‌ നിര്‍ദ്ദേശിക്കുന്നു- 'ഒരു ചേട്ടായിയുടെ അഗ്നിപരീക്ഷണ കഥകള്‍')

 
At 2:48 AM, Blogger Siju | സിജു said...

ഇതിനു മുമ്പത്തെ രണ്ട് ഭാഗങ്ങളിപ്പോഴാ വായിച്ചത്. ഭാഗ്യായി.. അതു കൊണ്ട് അത്രേം ടെന്‍ഷനടിക്കേണ്ടി വന്നില്ല..

നവദമ്പതികള്‍ക്ക് ആശംസകള്‍..

ഓടോ : ചേട്ടനുണ്ടായിരുന്നു, പക്ഷേ, പെണ്ണുണ്ടായില്ല :-(

 
At 3:04 AM, Blogger സൂര്യോദയം said...

ഈ കാര്യത്തില്‍ എന്തും ഏതും ചെയ്യാന്‍ അസ്തമയനോടൊപ്പം നിന്ന കുറേ നല്ല സുഹൃത്തുക്കളുണ്ട്‌... വിഷമഘട്ടങ്ങളില്‍ അവനെ ആശ്വസിപ്പിയ്ക്കാനും ധൈര്യം നല്‍കാനും അവര്‍ കാണിച്ച മനസ്സ്‌ സൗഹൃദത്തിന്റെ ഉദാത്ത ഉദാഹരണങ്ങളാണ്‌...

എത്രയൊക്കെ നല്ല രീതിയില്‍ ശ്രമിച്ചിട്ടും വഴങ്ങാതെ പിടിവാശി കാണിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരോട്‌ എനിയ്ക്ക്‌ അല്‍പം അനുകമ്പ തോന്നിയെങ്കിലും അത്‌ അവര്‍ അര്‍ഹിക്കുന്നില്ല... ആ കുട്ടിയ്ക്ക്‌ നിര്‍ബന്ധമാണെങ്കില്‍ നടത്തിത്തരാം എന്ന് ഞങ്ങളെ അറിയിച്ചിട്ട്‌ ആ കുട്ടിയെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ പിന്മാറുന്നതായി ഫോണ്‍ ചെയ്തതാണ്‌ അവര്‍ ചെയ്തതില്‍ ഏറ്റവും മോശമായ കാര്യം.... ആ കുട്ടിയെ അവര്‍ കുറ്റപ്പെടുത്തി അവഗണിക്കുന്നതിനുപകരം സ്വന്തം തെറ്റുകള്‍ മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷ ഞങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. മാമന്മാരുടെ അതിരുകവിഞ്ഞ സ്വാധീനവും സ്നേഹവും ഇത്‌ കൂടുതല്‍ വഷളാക്കുന്നതിനേ ഉപകരിച്ചിട്ടുള്ളൂ...

 
At 3:27 AM, Blogger Mr. K# said...

അങ്ങനെ, സൂര്യോദയം, ‘ഏറ്റെടുത്ത ഒരു കേസു പോലും പരാജയപ്പെട്ടിട്ടില്ല‘ എന്ന റെക്കോര്‍ഡ് നിലനിര്‍ത്തി. :-)

 
At 4:19 AM, Blogger Kaithamullu said...

ത്രില്ലര്‍ തന്നെ സംശയല്യാ!

പക്ഷേ ഇപ്പോഴത്തെ ടീവീ സീരിയലുകള്‍ പോലെ ‘on the spot'ല്‍ കഥ, തിരക്കഥ, സംഭാഷണം, അതും ‘available artists' നെ വച്ച് എന്ന പോലെ ആയിപ്പോയി.

well done!

 
At 4:42 AM, Blogger സുല്‍ |Sul said...

അങ്ങനെ അതു കഴിഞ്ഞു.
പെണ്‍കുട്ടി എന്റെ ആരും അല്ലാത്തതുകൊണ്ട് എനിക്കു പറയാം സൂര്യോദയം നന്നായി, കിലുക്കനായി, ആകാംക്ഷാഭരിതം, റ്റിവി സീരിയല്‍ അത് ഇത് മറ്റേത് എന്നെല്ലാം.

അസ്തമയനും അസ്തമയക്കും നല്ലതു വരട്ടെ. അസ്തമയയുടെ വീടുമായി വിട്ടുപോയ ബന്ധങ്ങള്‍ വീണ്ടും പഴപടിയിലാവാന്‍ പ്രാര്‍ഥിച്ചു കൊണ്ട്
-സുല്‍

 
At 12:29 AM, Blogger പ്രിയംവദ-priyamvada said...

അസ്തമയനു നല്ല വിവാഹജീവിതം ആശംസിക്കുന്നു..

എത്ര നല്ല ചേട്ടന്‍..ഹാ ..അസൂയ വരുന്നു..
qw_er_ty

 
At 5:00 AM, Blogger ദീപു : sandeep said...

ഇങ്ങനത്തെ ഒരു ചേട്ടനെ എവിടുന്നു കിട്ടും?
അനിയനും അനിയത്തിയ്ക്കും ആശംസകള്‍... ഞാന്‍ വിചാരിച്ചു കഴിഞ്ഞ എപിഡോസോടെ തീര്‍ന്നൂന്ന്‌... ഏതായാലും ശുഭപര്യവസായിയായല്ലോ... സമാധാനം.. ഇപ്പൊഴുള്ള പ്രശ്നങ്ങളും എളുപ്പം തീരട്ടെ...

 
At 4:00 PM, Blogger myexperimentsandme said...

സംഗതി ഇങ്ങിനെയായിത്തീര്‍ന്നല്ലേ :)

 
At 11:43 PM, Blogger ആഷ | Asha said...

ഇത് ശുഭപര്യവസായിയായെന്നറിയുമ്പോള്‍ വളരെ സന്തോഷം. :)

 
At 11:49 PM, Blogger സു | Su said...

നന്നായി. അവരുടെ ഇനിയുള്ള ജീവിതം സന്തോഷപൂര്‍ണ്ണമാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവരും പരസ്പരം സ്നേഹത്തോടെ പെരുമാറാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


qw_er_ty

 
At 4:47 PM, Blogger വിന്‍സ് said...

Kurumante european swapnangal kazhinjathinu shesham vaayicha ugran thriller. I am glad that I didn't see your blogs when you started writing them. Tension adichu oru vazhi aayeney. ithippam onnichu vaayichu fourth part kazhinjappol theernnu ennu karuthiyappol dhaa kidakkunnu oru anti climax.

ugran vivaranam. thankaludey family adi poli aanu. thaankalodu swalpam deshyam thoonniyirunnu, ithrayum cheythittu enthaanu sambava divasam officil poovan theerumanichathennu orthittu. pakshe athu adutha paragraphil maari kitty.

Wish your family all the best.

 
At 4:19 AM, Blogger ശ്രീ said...

അസ്തമയന്റെ പ്രണയ കഥ മുഴുവനും വായിച്ചിരുന്നെങ്കിലും അതിന്റെ അവസാന ഭാഗമായ ഈ പോസ്റ്റ് കണ്ടിരുന്നില്ല. ഇപ്പോ വായിച്ചു... സന്തോഷം.

സൂര്യോദയം ചേട്ടനും വീട്ടുകാര്‍‌ക്കും അസ്തമയന്റെ സുഹൃത്തുക്കള്‍‌ക്കും അഭിനന്ദനങ്ങള്‍‌!

അസ്തമയനും ഭാര്യയ്ക്കും ആശംസകളും...!
:)

 

Post a Comment

<< Home