കാട്ടുഷാജപ്പനും ഡ്രാക്കുളയും
വര്‍ഷങ്ങള്‍ക്ക് മുന്‍പ്... അതായത് ഞാനടക്കമുള്ള യുവജനങ്ങള്‍ ട്രൗസറുമിട്ട് നടക്കുന്ന അന്ത സ്കൂള്‍ കാലഘട്ടം....
ഷാജപ്പന്‍ ഞങ്ങളുടെ പ്രായക്കാരുടെ ഇടയിലെ പ്രായപൂര്‍ത്തിപ്രകൃതമുള്ള പയ്യന്‍...
എന്ന് വച്ചാല്‍... അത്യാവശ്യം തരക്കേടില്ലാത്ത വണ്ണവും (കറുപ്പ്)നിറവും ഉണ്ടെങ്കിലും പൊക്കം ശരീരത്തില്‍ പ്രതിഫലിക്കാതെ മനസ്സില്‍ തന്നെ ഒതുങ്ങിയതിനാല്‍ പ്രായം തോന്നുകയേ ഇല്ല. പറ്റാവുന്ന ക്ലാസ്സുകളിലെല്ലാം പരമാവധി കാലതാമസമെടുത്ത് പഠിച്ചതിനാല്‍ സ്കൂള്‍ കാലഘട്ടം അങ്ങനെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു.
'കാട്ടു' എന്നത് വീട്ട് പേരിന്റെ ആദ്യ രണ്ടക്ഷരമാണെങ്കിലും ആ പേരിനോട് നീതിപുലര്‍ത്തുന്ന പ്രകൃതം പാലിക്കാന്‍ ഷാജപ്പന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആ ഭാഗത്തെ പിള്ളേര്‍സിനെയെല്ലാം അടക്കിഭരിയ്ക്കാന്‍ പോന്ന പ്രകൃതം... ആരേയും കൂസാത്ത ഭാവം... അത്യാവശ്യം ബീഡി വലിച്ച് മൂക്കില്‍ കൂടെയും വായില്‍ കൂടെയും അതും പോരാതെ കണ്ണില്‍ കൂടെയും പുക വിട്ട് കാണിക്കാന്‍ കഴിവുള്ളവന്‍... ഭൂമി കൈയ്യേറ്റങ്ങള്‍ക്ക്(മറ്റ് പറമ്പുകളില്‍ കയറി മാങ്ങയും മറ്റും എറിഞ്ഞ് വീഴിയ്ക്കാന്‍) നേതൃത്ത്വം കൊടുക്കാന്‍ പ്രാപ്തന്‍...
ഏതെങ്കിലും കാര്‍ന്നോര്‍ എതിര്‍ത്ത് വല്ലതും പറഞ്ഞാല്‍ 'താന്‍ പോടോ' എന്ന് പറയുകയും പറയാന്‍ പറ്റാത്തിടത്ത് ആ മുഖഭാവം ടെലിപ്പതിയായി ഡെസ്റ്റിനേഷനില്‍ എത്തിക്കാനും കഴിയുന്നവന്‍...വല്ല പിള്ളേരും എതിര്‍ത്ത് സംസാരിയ്ക്കുകയോ മറ്റോ ചെയ്താല്‍ അവന്മാരുടെ താടിക്കിട്ട് തട്ടുകയും അന്ന് നിലവിലുള്ളതില്‍ ഏറ്റവും മുന്തിയ ഇനം തെറികള്‍ ശ്ലോകം പോലെ ഇടതടവില്ലാതെ ചൊല്ലിക്കൊടുത്തിരുന്നവന്‍...
ഈ കാരണങ്ങള്‍ കൊണ്ടൊക്കെത്തന്നെ ഷാജപ്പനെ പിള്ളേര്‍ ഒരു 'സംഭവ'മായി തന്നെ അംഗീകരിച്ചിരുന്നു.. അഥവാ അംഗീകരിയ്ക്കാന്‍ നിര്‍ബദ്ധിതരായി.
അന്ന് ടെലിവിഷന്‍ പ്രചാരത്തില്‍ വന്ന് തുടങ്ങിയിട്ടേയുള്ളൂ... വി.സി.ആര്‍. (ഒ.സി.ആര്‍. അല്ല) വളരെ അപൂര്‍വ്വം... രണ്ടോ മൂന്നോ ഗള്‍ഫ് കാരുടെ വീട്ടില്‍ മാത്രമേ ഇത് ഉണ്ടായിരുന്നുള്ളൂ.
അതില്‍ ഒന്ന് എന്റെ അമ്മയുടെ അമ്മാവന്റെ വീട്... (അമ്മാമന്റെ രണ്ട് പെണ്‍ മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഗള്‍ഫിലാണ്) ഇവിടെയുള്ള കാസറ്റുകള്‍ 'പൂച്ചയ്ക്കൊരു മൂക്കുത്തി', 'കിന്നാരം', 'അരം + അരം = കിന്നരം', 'മുന്താണെ മുടിച്ച്' എന്നിവയാണ്. വരുന്നതും പോകുന്നതുമായ എല്ലാ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി അമ്മാവന്റെ വീട്ടില്‍ ഓടുന്ന വി.സി.ആര്‍. ഷോകള്‍ എല്ലാം വിടാതെ അറ്റന്‍ഡ് ചെയ്തിരുന്നതിനാല്‍ ഈ ചിത്രങ്ങളെല്ലാം മിനിമം 20 പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടായിരുന്നു.
വെക്കേഷന്‍ കാലത്ത്, ദിവസവും 2 മണിക്കൂര്‍ ഇടവിട്ട് ഷോ നടക്കുന്ന ഹാളിന്റെ ജനല്‍ വശം ചേര്‍ന്ന് നടന്ന് മിന്നല്‍ പരിശോധന നടത്തിയാണ് ഒരു ഷോ പോലും മിസ്സ് ചെയ്യാതെ അറ്റന്‍ഡ് ചെയ്തിരുന്നത്. ഏതെങ്കിലും ഒരു സിനിമാപ്രദര്‍ശനമോ അതിന് സംശയാസ്പദമായ സാഹചര്യമോ കണ്ടാല്‍ ഉടന്‍ പ്രത്യേകതരം വിസില്‍ അടിച്ച് ആ നാട്ടിലുള്ള പിള്ളേരെ മുഴുവന്‍ അറിയിച്ച് റെഡിയാകുകയും ഷോ തുടങ്ങിയാലുടന്‍ വരിവരിയും കൂട്ടം കൂട്ടവുമായി അവിടത്തെ സിനിമാപ്രദര്‍ശന ഹാളില്‍ കയറി തറയില്‍ ഇരിപ്പും കഴിയും.
മറ്റൊരു വി.സി.ആര്‍. സിനിമാപ്രദര്‍ശനമുള്ള സ്ഥലം ഡേവീസ് ചേട്ടന്റെ വീടാണ്. ഇവിടെയുള്ള പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഫാമിലി എന്റര്‍ടൈനറുകളല്ലാത്തതും, യുവജനങ്ങള്‍ക്ക് ആകര്‍ഷകമായതുമായ തരം സിനിമകളും പ്രദര്‍ശിക്കപ്പെടും എന്നതാണ്. ആ ഏരിയയിലെ യുവജനങ്ങള്‍ ലോകം മുഴുവന്‍ അന്വേഷിച്ച് നടന്ന് അത്തരം സിനിമകള്‍ സംഘടിപ്പിച്ച് കൊണ്ടുവരും.
ഫാമിലി എന്റര്‍ടൈനറുകള്‍ കണ്ട് മടുത്ത പലരും ആ ഏരിയയിലും റൂട്ട് മാര്‍ച്ച് ശക്തമാക്കുകയും അവിടത്തെ പ്രദര്‍ശനങ്ങളുടെയും വരിക്കാരാകുകയും ചെയ്തു.
ഈ രണ്ട് സിനിമാവീടുകളിലും തറടിക്കറ്റിലാണ് ഈ ജനവിഭാഗം മുഴുവന്‍ ഇരിക്കുക പതിവ്...അവിടുത്തെ പൊതുവായ ഒരു അന്തരീക്ഷം എന്താണെന്ന് വച്ചാല്‍....ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ടാണ് പ്രദര്‍ശനം തുടങ്ങുക. ടി.വി. യുടെ തൊട്ട് മുന്‍ വശം വരെ എല്ലാ വിഭാഗത്തിലും പെട്ട സിനിമാപ്രേമികളാല്‍ നിറഞ്ഞ് കവിഞ്ഞിരിയ്ക്കും... വീട്ടുകാര്‍ പിന്നിലായി കസേരകളില്‍ ഇരിക്കും... വി.സി.ആര്‍. ഓപ്പറേറ്റ് ചെയ്യുന്നതുപോലും കാണികളില്‍ ആരെങ്കിലുമായിരിയ്ക്കും (പരസ്യം ഫോര്‍വേര്‍ഡ് ചെയ്യല്‍, വീട്ടുകാര്‍ക്ക് ഫോണ്‍ വല്ലതും വന്നാല്‍ പോസ് അടിയ്ക്കല്‍).
ഒരു ദിവസം വൈകിട്ട് 7 മണി.... സീന്‍ ഡേവീസ് ചേട്ടന്റെ വീട്.... അന്നത്തെ ഷോ 'ഡ്രാക്കുള' എന്ന സിനിമയാണെന്ന് വിവരം ലഭിച്ച് പതിവുപോലെ ജനങ്ങള്‍ അവിടേയ്ക്ക് ഇരച്ചുകയറി....
എന്റെ സുഹൃത്തായ ബാബുവും ഈ ഷോ കാണാന്‍ സന്നിഹിതനായിരുന്നു. സിനിമ കാണാന്‍ പോകുന്നതിനുമുന്‍പ് തന്നെ ഇതൊരു പ്രേതസിനിമയാണെന്ന കാരണത്താല്‍ ഷാജപ്പനോടൊപ്പമാണ് ബാബു സിനിമകാണാനെത്തിയത്... 'ഷാജപ്പനുള്ളപ്പോള്‍ ഏത് ഡ്രാക്കുള..' എന്ന അഹങ്കാരം...
സിനിമ തുടങ്ങി അരമണിക്കൂറിനകം മറ്റൊരു സിനിമയ്ക്കും ലഭിയ്ക്കാത്ത പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.... പതുക്കെ പതുക്കെ ആളുകള്‍ എഴുന്നേറ്റ് സ്ഥലം വിടാന്‍ തുടങ്ങി... രാത്രി തനിച്ച് വീട്ടില്‍ പോകണമെന്നത് തന്നെയാവണം കാരണം...ബാബു മാത്രം കല്ല് പോലെ.... ഷാജപ്പനല്ലേ അടുത്ത് ഇരിയ്ക്കുന്നത്... പിന്നെന്തിന് പേടിയ്ക്കണം... മാത്രമല്ല പോകുന്ന വഴിയ്ക്ക് ഷാജപ്പന്‍ വീട് വരെ കൂട്ടിന് വരികയും ചെയ്യും....
ഇടയ്ക്ക് ബാബു തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടുകൊണ്ടിരുന്ന വീട്ടിലെ സ്ത്രീകളും പതുക്കെ എഴുന്നേറ്റ് സ്ഥലം വിട്ടിരിയ്ക്കുന്നു. (പേടിയെ അടുക്കളപ്പണികൊണ്ട് സബ്സ്റ്റിട്ട്യൂറ്റ് ചെയ്ത് സ്കൂട്ട് ആയതുതന്നെ)... വീടിന്റെ ഉടമസ്ഥനായ ഡേവീസ് ചേട്ടന്‍ കസേരയില്‍ എയറുപിടിച്ച് ഇരിപ്പുണ്ട്...
പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഓരോന്നായി കടന്നുപോകുമ്പോഴും 'ഈ സിനിമയെന്താ തീരാത്തേ..' എന്ന് ബാബു വൈക്ലബ്യപ്പെട്ടുകൊണ്ടിരുന്നു.
സിനിമയിലെ ഒരു 'ദിപ്പോ തലയ്ക്കടിവീഴും' രംഗം (അതായത്... ഒരുത്തന്‍ പതുക്കെ പതുക്കെ പേടിയോടെ നടന്നുനീങ്ങുന്നു... എന്തോ സംഭവിയ്ക്കും എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പിയ്ക്കുന്ന ഭീതിജനകമായ രംഗം...)....
എല്ലാവരും വന്‍ ടെന്‍ഷനില്‍ കണ്ണും തള്ളി ചെവി പൊത്താന്‍ തയ്യാറായി ഞെട്ടാന്‍ വെമ്പല്‍ കൊണ്ടുകൊണ്ട് പ്രതീക്ഷയോടെ കണ്ടുകൊണ്ടിരിയ്ക്കുന്നു.......
"ഠപ്പേ........................."
ആ വീട് പ്രകമ്പനം കൊള്ളുന്ന ഒരു ശബ്ദം......
ഹാര്‍ട്ട് അറ്റാക്കിനെക്കുറിച്ച് ഹാര്‍ട്ടിന് അറിയാനുള്ള പ്രായമാകാത്തതുകൊണ്ടുമാത്രം ബാബുവിന്റെ ഹാര്‍ട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു... ഫുള്‍ സ്പീഡില്‍... പക്ഷെ, മനസ്സ് മരിച്ചിരിയ്ക്കുന്നു....
ധൈര്യശാലിയും വില്ലാദിവീരനുമായ ഷാജപ്പന്‍ പേടിച്ച് വിറച്ച് ഞെട്ടിത്തിരിഞ്ഞ് അലറി....
"ഏത് നായിന്റെ മോനാടാ അത്????"
കസേരയില്‍ വിറങ്ങലിച്ച് ഇരിയ്ക്കുന്ന ഡേവീസേട്ടന്‍.... അങ്ങേരോടാണോ ചോദ്യം.... അങ്ങേര്‍ ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും....അടുക്കളയില്‍ നിന്ന് സ്ത്രീവേഷങ്ങള്‍ റോക്കറ്റ് പോലെ വന്ന് ലാന്റ് ചെയ്തു....
അപ്പോഴല്ലേ കാര്യം മനസ്സിലായത്...
അവിടെ ചുമരില്‍ വെറുതേ ചാരി വച്ചിരുന്നു ഒരു മടക്ക് കസേര (തകിടുകൊണ്ടുണ്ടാക്കിയ ടൈപ്പ്), ചാരി നിന്ന് ബോറടിച്ചപ്പോള്‍ ഒന്ന് നടുനിവര്‍ത്തിക്കളയാം എന്ന് വിചാരിച്ച് തറയിലേയ്ക്ക് ലാന്റ് ചെയ്തതാണ് സംഭവം...
നാട്ടുകാരുടെ തെറികൊണ്ട് അവരെ സിനിമകാണിയ്ക്കേണ്ട അത്യാവശ്യം ഇല്ലാതിരുന്നതിനാലും പേടിച്ച് ചാവാന്‍ ടൈം ആയിട്ടില്ല എന്ന് ബോദ്ധ്യമുള്ളതിനാലും ഡേവീസേട്ടന്‍ പറഞ്ഞു...
"ങാ... ഇന്ന് ഇത്ര മതി.... ബാക്കി നാളെ ഉച്ചയ്ക്ക് കാണാം.."
"അല്ലേലും പടം വല്ല്യ മെച്ചമില്ല... ല്ലേടാ ബാബൂ..." എന്നും പറഞ്ഞ് ഷാജപ്പനും എഴുന്നേറ്റു.
തിരിച്ച് വീട്ടിലേയ്ക്ക്....
ബാബുവിന്റെ വീട്ടിലേയ്ക്ക് റോഡില്‍ നിന്ന് ഒരു ഇടവഴിയിലൂടെ അല്‍പം ഉള്ളിലേയ്ക്ക് പോകണം... അവിടെ വെളിച്ചവും കുറവാണ്..
സാധരണ ഷാജപ്പന്‍ വീട് വരെ കൂട്ടുപോകാറുണ്ട്.
അന്ന് വീട്ടിലേയ്ക്ക് തിരിയുന്ന വഴിയെത്തിയപ്പോള്‍ ഷാജപ്പന്റെ ചോദ്യം..
"നീ തന്നെ പോകില്ലേ??"
ഷാജപ്പനിലുള്ള വിശ്വാസം കമ്പ്ലീറ്റ് നശിച്ച ബാബുവിന് കാര്യം മനസ്സിലായി... തന്നെ കൊണ്ടാക്കിയിട്ട് തിരിച്ച് റോഡ് വരെ തന്നെ വരാന്‍ ഷാജപ്പന്റെ പേടി ആ ചോദ്യത്തില്‍ നിന്ന് തന്നെ ഹരിച്ച് ഗുണിച്ച് മറിച്ചെടുക്കാം...
"എന്നാല്‍ ഷാജപ്പന്‍ വിട്ടോ ..." ഇതും പറഞ്ഞ് ബാബു ടോം ആന്റ് ജെറിയില്‍ കാണുന്ന പോലെ 'ടിഷൂം...' എന്നൊരു ഓട്ടത്തിന് വീടിനെ മുന്നിലെത്തി.
ഷാജപ്പന്റെ സൈക്കില്‍ പണ്ട് തമ്പാന്‍ മാസ്റ്റര്‍ പട്ടിയെ പേടിച്ച് പാഞ്ഞ 'സ്പീഡ് റെക്കോര്‍ഡ്' പുഷ്പം പോലെ പിന്‍ തള്ളിയെന്ന് ബാബു സാക്ഷ്യപ്പെടുത്തുന്നു.
10 Comments:
കാട്ടുഷാജപ്പനും ഡ്രാക്കുളയും... വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവകഥ... ഷാജപ്പന്‍ ദുബായിലുണ്ടെങ്കിലും ഇത് വായിയ്ക്കാന്‍ സദ്ധ്യതയില്ല...(വായിച്ചാല്‍ വല്ല്യ താമസമില്ലാതെ നാട്ടില്‍ ഒരു ക്വട്ടേഷന്‍ കാര്‍ക്ക് പണിയാവും).. :-)
ബാബു അമേരിക്കയിലിരുന്ന് ഇത് വായിയ്ക്കും...
ചാത്തനേറ്: ആ “ഠപ്പേ...“ വരെ അടിപൊളിയായിരുന്നെങ്കിലും ക്ലൈമാക്സിന് വിചാരിച്ചത്ര ഗുമ്മില്ല..
അങ്ങിനെ പഴയകാല സ്മരണകളൊക്കെ പോരട്ടെ...:)
രസമായിരിക്കുന്നു. താളുകളിലെ അനുഭവം.:)
Kollan ;) pandu Evil Dead Kanditt, pedichchu virach 2-3 divasam rathri purath irangaan pediyaayirunnu! athellaam Orthu .
Kollan. Alla,, Sorry KOLLAAM !!!!
Sory for teh mistake in my previous comment
ഷാജപ്പന്റെ ധൈര്യം. ഹിഹിഹി.
ഹ ഹ ഹ...
നന്നായിട്ടുണ്ട് സൂര്യോദയം മാഷേ.
കുറച്ചു കൂടി പ്രതീക്ഷിച്ചിരുന്നു.... പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ...
എന്നാലും വിവരണം കലക്കി.
:)
കുട്ടിച്ചാത്താ... ക്ലൈമാക്സ് പൊലിപ്പിയ്ക്കാന്‍ കയ്യില്‍ നിന്ന് ഒന്നും ഇട്ടില്ല... എനിയ്ക്കും തോന്നി ഒരു കുറവ്..
മുരളീ, വേണുജീ നന്ദി...
ഇടിവാളേ.. KOLAM എന്നല്ലല്ലോ... അത് തന്നെ ധാരാളം.. :-)
ദില്‍ബാസുര്‍, സു ചേച്ചി, നന്ദി..
ശ്രീ... അവസാനഭാവം പെട്ടെന്നവസാനിപ്പിച്ചു.. വെറുതേ കൂട്ടി എഴുതി ഷാജപ്പനെങ്ങാന്‍ അറിഞ്ഞാല്‍.. ;-)
Post a Comment
<< Home