കോവൈ തമിഴ് എനക്ക് പുടിക്കാത്
എഞ്ചിനീയറിംഗ് പഠിയ്ക്കാതെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 'ജോലി ചെയ്തുകൊണ്ട് ഉന്നത പഠനം നടത്തുന്നവര്‍ കേമന്മാര്‍' എന്ന തത്ത്വം പൊളിയാണെന്ന് തെളിയിയ്ക്കാന്‍ ഞാനും MCA പഠിയ്ക്കാന്‍ തീരുമാനിച്ചു.
കോഴ്സിന് ചേര്‍ന്ന് കഴിഞ്ഞപ്പോഴല്ലേ അറിയുന്നത് ഉന്നത പഠനത്തിന് ചേര്‍ന്നാല്‍ മാത്രം പോരാ... പാസ്സാവണം അത്രേ... എന്റെ ഉറ്റ സുഹൃത്തും *കുഴികാട്ടിയും കൂടെ ജോലിചെയ്തിരുന്നവനുമായ സജിന്റെ പ്രേരണയും കമ്പനിയുമാണ് ഈ കോഴ്സിന് ചേരുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചതെങ്കിലും അല്‍പദിവസങ്ങള്‍ക്കകം അവന്‍ ഒരു ഓണ്‍സൈറ്റ് അസ്സൈന്‍ മെന്റുമായി ദുബായില്‍ പോയി.
അമ്പ് പെരുന്നാളിന് കുട പിടിച്ചപോലത്തെ ഒരു അവസ്ഥ...
'ഒരു കൊല്ലത്തെ ഫീസ് അടച്ചും പോയല്ലോ കര്‍ത്താവേ.. ഇനിയെങ്ങനെ ഇതില്‍ നിന്ന് ഊരിപ്പോരും' എന്ന ധര്‍മ്മ സങ്കടത്തില്‍ പെട്ട് ഞാന്‍ ഉഴലാന്‍ ശ്രമിച്ചെങ്കിലും അതിന് ടൈം കിട്ടുന്നതിനുമുന്‍പ് തന്നെ ആദ്യവര്‍ഷ പരീക്ഷാസൂചകവിവരം പോസ്റ്റല്‍ ആയി വീട്ടില്‍ വന്നു.
പരീക്ഷാ സെന്റര്‍ ചോയ്സ് ഞാന്‍ വച്ചിരുന്നത് കോയമ്പത്തൂര്‍ ആയിരുന്നു.
'എന്തായാലും പരീക്ഷയെഴുതി കാശ് പോകും, എങ്കില്‍ പിന്നെ കോയമ്പത്തൂര്‍ വരെ പോയാല്‍ മതിയല്ലോ, അവിടെയാകുമ്പോള്‍ എന്റെ അമ്മാവനും കുടുംബവും താമസവുമുണ്ട്' എന്നതായിരുന്നു ആ തീരുമാനത്തിന് കാരണം.
ഓഫീസില്‍ നിന്ന് 10 ദിവസത്തെ ലീവും എടുത്ത് പരീക്ഷായജ്ഞവുമായി കോയമ്പത്തൂരിലെത്തി. പരീക്ഷാ സെന്ററായ PERKS സ്കൂളിലേക്ക് പോകാന്‍ ഏത് സ്റ്റോപ്പില്‍ ഇറങ്ങണം എന്നും അവിടെ നിന്ന് വീട്ടിലേയ്ക്ക് എത്തേണ്ട വഴിയും വിശദമായി പറഞ്ഞ് തന്നിരുന്നു.
പരീക്ഷാ സെന്ററായ PERKS സ്കൂളില്‍ ചെന്ന് അല്‍പസമയത്തിനകം എനിയ്ക്ക് ആ സ്കൂളിനെക്കുറിച്ച് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇംഗ്ലീഷിന്റെ പൊടിപോലുമില്ല കണ്ടുപിടിയ്ക്കാന്‍... കമ്പ്ലീറ്റ് തമിഴ്.... പിന്നെന്താ... എനിയ്ക്ക് നാട്ടില്‍ കുറേ തമിഴ് നാട്ടുകാരെ അടുത്ത് നിന്ന് കണ്ടുള്ള പരിചയമുള്ളതിനാല്‍ 'ഇങ്കെ എക്സാം ഷെഡ്യൂള്‍ ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡ് എങ്ക ഇറുക്ക്..' എന്ന് കാണുന്നവരോടൊക്കെ നല്ല പച്ചയായ തമിഴ് വച്ച് പേശി പേശി ഞാന്‍ ഒടുവില്‍ നോട്ടീസ് ബോര്‍ഡ് കണ്ടുപിടിച്ചു.
അമ്മാവന്റെ വീട്ടില്‍ താമസവും തുടങ്ങി. നമ്മള് വല്ല്യ പുലിയല്ലേ... വല്ല്യ പരീക്ഷ എഴുതാനും വന്നിരിയ്ക്കുന്നു... അവിടെ നല്ല ഫുഡും നല്ല പരിചരണവുമായി സുഖ ജീവിതം..PERKS സ്കൂളാണെങ്കില്‍ അവിടെ നിന്ന് ഒരു 5 കിലോമീറ്റര്‍ ദൂരമേയുള്ളൂ.... അമ്മാവന്റെ ഒരു ചേതക് സ്കൂട്ടര്‍ പുള്ളിക്കാരന്‍ എനിക്ക് പരീക്ഷയ്ക്ക് പോകാന്‍ അനുവദിച്ച് തരികയും ചെയ്തു.
പിറ്റേന്ന്, സ്കൂട്ടറില്‍ പരീക്ഷാസെന്ററില്‍ എത്തി...
എല്ലാവരും പുസ്തകക്കെട്ടുകളുമായി അവിടവിടെ ഇരുന്നും നടന്നും കിടന്നും ഭയങ്കരമാന പഠിപ്പ്. 'യെവന്മാര്‍ക്ക് വീട്ടിലിരുന്ന് പഠിച്ചൂടേ..' എന്ന് മനസ്സില്‍ പറഞ്ഞ് അവരെയൊക്കെ പുച്ഛഭാവത്തില്‍ നോക്കി ഞാന്‍ കയ്യും വീശി പരീക്ഷാഹോള്‍ ലക്ഷ്യമാക്കി നടന്നു.
പരീക്ഷാഹോളിന്റെ പരിസരത്ത് അരമതിലില്‍ കയറി ഇരുന്ന് പഠിയ്ക്കുന്നവര്‍ എന്റെ കൈയ്യും വീശിയുള്ള വരവ് കണ്ടപ്പോള്‍ മതിലില്‍ നിന്നിറങ്ങി അല്‍പം ഭവ്യതയോടെ നില്‍ക്കുന്ന കണ്ട് ഞാന്‍ ചമ്മി. 'എന്നെ കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല' എന്ന എന്റെ വിചാരം തകര്‍ന്നടിയാന്‍ പോകുന്നതിനുമുന്‍പേ എനിയ്ക്ക് കാര്യം മനസ്സിലായി..... ഞാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍ ആണെന്ന തെറ്റിദ്ധാരണയാണ് കാരണം... പുസ്തകക്കെട്ടും പിറുപിറുക്കലും ഇല്ലാതെ നടന്നുപോകുന്ന ഏക വിദ്യാര്‍ത്ഥി ഞാന്‍ മാത്രമായിരുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കി.
പരീക്ഷ തുടങ്ങി വല്ല്യ കാലതാമസമില്ലാതെ (അരമണിക്കൂറിനുള്ളില്‍) അറിയാവുന്നതൊക്കെ ഞാന്‍ എഴുതിത്തീര്‍ത്തു. എത്ര കഷ്ടപ്പെട്ടാണ് ഒരു മണിക്കൂര്‍ അതിന്നകത്ത് ചെലവഴിച്ചത് എന്നെനിയ്കേ അറിയൂ...(സാറി.. പരീക്ഷാഹോളിലെ ടീച്ചര്‍ക്കും അറിയാം)... എങ്കിലും ഞാന്‍ രണ്ട് പായ പേപ്പര്‍ പൂര്‍ത്തിയാക്കി പരീക്ഷ കഴിഞ്ഞ് എഴുന്നേറ്റു.
നേരത്തേ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ എന്നെക്കുറിച്ചുള്ള ഇമ്പ്രഷന്‍ പോകുമെന്ന ഭയത്താല്‍ ഞാന്‍ ആ സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് നടന്നു. കുറേ നേരം പല മരത്തണലുകളില്‍ ചുറ്റുപാടും നയനമനോഹരങ്ങളായ കാഴ്ചകള്‍ ആഗ്രഹിച്ച് വിശ്രമിച്ചു. ഉച്ചതിരിഞ്ഞുള്ള പരീക്ഷയെഴുതാന്‍ പിള്ളേര്‍ വന്ന് തുടങ്ങിയിരിയ്ക്കുന്നു. വീട്ടിലിരുന്ന് പഠിയ്ക്കാതെ ഇവിടെ വന്നിരുന്ന് കൂട്ടപ്പഠിത്തം (കമ്പയിന്‍ സ്റ്റഡി എന്നും പറയും) നടത്തുന്നവര്‍ ഏറെയും...
കുറച്ച് കഴിഞ്ഞപ്പോഴെയ്ക്ക് എനിക്ക് വല്ലാത്ത മൂത്രശങ്ക... ടോയ്‌ലറ്റ് കണ്ടുപിടിയ്ക്കാന്‍ വല്ല്യ ബുദ്ധിമുട്ടുണ്ടായില്ല. കാരണം, സ്കൂളുകളിലെ ടോയ്‌ലറ്റിന്റെ ആകൃതിയും പ്രകൃതിയും ആഗോളപരമായി ഒന്ന് തന്നെയാണ് എന്നത് തന്നെ.
പക്ഷെ, അതിന്നടുത്തെത്തിയപ്പോളാണ് കണ്‍ഫിയൂഷന്‍ ആയത്... ഇടത്തോട്ടും വലത്തോട്ടുമായി രണ്ട് വഴികളാണ് ഈ ടോയ്‌ലറ്റിന്റെ രണ്ട് സെക് ഷനുകള്‍.... സാധാരണ 'പുരുഷന്മാര്‍ക്കുള്ള സെക് ഷനില്‍ ഒരു പുരുഷന്റെ പടവും സ്ത്രീകള്‍ക്കുള്ള സെക് ഷനില്‍ ഒരു സ്ത്രീ ചിത്രവും കാണും' എന്ന എന്റെ മുന്‍ ധാരണയെ തെറ്റിച്ചുകൊണ്ട് പടമില്ലാത്ത തമിഴ് മാത്രം എഴുതിയ ആ ചുമരുകള്‍ കണ്ട് ഞാനൊന്ന് ഞെട്ടി.
ഇതില്‍ എന്റെ സെക് ഷന്‍ ഏതെന്ന് എനിയ്ക്ക് ഒരു പിടിയും കിട്ടിയില്ല.... ഐ മീന്‍ എനിക്ക് പോകേണ്ട സൈഡ്..
'എന്നോടാ കളി... ഈ തമിഴ് ഇന്റര്‍പ്രറ്റ് ചെയ്ത് ഞാന്‍ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം' എന്ന് വിചാരിച്ച് ഞാന്‍ രണ്ടു ചുമരുകളിലും എഴുതിവച്ചിരിയ്ക്കുന്നത് കൂലംകഷമായി വിശകലനം ചെയ്തു. രണ്ടിന്റെയും അവസാനത്തെ രണ്ട് അക്ഷരങ്ങള്‍ ഒന്നുപോലെ തന്നെ... 'പുരുഷര്‍കള്‍' എന്നും 'പുരുഷികള്‍' എന്നും ആയിരിയ്ക്കും എന്ന് ഞാന്‍ ഊഹിച്ചു. (രണ്ട് ചുവരുകളിലേയും അക്ഷരങ്ങളുടെ നീളവും വീതിയും വരെ ഏകദേശം തുല്ല്യം... അപ്പൊപ്പിന്നെ 'സ്ത്രീകള്‍' എന്നും 'പുരുഷന്മാര്‍' എന്നും ആവാന്‍ തരമില്ലല്ലോ)
ഒരു തീരുമാനമാകാതെ ഞാന്‍ വിഷമിച്ചു. ആ വഴിയ്ക്ക് ഏതെങ്കിലും ഒരു ആണ്‍കുളന്തയോ പെണ്‍കുളന്തയോ വന്നിരുന്നെങ്കില്‍ അവര്‍ കയറുന്നത് കണ്ട് വിവരം മനസ്സിലാക്കാമെന്ന് വിചാരിച്ചെങ്കിലും ആ പ്രദേശത്തും നാട്ടിലുമുള്ളവര്‍ക്ക് ആ സമയത്ത് അങ്ങനെ ഒരു ശങ്ക ഉണ്ടാവാനുള്ള ഒരു സാദ്ധ്യതയും സാഹചര്യവും ഞാന്‍ കണ്ടില്ല.
രണ്ട് ബോര്‍ഡും ഞാന്‍ ഒന്നുകൂടി വിശകലനം ചെയ്തു.... ചുറ്റും നോക്കി... ആ പരിസരത്ത് ആരും ഇല്ല... ഇനി അഥവാ തെറ്റിക്കയറിയാലും ആരും കാണാതിരുന്നാല്‍ മതിയല്ലോ... എവിടെ കയറിയാലും ഔട്ട് പുട്ട് ഒന്ന് തന്നെയല്ലേ...
ഞാന്‍ എന്റെ തമിഴ് വിജ്ഞാനം നറുക്കിട്ടെടുത്ത് ഇടതുവശത്തെ സെക് ഷനില്‍ കയറി...
അങ്ങനെ കാര്യസാദ്ധ്യത്തിന്റെ നിര്‍വൃതി അനുഭവിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പുറത്ത് ചില സംസാരങ്ങള്‍ അടുത്ത് വരുന്നതായി എനിക്ക് തോന്നി... അതും പെണ്‍ മൊഴികള്‍.... (അന്ന് പിന്മൊഴികള്‍ നിലവിലില്ല)
എന്തായാലും ഒരു റിസ്ക് എടുക്കേണ്ട എന്ന് വിചാരിച്ച് കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ സംഗതി പൂര്‍ത്തിയാക്കാതെ കട്ട് ഓഫ് ചെയ്ത് പെട്ടെന്ന് പുറത്തേയ്ക്ക് ഇറങ്ങിവരലും 4-5 പെണ്‍കുട്ടികള്‍ ഉള്ളിലേയ്ക്ക് കയറിവരുന്നതും ഒരുമിച്ച്.... ജസ്റ്റ് മിസ്സ്ഡ്...
എന്നെ കണ്ട് അവര്‍ ഞെട്ടി അലറാന്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഞാന്‍ ഒന്ന് തൊഴുതു... എന്നിട്ട് വളരെ ദയനീയമായി പറഞ്ഞു..
"i don't know Tamil... that's why.."
ഞാനെന്താണ് പറഞ്ഞതെന്ന് എനിയ്ക്കോ, എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ക്കോ മനസ്സിലായോ എന്നെനിക്കറിയില്ലെങ്കിലും എന്റെ ദയനീയമുഖഭാവം അവര്‍ക്ക് മനസ്സിലായിക്കാണണം...
അവരുടെ മുഖഭാവം എന്താണെന്ന് നോക്കാനുള്ള സമയവും സന്ദര്‍ഭവും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങി നേരെ സ്കൂട്ടറിന്നടുത്തേയ്ക്ക് സ്പീഡില്‍ നടന്നു.
'കണ്ട്രി പീപ്പിള്‍... ഒരു ടോയ്‌ലറ്റിന്റെ അവിടെയെങ്കിലും ഒരു ഇംഗ്ലീഷ് ബോര്‍ഡോ ചിത്രമോ വച്ചുകൂടേ...' എന്ന് പിറുപിറുത്ത് ഞാന്‍ സ്ഥലം കാലിയാക്കി.
ആകെയൊരു ആശ്വാസം ഉണ്ടായിരുന്നത് എന്താണെന്ന് വച്ചാല്‍.... കാര്യം ഒരു തീരുമാനമായല്ലോ... നാളെമുതല്‍ ടെന്‍ഷനടിക്കേണ്ടല്ലോ...
*കുഴികാട്ടി - നാം കാണാതെ പോകുന്ന മുന്നിലുള്ള കുഴികളെ വീഴുന്നതിനുമുന്‍പ് കാണിച്ച് തരുന്നവന്‍ ആരോ അവന്‍....
Labels: 100
15 Comments:
എന്റെ നൂറാമത്തെ പോസ്റ്റ്...
എന്റെ തമിഴ് വിജ്ഞാനം വിപുലീകരിക്കേണ്ടതിന്റെ അത്യാവശ്യകത മനസ്സിലാക്കിത്തന്ന ഒരു സംഭവം...
(സൂര്യോദയം ഡയറി - 55
മിഠായി - 21
അച്ഛന്റെ പുരാണപ്പെട്ടി - 10
മിന്നൂസ് ഡയറി - 8
സൂര്യോദയവിചാരം - 6)
അങ്ങനെ മൊത്തം നൂറ് (ഫോട്ടോപോസ്റ്റുകളെയും ഗ്രൂപ് പോസ്റ്റുകളെയും ഒഴിവാക്കി)
2006 ജൂലൈ മാസത്തിലാണ് ഞാന്‍ ഈ ബൂലോഗത്ത് എത്തിപ്പെട്ടത്.. ഇവിടെ പോസ്റ്റ് എഴുതാന്‍ എന്നെ ആദ്യം പ്രേരിപ്പിച്ച വിശാലമനസ്കനെ ഞാന്‍ പ്രത്യേകം നന്ദിയോടെ സ്മരിയ്ക്കുന്നു. അന്ന് മുതല്‍ ഒരുപാട് പേര്‍ കമന്റുകളും പ്രോല്‍സാഹനങ്ങളുമായി എന്നെ കൂടുതല്‍ എഴുതാനുള്ള എനര്‍ജി തന്നു... അതില്‍ എല്ലാവിഭാഗം ബ്ലോഗര്‍മാരും വായനക്കാരും പെടും.. ഓരോരുത്തരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും എല്ലാവരോടും എനിയ്ക്ക് വളരെ നന്ദിയുണ്ട്... വല്ല്യ ക്വാളിറ്റിയൊന്നുമില്ലെങ്കിലും എന്റെ അനുഭവങ്ങളും ചുറ്റില്‍ കാണുന്ന സംഭവങ്ങളും എന്റേതായ ശൈലിയില്‍ കുറിച്ച് വയ്ക്കാന്‍, അത് തുടരാന്‍ ഇതെല്ലാം കാരണമായി... എല്ലാവര്‍ക്കും നന്ദി...
നൂറിന്റെ അഭിനന്ദനങ്ങള്‍. :)
qw_er_ty
നൂറാന്മത്തെ പോസ്റ്റ് !
കുഴികാട്ടി - കൊള്ളാം.
ആശംസകള്‍
രസിച്ചു :)
നൂറാമത്തെപോസ്റ്റിനാശംസകള്‍
അഭിനന്ദനങ്ങള്‍, ആശംസകള്‍..
ആശംസകള്‍
ചാത്തനേറ്:ദൈവമേ പിറ്റേന്ന് മറ്റേ സൈഡില്‍ പോയാ!!!
മാഷേ ആണുങ്ങള്‍ക്ക് അവിടെ ടോയ്‌ലറ്റ് ഉണ്ടോന്ന് ഒന്ന് അന്വേഷിച്ചൂടാരുന്നോ.
രണ്ടിന്റെം മുന്നില്‍ എഴുതി വച്ചത് ഒന്നാകയാല്‍ അത് രണ്ടും സ്ത്രീജനങ്ങള്‍ക്കുള്ളതാവാനാ വഴി.
നൂറാം പോസ്റ്റിന് അഭിനന്ദനങള്‍.....
ഒരു ചോക്കുകട്ടയെങ്കിലുമെടുത്ത് അന്നവിടെ രണ്ടു ചിത്രം വരച്ചിരുന്നെങ്കില്‍, പിറ്റേ മാസം എനിക്കും ഇതേയബദ്ധം പിണയുമായിരുന്നോ മാഷേ?
അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ !!!
മിഠായി എടുക്കൂ ആഘോഷിക്കൂ!!
-സുല്‍
ഉണ്ടപ്പക്കട മാലപ്പക്കട ഠോ..ഠോ..ഠോ.. സെഞ്ച്വറിക്ക് ആശംസകള്‍
നൂറടിച്ച സൂര്യോദയത്തിന് ആശംസകള്‍.
(മറ്റേ നൂറല്ല, കേട്ടോ :)
All the best.......
qw_er_ty
സു ചേച്ചി, ശാലിനി, വല്ല്യമ്മായി, തറവാടി, വേണുജീ, sandoz, എട്ടുകണ്ണന്‍, സുല്‍, ഡിങ്കന്‍, മൂര്‍ത്തി, മനോജ് കുമാര്‍... നന്ദി..
കുട്ടിച്ചാത്ത്സ്...പിറ്റേന്ന് മറ്റേ സൈഡില്‍ പോകുന്നതിനുമുന്‍പ് അല്‍പം പരിസരവീക്ഷണം നടത്തി സംഗതി ഉറപ്പിച്ചിരുന്നു.. :-)
:)
:):)
:):):)
Post a Comment
<< Home