എന്‍ ട്രന്‍സ് കോച്ചിംഗ്
ഫസ്റ്റും സെക്കന്റും ഗ്രൂപ്പ് എടുത്ത് പ്രീഡിഗ്രി പഠിക്കുന്നവരെല്ലാം ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകാനുള്ളവരാണെന്നുള്ള വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ 'എഞ്ചിനീയറാവാന്‍' ഞാനും ഒരു വിധത്തില്‍ ഫസ്റ്റ് ഗ്രൂപ്പ് ഒപ്പിച്ചു.
വെറുതേ ഫസ്റ്റ് ഗ്രൂപ്പ് പഠിച്ചാല്‍ പോരാ എന്നും എന്‍ ട്രന്‍സ് കോച്ചിംഗ് എന്നൊരു സംഭവമുണ്ടെന്നും പിന്നീടാണറിഞ്ഞത്. അതിനെപ്പറ്റി ഒരുവിധം വിവരമായി വന്നപ്പോഴേയ്ക്കും സമയം ഇച്ചിരി വൈകി. മിക്കവന്മാരും ഈ കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് ചേര്‍ന്ന് കഴിഞ്ഞു. തൃശ്ശൂരിലെ ഒരു പ്രൊഫസര്‍ നടത്തുന്ന കോച്ചിംഗ് ക്ലാസ്സുകളാണ് ഏറ്റവും പ്രമാദമെന്നും അവിടെ പഠിക്കുന്ന ഭൂരിപക്ഷം പേരും എന്‍ ട്രന്‍സ് പരീക്ഷ പാസ്സാവുമെന്നും അറിഞ്ഞപ്പോള്‍ 'എന്നാല്‍ അതൊന്ന് കാണണമല്ലോ' എന്ന് വിചാരിച്ച് ഞാനും അവിടെത്തന്നെ ചേരുവാന്‍ തീരുമനിച്ചു.
അവിടെ അഡ്മിഷന്‍ കിട്ടണമെങ്കില്‍ പത്താം ക്ലാസ്സില്‍ മാര്‍ക്ക് കേമമായിരിക്കണമെന്ന് നിര്‍ബദ്ധം. റാങ്ക് കിട്ടേണ്ടിയിരുന്ന (എത്രാമത്തെ എന്ന് ചോദിക്കരുത്) ജന്മമാണിതെന്നും ഭാഗ്യദേവതയുടെ ശ്രദ്ധക്കുറവുകൊണ്ട് മാത്രമാണ് ഡിസ്റ്റിങ്ങ്ഷന് തൊട്ടു താഴെ മാര്‍ക്ക് ഇടിച്ച് നിന്നതെന്നും ആ പ്രൊഫസറെ പറഞ്ഞ് വിശ്വസിപ്പിച്ച് അഡ്മിഷന്‍ തരമാക്കി.
പക്ഷെ, അഡ്മിഷന്‍ കിട്ടിയത് വെക്കേഷന്‍ ബാച്ചിന്... അതായത് ഓണം, ക്രിസ്തുമസ് തുടങ്ങിയ വെക്കേഷനുകളില്‍ കാലത്ത് മുതല്‍ വൈകീട്ട് വരെ കോച്ചിംഗ്....
അങ്ങനെ ഓണം, ക്രിസ്തുമസ് വെക്കേഷനുകളില്‍ കാലത്തേ 6 മണിക്ക് ബസ്സ് കയറും... 8 മണിയ്ക്ക് ക്ലാസ്സ് തുടങ്ങിയാല്‍ 12.30 വരെ... 1:30 മുതല്‍ 5.30 വരെ.....എന്റെ ജീവിതത്തിലെ ഏറ്റവും കരിഞ്ഞ കാലഘട്ടം... സുഖമായി തെണ്ടിത്തിരിഞ്ഞ് അടിച്ച് പൊളിച്ച് നടക്കേണ്ട വെക്കേഷനുകള്‍ ഞാന്‍ മിണ്ടാനും അനങ്ങാനും പറ്റാതെ എന്റ്രന്‍സ് കോച്ചിംഗ് ക്ലാസ്സില്‍ അനുഭവിച്ച് തീര്‍ക്കേണ്ട ഗതി.
ഫിസിക്സ് ആയിരുന്നു എന്നെ വല്ലാതെ ഹരം കൊള്ളിച്ചത്. സ്റ്റഡി മറ്റീരിയലായി തന്ന് വിട്ടിട്ടുള്ള പേപ്പര്‍ കെട്ടുകള്‍ ക്ലാസില്‍ മേശമേല്‍ എടുത്ത് വയ്ക്കാനേ സമയം കിട്ടൂ... ഒരു പേപ്പര്‍ നമ്പറും അതില്‍ ഏതെങ്കിലും ഒരു ചോദ്യ നമ്പറും വിളിച്ച് പറഞ്ഞിട്ട് പ്രൊഫസര്‍ അതിന്റെ ഉത്തരം ബോര്‍ഡില്‍ എഴുതിത്തുടങ്ങും...പേപ്പര്‍ കെട്ടിന്നിടയില്‍ നിന്ന് ആ പേപ്പര്‍ തപ്പിയെടുത്ത് അതില്‍ നിന്ന് പുള്ളിക്കാരന്‍ വിളിച്ചുപറഞ്ഞ ചോദ്യനമ്പര്‍ അരിച്ചെടുക്കുമ്പോഴെയ്ക്കും ആ ഉത്തരം തീര്‍ന്ന് അദ്ദേഹം ഇതുപോലെ വേറെ ഏതെങ്കിലും പേപ്പറിലെ ഒരു ചോദ്യനമ്പര്‍ വിളിച്ച് പറഞ്ഞ് അതിന്റെ ഉത്തരം എഴുതിത്തുടങ്ങിയിട്ടുണ്ടാകും...
ഈ പരിപാടി തുടര്‍ന്നപ്പോള്‍ ഇത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടുന്ന കാര്യമല്ല എന്ന് എനിയ്ക്ക് പിടികിട്ടി. പിന്നീടങ്ങോട്ട് ചിത്രരചനയായിരുന്നു...... ബോര്‍ഡില്‍ കാണുന്നത് അതേ പോലെ വരച്ചെടുക്കും. ബാക്കിയൊക്കെ പിന്നെയാവാം എന്നതായിരുന്നു ചിന്ത.
എന്റെ സുഹൃത്തുക്കളും എന്റെ അതേ റേഞ്ച് മാത്രം ഉണ്ടായിരുന്ന ഷാജിയോടും ജിന്‍സിനോടും ഞാന്‍ എന്റെ കഷ്ടപ്പാട് വിവരിച്ചപ്പോള്‍ അവര്‍ ദീര്‍ഘനിശ്വാസം വിടുന്നകണ്ട് എനിയ്ക്കും ഒരു കുളിര്‍ നിശ്വാസം വന്നു. "സേം പിച്ച്" എന്ന് പരസ്പരം പറഞ്ഞ് ഞങ്ങള്‍ ഈ പ്രക്രിയ തുടര്‍ന്നു.
എന്നാല്‍, ഞങ്ങളേപ്പോലെയല്ലാത്ത പലരും ക്ലാസ്സിലുണ്ടെന്നത് ഒരു നഗ്നസത്യമായിരുന്നു. നഗ്നം എന്ന് ആ സത്യത്തിന്റെ കൂടെ ഉപയോഗിക്കാന്‍ കാരണം അത് ഞങ്ങളില്‍ അല്‍പം ജാള്യത സൃഷ്ടിച്ചു എന്നത് തന്നെ. ഇവന്മാര്‍ ഇതെങ്ങനെ ഒപ്പത്തിനൊപ്പം ചോദ്യത്തിന്റെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലും മറ്റും സജീവമായി പങ്ക് കൊള്ളുന്നു എന്ന് കൂലം കഷമായി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മറ്റൊരു സത്യം (നഗ്നമല്ല) മനസ്സിലാക്കി. ഇവന്മാര്‍ വെക്കേഷന്‍ ക്ലാസ്സിന് വരുന്നതിനുമുന്‍പ് തന്നെ ഈ കെട്ട് പേപ്പറുകളെല്ലാം പരിശോധിച്ച് ഉത്തരം കണ്ടുപിടിച്ച് വളരെ പ്രിപ്പറേഷനോടെ എത്തുന്നവരാണെന്ന സത്യം. വീട്ടില്‍ കൊണ്ടുപോയ ആ കെട്ട് കോച്ചിംഗ് ക്ലാസ്സില്‍ വരുന്നതിനു മുന്‍പ് തപ്പിയെടുക്കുമ്പോള്‍ മാത്രം കാണുന്ന എന്നെപ്പോലുള്ളവര്‍ ക്ലാസ്സിലിരുന്ന് ബോര്‍ഡ് നോക്കി ചിത്രം വരച്ചെടുക്കുന്നതില്‍ ഒട്ടും അതിശയിക്കാനില്ലെന്നത് എന്റെ അപകര്‍ഷതാബോധം അല്‍പം കുറയ്ക്കുന്നതിന് ഉപയോഗമായി. എന്നിരുന്നാലും ഞാനെന്റെ പതിവ് തെറ്റിക്കാന്‍ തയ്യാറായില്ല.
അങ്ങനെ, ഉല്ലാസപ്രദമാകേണ്ട വെക്കേഷനുകളില്‍ മാനസികപീഠനവും കഷ്ടപ്പാടും അനുഭവിച്ചതിന് എന്റ്രന്‍സ് പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ ഒരു തീരുമാനമായി. റാങ്ക് ലിസ്റ്റില്‍ അരിച്ച് പെറുക്കി നോക്കിയിട്ടും എന്റെ നമ്പര്‍ കാണുന്നില്ല. ഇനി ഒരു പേപ്പറില്‍ വിട്ടുപോയതായിരിക്കും എന്ന് വിചാരിച്ച് വേറെ പേപ്പറുകളിലും നോക്കിയെങ്കിലും വല്ല്യ ഗുണമുണ്ടായില്ല.
'ഹും... ആര്‍ക്ക് വേണം എഞ്ചിനീയര്‍?' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഡിഗ്രി ആദ്യവര്‍ഷം ഒരൊറ്റ പേപ്പര്‍ പോലും എഴുതാതെ ഞാന്‍ എന്റ്രന്‍സ് പരീക്ഷയെഴുതി. 'എന്റ്രന്‍സ് എങ്ങാനും കിട്ടിയാല്‍ ഡിഗ്രിയ്ക്ക് എഴുതിയ പേപ്പറുകള്‍ വേസ്റ്റ് ആയിപ്പോകില്ലേ' എന്ന വിചാരമായിരുന്നു. പക്ഷെ, എന്റ്രന്‍സ് കറക്കിക്കുത്തില്‍ റിസല്‍ട്ട് ഒരു മാറ്റവുമില്ലതെ നിലകൊണ്ടു.
അങ്ങനെ, എഞ്ചിനീയര്‍ മോഹം ചവിട്ടിത്തേച്ച് ഞാന്‍ ഡിഗ്രി തുടര്‍ന്നു. ഒരു ഗുണം കിട്ടിയതെന്തെന്നാല്‍ ഡിഗ്രി രണ്ടാം വര്‍ഷം ആദ്യവര്‍ഷത്തെ പേപ്പറുകളടക്കം ഒരുപാട് പരീക്ഷയെഴുതാന്‍ കഴിഞ്ഞു.
അന്നത്തോടെ ഞാനൊരു ശപഥം ചെയ്തു. ഇനി ജീവിതത്തില്‍ ഒരു കോഴ്സിനും എന്റ്രന്‍സ് പരീക്ഷയെഴുതില്ല എന്ന്. ദൈവാനുഗ്രഹത്താല്‍ ഇപ്പോഴും ആ ശപഥം തെറ്റാതെ തുടരുന്നു.
10 Comments:
എന്റ്രന്‍സ് കോച്ചിങ്ങിനെ കോച്ചിപ്പിടിക്കുന്ന ഓര്‍മ്മകള്‍....ഈയിടെ ഒരു മാഗസിനില്‍ കോച്ചിംഗ് ക്ലാസ്സ് നടത്തുന്ന പ്രൊഫസറുടെ തുടര്‍ ലേഖനം വായിച്ചപ്പോള്‍ ഓര്‍ത്തുപോയ ആ കരിഞ്ഞ കാലഘട്ടം...
സൂര്യോദയം,
എന്ട്രന്‍സ് എന്നതൊക്കെ ഇന്നത്തെ കാലത്ത് കാശുകാര്‍ക്ക് മാത്രം താങ്ങാവുന്ന പണിയാണ്. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താവിന്റെ സാമ്പത്തികവും സാമൂഹികവുമായ നിലക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആണ് ഇന്ന് ഓരോ കുട്ടിക്കും കിട്ടുന്നത്. ഡിസ്റ്റിങ്ങ്ഷന്‍ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്‍ തോമസ് സാറിന്റെ അടുത്ത് പഠിക്കാന്‍ പറ്റി. പക്ഷെ 520 കിട്ടിയിട്ടും ഈയുള്ളവന് എണ്ട്രന്‍സ് കോച്ചിങ് നെ ചേരാന്‍ കൂടി സാധിച്ചില്ല. അതാണ് ഇന്നത്തെ കാലം.
അവരെയൊക്കെ സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ നമുക്ക് കാണാം.
നന്നായി വിവരിച്ചിരിക്കുന്നു...
:)
സുനില്‍
ഹി ഹി. നന്നായി എഴുതി.
നമ്മുടെ നാട്ടില്‍ ആകെ രണ്ടു തൊഴിലേ ഉള്ളൂ. ഡോക്റ്ററും എഞ്ചിനിയറും. പ്രീഡിഗ്രീ കഴിഞ്ഞു രണ്ടിലൊന്നിനു അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ പിന്നെ ജീവിച്ചിട്ട് കാര്യമില്ല.
സൂര്യോദയം ചേട്ടാ...
നല്ല എഴുത്തു തന്നെ...
“എന്റെ ജീവിതത്തിലെ ഏറ്റവും കരിഞ്ഞ കാലഘട്ടം... ”
എന്ന ആ വാചകം എനിക്കു നന്നേ ഇഷ്ടപ്പെട്ടു. കാരണം, എന്റെ ജീവിതത്തിലും പ്രീഡിഗ്രീ പഠന കാലത്തെ ഞാന്‍ വിശേഷിപ്പിക്കാറുള്ളതും മറ്റൊരു തരത്തിലല്ല.
:)
രസകരമായിരിക്കുന്നു.
ജീവിതത്തിന്റെ നല്ല രണ്ടു വര്‍ഷങ്ങള്‍ ഞാനും ഇങ്ങനെ കരിച്ചു കളഞ്ഞിട്ടുണ്ട്. 2 വര്‍ഷം മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ദൈവം സഹായിച്ച് എന്‍ഡ്രന്‍സ് കിട്ടി. ഇല്ലായിരുന്നെങ്കില്‍...
അതു കഴിഞ്ഞ് 3-4 വര്‍ഷങ്ങള്‍ കഴിഞ്ഞു കാണും, ആരോ പറഞ്ഞു കേട്ടു, പടര്‍ന്നു പന്തലിക്കുന്ന ഈ വ്യവസായത്തെ പറ്റി. എത്തരം കോചിംഗ് ക്ലാസുകള്‍ക്ക് ഈടാക്കുന്ന ഫീസ് കെട്ടു ഞാന്‍ ഞെട്ടിത്തരിച്ച് നിന്നതു ഓര്‍ത്തു പോകുന്നു.
മറ്റൊരു രസകരമായ സംഭവം.
എന്റെ അനുജന്‍ 10 ക്ലാസ് നല്ല മാര്‍ക്കോടെയാണു പാസായത്. 92% ഉണ്ടായിട്ടും, 4ത്ത് ഗ്രൂപ് എടുക്കാനണ്‍ അവന്‍ തീരുമാനിച്ചത്. ഇതു കേട്ട് എന്റെ അച്ഛനും അമ്മക്കും സന്തൊഷം. ഈ തീരുമാനം പരസ്യമാക്കിയപ്പൊള്‍, പലര്‍ക്കും ശക്തമായ എതിര്‍പ്പ്. എത്ര മാത്രം ഈ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസീന്‍ എന്ന സങ്കുചിത വീക്ഷണം നമ്മുടെ എടയില്‍ വേരുറപ്പിച്ചിരിക്കുന്നു എന്ന് മനസ്സിലായതു അന്നു വൈകുന്നെരം ഞങ്ങളുടെ ഒരു അധ്യാപകന്‍ വീട്ടില്‍ വന്നപ്പൊഴാണു. എതൊ മഹാ പാതകത്തിനു കൂട്ട് നില്‍കുന്ന പൊലെയാണു അദ്ധേഹം എന്റെ ആച്ഛാനൊടു സംസാരിച്ചത്. പക്ഷെ അന്ന് പലരുടെയും എതിര്‍പ്പുകള്‍ വക വയ്കാതെ 4 ഗ്രൂപ് എടുത്തു പഠിച്ച എന്റെ അനുജന്‍ ഇന്നു ഒരു Chartered Accountant (CA) ആണു.
ഞാനും വെക്കേഷന്‍ ക്ലാസ്സിനായിരുന്നു.പക്ഷെ അവിടുത്തെ കെമിസ്റ്റ്രിയും മാത്സും ഇത്ര പേടിക്കേണ്ടതല്ലായിരുന്നു.
രസിച്ച് വായിച്ചു - ഇത് പോലുള്ള അനുഭവമൊന്നുമില്ലെങ്കിലും!
പക്ഷെ ഇപ്പം നല്ല ജോലിക്ക് ഇതല്ലാതെയും ഒരുപാട് ഓപ്ഷന്‍സുണ്ടല്ലോ..എന്നാലും നമ്മുടെ നാട്ടുകാരുടെ അടിസ്ഥാന ചിന്താഗതി മാറുന്നില്ലാ എന്നതിലാണ്‍ പ്രശ്നം!
സൂര്യോദയം ചേട്ടാ ഇഹു കലക്കി!
ഏതായാലും ആ ശപഥം തെറ്റാതെ ഇരിക്കട്ടെ:)
... സാറിന്റെ എണ്ട്രന്‍സ് ക്ലാസ്സ് ഒരു പ്രസ്ഥാനമായിരിക്കുന്നു അല്ലെ ?
സുനില്‍...., ശ്രീജിത്ത്, വെങ്കി, സതീഷ്, സാജന്‍, മുസാഫിര്‍... വായിച്ച് കമന്റിടാന്‍ സമയം ചെലവഴിച്ചതിന് നന്ദി..
Post a Comment
<< Home