ചോറ്റാനിക്കര ക്ഷേത്രദര്‍ശനം
ഈശ്വരവിശ്വാസിയാണെങ്കിലും പള്ളി, അമ്പല വിശ്വാസിയല്ലാത്ത എനിയ്ക്ക് പലപ്പോഴും മറ്റുള്ളവര്‍ക്ക് കൂട്ടായി ഈ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ നിയോഗം ലഭിക്കാറുണ്ട്.
കഴിഞ്ഞ ആഴ്ച ഭാര്യയുടെ അച്ഛനും അമ്മയും ഞങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്ന ഉദ്ദേശത്തിന്റെ കൂട്ടത്തില്‍ 'ചോറ്റാനിക്കര ക്ഷേത്രദര്‍ശനം കൂടി ഉള്‍പ്പെടുത്താമോ' എന്നൊരു റിക്വസ്റ്റ് കം ഓര്‍ഡര്‍ ഭാര്യ എനിയ്ക്ക് കൈമാറി. കഴിഞ്ഞ 8 കൊല്ലമായി (അതായത് സ്വന്തമായി കാര്‍ വാങ്ങിയ കാലം മുതല്‍) കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി ഡ്രൈവര്‍ ജോലി എനിയ്ക്ക് പട്ടയമായി പതിച്ച് കിട്ടിയിരുന്നു.
അങ്ങനെ ശനിയാഴ്ച ആലുവ റെയില്‍ വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഭാര്യാ പിതാവിനെയും മാതാവിനെയും കൊണ്ട് നേരെ ചോറ്റാനിക്കരയിലേയ്ക്ക്........
ചോറ്റാനിക്കരയിലെത്തി കാര്‍ പാര്‍ക്ക് ചെയ്യുന്നാ സ്ഥലത്ത് ചെന്നപ്പോള്‍ അവിടെ പാര്‍ക്കിംഗ് സ്പേസ് വളരെ കുറവ്.... ഒടുവില്‍ പാര്‍ക്ക് ചെയ്യാന്‍ ഒരു ചെറിയ ഗ്യാപ് കിട്ടി. ഒന്ന് രണ്ട് വട്ടം കാര്‍ മുന്നോട്ടും പിന്നോട്ടുമെടുത്ത് അവിടെ കറക്റ്റ് ആയി പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന കണ്ടിട്ട് ഒരു വയസ്സായ അമ്മാവന്‍ കൈ കൊണ്ട് 'സ്റ്റോപ്പ്' ആക് ഷന്‍ കാണിച്ചു. എന്നിട്ട് അമ്മാവന്‍ തൊട്ടപ്പുറത്ത് കിടന്നിരുന്ന കാറിന്റെ അടുത്തേയ്ക്ക് നടന്നു. ആ കാറിന്റെ ഡ്രൈവര്‍ ആയിരുന്നു ആ അമ്മാവന്‍ എന്ന് അപ്പോഴാണ് മനസ്സിലായത്. അമ്മാവന്റെ കാര്‍ കിടന്നിരുന്നത് ഒരു 'വശപ്പെശക്' സെറ്റപ്പിലായിരുന്നു. അതായത്, രണ്ട് കാറുകളുടെ നടുവില്‍ രണ്ട് വശവും നല്ല ഗ്യപ്പ് ഇട്ട് 'ഇനി ഒരു വണ്ടി ഇതിന്നിടയില്‍ അനുവദനീയമല്ല' എന്ന ഒരു സ്റ്റൈല്‍.
അമ്മാവന്റെ കാര്‍ ഒന്ന് സൈഡ് ഒതുക്കി എന്റെ കാറിനുള്ള സ്ഥലം തരാം എന്ന് ആംഗ്യത്തിലൂടെ എന്നെ ബോദ്ധ്യപ്പെടുത്തി.
'ഓ.. അങ്ങനെ ആയിക്കോട്ടെ' എന്ന് വിചാരിച്ച് ഞാന്‍ എന്റെ കാര്‍ അല്‍പം മുന്നോട്ടെടുത്ത് അമ്മാവന്റെ ഡ്രൈവിംഗ് അഭ്യാസത്തിന് വഴിയൊരുക്കി.
വളരെ എക്സ് പീരിയന്‍സ്ഡ് ആയ ഒരു ഡ്രൈവറെ ആ അമ്മാവനില്‍ സങ്കല്‍പ്പിച്ച എനിയ്ക്ക് വല്ല്യ കാലതാമസമില്ലാതെ ആ വിചാരം ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു. എന്റെ കാറിന് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാക്കാനുള്ള അഭ്യാസത്തിന്നൊടുവില്‍ അമ്മാവന്‍ അമ്മാവന്റെ കാര്‍ നേരത്തേ കിടന്ന പൊസിഷനില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ അഡ്ജസ്റ്റ് ചെയ്ത് പാര്‍ക്ക് ചെയ്തു. മാത്രമല്ല, 'ഇനി പാര്‍ക്ക് ചെയ്തോളൂ' എന്ന സിഗ്നലും അമ്മാവന്‍ എനിയ്ക്ക് തന്നു.
ഞാന്‍ അല്‍പം ബുദ്ധിമുട്ടി എന്റെ കാര്‍ ഉള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തു.
കാറില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മാവന്റെ വക ഒരു കമന്റ്...
"വെറുതേ സ്റ്റിയറിംഗ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചിട്ട് കാര്യമില്ല. ഹൈവേയില്‍ വെറുതേ വണ്ടി ഓടിച്ചാല്‍ ഡ്രൈവിംഗ് ആവില്ല... വളവുകളില്‍ കൃത്യതയോടെ എടുക്കാന്‍ പഠിക്കണം..."
സാധാരണ ഇത്തരം വര്‍ത്തമാനം കേട്ടാല്‍ തിരിച്ച് നാല് വര്‍ത്തമാനം പറഞ്ഞ് മനസ്സും വയറും നിറച്ചിട്ട് അടങ്ങാറുള്ള എനിയ്ക്ക് ഇത് കേട്ട് ചിരി വന്നു. 'വാദി പ്രതിയാകുക' എന്നത് ഇതാ അനുഭവിക്കാനാകുന്നു. എട്ട് കൊല്ലമായി സ്ഥിരമായി വണ്ടി ഓടിക്കുകയും അത്ര വല്ല്യ ആക്സിഡന്റുകളിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത്യാവശ്യം തട്ടും മുട്ടും ഉരച്ചിലും നടത്തിയിട്ടുള്ള എന്റെ ഡ്രൈവിങ്ങിനെപ്പറ്റി അമ്മാവന്‍ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ ഇപ്പോ ലൈസന്‍സ് എടുത്ത് നേരെ വരുന്ന വഴിയാണെന്ന്.
പക്ഷെ, ആ അമ്മാവനോട് ഒന്നും എതിര്‍ത്ത് പറയാന്‍ തോന്നിയില്ല. ഞാന്‍ ആ അമ്മാവനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഈ കാര്‍ ഇവിടെ കിടന്നത് കൊണ്ട് അമ്മാവന്റെ വണ്ടി എടുക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ?"
"ഹേയ് ഇല്ല.."
"ങാ.. എന്നാല്‍ അതവിടെ കിടന്നോട്ടെ..." ഇതും പറഞ്ഞ് ഞാന്‍ ചിരിച്ചുകൊണ്ട് നടന്നു.
എന്റെ വരവ് കണ്ട് മുന്നില്‍ നടന്നിരുന്ന ഭാര്യ കാര്യം ആരാഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ നല്ല മുട്ടന്‍ വഴക്ക് കഴിഞ്ഞ് വരാറുള്ള എന്നെ ചിരിച്ചുകൊണ്ട് കണ്ടതിലായിരുന്നു അവള്‍ക്ക് അത്ഭുതം.
"പാവം... അങ്ങേരോട് എന്ത് പറയാനാ???" ഞാന്‍ പറഞ്ഞു.
"നന്നായി ഒന്നും പറയാഞ്ഞത്.. അങ്ങേര്‍ക്ക് ആ ആനന്ദം അങ്ങനെ നില്‍ക്കട്ടെ.." ഇത് കേട്ട് നിന്നിരുന്ന അച്ഛന്‍ പറഞ്ഞു.
അമ്പലത്തിന്റെ കോമ്പൗണ്ടില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ച് ഞാന്‍ ഭാര്യയോട് പറഞ്ഞു.
"നീ ഒന്ന് നോക്കിയേ... ഇവിടെ വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്... മാനസികമായ ഒരു മിസ്സിംഗ്.."
"ദേ... വെറുതേ ദൈവദോഷം പറയണ്ടാട്ടോ..." ഭാര്യയുടെ ഭീഷണി.
"അല്ലാന്നേ...നീ ഒന്ന് ആളുകളെ സൂക്ഷിച്ച് നോക്ക്.. അപ്പോ മനസ്സിലാവും..." ഇതും പറഞ്ഞ് ഞാന്‍ രണ്ട് മൂന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു.
"ശരിയാ... അങ്ങനെയുള്ളവര്‍ ധാരാളം വരുന്ന സ്ഥലമാ ഇത്.." അച്ഛന്‍ വിശദീകരിച്ചു.
അപ്പോഴെയ്ക്കും അമ്മ കൗണ്ടറില്‍ നിന്ന് വഴിപാടുകളുടെ രസീതിയുമായെത്തി.
"ഹായ്.. കമ്പ്യൂട്ടര്‍ പ്രിന്റൗട്ട്..." രസീതി നോക്കി ഞാന്‍ പറഞ്ഞു. ആ പ്രിന്റില്‍ വന്ന പേരുകള്‍ ഞാന്‍ വായിച്ചപ്പോള്‍ എന്റെയും ഭാര്യയുടേയും പേരുകള്‍ തെറ്റിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
"ദേ.. അമ്മ ഈ വഴിപാട് വേറെ ആര്‍ക്കോ വേണ്ടിയാണല്ലോ നടത്തുന്നത്.." ഞാന്‍ പറഞ്ഞു.
"ഹേയ്.. അതില്‍ നാളും എഴുതിയിട്ടുണ്ട്.." ഭാര്യയുടെ വിശദീകരണം.
"ഈ പേരില്‍ ഈ നാളുള്ള എത്ര പേര്‍ കാണും.. എന്തായാലും ഈ വഴിപാടിന്റെ കാശ് അമ്മ മുടക്കിയിട്ട് അത് വേറെ ആര്‍ക്കോ വേണ്ടി ആയിപ്പോയെന്ന് മാത്രം.." ഞാന്‍ തുടര്‍ന്നു.
"ദേ.. വെറുതേ അമ്മയെ ടെന്‍ഷന്‍ ആക്കണ്ടാട്ടോ..." ഭാര്യയ്ക്കും ടെന്‍ഷന്‍..
"ഹേയ്.. അതൊന്നും സാരമില്ല... നമ്മള്‍ വഴിപാട് ചെയ്യുന്നു എന്നേയുള്ളൂ... പേര് തെറ്റിയാലൊന്നും കുഴപ്പമില്ല.." അമ്മ ആശ്വസിക്കാന്‍ ശ്രമിച്ചു.
അപ്പോഴാണ് 'വഴിപാട്' എന്നതിന്റെ അര്‍ത്ഥം എനിയ്ക്ക് ശരിയ്ക്ക് മനസ്സിലായത്. പണ്ടൊക്കെ പഠിക്കുന്ന കാലത്ത് അമ്മയെ ബൊധിപ്പിക്കാന്‍ പുസ്തകം എടുത്ത് കയ്യില്‍ വച്ച് ടി.വി. യുടെ മുന്നിലിരിയ്ക്കുമ്പോള്‍ അമ്മ പറയുന്ന കേട്ടിട്ടുണ്ട്.. "നീ ഇങ്ങനെ വഴിപാട് കഴിയ്ക്കാനായി പുസ്തകം നിവര്‍ത്തി വയ്ക്കേണ്ട.." എന്ന്. ആ പറഞ്ഞ വഴിപാടിന്റെ ശാസ്ത്രീയമായ അടിസ്ഥാനം ഇപ്പോഴാണ് മനസ്സിലായത്.
"അതേയ്.. ഇത് അവര്‍ വെബ് ബേസ്ഡ് സോഫ്റ്റ് വെയറില്‍ ആയിരുന്നു ഡാറ്റാ എന്റ്രി ചെയ്തിരുന്നതെങ്കില്‍ ഈ വഴിപാടുകളുടെ കണക്ക് ദൈവത്തിന് നേരെ ആക്സസ് ചെയ്യാമായിരുന്നില്ലേ??" ഞാന്‍ ഒരു സംശയം ഭാര്യയോട് ചോദിച്ചു.
"എന്ത്??" എന്നെ ഒരല്‍പം വിചിത്രമായ ഒരു നോട്ടത്തോടെ ഭാര്യ ചോദിച്ചു.
"അല്ലാ... ഇത് ദിവസവും വൈകീട്ട് ഈ കൗണ്ടറിലെ ഡാറ്റാ ദൈവത്തിന്റെ സെര്‍വര്‍ മെഷീനിലോട്ട് അപ് ലോഡ് ചെയ്യണ്ടി വരില്ലേ എന്നതുകൊണ്ട് ചോദിച്ചതാ??"
ഇത്തവണ ഭാര്യ ഒരല്‍പം നീങ്ങിയിട്ട് മാനസികവൈകല്ല്യമുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുമാറ് ഒന്ന് നോക്കി. എന്നിട്ട് വേഗം മുന്നോട്ട് നടന്നു. അവളെ പ്രകോപിപ്പിക്കുക എന്ന എന്റെ ലക്ഷ്യം വിജയം കണ്ട സന്തോഷത്തില്‍ ഞാന്‍ പിന്നാലെ നടന്നു.
ഭാര്യയും അച്ഛനും അമ്മയും അമ്പലത്തിന്റെ ഉള്ളിലേയ്ക്ക് കടക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഭാര്യ എന്നോട് ചോദിച്ചു..
"ഉള്ളിലേയ്ക്ക് വരുന്നുണ്ടോ??"
"ഹേയ് ഇല്ല... ആണുങ്ങളുടെ മാത്രമായുള്ള ബോഡി ഷോ എനിയ്ക്ക് താല്‍പര്യമില്ല..." ഞാന്‍ പറഞ്ഞു.
ഇനി കൂടുതല്‍ കേള്‍ക്കാന്‍ വയ്യെന്ന എക്സ്പ്രഷനോടെ അവള്‍ വേഗം ഉള്ളിലേയ്ക്ക് നടന്നു. പോകുന്ന പോക്കില്‍ മോളുടെ തൊപ്പിയും പോപ്പി കുടയും എന്നെ ഏല്‍പ്പിച്ചു.
ആ തൊപ്പിയും ചെറിയ പോപ്പി കുടയും പിടിച്ച് നടന്നപ്പോള്‍ എനിയ്ക്ക് തന്നെ ഒരു കൗതുകം തോന്നി. നടക്കുന്നതിന്നിടയില്‍ മഴപെയ്ത് വെള്ളം കെട്ടിക്കിടക്കുന്ന ഒരു സ്ഥലം എത്തിയപ്പോള്‍ ഞാന്‍ അത് ചാടിക്കടക്കുകയും ചെയ്തു. ഉടനെ എനിയ്ക്ക് 'മണിച്ചിത്രത്താഴ്' എന്ന സിനിമയില്‍ പപ്പു വെള്ളം ചവിട്ടാതെ ചാടി ചാടി നടക്കുന്ന സീന്‍ ഓര്‍മ്മ വന്നു. ഒരു ചെറു ചിരിയോടെ ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അല്‍പം നീങ്ങിയുള്ള വിശ്രമസ്ഥലത്ത് ഇരിക്കുന്ന ചിലര്‍ എന്നെ കൗതുകത്തോടെ നോക്കുന്ന വിവരം എനിയ്ക്ക് ബോദ്ധ്യപ്പെട്ടു. അവിടെ ഒരാള്‍ അയാളുടെ ഭാര്യയ്ക്ക് എന്നെ ചൂണ്ടിക്കാട്ടി എന്തോ വിശദീകരിച്ച് കൊടുക്കുന്നു. ഞാന്‍ എന്റെ ഭാര്യയ്ക്ക് വിശദീകരിച്ച് കൊടുത്തത് എന്തോ അത് തന്നെയാവും ഇപ്പോള്‍ അയാളും ചെയ്യുന്നതെന്ന് മനസ്സിലാവാന്‍ വല്ല്യ ബുദ്ധിമുട്ടുണ്ടായില്ല. 'കണ്ടോ.. ചെറിയ കുട്ടിയുടെ പ്രകൃതം... എന്താ ചെയ്യാ... പാവം...' എന്നായിരിയ്ക്കും അവിടുത്തെ ചര്‍ച്ച.
ഞാന്‍ ആക് ഷന്‍സ് പരമാവധി കുറച്ച് അല്‍പം നീങ്ങി ഒതുങ്ങി നിന്നു.
തൊട്ടപ്പുറത്ത് കൂടി നില്‍ക്കുന്ന ഒരു ഫാമിലിയോട് ഒരു വല്ല്യമ്മയുടെ നിര്‍ത്താതെയുള്ള വിശേഷം പറച്ചില്‍. കുറച്ച് കഴിഞ്ഞിട്ടും വളരെ സത്യസന്ധമായ ഈ വിശേഷം പറച്ചില്‍ തീരാത്തതെന്താണെന്നറിയാന്‍ തിരിഞ്ഞ് നോക്കിയ ഞാന്‍ കണ്ടത് ആ വല്ല്യമ്മ തന്നെ കണ്ണടച്ച് നിന്ന് അത്യുത്സാഹത്തില്‍ വിശേഷം പറയുന്നതാണ്. നേരത്തേ അടുത്ത് നിന്നിരുന്നവരോടല്ല അവര്‍ ഇത്ര നേരം സംസാരിച്ചതെന്ന് എനിയ്ക്കപ്പോഴാണ് മനസ്സിലായത്. എന്നാലും അവര്‍ വളരെ സന്തോഷവതിയായി മനസ്സുതുറക്കുന്നത് കണ്ട് അനുകമ്പയാണോ വിഷമമാണോ തോന്നിയതെന്നറിയില്ല.
അപ്പോഴെയ്ക്കും ദൈവത്തിന്റെ തൊട്ടടുത്ത് ചെന്ന് വിവരം പറഞ്ഞതിന്റെ നിര്‍വൃതിയോടെ ഭാര്യയും സംഘവും തിരിച്ചെത്തി.
ഇനി അടുത്ത ഭാഗത്തേയ്ക്ക്....... പോകുന്ന വഴിയില്‍ കാണുന്ന വല്ല്യമ്മമാരെല്ലാം കൈ നോട്ടക്കാരും ലക്ഷണം പറച്ചിലുകാരും...
"മോനേ.. ഒരു മാറ്റം വരാനുണ്ട്..." ഒരു വല്ല്യമ്മ എന്നെ ഒന്ന് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.
"ഉവ്വ് വല്ല്യമ്മേ... മാറ്റമുണ്ട്... ഇന്ന് ശനിയാഴ്ച... അത് നാളെ മാറി ഞായറാഴ്ചയാവും.." ഞാന്‍ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.
ഭാര്യയും സംഘവും വീണ്ടും അടുത്ത സെക് ഷനിലേയ്ക്ക് കടന്നപ്പോള്‍ ഞാന്‍ പതിവുപോലെ പുറത്ത് കാവല്‍...
(ഇങ്ങനെ പല സ്ഥലത്ത് വച്ചും ഈ കൈനോട്ടക്കാരെ ഞാന്‍ അവരറിയാതെ നിരീക്ഷിക്കാറുണ്ട്. സ്ത്രീകളെ പെട്ടെന്ന് പ്രലോഭിപ്പിച്ച് കൈ നോട്ടത്തില്‍ കൊണ്ടെത്തിക്കാന്‍ സാധിക്കും. "മോളേ... മോള്‍ക്ക് ഒരു വിഷമമുണ്ടല്ലോ.... അത് മാറാന്‍ സമയമായിരിയ്ക്കുന്നു.." എന്നോ "ഒരു മാറ്റം സംഭവിയ്ക്കാന്‍ പോകുന്നു... ഒരു കാര്യം കാശില്ലാതെ പറയാം .. ഒന്ന് നില്‍ക്ക് മോളേ.." എന്നോ പറഞ്ഞ് പിന്നാലെ കൂടുമ്പോള്‍ ചിലരെങ്കിലും ഒന്ന് സംശയിയ്ക്കും. അങ്ങനെ ഒരു സംശയം തോന്നിക്കിട്ടിയാല്‍ അവരെ കസ്റ്റമര്‍ ആക്കിയെടുക്കുന്ന കാര്യം പെട്ടെന്ന് കഴിയും.)
"ദേ.. ഈ മോന്റെ ഒരു കാര്യം പറയാനുണ്ട്..." എന്ന് പറഞ്ഞ് ഒരു ഫാമിലിയിലെ ഒരു കുട്ടിയുടെ കയ്യില്‍ പിടിച്ച് നിര്‍ത്തി ഒരു കൈനോട്ടക്കാരി വല്ല്യമ്മ മുഖവുരയിട്ടു. ആ കൊച്ചിന്റെ അമ്മ വന്ന് കുട്ടിയുടെ കൈ പിടിച്ച് വലിച്ച് മുന്നോട്ട് വീണ്ടും നടന്നു. പോകുന്ന പോക്കില്‍ വല്ല്യമ്മയോട് ഒരു കമന്റും "ഇത് മോനല്ല.. മോളാ... ഈ വല്ല്യമ്മയുടെ ഒരു കാര്യം..."
വല്ല്യമ്മയുടെ മുഖലക്ഷണം അതിന്റെ ബേസിക് പോയിന്റില്‍ തന്നെ പരാജയപ്പെട്ടത് കണ്ട് എനിയ്ക്ക് ചിരിവന്നു. പക്ഷെ, അവര്‍ക്കതൊരു പ്രശ്നമല്ല.. അവര്‍ അടുത്ത ആളുടെ അടുത്തേയ്ക് നീങ്ങി...
അങ്ങനെ അവിടുത്തെ കാര്യപരിപാടികളെല്ലാം കഴിഞ്ഞ് ഭാര്യയും അച്ഛനും അമ്മയും മിന്നുവും തിരിച്ചെത്തി.
വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ആ അമ്മാവന്‍ തന്റെ കാര്‍ വീണ്ടും മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. എന്നെ നോക്കി അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി. ഞാനും ചിരിച്ചു. നേരത്തേ ആ അമ്മാവനോട് ദേഷ്യപ്പെടാതിരുന്നത് എത്ര നന്നായി എന്ന് എനിയ്ക്ക് തോന്നി.
ആ അമ്മാവന്‍ പറഞ്ഞ ഡയലോഗ് ചിരിച്ചുകൊണ്ട് കേട്ടതിനാല്‍ ഇതാ ഇപ്പോഴും അയാള്‍ സന്തോഷവാനായി ഇരിയ്ക്കുന്നു... യാത്രയാക്കുന്നു...
പ്രകോപനങ്ങളെ പുഞ്ചിരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്നതിന്റെ സുഖം മനസ്സിലാക്കിത്തന്ന ഒരു ചെറിയ സംഭവം കൂടിയായിരുന്നു അത്.
9 Comments:
ചോറ്റാനിക്കര ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ചുണ്ടായ ചില ചെറിയ സംഭവങ്ങളും പാഠങ്ങളും...
:-) വിവരണം കലക്കി.
ആ ലാസ്റ്റ് ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു. ഞാനും കൊറച്ചൊക്കേ പരിശ്രമിച്ച് വല്ലപ്പോഴുമൊക്കെ വിജയിക്കാറുള്ള ഒരു കല.
~ ഒരു മുന്‍കോപിയെന്ന പേരു ദോഷക്കാരന്‍.
"നീ ഇങ്ങനെ വഴിപാട് കഴിയ്ക്കാനായി പുസ്തകം നിവര്‍ത്തി വയ്ക്കേണ്ട.."
ഈ ഡയലോഗ് ഒരുപാട് കേട്ടിട്ടുണ്ട്.
അതു പോലെ അവസാനത്തെ വാചകവും.
:)
കുതിരവട്ടന്‍, ശ്രീ, രജീഷ്... :-)
ഹൊ, ഒരു അമ്പല ദര്‍ശനത്തില്‍ നിന്നു എത്രയെത്ര സംഭവങ്ങളാണു വിരല്‍ത്തുമ്പിലൂടെ വന്നത്. സമ്മതിച്ചിരിക്കുന്നു...:)
നല്ല വിവരണം.
പലപ്പോഴും എല്ലാം ഒരു വഴിപാടായും തോന്നാറുണ്ടു്.:)
:-)
കെട്ടിക്കിടക്കുന്ന വെള്ളം ചാടിക്കടന്ന ഭാഗം ചിരിപ്പിച്ചു.
(ഞാന്‍ സൂര്യോദയത്തിന്റെ പഴയ പോസ്റ്റുകള്‍ മിസ്സായതെല്ലാം വായിച്ചെന്നും, താങ്കളുടെ ഫാനായെന്നും പറഞ്ഞിരുന്നോ ? ഇതാ ഇപ്പോള്‍ പറഞ്ഞിരിയ്ക്കുന്നു)
കുഞ്ഞന്‍... നന്ദി..
വേണുജീ... :-)
ദിവ... താങ്കളുടെ പ്രോല്‍സാഹനത്തിന് വളരെ സന്തോഷം...
Post a Comment
<< Home