ആദ്യ പ്രണയമദ്ധ്യസ്ഥം
അച്ഛന്റെ സാമൂഹിക രാഷ്ട്രീയ അദ്ധ്യാപനരംഗത്തെ ഇമേജിന്റെ പിന്‍ ബലവും, നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയില്‍ 'ഡീസന്റ്' എന്നുള്ള എന്നെക്കുറിച്ചുള്ള ('തെറ്റി')ധാരണയും ഞാന്‍ ഒരു 'സംഭവ'മാണെന്ന് എനിയ്ക്ക് തന്നെ തോന്നാന്‍ കാരണമായി.
പക്ഷെ, ഈ ധാരണയെ മുതലാക്കിയ സുഹൃത്തുക്കളിലും ബന്ധുക്കളിലും ആദ്യത്തെ വ്യക്തി എന്റെ സുഹൃത്തായ വെങ്കി ആയിരുന്നു. 'പട്ടരില്‍ പൊട്ടരില്ല' എന്നൊക്കെയാണെങ്കിലും ഒരുപാട് പട്ടര്‍ പൊട്ടന്മാരെ ഞാന്‍ നാട്ടില്‍ തന്നെ കണ്ടിട്ടുണ്ട്. പക്ഷെ, വെങ്കിയും അനിയനും ഉന്നതമായ വിദ്യാഭ്യാസനിലവാരം പുലര്‍ത്തിയിരുന്നവരായിരുന്നു. ഒരു എന്റ്രന്‍സ് കോച്ചിങ്ങും ഇല്ലാതെ പുല്ലുപോലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് കിട്ടുകയും പഠിക്കുകയും ചെയ്തവന്‍ വെങ്കി... കോഴ്സ് കഴിഞ്ഞ ഉടനെ വിപ്രോയുടെ കാമ്പസ് സെലക്ഷന്‍ കിട്ടുകയും ചെയ്തു. അനിയനാണെങ്കില്‍ വെറും ഇരുപത്തിരണ്ടാം വയസ്സില്‍ C.A. പാസ്സായവനും...
നാട്ടില്‍ തന്നെ ഒന്ന് രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സോഫ്റ്റ് വെയര്‍ കമ്പനി തട്ടിക്കൂട്ടി നാട്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളിലൊക്കെ കുറേ പ്രോഗ്രാമുകള്‍ ചെയ്തത് മൂലം, പുതിയതലമുറയിലെ കുറേ അനിയന്മാരും സുഹൃത്തുക്കളുമായവര്‍ക്ക് സോഫ്റ്റ് വെയര്‍ മേഖലയിലേയ്ക്ക് വരുവാന്‍ ഞങ്ങള്‍ ഒരു പ്രചോദനമായിത്തീര്‍ന്നു. അങ്ങനെ പ്രചോദിതനായ ഒരു വ്യക്തിയാണ് വെങ്കിയും.
വെങ്കിയുടേത് ഒരു സാധാരണ കുടുംബം... അച്ഛന്‍ ഒരു സ്കൂളില്‍ ക്ലര്‍ക്ക്... അതല്ലാതെ വേറെ കാര്യമായ വരുമാനങ്ങളൊന്നുമില്ല.
കോളേജ് പഠനകാലഘട്ടത്തില്‍ ഏതൊരാള്‍ക്കും സംഭവിച്ചേക്കാവുന്ന ഒരു ചെറിയ 'പ്രേമ'രോഗം അവനെയും ബാധിച്ചിരുന്നു. അതേ കോളേജില്‍ തന്നെ പഠിക്കുന്ന നാട്ടിലെ തന്നെ ഒരു പെണ്‍ കുട്ടിയുമായി വല്ല്യ കമ്പനിയായി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രശസ്തരായ ഡോക്ടര്‍മാര്‍..
വെങ്കിയും ആ പെണ്‍കുട്ടിയും 'വെറും' സുഹൃത്തുക്കളായിരുന്നു. ബസ്സിലും മറ്റും ഒരുമിച്ച് യാത്ര ചെയ്യും, ടെക്നിക്കല്‍ കാര്യങ്ങള്‍ (?) ചര്‍ച്ച ചെയ്യും, അങ്ങനെ അങ്ങനെ......
കോഴ്സ് തീരാറായപ്പോഴെയ്ക്കും ഈ 'വെറും' സുഹൃത്തുക്കളില്‍ എന്തോ ഒരു 'ഇത്' തോന്നുകയും അവര്‍ തമ്മില്‍ പ്രേമത്തിലാണോ എന്ന് അവര്‍ക്ക് തന്നെ സംശയം തോന്നുകയും ചെയ്തു അത്രേ.
അങ്ങനെ ഈ വിവരം അവന്‍ എന്നോട് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു.
"സംഗതിയൊക്കെ കൊള്ളാം... പരന്തൂ..... വീട്ടുകാര്‍ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.
"അവളും പ്രാക്റ്റിക്കലാണ്... വീട്ടില്‍ സംസാരിക്കാം എന്ന് പറഞ്ഞു. വീട്ടുകാരെ ധിക്കരിച്ച് ഒന്നിനും അവള്‍ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്.." വെങ്കി പറഞ്ഞു.
"അത് നന്നായി... അവര്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ പ്രശ്നം തീര്‍ന്നല്ലോ.." ഞാന്‍ വളരെ ലാഘവത്തോടെ പറഞ്ഞു. എന്നിട്ട് ഒരു ഉപദേശവും (ഈ ഉപദേശം കൊടുക്കുന്ന കാര്യത്തില്‍ എല്ലാവരേപ്പോലെ ഞാനും ഒരു 'പുലി' തന്നെ).
"നീ വല്ല്യ പ്രതീക്ഷയൊന്നും വയ്ക്കണ്ട... സാദ്ധ്യത വളരെ കുറവാണ്... അതുകൊണ്ട് നീയും പ്രാക്റ്റിക്കലാവണം... നടന്നില്ലെങ്കില്‍ അതിന്റെ പേരില്‍ താടിവളര്‍ത്തി നടക്കാന്‍ മെനക്കെടരുത്... കാരണം, നിനക്ക് രോമം മുഖത്ത് കിളിര്‍ക്കാനുള്ള യാതൊരു ലക്ഷണവും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല... "
"ഹേയ്... നടന്നില്ലെങ്കില്‍ വേണ്ട... വിഷമമുണ്ടാകും... എങ്കിലും അതൊക്കെ അഡ്ജസ്റ്റ് ചെയ്യാം..." അവന്‍ സമ്മതിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം വെങ്കി എന്നെക്കാണാന്‍ ഓടിക്കിതച്ചെത്തി.
വെങ്കിയോട് ആ പെണ്‍കുട്ടിയുടെ വീട്ടിലോട്ട് ചെല്ലാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ ചെല്ലുകയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്ക് സമ്മതമാണെന്ന് പറയുകയും ചെയ്തു അത്രേ. മാത്രമല്ല, ഒരു ഉപാധി കൂടി വച്ചു..
'രണ്ട് ദിവസത്തിനകം വെങ്കിയുടെ വീട്ടുകാരോട് സംസാരിച്ച് തീരുമാനം അറിയിക്കണം... വേറെ ഒരു പ്രമാദമായ കല്ല്യാണാലോചന വന്ന് വാതില്‍ക്കല്‍ നില്‍ക്കുകയാണ്..' എന്നതായിരുന്നു ആ ഉപാധി.
"ഇതെന്തുവാടേയ്... രണ്ടു ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ വേറെ കേസ് നോക്കും എന്നൊക്കെ...." ഞാന്‍ അല്‍പം സംശയത്തോടെ ചോദിച്ചു.
"അവര്‍ വളരെ ക്ലിയറാണ് സൂര്യോദയം ചേട്ടാ... അവര്‍ക്ക് ഇത് നീട്ടിക്കൊണ്ട് പോകാന്‍ താല്‍പര്യമില്ല. ഞങ്ങള്‍ തമ്മില്‍ അങ്ങനെ അകലാന്‍ കഴിയാത്ത പ്രേമമൊന്നുമില്ലെന്ന് അവര്‍ക്കും അറിയാം... പിന്നെ, അവരുടെ മകളുടെ ഇഷ്ടത്തിന് അവര്‍ക്ക് വിരോധമില്ലെന്ന് മാത്രം.. പക്ഷെ, അതിന്റെ പേരില്‍ വഴക്കിനും മറ്റും ഇല്ല.. വീട്ടുകാര്‍ സമ്മതിക്കണമെന്ന് മാത്രം..." വെങ്കി വിശദീകരിച്ചു.
"അത് ശരി... അപ്പോ ആ പെണ്‍കൊച്ച് രക്ഷപ്പെട്ടു... നിന്റെ വീട്ടില്‍ സമ്മതിക്കില്ലല്ലോ..." ഞാന്‍ പറഞ്ഞു.
"അതല്ലേ ചേട്ടാ പ്രശ്നം.. ഇത് വീട്ടില്‍ ആരെക്കൊണ്ട് അവതരിപ്പിക്കും എന്ന്..."
"ങും.... നിന്റെ വീട്ടുകാര്‍ക്ക് തല്ലാന്‍ തോന്നാത്ത ആരെങ്കിലുമായിരിയ്ക്കണം.... പിന്നെ, തെറിവിളി ഒരു പ്രശ്നമാവരുത്... ഈ കണ്ടീഷന്‍സ് ഉള്ള ആര് ഇറുക്ക് തമ്പീ..." ഞാന്‍ എന്റെ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.
"ഞാന്‍ നോക്കിയിട്ട് ഒരാളെയേ കാണുന്നുള്ളൂ..." വെങ്കിയുടെ പ്രതികരണം..
"ങാ... പറ പറ.... ആര്??"
"സൂര്യോദയം ചേട്ടന്‍ തന്നെ..."
"എന്തൂട്ട്???..... ആരാന്നാ പറഞ്ഞേ????" (കിലുക്കം സിനിമയില്‍ ലോട്ടറിടിക്കറ്റ് നമ്പര്‍ കേട്ട് ഇന്നസെന്റ് ചോദിച്ച അതേ സ്റ്റെയില്‍)
"അത് തന്നെ... സൂര്യോദയം ചേട്ടന്‍ തന്നെ... അച്ഛനും അമ്മയ്കും ചേട്ടനെ വല്ല്യ കാര്യമല്ലേ... അതുകൊണ്ട് സൂര്യോദയം ചേട്ടന്‍ പറഞ്ഞാലേ വല്ല രക്ഷയുമുള്ളൂ..." വെങ്കിയുടെ നിര്‍ബന്ധം.
"ഡാ... ചെക്കാ... നീ തമാശ പറയാണ്ട് പോണുണ്ടോ അവിടുന്ന്... " ഞാന്‍ ഒഴിയാന്‍ നോക്കി.
"അങ്ങനെ പറയരുത്... പ്ലീസ്..."
"അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം... എന്റെ അച്ഛനെക്കൊണ്ട് പറയിച്ചാലോ... അതാവുമ്പോള്‍ തല്ല് കിട്ടില്ല.." ഞാന്‍ ഒരു സജഷന്‍ വച്ചു.
"ഹേയ്... അത് ശരിയാവില്ല... ചേട്ടന്‍ തന്നെ മതി..." വെങ്കി ഉറപ്പിച്ചു.
"എന്നാപ്പിന്നെ... പട്ടന്‍ മാരുടെ തല്ല് കൊണ്ട് തീരാനാവും എന്റെ വിധി... പിന്നെ, നീ വല്ല്യ പ്രതീക്ഷയൊന്നും വയ്ക്കണ്ട..."
"എന്ത്.. ചേട്ടന്‍ ജീവനോടെ വരുന്നതിലോ?"
"അല്ലെടാ.. ഈ കാര്യം നേരെ ചൊവ്വേ നടക്കുമെന്ന്..."
"എല്ലാം ചേട്ടന്റെ കയ്യിലാ... എങ്ങനെയെങ്കിലും ഇതൊന്ന് സമ്മതിപ്പിക്കണം..." അവന്‍ പറഞ്ഞു.
"ഡാ.. മോനേ.. അന്ന് നിന്നോട് മര്യാദയ്ക്ക് ഞാന്‍ പറഞ്ഞതാ വെറുതേ ഇല്ലാത്ത മോഹങ്ങളൊന്നും വേണ്ടാന്ന്... ഇതിപ്പോ കുരിശ് എന്റെ തലയില്‍ വച്ച് തരുമെന്ന് ഞാന്‍ വിചാരിച്ചില്ല... ഹും... എന്തേലുമാവട്ടെ... ഞാനൊന്ന് ശ്രമിയ്ക്കാം..."
പിന്നീടങ്ങോട്ടുള്ള മിനുട്ടുകള്‍ എനിയ്ക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. അതിന്റെ ഹോം വര്‍ക്ക് ഞാന്‍ ആരംഭിച്ചു.
വെങ്കിയുടെ അനിയന്റെ മനോഭാവം ഞാന്‍ ചോദിച്ച് മനസ്സിലാക്കി. അവന്‍ ഒരു മാതിരി 'സില്‍ക്ക് കോണം പ്ലാസ്റ്റിക്ക് കയറില്‍ ഇട്ട' മാതിരി ഒരു അഴകൊഴ സ്റ്റാന്‍ഡ്... ഈ ആലോചനയോട് എതിര്‍പ്പുമില്ല... എന്നാല്‍ അച്ഛനമ്മമാരോട് അവരെ വിഷമിപ്പിക്കുന്ന തരത്തില്‍ വെങ്കിയ്ക്ക് അനുകൂലമായി സംസാരിക്കുകേം ഇല്ല എന്ന ഒരു ലൈന്‍...
"എന്നാല്‍ ഒരു കാര്യം ചെയ്യ്... ഞാന്‍ നിന്റെ വീട്ടില്‍ വരുന്ന സമയത്തിന് മുന്‍പ് അവനോട് അവിടന്ന് സ്കൂട്ട് ആകാന്‍ പറ..." ഞാന്‍ നിര്‍ദ്ദേശിച്ചു.
അങ്ങനെ, പ്ലാന്‍ ചെയ്ത പ്രകാരം രാത്രി ഒരു 8 മണി... വെങ്കിയുടെ തോട്ടപ്പുറത്തെ ഞങ്ങളുടെ സുഹൃത്ത് ജീയോവിന്റെ വീട്ടില്‍ ഞങ്ങള്‍ റെഡി...
വെങ്കിയുടെ അനിയന്‍ വീട്ടില്‍ നിന്നിറങ്ങി അങ്ങോട്ട് വന്നു..
ഞാന്‍ പതുക്കെ കോമ്പ്രമൈസേശ്വരിയെ മനസ്സില്‍ ധ്യാനിച്ച് വെങ്കിയുടെ വീട്ടിലേക്ക് നടന്നു.
"ആ... ഇതാരാ സൂര്യോദയമോ... വാ... വാ...." വെങ്കിയുടെ അച്ഛന് എന്നെ സ്വീകരിച്ച് ഉള്ളിലേയ്ക്ക് ക്ഷണിച്ചു.
'ഈ സ്നേഹം കുറച്ചു കഴിയുമ്പോഴും കാണണം... തൊഴിച്ച് പുറത്തിടരുത്.' ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് ഇച്ചിരി ഔട്ട് ഓഫ് ഫാഷനായ ചിരി ചിരിച്ചുകൊണ്ട് ഉള്ളിലേയ്ക്ക് നടന്നു.
"സൂര്യോദയത്തിന് ഒരു കാപ്പിയെടുക്ക്..." അച്ഛന്‍ അമ്മയോട് വിളിച്ചു പറഞ്ഞു. എന്നിട്ട് തുടര്‍ന്നു..
"ആ... പറയൂ... എന്തുണ്ട് വിശേഷം....."
"ഒരു കാര്യം പറയാനുണ്ടായിരുന്നു... എനിയ്ക് നിങ്ങളോട് ഇതൊക്കെ പറയാന്‍ യോഗ്യതയുണ്ടോ എന്നറിയില്ല... എന്നാലും വെങ്കിയ്ക്ക് വേണ്ടിയല്ലേ എന്ന് വിചാരിച്ചാണ്..."
ഞാന്‍ വിനയാന്വിതന്റെയും ഭവ്യതയുടേയും ഇരട്ടവേഷം അണിഞ്ഞു.
അമ്മയ്ക്കും എന്തോ ഒരു പന്തികേട് തോന്നിയതിനാലാവണം അകത്തേയ്ക്ക് പോകാന്‍ തുടങ്ങിയ വെങ്കിയുടെ അമ്മ ബ്രേക്ക് ചെയ്തു. ('കാപ്പി ക്യാന്‍സലാവും എന്ന് ഉറപ്പ്')
"വെങ്കി എന്നോട് ഒരു കാര്യം പറഞ്ഞു... അത് നിങ്ങളോട് സംസാരിക്കാന്‍ അവന് കഴിയാത്തതിനാലാണ് ഞാന്‍ ഇത് പറയുന്നത്... അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ്.. പെണ്‍കുട്ടി നിങ്ങളറിയുന്നത് തന്നെ... ആ ഡോക്ടറുടെ...."
വെങ്കിയുടെ അച്ഛന്റെ മുഖഭാവം മാറി...
"അത് ശരി... സൂര്യോദയത്തോട് ഞങ്ങള്‍ പറയാനിരിയ്കുകയായിരുന്നു ഇതിനെപ്പറ്റി... അവന് എന്തോ താല്‍പര്യമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. അവനെപ്പറഞ്ഞ് അതില്‍ നിന്ന് പിന്തിരിപ്പിയ്ക്കാന്‍ ഞങ്ങള്‍ സൂര്യോദയത്തോട് ആവശ്യപ്പെടാനിരിയ്ക്കുകയായിരുന്നു..."
"അതേയോ..... ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല... മുന്‍പ് ഒരിയ്ക്കല്‍ ചോദിച്ചപ്പോള്‍ വെറും ഫ്രണ്ട്ഷിപ്പ് ആണെന്നാണ് പറഞ്ഞത്... ഞാന്‍ ഒരുപാട് ഉപദേശിച്ചതാണ്.." ഞാന്‍ സത്യവാനാവാന്‍ ശ്രമിച്ചു.
"ഇത് ശരിയാവില്ല... കാസ്റ്റ് ശരിയല്ല... കുട്ടിയുടേത് നായര്‍ കുടുംബമാണ്..." വെങ്കിയുടെ അച്ഛന്‍ പറഞ്ഞു.
"അത് മാത്രമല്ല... ഇവരുടെ നാളുകള്‍ തമ്മില്‍ പൊരുത്തവുമില്ല...." വെങ്കിയുടെ അമ്മ മുഴുമിപ്പിച്ചു.
"അല്ലാ... അത് പിന്നെ.... പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് വിരോധമില്ല... അവര്‍ പഠിച്ച കുട്ടികളല്ലേ... കാസ്റ്റ് അത്ര വല്ല്യ പ്രശ്നമാണോ..... പിന്നെ, നാള്‍ പൊരുത്തം... അതൊക്കെ നോക്കണോ... മനപ്പൊരുത്തമല്ലേ വലുത്...."
'എറങ്ങിപ്പോടാ നായിന്റെ മോനേ ഞങ്ങളെ ഉപദേശിച്ച് നന്നാക്കാണ്ട്...' എന്ന ഉത്തരം പ്രതീക്ഷിച്ച് കസേരയില്‍ നിന്ന് പതുക്കെ മുന്നോട്ടാഞ്ഞ എന്നോട് വെങ്കിയുടെ അമ്മ പറഞ്ഞു.
"ഞങ്ങള്‍ക്ക് ഞങ്ങളുടെ സമുദായത്തില്‍ ഇത് വല്ലാതെ നാണക്കേടാകും... " അപ്പോഴെയ്ക്കും അവരുടെ കണ്ണ്‍ നിറഞ്ഞ് ഒഴുകിത്തുടങ്ങി.
"ഇതത്ര വല്ല്യ പാതകമൊന്നും അവര്‍ ചെയ്തില്ലല്ലോ... നേരായ വഴിയില്‍ ഒരു വിവാഹാലോചനയല്ലേ.... പിന്നെ, സമുദായത്തെ മാത്രം നോക്കി ജീവിക്കാന്‍ പറ്റുമോ? അവന്‍ നല്ല കഴിവുള്ളവനാണ്. വല്ല്യ താമസമില്ലാതെ ഇന്ത്യയ്ക്ക് വെളിയില്‍ പോയി ജോലി ചെയ്യേണ്ടിവരും.. ഇതൊന്നും ഒരു തരത്തിലും സമുദായബന്ധങ്ങളെ ബാധിക്കില്ലെന്ന് തോന്നുന്നു." ഞാന്‍ ഒന്ന് വിശദീകരിച്ചു.
അവര്‍ക്ക് എന്റെ വിശദീകരണങ്ങളില്‍ ഒട്ടും തൃപ്തി പോരാ.
"അവരുടെ ജാതകച്ചേര്‍ച്ച പ്രശ്നമാകും... നാളുകള്‍ തന്നെ ചേര്‍ച്ചയില്ല... അച്ഛനും അമ്മയ്ക്കും അകാലമൃത്യുവായിരിയ്ക്കും ഫലം.." വെങ്കിയുടെ അമ്മ കുറച്ചുകൂടി സെന്റി യായി.
ഇനി അധികം ഡയലോഗുകള്‍ പുറത്തെടുക്കുന്നതില്‍ വല്ല്യ കാര്യമില്ലെന്ന് എനിയ്ക്ക് ബോധ്യപ്പെട്ടു.
"ഞങ്ങള്‍ സമ്മതിച്ചിട്ട് ഈ കല്ല്യാണം നടക്കുമെന്ന് അവന്‍ വിചാരിക്കേണ്ട... അവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ഇഷ്ടം നോക്കാതെ ചെയ്തോട്ടെ... ഞങ്ങള്‍ സഹകരിക്കില്ല..." വളരെ വിഷമത്തോടെ വെങ്കിയുടെ അച്ഛന്‍ പറഞ്ഞു.
എനിയ്ക്ക് ഒരു കച്ചിത്തുരുമ്പായിരുന്നു അത്..
"നിങ്ങളുടെ സമ്മതമില്ലാതെ അവന്‍ ഒന്നിനുമില്ലെന്ന് എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പക്ഷെ, പിന്നീട് നിങ്ങള്‍ തന്നെ ഇതിന്റെ പേരില്‍ വിഷമിക്കേണ്ടിവരും. അവന്‍ ഭാവിയില്‍ നിങ്ങളുടെ ഇഷ്ടത്തിന് നിന്ന് തരണമെന്നില്ല. ഇപ്പോള്‍ തന്നെ അവന്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണ്. ജോലിയുമായി അവന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് അവന്റെ സ്നേഹം പോലും നഷ്ടപ്പെട്ടേക്കും... നിങ്ങളെ അവന്‍ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്.. നിങ്ങള്‍ സമ്മതിക്കാതെ ഒന്നും വേണ്ടെന്നാണ് അവന്‍ പറഞ്ഞത്.." ഇത്രയും പറഞ്ഞപ്പോഴെയ്ക്കും എന്റെ ഭാവഭിനയമികവുകൊണ്ട് എന്റെ തൊണ്ട ഇടറിയോ എന്ന് ഒരു സംശയം...
"ഇനി നിങ്ങള്‍ തീരുമാനിയ്ക്കൂ... എനിയ്ക്ക് വളരെ അടുപ്പമുള്ള ഒരാളാണ് വെങ്കി. അതുകൊണ്ടാണ് ഞാന്‍ ഇതില്‍ ഇടപെട്ടത്.. ഇത് മൂലും നിങ്ങള്‍ക്കും അവനും ദോഷം വരരുതെന്നേ എനിയ്കുള്ളൂ...." ഇത്രയും പറഞ്ഞ് ഞാന്‍ പതുക്കെ എഴുന്നേറ്റു.
എന്തോ ഒരു ചെറിയ ഇം പാക്റ്റ് അവര്‍ക്ക് സംഭവിച്ചോ എന്ന് ഒരു സംശയം. പക്ഷെ, പൂര്‍ണ്ണതയായിട്ടില്ലെന്നെനിയ്ക്ക് ബോധ്യപ്പെട്ടു.
ഞാന്‍ പുറത്തിറങ്ങി വെങ്കിയും മറ്റ് സുഹൃത്തുക്കളും നില്‍ക്കുന്ന ജീയോയുടെ വീട്ടിലേയ്ക്ക് ചെന്നു.
"മോനേ... ഇച്ചിരി ബുദ്ധിമുട്ടാണ്. ഇനി കമ്പ്ലീറ്റ് നിന്റെ അഭിനയസിദ്ധിയിലാണിരിയ്ക്കുന്നത്... നീ വല്ലാത്ത മാനസിക സംഘര്‍ഷം അഭിനയിയ്ക്കാന്‍ പ്രാക്റ്റീസ് തുടങ്ങിക്കോ..." ഞാന്‍ പറഞ്ഞു.
"മാനസികസംഘര്‍ഷമോ??? എങ്ങനെ??" വെങ്കിയുടെ സംശയം.
"ആരോടും അധികം സംസാരിക്കാതെ, ഭക്ഷണത്തോട് ആര്‍ത്തി കാണിക്കാതെ, വളരെ വിഷദഭാവം മുഖത്ത് വരുത്തി നടന്ന് നോക്ക്..."
"ചേട്ടാ... അതിന് അധികം സമയമില്ല... നാളെ വൈകീട്ട് അവളുടെ വീട്ടില്‍ വിവരം അറിയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്... ഇനി ഞാന്‍ അഭിനയം പഠിച്ച് എക്സ് പര്‍ട്ട് ആയി വരുമ്പോഴെയ്ക്കും പിന്നെ അഭിനയിക്കാതെ അത് ചെയ്യേണ്ടിവരും.." വെങ്കി തന്റെ വിഷമം പറഞ്ഞു.
"നിന്റെ പിതാജിയെ സ്വാധീനിക്കാന്‍ കഴിയുന്ന ആരാണുള്ളത് ബന്ധുക്കളില്‍?" ഞാന്‍ ചോദിച്ചു.
"ചെറിയച്ഛന്‍.... അച്ഛന്‍ മിക്കവാറും ആളെ കാണാന്‍ പോകും.... ഈ കാര്യം സംസാരിക്കാന്‍..."
"എങ്കില്‍ അച്ഛന്‍ എത്തുന്നതിനുമുന്‍പ് നീ എത്തണം... ചെറിയച്ഛന്റെ കാല് പിടിക്കാന്‍ രാവിലെത്തന്നെ വിട്ടോ... പിന്നെ, അഭിനയം രാത്രി മുഴുവന്‍ പ്രാക്റ്റീസ് ചെയ്യാന്‍ മറക്കണ്ടാ." ഞാന്‍ പറഞ്ഞു.
പിറ്റേന്ന് ചെറിയച്ഛന്റെ ഇടപെടലും മറ്റുമായി വെങ്കിയുടെ വീട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ ഈ കല്ല്യാണത്തിന് സമ്മതം മൂളി. നിശ്ചയം നടത്താനുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആ പെണ്‍ കുട്ടിയുടെ അച്ഛനും അമ്മയും വെങ്കിയുടെ വീട്ടിലെത്തി സംസാരിച്ചപ്പോള്‍ത്തന്നെ വെങ്കിയുടെ അച്ഛനുണ്ടായിരുന്ന മാനസിക വിഷമങ്ങളില്‍ അയവുണ്ടായി. വിവാഹം നിശ്ചയിക്കപ്പെട്ടു. 1 വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താന്‍ തീരുമാനിച്ചു. ജോലിയും മറ്റുമായി സെറ്റില്‍ ചെയ്യാന്‍ സമയം വെങ്കി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇത്.
അതിനുശേഷം വെങ്കിയുടെ അച്ഛന് എന്നെ കാണുമ്പോള്‍ ഒരു അതൃപ്തി. സാധാരണ വഴിയില്‍ വച്ച് എന്റെ ബൈക്ക് കണ്ടാല്‍ ചാടിവീണ് പിന്നില്‍ കയറിക്കൂടുന്ന അദ്ദേഹം ഒരു ദിവസം ഞാന്‍ അങ്ങോട്ട് ലിഫ്റ്റ് ഓഫര്‍ ചെയ്തിട്ട് അത് നിരസിച്ചു.
വിവാഹസമയമായപ്പൊഴെയ്ക്കും കാര്യങ്ങള്‍ കുറേ വ്യത്യാസം വന്നു. വെങ്കിയുടെ വിവാഹത്തിന് ഞാനായിരുന്നു വണ്ടിയുടെ ഡ്രൈവര്‍. വെങ്കിയുടെ മാതാപിതാക്കള്‍ക്ക് എന്നോടുള്ള നീരസം ക്രമേണ നീങ്ങി.
ഇപ്പോള്‍ വെങ്കി ഭാര്യയോടും രണ്ട് വയസ്സുള്ള മകളോടുമൊന്നിച്ച് അമേരിക്കയില്‍ ....
ജാതകപ്പൊരുത്തം പേടിച്ചിരുന്നു വെങ്കിയുടെ അച്ഛനും അമ്മയും പൂര്‍ണ്ണ ആരോഗ്യത്തോടും സന്തോഷത്തോടും കൂടെ പുതുക്കി പണിത വീട്ടില്‍ സുഖമായി കഴിയുന്നു.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഞാനാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കളും ബന്ധുക്കളും എനിയ്ക്കായി പുതിയ പുതിയ കുരിശുകള്‍ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയിലാണെന്ന് കാലം എന്നെ ബോദ്ധ്യപ്പെടുത്തി.
കുരിശുകള്‍ പേറുവാന്‍ സൂര്യോദയത്തിന്റെ ജന്മം പിന്നെയും ബാക്കി. :-)
18 Comments:
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പ്രണയമദ്ധ്യസ്ഥം.... പിന്നീട് ഇതൊരു പ്രക്രിയയായി മാറിയോ എന്ന് സംശയം...
സൂര്യോദയമേ, ആ നമ്പര്‍ ഒന്നു തരാമോ? ചില്ലറ ആവശ്യമുണ്ടായിരുന്നു...!!!
(കലക്കീട്ടോ.)
:)
പൊന്നു ചേട്ടാ, ഇപ്പോ ഫ്രീ ആണോ?
ചേതമില്ലാത്ത ഒരുപകാരം... ഗദ്..ഗദ്...
:-)
ചാത്തനേറ്: ബാച്ചിലേര്‍സ് ക്ലബ്ബുകാര്‍, പ്ലീസ് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല,
ആള്‍ക്കുട്ടമോ... ഏയ് അതൊരു എലിയെ ആരാണ്ടാ തല്ലിക്കൊല്ലുന്നത് കാണാന്‍ വന്ന ജനമാ...
തിരക്ക് പിടിക്കരുത് സൂര്യോദയം ചേട്ടന്‍ ഇവിടൊക്കെ തന്നെ കാണും....
ഓടോ:മൂന്നാമത്തെ പാരഗ്രാഫ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു ആരാണ് “ഞങ്ങള്‍”? ഏതാണ് മേഖല?. ആകെപ്പാടെ വാചകത്തിന്റെ മൊത്തം ഘടന ശരിയില്ല. പിന്നെ അതിനു കഥേലു വല്യ കാര്യമൊന്നുമില്ലാലൊ മൊത്തം എടുത്ത് കളഞ്ഞാലും ഭംഗി പോവൂല..
(ഇത് പറയാന്‍ നീ ആരെടേന്ന് തിരിച്ച് ചോദിച്ചേക്കരുത് ഒന്നൂല്ലേലും നുമമ ഇവിടൊരു സ്ഥിരം കുറ്റി അല്ലേ :))
അപ്പൊ അനിയന്റെ കല്യാണം ഒരു യാദൃശ്ചികമായിരുന്നില്ല അല്ലേ?
എഴുത്ത് നന്നായിട്ടുണ്ട്:)
വെറുതെയല്ല....ബാച്ചിലേഴ്സ് ഇവിടെ കുന്നു കൂടരുതെന്നു ചാത്തന്റെ അനൌണ്‍സ്മെന്റ്....!
(ശ്ശൊ...എന്തേ ചാത്താ... എല്ലാവരേയും പറഞ്ഞ് വിട്ടിട്ട് എന്തെങ്കിലും കാര്യം സാധിക്കാനുണ്ടാ?)
കഥ കൊള്ളാം...
“ഈ ഉപദേശം കൊടുക്കുന്ന കാര്യത്തില്‍ എല്ലാവരേപ്പോലെ ഞാനും ഒരു 'പുലി' തന്നെ“
ഞാനുമതെ കേട്ടോ...കൂട്ടുകാര്‍ കൈ വയ്ക്കാതെ കഷ്ടിച്ചു രക്ഷപ്പെടുന്നൂന്ന് മാത്രം.(നമ്മള്‍ ചാലക്കുടിക്കാരൊക്കെ അങ്ങനെയാണോ ദൈവമേ...)
സുഹൃത്തിനുവേണ്ടി ചെയ്തത് നല്ല കാര്യം.
ഈ പ്രക്രിയ ഒരു പ്രസ്ഥാനമായി ഇപ്പോഴും ഉണ്ടോ.
ബാച്ചികള്‍ അവിടെ തിരക്ക് കൂട്ടുന്നു.
ചേട്ടാ,
ഫോണ്‍ നമ്പര്‍ എത്രയാ? :-)
സുനീഷേ... നമ്പര്‍ തരില്ല :-) ഡയറക്റ്റ് രെജിസ്റ്റ്രേഷനേ ഉള്ളൂ... :-)
rajesh നമ്പ്യാര്‍... അതെ അതെ, ചേതമില്ലാത്ത ഉപകാരം തന്നെ... അതിന്റെ ടെന്‍ഷന്‍ (അടി) കിട്ടുന്നത് എനിക്കാണല്ലോ അല്ലേ? :-)
കുട്ടിച്ചാത്താ... പിള്ളേരെ പറഞ്ഞുവിട്ടതിന് നന്ദി.. പിന്നെ, താങ്കള്‍ പറഞ്ഞ പോലെ ആ പാരഗ്രാഫ് ഒന്ന് എഡിറ്റ് ചെയ്തിട്ടുണ്ട്... നന്ദീീണ്ട് ട്ടോ... :-)
സാജന്‍... യാദൃശ്ചികമല്ല... അത് ഒരു പരമ്പരയുടെ കണ്ണി മാത്രം :-)
ശ്രീ... കഥയല്ല മോനേ... ഒറിജിനല്‍ സംഭവം തന്നെ...
കൃഷ്... ഇതൊരു പ്രസ്ഥാനമായി തുടരാന്‍ എനിക്ക് ആഗ്രഹമില്ലെങ്കിലും പലപ്പോഴും അങ്ങിനെ വേണ്ടിവരുന്നു... ബന്ധുക്കളോ സുഹൃത്തുക്കളോ 'ഒരു കാര്യം പറയാനുണ്ട്' എന്ന് പറഞ്ഞാല്‍ തന്നെ ഇപ്പോ പേടിയാ... :-)
ദില്‍ബാ... ഫോണിലൂടെ രജിസ്റ്റ്രേഷന്‍ ഇല്ല... ഇമെയില്‍ രജിസ്റ്റ്രേഷനേ ഉള്ളൂ... (ഓഫ്... മനുഷ്യന്മാര്‍ക്കേ ഇതുവരെ ഈ ഇടപാടിന് നിന്നിട്ടുള്ളൂ... ഇനി അസുരന്മാര്‍ക്കും വേണ്ടിവരുമല്ലോ എന്റെ ഈശ്വരാ...) :-)
-ഒരു മാതിരി 'സില്‍ക്ക് കോണം പ്ലാസ്റ്റിക്ക് കയറില്‍ ഇട്ട' മാതിരി ഒരു അഴകൊഴ സ്റ്റാന്‍ഡ്... ഈ ആലോചനയോട് എതിര്‍പ്പുമില്ല... -
സണ്‍ റൈസേ.... 92-93 കാലഘട്ടത്തില്‍ ഇങ്ങനെ ഒരുത്തന്‍ നാട്ടിലില്ലാഞ്ഞതിനാല്‍ ജീവിത പാന്ഥാവ് മാറിപ്പോയവനാണ് ഞാന്‍....
ഓടോ: ഒരു മാര്യേജ് ബ്യൂറോ തുടങ്ങിയാലോ? സ്പെഷല്‍ കേസുകള്‍ക്ക് മാത്രമായി ;)
:)
This comment has been removed by the author.
Kollam... kalakki
കൊള്ളാം...കലക്കി
അതേയ്... ഒരു സഹായം... വേണമായിരുന്നു.... ഒരു ചെറിയ മദ്ധ്യസ്ഥം... നടക്കുമോ...??? പറ്റില്ലാന്ന് പറയല്ലേ...!! കൂട്ടിച്ചാത്തനാ ഇങ്ങൊട്ടുള്ള വഴി പറഞ്ഞ് തന്നത്...
http://josemonvazhayil.blogspot.com/
ഇത് നോക്കിയാല്‍ എല്ലാം മനസിലാവും.
എന്തായാലും ചേട്ടാ കലക്കി കേട്ടോ..!! സമ്മതിക്കണം.
അണ്ണാ, അണ്ണനെനിക്ക് പിറക്കാതെ പോയ അണ്ണനാണണ്ണാ...
(ഒരു സഹായം വേണമാര്‍ന്നു ;)
ഭാവുകങ്ങള്‍
മോനേ സുര്യോടയാ എപ്പോഴാ ഒന്നു ഫ്രീ ആവുന്നത്? ഞാന്‍ കാറുമായി വരാം.
Post a Comment
<< Home