സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, September 23, 2007

ഒരു ക്രിക്കറ്റ്‌ വീരകഥ

ഞങ്ങളുടെ ഏരിയയിലെ ചേട്ടന്മാരുടെ ക്രിക്കറ്റ്‌ അരങ്ങേറിയിരുന്നത്‌ തറവാടിന്റെ മുറ്റത്തായിരുന്നതിനാല്‍ ആ കളിയില്‍ ചെറുപ്പം മുതലേ (അഞ്ചാം ക്ലാസ്സ്‌ മുതല്‍) പങ്കെടുക്കാനും മുതിര്‍ന്നവരോടൊപ്പം കളിച്ച്‌ ധൈര്യം വരുവാനും എനിയ്ക്ക്‌ അവസരം ലഭിച്ചു. പതുക്കെ പതുക്കെ ചുറ്റുമുള്ള കൂട്ടുകാരെ സംഘടിപ്പിച്ച്‌ ഒരു ടീം ഉണ്ടാക്കി അവരുടെ നേതാവാകുന്നതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു.

ആദ്യമാദ്യം സ്ഥിരം മാച്ചുകള്‍ തോറ്റിരുന്ന ഞങ്ങളുടെ ടീം പതുക്കെ പതുക്കെ ടാലന്റുള്ള സുഹൃത്തുക്കളുടെ ബലത്തിലും കുറേ തോറ്റ്‌ കളിച്ച പരിചയത്തിലും മെച്ചപ്പെട്ടുതുടങ്ങി. ചേട്ടന്മാരുടെ ഫേമസ്സായ ക്രിക്കറ്റ്‌ ക്ലബ്ബില്‍ പതിനൊന്നാമനായി 4-5 തവണ മാച്ചുകള്‍ കളിക്കാന്‍ പോകാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഒരു കേമനാണെന്ന് ജൂനിയര്‍ ടീമിലുള്ളവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ പരത്താന്‍ എനിയ്ക്ക്‌ സാധിച്ചു.

ക്യാപ്റ്റന്‍സി ഞാന്‍ സ്വയം ഏറ്റെടുക്കുകയാണ്‌ പതിവ്‌. ആദ്യ കാലഘട്ടങ്ങളില്‍ ഓപ്പണിംഗ്‌ ബോളിങ്ങും ഓപ്പണിംഗ്‌ ബാറ്റിങ്ങും ഞാന്‍ തന്നെ... മൊത്തത്തില്‍ ഞാന്‍ കഴിഞ്ഞേ ബാക്കി ടീമിലുള്ളവര്‍ക്ക്‌ എന്തെങ്കിലും റോളുള്ളൂ എന്ന സ്ഥിതി.. (എനിയ്ക്ക്‌ ബാലചന്ദ്രമേനോന്‍, മനോജ്‌ പ്രഭാകര്‍ തുടങ്ങിയവരെ വല്ല്യ ഇഷ്ടമാണ്‌.. അവരവരുടെ മേഖലകളില്‍ ഓള്‍ റൗണ്ടര്‍ ആയിട്ടുള്ളവരാണല്ലോ ഇവരൊക്കെ..)

സത്യം പറഞ്ഞാല്‍ ഞാനൊരു അഹങ്കാരിയും മുന്‍ കോപിയുമായ ക്യാപ്റ്റനായിരുന്നു. ഒരു ക്യാച്ച്‌ മിസ്സ്‌ ആകുകയോ, മിസ്സ്‌ ഫീല്‍ഡ്‌ ചെയ്യുകയോ ചെയ്താല്‍ പരിസരം നോക്കാതെ ചീത്ത വിളിക്കുക എന്നതായിരുന്നു എന്റെ രീതി... അതുകൊണ്ട്‌ തന്നെ ചീത്ത പേടിച്ച്‌ ടെന്‍ഷനടിച്ച്‌ തന്നെ മിസ്സ്‌ ഫീല്‍ഡ്‌ പതിവായി....പതുക്കെ പതുക്കെ ടീമില്‍ ടാലന്റ്‌ ഉള്ളവര്‍ എത്തിത്തുടങ്ങുകയും ഉള്ളവര്‍ സ്റ്റേബിള്‍ ആകുകയും ചെയ്തതതോടെ എന്റെ റോളിന്റെ 'കനം' ഒന്ന് കുറഞ്ഞു. ഇനി ഇപ്പോ ഓപ്പണിംഗ്‌ ബോളിംഗ്‌ ഞാന്‍ ചെയ്തില്ലേലും വേണ്ടില്ല എന്ന നടപടി ആദ്യം സ്വീകരിച്ചു. പിന്നെ, അത്‌ ഓപ്പണിംഗ്‌ ബാഗിങ്ങിനേയും ബാധിച്ചു...

അങ്ങനെ പ്രതാപകാലം ഒന്ന് മങ്ങി... എങ്കിലും ടീമിന്റെ അവിഭാജ്യഘടകമായി തന്നെ ഞാന്‍ നിലകൊണ്ടു. പക്വതയുള്ള ഒരു പ്ലെയര്‍ എന്ന നിലയിലേയ്ക്ക്‌ ഞാന്‍ പതുക്കെ പതുക്കെ രൂപാന്തരപ്പെട്ടു. ഇടക്കാലത്ത്‌ നഷ്ടപ്പെട്ട ക്യാപ്റ്റന്‍സി തിരിച്ച്‌ കിട്ടി. ക്യാച്ച്‌ മിസ്സ്‌ ആകുകയും മിസ്സ്‌ ഫീല്‍ഡ്‌ ചെയ്യുകയും സംഭവിച്ചാല്‍ അവരെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതുവരെ എത്തി കാര്യങ്ങള്‍... ഉയര്‍ത്തി അടിക്കാന്‍ ആരോഗ്യമില്ലെന്നും അങ്ങനെ അടിച്ച്‌ ബൗണ്ടറി കടത്താന്‍ എനിയ്ക്ക്‌ കഴിവില്ലെന്ന് ഞാന്‍ തന്നെ എന്നെ വിശ്വസിപ്പിച്ചിരുന്നതിനാല്‍ ആദ്യമൊക്കെ ഫോര്‍ അടിക്കുന്നതില്‍ മാത്രമേ ഞാന്‍ ശ്രദ്ധിച്ചിരുന്നുള്ളൂ... പിന്നീടെപ്പോഴോ ഒരിയ്ക്കല്‍ ബാറ്റ്‌ ഒന്ന് ആഞ്ഞ്‌ വീശിയപ്പോള്‍ അത്‌ സിക്സറായതില്‍ പിന്നെയാണ്‌ വല്ലപ്പോഴും അതും നമുക്ക്‌ പറ്റും എന്ന ബോദ്ധ്യം ഉണ്ടായിത്തുടങ്ങിയതും...

ബോളിങ്ങില്‍ ടീമിലുള്ളവരെ അവരുടെ കഴിവിനനുസരിച്ച്‌ ഉപയോഗപ്പെടുത്തുവാന്‍ ശ്രദ്ധിക്കുകയും അത്യാവശ്യഘട്ടങ്ങളിലോ അല്ലെങ്കില്‍ അഞ്ചാമത്തെ ബൗളറായോ ഞാന്‍ സ്വയം പരിണമിച്ചു. ബാറ്റിങ്ങിലും ടീമിന്റെ ആവശ്യകതയനുസരിച്ചുള്ള പൊസിഷനില്‍ ഇറങ്ങുകയും (മൂന്നാമത്തെ ബാറ്റ്‌ സ്‌ മാനു ശേഷം) ചെയ്തു. പലഘട്ടങ്ങളിലും ഒരു മാച്ച്‌ വിന്നര്‍ എന്ന നിലയില്‍ എന്റെ ഈ റോളുകള്‍ വിജയകരമാകുകയും ചെയ്തു എന്നതാണ്‌ സത്യം...

കുറേ കാലം കളി കണ്ട പരിചയവും കളിച്ച പരിചയവും പല മാച്ചുകളിലും നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്നെ സഹായിച്ചു. ഞങ്ങളുടെ ടീം പല ലോക്കല്‍ ടൂര്‍ണ്ണമെന്റുകളും വിജയിക്കുകയും ചെയ്തു.

(ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാന്‍ ഒരു വല്ല്യ സംഭവമാണെന്ന് എല്ലാവര്‍ക്കും തോന്നിക്കാണും.. അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ... )

പല ടൂര്‍ണ്ണമെന്റുകളും കളിയ്ക്കാന്‍ 'ലോസ്സ്‌ ഓഫ്‌ പേ' ലീവ്‌ എടുക്കാന്‍ വരെ ഞാന്‍ തയ്യാറായി. പക്ഷെ, പലപ്പോഴും ആ സാമ്പത്തികനഷ്ടം ടൂര്‍ണ്ണമെന്റിന്റെ വിജയത്തില്‍ ലഭിക്കുന്ന ക്യാഷ്‌ പ്രൈസുകൊണ്ട്‌ കോമ്പന്‍സേറ്റ്‌ ചെയ്യാന്‍ സാധിച്ചു.

1999 ജനുവരി 10.... ചാലക്കുടി ഗവ.ബോയ്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ഒരു ടെന്നീസ്‌ ക്രിക്കറ്റ്‌ ടൂര്‍ണ്ണമന്റ്‌ ഫൈനല്‍....

എതിര്‍ ടീം ശക്തരായതിനാല്‍ ഞങ്ങളുടെ ടീമിലും ഭയങ്കരമാന പുലികളെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിക്കുകയും സീനിയര്‍ ടീമില്‍ നിന്ന് രണ്ട്‌ ചീറ്റപ്പുലികളെത്തന്നെ കണ്ടെത്തുകയും ചെയ്തു. അതില്‍ ഒരാള്‍ 'രാജന്‍' എന്ന സീനിയര്‍ ടീമിലെ ഓള്‍ റൗണ്ടര്‍... ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും പുള്ളിക്കാരന്റെ ടാലറ്റ്‌ പൊടിതട്ടിയെടുത്താല്‍ തിളങ്ങാവുന്നതേയുള്ളൂ... വല്ല്യ ദൂരത്ത്‌ നിന്നൊന്നുമല്ലാതെ ഓടി വന്ന് പുഷ്പം പോലെ സ്വിംഗ്‌ ചെയ്യിച്ച്‌ ഫാസ്റ്റ്‌ ബൗള്‍ ചെയ്യുകയും നല്ല സ്റ്റ്രൊങ്ങ്‌ ഡ്രൈവുകള്‍ ബാറ്റില്‍ നിന്ന് ഉതിര്‍ക്കുകയും ചെയ്യുന്ന രാജന്‍ ടീമിലെല്ലാവരുടേയും ഇഷ്ടതാരമായിരുന്നു...

സീനിയര്‍ ടീമില്‍ നിന്ന് രണ്ടാമത്‌ ഞങ്ങള്‍ ഉള്‍പ്പെടുത്തിയ രാജേഷ്‌ ഒരു കിടിലന്‍ ബാറ്റ്‌ സ്‌ മാന്‍... സോണ്‍ ലെവല്‍ ടീമില്‍ കളിച്ചിട്ടുള്ള പുള്ളിക്കാരന്‍ ഒരു ഹാര്‍ഡ്‌ ഹിറ്റര്‍ എന്ന റോളില്‍ അറിയപ്പെടുന്ന ഒരാള്‍... (പണ്ടൊരിക്കല്‍ ഒരു മാച്ചില്‍ നോണ്‍ സ്റ്റ്രൈക്കര്‍ എന്റില്‍ നില്‍ക്കുന്ന ആളോട്‌ രഹസ്യം പറയുന്ന പോലെ ബൗളര്‍ കേള്‍ക്കാവുന്ന തരത്തില്‍ 'ഷോട്ട്‌ ബോള്‍ എറിയാതിരുന്നാല്‍ മതിയായിരുന്നു...' എന്ന് പറയുകയും അത്‌ കേട്ട ബൗളര്‍ ഷോട്ട്‌ ബോളെറിയുകയും പന്ത്‌ ഗ്രൗണ്ടും കടന്ന് അപ്പുറത്തെ പാടത്ത്‌ പോയി പതിക്കുകയും ചെയ്തു അത്രേ)

സീനിയര്‍ ടീമില്‍ നിന്ന് ആളുകളുണ്ടെങ്കിലും ക്യാപ്റ്റന്‍ ഞാന്‍ തന്നെ... ടോസ്‌ നേടിയ ഞങ്ങള്‍ എതിര്‍ ടീമിനെ ബാറ്റ്‌ ചെയ്യാന്‍ അയച്ചു... 15 ഓവറാണ്‌ കളി..

ഞങ്ങളുടെ ടീമിലെ ഒരു സ്ഥിരം മെംബറായ 'സുധപ്പന്‍' (സുധാകരന്‍ എന്ന പേര്‌ പരിണമിച്ച്‌ സുധപ്പന്‍ എന്ന് പറഞ്ഞാലേ അറിയൂ) പൊതുവേ ആക്രാന്തം കൂടിയ പ്രകൃതമായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്യുകയോ ബൗള്‍ ചെയ്യുകയോ എന്നത്‌ പുള്ളിക്കാരന്‌ വല്ല്യ ആഗ്രഹമാണ്‌... മുഖത്തെ ആ ചിരി കണ്ടാല്‍ അറിയാം ഈ ആഗ്രഹം... പക്ഷെ, പലപ്പോഴും ഈ ആഗ്രഹം ഞങ്ങള്‍ കളിയാക്കലിലൂടെ നിരസിക്കുകയാണ്‌ പതിവ്‌... സുധപ്പന്റെ ഫുള്‍ടോസ്‌ ബോളുകളും ഡക്ക്‌ ഔട്ടുകളും ഇത്തരം സാഹചര്യങ്ങളില്‍ നിരവധി കണ്ടിട്ടുള്ളതിനാലാണ്‌ ഇത്‌.....

ക്യാച്ചുകള്‍ മിസ്സ്‌ ചെയ്യാറില്ല എന്ന കാരണത്താല്‍ പലപ്പോഴും ലോങ്ങ്‌ ഓഫ്‌ അല്ലെങ്കില്‍ ലോങ്ങ്‌ ഓണ്‍ ആയിരുന്നു എന്റെ ഫീല്‍ഡിംഗ്‌ പൊസിഷന്‍... മാത്രമല്ല ബൗളറെ ഉപദേശിച്ച്‌ വശക്കേടാക്കാനും ഈ പൊസിഷന്‍ തരക്കേടില്ല....

ആദ്യ സ്പെല്‍ ഓപ്പണിംഗ്‌ ബൗളേര്‍സ്‌ കാര്യമായ റണ്‍സ്‌ ഒന്നും കൊടുക്കാതെ അവസാനിപ്പിച്ചു. പക്ഷെ, വിക്കറ്റൊന്നും കിട്ടിയില്ലെന്ന് മാത്രം....

ആദ്യത്തെ സ്പെല്ലിനുശേഷം സുധപ്പന്‌ ഒരു ഓവര്‍ ബൗള്‍ ചെയ്യാന്‍ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറച്ച്‌ വിസ്താരമുള്ള ഗ്രൗണ്ട്‌ ആയതിനാല്‍ സിക്സര്‍ അടിക്കുക അത്ര എളുപ്പമല്ല എന്നതായിരുന്നു ഒരു കാരണം... മാത്രമല്ല പലപ്പോഴും സുധപ്പന്റെ ബൗളിംഗ്‌ മാരകമാകാറുമുണ്ട്‌... അടി കിട്ടിയാല്‍ കോണ്‍ഫിഡന്‍സ്‌ പോകുമെന്ന് മാത്രം....

ഓരോ ബോളിലും സുധപ്പനോടൊപ്പം ചെന്ന് പറഞ്ഞ്‌ പറഞ്ഞ്‌ മാക്സിമം കോണ്‍ഫിഡന്‍സ്‌ കൊടുത്തത്‌ ഗുണം ചെയ്തു. ആദ്യ വിക്കറ്റ്‌ സുധപ്പന്‌...

'ഇന്ന് നിന്റെ ദിവസമാണ്‌.... സ്പീഡ്‌ അധികം വേണ്ട... ജസ്റ്റ്‌ ലങ്ങ്ത്ത്‌ കീപ്പ്‌ ചെയ്ത്‌ ഓഫ്‌ സൈഡില്‍ ബോള്‍ എറിഞ്ഞ്‌ കൊണ്ടിരിക്കുക..' ഞാന്‍ എല്ലാ ബോളിലും പറഞ്ഞുകൊണ്ടിരുന്നു...

സുധപ്പന്റെ രണ്ടാമത്തെ ഓവറില്‍ രണ്ട്‌ വിക്കറ്റ്‌...

കളി തുടര്‍ന്നു...സുധപ്പന്റെ ലാസ്റ്റ്‌ ഓവര്‍... എതിര്‍ ടീമിന്റെ ക്യാപ്റ്റനും ഹാര്‍ഡ്‌ ഹിറ്ററുമായ ബാറ്റ്‌ സ്‌ മാന്‍ ക്രീസില്‍...ഒരു ഓവര്‍പിച്ച്‌ ബോള്‍ പുള്ളിക്കാരന്‍ ലോഫ്റ്റ്‌ ചെയ്തു....

"സൂര്യോദയം.....പിടിച്ചോ....." സുധ വിളിച്ചു......

"ദൈവമേ... എനിയ്ക്കിട്ടാണല്ലോ..." എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാന്‍ ബൗണ്ടറി ലൈനിന്റെ തൊട്ട്‌ മുന്നില്‍ നില കൊണ്ടു... തലയ്ക്ക്‌ മുകളില്‍ രണ്ട്‌ കയ്യും ഉയര്‍ത്തി ആ ബോള്‍ ഞാന്‍ ക്യാച്ച്‌ ചെയ്തു....

സുധപ്പന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു... പല മാച്ചുകളിലും നിത്യവൈരിയായിരുന്ന ആ ബാറ്റ്‌ സ്‌ മാന്റെ വിക്കറ്റ്‌ സുധയ്ക്ക്‌ ഒരു ആഗ്രഹമായിരുന്നു എന്ന് എനിയ്ക്ക്‌ അറിയാമായിരുന്നു...

എതിര്‍ ടീമിന്റെ ബാറ്റിംഗ്‌ 58 റണ്‍സിന്‌ അവസാനിച്ചു...

വല്ല്യ ടെന്‍ഷനില്ലാതെ കളിച്ച്‌ ജയിക്കാവുന്ന സ്കോര്‍ എന്ന് ഞങ്ങള്‍ വിലയിരുത്തി....

ഞങ്ങളുടെ ടീം ബാറ്റിങ്ങിനിറങ്ങി...

ഓപ്പണിംഗ്‌ ബാറ്റ്‌ ചെയ്യാന്‍ പോയ രണ്ട്‌ ബാറ്റ്സ്മാന്‍ മാര്‍ ആദ്യ ഓവര്‍ കഴിഞ്ഞപ്പോഴേ തിരിച്ചെത്തി.... എതിര്‍ ടീമിന്റെ ഒരു ബൗളരുടെ ബൗള്‍ ഭയങ്കര മൂവ്‌ മെന്റ്‌ എന്നതായിരുന്നു നിഗമനം...

മൂന്നാമതായി രാജേഷ്‌ ബാറ്റ്‌ ചെയ്യാനിറങ്ങി... രാജേഷ്‌ ഡക്ക്‌ ഔട്ട്‌....

പിന്നാലെ പോയ രാജന്‍ 10 റണ്‍സെടുത്തപ്പോഴെയ്ക്കും ഔട്ട്‌ ആയി... (നല്ല ഷോര്‍ട്ട്‌ സൈറ്റ്‌ ഉണ്ടെങ്കിലും അത്‌ പ്രകടിപ്പിക്കാനുള്ള മടികാരണം പുള്ളിക്കാരന്‍ കണ്ണട ഉപയോഗിക്കാത്തതാണെന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക്‌ മാത്രം അറിയുന്ന രഹസ്യം... ഔട്ട്‌ ആയതിന്റെ കാരണം ബോള്‍ ശരിക്ക്‌ കാണാത്തതിനാല്‍ ജഡ്ജ്‌ ചെയ്യാന്‍ പറ്റാത്തതിനാലാണെന്ന് രാജന്‍ എന്നോട്‌ പറയുകയും ചെയ്തു)

പതുക്കെ പതുക്കെ കളി കൈ വിട്ടു തുടങ്ങിയോ എന്ന് ഒരു സംശയം...
8 ഓവര്‍ കളി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ 6 വിക്കറ്റിന്‌ 25

ഇനി പ്രതീക്ഷയര്‍പ്പിക്കാവുന്ന തരത്തിലുള്ള ആരും ഇല്ലെന്നുള്ളതിനാല്‍ അടുത്തത്‌ ഞാന്‍ ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങാന്‍ നിര്‍ബന്ധിതനായി ക്രീസിലെത്തി....പൊതുവേ വിക്കറ്റ്‌ പോകാതെ സിങ്കിള്‍സ്‌ എടുത്ത്‌ കളിക്കുന്ന എനിയ്ക്ക്‌ ഒരു ഹാര്‍ഡ്‌ ഹിറ്റര്‍ റോള്‍ വല്ല്യ ബുദ്ധിമുട്ടാണ്‌... പക്ഷെ, ക്രീസില്‍ ഒന്ന് സ്റ്റേബിള്‍ ആയിക്കഴിഞ്ഞാല്‍ എല്ലാവരെയും പോലെ ഞാനും ചെറിയ ഒരു പുലിയായി മാറും...

ഇത്തവണ, വിക്കറ്റ്‌ പോകാതെ ബാറ്റ്‌ ചെയ്യുക എന്ന് മാത്രമായിരുന്നു എന്റെ ലക്ഷ്യം... റണ്‍സ്‌ സാവധാനം വന്നുകൊള്ളും....

മൂവ്‌ മെന്റ്‌ ഉള്ള ബോള്‍ എന്ന് കൂട്ടുകാര്‍ വാര്‍ണിംഗ്‌ തന്ന ബൗളര്‍ ബോള്‍ ചെയ്യുന്നു...എന്റെ ക്രിക്കറ്റ്‌ എക്സ്പീരിയന്‍സില്‍ ഏറ്റവും മാരകമായ ബൗളിംഗ്‌ ഞാന്‍ അന്നാണ്‌ കണ്ടത്‌.... ടെന്നീസ്‌ ബോള്‍ ഇത്ര നന്നായി സ്വിംഗ്‌ ചെയ്യുകയും ടേര്‍ണ്‍ ചെയ്യുകയും സംഭവ്യമെന്ന് ബോദ്ധ്യപ്പെട്ട ഓവര്‍... ആ ഓവറില്‍ 2 ബോള്‍ എനിയ്ക്ക്‌ തൊടാന്‍ സാധിക്കാതെ കടന്നു പോയപ്പോള്‍ ഞാന്‍ അപകടം മനസ്സിലാക്കി. ആ ഓവര്‍ വിക്കറ്റ്‌ പോകാതെ പിടിച്ചു നില്‍ക്കുകയേ നിവര്‍ത്തിയുള്ളൂ... 'വാശി നാശം' എന്ന തിരിച്ചറിവും എനിയ്ക്കങ്ങനെ ചെയ്യാന്‍ പ്രേരണയേകി. ആ ഓവര്‍ സ്ലിപ്പില്‍ ഒരു ക്യാച്ചില്‍ നിന്ന് ഞാന്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

അടുത്ത ഓവറില്‍ പതുക്കെ പതുക്കെ റണ്‍സ്‌ വന്ന് തുടങ്ങി. പക്ഷെ, മറുവശത്ത്‌ വിക്കറ്റ്‌ വീണു തുടങ്ങി....ഏഴാമത്തെ വിക്കറ്റ്‌ വീണുകഴിഞ്ഞപ്പോള്‍ ബാറ്റിങ്ങിനെത്തിയത്‌ അസ്തമയന്‍ (എന്റെ അനിയന്‍ തന്നെ). പൊതുവേ അല്‍പം വെപ്രാളമുള്ള അസ്തമയന്‍ വല്ല്യ അടികള്‍ക്ക്‌ മുതിരുമെന്ന് അറിയാമായിരുന്ന ഞാന്‍ സിങ്കിള്‍സ്‌ മാത്രം മതിയെന്ന് ഓരോ ബോളിലും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട്‌ കരപറ്റുമെന്ന് തോന്നിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അസ്തമയന്‍ ആക്രാന്തത്താല്‍ ഉയര്‍ത്തി അടിക്കുകയും ഔട്ട്‌ ആകുകയും ചെയ്തു... അങ്ങനെ എട്ടാമത്തെ വിക്കറ്റും വീണു...

അടുത്തതായി ഞങ്ങളുടെ കീപ്പര്‍ ആയ കൊച്ചുപയ്യന്‍ സജീവ്‌... അത്യാവശ്യം പിടിച്ച്‌ നില്‍ക്കാവുന്ന കപ്പാസിറ്റിയുണ്ടെങ്കിലും അപ്പോഴത്തെ പ്രഷര്‍ പുള്ളിക്കരന്‌ താങ്ങാവുന്നതിലും അധികമാണെന്ന് എനിയ്ക്ക്‌ മനസ്സിലായി.

സജീവ്‌ ഒരു ക്യാച്ച്‌ അപ്പീലില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടു... ബോള്‍ കാലില്‍ കൊണ്ടതാണെന്ന് കാണിക്കാന്‍ സജീവും ഞാനും തിമിര്‍ത്ത്‌ അഭിനയിച്ചത്‌ കണ്ട്‌ അമ്പയര്‍ കനിഞ്ഞു....

ഇനി 4 ഓവര്‍ ബാക്കിയുണ്ട്‌... ജയിയ്ക്കാന്‍ 18 റണ്‍സ്‌ വേണം....ഇനി തട്ടി മുട്ടി നിന്നാല്‍ ഓള്‍ ഔട്ട്‌ ആകാനുള്ള സാദ്ധ്യത ഞാന്‍ മുന്നില്‍ കണ്ടു.

അടുത്ത ഓവര്‍ രണ്ട്‌ ബോള്‍ ഞാന്‍ വാച്ച്‌ ചെയ്തു... ഓവര്‍ പിച്ച്‌ ബോളുകളാണ്‌ അധികവും... മൂന്നാമത്തെ ബോള്‍ ഫ്രണ്ട്‌ ഫൂട്ടില്‍ ലോങ്ങ്‌ ഓഫില്‍ ഒരു സിക്സര്‍....
നാലാമത്തെ ബോള്‍ അതേ പൊസിഷനില്‍ വീണ്ടും ഉയര്‍ത്തി അടിച്ചു.. പക്ഷെ, ബോള്‍ ഫീല്‍ഡര്‍ ക്യാച്ച്‌ ചെയ്തു... ഭാഗ്യത്തിന്‌ ക്യാച്ച്‌ എടുത്തത്‌ ബൗണ്ടറി ലൈനിന്‌ പുറത്ത്‌...

അഞ്ചാമത്തെ ബോള്‍ അതേ പൊസിഷനില്‍ വീണ്ടുമൊരു ശ്രമം നടത്തിയെങ്കിലും ബാറ്റില്‍ കൊള്ളാതെ പോയി..... 'അയ്യോ..' എന്നൊരു നിലവിളി ടീമംഗങ്ങളുടെ ഏരിയയില്‍ നിന്ന് കേട്ടു...

സജീവിന്റെ അടുത്ത്‌ ചെന്ന് എന്ത്‌ വന്നാലും ലാസ്റ്റ്‌ ബോള്‍ റണ്‍ ഓടണമെന്ന് ഞാന്‍ രഹസ്യം പറഞ്ഞു...ബൗളര്‍ ബോള്‍ കയ്യില്‍ നിന്ന് വിടേണ്ട താമസം.. സജീവ്‌ ഓടി ഇപ്പുറത്തെത്തി... അങ്ങനെ ലാസ്റ്റ്‌ ബോള്‍ ക്രീസില്‍ തട്ടിയിട്ട്‌ സിങ്കിള്‍...

അടുത്ത ഓവര്‍...ആദ്യ രണ്ട്‌ ബോളും ഡിഫന്‍ഡ്‌ ചെയ്തു...മൂന്നാമത്തെ ബോള്‍ കിട്ടിയത്‌ ഷോര്‍ട്ട്‌ ബോള്‍... ലെഗ്‌ സൈഡില്‍ പുള്‍ ചെയ്ത്‌ സിക്സര്‍.....

ടീം വിജയിച്ചിരിയ്ക്കുന്നു... എനിയ്ക്ക്‌ ആഹ്ലാദം അടക്കാനായില്ല... ഞാന്‍ ഒരു പ്രത്യേക വികാരത്തില്‍ നില്‍ക്കുമ്പോഴേയ്ക്ക്‌ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിയ്ക്കുന്നു, പലരും ഉമ്മ വയ്ക്കുന്നു... അന്ന് വരെ എന്നോട്‌ അത്ര അടുപ്പം പോലും ഇല്ലാതിരുന്ന, എന്നെ അത്ര പരിചയമില്ലാതിരുന്ന പലരും.......

ഒരു ചെറിയ സ്ഥലത്തെ ഒരു ചെറിയ ടൂര്‍ണ്ണമെന്റായിരുന്നു എങ്കില്‍ പോലും കൂട്ടുകാരുടെ സ്നേഹവും സന്തോഷവും ഏറ്റവും അനുഭവിച്ചറിഞ്ഞ ഒരു മധുരമായ സന്ദര്‍ഭം...

അപ്പോഴാണ്‌ മറ്റൊരു വിവരം അറിഞ്ഞത്‌... ലാസ്റ്റ്‌ ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങേണ്ടിയിരുന്ന സുനില്‍ ടെന്‍ഷന്‍ കാരണം തലകറക്കം വന്ന് ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു എന്ന്... അവന്‍ ഓടി വന്ന് കെട്ടിപ്പിടിച്ചത്‌ സജീവിനെ... കാരണം, അവനെ ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങാതെ സംരക്ഷിച്ചതിന്‌...

എതിര്‍ ടീമിന്റെ ക്യാപ്റ്റനും കൂട്ടരും ആകെ നിരാശരായിരുന്നു.. ഞാന്‍ അവിടെ ചെന്ന് അവരെ സമാധാനിപ്പിച്ചു....

അന്നത്തെ സമ്മാനദാനം ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു...മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി സുധപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു....എനിയ്ക്ക്‌ ജനുവരി 3 ന്‌ നടന്ന സെമിഫൈനലിലെ പ്രകടനത്തിന്‌ (ബാറ്റിങ്ങില്‍ 24 റണ്‍സ്‌, ബോള്‍ ചെയ്ത്‌ 2 വിക്കറ്റ്‌) മാന്‍ ഓഫ്‌ ദ സെമിഫൈനല്‍ സമ്മാനിച്ചു. മാത്രമല്ല, ഒരു സിക്സറിന്‌ 6 രൂപ എന്ന ഒരു പ്രത്യേക സമ്മാനമുണ്ടായിരുന്നതിനാല്‍ 18 രൂപയും...

ടീമിന്റെ സമ്മാനത്തുകയായ 2001 രൂപയും ട്രോഫിയും വാങ്ങി ഞങ്ങള്‍ ആര്‍മ്മാദിച്ച്‌ പ്രകടനമായി വീട്ടിലേയ്ക്ക്‌...

പിറ്റേന്ന് തന്നെ ആ കാശ്‌ ഒരു ഹോട്ടലില്‍ എല്ലാവരും ചേര്‍ന്ന് ഫുഡ്‌ അടിച്ച്‌ ചെലവഴിയ്ക്കുകയും അതിന്നടുത്ത ദിവസം വയറിളക്കം പിടിച്ച്‌ കഷ്ടപ്പെടുകയും ചെയ്തു...

8 Comments:

At 10:08 PM, Blogger സൂര്യോദയം said...

പല ബൂലോഗപുലികളുടേയും ക്രിക്കറ്റ്‌ ചരിതം വായിച്ചിരുന്നു. അപ്പോഴാണ്‌ എന്റെ കയ്യിലും ഉണ്ടല്ലോ ഒരു ചെറിയ സ്കോപ്പ്‌ എന്ന് തോന്നിയത്‌...ഒരു ചെറിയ സ്ഥലത്തെ ഒരു ചെറിയ ടൂര്‍ണ്ണമന്റ്‌ ആണെങ്കില്‍ പോലും അത്‌ സമ്മാനിച്ചത്‌ മറക്കാനാവാത്ത ഒരു അനുഭൂതിയാണ്‌... എന്റെ ഡയറിയിലും മനസ്സിലും മായാതെ കിടക്കുന്ന ഈ സംഭവം ഇവിടെ പകര്‍ത്തുന്നു... ഇത്‌ ഞാന്‍ എന്റെ സന്തോഷത്തിനുവേണ്ടിമാത്രം എഴുതിയത്‌... ഇത്‌ വായിച്ച്‌ ഇഷ്ടപ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അത്‌ എന്റെ കുറ്റം മാത്രം... :-)

 
At 11:21 PM, Blogger ശ്രീ said...

സൂര്യോദയം ചേട്ടാ...

ക്രിക്കറ്റ് വീരഗാഥ ഇഷ്ടപ്പെട്ടു. അപ്പോ ഒരു പുലിയാണല്ലേ?
ഞങ്ങളുടെ പല കളികളുടേയും ഓര്‍‌മ്മ വന്നു.
:)

 
At 12:58 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്നേവരെ എഴുതീതൊക്കെ ഒരൂ 50% വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു ഇത് ഒരു രക്ഷേമില്ല 101% പുളു :).. ഒരുവിധം നന്നായി ക്രിക്കറ്റ് കളിക്കാനറിയാവുന്ന ഒരാള്‍ പോലും വിശ്വസിക്കൂല.

ഓടോ : “ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാന്‍ ഒരു വല്ല്യ സംഭവമാണെന്ന്“ ദൈവമേ ഒരു കത്തി തരൂ...

ഓടോടോ: ലോങ്ങ് ഓഫ്, ഓണ്‍, മിഡ് ഓഫ് ഓണ്‍. ഇതൊക്കെ കേട്ടിട്ടുണ്ട് ഇതെന്തൂട്ട് സാധനാ ‘ലോങ്ങ് മിഡ് ഓഫും‘ ‘ലോങ്ങ് മിഡ് ഓണും‘!!!!
ഇതിന്റെ രണ്ടിന്റെം ഇടയിലോ...

 
At 1:26 AM, Blogger സൂര്യോദയം said...

ശ്രീ.. പുലി എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മവന്നത്‌ 'സോമാലിയയിലെ പുലി' യെ ആണ്‌... ഒരു കഥയുണ്ട്‌.. എലികളുടെ ഒളിമ്പിക്സില്‍ വെയിറ്റ്‌ ലിഫ്റ്റിങ്ങില്‍ സോമാലിയയ്ക്ക്‌ ഫാസ്റ്റ്‌... ഇന്റര്‍വ്യൂവിന്‌ ഒന്നാം സ്ഥാനം കിട്ടിയ സോമാലിയയിലെ കാന്‍ഡിഡേറ്റ്‌ തന്റെ മെഡല്‍ തിരിച്ചുവാങ്ങില്ല എന്ന ഉറപ്പില്‍ വെളിപ്പെടുത്തി അത്രേ.. "എടോ... ഞാന്‍ സോമാലിയയിലെ പുലിയാടോ പുലി..."

കുട്ടിച്ചാത്താ.... :-) താങ്കളുടെ കമന്റ്‌ വായിച്ച്‌ ചിരിച്ച്‌ ഒരു വഴിയ്ക്കായി... 101 എന്നതില്‍ ഒരു ചെറിയ ഇളവ്‌ വരുത്തി 100 ആക്കിത്തരണം.. പ്ലീസ്‌..
പിന്നെ... ഒരു മണ്ടത്തരം എഴുതിവിട്ടത്‌ ചൂണ്ടിക്കാണിച്ചതിന്‌ കൊടു കൈ.... പുതിയ രണ്ട്‌ പൊസിഷനുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന വിവരം എല്ലാ ക്രിക്കറ്റ്‌ പ്രേമികളേയും സദരം അറിയിച്ചുകൊള്ളുന്നു.. :-)

 
At 3:14 AM, Blogger SAJAN | സാജന്‍ said...

അപ്പൊ പുലിയാണ് അല്ലേ, വെറും പുലിയല്ലാ സൊമാലിയന്‍ പുലി:)

 
At 3:41 AM, Blogger രജീഷ് || നമ്പ്യാര്‍ said...

ചേട്ടാ, വ്യായിച്ചു. ചാത്തന്‍സ് പറഞ്ഞേന്റെ അടീല് ഒരൊപ്പിടാനാണ് തോന്ന്യത്. ;-)

ബൈ ദ് വേ, അസ്തമയന്റെ കേസ് എന്തായി??

 
At 3:35 AM, Blogger സൂര്യോദയം said...

സാജാ... പുലി കേള്‍ക്കണ്ടാ... :-)

രജീഷ്‌... ഇവിടെ ഒരു ആഗ്രഹം എഴുതാനും പാടില്ലേ??? ഒന്ന് പറഞ്ഞ്‌ വിശ്വസിപ്പിക്കാന്‍ കഷ്ടപ്പെട്ടത്‌ മിച്ചം ;-)

അസ്തമയന്റെ അപ്ഡേറ്റഡ്‌ പോസ്റ്റ്‌ ബൈ ദ വേ ആണ്‌... ഒരെണ്ണം എഴുതാം.. :-)

 
At 10:56 PM, Anonymous Anonymous said...

Hello Abhayan, adipoli blog..missing chalakudy...venkitesh evide aduthanu thamasam..pulliyanu ee blog thannadhu. Eppozhum police stationte valavil aaalkkare omni idippichu kollarundo ?

 

Post a Comment

<< Home