സൈക്കിള് യജ്ഞം
ഇന്നലെ ഉച്ചതിരിഞ്ഞ് ചാലക്കുടിയിലെ വീട്ടില്‍ നിന്ന് ഒരു കോള്‍ വന്നത് അറ്റന്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു കോള്‍ കൂടി വെയിറ്റിങ്ങില്‍ നില്‍പ്പുണ്ടെന്നറിഞ്ഞ ഞാന്‍ ആദ്യത്തെ കോള്‍ അവസാനിച്ച് രണ്ടാമത്തെ കോള്‍ എടുക്കാനായി നമ്പര്‍ നോക്കി. എറണാകുളം STD കോഡ് കണ്ടപ്പോള്‍ പതിവുപോലെ വല്ല ബാങ്ക് കാരോ ക്രഡിറ്റ് കാര്‍ഡ് കാരോ ആയിരിക്കും എന്ന മുന്‍ ധാരണയോടെ ഞാന്‍ കോള്‍ അറ്റന്‍ ഡ് ചെയ്തു. അപ്പോഴേയ്ക്കും മറു തലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തു.... കണക്റ്റ് ആവാത്തതിനാല്‍ കട്ട് ചെയ്തതായിരിക്കും... കട്ട് ചെയ്തത് എനിക്കൊരു വിഷയമല്ല... പക്ഷെ, കട്ട് ചെയ്യുന്നതിനുമുന്‍പ് അപ്പുറത്ത് നിന്ന് കേട്ട ഒരു കമറ്റ് ആണ് എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത്..
ഒരു ലോക്കല്‍ പയ്യന്റെ വളരെ ലോക്കല്‍ സ്ലാങ്ങിലുള്ള ഒരു ഡയലോഗ് ആണ് ഞാന്‍ കേട്ടത്...
"സൈക്ക്ലും കോപ്പൊന്നും കിട്ടൂല്ലാ..." എന്നതായിരുന്നു ആ ഡയലോഗ്...
-----------------------------
ഏകദേശം ഒരു മാസത്തിനുമുന്‍പ്.......
ഓഫീസില്‍ നിന്ന് ഞങ്ങളുടെ സെക് ഷനിലെ എല്ലാവരും ചേര്‍ന്ന് ടീം ബില്‍ഡിംഗ് ആക്റ്റിവിറ്റിയുടെ ഭാഗമായ ഒരു ചെറിയ ട്രിപ്പ് പ്ലാന്‍ ചെയ്തു... എറണാകുളത്തിന്നടുത്തുള്ള ഒരു റിസോര്‍ട്ട് ആയിരുന്നു ഞങ്ങള്‍ പോയ സ്ഥലം.. ചിറ്റൂരില്‍ നിന്ന് ബോട്ടില്‍ ഒരല്‍പ്പം പോയാല്‍ ഈ റിസോര്‍ട്ടില്‍ എത്തും.. 36 പേരടങ്ങിയ ഞങ്ങള്‍ 9 കാറുകളിലായിയാണ് ബോട്ട് യാത്ര തുടങ്ങുന്നിടം വരെ പോയത്..
അവിടുത്തെ മീറ്റിംഗും, ബോട്ട് യാത്രയും, ഫുഡും മറ്റ് കാര്യപരിപാടികളും കഴിഞ്ഞ് 6 മണിയോടെ ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു....
തിരിച്ചുപോരുമ്പോള്‍ എന്റെ കാര്‍ ആയിരുന്നു മുന്‍പില്‍... അല്‍പം ഇരുട്ട് വീണ് തുടങ്ങിയിരുന്നതിനാലും വന്ന വഴി ആര്‍ക്കും അത്ര കൃത്യമായി അറിയില്ല എന്ന കാരണത്താലും ആദ്യം പോകാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു. ഒടുവില്‍ എത്ര തവണ ഒരേ വഴിയില്‍ സഞ്ചരിച്ചാലും 'ചോദിച്ച് ചോദിച്ച്.. വഴി തെറ്റിച്ച് തെറ്റിച്ച്' പോകുന്ന ഞാന്‍ തന്നെ ആ കൃത്യം ഏറ്റെടുത്തു....
എന്റെ കാറിന്റെ മുന്‍ സീറ്റില്‍ ഒരു സുഹൃത്തും പിന്നില്‍ എന്റെ ഭാര്യയെക്കൂടാതെ മറ്റ് രണ്ട് വനിതാ സഹപ്രവര്‍ത്തകരുമായിരുന്നു...കൂടെയുള്ളവരുടെ നിര്‍ദ്ദേശങ്ങളും എന്റെ ഒരു അനുമാനവും വച്ച് കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞ് ഞങ്ങള്‍ ഒരു ജംഗ്ഷനില്‍ എത്തി... അവിടെ നിന്ന് ഇടത്തോട്ടാണ് പോകേണ്ടതെന്ന് തോന്നിയെങ്കിലും ഒന്ന് സംശയം തീര്‍ത്തേക്കാം എന്ന് വിചാരിച്ച് അവിടെ കൂടിനിന്ന് പരദൂഷണം പറയുന്ന ജനവിഭാഗത്തിന്റെ അഭിപ്രായം ഒന്ന് ചോദിച്ച് പോയി....
ഇടത്തോട്ടും വലത്തോട്ടും മാത്രമല്ല വേറെ പല വഴിയിലൂടെയും ഞങ്ങള്‍ക്ക് പോകേണ്ടിടത്ത് എത്താം എന്നവര്‍ സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോള്‍ വണ്ടി തിരിച്ച് വലത്തോട്ട് വിട്ടാല്‍ പെട്ടെന്ന് ചെല്ലാം എന്ന ഉപദേശം കൈക്കൊള്ളാന്‍ ഞാന്‍ തീരുമാനിച്ചു. റോഡിനുകുറുകേ വലത്തോട്ട് വട്ടം തിരിച്ച് എടുക്കാനായി രണ്ടുവശത്ത് നിന്നും വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തി.... (ജംഗ്ഷന്‍ കഴിഞ്ഞുള്ളതിന്റെ അപ്പുറത്തേയ്ക്ക് നോക്കി വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള എന്നാല്‍ കഴിയുന്ന ഏകമാര്‍ഗ്ഗം വാഹങ്ങളുടെ ഹെഡ് ലൈറ്റ് ഉണ്ടോ എന്നത് മാത്രമാണ്).
അങ്ങനെ കാര്‍ റോഡിനുകുറുകേ വലത്തോട്ട് തിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ 'ദേ സൈക്കിള്‍...' എന്നാരോ പിന്നില്‍നിന്ന് വിളീച്ച് പറഞ്ഞതും ഒരു മിന്നല്‍ പോലെ ഒരു പയ്യന്‍ സൈക്കിളുമായി കാറിനുമുന്നിലൂടെ പാഞ്ഞ് പോയി.....കാര്‍ സൈക്കിളില്‍ ഒന്ന് ചെറുതായി തട്ടുകയും സൈക്കിളും പയ്യനും റോഡിന്റെ സൈഡിലേയ്ക്ക് ക്രാഷ് ലാന്‍ഡ് ചെയ്യുകയും സംഭവിച്ചു......
പയ്യനെ ആരോക്കെയോ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന്നിടയില്‍ റോഡ് ബ്ലോക്കാവാതിരിക്കാന്‍ കാര്‍ തിരിച്ചെടുത്ത് സൈഡില്‍ പാര്‍ക്ക് ചെയ്യുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചു... പുറത്ത് എന്നെ തെറിവിളിക്കാനോ പ്രോല്‍സാഹിപ്പിക്കാനോ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഊഹിച്ച ഞാന്‍ അതില്‍ ശ്രദ്ധ കൊടുക്കുന്നത് ശരിയല്ലല്ലോ....
ആരോക്കെയോ പുറത്ത് നിന്ന് എന്തൊക്കയോ ഡയലോഗുകള്‍ പറയുന്നുണ്ട്... 'അങ്ങനെ വിടരുത്...' , 'എന്തൊരു തിരിയാ തിരിച്ചത്...' എന്നൊക്കെയുള്ളതരം വര്‍ത്തമാനങ്ങള്‍ ചിലര്‍ പറയുന്നുണ്ട്...
'കേസ് ഐസ്ക്രീമെങ്കില്‍ ആള് കുഞ്ഞാലി തന്നെ' എന്ന പറഞ്ഞിരുന്നപോലെ ആക്സിഡന്റ് സംഭവിച്ചാല്‍ വലിയവണ്ടിയുടേതാണല്ലോ എപ്പൊഴും കുറ്റം... അതുകൊണ്ട് തന്നെ ന്യയാന്യായങ്ങള്‍ക്ക് യാതൊരു സ്കോപ്പുമില്ല...
കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ഇറങ്ങി വന്ന് പയ്യന് വല്ലതും പറ്റിയോ എന്ന് പരിശോധിച്ചു...അപ്പോഴേയ്ക്കും ഇതിന്റെ പേരില്‍ എന്ത് കലിപ്പുണ്ടാക്കാം എന്ന് നോക്കി നടക്കുന്ന ചിലര്‍ ആ ആഗ്രഹവുമായി പലതും പറഞ്ഞ് തുടങ്ങിയതും ഒന്നിനു പുറകേ മറ്റൊന്നായി 8 കാറുകള്‍ വന്ന് അവിടെ പാര്‍ക്ക് ചെയ്തു.... അതില്‍ നിന്ന് ഒരുമാതിരി എല്ലാവരും തന്നെ ഇറങ്ങിവരികയും ചെയ്തതോടെ 'അത് ശരി... നിങ്ങളൊക്കെ ഒരു ടീമാണല്ലേ...' എന്ന ഇന്നസെന്റ് ഡയലോഗ് മനസ്സില്‍ പറഞ്ഞുകൊണ്ട് കലിപ്പന്മര്‍ സൈഡ് ഒതുങ്ങി...
ഞാന്‍ പയ്യന്റെ അടുത്ത് ചെന്ന് അവന് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചു...
"എനിക്കൊന്നും പറ്റീല്ല്യാ..." എന്ന് പറഞ്ഞ് പയ്യന്‍ നല്ല പയര്‍ മണി പോലെ നില്‍ക്കുന്നു...
"നീ ശരിയ്ക്ക് നോക്ക്... വല്ല വേദനയോ മുറിവോ ഉണ്ടോ.. നമുക്ക് ഹോസ്പിറ്റല്‍ വരെ പോകാം.." ഞാന്‍ നിര്‍ബദ്ധിച്ചു..
"ഹേയ് വേണ്ടാ... ഒന്നും പറ്റീല്ല്യാ..." അവന്‍ പറഞ്ഞു..
അപ്പോഴേയ്കും നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടു... "നീ ഹോസ്പിറ്റലില്‍ പോണേല്‍ ഇപ്പോ പൊക്കോ,...ഇവര്‍ പോയിക്കഴിഞ്ഞിട്ട് വേദനയുണ്ടെന്നും മറ്റും പറഞ്ഞിട്ട് കാര്യമില്ലാ..."
ആളുകളുടെ നിര്‍ബദ്ധം കൂടിക്കൂടി വന്നപ്പോള്‍ അവനുതന്നെ ഒരു സംശയം.. 'എന്തെങ്കിലും പറ്റിയിട്ടുണ്ടോ' എന്ന്...
"കാലിന്റെ ദിവിടെ ഒരു ചെറിയ വേദനയുണ്ട്.." അവന്‍ പറഞ്ഞു...
"എന്നാല്‍ വാ.. നമുക്ക് ഹോസ്പിറ്റല്‍ വരെപോകാം..."
"ഹേയ്.. വേണ്ട.. ചെറിയ വേദനയേ ഉള്ളൂ..." അവന്‍ വീണ്ടും..
"എന്തായാലും നിന്റെ സംശയം തീര്‍ത്തേക്കാം.. നമുക്ക് ഹോസ്പിറ്റലില്‍ പോകം.." ഞാന്‍ പറഞ്ഞു...
അവന്റെ സംശയത്തെക്കാള്‍ നാട്ടുകാരുടെ സംശയത്തിന് വിരാമമിടുക എന്നതായിരുന്നു എന്റെ ഉദ്ദേശം...
ഹോസ്പിറ്റലില്‍ കൊണ്ടുപോകാനും സൈക്കിളിന് വല്ല കേടുപാടും പറ്റിയിട്ടുണ്ടെങ്കില്‍ അതിനും തയ്യാറാണെന്ന എന്റെ മനോഭാവം കണ്ട് നാട്ടുകാരില്‍ ചിലര്‍ പെട്ടെന്ന് നിഷ്പക്ഷമതികളായി മാറി..... "മോനേ.. സൈക്കിളില്‍ ഇത്ര സ്പീഡില്‍ വരാമോ... ഇരുട്ടത്ത് സൂക്ഷിക്കേണ്ടേ.." എന്നൊക്കെ ചോദിച്ച് തുടങ്ങി..
അപ്പോഴാണ് ഞാന്‍ പയ്യന്‍ ലാന്‍ഡ് ചെയ്ത് ഏരിയ ഒന്ന് നോക്കിയത്... എത്ര ശ്രമിച്ചാലും മിസ്സാവാത്ത തരത്തില്‍ മതിലും അതിനോട് ചേര്‍ന്ന് നിറയേ പോസ്റ്റുകളും കൊണ്ട് സമ്പന്നമായ ഒരു ഏരിയ... ഇതിന്നിടയില്‍ ഒന്നിലും പോയി ഇടിക്കാതെ അവന്‍ സേഫ് ആയി ലാന്‍ഡ് ചെയ്തത് ദൈവകൃപ മാത്രമാണെന്ന് ഞാനും തിരിച്ചറിഞ്ഞ് ദൈവത്തോട് നന്ദി പറഞ്ഞു...
ആ പയ്യനേയും കൂട്ടി അവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവിടെ അടുത്തുള്ള ഒരു എല്ല് സ്പെഷലിസ്റ്റ് ഡോക്ടറുടെ വീട്ടിലേയ്ക്ക് ഞങ്ങള്‍ ചെന്നു... കാറില്‍ വച്ച് പയ്യനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു... ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ ട്യൂഷന്‍ കഴിഞ്ഞ് പാഞ്ഞ് വരുന്ന വരവായിരുന്നു അത്രേ അത്...
ഡോക്ടറോട് വിവരങ്ങളൊക്കെ പറഞ്ഞു... അദ്ദേഹം പയ്യനോട് കാലില്‍ ഞെക്കി നോക്കി വിവരങ്ങള്‍ ആരാഞ്ഞു.... വേറെ എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ തോന്നുന്നുണ്ടോ എന്നൊക്കെ ഡോക്ടര്‍ ചോദിച്ചു... പരിശോധനകള്‍ക്ക് ശേഷം ചെറിയൊരു ചതവേ ഉണ്ടാവാന്‍ തരമുള്ളൂ എന്ന് വിധിയെഴുതിയ ഡോക്ടര്‍ രണ്ട് ദിവസത്തേയ്ക്ക് കഴിക്കാന്‍ മൂന്ന് നാല് ഗുളികകളും കൊടുത്തു....
അവിടെ നിന്ന് ഞങ്ങള്‍ തിരിച്ച് സംഭവം നടന്ന സ്ഥലത്തെത്തി.. അവിടെ കൂടി നിന്നവരോട് ഡോക്ടറെ കാണിച്ചിട്ടുള്ള വിശേഷങ്ങള്‍ പറഞ്ഞു...
ഇനി സൈക്കിള്‍.... അതും കൊണ്ട് ഒന്ന് രണ്ട് പേര്‍ വന്നു... അതിന് വല്ലതും പറ്റിയോ എന്ന് പരിശോധിച്ചതില്‍ നിന്ന് ഇടയ്ക്കിടെ അതിന്റെ ബാക്ക് വീല്‍ സ്റ്റക്ക് ആവുന്നു എന്ന് മനസ്സിലായി... സൂക്ഷമായി പരിശോധിച്ചപ്പോള്‍ ബാക്കിലേയ്യ് എടുക്കുമ്പോള്‍ അതിന്റെ ബ്രേക്ക് സ്റ്റക്ക് ആവുന്നതാണെന്ന് മനസ്സിലായി.. അത് അടുത്തുള്ള സൈക്കിള്‍ വര്‍ക്ക് ഷോപ്പില്‍ കാണിച്ച് ഇപ്പോ തന്നെ ശരിയാക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ നടന്നു.... അപ്പോഴേയ്ക്കും ആ കട പൂട്ടിക്കഴിഞ്ഞിരുന്നു...
പയ്യന്റെ ചേട്ടനും ചില സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് സൈക്കിള്‍ പരിശോധിച്ച് അതിന് കാര്യമായ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിധിയെഴുതി... പക്ഷെ, പയ്യന് അത് സ്റ്റക്ക് ആവുന്നതിന്റെ വൈക്ലബ്യം മാറുന്നില്ല...
"ഇത് ശരിയാക്കാന്‍ വേണ്ട ചിലവ് വല്ലതും വേണോ... വേണമെങ്കില്‍ പറഞ്ഞോളൂ..." ഞാന്‍ എന്റെ മഹാമനസ്കത തുറന്ന് കാട്ടാന്‍ ശ്രമിച്ചു...
കാര്യമായി ഒന്നും പറ്റാത്ത ആ സൈക്കിളിന് മാക്സിമം 20 രൂപയുടെ റിപ്പയറേ വരൂ എന്നറിഞ്ഞിട്ടും അമ്പതോ നൂറോ രൂപ കുടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു... പക്ഷെ, അതിന് കാശ് വാങ്ങുന്നത് മോശമാണെന്ന് സ്വയം തോന്നിയ അവന്റെ ചേട്ടനും നാട്ടുകാരും 'ഒന്നും വേണ്ടെ'ന്ന് പറഞ്ഞ് സംഭവം അവസാനിപ്പിച്ചു.
അവിടെ നിന്ന് പോരുന്നതിനു മുന്‍പായി എന്റെ അഡ്രസ്സ് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിവിനയമോ അഹങ്കാരമോ കാരണം ഞാനെന്റെ വിസിറ്റിംഗ് കാര്‍ഡ് എടുത്ത് കൊടുത്തു... കൂടാതെ അതിനുപിന്നില്‍ എന്റെ മൊബെയില്‍ നമ്പറും എഴുതിക്കൊടുത്തു.... നാട്ടുകാരുടെ മുന്നില്‍ ഇനി എന്നേക്കാള്‍ ഡീസന്റായി ആരുണ്ട്..... "എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കരുത്..." എന്ന ഡയലോഗ് കൂടി ആയപ്പോല്‍ സംഗതി ക്ലീന്‍
......................................
ഒരാഴ്ച കഴിഞ്ഞു......
എനിക്കൊരു ഫോണ്‍ കോള്‍ ...
"ഞാനേ ആ സൈക്കിള്‍ ഇടിച്ച പയ്യന്റെ അച്ഛനാണേ...."
"ഓ.. അതേയോ... പറയൂ.. അവന് കുഴപ്പമൊന്നും ഇല്ലല്ലോ???" ഞാന്‍ ചോദിച്ചു..
"അവന് കുഴപ്പമൊന്നുമില്ലാ... വേദനയും മാറി.... ആ സൈക്കിളിന് ചെറിയ ഒരു കമ്പ്ലയിന്റ് ഉണ്ടല്ലോ...." വളരെ വിനയാന്വിതനായി അദ്ദേഹം മൊഴിഞ്ഞു..
"അതിനെന്താ.. അത് ശരിയാക്കിക്കോളൂ... വേണമെങ്കില്‍ അതിന്റെ ചിലവ് ഞാന്‍ തന്നേക്കാം... അവന് ഒന്നും പറ്റാഞ്ഞതില്‍ നമ്മള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.." ഞാന്‍ പറഞ്ഞു..
"അതേ.. അതേ..... അപ്പോ ശരി......." എന്ന് പറഞ്ഞ് അങ്ങേര്‍ ടെലഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
.....................................
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഒരു കോള്‍....
"ഞാനേ ആ സൈക്കിള്‍ ഇടിച്ച...." എന്ന് തുടങ്ങിയപ്പോഴേയ്ക്ക് എനിക്ക് ആളെ പിടികിട്ടി..
"ങാ.. പറയൂ.. എന്തായി...."
"അതേയ്.. ആ സൈക്കിള് ശരിയാക്കാന്‍ പറ്റില്ല്യാന്നാ പറേണേ....."
"അതെന്തുപറ്റീ...." ഞാന്‍ ചോദിച്ചു...
"അതിന്റെ റിമ്മ്, വീല്.. ഫ്രയിമ്........" കാര്യങ്ങല്‍ ഒന്നും മുഴുമിപ്പിക്കാതെ ഒരു വൈക്ലബ്യത്തോടെയുള്ള സംസാരം...
അപ്പോഴേയ്ക്കും എനിയ്ക്ക് കാര്യങ്ങളുടെ ഒരു ഘടന മനസ്സിലായി... അതായത്.... അദ്ദേഹത്തിന് ഇതിന്റെ പേരില്‍ ഒരു പുതിയ സൈക്കിള്‍ കിട്ടിയാല്‍ കൊള്ളാം എന്ന് മോഹം ഞാന്‍ ഊഹിച്ചെടുത്തു...
"ചേട്ടന്‍ ഒരു കാര്യം ചെയ്യൂ... എന്റെ ഒരു സുഹൃത്തിന് ഇവിടെ ഒരു സൈക്കിള്‍ വര്‍ക്ക് ഷോപ്പ് ഉണ്ട്.... ആ സൈക്കിള്‍ ഇവിടെ വരെ ഒന്ന് എത്തിച്ച് തന്നാല്‍ ഞാന്‍ ശരിയാക്കിച്ച് തരാം ട്ടോ...." ഞാന്‍ പറഞ്ഞു..
"ങാ... ശരീ...." എന്ന് എന്നോടും 'സംഗതി ഏറ്റില്ല...' എന്ന് മനസ്സിലും പറഞ്ഞ് അങ്ങേര്‍ ഫോണ്‍ കട്ട് ചെയ്തു....
ഇനി ഇവര്‍ വിളിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് മൊബെയില്‍ നമ്പര്‍ കൊടുത്തതില്‍ എന്നെ പഴിച്ചുകൊണ്ടിരുന്ന ഭാര്യയോട് ഞാന്‍ ഡിക്ലയര്‍ ചെയ്തു....
.....................................
അതിനുശേഷം ഇന്നലെ വന്ന ഫോണ്‍ കോള്‍ .... ഇത് അവര്‍ തന്നെ ആയിരിക്കുമോ...... ആ പയ്യന്റെ സംസാരരീതിയും 'സൈക്കിള്‍' എന്ന വാക്കും എന്നെ സംശയപ്പെടുത്തുന്നു....
'ആ കോള്‍ ഇനിയും വരാതിരിക്കില്ലാ...' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ കൊതിയോടെ കാത്തിരിക്കുന്നു...
10 Comments:
ഒരു സൈക്കിള്‍ യജ്ഞം... അതായത് ... സൈക്കിള്‍ കിട്ടാനുള്ള യജ്ഞം....
ha:)
ഹ ഹ...
ഏതെല്ലാം തരത്തിലുള്ള ആള്‍ക്കാര്‍... അല്ലേ?
സഹായിയ്ക്കാന്‍ തുനിഞ്ഞിട്ട് അത് പാരയായിട്ടുള്ള ചില അനുഭവങ്ങള്‍ ഓര്‍ത്തു.
:)
വരും, വരാതിരിക്കില്ലാാ....(കൊതിപ്പിക്യല്ലാ, ട്ടാ)
പയ്യന്റെ അച്ഛന്മാരുടെ വിളികളുടെ എണ്ണം കൂടാനാനും സാധ്യത കാണുന്നു (വാരഫലം)
നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം, ഇതില്‍ കൂടുതല്‍ എന്തെഴുതാന്‍??
ഹഹഹ.. എന്തൊരു അത്യാഗ്രഹം...
ആ പയ്യന്റെ വീട്ടുകാരുടെ അല്ല. സൂര്യോദയം മാഷിന്റെ. ആ കാളിനു വേണ്ടിയുള്ള അത്യാഗ്രഹമേ...
ഒരിക്കലും നമ്പര്‍ കൊടുക്കരുത് എന്നു മനസ്സിലയില്ലേ?
ഞാന്‍ കൊതിയോടെ കാത്തിരിക്കുന്നു...
ഹാഹാ...അതാണ്‍ മാഷേ എനിക്കിഷ്ടപ്പെട്ടത്. അനുഭവങ്ങളിലൂടെ അറിയാനും പഠിക്കാനുമുള്ള ആ ത്വര..:)
ഹ ഹ ഹ നല്ല യജ്ഞം.
ഇങ്ങനേം ഉണ്ടൊ ഒരു കാത്തിരുപ്പ്
cycle yajnjam kalakki mashey :)
"സൈക്കിള് യജ്ഞം"...
വായിക്കാന്‍ നല്ല ഒഴുക്ക്.
ആ കവലയില്‍ ഞാനും
ദൃക്‌സാക്ഷിയായി ഉണ്ടായിരുന്നു
എന്ന തൊന്നല്‍ ...
“പോയാല്‍ ഒരു വാക്ക്
കിട്ടിയാല്‍ ഒരു സൈക്കിള്‍ ”
.....ഗുണപാഠം.....
‘വല്ല നാട്ടുകാരുടെയും മുന്നില്‍ അധികം ഡീസന്റാവരുത്....’ :)
Post a Comment
<< Home