സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, October 14, 2007

ഒരു പാലക്കാടന്‍ യാത്ര

ഭാര്യാഗൃഹം ഓലവക്കോടും ഞാനൊരു ചാലക്കുടിക്കാരനും ജോലിചെയ്യുന്നത്‌ എറണാകുളവുമാണ്‌ എന്നതിനാല്‍ തന്നെ മാസത്തില്‍ ഒരു തവണയെങ്കിലും ചാലക്കുടി-പാലക്കാട്‌ റൂട്ടില്‍ ഒരു യാത്ര പതിവായിരുന്നു. മിന്നുമോളുടെ ജനനത്തോടെ മിക്കവാറും ആ യാത്ര കാറില്‍ തന്നെയായിരുന്നു.

കഴിഞ്ഞ മാസം പാലക്കാട്‌ പോയപ്പോള്‍ റോഡിന്റെ സ്ഥിതി നേരിട്ട്‌ അനുഭവിക്കാന്‍ യോഗം ഉണ്ടാവുകയും 'ഇനി ഈ റോഡ്‌ നേരെയാവാതെ പാലക്കാട്‌ വരികയാണെങ്കില്‍ റെയില്‍ മാര്‍ഗ്ഗം മാത്ര' മായിരിക്കുമെന്ന് ദൃഢശപഥമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം യാത്രചെയ്തപ്പോള്‍ മഴവെള്ളം റോഡിലെ കുഴികളില്‍ കെട്ടിക്കിടന്നിരുന്നതിനാല്‍ അതിന്റെ നീളവും വീതിയും ആഴവുമെല്ലാം മനസ്സിലായിരുന്നില്ല. അതിനാല്‍ തന്നെ വല്ല്യ പേടിയും തോന്നിയിരുന്നില്ല. മുന്നില്‍ പോകുന്ന വാഹനം കുഴിയിലൂടെ ഇറങ്ങി കയറുന്ന കണ്ട്‌ അതിനനുസരിച്ച്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ കുഴിയിലൂടെ ഇറക്കിയാണ്‌ അന്ന് യാത്ര സാദ്ധ്യമായത്‌. ആ യാത്രയില്‍ പല വാഹനങ്ങളും കുഴിയില്‍ പെട്ട്‌ പോലീസും നാട്ടുകാരും ചേര്‍ന്ന് പൊക്കിമാറ്റുന്നതും കണ്ടിരുന്നു.

'വിവരമില്ലാത്തവന്‍', 'മണ്ടന്‍' എന്നീ വിളികള്‍ ഈ വഴി ഞാന്‍ യാത്രചെയ്തു എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയ പ്രോല്‍സാഹനങ്ങളാണ്‌.

അങ്ങനെ റോഡിന്റെ സ്ഥിതികളെക്കുറിച്ച്‌ വാര്‍ത്തകളും 'പാലക്കാട്‌ ഭാഗത്തേയ്ക്ക്‌ റോഡില്ല' എന്ന കോടതിയുടെ അഭിപ്രായവും കേട്ട്‌ പലരും അതിശയോക്തിയാണെന്ന് വിചാരിച്ചപ്പോള്‍ 'സത്യം തന്നെയാണ്‌' എന്ന് കണ്ടവരോടൊക്കെ ഞാന്‍ വിലപിച്ചു. ഒടുവില്‍ നമ്മുടെ കേമനായ മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനത്തിലെ ഊര്‍ജ്ജസ്വലത കണ്ട്‌ ഞാനൊന്ന് ഉത്സാഹിയായോ എന്ന് ഒരു സംശയം. അതായത്‌, ഒക്ടോബര്‍ 15 നകം എല്ലാ റോഡ്‌ പണികളും തീര്‍ക്കും അത്രേ... എന്ന് അദ്ദേഹത്തിന്‌ ഉദ്യോഗസ്ഥര്‍ വാക്ക്‌ കൊടുത്തു അത്രേ.. അങ്ങേര്‌ അതങ്ങ്‌ വിശ്വസിച്ചിട്ട്‌ നാട്ടുകാരോടും പത്രക്കാരോടും വീമ്പും പറഞ്ഞ്‌ പൊടിയും തട്ടി എണീറ്റ്‌ പോയി.

'ഓഹോ.. പൊളിച്ചടുക്കാന്‍ മാത്രമല്ല, പൊളിഞ്ഞത്‌ ശരിയാക്കാനും ഇങ്ങേര്‍ക്ക്‌ പറ്റും അല്ലേ..' എന്ന് ഞാനും വിചാരിച്ചു.

കഴിഞ്ഞ ആഴ്ച രണ്ട്‌ മൂന്ന് ദിവസം ലീവ്‌ എടുത്ത്‌ എന്റെ പത്നിയും മോളും പാലക്കാട്‌ അച്ചനമ്മമാരോടൊത്ത്‌ ആര്‍മ്മാദിക്കാന്‍ താല്‍പര്യപ്പെട്ടതിനാല്‍ അവരെയും കൊണ്ടുള്ള പാലക്കാട്‌ യാത്ര ട്രെയിനില്‍ ആയിരുന്നു. 'ഇത്‌ കൊള്ളാല്ലോ... വല്ല്യ ബുദ്ധിമുട്ടില്ലാത്ത യാത്ര' എന്ന് എനിയ്ക്കും തോന്നാതിരുന്നില്ല. ജോലി സംബദ്ധമായ തിരക്കുകളാല്‍ എനിയ്ക്ക്‌ ലീവ്‌ എടുക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ തിരിച്ച്‌ വന്നു. ഓഫീസ്‌ അത്യാവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരെ തിരിച്ച്‌ കൊണ്ടുവരാന്‍ പോകുന്നത്‌ കാറില്‍ ആവാമെന്ന് ഞാന്‍ വിചാരിച്ചു. 'റോഡ്‌ പണിയെല്ലാം തകൃതിയായി നടക്കുന്നു' എന്ന് ഹെഡിങ്ങും സെറ്റ്‌ ചെയ്ത്‌ റോഡ്‌ പണിയുടെ ചിത്രങ്ങള്‍ സഹിതം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ഞാനതങ്ങ്‌ വിശ്വസിച്ചു.

വൈകീട്ട്‌ 4.30 ന്‌ ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ട ഞാന്‍ മണ്ണൂത്തി കഴിഞ്ഞപ്പോഴേയ്ക്കും റോഡെല്ലാം നന്നാക്കിയതിന്റെ പ്രതീക്ഷകളോടെ മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നു. യാത്ര പുരോഗമിക്കും തോറും റോഡിന്റെ കണ്ടീഷനില്‍ വല്ല്യ പുരോഗതിയൊന്നും കാണാഞ്ഞപ്പോളും ഞാന്‍ പ്രതീക്ഷ വിടാതെ പോയിക്കൊണ്ടിരുന്നു. കുതിരാന്‍ ഏരിയ ആയപ്പോഴേയ്ക്കും എനിയ്ക്ക്‌ കാര്യങ്ങളുടെ കിടപ്പ്‌ ഏകദേശം ഒരു പിടിപാടായി. ഇപ്പോള്‍ വെള്ളം കെട്ടിക്കിടക്കാത്തതിനാല്‍ കുഴികളുടെ നീളവും വീതിയും ആഴവുമെല്ലാം ഒരു വിധം ക്ലിയര്‍. അതുകൊണ്ട്‌ തന്നെ മുന്നോട്ട്‌ പോകാന്‍ ഭയങ്കര ടെന്‍ഷന്‍... കുഴി കണ്ടാല്‍ തന്നെ അത്‌ താണ്ടി അക്കരെ എത്തുക അസാദ്ധ്യമെന്ന് ഏതൊരാള്‍ക്കും വ്യക്തം. പിന്നെ, ഗതിമുട്ടുമ്പോള്‍ എല്ലാവരും ചെയ്യുന്ന പോലെ മനസ്സില്‍ ദൈവത്തെ നീട്ടി വിളിച്ച്‌ സ്ലോ മോഷനില്‍ വണ്ടി ഓരോ കുഴികളിലൂടെ കടത്തിക്കൊണ്ടിരുന്നു. ഹൃദയമിടിപ്പാണെങ്കില്‍ 'തൈ തക താളം തട്ടി..' എന്ന പാട്ട്‌ റാപ്പ്‌ മിക്സ്‌ കൂടി ചെയ്താല്‍ എങ്ങനെയിരിക്കുമോ അത്തരത്തിലുള്ള ഒരു എഫ്ഫക്റ്റ്‌...എങ്കിലും പ്രതീക്ഷ ഞാന്‍ കൈവിട്ടില്ല. 'പേപ്പറില്‍ പടം കണ്ടതല്ലേ, റോഡ്‌ കുറച്ചുദൂരം കഴിയുമ്പോഴേയ്ക്ക്‌ അടിപൊളിയായിട്ടുണ്ടാവും' എന്ന് എന്റെ മനസ്സ്‌ ഞാന്‍ നിര്‍ബദ്ധിപ്പിച്ച്‌ മന്ത്രിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ റോഡിലുള്ള ഒരു വന്‍ കിടങ്ങ്‌ ഞാന്‍ മറികടക്കാന്‍ ശ്രമിക്കവേ, കാറിന്റെ ചേസ്‌ കുഴിയുടെ ഒരു ഭാഗത്ത്‌ ഉറയ്ക്കുകയും വണ്ടി മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാത്തവിധം നില്‍ക്കുകയും ചെയ്തു. ഞാന്‍ കാറില്‍ നിന്നിറങ്ങി. പിന്നില്‍ മറ്റ്‌ വാഹനങ്ങള്‍ ബ്ലോക്ക്‌ ആയി തുടങ്ങിയപ്പോഴേയ്കും പിന്നിലുള്ള ഒരു വാഹനത്തില്‍ നിന്ന് രണ്ട്‌ പേര്‍ ഇറങ്ങി വന്ന് എന്നോടൊപ്പം കാര്‍ പൊക്കി കുഴിയില്‍ നിന്ന് മാറ്റാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ കുഴിയില്‍ വലിയ പാറക്കല്ലുകള്‍ എടുത്തിട്ട്‌, കാര്‍ അല്‍പം പൊക്കി കയറ്റി, ആ കുഴിയില്‍ നിന്ന് ഞാന്‍ കരപറ്റി.

അപ്പോഴേയ്ക്കും എന്റെ ഡ്രൈവിങ്ങില്‍ എനിയ്ക്കുണ്ടായിരുന്ന അനാവശ്യമായ ഓവര്‍ കോണ്‍ഫിഡന്‍സും അഹങ്കാരവും ആവിയായിപ്പോയി. പിന്നീടങ്ങോട്ട്‌ എനിയ്ക്ക്‌ ഭയം തുടങ്ങി. നേരത്തേ കാര്‍ കുടുങ്ങിയതും അതിലും ഭീകരവുമായ കിടങ്ങുകള്‍ ഒരു പഞ്ഞവുമില്ലാതെ വഴിനീളെ.... 'അത്‌ കഴിഞ്ഞ്‌ വാ.. ഉടനേ വേറെ തരാം ട്ടോ' എന്ന ഭാവത്തോടെ നിരന്ന് കിടക്കുന്നു...

വഴിയില്‍ വച്ച്‌ തന്നെ ഞാന്‍ ഭാര്യയെ ഫോണില്‍ വിളിച്ച്‌ തിരികെ വരുന്നത്‌ ഈ വഴി അസാദ്ധ്യമെന്ന് അറിയിച്ചു. ഒന്നുകില്‍ ട്രെയിനില്‍ തിരികെ വരണം, അല്ലെങ്കില്‍ വേറെ ഏതെങ്കിലും വഴിയിലൂടെ വരണം എന്നകാര്യം തീര്‍ച്ചയാക്കി.

റോഡിന്റെ ഘടനയില്‍ കണ്ട മറ്റൊരു വസ്തുത എന്തെന്നാല്‍ പല സ്ഥലങ്ങളിലും ചില കുഴികള്‍ പഞ്ചറൊട്ടിച്ചിട്ടുണ്ട്‌ എന്നതാണ്‌. 'ഹെയ്‌.. ദേ റോഡ്‌ പണി നടന്നിട്ടുണ്ടല്ലോ...' എന്ന് വിചാരിച്ച്‌ തുടങ്ങുമ്പോഴേയ്ക്കും ആ ചിന്തയെ ക്യാന്‍സല്‍ ചെയ്യുന്ന തരം കാഴ്ചകള്‍ മുന്നില്‍... ഈ പഞ്ചറൊട്ടിച്ചതിലും ഒരു സാമ്യവുമില്ല.... ഒരേ ഏരിയയിലെ ചില കുഴികള്‍ പഞ്ചറൊട്ടിച്ചിട്ടുണ്ടെങ്കില്‍ മറ്റ്‌ പലതും വൈരാഗ്യബുദ്ധിയോടെ ഉപേക്ഷിച്ചിട്ടുണ്ട്‌. ഇനി, കുഴിയുടെ വലുപ്പം നോക്കിയാണ്‌ പഞ്ചറൊട്ടിച്ചതെന്ന ലോജിക്ക്‌ വച്ചുനോക്കിയിട്ടും രക്ഷയില്ല... പല ഉഗ്രന്‍ കുഴികളും തൊട്ട്‌ കൂടാത്തവയായി അങ്ങനെ തന്നെ കിടപ്പുണ്ട്‌.

അങ്ങനെ ഈ യാത്രയില്‍ ഞാന്‍ റോഡിന്റെ സ്ഥിതിയുടെ ഒരു എസ്റ്റിമേറ്റ്‌ എടുത്തു.

1) വണ്ടി നിര്‍ത്തി ഫസ്റ്റ്‌ ഗിയറില്‍ പതുക്കെ പതുക്കെ ഇറക്കി കയറ്റിയാലും വണ്ടി വഴിയില്‍ കിടപ്പിലാവാന്‍ 80% സാദ്ധ്യതയുള്ള കുഴികള്‍ = 17

2) 40 കി.മീ. സ്പീഡില്‍ യാത്രചെയ്താല്‍ ഒന്ന് ചാടിപ്പോയാല്‍ വണ്ടിയുടെ ഇടപാട്‌ തീര്‍ക്കാന്‍ കഴിവുള്ള തരം വ്യാപ്തിയുള്ള ഏരിയ കുറഞ്ഞ കുഴികള്‍ = 42

3) 'ഓ.. എന്തേലുമാവട്ടെ, ചാടിയാലും കാര്യമായി കുഴപ്പമുണ്ടാകില്ല' എന്ന് ശുഭാപ്തിവിശ്വാസം തോന്നുന്ന ഇനം കുഴികള്‍ ഒരു എസ്റ്റിമേറ്റ്‌ എടുക്കാന്‍ കഴിയാത്തത്രയും.

അങ്ങനെ 7.30 ന്‌ 100 കി.മീ. യാത്ര ഞാന്‍ പൂര്‍ത്തിയാക്കി. എന്തായാലും അപ്പോഴെങ്കിലും അവിടെ എത്തിച്ചരാന്‍ സാധിച്ചതിന്‍ ഞാന്‍ ദൈവത്തോട്‌ നന്ദി പറഞ്ഞു.

ഉത്തരവാദിത്വവും കൃത്യതയുമുള്ള ഉദ്യോഗസ്ഥരെയും, മുഖ്യമന്ത്രിയെ പറ്റിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ചും, അവരാല്‍ പറ്റിക്കപ്പെടാന്‍ അവതരിച്ച മുഖ്യമന്ത്രിയും, അങ്ങേര്‍ തട്ടിവിടുന്നത്‌ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ മാധ്യമങ്ങളും, അത്‌ വായിച്ച്‌ വിശ്വസിക്കാന്‍ ശ്രമിക്കുന്ന ഞാനടക്കമുള്ള വിഡ്ഢികളായ ജനങ്ങളും എല്ലാം ഓര്‍ത്ത്‌ എനിക്ക്‌ രോമഞ്ചം വന്നു. പതുക്കെ ഒന്ന് തടവി ആ രോമാഞ്ചം ഞാനങ്ങ്‌ ഒതുക്കി.

പിറ്റേന്ന് രാവിലെ 6 മണിയോടെ പാലക്കാട്‌, ലക്കിടി, തിരുവില്ല്വാമല, പഴയന്നൂര്‍, ചേലക്കര, ത്രിശ്ശൂര്‍ വഴി ചാലക്കുടിയ്ക്ക്‌ പുറപ്പെട്ടു. വഴിയില്‍ കണ്ട ചുരുക്കം ചില ചെറിയ കുഴികള്‍ 'വെടിക്കെട്ട്‌ കാരന്‌ പൊട്ടാസ്‌ പൊട്ടുമ്പോള്‍ തോന്നുന്ന പുച്ഛം' മാത്രം തോന്നാവുന്നവ.

125 കി.മീ. ഉണ്ടെങ്കിലും ടെന്‍ഷനില്ലാതെ, ജീവഭയമില്ലാതെ, വാഹനത്തിന്റെ ആരോഗ്യഭയമില്ലാതെ 8.30 ന്‌ ചാലക്കുടി എത്തിച്ചേര്‍ന്നു.

മിക്കവാറും അടുത്ത വര്‍ഷം ഒക്ടോബര്‍ 15 ആയിരിയ്ക്കും റോഡ്‌ പണി തീര്‍ക്കാന്‍ ഉദ്ദേശിച്ച്‌ പറഞ്ഞതെന്ന് ഉദ്യോഗസ്ഥരും, മുഖ്യമന്ത്രിയും പത്രങ്ങളും ഉടനെ അറിയിയ്ക്കും എന്ന പ്രതീക്ഷയോടെ ഞാനും കാത്തിരിയ്ക്കുന്നു.

14 Comments:

At 9:11 PM, Blogger സൂര്യോദയം said...

ഒരു സാന്റ്രോ കാറുമായി പാലക്കാട്‌ വരെ ഒന്ന് പോയി വന്നതിന്റെ ആ സന്തോഷം ഒരു പോസ്റ്റാക്കിയെന്നേയുള്ളൂ.... ഇനിയും വല്ലവരും ആ വഴി പോകുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ ഒരു സഹായമായിക്കോട്ടെ...

 
At 9:46 PM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇങ്ങനെ തളരരുത് ചേട്ടാ ഒന്നൂല്ലേലും നമ്മളൊക്കെ ഈ നാട്ടുകാരല്ലേ വല്ലപ്പോഴും വന്ന് നാട്ടിലെ റോഡിനെ കുറ്റം പറയുന്നവരെപ്പോലാവാതെ :)

 
At 10:20 PM, Blogger krish | കൃഷ് said...

നടുവൊടിയാത്തത് ഭാഗ്യം. പഞ്ചര്‍ ഒട്ടിക്കല്‍ അവസാന തിയതി നീട്ടുമായിരിക്കും. ഇടക്ക് നല്ല ഒരു മഴ പെയ്താല്‍ ഈ മേക്കപ്പെല്ലാം ഇളകിപോകുമല്ലോ, അപ്പോള്‍ വീണ്ടും ഒരു ഒപ്പിക്കത്സ് പണി കണ്ട്രാവികള്‍ക്കും ഇഞ്ചി-നീയര്‍മാര്‍ക്കും ഒപ്പിക്കാമല്ലോ. ദൈവത്തിന്റെ സ്വന്തം നാട്ടിലെ വഴികള്‍ - പാതാളത്തിലേക്കോ ??

 
At 10:45 PM, Blogger സഹയാത്രികന്‍ said...

ദൈവത്തിന്റെ സ്വന്തം നാടല്ലേ... ദൈവം ഡയറക്ട് വന്ന് ശരിയാക്കാ‍ന്‍ വേണ്ടി വെയിറ്റ് ചെയ്യാവും...

:)

 
At 10:57 PM, Blogger സൂര്യോദയം said...

ചാത്താ... വല്ലപ്പോഴും വന്ന് നാട്ടിലെ റോഡിനെ കുറ്റം പറഞ്ഞതല്ലാട്ടോ... കുറേ കാലമായി സ്ഥിരം ഈ റോഡുകളിലൂടെ ആരേയും കുറ്റം പറയാതെ 'നമ്മുടെ സ്വന്തം റോഡ്‌.. അതിതൊക്കെത്തന്നെ ധാരാളം' എന്ന മനോഭാവത്തോടെ വണ്ടി ഓടിച്ചിരുന്നവന്‍ തന്നെയാണ്‌ നോം.. :-)
പക്ഷെ, ഇത്‌ ഇത്തിരി കൂടിപ്പോയി... ഈ സൈസ്‌ റോഡ്‌ ജീവിതത്തില്‍ ഒരിടത്തും കണ്ടിട്ടില്ല... വേണേല്‍ ചാത്തന്‍ ഒരു ടെസ്റ്റ്‌ ഡ്രൈവ്‌ നടത്തിനോക്ക്‌.. ജീവന്‍ ബാക്കികിട്ടിയാല്‍ കാണം... :-)

 
At 11:19 PM, Blogger കൊച്ചുത്രേസ്യ said...

എതാണ്ടിതെ പോലെ ഫ്രീയായി ഇടിച്ചുപിഴിയല്‍ നടത്തിക്കിട്ടുന്ന ഒരു റോഡിലുടെ യാത്ര ചെയ്തിങ്ങു വന്നു കേറീതേയുള്ളൂ. നമ്മടെ ബാംഗ്ലൂര്‍-ഇരിട്ടി-കൂട്ടുപുഴ-കണ്ണൂര്‍ റോഡ്‌. രാത്രി സമയം, നല്ല മഴ,പോരാത്തതിന്‌ സ്ഥലം നല്ല സ്റ്റെയിലന്‍ കാടിന്റെ നടുക്കും. എല്ലാ ബസ്സുകാരും കൂടി ഒത്തൊരുമിച്ച്‌ ഓരോ കുഴീലും കല്ലിട്ടു നിറച്ചു നിറച്ചാ ബസോടിച്ചോണ്ടിരുന്നത്‌ :-(

 
At 11:42 PM, Blogger ശ്രീ said...

'പേപ്പറില്‍ പടം കണ്ടതല്ലേ, റോഡ്‌ കുറച്ചുദൂരം കഴിയുമ്പോഴേയ്ക്ക്‌ അടിപൊളിയായിട്ടുണ്ടാവും' എന്ന് എന്റെ മനസ്സ്‌ ഞാന്‍ നിര്‍ബദ്ധിപ്പിച്ച്‌ മന്ത്രിപ്പിച്ചുകൊണ്ടിരുന്നു.

ഉം... നമ്മുടെ സ്വന്തം നാടായിപ്പോയില്ലേ? സഹിക്യാ... അല്ലാതെന്താ ചെയ്യുക.

 
At 2:16 AM, Blogger അപ്പു ആദ്യാക്ഷരി said...

ഞാനൊന്നും പറയുന്നില്ല. ഗതികേട് അല്ലാതെന്തു പറയാനാ. (മഴപെയ്യുന്ന മറ്റുരാജ്യങ്ങളിലൊന്നും റോഡില്ലേ... !! മന്ത്രിമാര്‍ പോയി പഠിക്കട്ടെ)

 
At 5:38 AM, Blogger ഉപാസന || Upasana said...

സൂര്യാ,
റോട്ടില്‍ ഒരു വാഴ വക്കൂ. ചാലക്കുടി സൌത്തിലെ നിര്‍മാണങ്ങള്‍ എവിടെ വരെയായി
:)
ഉപാസന

 
At 5:41 AM, Blogger ഉപാസന || Upasana said...

This comment has been removed by the author.

 
At 3:44 AM, Blogger സൂര്യോദയം said...

പ്രതീക്ഷ തെറ്റിയില്ല... അങ്ങനെ റോഡില്‍ നടന്ന പഞ്ചറൊട്ടിക്കല്‍ ആരൊക്കെയോ ആരെയൊക്കെയോ പറ്റിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണെന്ന് വേണം അനുമാനിയ്ക്കാന്‍... മുഖ്യമന്ത്രി ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ 'ദേ പഞ്ചറൊട്ടിച്ചിരിക്കുന്നു... പക്ഷെ മഴപെയ്തപ്പോള്‍ വീണ്ടും പോയി...' എന്ന് പറയാം...
കോടതി ചോദിച്ചാല്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാറിന്റെ വക്കീലിനും ഇത്‌ തന്നെ പറയാം....

ആര്‍ക്കൊക്കെയോ കുറേ പണം ഇതിന്റെ പേരില്‍ തട്ടി തിന്നാന്‍ സാധിച്ചു എന്നതാണ്‌ ഒരു ലാഭം... പിന്നെ, ജനങ്ങളുടെ ജീവനും വാഹനങ്ങളുടെ കേടുപാടുകള്‍ക്കും അവനവന്‍ തന്നെ സഹിക്കട്ടേ.. അല്ലാ പിന്നെ...

 
At 4:13 AM, Blogger Unknown said...

ഇതിനൊക്കെ സമാധാനം പരയേണ്ടവരെ കൊണ്ട് നമ്മള്‍ പറയിപ്പിയ്ക്കണം. അക്കൌണ്ടബിലിറ്റി ഇല്ലാത്തതാണല്ലോ പ്രശ്നം. ഇലക്ഷനില്‍ സമാധാനം എന്തായാലും പറയേണ്ടി വരും അത് കൂടാതെ ഉദ്യോഗസ്ഥരെ എങ്ങനെ അക്കൌണ്ടബിള്‍ ആക്കാം എന്നതാണ് ചോദ്യം.

പണ്ട് 2002 ഫുഡ്ബോള്‍ ലോകകപ്പ് സീസണില്‍ തുടര്‍ച്ചയായി 6 മാസത്തോളമായി കാരണമില്ലാതെ തകരാറാവുന്ന വൈദ്യുതിയും ഉത്തരം പറയാത്ത വൈദ്യുതി വകുപ്പും ഫുഡ്ബോള്‍ കളിയ്ക്കിടയില്‍ കരണ്ട് കട്ടാക്കി. ഏകദേശം 25 ഓട്ടോയില്‍ എത്തിയ പിള്ളെരെല്ലാം കൂടി മാസങ്ങളായി മറുപടി പറയാത്ത എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പല്ലും അക്കൌണ്ടബിലിറ്റിയും ഒന്നിച്ച് പുറത്ത് വരുത്തി.

പിന്നീട് ഇന്ന് വരെ ഉദ്യോഗസ്ഥര്‍ മാറിയാലും കരണ്ട് ഇല്ലെങ്കില്‍ അതിന്റെ കാരണവും റിപ്പയറിങ് സ്റ്റാറ്റസും എങ്കിലും കൃത്യമായി കിട്ടുന്നുണ്ട്. (ഇത് മാതൃകാ പരമായ കാര്യമാണെന്നല്ല. നിവര്‍ത്തികേട് കൊണ്ട് ജനം രോഡിന്റെ കാര്യത്തിലും ഇനി ചെയ്യാന്‍ പോകുന്നത് ഇനി ഇത് പോലെ വല്ലതുമാവും എന്ന് പറഞ്ഞതാണ്)

 
At 10:36 PM, Blogger Venki said...

ഇങ്ങനെയാണു നമ്മുടെ നാടിന്റെ അവസ്ത്ഥ എന്നറിഞ്ഞതില്‍ സങ്കടമുണ്ട്‌. കാര്യങ്ങള്‍ പുരോഗമിക്കുന്നതിനു പകരം മോശമാവുകാണല്ലൊ.

I also saw some comments saying people who come there once in a while complain. Friend, please remember that we are also people who have went out from here. Compalining about the situation is not necessarily bad too. When you see a system working better than your's, it is natural for us to wish things had been better.
We also have the same social and political system in place, we also pay taxes, close to 40% of our income.
All we expect it to see the results of that. I personally don't believe that "not complaining" is good. Constructive critizism can definitely lead to improvement, but the key is "constructive critizism", not the kind of thing that happen in our assembly house.

 
At 7:32 AM, Blogger ദിലീപ് വിശ്വനാഥ് said...

ദീപസ്തംഭം മഹാസ്ച്ചര്യം... നമുക്കും കിട്ടണം പണം.

 

Post a Comment

<< Home