സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, October 28, 2007

പെണ്ണുകാണല്‍ സീരീസ്‌ - 2

പെണ്ണുകാണല്‍ ചടങ്ങുകള്‍ പലതരം നിര്‍ബദ്ധങ്ങളാല്‍ സംഭവിക്കാറുണ്ട്‌. ബ്രോക്കര്‍മാരുടെ തുടര്‍ച്ചയായ അവകാശവാദങ്ങളും നിര്‍ബദ്ധങ്ങളും മൂലമോ ബന്ധുക്കള്‍ വഴിയുള്ള വിവാഹാലോചനയാണെങ്കിലോ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാം.

ഒരു പെണ്‍കുട്ടിയെ കണ്ട്‌ സംസാരിച്ചതിനുശേഷം അത്‌ വേണ്ടെന്ന് പറയാന്‍ വലിയ മനോവിഷമം ഉള്ള നല്ലൊരുവിഭാഗം ആളുകളുണ്ട്‌. ഈ വികാരത്തെ മുതലെടുക്കാന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഒരു ശ്രമം പലപ്പോഴും നടക്കാറുണ്ട്‌.

ഒരാളുടെ മനസ്സില്‍ ഭാവിവധുവിനെക്കുറിച്ചുള്ള പല കാര്യങ്ങളില്‍ ചിലത്‌ സാക്ഷാല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ ഒരു കൂടിക്കാഴ്ചയില്‍ മറ്റ്‌ പല കണ്ടീഷനുകളേയും ഒഴിവാക്കാന്‍ മനസ്സ്‌ നിര്‍ബദ്ധിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്‌. 'പെണ്‍കുട്ടിയെ കണ്ടു, സംസാരിച്ചു' എന്ന കാരണത്താല്‍ സഹതാപം തോന്നി, തനിയ്ക്ക്‌ നൂറുശതമാനവും താല്‍പര്യം തോന്നാതെ തന്നെ വിവാഹത്തിന്‌ സമ്മതിച്ചേക്കാവുന്ന മാനസികാവസ്ഥ ഉണ്ടാവാറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ വളരെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ രക്ഷകരായി അവതരിച്ചില്ലെങ്കില്‍ പല വിവാഹങ്ങളും നടന്നുപോയേക്കാം. പക്ഷെ, അതിന്റെ ഭാവി ശുഭമോ അശുഭമോ എന്ന് ഊഹിക്കുന്നത്‌ ശരിയല്ലാത്തതിനാല്‍ ഞാനും ഒരു വ്യക്തമായ അഭിപ്രായം പറയുന്നില്ല.

പലപ്പോഴും ചില കണ്ടീഷന്‍സ്‌ ശരിയാകാത്തതിനാല്‍ ചില പെണ്‍കുട്ടികളെ വിവാഹം കഴിക്കുവാന്‍ വിമുഖത കാണിക്കുമ്പോള്‍ തന്നെ 'ഇത്രയും പോലും മാച്ചിംഗ്‌ ഉള്ള വേറൊന്നും ഇനി കിട്ടില്ലേ ആവോ' എന്ന വ്യാകുലതയും പലര്‍ക്കും ഉണ്ട്‌. അത്തരം വ്യാകുലതകളെ കുറ്റം പറയാനാകില്ല. ചിലപ്പോള്‍ ഭാവിയില്‍ ഇതിലും നല്ല കേസുകള്‍ ഉണ്ടായെന്നുവരാം, അല്ലെങ്കില്‍ ഇത്രത്തോളം പോലും സംതൃപ്തകരമായ കേസുകള്‍ കിട്ടിയില്ലെന്നും വരാം.

രംഗം 2

എന്റെ ഒരു കസിനുവേണ്ടി പെണ്ണുകാണാനായി ഒരു സ്ഥലത്ത്‌ ചെന്നപ്പോള്‍ അവിടെ ഒരു ഉത്സവത്തിനുള്ള ജനമുണ്ട്‌. അവരുടെ എല്ലാ ബന്ധുജനങ്ങളും അവിടെ ഹാജര്‍. ഇത്‌ ഒരു പ്രഷര്‍ സിറ്റുവേഷനാണെന്ന് എനിയ്ക്ക്‌ അല്‍പസമയത്തിനകം മനസ്സിലായി. എല്ലാ ബന്ധുക്കളേയും പരിചയപ്പെടുത്തുന്നത്‌ കൂടാതെ ഈ കല്ല്യാണം ഉറച്ചപോലെ ഒരു മാനസികവികാരത്തോടെയുള്ള ചോദ്യങ്ങളും സംസാരങ്ങളും.

പെണ്‍കുട്ടിയെ കണ്ട്‌ കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്ക്‌ സംസാരിയ്ക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞപ്പോള്‍ അവന്‌ വല്ല്യ താല്‍പര്യമില്ല എന്ന് എനിയ്ക്ക്‌ മനസ്സിലായി. പക്ഷെ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവര്‍ നേരിട്ട്‌ സംസാരിക്കട്ടെ എന്ന് വളരെ നിര്‍ബദ്ധിച്ചു. ഒടുവില്‍ ഞാനും കൂടി നിര്‍ബദ്ധിച്ചിട്ടാണ്‌ എന്റെ കസിന്‍ ആ പെണ്‍കുട്ടിയുമായി മറ്റൊരു റൂമില്‍ പോയി സംസാരിക്കാന്‍ തയ്യാറായത്‌.

ആ സംസാരം കഴിഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങിയ ശേഷം അവന്‍ ഒരു തീരുമാനമെടുക്കാനാവാതെ വല്ലാതെ കുഴങ്ങുന്നതായി എനിയ്ക്ക്‌ ബോദ്ധ്യപ്പെട്ടു. പെണ്‍കുട്ടിയ്ക്ക്‌ ജോലിവേണമെന്നത്‌ അവന്റെ ഏറ്റവും വലിയ കണ്ടീഷനായിരുന്നു. അതിനവന്‍ പറഞ്ഞ കാരണവും വളരെ റീസണബിളായിരുന്നു. അവന്റെ മാത്രം വരുമാനം കൊണ്ട്‌ ജീവിക്കുന്ന അവന്റെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടികൂടി അവനെ മുഴുവന്‍ ആശ്രയിക്കേണ്ടിവന്നാല്‍ അതിന്റെ റിസ്ക്‌ വീണ്ടും കൂടുകയാണെന്നതായിരുന്നു അവന്റെ വാദം. അതുകൊണ്ട്‌ തന്നെ പെണ്‍കുട്ടിയ്ക്ക്‌ ഒരു ജോലിയുണ്ടെങ്കില്‍ ആ കുട്ടിയുടെ വീട്ടുകാരുടെ പല താല്‍പര്യങ്ങളും ആവശ്യങ്ങളും ആ കുട്ടിയുടെ തന്നെ പല ആവശ്യങ്ങളും അവനെ ആശ്രയിക്കാതെ തന്നെ സാധിക്കാവുന്നതാണ്‌. അവന്‌ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഒരു ടോട്ടല്‍ ഡിസാസ്റ്റര്‍ ഉണ്ടാവില്ലല്ലോ എന്ന ചിന്തയും.

ഈ പെണ്‍കുട്ടിയ്ക്ക്‌ ജോലി ലഭിക്കാനുള്ള വിദ്യാഭ്യാസമുണ്ടെങ്കിലും അത്‌ ലഭിക്കുമോ എന്നും എവിടെയായിരിയ്ക്കുമെന്നും യാതൊരു മുന്‍ വിധിയ്ക്കും സ്കോപ്പ്‌ ഇല്ലെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. എന്നിരുന്നാലും ആ പെണ്‍കുട്ടിയോട്‌ സംസാരിച്ച്‌ കഴിഞ്ഞപ്പോള്‍ അവന്‌ ഒരു തീരുമാനമെടുക്കാന്‍ വലിയ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു.

'അതൊരു നല്ല കുട്ടിയാണ്‌... ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ ആ കുട്ടിയ്ക്ക്‌ വലിയ വിഷമമായിരിയ്ക്കില്ലേ?' എന്ന ചിന്തകാരണം അവന്‍ വലിയ വിഷമത്തിലായിരുന്നു.

ഒടുവില്‍ വളരെ ആലോചിച്ച്‌ രണ്ടുകൂട്ടരുടേയും നന്മയെ കരുതി ആ ബന്ധം വേണ്ടെന്ന് തീരുമാനിക്കുകയാണുണ്ടായത്‌.

ഇത്തരം തീരുമാനമെടുക്കുമ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാവുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവര്‍ക്ക്‌ പൂര്‍ണ്ണ താല്‍പര്യം ഇല്ലാത്ത കേസുകളില്‍ ആണ്‍കുട്ടിയുടെ പ്രൊപ്പോസല്‍ വേണ്ടെന്ന് വയ്ക്കുന്നതും സാധാരണമാണ്‌. അത്തരം ഘട്ടങ്ങളില്‍ അവരും സഹതാപമനസ്ഥിതിയോടെയല്ല അതിനെ കാണുന്നത്‌, അല്ലെങ്കില്‍ അങ്ങനെയല്ല അതിനെ കാണേണ്ടത്‌. ആ പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും ഭാവിയ്ക്ക്‌ ഏതാണോ നല്ലത്‌ എന്നതിന്‌ മാത്രം മുന്‍ ഗണന നല്‍കുകയും വികാരങ്ങള്‍ക്ക്‌ പ്രാധാന്യം കുറച്ച്‌ നല്‍കുകയും മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളിലുള്ള ഏക മാര്‍ഗ്ഗം.

പക്ഷെ, യാതൊരു മനോവിഷമവുമില്ലാതെ പെണ്ണ്‌ കണ്ടതിനുശേഷം അത്‌ വേണ്ടെന്ന് പറയുന്ന ഒരുപാട്‌ പേരുമുണ്ട്‌. അവിടെ വികാരത്തിന്‌ ഒട്ടും തന്നെ സ്കോപ്പ്‌ ഇല്ലെന്ന് മാത്രമല്ല, അവരുടെ പ്രയോറിറ്റീസിന്‌ തന്നെയാണ്‌ എപ്പോഴും പരിഗണിക്കുക. 'തന്റെ ജീവിതമാണ്‌..സഹതാപത്തിന്റെ പുറത്ത്‌ ഒരു തീരുമാനമെടുക്കാനാവില്ല' എന്നതാണ്‌ ഇത്തരക്കാരുടെ ചിന്താഗതി.

ഇവിടുത്തെ ഗുണപാഠം എന്തെന്നാല്‍...
പ്രഷര്‍ സിറ്റുവേഷന്‍ ഉണ്ടായാല്‍ തന്നെയും വികാരത്തിന്‌ അടിമപ്പെടാതെ വിവേകത്തോടെ വിശകലനം ചെയ്ത്‌ മാത്രം തീരുമാനമെടുക്കുക എന്നതാണ്‌...

ഇതിനോട്‌ അനുബദ്ധമായ മറ്റൊരു കാര്യമുണ്ട്‌.....
ഒരിയ്ക്കല്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ എടുത്ത തീരുമാനം ശരിയായോ തെറ്റായോ എന്ന് ആലോചിച്ച്‌ പ്രഷര്‍ കൂട്ടാതെ അതിന്റെ പോസിറ്റീവ്‌ സൈഡ്‌ മാത്രം ആലോചിക്കുക. തീരുമാനമെടുക്കുന്നതിനുമുന്‍പ്‌ അത്തരം ചിന്തകള്‍ക്ക്‌ ധാരാളം സമയമുണ്ടല്ലോ.....

(അടുത്ത ലക്കത്തില്‍ തീരുമാനമെടുക്കുന്നതില്‍ പൊതുവേ സ്വീകാര്യമായ ഫോര്‍മുലയും പ്രായോഗിക വശങ്ങളും...)

13 Comments:

At 10:00 PM, Blogger സൂര്യോദയം said...

അനുഭവത്തില്‍ നിന്നുള്ള ചില ഗുണപാഠങ്ങള്‍... അടുത്തതില്‍ എഴുതി അവസാനിപ്പിച്ചോളാമേ... :-)

 
At 10:21 PM, Blogger കുഞ്ഞന്‍ said...

വളരെ പ്രസക്തമായ കാര്യങ്ങള്‍..

ബാച്ചികളെ നിങ്ങള്‍ ഇത് നിര്‍ബന്ധമായും വായിച്ചിരിക്കണം... എന്ന് അനുഭവസ്ഥന്‍..!

 
At 10:29 PM, Blogger R. said...

ഹാവൂ‌ ഹാന്‍ഡ്സ് ഓണ്‍ ആണല്ലേ...

ഒര് മിനിറ്റ്. ഞാനൊന്ന് നോട്ട്‌പാഡ് എടുത്തോട്ടെ. ;-)

 
At 10:53 PM, Blogger ശ്രീ said...

“ആ പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും ഭാവിയ്ക്ക്‌ ഏതാണോ നല്ലത്‌ എന്നതിന്‌ മാത്രം മുന്‍ ഗണന നല്‍കുകയും വികാരങ്ങള്‍ക്ക്‌ പ്രാധാന്യം കുറച്ച്‌ നല്‍കുകയും മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളിലുള്ള ഏക മാര്‍ഗ്ഗം.”

അതെ, അതാണ്‍ ഒരേയൊരു മാര്‍‌ഗ്ഗം.

:)

 
At 10:57 PM, Blogger Mr. K# said...

ഏയ്, എഴുതി അവസാനിപ്പിക്കല്ലേ, ഇനിയും പോരട്ടെ :-)

 
At 10:59 PM, Blogger എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

 
At 1:24 AM, Blogger G.MANU said...

relevant observation..continue pls

 
At 2:13 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ഗരുഢാക്കാര് ചേട്ടനു എത്ര കാശ് തരുന്നുണ്ട്. ഇതിവിടെ എഴുതാന്‍? :)

 
At 4:47 AM, Blogger sandoz said...

അത്‌ ശരി...ഇവിടൊരു കോച്ചിംഗ്‌ ക്യാമ്പ്‌ ഓടിക്കൊണ്ടിരിക്കുവാല്ലേ...
ഒറ്റ ബാച്ചികള്‍ ഇങ്ങോട്ട്‌ കേറരുത്‌..
ഇതിനെതിരെ ബാച്ചിക്ലബില്‍ പ്രതിഷേധ പോസ്റ്റ്‌ ഇടേണ്ടി വരൂന്നാ തോന്നണേ....
[ഞാന്‍ ചാറ്റില്‍ വരാം...ഒന്ന് സംസാരിക്കാനുണ്ട്‌...ഹേയ്‌..ഇതല്ലാ വിഷയം..]

 
At 5:47 AM, Blogger Sherlock said...

വിജ്ഞാനപ്രദം തുടരൂ...:)

 
At 8:49 AM, Blogger ദിലീപ് വിശ്വനാഥ് said...

വളരെ സത്യസന്ധമായ നിരീക്ഷണം.

 
At 9:32 AM, Blogger സഹയാത്രികന്‍ said...

മാഷേ... നല്ലത് നല്ലത്... ഓരോ ബാച്ചികളും വായിക്കണം ഇത്...
'അതൊരു നല്ല കുട്ടിയാണ്‌... ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ ആ കുട്ടിയ്ക്ക്‌ വലിയ വിഷമമായിരിയ്ക്കില്ലേ?'
ഇങ്ങനെയുള്ള ചിന്ത കാരണം താറുമാറായ ജീവിതങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്...

:)

 
At 9:12 PM, Blogger simy nazareth said...

സൂര്യോദയം - വളരെ ഉപകാരപ്രദമായ പോസ്റ്റ്. എന്നാലും ഇഷ്ടപ്പെട്ടില്ലാ എന്നുപറഞ്ഞാല്‍ പെണ്‍കുട്ടിക്ക് വേദനയാവില്ലേ? കാണാന്‍ കൊള്ളാത്തോണ്ടാണോ, എന്നെ എന്താ വേണ്ടാതെ വെച്ചത് എന്നൊക്കെ കോമ്പ്ലെക്സ് അടിക്കില്ലേ?

 

Post a Comment

<< Home