സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, October 24, 2007

പെണ്ണുകാണല്‍ സീരീസ്‌ - 1

ഫോട്ടോയും കണ്ട്‌ മറ്റ്‌ കണ്ടീഷനുകളും ബോധിച്ച ശേഷമേ പെണ്ണുകാണാന്‍ പോകൂ എന്ന് ദൃഢശപഥമെടുത്തിരുന്നാലും ചിലപ്പോള്‍ അങ്ങനെയല്ലാതെ തന്നെ പെണ്ണുകാണല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതായി വരും എന്ന് സ്വന്തം അനുഭവത്തില്‍ നിന്നും മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും തെളിയിക്കപ്പെട്ടതാകുന്നു.

സ്വന്തം ആവശ്യത്തിനു പുറമേ എന്റെ പല സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഇത്തരം പെണ്ണുകാണല്‍ ചടങ്ങുകള്‍ ധാരാളം അറ്റന്‍ഡ്‌ ചെയ്യേണ്ടിവന്നിട്ടുള്ളതിനാല്‍ അതില്‍നിന്നെല്ലാം ഉള്‍ക്കൊണ്ട ചില പാഠങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

പലപ്പോഴും ഫോട്ടോ മാത്രം കണ്ട്‌ പെണ്‍കുട്ടിയുടെ (ആണ്‍കുട്ടിയുടേയും) ഭംഗി നിശ്ചയിക്കാനാവില്ലെന്നതാണ്‌ സത്യം. ഫോട്ടോയില്‍ വന്‍ ഗ്ലാമര്‍ തോന്നുമെങ്കിലും ആ എഫ്ഫ്കറ്റ്‌ ശരിയായ രൂപത്തില്‍ ഉണ്ടാവില്ലെന്നുള്ളതിന്‌ ഞാന്‍ തന്നെ ഉത്തമ ഉദാഹരണം. (ഫോട്ടോഗ്രാഫേര്‍സിന്റെ ഒരു കഴിവേ... സമ്മതിക്കണം).

അതുപോലെ, ഫോട്ടോയില്‍ വല്ല്യ ഭംഗി തോന്നിയില്ലെങ്കിലും നേരിട്ട്‌ കണ്ട്‌ ഒന്ന് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ ആ സൗന്ദര്യത്തില്‍ ഒരു ആകര്‍ഷണീയത തോന്നാം. ഇങ്ങനെയൊക്കെയാണെങ്കിലും ഫോട്ടോയും ഒറിജിനല്‍ രൂപവും തമ്മില്‍ അങ്ങനെ എലി-പുലി വ്യത്യാസമൊന്നുമുണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട്‌ തന്നെ ഫോട്ടോ കണ്ടിട്ട്‌ 'ഏകദേശം കൊള്ളം' എന്നൊരു അഭിപ്രായം വന്നാല്‍ നേരിട്ട്‌ കാണാന്‍ തീരുമാനിക്കുന്നത്‌ തന്നെയാവും നല്ലത്‌.

ഇനി പെണ്‍കുട്ടിയെ കണ്ടിട്ട്‌ ഇഷ്ടപ്പെട്ടില്ല എന്ന് എങ്ങനെ അറിയിയ്ക്കും എന്ന് വൈക്ലബ്യപ്പെടുന്നവര്‍ നിരവധിയാണ്‌. ഈ വൈക്ലബ്യം മുതലെടുക്കുന്ന 'ഇടനിലക്കാരും', 'വീട്ടുകാരും' വളരെ നിര്‍ണ്ണായകമാണ്‌. ഇത്തരം സ്വാധീനങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതും വളരെ അത്യാവശ്യം വേണ്ട ഒരു കഴിവാണ്‌.

രംഗം 1

ഫോട്ടോ കണ്ടിട്ട്‌ തന്നെ ആകാരത്തിന്റെ കാര്യത്തിലെ 'വല്ല്യ ചേര്‍ച്ച പോരാ' എന്ന അഭിപ്രായമുണ്ടായിട്ടും പെണ്‍കുട്ടി പ്ലസ്‌ ടുവിനുവേണ്ട അദ്ധ്യാപികാ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുണ്ടെന്ന കാരണത്താല്‍ (എന്റെ അമ്മ ഒരു അദ്ധ്യാപികയാണ്‌ എന്നതു തന്നെ കാരണം) ഈ പെണ്‍കുട്ടിയെ കാണണം എന്നും കണ്ടാല്‍ ഇഷ്ടപ്പെടുമെന്നും മാതാശ്രീ ഉറപ്പ്‌ പറയുകയും ചെയ്തു. ഈ ഉറപ്പിനുള്ള മറ്റൊരു കാരണം അമ്മയുടെ സ്കൂളില്‍ ഒരു ടെമ്പററി പോസ്റ്റിന്‌ ഈ പെണ്‍കുട്ടിയെ അമ്മ വിളിച്ച്‌ വരുത്തുകയും അങ്ങനെ കാണാനും സംസാരിയ്ക്കാനും സാധിക്കുകയും ചെയ്തു എന്നതും കൂടിയാണ്‌.

അമ്മയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ 200 കി.മീ. സഞ്ചരിച്ച്‌ ആ പെണ്ണുകാണല്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഈ ലോങ്ങ്‌ ഡ്രൈവിന്‌ ഞാനെന്റെ അടുത്ത സുഹൃത്തിന്റെ കൂടെ കൂട്ടുകയും ചെയ്തു. (അവന്റെ അഭിപ്രായം കൂടി അറിയാമല്ലോ എന്നതായിരുന്നു അമ്മയുടെ അജണ്ട.)

അങ്ങനെ പെണ്ണുകാണല്‍ ചടങ്ങിനായി (ചോദിച്ച്‌ ചോദിച്ച്‌ പോയി..) പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അവിടെ ചായയും അനുബന്ധനടപടികള്‍ക്കുമായി വെയ്റ്റ്‌ ചെയ്ത്‌ ഇരിപ്പായി.

പെണ്‍കുട്ടിയുടെ ചേച്ചിയുടെ കുട്ടിയെ അവിടെ കാണുകയും സ്വാഭാവികമായും ആ കുട്ടിയോട്‌ കുശലാന്വേഷണത്തിന്‌ ശ്രമിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ചേച്ചിയുടെ ഭര്‍ത്താവിന്റെ ജോലിയും മറ്റും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.

ഞാനും എന്റെ സുഹൃത്തും ആ ഉള്‍പ്രദേശത്ത്‌ എത്തിപ്പെട്ടാലുള്ള ദുരവസ്ഥയെക്കുറിച്ചും മറ്റും കൂലം കഷമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി വന്ന് ചായയും മറ്റ്‌ ടച്ചിങ്ങ്സും ഞങ്ങളുടെ മുന്‍പില്‍ കൊണ്ടുവച്ചു. ശരീരപ്രകൃതിയും മുഖത്തെ പ്രായവും വച്ച്‌ നോക്കി കോമണ്‍ സെന്‍സുകൊണ്ട്‌ അത്‌ പെണ്‍ കുട്ടിയുടെ ചേച്ചിയാണെന്ന് എനിയ്ക്കും എന്റെ സുഹൃത്തിനും ബോദ്ധ്യപ്പെട്ടു.

"നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ... ഇവരല്ലേ കാണാത്തത്‌.."
പെണ്‍കുട്ടിയെ നോക്കി അമ്മ പറഞ്ഞു.

അത്‌ കേട്ട്‌ ഞാനും എന്റെ സുഹൃത്തും പരസ്പരം ഒന്ന് നോക്കി.
'ഓഹോ.. കുട്ടിയുടെ ചേച്ചിയേയും അമ്മ കണ്ടോ.. അതെപ്പോ??' എന്ന് ഞങ്ങള്‍ മനസ്സില്‍ പരസ്പരം ചോദിച്ചു.

അല്‍പം വര്‍ത്തമാനത്തിനുശേഷം ആ പെണ്‍കുട്ടി അകത്തേയ്ക്ക്‌ പോയതും ഞാന്‍ അമ്മയോട്‌ രഹസ്യമായി ചോദിച്ചു..

"അമ്മ ഈ കുട്ടിയെ എങ്ങനെ കണ്ടു?.. അതൊക്കെ പോട്ടെ, എവിടെ നമ്മള്‍ കാണാന്‍ വന്ന പെണ്‍കുട്ടി...???"

അമ്മയുടെ മുഖത്ത്‌ ഒരു തരം' മന്ദാക്രാന്താ മഭനതജകം നാലുമാറേഴുമായ്കം' എന്ന ഒരു വികാരം (അതായത്‌ ഒന്നും മനസ്സിലാവാത്ത ഒരു വികാരം എന്നേ ഉദ്ദേശിച്ചുള്ളൂ).

"എടാ.. ഇതാടാ ആ പെണ്‍ കുട്ടി..." അമ്മ അല്‍പം ജാള്യതയോടെ പറഞ്ഞു.

'അപ്പോള്‍ ചേച്ചിയെവിടേ??' എന്ന് ചോദിക്കണമെന്നുണ്ടായെങ്കിലും അത്‌ ഞാനങ്ങ്‌ വിഴുങ്ങി.

ഞാന്‍ എന്റെ സുഹൃത്തിനെ ഒന്ന് ദയനീയമായി നോക്കി. അപ്പോഴേയ്കും അവന്‍ എന്റെ മുഖഭാവം മനസ്സിലാക്കിക്കഴിയുകയും എന്റെ അതേ ഭാവം അവന്റെ മുഖത്തും പ്രകടമാവുകയും ചെയ്തു.

"എന്നാ നമുക്ക്‌ വിടാം ല്ലേ..." അവന്‍ ചോദിച്ചു.

"പിന്നേ.. എപ്പോഴേ വിടാം..." ഞാന്‍ പറഞ്ഞു.

പെണ്‍കുട്ടിയോടും വീട്ടുകാരോടും അമ്മ വലിയ പ്രതീക്ഷയോടെ യാത്രപറഞ്ഞ്‌ ഇറങ്ങി.

കാറില്‍ കയറിക്കിട്ടിയതും അമ്മയ്ക്ക്‌ ഞങ്ങളുടെ വക അഭിനന്ദനപ്രവാഹമായിരുന്നു.

"അമ്മ എനിയ്ക്ക്‌ കല്ല്യാണം കഴിയ്ക്കാന്‍ ഒരു പെണ്‍ കുട്ടിയേയാണോ അതോ ഒരു അമ്മായിയെയാണോ അന്വേഷിക്കുന്നത്‌?"

"അതെന്താ... ആ കുട്ടിയ്ക്ക്‌ ഒരു ഇത്തിരി വണ്ണം കൂടുതല്‍ ഉണ്ടെന്നല്ലേയുള്ളൂ..." അമ്മയുടെ വക ഒരു ജസ്റ്റിഫിക്കേഷന്‍ ശ്രമം.

ആ ശ്രമം പൂര്‍ത്തിയാവുന്നതിനുമുന്‍പ്‌ എന്റെ സുഹൃത്തിന്റെ വക ചോദ്യം..

"അല്ലാ.. കണ്ടാല്‍ അമ്മയുടെ പ്രായമൊന്നും തോന്നില്ലാട്ടോ..."

"ഹെയ്‌... അത്ര പ്രായമൊന്നുമില്ലാ.. അത്‌ ആ കുട്ടി സാരി ഉടുക്കാതെ നിന്നതിനാല്‍ തോന്നിയതാ.."

"എന്ത്‌ സാരിയുടുക്കാതെയോ?"

"അല്ല, ആ ചുരിദാര്‍ ഇട്ട്‌ നിന്നതിനാല്‍ പ്രായം തോന്നിയതാന്നേ.. സാരിയായിരുന്നെങ്കില്‍ ഇത്ര തോന്നുകില്ലായിരുന്നു..." അമ്മ വീണ്ടും ശ്രമം തുടങ്ങി.

"അല്ലമ്മേ.. ചിലര്‍ പറയും സാരി ഉടുത്താലാ പ്രായം കൂടുതല്‍ തോന്നുക എന്ന്.. അമ്മ പറയുന്നത്‌ തിരിച്ചും..." ഞങ്ങളും വിടാനുള്ള ഭാവമില്ല.

"നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ടാ.. ഇനി അതും പറഞ്ഞ്‌ കളിയാക്കാന്‍ നില്‍ക്കേണ്ടാ.." അമ്മയ്ക്ക്‌ കുറേശ്ശേ ദേഷ്യം വന്ന് തുടങ്ങി.

"ങാ.. അപ്പോ അതാ നല്ലത്‌... അല്ലാ ഇനി അമ്മയ്ക്ക്‌ ആ കുട്ടിയെ അത്രയ്ക്കങ്ങ്‌ ബോധിച്ചുവെങ്കില്‍ മകളായി ദത്തെടുക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്ന് അന്വേഷിയ്ക്കൂ.." എന്റെ വക ഒരു ചെറിയ ഉപദേശം കൂടിയായതോടെ ഇനി ഈ മേഖലയില്‍ വര്‍ത്തമാനം പറഞ്ഞിട്ട്‌ വല്ല്യ കാര്യമില്ലെന്ന് അമ്മയ്ക്ക്‌ മനസ്സിലായി.

ഈ സംഭവത്തിനുശേഷവും ആ പെണ്‍കുട്ടിയ്ക്ക്‌ ഒന്ന് രണ്ട്‌ തൊഴിലവസരങ്ങള്‍ അമ്മ ചൂണ്ടിക്കാണിച്ചുകൊടുക്കയും ഒന്നോ രണ്ടോ പ്രൊപ്പോസല്‍സ്‌ അയച്ചുകൊടുക്കുകയും ചെയ്തു എന്നത്‌ ഞങ്ങളുടെ വീട്ടില്‍ പരസ്യമായ രഹസ്യം.

(മറ്റുള്ളവര്‍ക്ക്‌ വേണ്ടി കൂടെ പോയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളും പാഠങ്ങളും അടുത്ത ലക്കത്തില്‍ ബാച്ചികള്‍ക്കായി സമര്‍പ്പിക്കുന്നതാണ്‌..)

16 Comments:

At 8:21 PM, Blogger സൂര്യോദയം said...

ചില പെണ്ണുകാണല്‍ അനുഭവങ്ങള്‍ കൂടി... ഇതിന്റെ തുടര്‍ച്ചയായി ബാച്ചികള്‍ക്ക്‌ ഒരു റഫറന്‍സ്‌ ഗൈഡ്‌ ആയി ഉപയോഗിക്കാവുന്ന ചില സംഭവങ്ങളും പ്രദിപാദിക്കണമെന്നുണ്ട്‌...

 
At 9:55 PM, Blogger ശ്രീ said...

അതു കൊള്ളാം.... അമ്മയുടെ നല്ല മനസ്സു തന്നെ.
:)

 
At 9:58 PM, Blogger Mr. K# said...

എന്തൊക്കെയായിരുന്നു സൂര്യോദയത്തിന്റെ ഡിമാന്റുകള്‍, ഒരു രണ്ടുമൂന്നു പെണ്ണുകാണല്‍ കഴിഞ്ഞപ്പോള്‍ എന്തൊക്കെ വെട്ടിക്കുറച്ചു? എല്ലാം വിശദമായി പോരട്ടെ :-)

 
At 10:14 PM, Blogger R. said...

ഓഹോ... അപ്പോ സാത്താന്റെ പ്രലോഭനമാണല്ലേ... ഇതിനു പിറകില്‍ വിവാഹിത ക്ലബിന്റെ ഹിഡന്‍ അജന്‍ഡയുണ്ടൊ...?

ശ്രീജിയേ, ദില്‍ബാ, പച്ചാളം, ഡിങ്കാ... ഓടിവായോ...
[നല്ലോരു ചാന്‍സ് മിസ്സാക്കല്ലേ... ;-)]

 
At 11:10 PM, Blogger സഹയാത്രികന്‍ said...

സീരീസ്സ് ഇനിയും പോന്നോട്ടേ...

:)

സൂര്യോദയം ചേട്ടോ... ബാച്ചികള്‍ ഇപ്പൊ വരും... എസ്കേപ്...
:)

 
At 11:28 PM, Blogger sreeni sreedharan said...

പെണ്ണ് കണ്ടിട്ടല്ല്ലേ ഉള്ളൂ, കെട്ടീട്ടില്ലല്ലൊ അല്ലെ?
അതോ കെട്ടിയോ?
അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു ;)

 
At 12:45 AM, Blogger വാളൂരാന്‍ said...

ഹേ സൂര്യാ.... ഇതുകൊള്ളാം കെട്ടോ....

 
At 1:31 AM, Blogger Unknown said...

സൂര്യോദയം ചേട്ടാ,
വളരെ ഡീറ്റെയില്‍ഡായി. സ്റ്റെപ്പ് ബൈ സ്റ്റെപ്പായി വിവരിക്കൂ.
അദ്ധ്യായം 1- പെണ്ണ് കാണലിലെ കാണാക്കുഴികള്‍
അദ്ധ്യായം 2- ലഡുവും ചായയും തരുമ്പോള്‍ ശ്രദ്ധിയ്കേണ്ട കാര്യങ്ങള്‍
അങ്ങനെ അങ്ങനെ... ഒരു സ്റ്റഡി ഗൈഡായി ഉപയോഗിയ്ക്കാനാ.

ഓടോ: ബേസിക്കലി ഇതൊക്കെ ബാച്ചി ക്ലബ്ബിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരാണെങ്കിലും എന്തായാലും വണ്ടി ഇടിച്ച് മരിക്കുമെങ്കില്‍ പെട്ടിഓട്ടോ തട്ടുന്നതിലും അന്തസാണല്ലോ ഫെറാറി തട്ടുന്നത് എന്ന് കരുതിയാ.

 
At 2:24 AM, Blogger വിനയന്‍ said...

പെണ്ണുകാണല്‍ വിവരണം നന്നായി

എനിക്കേതായാലും ഒരു പെണ്ണുകാണലിന് സ്കോപ്പുണ്ടയില്ല. കഷ്ടം

 
At 3:19 AM, Blogger krish | കൃഷ് said...

സൂര്യോദയം, ഒത്തിരി പെണ്ണുകാണല്‍ അനുഭവം ഉണ്ടായിരിക്കുമെന്ന് കരുതുന്നു. ആ അനുഭവങ്ങള്‍, ടിപ്സ് & ട്രിക്സ് (ബാച്ചികളെ പ്രലോഭിപ്പിക്കാനായിട്ടെങ്കിലും) ഓരോന്നായി പോരട്ടെ.

 
At 3:28 AM, Blogger സു | Su said...

:)

 
At 8:20 AM, Blogger ദിലീപ് വിശ്വനാഥ് said...

ബാച്ചികളെ ഇതിലെ... വായിക്കൂ, പഠിക്കൂ, വിജ്ഞാനമുള്ളവരാവൂ.
വേറൊന്നും പറയാനില്ല.

 
At 8:37 AM, Blogger ഉപാസന || Upasana said...

കലക്കന്‍ സാര്‍
:)
ഉപാസന

 
At 10:38 AM, Blogger Sherlock said...

ബാക്കി അനുഭവങ്ങള്‍ക്കായി “ഗാത്തിരിക്കുന്നു“ :)

 
At 11:44 AM, Blogger മെലോഡിയസ് said...

ഓരോന്ന് ഓരോന്നായി പോരട്ടെ..ഇതൊക്കെ അടുത്ത് തന്നെ ആവശ്യം വരും..

ബാച്ചി മെമ്പേഴ്സ് ഇത് കണ്ടില്ലാല്ലേ..( കണ്ടാലും രക്ഷ ഇല്ല..ഞാന്‍ ഓടി)

 
At 2:27 PM, Blogger Jayakeralam said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

 

Post a Comment

<< Home