മിസ്സായിപ്പോയ ജീപ്പ് സവാരി
ഒരു ഞായറാഴ്ച ഉച്ചയ്ക്ക് മുന്‍പുള്ള സമയം... പുറത്തെവിടെയോ പോയ ശേഷം തിരികേ വീട്ടിലേയ്ക്ക് കാറില്‍ മടങ്ങുന്നു... ആശുപത്രിക്കവലയെത്തിയപ്പോള്‍ അവിടുത്തെ ലോഡിംഗ് തൊഴിലാളികളുടെ വെയിറ്റിംഗ് ഷെഡില്‍ എന്റെ സുഹൃത്ത് വിനു ഇരിക്കുന്നു.
വിനു.... ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒരേ ക്ലാസ്സില്‍ എന്റെ ഒപ്പം പഠിക്കാന്‍ ഭാഗ്യം ലഭിച്ചവന്‍... വളരെ ഒതുങ്ങിയ പ്രകൃതക്കാരനായ വിനു പത്താം ക്ലാസ്സ് കഴിഞ്ഞ് പനമ്പിള്ളി കോളേജില്‍ ചേര്‍ന്നതിനുശേഷം വല്ല്യ 'കിടു'വായിത്തീര്‍ന്നു. അതായത്, അത്യാവശ്യം തല്ല് കേസുകളിലെല്ലാം അലമ്പുകളിലും മറ്റും വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കിപ്പോന്നിരുന്നു എന്നര്‍ത്ഥം... വെറും അഞ്ച് അടി പൊക്കമുള്ള ഈ പാവത്താന്‍ എങ്ങനെ നല്ല ചങ്കൂറ്റത്തോടെ പല സംഘര്‍ഷങ്ങളിലും തിളങ്ങി നിന്നു എന്ന് ഇന്നും എനിയ്ക്ക് അവിശ്വസനീയം...
പുള്ളി കോളേജില്‍ നിന്ന് തുടങ്ങിയതാണ് മദ്യലോബിയുമായുള്ള കൂട്ടുകെട്ട്... (അതായത്, മദ്യം സ്ഥിരമായോ അവസരം കിട്ടുമ്പോഴൊക്കെയോ സേവിക്കുന്നവരുടെ ലോബി....)
വിനു പങ്കെടുത്ത അത്ര മദ്യവര്‍ജ്ജന ചികില്‍സ കിട്ടിയ ഒരാള്‍ ഉണ്ടാകുക വല്ല്യ ബുദ്ധിമുട്ടാണ്.. (ഗിന്നസ് ബുക്കില്‍ ഒന്ന് ട്രൈ ചെയ്യാവുന്നതേയുള്ളൂ). പലവട്ടം വീട്ടുകാരും നാട്ടുകാരും ഇത്തരം ചികില്‍സകള്‍ നടത്തി ഡീസന്റ് ആക്കിയെടുക്കന്‍ ശ്രമിച്ചെങ്കിലും ഓരോ ചികില്‍സകഴിഞ്ഞ് അധികം കാലമാകുന്നതിനുമുന്‍പ് തന്നെ പുള്ളിക്കാരന് മദ്യത്തോടുള്ള അലര്‍ജി മാറും....
ഈ പറഞ്ഞതെല്ലാം പഴങ്കഥ...
ഇപ്പോ പുള്ളിക്കാരന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ('സ്ഥലം കച്ചോടം ബ്രോക്കര്‍' എന്ന് അസൂയക്കാര്‍ പറയും). കുറച്ച് നാള്‍ മുന്‍പ് സ്വയം മദ്യവര്‍ജ്ജനം വേണമെന്ന് തോന്നുകയും വീട്ടുകാരോട് തന്നെ അത്തരം ഒരു ചികില്‍സയ്ക്ക് കൊണ്ട് ചെന്നാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് തിരിച്ചെത്തിയിരിക്കുന്നു.
വിനു ലോഡിംഗ് വെയിറ്റിംഗ് ഷെഡില്‍ ഇരിക്കുന്ന കണ്ട് ഞാന്‍ കാര്‍ ഒതുക്കി നിര്‍ത്തി. എന്നിട്ട് ഇറങ്ങി ചെന്ന് വെയിറ്റിംഗ് ഷെഡില്‍ ഞാന്‍ വിനുവിന്റെ അടുത്ത് ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ കുശലാന്വേഷങ്ങള്‍ തുടങ്ങി.
"ട്രീറ്റ് മെന്റ് കഴിഞ്ഞ് എന്ന് തിരിച്ചെത്തി??" ഞാന്‍ ചോദിച്ചു.
"രണ്ടാഴ്ചയായി..."
"എന്തേ അങ്ങനെ സ്വയം തോന്നാന്‍ കാരണം?" ഞാന്‍ എന്റെ ആകാംക്ഷ മറച്ചുവച്ചില്ല.
"ഫിറ്റ് ആയി ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ വഴിയേ പോകുന്ന പലരോടും എന്തൊക്കെയോ പറയുന്നു അത്രേ???"
"എന്ന് വച്ചാല്‍???? "
"ഈയടുത്ത് ഒരു വനിതാപോലീസ് എന്നെ വഴിയില്‍ വച്ച് കണ്ടപ്പോള്‍ ഒന്ന് വിരട്ടി..."
"എന്തിനാ വിരട്ടിയേ... "
"ഓട്ടോയില്‍ പോകുമ്പോള്‍ വനിതാപോലീസിനെപ്പോലും വെറുതേ വിടില്ലാ അല്ലേടാ.... എന്ന് ചോദിച്ചു"
"ഓഹോ.. നീ ആള് മോശമില്ലല്ലോ..." ഞാന്‍ പറഞ്ഞു.
"അതിന് ആരോട് എന്താ പറയുന്നേ എന്ന് വല്ല ബോധോം ഉണ്ടെങ്കിലല്ലേ... ഞാന്‍ അവരോട് എന്തേലും നെറികേട് വിളിച്ച് പറഞ്ഞുകാണും... എന്തിനാ വെറുതേ വെളിവില്ലാത്തപ്പോ പറഞ്ഞതിന് വെളിവുള്ളപ്പോ ഇടികൊള്ളുന്നേ.. അതോണ്ടാ ഇങ്ങനെ ഒരു തീരുമാനം എടുത്തേ..." വിനു വിശദീകരിച്ചു.
"അതെന്തായാലും നന്നായി.... " ഇതും പറഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ ആ വെയിറ്റിംഗ് ഷെഡിന്റെ അങ്ങേ മൂലയില്‍ മൂന്നുപേര്‍ ഒരു ഫുള്‍ ബോട്ടില്‍ മദ്യവുമായി സല്ലപിക്കുന്നു.
"ഓഹോ.. ഇങ്ങനെ ഒരു പരിപാടി ഇവിടെ നടക്കുന്നുണ്ടായിരുന്നോ?" ഞാന്‍ വിനുവിനോട് ചോദിച്ചു.
"ഹോ... ഇതെങ്ങനെ കുടിക്കുന്നു ഇവര്‍??? വെറുതേ ഒരു കാര്യോം ഇല്ലാതെ വലിച്ച് കേറ്റുക തന്നെ..." വിനു അല്‍പം നീരസത്തോടെ പറഞ്ഞു.
ഇത് കേട്ട് അതില്‍ ഒരാള്‍ "ഹേയ്... ഇത് സ്ഥിരം പരിപാടിയൊന്നുമല്ലാ... ഇന്ന് ആ ഗള്‍ഫില്‍ നിന്ന് വന്ന ലവന്‍ ഒരു ഫുള്ള് തന്നതാ... അല്ലാതെ വേറൊന്നുമല്ല...."
"ഉവ്വ് ഉവ്വ്... ഇപ്പോ ഇതില്ലാതെ പറ്റില്ലാല്ലേ..." വിനു ചോദിച്ചു.
ഞങ്ങള്‍ ഭൂമിവിലയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടവും അതുമൂലം കാശുണ്ടാക്കിയ ആളുകളെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രണ്ട് ബൈക്ക് ഈ ഷെഡിന്റെ അരികിലേയ്ക്ക് വരികയും മിന്‍പില്‍ തന്നെ പാര്‍ക്ക് ചെയ്യുകയും ചെയ്തു.
ബൈക്കില്‍ വന്നവരുടെ മട്ടും മുഖ ഭാവവും ശ്രദ്ധിച്ചപ്പോള്‍ ഒരു കലിപ്പ് ലക്ഷണം... ഞാന്‍ അരയ്ക്ക് താഴെയ്ക്ക് നോക്കി എത്തിയപ്പോഴെയ്ക്ക് ഒരു ചെറിയ പിടിപാടായി. കാക്കി പാന്റ്സ്, ഷൂസ്.... 'ദൈവമേ.. പോലീസാന്നാ തോന്നുന്നേ..' എന്ന് മനസ്സില്‍ കരുതി തീരുമ്പോഴേയ്ക്കും അവര്‍ മദ്യപന്മാരുടെ സൈഡില്‍ ഒതുങ്ങി ഇരുന്ന് പീഡനമേല്‍ക്കുന്ന മദ്യക്കുപ്പി കയ്യിലെടുത്തു.
"എന്താടാ ഇവിടെ പരിപാടി.... ഇങ്ങോട്ട് നീങ്ങി നില്ലെടാ..." ഒരു പോലീസുകാരന്‍ പറഞ്ഞു.
മദ്യപസംഘത്തിലെ മൂന്നുപേരും വിനയാന്വിതരായി എഴുന്നേറ്റു...
"സാറേ.. ഇതൊരാള്‍ സമ്മാനമായി തന്നതാ... "
"ങാ... അതൊക്കെ സ്റ്റേഷനില്‍ ചെന്നിട്ട് പറയാം.. "
അവിടെ നിന്ന് സ്കൂട്ട് ആവണോ അതോ സ്കൂട്ട് അവണോ എന്ന് മാത്രം ആലോചിച്ച് തലപുകഞ്ഞുകൊണ്ടിരുന്ന എന്നെയും വിനുവിനേയും നോക്കി അതിലൊരു പോലീസുകാരന്റെ ചോദ്യം..
"നിങ്ങള്‍ ഇതിലുള്ളതാണോ??"
"ഹേയ്...... " രണ്ടുപേരുടേയും ഉത്തരം ഫുള്‍ എഫ്ഫക്റ്റില്‍..
'എന്തൊരു ടൈമിംഗ്' എന്ന് ഞങ്ങളെപ്പോലെ തന്നെ ആ പോലീസുകാരനും തോന്നിക്കാണും.
ഭാഗ്യത്തിന് ഞങ്ങള്‍ രണ്ടുപേരുടേയും വസ്ത്രധാരണത്തില്‍ തന്നെ ഒരു ഡീസന്‍സി തോന്നിയതിനാല്‍ വല്ല്യ സംശയം അങ്ങേര്‍ക്കും തോന്നിയില്ല. ഞങ്ങള്‍ രണ്ടും വേഗം റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്ത് കാണികളുടെ പട്ടികയില്‍ സ്ഥലം പിടിച്ചു.
അപ്പോഴേയ്ക്കും ഒരു പോലീസുകാരന്‍ ചെന്ന് ഒരു ഓട്ടോ വിളിച്ച് കൊണ്ടുവന്നു. മൂന്നുപേരോടും കയറാന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്ക് വല്ല്യ വിഷമം..
"ഞാനൊന്നൂല്ല്യാ.... ഞാന്‍ കുടിച്ചിട്ടില്ല്യാ...."
"അതൊക്കെ അവിടെ ചെന്നിട്ട് തീരുമാനിക്കാം.. നീ കയറെടാ.." എന്നും പറഞ്ഞ് ഓട്ടോയിലേയ്ക്ക് ഉന്തിക്കയറ്റി.
ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അതിന്റെ ആക്സിലറേറ്റര്‍ കേബില്‍ സ്റ്റക്ക് ആയ പോലെ ഫുള്‍ റൈസിങ്ങിന്‍ നില്‍ക്കുന്നതല്ലാതെ വണ്ടി അനങ്ങുന്നില്ല.... ഓട്ടോക്കാരനും ആ നാട്ടുകരന്‍ ആയതിനാല്‍ പരിചയക്കാരെ രക്ഷിക്കാന്‍ അഭ്യാസമെടുക്കുന്നതാണോ എന്ന് ആര്‍ക്കും തോന്നിപ്പോകും....
ആ ഏരിയമുഴുവന്‍ പുകയും ശബ്ദവും കൊണ്ട് മലിനമായിത്തീര്‍ന്നപ്പോഴെയ്ക്കും അതാ പോലീസ് ജീപ്പ് എത്തി. പിന്നെ, സബ് ഇന്‍സ്പെക്ടര്‍ ഇറങ്ങിവന്ന് 'ഇങ്ങോട്ട് കയറെടാ...' എന്ന് പറഞ്ഞപ്പോഴേയ്ക്കും അവിടെ നടന്നത് കണ്ടപ്പോള്‍ ടൂര്‍ പോകാന്‍ വണ്ടി വന്ന് നില്‍ക്കുമ്പോള്‍ കുട്ടികള്‍ ആക്രാന്തത്തോടെ ഓടിക്കയറുന്ന സീന്‍ ഓര്‍മ്മവന്നു.
ജീപ്പ് പോയിക്കഴിഞ്ഞപ്പോഴെയ്ക്കും ഞങ്ങളുടെ ഒരു വക്കീല്‍ സുഹൃത്ത് കൃത്യമായി അവിടെ ലാന്‍ഡ് ചെയ്തു. ഉടനെ തന്നെ ജാമ്യമെടുക്കാനുള്ള ഡ്യൂട്ടി പതിച്ച് കൊടുക്കുകയും ചെയ്തു.
അപ്പോഴാണ് ജാമ്യമെടുക്കാന്‍ രണ്ടുപേര്‍ വേണം എന്ന അന്വേഷണം നടക്കുന്നത്... വെറും രണ്ടുപേര്‍ പോരാ.... മദ്യസേവനടത്താത്ത ആരെങ്കിലും വേണം അത്രേ....
ഇനിയും അവിടെ നിന്നാല്‍ മിസ്സ് ആയപ്പോയ ജീപ്പ് സവാരി കൊണ്ടുണ്ടായ നഷ്ടം സ്റ്റേഷനില്‍ ചെന്ന് നികത്തികിട്ടുമോ എന്ന ചിന്ത ഉടലെടുക്കുകയും ഞാന്‍ സ്ഥലം കാലിയാക്കുകയും ചെയ്തു.
അടുത്ത ആഴ്ച...... ഏകദേശം അതേ സമയം.... ഞാന്‍ കാറുമായി ആ വഴി പോരുമ്പോള്‍ വിനു ആ വെയിറ്റിംഗ് ഷെഡില്‍ ഇരിപ്പുണ്ട്....
എന്നെ കണ്ടതും വിനുവിന്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം...
"ടൈം അഡ്ജസ്റ്റ് ചെയ്ത് വന്നതാണോ?? കയറുന്നില്ലേ???? വാ... ഇത്തിരി ഇരുന്നിട്ട് പോകാം..."
ഞാന്‍ കാറിന്റെ ആക്സിലറേറ്ററില്‍ ആഞ്ഞ് ചവിട്ടി...
10 Comments:
ഈയടുത്ത് എനിയ്ക്ക് മിസ്സായിപ്പോയി ഒരു പോലീസ് ജീപ്പ് സവാരി....
ഹഹ..
ഇതാണു പറയുന്നത് ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും...
ഹ ഹ...അപ്പോ അത് മിസ്സായതു ഭാഗ്യമായി.
:)
സൂര്ര്യോദയം ചേട്ടാ ഒന്നല്ലേ മിസ്സായുള്ളൂ
വേണോന്നുവച്ചാ ഇനിയും ഒപ്പിക്കാല്ലൊ ഇതിനൊന്നും ഇത്ര വിഷമിക്കല്ലേ:)
ഓടോ: സംഭവം നന്നായി എഴുതിയിരിക്കുന്നു!
ഉം കൊള്ളാം ആഗ്രഹം.
ആ മിസ്സാവല്‍ ഒരു മിസ്സല്ലാതാവലിനു തേങ്ങയുടക്കണോ?
-സുല്‍
നന്നായിട്ടുണ്ട് സൂര്യോദയം
:)
ഉപാസന
സൂര്യോദയം,
നന്നായിരിയ്കുന്നു.
ആശംസകള്‍...
സൂര്യോദയം,
നന്നായിരിയ്കുന്നു.
ആശംസകള്‍...
ഹ,ഹ കൊള്ളാം രസകരമായി വിവരിച്ചിരിക്കുന്നു
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.
Post a Comment
<< Home