സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, January 28, 2008

അമ്പ്‌ തിരുന്നാള്‍

എന്റെ ഒരു പഴയ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, ചാലക്കുടിയിലെ ദേശീയോല്‍സവങ്ങളാണ്‌ അമ്പ്‌ തിരുന്നാളും കണ്ണമ്പുഴ താലപ്പൊലിയും...

ചാലക്കുടി മുഴുവന്‍ ഡെക്കറേഷനും ലൈറ്റ്‌ അറേഞ്ച്‌ മെന്റും കലാപരിപാടികളും ഘോഷയാത്രകളും കൊണ്ട്‌ ആകെ തിരക്കുപിടിച്ച സമയം...എല്ലാവിഭാഗം ജനങ്ങളും മാക്സിമം കപ്പാസിറ്റിയില്‍ അണിഞ്ഞൊരുങ്ങി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കഴിവ്‌ തെളിയിക്കുന്ന ദിനങ്ങള്‍... സൗന്ദര്യാസ്വാദകരായവരുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സമയം...

ജനുവരി 26, 27, 28 തീയ്യതികളിലായി ചാലക്കുടി സെന്റ്‌ മേരീസ്‌ ഫെറോന പള്ളിയിലെ അമ്പ്‌ തിരുന്നാള്‍ ആഘോഷം നടക്കുകയാണ്‌... ഫെബ്രുവരി 3 ന്‌ എട്ടാമിടം... അതോടെ ആഘോഷങ്ങള്‍ക്ക്‌ പരിസമാപ്തിയാവും... ഈ ദിനങ്ങള്‍ ഗാനമേളയടക്കമുള്ള വിവിധതരം കലാപരിപാടികളും പല ഇടവകയിലെ ഘോഷയാത്രകളുമൊക്കെയായി കടന്നുപോകും...

സെബാസ്റ്റ്യനോസ്‌ പുണ്യാളന്‍ അമ്പ്‌ കൊണ്ടാണ്‌ മരണമടഞ്ഞതെന്ന് പറയപ്പെടുന്നു... അതുകൊണ്ടാണത്രേ ഇതിന്‌ അമ്പ്‌ തിരുന്നാള്‍ എന്ന് പേര്‌ വന്നത്‌..

അമ്പ്‌ തിരുന്നാളിനോടനുബദ്ധിച്ച്‌ എനിയ്ക്ക്‌ അറിയാവുന്ന ചില കാര്യങ്ങള്‍...

ചില ഇടവകകളിലെ എല്ലാ വീട്ടിലും കാലത്ത്‌ ഒരു അമ്പ്‌ കൊണ്ട്‌ വയ്ക്കുകയും വൈകീട്ട്‌ അത്‌ പള്ളിയിലേയ്ക്ക്‌ കളക്റ്റ്‌ ചെയ്ത്‌ കൊണ്ടുപോകാന്‍ ബാന്റ്‌ സെറ്റും ഘോഷയാത്രയുമായി വീടുകള്‍ കയറി ഇറങ്ങുകയും ചെയ്യുന്നതാണ്‌ ഇതിലെ മുഖ്യ ഐറ്റം... ചില ഇടവകകളില്‍ എല്ലാ വീട്ടിലേയ്ക്കും ഓരോ അമ്പ്‌ ഉണ്ടായിരിയ്ക്കില്ല.. ഒരു അമ്പ്‌ തന്നെ എല്ലാ വീടുകളിലും കൊണ്ട്‌ ചെന്ന് പ്രാര്‍ത്ഥിച്ച്‌ പള്ളിയിലേയ്ക്ക്‌ ആഘോഷമായി കൊണ്ടുപോകും...

മതവ്യത്യാസമില്ലാതെ എല്ലാവിഭാഗം പിള്ളേര്‍ക്കും ഈ വാദ്യഘോഷങ്ങളുടെ പിന്നാലെ നടക്കല്‍ ഒരു ഹരമായിരുന്നു.. ബാന്റ്‌ സെറ്റിന്റെ ഒരു ആരാധകനായിരുന്ന ഞാനും എന്റെ സുഹ്രുത്തുക്കളോടൊപ്പം ഈ ബാന്റിന്റെ പുറകേ കാണും...ഓരോ വീട്ടിലും കയറി അമ്പ്‌ കളക്റ്റ്‌ ചെയ്യുന്ന സമയം ആ വീട്ടുകാരുടെ വക പടക്കം പൊട്ടിക്കലുണ്ട്‌... അതിലാണ്‌ ചില വീട്ടുകാരുടെ കേമത്തം ഞങ്ങള്‍ അളന്നിരുന്നത്‌... ഏറ്റവും കൂടുതല്‍ പടക്കം പൊട്ടിക്കുന്നവര്‍ കേമന്മാര്‍ എന്നതായിരുന്നു ഞങ്ങളുടെ നിഗമനം...

ഈ ബാന്റ്‌ സെറ്റിനു മുന്നിലായി ആ ഇടവകയിലെ പ്രമുഖര്‍ കാണും.... പക്ഷെ, അവര്‍ക്ക്‌ തലവേദന സൃഷ്ടിക്കുന്ന മറ്റൊരുകൂട്ടം പ്രമുഖര്‍ നല്ല ഫിറ്റായി ഈ ബാന്റ്‌ സെറ്റിനെ നയിക്കുന്നുണ്ടാകും... ഓരോ ജങ്ങ്ഷനിലും എത്രസമയം കൊട്ടണം, എത്ര പാട്ട്‌ പാടണം തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇവര്‍ക്കാണ്‌ പ്രാമുഖ്യം... ഈ ഘോഷത്തിന്റെ പുറകില്‍ കുറേപേര്‍ പട്ട്‌ കുടകള്‍ പിടിച്ചുകൊണ്ട്‌ നടക്കും... പലരും അതൊരു നേര്‍ച്ചയായി ചെയ്യും... നേര്‍ച്ചയായി ഏറ്റിരുന്ന പലരും അത്‌ സബ്‌ കോണ്ട്രാക്റ്റ്‌ കൊടുത്ത്‌ പാവപ്പെട്ട ചില ആളുകളെക്കൊണ്ട്‌ കൂലി കൊടുത്ത്‌ കുട പിടിപ്പിക്കും... (പണ്ട്‌ കനാലിനുപരിസരം താമസിക്കുന്ന പല സ്ത്രീകളും ഈ അമ്പ്‌ പിടിക്കാന്‍ ക്വൊട്ടേഷന്‍ എടുക്കാറുണ്ടായിരുന്നു. 100 രൂപയായിരുന്നു എന്ന് തോന്നുന്നു കൂലി)

വൈകുന്നേരം ഒരു 3-4 മണിക്ക്‌ പിടിച്ച കുട ഒന്ന് കയ്യില്‍ നിന്ന് ഒഴിയണമെങ്കില്‍ ഈ അമ്പും ഘോഷവും പ്രദക്ഷിണം കഴിഞ്ഞ്‌ പള്ളിയില്‍ കയറണം.... അതുകൊണ്ട്‌ തന്നെ ഈ കുടപിടിക്കുന്നവര്‍ ആരെങ്കിലും 'മോനേ ഇതൊന്ന് പിടിച്ചേ.. മുണ്ടൊന്ന് കുത്തട്ടേ...' എന്ന് പറഞ്ഞാല്‍ പോലും ആരും മൈന്‍ഡ്‌ ചെയ്യാറില്ല.. കാരണം, അതെങ്ങാനും കയ്യില്‍ പിണഞ്ഞു പോയാല്‍ പാതിരയാവും ഒന്ന് ഫ്രീയാവാന്‍..

അങ്ങനെയാണ്‌ 'അമ്പ്‌ പെരുന്നാളിന്‌ കുടപിടിച്ചമാതിരി' എന്ന ചൊല്ലുണ്ടായത്‌.

അങ്ങനെ വഴിനീളെ പടക്കം പൊട്ടിക്കലും കൊട്ടും പാട്ടും ഡാന്‍സും ഉന്തും തള്ളുമായി സംഭവം പള്ളിയില്‍ കയറുമ്പോള്‍ പാതിരയാവും... (ഏറ്റവും വൈകി എത്തുന്നതാണ്‌ വലിയ ടീം എന്ന ഒരു തെറ്റിദ്ധാരണ പണ്ട്‌ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പാതിരയാവും തോറും തല്ലും വക്കാണവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു എന്നതിനാലും, ഇതെല്ലാം കഴിഞ്ഞ്‌ ഒന്ന് കിടന്നുറങ്ങാന്‍ പറ്റുന്നില്ല എന്ന് പള്ളിയിലെ അച്ചന്മാര്‍ക്ക്‌ തോന്നിയതിനാലോ എന്നറിയില്ല, കുറച്ച്‌ വര്‍ഷങ്ങളായി അമ്പ്‌ പള്ളിയില്‍ എത്തിച്ചേരേണ്ട സമയം നേരത്തെയാക്കി നിജപ്പെടുത്തിയതിനാല്‍ ഈ പാതിരവരെയുള്ള പരിപാടി ഇപ്പോഴില്ല. )

പൂര്‍വ്വ വൈരാഗ്യങ്ങള്‍ തല്ലിത്തീര്‍ക്കാനായി ഉഴിഞ്ഞുവച്ചിരിയ്ക്കുന്ന ദിനങ്ങളാണ്‌ ഇത്‌ ചിലര്‍ക്ക്‌...
"നിന്നെ പെരുന്നാളിന്‌ എടുത്തോളാമെടാ.." എന്നതാണ്‌ ചില വാക്കുതര്‍ക്കങ്ങളുടെയോ ഇടത്തരം അടിപിടികളുടേയോ അവാസാനവാക്ക്‌...
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാക്സിമം മദ്യലഹരിയില്‍ ആയിരിക്കുമെന്നതിനാല്‍ ഒന്നുകില്‍ ആ വെല്ലുവിളി മറന്നുപോയിരിയ്ക്കും, അല്ലെങ്കില്‍ ചെന്ന് നാല്‌ കീറ്‌ ഇങ്ങോട്ടുവാങ്ങിക്കും എന്നതാണ്‌ പൊതുവായ ഇത്തരം വെല്ലുവിളിക്കാരുടെ രീതി...

പെരുന്നാളിന്റെ മറ്റൊരുപ്രത്യേകത എന്തെന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വീടുകളും ഡെക്കറേറ്റ്‌ ചെയ്ത്‌ ഒരു ആഘോഷച്ഛായ വരുത്തും എന്നതാണ്‌... വീടുകളിലെ അടുക്കളകള്‍ മല്‍സ്യമാംസാദികളാള്‍ സമ്പന്നമായ ദിനങ്ങള്‍... അകലെയുള്ള ബന്ധുവീട്ടുകാരെ ക്ഷണിയ്ക്കുകയും അവര്‍ക്ക്‌ ഭക്ഷണമൊരുക്കി പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നതും പതിവാണ്‌... അതുകൊണ്ട്‌ തന്നെ എല്ലാ വീടുകളിലും തിങ്ങിനിറഞ്ഞ്‌ ആളുകളായിരിയ്ക്കും... ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണമൊരുക്കി വീട്ടുകാര്‍ കുത്തുപാളയെടുക്കുന്ന കാലം എന്നര്‍ത്ഥം...

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാന ഇനം റോഡ്‌ ഷോ തന്നെയാണ്‌.... അന്നാണ്‌ യുവജനങ്ങള്‍ക്ക്‌ കൊതിതീരെ വായില്‍ നോക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരം... എല്ലാ വീട്ടിലേയും എല്ലാ ഐറ്റംസും ഫുള്‍ മേക്കപ്പ്‌ കം ഡെക്കറേഷനില്‍ പുറത്തിറങ്ങുന്ന ദിനങ്ങള്‍....

ചാലക്കുടി സൗത്ത്‌ ജങ്ങ്ഷന്‍ മുതല്‍ നോര്‍ത്ത്‌ ജങ്ങ്ഷന്‍ വരെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടം കൂട്ടമായി നടക്കലാണ്‌ ഈ കലാപരിപാടി... വഴിയിലെ ലൈറ്റ്‌ ഡെക്കറേഷന്‍സും മറ്റും കാണുക എന്നതാണ്‌ മുഖ്യ അജന്‍ഡയായി പറയുക എങ്കിലും സൗന്ദര്യപ്രദര്‍ശനവും ആസ്വാദനവും തന്നെയാണ്‌ ഇതിന്റെ മുഖ്യ പ്രചോദനം....

അങ്ങനെ ഒരുപാട്‌ സ്റ്റ്രെയിന്‍ എടുത്ത്‌ തുറന്നിരുന്ന് മാത്രം ശീലിച്ച നേത്രങ്ങള്‍ക്ക്‌ പിന്നീട്‌ പ്രത്യേക ചികില്‍സയെല്ലാം വേണ്ടിവരും ഒന്ന് അടയാന്‍.... (ഉറക്കം വരില്ല എന്നര്‍ത്ഥം)

എട്ടാമിടത്തിന്‌ (അതായത്‌ പെരുന്നാള്‍ കൊടികയറി 8 ദിവസം കഴിയുന്ന അന്ന്), നോര്‍ത്ത്‌ ജങ്ങ്ഷനില്‍ പടക്കം കൂട്ടിയിട്ട്‌ പൊട്ടിക്കുന്ന ഒരു പരിപാടിയുണ്ട്‌... ലോഡിങ്ങുകാരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ഈ ഇനം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്‌... പെട്ടിക്കണക്കിന്‌ മാലപ്പടക്കം കുറേപേര്‍ നിരന്ന് നിന്ന് കൊണ്ടുവന്ന് ഇട്ടുകൊണ്ടേ ഇരിയ്ക്കും... ഒരു അരമണിക്കൂറോളം വരും ഈ ചെറിയ വെടിക്കെട്ട്‌......


അര്‍ണോള്‍ഡ്‌ ശിവശങ്കരന്‍ നമ്മുടെ അണ്ണന്‍ രജനിയുമായി ചേര്‍ന്ന് ജീപ്പില്‍ പോകുന്നു... അനക്കോണ്ട ചുറ്റിപ്പിടിച്ച ഹെലികോപ്റ്റര്‍ പശ്ചാത്തലത്തില്‍...


ഇത്‌ പള്ളി ഡെക്കറേഷന്റെ ഒരു സൈഡ്‌ വ്യൂ...

13 Comments:

At 5:49 AM, Blogger സൂര്യോദയം said...

ചാലക്കുടി അമ്പ്‌ തിരുന്നാള്‍ ആഘോഷം നടക്കുകയാണ്‌.. എല്ലാവര്‍ക്കും സ്വാഗതം.. കൂടെ എന്റെ വിലകുറവ്‌ മൊബൈല്‍ ക്യാമറയിലെടുത്ത രണ്ട്‌ ഫോട്ടോകളും... അപ്പോ പള്ളിപ്പറമ്പില്‍ വച്ച്‌ കാണാം ട്ടോ...

 
At 6:15 AM, Blogger R. said...

മൊത്തം കുത്ത്...കുത്ത്...കുത്ത് ആണല്ലോ?

ഇനി സാന്‍ഡോയെങ്ങാന്‍ ആ വഴി വന്നാ? അല്ലേല്‍ പെരുന്നാള് പ്രമാണിച്ച് സാന്‍ഡോ സാധാരണ കാണപ്പെടാറുള്ള അവസ്ഥേലാണോ?

 
At 6:48 AM, Blogger siva // ശിവ said...

അങ്ങനെ ചാലക്കുടിയിലെ വിശേഷങ്ങളും അറിയാന്‍ കഴിഞ്ഞു....

 
At 9:05 AM, Blogger Visala Manaskan said...

സൂര്യോദയം, അമ്പപ്‌ഡേഷന്‍ വായിച്ച് വളരെ സന്തോഷായി!

കൊരട്ടി അമ്പിനെപറ്റിയും കുടപിടുത്തത്തെപ്പറ്റിയെല്ലാം സങ്കുചിതന്‍ പണ്ടൊരു കഥ പറഞ്ഞിട്ടുണ്ട്.

കൊടകര അമ്പിന് പേരാമ്പ്ര പള്ളീന്നാണ് കുട കൊണ്ടുവരുക. അത് കൊണ്ടുവരാന്‍ പോയ ടീമിനെ പോലീസ് പിടിച്ചോണ്ട് പോയ ഒരു കഥയുണ്ട്. :)

പിന്നെ അമ്പുപെരുന്നാളിന്റെ പ്രസക്തിയെപ്പറ്റി പണ്ട് അച്ചന്‍ പറഞ്ഞോണ്ടിരിക്കുമ്പോള്‍, പറ്റായി നിന്ന കൂട്ടപ്ലായലേടെ അപ്പാപ്പന്‍ പറഞ്ഞത്രേ.. ‘വല്ല ചെരമുട്ടികൊണ്ടെങ്ങാനും അടിച്ച് കൊല്ലാണ്ടിരുന്നത് എത്ര നന്നായി!!’ എന്ന്.

ഞങ്ങളുടെ ആ ഭാഗത്തൊക്കെ ഒരു പ്ലേയ്റ്റില്‍കുറച്ച് അരിയും ചില്ലറ പൈസയും കോഴിമുട്ടയുമൊക്കെ വച്ച്, ഒരു സ്വര്‍ണ്ണ കളറിലുള്ള അമ്പും കൊണ്ടുമാണ് വരിക. ഈ പാത്രമാണ് യൂണിറ്റിലെ എല്ലാവീടുകളിലും വക്കുക. ഞങ്ങള്‍‍ സ്ഥിരമായി അമ്പ് എടുക്കും. നോണ്‍ കൃസ്ത്യന്‍സിന് പത്തു രൂപ, അതാ കണക്ക്. ഞാന്‍ എന്നിട്ട് അമ്പുമെടുത്ത് അപ്പുറത്തെ ഭാസ്കരേട്ടന്റെ വീട്ടിലേക്ക് കൊണ്ടുപോയി വക്കും. ഭയങ്കര സംഭവമാണ്. (അന്നെന്റെ വിചാരം അമ്പ് സ്വര്‍ണ്ണമാണെന്നായിരുന്നു)

എന്തൊരു രസമായിരുന്നെന്നറിയോ??

രാത്രിയമ്പും, ടൌണമ്പും, ഗാനമേളയും, മാലപടക്കം കയ്യില്‍ പിടിച്ച് പൊട്ടിച്ചൊക്കെ... ഹോ!! :((

 
At 9:48 AM, Blogger Visala Manaskan said...

:) കുറേ കാര്യങ്ങളും കൂടെ പറയാനുണ്ടാര്‍ന്നൂ, എപ്പഴെങ്കിലും പുരാണമാക്കിയേക്കാം!

 
At 10:00 AM, Anonymous Anonymous said...

അലൂണ്‍! ഔ ആര്‍ യൂ ;)\

കൊരട്ടി പെരുന്നാളിനു കോളേജില്‍ പഠിക്കുമ്പോ സ്ഥിറ്റം വരാറുണ്ട്....

വരണതും പോണതും മാത്രേ ഓര്‍മ്മയുള്ളൂ ;)...

ഇടിവാള്‍

 
At 12:59 PM, Blogger മൂര്‍ത്തി said...

പള്ളിപ്പെരുന്നാളിന്റെ അടിയൊക്കെ എല്ലാ സ്ഥലത്തും ഒരു പോലെത്തന്നെ അല്ലേ? തൃശ്ശൂരില്‍ “പുലിക്കുടം കയ്യില്‍ പെട്ടപോലെ“ എന്നൊരു പ്രയോഗമുണ്ട്. പുലിക്കളി സെറ്റിനു മുന്നിലായി ഒരു നീണ്ട മുളയുടെ അറ്റത്ത് പനമ്പ് മെടഞ്ഞുണ്ടാക്കിയ കുടത്തിനകത്ത് ഗോലി ഇട്ട് വര്‍ണ്ണക്കടലാസൊക്കെ ഒട്ടിച്ച് ഒരു സെറ്റ് അപ്പ്. അത് ആട്ടുമ്പോള്‍ ഗോലി കിടന്ന് ഓടുന്നതിന്റെയും പനമ്പില്‍ തട്ടുന്നതിന്റെയും ഒരു പ്രത്യേക ശബ്ദം കേള്‍ക്കും. ആ കുടം നിലത്ത് വെക്കരുത് എന്നാണ് പ്രമാണം. അത് കയ്യില്‍പ്പെട്ടാല്‍ അന്നത്തെ ദിവസം പോയിക്കിട്ടും..

 
At 7:13 PM, Blogger ശ്രീ said...

സൂര്യോദയം ചേട്ടാ...
നമ്മുടെ അമ്പു തിരുന്നാളിനെ പരിചയപ്പെടുത്തിയതു നന്നായി.

പണ്ട് വാദ്യങ്ങള്‍‌ക്ക് അകമ്പടിയായി ഞങ്ങളും പോകാറുണ്ടായിരുന്നു.
:)

 
At 7:54 PM, Blogger K.V Manikantan said...

പഴയൊരു അമ്പിന്റെ ഓര്‍മ്മ: ദാ ലിവിടെ ഉണ്ട്

 
At 8:14 PM, Blogger സൂര്യോദയം said...

രജീഷേ... കുത്ത്‌ കുത്ത്‌ കുത്ത്‌ ഞാനും ഇപ്പോഴാ ശ്രദ്ധിച്ചേ... :-)
ശിവകുമാര്‍.. :-)

മൂര്‍ത്തീ.. ഒരു പഴം ചൊല്ലുകൂടി മനസ്സിലായി..

ഇടിവാള്‍ജീ... അപ്പോ പണ്ട്‌ പെരുന്നാളിന്‌ ഇടി പണ്ട്‌ ചാലക്കുടി, കൊരട്ടി ഏരിയായില്‍ 'വാള്‍' ആവാറുണ്ടല്ലേ? ;-)

വിശാല്‍ജീ... ക്രിസ്ത്യന്‍ പെരുന്നാളുകളിലും നമ്മുടെ പാര്‍ട്ടിസിപ്പേഷന്‍ ഒട്ടും കുറവല്ല..കൊരട്ടി പള്ളിയില്‍ പൂവന്‍ കുല എടുത്ത്‌ വയ്ക്കാനും ചാലക്കുടി പള്ളിയില്‍ അമ്പ്‌ എടുത്ത്‌ വയ്ക്കാനും അമ്മയുടെ നിര്‍ദ്ദേശം എല്ലാ കൊല്ലവും പതിവാണ്‌.. ഇമ്പ്ലിമെന്റേഷന്‍ വല്ലപ്പോഴുമാണെങ്കിലും... :-)

താങ്കള്‍ പറഞ്ഞപോലെ ഏതോ ഒരു പുണ്യാളന്‍ കുതിരപ്പുറത്ത്‌ കുന്തോം പിടിച്ചോണ്ട്‌ നില്‍ക്കുന്ന ഒരു പ്രതിമ കണ്ടിട്ടില്ലേ... അത്‌ നോക്കിയിട്ട്‌ അടിച്ച്‌ ഫിറ്റായ ഒരു ചേട്ടന്‍ പറഞ്ഞു അത്രേ .. "നീ ഇവിടെ കുതിരപ്പുറത്ത്‌ കുന്തോം പിടിച്ചോണ്ട്‌ നിന്നോ.. അവിടെ ഒരുത്തന്‍ കുന്തക്കാലില്‍ നിന്ന് കാശുണ്ടാക്കാ... അറിയോ?"
(പുള്ളിക്കാരന്‍ അയ്യപ്പസ്വാമിയുമായി ഒന്ന് കമ്പയര്‍ ചെയ്തതാ..)

സങ്കുചിതാ.. താങ്കളുടെ ഈ പോസ്റ്റ്‌ വായിച്ചിട്ടുണ്ട്‌.. കലക്കന്‍..

 
At 8:59 PM, Blogger സൂര്യോദയം said...

ശ്രീ.. താങ്കള്‍ക്കും കാണുമല്ലോ പെരുന്നാള്‍ വിശേഷങ്ങള്‍ പറയാന്‍ :-)

 
At 10:46 AM, Blogger Mr. K# said...

ഹാജര്‍ സര്‍.

 
At 2:32 AM, Blogger Typist | എഴുത്തുകാരി said...

പെരുന്നാള്‍ അടിച്ചു പൊളിച്ചില്ലേ? വിവരണം അസ്സലായി.

 

Post a Comment

<< Home