സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, March 06, 2008

കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ - ഭാഗം 1

ആവശ്യത്തിന്‌ ജീവിയ്ക്കാന്‍ വേണ്ട വിദ്യഭ്യാസയോഗ്യതയുണ്ടെങ്കിലും അത്യാഗ്രഹത്തിനുള്ള വിദ്യാഭ്യാസം സിദ്ധിയ്ക്കാനായി കുറച്ച്‌ നാള്‍ മുമ്പ്‌ MBA കോഴ്സിന്‌ ചേരാന്‍ ഞാന്‍ തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം എടുപ്പിക്കുന്നതില്‍ എന്റെ ധര്‍മ്മപത്നിയുടെ തലയണമന്ത്രവും തെറിവിളിയും വലിയ പങ്ക്‌ വഹിച്ചു എന്നതാണ്‌ സത്യം.

അവള്‍ക്ക്‌ MBA പഠിക്കാന്‍ താല്‍പര്യമുണ്ടെന്നും അത്‌ ഞാനില്ലാതെ തന്നെ പഠിക്കാന്‍ കെല്‍പ്പില്ലെന്നും മാത്രമല്ല പ്രിയതമന്റെ വിദ്യഭ്യാസം മെച്ചപ്പെടുത്താന്‍ താല്‍പര്യമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളാണ്‌ എന്റെ ചെവിയിലേക്ക്‌ എത്തിച്ചുകൊണ്ടിരുന്നത്‌. എന്നെക്കൊണ്ട്‌ പഠിക്കാനാവില്ലെന്നൊക്കെപ്പറഞ്ഞ്‌ കുറേ ഉടക്കി നിന്നെങ്കിലും ഇനി അവള്‍ തന്നെ MBA പഠിച്ച്‌ എന്നെ നോക്കി കൊഞ്ഞനം കുത്തിയാലൊ എന്ന്‌ വിചാരിച്ച്‌ ഞാനതങ്ങ്‌ സമ്മതിച്ചു. മാത്രമല്ല, ഭാവിയില്‍ വല്ല കമ്പനിയുടേയും ഉന്നതസ്ഥാനം അലങ്കരിക്കേണ്ടി വരുമ്പോള്‍ (പ്യൂണിന്റെ പണി അല്ല ഉദ്ദേശിച്ചത്‌) വിദ്യാഭ്യാസ യോഗ്യതകള്‍ നിരത്തി എഴുതിവച്ച്‌ ആള്‍ക്കാരെ പറ്റിക്കാമല്ലോ.

നമുക്ക്‌ അണ്ണന്‍ മാരുടെ യൂണിവേര്‍സിറ്റിയോടാണ്‌ പ്രതിപത്തി എന്നതിനാല്‍ തന്നെ (നേരേ ചൊവ്വേയുള്ള നല്ല കോഴ്സുകള്‍ക്ക്‌ കിട്ടാഞ്ഞിട്ടല്ലാ... ശ്രമിക്കാഞ്ഞിട്ടാ... വെറുതേ എന്തിനാ നാണം കെടുന്നേ..) ഇത്‌ അണ്ണാമലൈ യൂണിവേര്‍സിറ്റിയുടെ അക്കൗണ്ടില്‍ ആവട്ടെ എന്ന്‌ കരുതി അതിന്റെ ഡിസ്റ്റന്‍ഡ്‌ എഡ്യൂക്കേഷനാണ്‌ ചേര്‍ന്നത്‌. കൊണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ എറണാകുളത്ത്‌ ഉണ്ടെന്നുള്ളതിനാല്‍ കെട്ട്യോളും പെട്ടിയും കുട്ടിയുമൊക്കെയായി പാണ്ടിനാട്ടിലേയ്ക്ക്‌ വണ്ടി കേറണ്ടാ എന്നത്‌ തന്നെ ആശ്വാസം.

വല്ലാത്ത വേദനയോടെ (കാശില്ലാതെ മാല പണയം വച്ചൊക്കെ ഫീസ്‌ കൊടുക്കേണ്ടിവരുമ്പോള്‍ അങ്ങനെയാ... മാത്രമല്ല, 'എന്തൊക്കെ ത്യാഗം സഹിച്ചാണ്‌ പഠിച്ചതെന്നോ' എന്ന്‌ ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞതിന്‌ പ്രതികാരം വീട്ടാന്‍ നമ്മുടെ വരും തലമുറയോടും നമുക്ക്‌ പറയാന്‍ എന്തെങ്കിലും വേണ്ടേ..) കോഴ്സിന്‌ ചേരാന്‍ ഫീസ്‌ അടച്ചപ്പൊള്‍ അവര്‍ ഓരോ കെട്ട്‌ പുസ്തകങ്ങള്‍ തന്നു.

അങ്ങനെ രണ്ട്‌ കെട്ട്‌ പുസ്തകലോഡുമായി ഞങ്ങല്‍ വീട്ടിലെത്തി. അന്ന്‌ തന്നെ ഒരു കെട്ട്‌ മിന്നൂസിന്‌ ഡെഡിക്കേറ്റ്‌ ചെയ്യുകയും ചെയ്തു. അവള്‍ക്കെന്തോ അത്‌ തന്നെ വേണമെന്ന്‌ വല്ലാത്ത താല്‍പര്യം, ഞാനാണെങ്കില്‍ അത്‌ തുറന്നുനൊക്കാനുള്ള സാദ്ധ്യത ഇല്ലാത്തതിനാല്‍ ചോദിച്ച ഉടനേ തന്നെ എടുത്ത്‌ കൊടുക്കുകേം ചെയ്തു. അത്‌ കണ്ട്‌ എന്റെ ഭാര്യ എന്റെ പഠനത്തോടുള്ള ആ താല്‍പര്യത്തെ ആരാധനയൊടെ നോക്കി. എന്നിട്ട്‌ പറഞ്ഞു..

"പുസ്തകൊം ചോദിച്ചൊണ്ട്‌ എന്റെ അടുത്തേയ്ക്ക്‌ വന്നേക്കരുത്‌, പറഞ്ഞേക്കാം.."

"പിന്നേ.. നീ പുസ്തകം തന്നിട്ടാണല്ലൊ ഞാന്‍ ഇതുവരെ പഠിച്ച്‌ കേമനായത്‌..."

"ഓ.. പിന്നേ.. കേമത്തമൊന്നും അധികം പറയണ്ടാ.. "
(അവള്‍ എന്റെ പഴയ കോപ്പിയടി കഥകളുടെ ബ്ലോഗുകള്‍ വായിച്ചുണ്ടെന്ന്‌ അറിയാമായിരുന്ന ഞാന്‍ ഒരു ഗോമ്പറ്റീഷന്‌ നിന്നില്ല. പാവം, എന്തേലും പറഞ്ഞ്‌ ജയിച്ചൊട്ടെ...)

അങ്ങനെ നാളുകള്‍ കഴിഞ്ഞപ്പൊള്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന്‌ പലതരം കാര്യങ്ങള്‍ പോസ്റ്റലായി വന്നു. അതിന്റെ കൂട്ടത്തില്‍ കോണ്ടാക്റ്റ്‌ ക്ലാസ്സിന്റെ ഷെഡ്യൂളും.

4 ദിവസങ്ങള്‍ തുടര്‍ച്ചയായി ഫെബ്രുവരി അവസാനം മുതലും , അടുത്ത സെറ്റ്‌ മാര്‍ച്ചിലും...

'ഇതൊക്കെ വെറും ചീള്‌ കേസ്‌... അറ്റന്‍ ഡി ചെയ്തില്ലേലും കുഴപ്പമുണ്ടാവില്ല' എന്ന്‌ വിചാരിച്ചെങ്കിലും അറ്റന്‍ഡന്‍സ്‌ നിര്‍ബദ്ധമാണെന്ന സത്യം സ്റ്റഡി സെന്ററില്‍ നിന്ന്‌ മനസ്സിലാക്കിയപ്പൊള്‍ ദേഷ്യം ഭാര്യയോടാണ്‌ തോന്നിയത്‌... അവളാണല്ലോ എന്നെ ഈ പരിപാടിയില്‍ കൊണ്ട്‌ കയറ്റിയത്‌...

പിന്നെ, എന്ത്‌ കുന്തോം ആവട്ടെ... കിട്ടുന്ന അവസരങ്ങളെ എങ്ങനെ രസകരമായി ആസ്വദിക്കാം എന്ന പോളിസിയുള്ള എന്നോടാ കളി... കോണ്ടാക്റ്റ്‌ ക്ലാസ്സെങ്കില്‍ അങ്ങനെ....

"അവിടെ നല്ല പെണ്‍ കൊച്ചുങ്ങള്‍ ഉണ്ടായാല്‍ മതിയായിരുന്നു" എന്ന എന്റെ ആഗ്രഹം ഞാനങ്ങ്‌ ഭാര്യയൊടും തുറന്ന്‌ പറഞ്ഞു. (നിഷ്കളങ്കത കൊണ്ടാണേ...)

"നല്ല പെങ്കൊച്ചുങ്ങള്‍ ഉണ്ടായിട്ടെന്തിനാ... നീഗ്രോസും ഈ കൊഴ്സ്‌ പഠിക്കുന്നുണ്ടോ എന്ന്‌ അവര്‍ വിചാരിക്കും, അത്ര തന്നെ.." അവള്‍ എന്റെ കളറിനും ഗ്ലാമറിനും ഇട്ടൊന്ന്‌ താങ്ങി.

'പാവം.. വെറുതേ എന്തിനാ സൗന്ദര്യക്കാര്യത്തില്‍ ഒരു തര്‍ക്കം..' എന്ന്‌ വിചാരിച്ച്‌ ഞാനൊന്നും പറയാന്‍ പോയില്ല.

അങ്ങനെ ഓഫീസില്‍ ചെന്ന്‌ ലീവും എടുത്ത്‌ "ഞാനൊന്ന്‌ പോയി വല്ല തരികിടയും ഒപ്പിച്ച്‌ അറ്റന്‍ഡന്‍സ്‌ ശരിയാക്കി വരാന്‍ പറ്റുമോ എന്ന്‌ നോക്കട്ടേ" എന്നും പറഞ്ഞ്‌ പത്നീസമേതനായി കാറില്‍ പുറപ്പെട്ടു.

പള്ളുരുത്തി സെന്റ്‌ ജൊസഫ്‌ വുമണ്‍സ്‌ കൊളേജില്‍ വച്ചാണ്‌ സംഭവം... ക്ലാസ്സിന്റെ ടൈം 9 മണിയാണെങ്കിലും ഞങ്ങള്‍ അങ്ങൊട്ട്‌ പുറപ്പെടുന്നത്‌ 9.15 ന്‌.

ഈ പഠിപ്പിസ്റ്റ്‌ പെണ്‍പിള്ളേരുടെ ഒരു മാനസികാവസ്ഥയുണ്ട്‌...

"അയ്യോ.. വൈകിയല്ലോ... ഇനി എന്താ ചെയ്യാ.. അവിടെ ചെന്ന്‌ കയറുമ്പൊള്‍ ചീത്ത പറയോ..." തുടങ്ങിയ നമ്പറുകള്‍.. ഇത്തരം ജല്‍പനങ്ങള്‍ നടത്തിക്കൊണ്ട്‌ എന്റെ ഭാര്യ സൈഡ്‌ സീറ്റില്‍ ഇരിപ്പുണ്ടെങ്കിലും എന്റെ മുഖത്ത്‌ അത്‌ കേട്ടതിന്റെ യാതൊരു ഭാവവും കാണാതായപ്പൊള്‍ അവള്‍ക്ക്‌ അതിലായി പരാതി.

"ഇവിടെ ഇതൊന്നും ഒരു വിഷയമല്ലല്ലൊ... ഭയങ്കര തൊലിക്കട്ടിയാണല്ലോ..."

"അതേ.. അവിടെ ബഞ്ചിന്റെ മുകളില്‍ മുട്ട്‌ കുത്തി നിര്‍ത്തിയ്ക്കും.. അല്ലെങ്കില്‍ വെയിലത്ത്‌ രണ്ട്‌ കയ്യും പൊക്കിപ്പിടിച്ച്‌ നിര്‍ത്തിക്കും...നിനക്ക്‌ വേറേ പണിയില്ലേ... ചുമ്മാ ഒരൊന്ന്‌ പറഞ്ഞ്‌ ടെന്‍ഷനടിക്കാനായിട്ട്‌...
അവിടെ നല്ല പെണ്‍ കൊച്ചുങ്ങളൊക്കെ ഉണ്ടായാല്‍ മതിയായിരുന്നു..."

"ഓ.. ഇപ്പൊഴും ആ പൂതി വിട്ടില്ലേ???"

"നീ അവിടെ ചെന്നിട്ട്‌ എന്റെ കൂടെ നടക്കണ്ടാ ട്ടൊ... നീ എന്റെ ഭാര്യയാണെന്നറിഞ്ഞാല്‍ എന്റെ മാര്‍ക്കറ്റ്‌ വാല്യൂ പോകും പറഞ്ഞേക്കാം.."

"പിന്നേ.. ഒരു മാര്‍ക്കറ്റ്‌ വാല്യൂ.... ഞാന്‍ പിന്നാലെ തന്നെ ഉണ്ടാകും... അല്ലാ... എഴുതാന്‍ പുസ്തകമൊന്നും വാങ്ങുന്നില്ലേ??" അവള്‍ ചൊദിച്ചു.

"ഹേയ്‌.. അതൊന്നു വേണ്ടിവരില്ലാ..." എനിയ്ക്ക്‌ ഭയങ്കര ആത്മവിശ്വാസം.

"ഇങ്ങനെ നാണമില്ലാത്തവരുണ്ടോ? ഒരു പുസ്തകമെങ്കിലും വാങ്ങി കയ്യില്‍ വയ്ക്ക്‌.. കയ്യില്‍ ഒന്നുമില്ലാതെ എങ്ങനെയാ ക്ലാസ്സില്‍ കയറി ചെല്ലുന്നത്‌.. അതും ലേറ്റായിട്ട്‌?.. എന്റെ കയ്യില്‍ സ്റ്റഡിമെറ്റീരിയത്സും നോട്ട്‌ ബുക്കും ഉണ്ട്‌.."

"ഓ.. നിന്നെപ്പൊലെ വിവരമില്ലാത്തവര്‍ക്ക്‌ അതൊക്കെ വേണം... എന്നെപ്പൊലുള്ളവര്‍ പുസ്തകമുണ്ടായിട്ടൊന്നുമല്ല ഈ നിലയിലെത്തിയത്‌ അറിയൊ??"

അഹങ്കാരം പറഞ്ഞ്‌ പറഞ്ഞ്‌ ഞങ്ങള്‍ സ്ഥലത്തെത്തി. ആ കോമ്പൗണ്ടില്‍ പിന്‍ ഭാഗത്ത്‌ കാര്‍ ഒരു വാഴക്കൂട്ടത്തില്‍ പാര്‍ക്ക്‌ ചെയ്ത്‌ ക്ലാസ്സ്‌ അന്വേഷിച്ച്‌ നടപ്പായി.

ഈ അന്വേഷണത്തില്‍ എനിയ്ക്ക്‌ അല്‍പം സന്തോഷം കൂടി. കാരണം, നല്ല കളക്‌ ഷന്‍... ധാരാളം കളറുകള്‍... അവസാനം ഞങ്ങളുടെ ക്ലാസ്സ്‌ നടക്കുന്ന സ്ഥലം കണ്ടെത്തി.

മറ്റ്‌ എല്ലാ ക്ലാസ്സുകളും ശരിയായ കോളേജ്‌ ക്ലാസ്സ്‌ റൂമുകളിലാണെങ്കിലും ഞങ്ങളുടെ ക്ലാസ്സ്‌ ഒരു കാര്‍ ഷെഡ്‌ പൊലുള്ള സ്ഥലത്ത്‌... മേല്‍ക്കൂരയും ചുമരുമെല്ലാം പാട്ട കൊണ്ട്‌ നിര്‍മ്മിതം... നല്ല അസ്സല്‍ തീച്ചൂളയാവാനുള്ള ലക്ഷണം...

ലേറ്റ്‌ ആയതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ ഞാന്‍ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.. നാണവും പേടിയും മൂലം എന്റെ ഭാര്യ നമ്രശിരസ്കയായി പുറകേ... എന്തൊരു വിനയം....

ക്ലാസ്സില്‍ അത്യാവശ്യം ആളുകളുണ്ട്‌... ഒരു മദ്ധ്യവയസ്കനായ സാര്‍ നിന്ന്‌ കസറുന്നുണ്ട്‌...

"എക്സ്‌ ക്യൂസ്‌ മീ സാര്‍..." ഞാന്‍ പറഞ്ഞു..

"കയറി ഇരുന്നൊളൂ..." എന്ന ആംഗ്യം കണ്ടതും ഞങ്ങള്‍ ഉള്ളിലേയ്ക്ക്‌ കയറി.

എല്ലാവരും എന്നെ നോക്കുന്നത്‌ ഞാന്‍ അറിയാത്ത പോലെ നടിച്ചു. കയ്യില്‍ പുസ്തകമോ മുഖത്ത്‌ പഠിയ്ക്കാനുള്ള ലക്ഷണമോ ഇല്ലാത്ത എന്നെ അവര്‍ നോക്കിയതില്‍ കുറ്റം പറയരുതല്ലോ...


(ക്ലാസ്സുകളും സംഭവബഹുലമായ അറ്റന്‍ഡന്‍സുകളും അടുത്ത ലക്കത്തില്‍ തുടരും...)

3 Comments:

At 2:31 AM, Blogger സൂര്യോദയം said...

ഈയടുത്ത കാലത്ത്‌ അറ്റന്‍ഡ്‌ ചെയ്യേണ്ടി വന്ന സംഭവബഹുലമായ കോണ്ടാക്റ്റ്‌ ക്ലാസ്സ്‌... സമയക്കുറവുമൂലം രണ്ട്‌ ഭാഗങ്ങളാക്കി...

 
At 3:20 AM, Blogger കുതിരവട്ടന്‍ :: kuthiravattan said...

വയസ്സാന്കാലത്ത് മനുഷ്യന്മാരുടെ ഓരോ പൂതിയേ!!! എം.ബി.എ യെക്കുരിച്ചല്ല പറഞ്ഞത്. കളരുകളെക്കുറിച്ച് :-)
എന്തായാലും അടുത്ത ഭാഗം പോരട്ടെ.

 
At 10:42 PM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ടാം ദിവസം വാമഭാഗം മിന്നൂനെ കൂടെക്കൂട്ടി മടിയിലിരുത്തിത്തരേണ്ട ഇട വരുത്തിയോ??

 

Post a Comment

Links to this post:

Create a Link

<< Home