അഭയം (വീണ്ടുമൊരു മദ്ധ്യസ്ഥം)
ജോലിചെയ്യുന്ന കമ്പനിയുടെ അടുത്ത് പ്രദേശത്ത് തന്നെ ഒരു വീടിന്റെ ഒന്നാം നിലയിലാണ് ഞങ്ങള്‍ താമസം. താഴെ വീട്ടുടമയും ഫാമിലിയും... ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ ജോലിക്കാരനായ അദ്ദഹവും, ടീച്ചറായ ഭാര്യയും എഞ്ചിനീയറിങ്ങിന് ചേര്‍ന്ന് പഠിക്കുന്ന മകനും...
(ഈ സംഭവം നടക്കുമ്പോള്‍... അതായത് 3 കൊല്ലം മുന്‍പ്)
വീട്ടുടമയുടെ ഫാമിലിയുമായി ഞങ്ങള്‍ മിതമായ ബദ്ധം പുലര്‍ത്തി... അതായത്, വല്ല്യ അടയും ചക്കരയും ആയിരുന്നില്ല.. പക്ഷെ, അത്യാവശ്യം വേണ്ട നല്ല ഒരു ഇടപെടലുകള്‍..... വീട്ടുടമ ചേട്ടന്‍ ആളൊരു പരുക്കന്‍ ലുക്കാണേലും നല്ല ദൈവവിശ്വാസിയുടേതും തരക്കേടില്ലാത്ത ഒരു പിശുക്കന്റെ മട്ടും ഭാവവും സ്ഫുരിക്കുന്നത് കാണാം...
മിന്നൂസ് ഉദരത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം.... ഒരു ദിവസം രാത്രി 8 മണിയായിക്കാണും.... അറിയാന്‍ പാടില്ലാത്ത അടുക്കളപ്പണിയൊക്കെ ഭാര്യാനിര്‍ദ്ദേശാനുസ്സരണം അങ്ങനെ ആര്‍മ്മാദിച്ച് ചെയ്തുകൊണ്ടിക്കുമ്പോഴാണ് ഒരു നിലവിളി ഞങ്ങളുടെ കര്‍ണ്ണപടങ്ങളില്‍ വന്നലച്ചത്... (ഡോസ് കൂടിപ്പോയെങ്കില്‍ ഒരു ചെറിയ കറക് ഷന്‍.. വന്ന് 'പതിച്ചത്').
"ഏതോ സ്ത്രീ കരയുന്ന ശബ്ദമാണല്ലോ??" എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ വന്നു.
"അയ്യോ എന്നെ കൊല്ലുന്നേ... അയ്യോ....." എന്നാണ് നിലവിളിയെന്ന് ഞങ്ങള്‍ ഡീകോഡ് ചെയ്തെടുത്തു... പക്ഷെ, ക്ലാരിറ്റി പോരാ.... എവിടെ നിന്നാണെന്ന് ഗസ്സ് ചെയ്യാനും വല്ല്യ ബുദ്ധിമുട്ട്...
തൊട്ടപ്പുറത്തെ വീട്ടിലാണോ എന്ന് വിചാരിച്ച് അങ്ങോട്ട് കണ്ണും നട്ട് ഉല്‍കണ്ഠയോടെ ഇരിക്കുമ്പോള്‍ അതാ ആ വീട്ടിലെ ചേട്ടന്‍ വാതില്‍ തുറന്ന പുറത്തിറങ്ങി. എന്നിട്ടും നിലവിളി തുടരുന്നകണ്ടപ്പോള്‍ അവിടെ നിന്നല്ല ഉല്‍ഭവം എന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. പക്ഷെ, പുറത്തിറങ്ങിയ ചേട്ടന്‍ നേരെ മുകളിലേയ്ക്ക് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഞങ്ങളെ ഒരു നോട്ടം... 'എന്തുവാടേയ് അടിപിടി?' എന്നൊരു ഭാവം ചേട്ടന്റെ മുഖത്ത്..
"ഹേയ്.. ഇവിടുന്ന് അല്ലാ ട്ടോ..." എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് ഇളിച്ച് കാണിച്ചു.
ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും പരസ്പരവിശ്വാസം വര്‍ദ്ധിച്ചു. അപ്പോഴും നിലവിളി വീണ്ടും തുടരുന്നു.... താഴെ വീട്ടുടമസ്തന്റെ വീടിനുള്ളില്‍ നിന്നാണ് നിലവിളി എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.
"വല്ല കള്ളന്മാരും വന്നതായിരിക്കുമോ?" എന്ന് വിചാരിച്ച് ഇറങ്ങാന്‍ (ഓടാനല്ല) തുടങ്ങിയ എന്നെ എന്റെ പത്നി കയ്യില്‍ കയറി പിടിച്ചു. 'വെറുതേ വല്ലവന്റേയും തല്ല് കൊണ്ട് എനിക്കും ജനിക്കന്‍ പോകുന്ന കുഞ്ഞിനും നാണക്കേടുണ്ടാക്കല്ലേ..?' എന്ന ദയനീയഭാവം മുഖത്ത്...
അപ്പോഴാണ് അയല്‍ വീട്ടിലെ ചേട്ടന്‍ കാര്യം പറഞ്ഞത്...
"ഇത് ഇടയ്ക്കിടയ്ക്ക് ഉള്ളതാ... നിങ്ങളുടെ ഹൗസ് ഓണറാ... ആ ടീച്ചറെ തല്ലുന്നതായിരിയ്ക്കും..." (ടീച്ചര്‍ തല്ലി എന്ന് കേട്ടിട്ടുണ്ട്.. ടീച്ചറെ തല്ലുന്നത് ഇപ്പോഴാ അറിയുന്നത്)
ഇപ്പോ തീരും ഇപ്പോ തീരും എന്ന് വിചാരിച്ച് നിന്നിട്ടും താഴെ നിന്ന് നിലവിളിയില്‍ ശമനമൊന്നുമില്ലെന്ന് മാത്രമല്ല എന്തൊക്കെയോ തട്ടിമറിഞ്ഞ് വീഴുന്ന ശബ്ദവും....
'തല്ല് നടന്നിട്ട് പിടിച്ച് മാറ്റിയില്ലേല്‍ മോശക്കേടല്ലേ?' എന്ന ചോദ്യവും 'സ്വന്തം വീട്ടില്‍ ഭാര്യയും ഭര്‍ത്താവും വാതിലടച്ച് തല്ല് കൂടുന്നത് തടയാന്‍ പാടുണ്ടോ?' എന്ന ചോദ്യവും തമ്മില്‍ എന്റെ മനസ്സില്‍ കിടന്ന് പൊരിഞ്ഞ തല്ല്....
"ചേട്ടന്‍ എന്നാ വേഗം ചെല്ല്.... " ഭാര്യയുടെ ഉപദേശം..
"അത് പിന്നേയ്... നമ്മള്‍ ഇടപെടുന്നത് മോശമാവുമോ? നമ്മള്‍ ചെന്ന് കഴിയുമ്പോള്‍ അവര്‍ കൂട്ടായിട്ട് 'എന്തേ പോന്നേ?...' എന്നെങ്ങാനും ചോദിച്ചാല്‍ എന്താ പറയാ..?" ഞാനെന്റെ സംശയം വെളിപ്പെടുത്തി.
'പോകണോ വേണ്ടയോ... പോകണോ വേണ്ടയോ...' എന്ന പാരഡി പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുമ്പോഴേയ്ക്ക് താഴെനിന്ന് നിലവിളിയുടെ ഉല്‍ഭവം സ്റ്റെപ്പ് സ് ഓടിക്കയറിക്കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു...... സൗണ്ട് എഫ്ഫക്റ്റ് മാത്രമല്ല... വിഷ്വല്‍ എഫ്ഫക്റ്റും വേണ്ടുവോളമുണ്ടെന്നത് അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്....
നിലവിളിയോടെ ഓടിവന്ന ആ ചേച്ചി "എന്നെ രക്ഷിക്കണം........" എന്ന് കരഞ്ഞുകൊണ്ട് ഉള്ളിലേയ്ക്ക് ഓടിക്കയറി.... മുഖമെല്ലാം അടികൊണ്ടതിന്റെ ഫലമായി പലയിടത്തും വീര്‍ത്ത് വന്നിരിയ്ക്കുന്നു... ചുണ്ടില്‍ നിന്നും മറ്റും ചോര ഒലിക്കുന്നുണ്ട്....
ഇത് കണ്ട് എന്റെ ധൈര്യശാലിയായ ഭാര്യയും ചെറുതായി കരച്ചില്‍ തുടങ്ങി......
ഞാനും അകത്തേയ്ക്ക് ചെന്നു.....
"അയാള്‍ വന്നാല്‍ എന്നെ വിട്ടുകൊടുക്കരുത്.... എന്നെ അങ്ങേര് കൊല്ലും... കുറേ കാലമായി ഇത് തുടങ്ങിയിട്ട്.... ഇത് കണ്ടോ.... എന്റെ വിരല്‍ ഒടിച്ചു.... എന്നെ തല്ലി കൊല്ലാറാക്കി... ഞാന്‍ ഒരു കണക്കിന് വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടതാണ്..." കരച്ചിലിനിടയില്‍ ആ ചേച്ചി പറഞ്ഞൊപ്പിച്ചു.
മുഖത്ത് പലയിടത്തും ചതവുണ്ട്... ഒരു വിരല്‍ ഒടിഞ്ഞ പരുവത്തില്‍ അനക്കാനാവാത്ത വിധം കാണപ്പെട്ടു. വളരെ ദയനീയമായ രംഗം....
'ഇങ്ങനേയും മനുഷ്യന്മാര്‍ ചെയ്യുമോ?' എന്ന് ശരിയ്ക്കും തോന്നിപ്പോകുന്ന അവസ്ഥ.
"സൂര്യോദയം... വേഗം പോയി വാതിലടയ്ക്ക്... അല്ലെങ്കില്‍ അങ്ങേര്‍ ഇങ്ങോട്ട് വരും..." കരഞ്ഞുകൊണ്ട് ചേച്ചി വീണ്ടും...
ഞാനാകെ ഒരു വല്ലാത്ത അവസ്ഥയിലായി.... വാതിലടച്ച് ഇരിയ്ക്കുന്നത് ഭീരുത്വമാവും... വാതില്‍ തുറന്ന് കിടക്കുകയാണെങ്കില്‍ പുള്ളിക്കാരന്‍ കയറിവന്നാല്‍ എങ്ങനെ ഡീല്‍ ചെയ്യണം എന്നത് മറ്റൊരു പ്രശ്നം...
"പേടിക്കണ്ടാ... ഞാന്‍ പറഞ്ഞ് നോക്കാം..." ഞാന്‍ സമാധാനിപ്പിച്ചു.
"പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല... കുഴപ്പമില്ലെന്നൊക്കെ അങ്ങേര്‍ പറയും... എന്നെ ദയവായി വിട്ടുകൊടുക്കരുത്.. എന്നെ അങ്ങേര് കൊല്ലും..." ചേച്ചി തുടര്‍ന്നു.
"സൂര്യോദയം ചേട്ടാ.. പ്ലീസ്.. എങ്ങനെയെങ്കിലും ആ ചേട്ടനെ പറഞ്ഞ് മനസ്സിലാക്കൂ.... ചേച്ചിയെ ഇന്ന് വിടണ്ടാ..... വേഗം ചെല്ലൂ..." എന്റെ ഭാര്യയും വെപ്രാളത്തോടെ പറഞ്ഞു.
ഞാന്‍ ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. ഇപ്പോ താഴെ നിന്ന് അങ്ങേര്‍ കയറിവരും എന്ന് ഞാന്‍ ഊഹിച്ചു. എനിയ്ക്ക് വല്ലാത്ത ടെന്‍ഷന്‍.... എങ്ങനെ അങ്ങേരെ തളയ്ക്കും എന്നത് തന്നെ പ്രധാന വിഷയം... എന്നെക്കാള്‍ നല്ല പ്രായവ്യത്യാസമുള്ള ആളെ ഞാന്‍ ഉപദേശിക്കാന്‍ ചെന്നാല്‍ നടക്കുമോ... പുള്ളിക്കാരന്‍ ബലപ്രയോഗത്തിന് മുതിര്‍ന്നാല്‍ ഞാനും ആ നിലയ്ക്ക് നില്‍ക്കേണ്ടിവരില്ലേ... അങ്ങേരെ കൈ വയ്ക്കേണ്ടിവന്നാല്‍ പിന്നെ പിറ്റേ ദിവസം തന്നെ വേറെ വീട് നോക്കേണ്ടിവരില്ലേ.... തുടങ്ങിയ കാര്യങ്ങളാണ് ചിന്തകളുടെ മുഖ്യധാരയില്‍ ഉണ്ടായിരുന്നത്...
"അഭയം ചോദിച്ച് വന്ന ഒരു സ്ത്രീയെ വിട്ടുകൊടുക്കാനാവില്ല.." എന്ന ഉറച്ച് തീരുമാനം ഞാനെടുത്തു. (അഭയം എന്ന വാക്ക് എനിയ്ക്ക് വല്ല്യ പ്രാധാന്യമുള്ളതുമാണേ..)
താഴെ നിന്ന് ചേട്ടന്‍ സ്റ്റെപ്പ് സ് കയറി മുകളിലേയ്ക്ക് വന്നു.
ഞാന്‍ വളരെ ശാന്തഭാവം മുഖത്തും വാക്കുകളിലും വരുത്താന്‍ പരമാവധി ശ്രദ്ധിച്ചു.
"അവള്‍ ഇങ്ങോട്ട് വന്നോ.... ഇങ്ങ് ഇറക്കി വിട്ടേക്ക്..." അപകടകരമല്ലാത്ത ഒരു ഭാവത്തോടെ ചേട്ടന്‍ പറഞ്ഞു.
"ങാ... അകത്ത് അവര്‍ എന്തോ സംസാരിച്ച് നില്‍ക്കുകയാണ്....ഒരല്‍പസമയം കഴിഞ്ഞോട്ടെ... " ഞാന്‍ വളരെ നിസ്സാരമായി മറുപടി പറഞ്ഞു.
"വായിലെ നാവ് സഹിക്കുന്നതിനും ഒരു ലിമിറ്റുണ്ടേ... മനുഷ്യന്റെ ക്ഷമ കെട്ടാല്‍ പിന്നെ എന്താ ചെയ്യാ....പരമാവധി ഞാന്‍ ക്ഷമിച്ചതാ..." ചേട്ടന്റെ വിശദീകരണം.
ഞാന്‍ വല്ല്യ സീരിയസ് ആകാതെ ശ്രദ്ധിച്ചുകൊണ്ട് നിന്നു.
"ഇങ്ങോട്ട് ഇറക്കി വിട്ടേക്ക്..." ചേട്ടന്‍ വീണ്ടും.
"ചേട്ടന്‍ പൊക്കോളൂ.... ഒന്ന് ശാന്തമാകുമ്പോള്‍ ഞാന്‍ കൊണ്ട് വിടാം... കുറച്ച് സംസാരിച്ച് കഴിയുമ്പോള്‍ ശരിയാവും... ഈ ടെന്‍ഷന്‍ ഒന്ന് മാറട്ടെ..." ഞാന്‍ പുള്ളിക്കാരനെ ഒന്ന് മയപ്പെടുത്താന്‍ ശ്രമിച്ചു.
"ഹേയ്... അത് വേണ്ടാ.... ഇനി പ്രശ്നമൊന്നും ഉണ്ടാവില്ല... ഇങ്ങ് വിട്ടേയ്ക്ക്..." എന്നും പറഞ്ഞ് ചേട്ടന്‍ പതുക്കെ അകത്തേക്ക് കടന്നു.
"ഞാന്‍ കുറച്ച് കഴിഞ്ഞ് കൊണ്ടുവിടാം ന്നേ.... ചേച്ചി ആകെ പേടിച്ചിട്ടുണ്ട്...കുറച്ച് സമയം കഴിഞ്ഞോട്ടെ..." പുറകേ ചെന്ന് കൊണ്ട് ഞാന്‍ പറഞ്ഞു.
അടുക്കളയില്‍ ദുഖം പങ്കുവച്ചുകൊണ്ടിരിക്കുന്നതിന്നിടയിലേയ്ക്ക് ചേട്ടന്‍ ചെന്നു.
"വന്നേ.. വന്നേ.... മതി...." ചേട്ടന്‍ ആധികാരികമായി പറഞ്ഞു.
"ഇല്ലാ... ഞാന്‍ വരുന്നില്ലാ...."
"നീ മര്യാദയ്ക്ക് വരുന്നോ അതോ ഞാന്‍ ബലം പ്രയോഗിക്കണോ??..." ചേട്ടന്‍ ചൂടില്‍ തന്നെ.
ഇത്രയും പറഞ്ഞുകൊണ്ട് ആള്‍ നേരെ ചേച്ചിയെ 'ദില്‍ വാലേ ദുല്‍ ഹനിയാ ലേ ജായേംഗേ..' എന്ന സിനിമയയിലെപ്പോലെ പൊക്കിയെടുക്കാനൊരു ശ്രമം...
കരഞ്ഞുകൊണ്ട് ചേച്ചി പിടികൊടുക്കാതെ കുതറുന്നു... "അയ്യോ... എന്നെ വിടല്ലേ... എന്നെ വിട്ടുകൊടുക്കലേന്ന് സൂര്യോദയത്തോട് പറയ് മോളേ....."
ഞാന്‍ ഒന്ന് ഞെട്ടി... വല്ലാത്തൊരു സിറ്റുവേഷന്‍... ഞാന്‍ നോക്കുമ്പോള്‍ ചേച്ചിയുടെ ഒരു കയ്യില്‍ പിടിച്ച് എന്റെ ഗര്‍ഭിണിയായ ധര്‍മ്മപത്നി നിന്ന് പുറകോട്ട് വലിക്കുന്നൂ... രക്ഷിക്കാനുള്ള കിണഞ്ഞ ശ്രമം... ആ വലിക്കുന്നതിന്റെ കൂടെ അവളും കരയുന്നുണ്ട്...
ഇത്രയും കണ്ടിട്ട് നോക്കി നില്‍ക്കാന്‍ ഞാന്‍ ഒരു കോന്തുണ്ണ്യാരൊന്നുമല്ലല്ലോ......
'ഇനി വാടകയ്ക്ക് വേറെ വീടന്വേഷിക്കുക തന്നെ.... വരുന്നത് വരട്ടെ...' തീരുമാനം മനസ്സ് പ്രഖ്യാപിച്ച് 'ആക് ഷന്‍' ഓര്‍ഡര്‍ ഇട്ടു.
ഞാന്‍ ചേട്ടന്റെ കയ്യില്‍ കയറി ബലമായി ഒന്ന് പിടിച്ചു (അങ്ങനെ ഭീകര ബലം എന്നൊന്നും വിചാരിയ്ക്കണ്ടാ... ഉള്ള ബലം മാക്സിമം വെയ്റ്റ് ഇട്ട് അങ്ങ് നോക്കി.. അത്ര തന്നേ...)
ആ പിടിയില്‍ ചേട്ടന് ഒരു പന്തികേട് ഫീല്‍ ചെയ്തിട്ടുണ്ടാവണം... (ഗതികെട്ടവന്റെ പിടിയാണേ...)
"ചേട്ടന്‍ ഇപ്പോ പോ... കുറച്ച് കഴിഞ്ഞ് ഞാന്‍ കൊണ്ടുവിടാം..." ഞാന്‍ പറഞ്ഞു.
ആ പറച്ചിലില്‍ ഒരു ബഹുമാനക്കുറവ് കൃത്യമായി മനസ്സിലാവും...
എന്റെ മനസ്സില്‍ കുളിര്‍കാറ്റ് സമ്മാനിച്ചുകൊണ്ട് ചേട്ടന്‍ പിടി വിട്ടു.
"നീ വരുന്നോ ഇല്ലയോ....ഇപ്പോ വരുന്നില്ലെങ്കില്‍ ഇനി അങ്ങോട്ട് വരണ്ടാ.." ചേട്ടന്‍ പ്രഖ്യാപിച്ചു.
"ഇല്ലാ.. ഞാന്‍ വരുന്നില്ലാ.." ചേച്ചിയും ഉറച്ച് തന്നെ.
അത് കേട്ട് ഞാന്‍ ചെരുതായൊന്ന് ഞെട്ടി. അമ്പ് പെരുന്നാളും കുടയും മറ്റും എന്റെ മനസ്സിലൂടെ ഒന്ന് മിന്നിമറഞ്ഞു.
ചേട്ടന്‍ കലിപ്പിച്ച് താഴേയ്ക്ക് പോയി.
തല്‍ക്കാലം കിട്ടിയ സമാധാനം വച്ച് ബാക്കി പരിപാടികള്‍ ഞങ്ങള്‍ ആലോചിച്ചു.
ചേട്ടന്റെ പെങ്ങള്‍ക്കും പെങ്ങളുടെ ഭര്‍ത്താവിനും ഈ പ്രശ്നങ്ങള്‍ മുന്‍പേ അറിയാമെന്നും അവരോട് പറയും എന്ന് പറഞ്ഞതിന് 'നീ പറയുമോടീ...' എന്ന് ചോദിച്ചാണ് ഇടി കൂടുതല്‍ കിട്ടിയതെന്നും ചേച്ചി വെളിപ്പെടുത്തി.
"എന്നാല്‍ ഇനി നമുക്ക് അവരെ വിളിക്കാം..." ഞാന്‍ പറഞ്ഞു.
"ഞാന്‍ വിളിച്ചു എന്നെങ്ങാനും അറിഞ്ഞാല്‍ അങ്ങേര് എന്നെ കൊല്ലും..."
"എന്തായാലും ഒരു തീരുമാനമാകണമല്ലോ... എന്താ ചേച്ചിയുടെ ഉദ്ദേശം? നാളെ രാവിലെയായാല്‍ സോള്‍വ് ആകുമോ?"
"ഇല്ലാ.. ഞാനിനി അങ്ങേരുടെ അടുത്തേക്കില്ലാ...." ചേച്ചി തറപ്പിച്ച് പറഞ്ഞു.
കടുത്ത തീരുമാനങ്ങള്‍ ഇപ്പോ എടുക്കേണ്ടെന്നും സംസാരിച്ച് സോള്‍വ് ആക്കാം എന്നൊക്കെപറഞ്ഞിട്ടും യാതൊരു കോമ്പ്രമൈസിനും സാദ്ധ്യതയില്ലെന്നും ചേച്ചി ഇനി സഹിക്കാന്‍ തയ്യാറല്ലെന്നും അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.
"എന്നാല്‍ പിന്നെ നമുക്ക് വിളിക്കേണ്ടവരെ വിളിച്ച് വരുത്താം.. അവര്‍ വന്ന് കാര്യങ്ങള്‍ തീരുമാനമാക്കട്ടെ..." ഞാന്‍ നിര്‍ദ്ദേശിച്ചു.
അങ്ങനെ തീരുമാനിച്ച് ചേച്ചി തന്ന നമ്പര്‍ ഞാന്‍ വിളിച്ച് ചേട്ടന്റെ അളിയനുമായി സംസാരിച്ചു. ഇവിടുത്തെ സിറ്റുവേഷന്‍ ഞാന്‍ വിവരിച്ചു.
"നിങ്ങള്‍ അവരെ താഴെയ്ക്ക് വിടാഞ്ഞത് നന്നായി.... ഞങ്ങള്‍ വരാതെ വിടരുത്.... ഞങ്ങള്‍ ഇപ്പോള്‍ തന്നെ വരാം..." അദ്ദേഹം എന്നോട് പറഞ്ഞു.
ചേച്ചിയോട് ഉറങ്ങിക്കോളാന്‍ പറഞ്ഞ് ഒരു ബെഡ് റൂമില്‍ സൗകര്യം ഒരുക്കിക്കൊടുത്തു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെയ്ക്ക് ഒരു ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ വന്നിറങ്ങി. ഹൗസ് ഓണര്‍ ചേട്ടന്റെ അളിയനും മറ്റൊരു ബന്ധുവും....
കുറേ നേരം താഴെ സംസാരമെല്ലാം കഴിഞ്ഞാണ് അവര്‍ മുകളിലേയ്ക്ക് കയറിവന്നത്.
ചേച്ചിയുടെ പരിക്കുകള്‍ കണ്ട് അവര്‍ വല്ലാതായിപ്പോയി. ഈ മര്‍ദ്ദനത്തിന് ആസ്പദമായ കാരണങ്ങള്‍ എന്തെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ചേച്ചിയുടെ പരിക്കുകള്‍ കണ്ടാല്‍ പിന്നെ ആ കാരണങ്ങള്‍ക്കെല്ലാം ഒരു പ്രസക്തിയുമില്ലാതാകും. അത്രയും സഹതാപതരംഗം സൃഷ്ടിക്കാവുന്നതാണ് അവസ്ഥ.... ഇതിനുമുന്‍പും ഇവരുടെ പല വഴക്കുകളിലും ഇവര്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ നടപടി ആദ്യമായാണെന്ന് അവര്‍ പറഞ്ഞു.
അവരില്‍ നിന്നാണ് ചേട്ടന്‍ മര്‍ദ്ദിക്കാനുണ്ടായ കാരണം അറിഞ്ഞത്... സ്വന്തം സ്ത്രീയായുപോലും 'ബന്ധ'മില്ലാത്ത ആ ചേട്ടനെ ഈ ചേച്ചി പരസ്ത്രീബന്ധം ആരോപിച്ചു എന്ന്....
ചേച്ചിയോട് അവര്‍ കുറേ നേരത്തെ സംസാരത്തിനുശേഷം ഇനി അവിടെ തുടരുന്നില്ലെന്ന് തീരുമാനിക്കുകയും അന്ന് രാത്രി തന്നെ മാറാന്‍ തീരുമാനിക്കുകയും ചെയ്തു.
ഉടനെ ഡോക്ടറുടെ അടുത്ത് പോകാം എന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഹോസ്പിറ്റലില്‍ ചെന്നാല്‍ ഉറപ്പായിട്ടും ഇത് തല്ല് കേസ് തന്നെയെന്ന് ബോധ്യമാകും... പിന്നെ, അത് പ്രശ്നമാകും എന്നൊക്കെയായി സംസാരങ്ങള്‍....
ചേച്ചിക്ക് അഭയം കൊടുക്കുകയും താഴെയ്ക്ക് വിടാതെ ഇവരെ വിളിച്ച് അറിയിച്ചതിനും ഞങ്ങളോട് നന്ദി പറഞ്ഞ് അവര്‍ ചേച്ചിയേയും കൊണ്ട് താഴെയ്ക്ക് പോയി.
കുറച്ച് സമയത്തിന്നകം ചേച്ചി രണ്ട് മൂന്ന് ബാഗുകളില്‍ കുറേ ഡ്രസ്സും മറ്റും പാക്ക് ചെയ്ത് ഓട്ടോയില്‍ കയറി ആ പാതിരാത്രി തന്നെ (12.30 ആയിക്കാണും) അവിടെ നിന്ന് പോയി.
......................
രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ചേച്ചി ഒരു ഹോസ്റ്റലില്‍ നിന്നാണ് ഇപ്പോള്‍ ജോലിയ്ക്ക് പോയിക്കൊണ്ടിരിക്കുന്നതെന്നും ഭര്‍ത്താവുമായി യാതൊരു കോമ്പ്രമൈസിനും ഇല്ലെന്നും ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു.
......................
രണ്ട് മാസങ്ങള്‍ക്ക് ശേഷം വീട്ടുകാരും അവരുടെ നാട്ട് പ്രമാണിമാരും ചേര്‍ന്ന് കാര്യങ്ങള്‍ രമ്യതയിലാക്കുകയും ചേച്ചി തിരിച്ചെത്തുകയും ചെയ്തു..
......................
മാസങ്ങള്‍ കടന്നുപോയി.... അവര്‍ തമ്മിലുള്ള മാനസിക അകലം കുറയുന്നതായി അവരുടെ ബാഹ്യപ്രകടനങ്ങളിലൂടെ ഞങ്ങള്‍ മനസ്സിലാക്കി. ചേട്ടന്റെ ബൈക്കിന്റെ പിന്നില്‍ തോളില്‍ കയ്യിട്ട് പോകാനും കാറില്‍ അമ്പലങ്ങളില്‍ പോകാനും തുടങ്ങിയത് സന്തോഷത്തോടെ ഞങ്ങള്‍ കണ്ടു.
എത്ര വലിയ അകലത്തിലും ദുഖത്തിലും കലാശിക്കുമായിരുന്ന ആ സംഭവം കുറേ നാളത്തേയ്ക്ക് ഞങ്ങള്‍ക്ക് മാനസികവിഷമം നല്‍കിയെങ്കിലും ഇപ്പോള്‍ ആ കുടുംബം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നകാണുമ്പോള്‍ ആ സംഭവം ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുതുടങ്ങി.....
7 Comments:
കാര്യമായ ശാരീരികക്ഷതങ്ങളില്ലാതെ അവസാനിച്ച മറ്റൊരു മദ്ധ്യസ്ഥശ്രമം.. അഭയം....
വേണ്ട സമയത്തുതന്നെ അവസരോചിതമായി പ്രവര്‍ത്തിച്ച സൂര്യോദയത്തിനു അഭിനന്ദനങ്ങള്‍..
ഡയറിക്കുറിപ്പ് ന്നന്നായിരിക്കുന്നു. മദ്ധ്യസ്ഥക്കാരനും വാമഭാഗത്തിനും നന്ദി. മറ്റവര്‍ സുഖമായിരിക്കട്ടെ!
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Monitor de LCD, I hope you enjoy. The address is http://monitor-de-lcd.blogspot.com. A hug.
അപ്പൊ എവിടെ ചെന്നാലും മദ്ധ്യസ്ഥം തന്നെയാണല്ലേ പരിപാടി. ഇടി കിട്ടാത്തത് ഭാഗ്യം ല്ലേ :-)
കുഞ്ഞന്‍, മനോജ്.. വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി...
കുതിരവട്ടാ... മദ്ധ്യസ്ഥം എന്റെ പരിപാടിയായി ഞാന്‍ സ്വീകരിച്ചതല്ലാ ട്ടോ... ഈ പണ്ടാരം എവിടെപ്പോയാലും നമ്മെ തേടി വരുന്നതാ.... :-)
കൊള്ളാം ചേട്ടാ...
കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഞാന്‍ പരിക്കു പറ്റി ഇരിയ്ക്കുന്ന സമയത്ത് ഇതു പോലെ അയല് വീട്ടില്‍ മദ്ധ്യസ്ഥതയ്ക്കു പോയ സംഭവം ഓര്ത്തു. അന്നും ഭാഗ്യത്തിന് സംഗതി ഏറ്റു...
:)
Post a Comment
<< Home